മാവിലും മരത്തിലുമൊക്കെ കയറിയും തോട്ടില്‍ മീന്‍ പിടിച്ചുമൊക്കെ കൂട്ടുകാര്‍ക്കൊപ്പം വികൃതികളൊപ്പിച്ചു നടക്കേണ്ട പ്രായം. പക്ഷേ, ആ പ്രായത്തില്‍ കൃഷി ചെയ്യാനിഷ്ടപ്പെട്ട ഒരാള്‍.
അമ്മയും അച്ഛനും പാടത്തും പറമ്പിലുമൊക്കെ പണിയെടുക്കുന്നത് കണ്ട് കൃഷിക്കാരനാകാന്‍ മോഹിച്ചതാണ് ആ പത്തു വയസുകാരന്‍.
ആഗ്രഹം പോലെ പത്താം വയസില്‍ രണ്ട് സെന്‍റ് ഭൂമിയില്‍ കൃഷി തുടങ്ങി. വീടിനോട് ചേര്‍ന്നുള്ള ആ കൊച്ചു കൃഷിയിടത്തില്‍ വെട്ടിയും കിളച്ചും നനച്ചുമൊക്കെ കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തു.
വെറുമൊരു കമ്പമായിരുന്നില്ല അതെന്ന് അവന്‍ ജീവിതത്തിലൂടെ കാണിച്ചു തരുകയാണിപ്പോള്‍. വളര്‍ന്നപ്പോള്‍ കഞ്ഞിക്കുഴി എന്ന കൊച്ചുഗ്രാമത്തിന്‍റെ പെരുമ നാടെങ്ങുമെത്തിച്ച കര്‍ഷകനായി മാറി ആ പഴയ കുട്ടിക്കര്‍ഷകന്‍.
കഞ്ഞിക്കുഴി പയറും ശുഭമണി പയറുമൊക്കെ വികസിപ്പിച്ചെടുത്ത ആലപ്പുഴ കഞ്ഞിക്കുഴിക്കാരുടെ സ്വന്തം കെ. പി. ശുഭകേശന്‍…
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com
നാട്ടുകാരുടെ കൃഷി ഡോക്റ്ററും കൃഷി ടീച്ചറുമൊക്കെയാണിന്ന് ശുഭകേശന്‍ (49). രണ്ട് സെന്‍റില്‍ തുടക്കമിട്ട കൃഷിയിപ്പോള്‍ 20 ഏക്കറിലേറെ വ്യാപിച്ചു.
“അമ്മയും അച്ഛനുമൊക്കെ കര്‍ഷകരായിരുന്നു. അങ്ങനെയൊരു കൃഷി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാകും കൃഷിയെ ഇത്രയേറെ ഇഷ്ടപ്പെടാന്‍ തോന്നിച്ചത്. അങ്ങനെ കൃഷി കണ്ട് കണ്ടാണ് ഇഷ്ടം തോന്നിയത്,” ശുഭകേശന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“വീടിനോട് ചേര്‍ന്നുള്ള കുറച്ച് സ്ഥലത്ത് പച്ചക്കറിയൊക്കെ നട്ടു പിടിപ്പിച്ചു. രണ്ട് സെന്‍റിലെ അടുക്കള തോട്ടം എന്നൊക്കെ പറയാം. നെല്ലും പച്ചക്കറിയുമൊക്കെയായിരുന്നു വീട്ടിലെ കൃഷി. പക്ഷേ ഏറെ സ്ഥലമൊന്നും ഇല്ലായിരുന്നു.
ഇന്നെനിക്ക് സ്വന്തമായും പണയത്തിനെടുത്തുമൊക്കെ 20 ഏക്കറിലേറെ കൃഷിഭൂമിയുണ്ട്.
രണ്ട് സെന്‍റില്‍ തുടങ്ങി, പിന്നെ അതു 25 സെന്‍റായി. പിന്നെ ഒരേക്കര്‍. ഇങ്ങനെ മെല്ലെ മെല്ലെ കൃഷിഭൂമിയുടെ അളവ് കൂട്ടിക്കൂട്ടിയാണ് 20 ഏക്കറിലെത്തി നില്‍ക്കുന്നത്. സ്വന്തമായി ഒരേക്കറേ ഉള്ളൂ. ബാക്കി പാട്ടത്തിനെടുത്താണ് കൃഷി.
“കൂട്ടത്തില്‍ ഐസക്ക് സാറും (ധനമന്ത്രി ഡോ. തോമസ് ഐസക്) കുറച്ചു ഇടങ്ങളെടുത്ത് തന്നിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ തവണ എംഎല്‍എയായിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാകുന്നത്. പിന്നീട് അദ്ദേഹം എനിക്കൊപ്പം നിന്നിട്ടുണ്ട്. കൃഷി കാണാനും പതിവായി വരാറുണ്ട്.
“വിത്തിടലിനും തൈ നടലിനും വിളവെടുപ്പിനുമൊക്കെ ഐസക്ക് സാര്‍ വരും. വരുമെന്നു മാത്രമല്ല അതേക്കുറിച്ച് അദ്ദേഹത്തിന്‍റെ സ്വന്തം ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയിടുകയും ചെയ്യാറുണ്ട്.
“ഐസക്ക് സാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയാകും എന്നെയും എന്‍റെ കൃഷിയെയും കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. എന്‍റെ കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഐസക്ക് സാറെന്നാ എല്ലാരും പറയുന്നത്,” ശുഭകേശന്‍ നന്ദിയോടെ പറയുന്നു.
കുറച്ചുകാലം മുന്‍പ് വരെ വിത്തു ഉത്പ്പാദനത്തിനായിരുന്നു ഈ കര്‍ഷന്‍ ശ്രദ്ധ കൊടുത്തിരുന്നത്. എല്ലാത്തരം വിത്തുകളും ഉത്പ്പാദിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. ആവശ്യക്കാര്‍ക്ക് നല്‍കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പച്ചക്കറി കൃഷിയ്ക്കു കൂടി പ്രാധാന്യം നല്‍കുന്നുണ്ട്.
“എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. നെല്‍കൃഷിയുമുണ്ട്. കൂടുതലെനിക്ക് ഇഷ്ടം പച്ചക്കറികള്‍ കൃഷി ചെയ്യാനാണ്.
എനിക്ക് കഴിക്കാനും ഇഷ്ടം പച്ചക്കറികള്‍ തന്നെയാണ്.
“കാബേജ്, കോളിഫ്ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട് പോലുള്ള ശീതകാല പച്ചക്കറികളും ഇവിടെ കൃഷിയുണ്ട്. കാലാവസ്ഥയൊന്നും പ്രശ്നമല്ല, ഇതിനൊക്കെ നല്ല വിളവും കിട്ടാറുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ ഉള്ളിയും വെളുത്തുള്ളിയും സവാളയുമൊക്കെ കൃഷി ചെയ്യാറുണ്ട്. മൂന്നിലേറെ തവണ സവാള കൃഷി ചെയ്തു വിജയിച്ചിട്ടുണ്ട് ശുഭകേശന്‍.
“കാബേജും സവാളയുമൊക്കെ ഇന്നാട്ടില്‍ ആദ്യമായി പരീക്ഷിച്ചു നോക്കുകയായിരുന്നു. വെറുതേയായില്ല. വിളവെടുപ്പിന് 2000-ലേറെ കാബേജുകള്‍ കിട്ടി. സവാളയും വെളുത്തുള്ളിയുമൊക്കെ കുറേ കിട്ടി. പന്തല്‍ കൃഷിയോട് ഇഷ്ടം കൂടുതലുണ്ട്. അതുകൊണ്ടു തന്നെ അത്തരം പച്ചക്കറികളും കുറേയുണ്ടിവിടെ,” ശുഭകേശന്‍ തുടരുന്നു.
1994-1995-ലാണ് ഇദ്ദേഹം കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചത്.
“നമ്മളൊക്കെ സ്കൂളില്‍ പരാഗണത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടല്ലോ…” കഞ്ഞിക്കുഴി പയറിനെപ്പറ്റി ശുഭകേശന്‍ പറയുന്നു. “പരാഗണത്തെക്കുറിച്ച് പണ്ട് പഠിച്ചതിന്‍റെ ഓര്‍മയിലാണ് അങ്ങനെയൊന്നു ചെയ്താലോ എന്നു തോന്നുന്നത്.
“ലിമാബീന്‍സും വെള്ളായണി ലോക്കല്‍ വെറൈറ്റിയും കൂടി പരാഗണം നടത്തിയാണ് കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചെടുത്തത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“37 ഇഞ്ച് നീളവും 80 ഗ്രാം തൂക്കവുമുണ്ട് കഞ്ഞിക്കുഴി പയറിന്. നല്ല മൃദുലമാണിത്. ഒപ്പം പ്രതിരോധ ശക്തിയും മറ്റുള്ളവയെക്കാള്‍ കൂടൂതലാണ്. കുറേ നാളുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണിത് കണ്ടെത്തുന്നത്. കഞ്ഞിക്കുഴി പയര്‍ എന്നു പേരിട്ടത് മുന്‍ കൃഷി മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലാണ്.
“പക്ഷേ കഞ്ഞിക്കുഴി പയര്‍ എന്ന പേരു പറഞ്ഞു തന്നത് പഞ്ചായത്ത് പ്രസിഡന്‍റാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന സ്വതന്ത്ര്യന്‍. അദ്ദേഹമാണ് കഞ്ഞിക്കുഴി പയര്‍ എന്ന പേരിടാന്‍ നിര്‍ദേശിക്കുന്നത്.
“ജനകീയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനിടെയായിരുന്നു ആ പേരിടല്‍ ചടങ്ങും. കേരളത്തിലാദ്യമായി ജനകീയ പച്ചക്കറി കൃഷി ആരംഭിച്ചതും കഞ്ഞിക്കുഴിയിലാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് കേരളത്തിന്‍റെ പല ഭാഗങ്ങളിലും കര്‍ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ട ഇനമാണ് കഞ്ഞിക്കുഴി പയര്‍. വിദേശങ്ങളിലും ഇതിന്‍റെ പ്രസിദ്ധി എത്തി, പിന്നാലെ വിത്തും.
“ഏതാണ്ട് 50 കിലോ കഞ്ഞിക്കുഴി പയര്‍ വിത്തുകള്‍ ഇവിടുണ്ട്. മൂന്നു ലക്ഷം രൂപയുടെ വിത്താണിത്. നല്ല നീളവും ഗുണവുമൊക്കെയുള്ള പയറല്ലേ. അതിന്‍റെ വിത്തിനും ആവശ്യക്കാരുണ്ടായിരുന്നു.
“ഇപ്പോഴും ആള്‍ക്കാര് ചോദിച്ചു വരാറുണ്ട്. നേരിട്ട് വരുന്നവര് മാത്രമല്ല. പലര്‍ക്കും തപാലിലൂടെയും മണിയോഡറായും അഗ്രോ സര്‍വീസ് സെന്‍ററിലൂടെയും പല സ്ഥാപനങ്ങളിലൂടെയും എക്സിബിഷന്‍ സ്റ്റാളുകളിലൂടെയുമൊക്കെയാണ് കഞ്ഞിക്കുഴി പയര്‍ ആളുകളിലേക്കെത്തിക്കുന്നത്,” എന്ന് ശുഭകേശന്‍.
കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ച് കുറേക്കാലത്തിന് ശേഷമാണ് ശുഭമണി പയറിലേക്കെത്തുന്നത്. 2012-ലാണത്. ഇതിനും പ്രതിരോധശേഷി താരതമ്യേന കൂടുതലാണ് എന്ന് ആ കര്‍ഷകന്‍ പറയുന്നു.
കഞ്ഞിക്കുഴിയും ശുഭമണിയും മാത്രമല്ല എല്ലാത്തരം പച്ചക്കറികളുടെയും വിത്തുകള്‍ വില്‍ക്കുന്നുണ്ട്. ഒരു കിലോ വരെ തൂക്കം വരുന്ന ആനക്കൊമ്പന്‍ വെണ്ട, കണ്ണാര്‍ ലോക്കല്‍ ചീര, പടവലം, വെള്ളരി, പാവല്‍, പീച്ചിങ്ങ, സാലഡ് വെള്ളരി, നിത്യ വഴുതന, ചേമ്പ്, കാച്ചില്‍…അങ്ങനെ പോകും അദ്ദേഹത്തിന്‍റെ ശേഖരത്തിലെ വിത്തുകള്‍.
ശുഭകേശന് കഞ്ഞിക്കുഴിയിലെ സഹകരണ ബാങ്കിലെ കൃഷി ക്ലിനിക്കിലെ ഡോക്റ്ററും കൃഷി അധ്യാപകനും കൂടിയാണ്.
“ആള്‍ക്കാര് ഓരോ ചെടികളുടെയും അസുഖത്തെക്കുറിച്ച് പറഞ്ഞു നമ്മുടെ അടുക്കല്‍ വരും.
ഇതുകൂടി വായിക്കാം:കിണറില്ല, മഴവെളളം കൊണ്ടുമാത്രം ജോളി വളര്‍ത്തുന്നത് കരിമീനും വാളയും കൊഞ്ചുമടക്കം 8,500 മീനുകള്‍, മുറ്റത്തും ടെറസിലും നിറയെ പച്ചക്കറി
“അവരുടെ ചെടിയുടെ രോഗം പരിഹരിക്കാനുള്ള ചികിത്സകള്‍ പറഞ്ഞു കൊടുക്കും. എന്ത് മരുന്ന് തളിക്കണം, വളമിടണം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നയാളാണ് കൃഷി ഡോക്റ്റര്‍മാര്‍.
“ഡോക്റ്റര്‍ കുറിച്ചു കൊടുക്കുന്ന മരുന്ന് ബാങ്കിലെ തന്നെ മരുന്ന് കിട്ടുന്ന ഫാര്‍മസിയില്‍ നിന്ന് അവര് വാങ്ങി കൊണ്ടുപോകും. പിന്നെ ചിലര്‍ തൈകള്‍ കൊണ്ടുവന്നു പ്രശ്നങ്ങളെക്കുറിച്ച് പറയും. വിളിക്കാറുമുണ്ട്. അതിനൊക്കെ മറുപടി പറയുകയാണ് ക്ലിനിക്കിലെ ഡോക്റ്ററുടെ പണി,” കൃഷി ഡോക്റ്റര്‍ വിശദമാക്കി.
അധ്യാപകന്‍റെ റോളിലാണെങ്കില്‍ ശുഭകേശന്‍ നിലം ഒരുക്കല്‍ മുതല്‍ വിപണനം വരെ ക്ലാസുകളിലൂടെ പറഞ്ഞു കൊടുക്കും. താല്‍പര്യമുള്ളവരെക്കൊണ്ട് കൃഷി ചെയ്യിക്കും.
“കര്‍ഷകരുടെ കൃഷിയിടത്തില്‍ പോകും, നേരിട്ട് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും, സംശയങ്ങള്‍ക്ക് മറുപടിയും നല്‍കും. ഇതിനൊപ്പം നിലം ഒരുക്കലും വിത്തു പാകലും തൈ നടലും നനയ്ക്കലുമൊക്കെ അവര്‍ക്ക് പറഞ്ഞു കൊടുത്ത് അവരെക്കൊണ്ട് ചെയ്യിക്കുകയാണ് കൃഷി അധ്യാപകര്‍ ചെയ്യുന്നത്.
“ദൂരേ നിന്നുള്ളവരും ഇതൊക്കെ പഠിക്കാനും അറിയാനുമൊക്കെ ആളുകള്‍ വരുന്നുണ്ട്. തുടക്കക്കാലം തൊട്ടേ ഇതിനൊപ്പമുണ്ട്. പക്ഷേ ഇപ്പോ എല്ലാത്തിനും കൂടി സമയം ഇല്ല,” എന്ന പരാതി മാത്രമേയുള്ളൂ ശുഭകേശന്.
സ്കൂളുകള്‍ക്ക് വേണ്ടി കൃഷി ചെയ്തു കൊടുക്കുന്നുണ്ട്. കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകളും കൊടുക്കും.
മുഹമ്മ സിഎംഎസ് എല്‍ പി സ്കൂളിലെ മൂന്നാം ക്ലാസുകാരി ശ്രുതിലയയാണ് ശുഭകേശന്‍റെ ഏകമകള്‍. “മോളുടെ സ്കൂളില്‍ വിപുലമായ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റേതടക്കം നിരവധി കാര്‍ഷിക പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. (വിദ്യാര്‍ത്ഥികളില്ലാതെ പ്രതിസന്ധിയിലായ സ്കൂളിനെ കൃഷിയിലൂടെയും ജനകീയമായ ഇടപെടലുകളിലൂടെയും ഉയര്‍ത്തിക്കൊണ്ടുവന്ന കഥ വായിക്കാം.)
“മോള്‍ക്കും കൃഷിയൊക്കെ ഇഷ്ടമാണ്. ലതികയാണ് ഭാര്യ. വിത്തുകള്‍ അയക്കലും മറ്റുമൊക്കെ ലതികയാണ് ചെയ്യുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ വര്‍ഷം കഴിയുന്തോറും കൃഷിയുടെ അളവ് കൂടിയിട്ടേയുള്ളൂ, കുറഞ്ഞിട്ടില്ല. പച്ചക്കറിയും നെല്ലും ഒപ്പം പൂ കൃഷിയുമുണ്ട്. മൂന്നു വ്യത്യസ്ത നിറങ്ങളിലുള്ള ജമന്തി ചെടികളാണ് നട്ടിരിക്കുന്നത്.
“തോട്ടത്തില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ ഭംഗിയല്ലേ. പക്ഷേ ആ ഭംഗി മാത്രമല്ല പൂക്കൃഷി ചെയ്യാന്‍ കാരണം. പച്ചക്കറിത്തോട്ടത്തിനോട് ചേര്‍ന്നു തന്നെയാണ് പൂക്കൃഷി ചെയ്യുന്നത്. ജമന്തിപ്പൂക്കളും വരുമാന മാര്‍ഗമാണ്.
“ഒരു കിലോ പൂവിന് 60 രൂപയ്ക്കാണ് വില്‍ക്കുന്നത്. നാട്ടില്‍ തന്നെയുള്ള പൂക്കടക്കാരാണ് പൂവ് വാങ്ങുന്നത്.”
പൂര്‍ണമായും ജൈവവളമാണ് ശുഭകേശന്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. കോഴിവളവും ചാണകവുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. നേരത്തെ പശുവിനെയും കോഴിയേയുമൊക്കെ അദ്ദേഹം വളര്‍ത്തിയിരുന്നു. കുറച്ചുകാലമായി പശുവിനെയും കോഴികളെയും ആടിനെയുമൊന്നും വളര്‍ത്തുന്നില്ല.
“ചെറിയൊരു അപകടം പറ്റിയിരുന്നു. അന്നേരം എല്ലാം കൂടി കൊണ്ടുനടക്കാന്‍ പറ്റാതെ വന്നു. അക്കാലത്ത് നാട്ടുകാരൊക്കെയാണ് കൃഷിയ്ക്കൊക്കെ എന്നെ സഹായിച്ചത്. ഇനിയിപ്പോ വീണ്ടും കുറച്ചു പശുവിനെ വാങ്ങാനുള്ള ആലോചനയിലാണ്,” അദ്ദേഹം പ്രതീക്ഷകള്‍ പങ്കുവെച്ചു.
“കൃഷി കാണാനും പഠിക്കാനുമൊക്കെ ഒത്തിരിയാളുകള്‍ ഇവിടേക്ക് വരുന്നുണ്ട്.
സ്കൂളുകള്‍, കാര്‍ഷിക യൂനിവേഴ്സിറ്റി, എംജി യൂനിവേഴ്സിറ്റി ഇവിടങ്ങളില്‍ നിന്നും കൃഷിയോട് താത്പ്പര്യമുള്ളവരുമൊക്കെ ഇവിടുത്തെ നിത്യസന്ദര്‍ശകരാണ്.
“വിത്തുകളും പച്ചക്കറിയുമൊക്കെ തോട്ടത്തില്‍ നിന്നു നേരിട്ട് വാങ്ങാനെത്തുന്നവരുമുണ്ട്. കഞ്ഞിക്കുഴി പയറു പോലെ, ശുഭമണി പയര്‍ പോലെ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആലോചനയൊക്കെയുണ്ട്,” അദ്ദേഹം പറഞ്ഞു.
കഞ്ഞിക്കുഴി പഞ്ചായത്തിന്‍റെ ജനകീയ പച്ചക്കറി കൃഷി ചെയ്തതിനുള്ള സ്വര്‍ണമെഡല്‍, സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പുരസ്കാരം, കെ.ജെ. യേശുദാസ് ജൈവകര്‍ഷക പുരസ്കാരം, മികച്ച കര്‍ഷകനുള്ള അക്ഷയശ്രീ,
സംസ്ഥാന സര്‍ക്കാരിന്‍റെ യുവകര്‍ഷകനുള്ള അവാര്‍ഡ്, ഹരിതമിത്ര അവാര്‍ഡ്… പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആ കര്‍ഷകന് കിട്ടിയ പുരസ്കാരങ്ങളുടെ ലിസ്റ്റ് നീളുന്നു.
ഇതുകൂടി വായിക്കാം: നാലുമാസം കൊണ്ട് 800 കിലോ ജൈവപച്ചക്കറി വിളയിച്ച് നൂറുകണക്കിന് രോഗികളെ ഊട്ടിയ കോളെജ് വിദ്യാര്‍ത്ഥികള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.