‘രാത്രിയാണേലും അനുശ്രീ ദൂരെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോകും’; ഇത് ശ്രീജയന്‍ ഗുരുക്കളുടെ സൗജന്യ കളരി നല്‍കിയ ധൈര്യം

ഫീസൊന്നും വാങ്ങാതെ കുട്ടികള്‍ക്ക് കളരിപ്പയറ്റും ഉഴിച്ചിലുമൊക്കെ അഭ്യസിപ്പിക്കുന്ന ശ്രീജയന്‍ ഗുരുക്കളെയും പഴശ്ശിരാജ കളരി അക്കാഡമിയെയും അടുത്തറിയാം. 

ത്താം ക്ലാസുകാരന്‍റെ കളരിക്കമ്പം കണ്ട് കുഞ്ഞിരാമന്‍ മാഷിന് അത്ഭുതമൊന്നും തോന്നിയില്ല. ഭാര്യ ഓമനയും പറഞ്ഞു, ‘കളരി പഠിച്ചോട്ടേ.. കുരുത്തക്കേടൊന്നും ഒപ്പിക്കാതെ നടക്കൂല്ലോ.”

ശ്രീജയന്‍ ഒരു വികൃതിപ്പയനായിരുന്നു. അമ്മയ്ക്കും അച്ഛനും അക്കാര്യം അറിയാം. അങ്ങനെയാണ് ശ്രീജയന്‍ ശ്രീധരന്‍ ഗുരുക്കള്‍ക്ക് ദക്ഷിണ കൊടുക്കുന്നത്.

കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട്ടുകാരന്‍ ശ്രീജയന്‍ പഠിച്ച് പഠിച്ച് കളരി ആശാനായി. ആ പഴയ കൗമാരക്കാരന്‍ ഇപ്പോള്‍ സ്വന്തമായി നാട്ടില്‍ കളരി പഠന കേന്ദ്രം തുടങ്ങി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

കളരിപ്പയറ്റും ഉഴിച്ചിലുമൊക്കെ അഭ്യസിപ്പിക്കുന്ന പഴശ്ശിരാജ കളരി അക്കാഡമി. ആരോടും ഫീസൊന്നും വാങ്ങാതെ കളരിയും നീന്തലും സ്പോര്‍ട്സ് മസാജുമൊക്കെ പഠിപ്പിക്കുന്ന ഇടമാണിത്.

“ആദ്യമൊക്കെ എന്താണ് സംഭവമെന്നു കാണുന്നവര്‍ക്കൊന്നും അറിയില്ലായിരുന്നു, വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അത്ഭുതമായിരുന്നു,” ശ്രീജയന്‍ ഗുരുക്കള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

“പക്ഷേ എന്‍റെ മനസിലെ സ്വപ്നമായിരുന്നു. പത്ത് വര്‍ഷം മുന്‍പ് ഇതു കണ്ട് പലരും അന്തം വിട്ടപ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.

“ആദ്യകാലത്ത് പ്രതിസന്ധികളും എതിര്‍പ്പുകളും മാത്രമായിരുന്നു. എനിക്ക് വട്ടാണ്, പ്രാന്താണ്… എന്നൊക്കെയാ എല്ലാരും പറഞ്ഞത്. വീട്ടില്‍ കളരി ആശാന്‍മാരോ അഭ്യാസികളോ ഒന്നുമില്ലല്ലോ. അങ്ങനെയൊരു പാരമ്പര്യവും ഇല്ല.

“പാഷന്‍, പാഷന്‍ മാത്രമായിരുന്നു കളരിയോടെനിക്ക്. കുറേ കഷ്ടപ്പാടുകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊക്കെ ഒടുവില്‍ പഴശ്ശിരാജ കളരി അക്കാഡമി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.”

ശ്രീജയന്‍ ഗുരുക്കള്‍

അക്കാഡമി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ പരിഹസിച്ചവരെല്ലാം നല്ലത് പറഞ്ഞു തുടങ്ങി. കളരി പരിശീലന കേന്ദ്രം എന്നത് വലിയൊരു ആഗ്രഹമായിരുന്നുവെന്നും അതൊരു ഒരു വരുമാനമാര്‍ഗം അല്ലെന്നും ശ്രീജയന്‍ ഗുരുക്കള്‍ ആവര്‍ത്തിക്കുന്നു.

“ഇന്നും സാമ്പത്തികനേട്ടമൊന്നും അക്കാഡമിയില്‍ നിന്നെനിക്ക് കിട്ടുന്നില്ല. പക്ഷേ ഞങ്ങളുടെ ഈ കൊച്ചുഗ്രാമത്തിലെ കുട്ടികളെ കളരി അഭ്യാസികളാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ടല്ലോ.”

കാക്കയങ്ങാടുള്ള ഗുരുക്കളുടെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലമേയുള്ളൂ പഴശ്ശിരാജ കളരി അക്കാഡമിയിലേക്ക്. ബാവലിപ്പുഴയുടെ കൈവഴിയായ പാലപ്പുഴയുടെ തീരത്താണത്.

പഴയ ശൈലിയിലാണ് കളരിപ്പുരയും ഉഴിച്ചില്‍ കേന്ദ്രവുമൊക്കെ പണിതിരിക്കുന്നത്. ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണ് കളരിപ്പയറ്റ് പഠിക്കാന്‍ വരുന്നതും.

പല പ്രായത്തിലുള്ള 100- ഓളം കുട്ടികളിവിടെ കളരി അഭ്യസിക്കുന്നുണ്ട്. ഇവരിലേറെയും പെണ്‍കുട്ടികളാണ്. നാലാം ക്ലാസുകാരി ശ്രീലക്ഷ്മി മുതല്‍ ഡിഗ്രിക്ക് പഠിക്കുന്ന അനുശ്രീ വരെയുണ്ട്.

കളരി പഠനത്തിന് കുട്ടികളെയൊക്കെ അവരുടെ വീടുകളില്‍ പോയി കൊണ്ടുവരുന്നതും ക്ലാസ് കഴിഞ്ഞ് തിരികെ കൊണ്ടാക്കുന്നതും ഗുരുക്കള്‍ തന്നെയാണ്. ഈ യാത്രയ്ക്കും പണമൊന്നും വാങ്ങുന്നില്ല.

കണ്ണൂര്‍ ജില്ല കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ് വിജയികള്‍ക്കൊപ്പം ശ്രീജയന്‍ ഗുരുക്കള്‍

“വെളുപ്പിന് അഞ്ച് മണിക്ക് ക്ലാസ് ആരംഭിക്കും. അതിനു മുന്‍പേ ഈ കുട്ടികളെയൊക്കെ ജീപ്പില്‍ പോയി വിളിച്ചു കൊണ്ടുവരും. ഏഴ് മണിക്ക് ക്ലാസ് അവസാനിക്കും. അപ്പോ അവരെ തിരികെ വീട്ടില്‍ കൊണ്ടാക്കും.

“ദിവസേനയുള്ള ക്ലാസിന് 50-ലേറെ കുട്ടികള്‍ കളരിയിലേക്ക് വരുന്നുണ്ട്. ഇക്കൂട്ടത്തിലേറെയും പെണ്‍കുട്ടികളാണ്. വെളുപ്പിന് കുട്ടികളുടെ വീട്ടില്‍ പോയി വിളിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാനൊരു ജീപ്പ് വാങ്ങിച്ചത്,” അദ്ദേഹം പറയുന്നു.

“… സാധാരണക്കാരുടെ കുട്ടികളാണ് ഏറെയും. ഇവരെ ശാരീരികമായും മാനസികമായും ശക്തരാക്കാനാണ് കളരിപ്പയറ്റ് പഠിപ്പിക്കുന്നത്.

“കളരിപ്പുരയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടിലെ കുട്ടികളാണ് അഭ്യസിക്കാനെത്തുന്നത്. കുട്ടികള്‍ക്കും കളരി ഇഷ്ടമാണ്. അല്ലെങ്കില്‍ പിന്നെ വെളുപ്പിന് നാലു മണിക്കൊക്കെ ഉറക്കമുണര്‍ന്ന് ജീപ്പിന്‍റെ വരവും കാത്തിരിക്കുമോ. അത്രയ്ക്ക് ഇഷ്ടമുള്ളതു കൊണ്ടാകുമല്ലോ.

“രണ്ടിലും മൂന്നിലും നാലിലും പഠിക്കുന്ന 20 കുട്ടികള്‍ കളരി പഠിക്കാന്‍ വരുന്നുണ്ട്.

“സ്വയംപ്രതിരോധിക്കാന്‍ ശക്തിയുള്ളവരായി കുട്ടികളെ മാറ്റിയെടുക്കുക, പ്രത്യേകിച്ച് പെണ്‍കുട്ടികളെ. കളരി അഭ്യസിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതും ഇതു തന്നെയാണ്.

“പിന്നെ അവരുടെ ശാരീരിക മാനസികാരോഗ്യവും മെച്ചപ്പെടും. ജീവിതശൈലീ രോഗങ്ങളില്‍ നിന്നൊക്കെ കുട്ടികളെ അകറ്റി നിറുത്താനിതൊക്കെ നല്ലതാണ്.

“അനുശ്രീ ഡിഗ്രിക്ക് പഠിക്കുകയാണ്. നിര്‍മ്മലഗിരി കോളെജില്‍. അനുശ്രീയുടെ വീട്ടിലേക്ക് ബസ് ഇറങ്ങിയ ശേഷം കുറച്ചുദൂരം നടക്കാനുണ്ട്.


ഇപ്പോ രാത്രിയാണേലും അവള്‍ തനിച്ചു നടന്നു പോകും. പേടിയൊന്നുമില്ല. മനസ്സിന് ധൈര്യമുള്ള കുട്ടിയായി മാറി.


“ഇതൊക്കെ നമ്മള്‍ പറഞ്ഞുകൊടുത്തുണ്ടാക്കുന്ന ധൈര്യമല്ല. സ്വയം ശക്തയാണെന്ന തോന്നലില്‍ അവള്‍ക്ക് കിട്ടുന്ന മനോധൈര്യമാണ്. മക്കളെ കളരി പഠിപ്പിക്കാനിഷ്ടപ്പെടുന്നവരാണ് നാട്ടിലെ അച്ഛന്‍മാരും അമ്മമാരും.

“വികൃതിക്കുട്ടികളെ മിടുക്കരുമാക്കാം. പലരും ഇവിടേക്ക് കുട്ടികളെ അയക്കുന്നതും ഇതൊക്കെക്കൊണ്ടാണ്. ജീവിതശൈലീ രോഗങ്ങള്‍ ഏറി വരുന്ന കാലമല്ലേ. കളരി അഭ്യസിക്കുന്നവര്‍ക്ക് ശരീരം ഫിറ്റുമായിരിക്കും,” അദ്ദേഹം പറഞ്ഞു.

അക്കാഡമിയില്‍ പ്രത്യേകം കളരിത്തറയൊക്കെയുണ്ട്. അവിടെയാണ് പരിശീലനം നല്‍കുന്നത്. ചെറിയ കുട്ടികള്‍ക്കും വലിയ കുട്ടികള്‍ക്കും വെവ്വേറെയാണ് ക്ലാസ്.

നാലു മുറകളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മേയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ. ഇതിനൊക്കെ ശേഷമാണ് കളരി ഉഴിച്ചില്‍ പഠിപ്പിക്കുന്നത്.

ശരീരത്തെ മാറ്റിയെടുക്കുകയാണ് മേയ്ത്താരിയിലൂടെ. ഏതു വീഴ്ചയെയും അടിയെയും തടുക്കാനുള്ള തരത്തില്‍ ശരീരത്തെ വഴക്കമുള്ളതാക്കുകയാണ് ഇതിലൂടെ.

ആയുധങ്ങളുപയോഗിക്കാനാണ് കോല്‍ത്താരിയില്‍ പരിശീലിപ്പിക്കുന്നത്. ചെറുവടി, ചൂരല്‍ പോലുള്ള മരങ്ങള്‍ കൊണ്ടുള്ള ആയുധങ്ങളുടെ പരിശീലനമാണ്.

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള മുറയാണ് അങ്കത്താരി. വാളും പരിചയുമൊക്കെ ഉപയോഗിച്ചുള്ള മുറകളാണ് പറഞ്ഞുകൊടുക്കുക. ഇതിനു ശേഷമാണ് വെറുംകൈ മുറ അഭ്യസിപ്പിക്കുന്നത്.

ആയുധങ്ങളില്ലാതെ പ്രതിയോഗിയെ എതിരിടുകയാണ് വേണ്ടത്. ഇതൊക്കെ പഠിച്ചു കഴിഞ്ഞവര്‍ക്ക് മാത്രമാണ് ഉഴിച്ചില്‍ ക്ലാസുകളിലേക്ക് പ്രവേശനം.

ശിഷ്യരോടൊപ്പം ശ്രീജയന്‍ ഗുരുക്കള്‍

“കളരി കേന്ദ്രം ആരംഭിച്ചതിന്‍റെ ആദ്യനാളില്‍ ഇത്രയും കുട്ടികളൊന്നും ഇല്ലായിരുന്നു. പിന്നീടാണ് കളരി പഠിക്കാന്‍ കുട്ടികള്‍ വന്നു തുടങ്ങിയത്,” അക്കാഡമിയുടെ നേട്ടങ്ങളെക്കുറിച്ച് ശ്രീജയന്‍ ഗുരുക്കള്‍.

“കളരിപ്പയറ്റ് മത്സരങ്ങളിലൊക്കെ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കാറുണ്ട്. കണ്ണൂര്‍ യൂനിവേഴ്സിറ്റി കളരിപ്പയറ്റ് മത്സരത്തില്‍ 18 മെഡലുകളാണ് പഴശ്ശിരാജയിലെ കുട്ടികള്‍ നേടിയത്.

“ബ്രണ്ണന്‍ കോളെജിലും നിര്‍മ്മലഗിരി കോളെജിലുമൊക്കെ പഠിക്കുന്ന കുട്ടികളുണ്ട് ഇവിടെ. അവരാണ് മെഡലുകള്‍ സ്വന്തമാക്കിയത്. കണ്ണൂര്‍ ജില്ല കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കീരിടവും നേടാറുണ്ട്.

“ദേശീയ തലത്തിലും ഇവര്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. അനശ്വര മുരളീധരന്‍, കീര്‍ത്തന, ആര്‍ച്ച ബാബു, അനുശ്രീ, ഹര്‍ഷ, ഐശ്വര്യ, ശില്‍പ, ആതിര, തേജസ്വിനി, അശ്വിനി, വിസ്മയ, സംവൃത, ശ്രീഷ്ണു, അമല്‍, ജയസൂര്യ, അശ്വന്ത്, ആരോമല്‍ ഇവരൊക്കെയാണ് കളരിയിലേക്ക് സമ്മാനങ്ങള്‍ കൊണ്ടുവന്നത്.”

കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നടന്ന ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കിയ പഴശ്ശിയിലെ കുട്ടികള്‍ക്ക് ഖേലോ ഇന്‍ഡ്യയുടെ 1. 20 ലക്ഷം രൂപ വീതമുള്ള സ്കോളര്‍ഷിപ്പ് കിട്ടിയിരുന്നു.

അനശ്വര മുരളീധരന്‍, അനുശ്രീ, ആര്‍ച്ചബാബു, അശ്വനി, ആരോമല്‍, ശ്രീഷ്ണു എന്നിവര്‍ക്കായിരുന്നു സ്കോളര്‍ഷിപ്പ്.

“2010-ലാണ് അക്കാഡമി ആരംഭിക്കുന്നത്. നേരത്തെ പറഞ്ഞല്ലോ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ കളരി അഭ്യസിക്കാന്‍ ചേര്‍ന്നതെന്ന്. പിന്നീട് കളരി ഉഴിച്ചിലും സ്പോര്‍ട്സ് മസാജുമൊക്കെ പഠിച്ചെടുക്കുകയായിരുന്നു,” ഇലക്ട്രോണിക്സില്‍ ഡിപ്ലോമക്കാരന്‍ കൂടിയായ ശ്രീജയന്‍ പറഞ്ഞു. യോഗയിലും അദ്ദേഹത്തിന് ഡിപ്ലോമയുണ്ട്.

“നാട്ടില്‍ തന്നെയുള്ള ശ്രീധരന്‍ ഗുരുക്കളാണ് ആദ്യ ഗുരു. പണ്ടൊക്കെ മൂന്നു മാസം വീതം കളരി നടത്തുന്നൊരു പരിപാടിയുണ്ടായിരുന്നു. ആ മൂന്നുമാസ കളരി കണ്ടിട്ടാണെനിക്ക് ഇഷ്ടം തോന്നുന്നതും അഭ്യസിക്കാന്‍ ചേരുന്നതും.

“വീടിന് അടുത്ത് തന്നെയായിരുന്നു ശ്രീധരന്‍ ഗുരുക്കളുടെ കളരിയും. ഇതിനു ശേഷമാണ് നാണു ആശാന് കീഴില്‍ അഭ്യസിക്കുന്നത്. പിന്നെ തിരുവനന്തപുരത്ത് രവീന്ദ്രന്‍ ആശാന് അടുത്തും പോയി കളരി പഠിച്ചിട്ടുണ്ട്. ഇവരാണെന്‍റെ കളരി ഗുരുക്കന്‍മാര്‍.

“കളരി മാത്രമല്ല കളരി ഉഴിച്ചിലും നാണു ആശാനാണ് പഠിപ്പിച്ചത്. ഇതിനൊക്കെ ശേഷമാണ് കളരിയില്‍ ഒരു സ്പെഷ്യലൈസേഷന് ശ്രമിച്ചത്.

“സ്പോര്‍ട്സ് മസാജിലാണ് സ്പെഷ്യലൈസേഷന്‍. ബെംഗളൂരുവിലെ സായ് സ്പോര്‍ട്സ് അഥോറിറ്റി ഒഫ് ഇന്‍ഡ്യയില്‍ നിന്നാണ് സ്പോര്‍ട്സ് ഉഴിച്ചിലൊക്കെ പഠിച്ചത്.

“അതൊരു ഡിപ്ലോമ കോഴ്സ് ആയിരുന്നു. അങ്ങനെ സായിയുടെ സര്‍ട്ടിഫിക്കറ്റുള്ള സ്പോര്‍ട്സ് കളരി മസാജറാണ് ഞാനിപ്പോ. പഴശ്ശി കളരി അക്കാഡമിയില്‍ കളരിയും ഉഴിച്ചില്ലും മാത്രമല്ല സ്പോര്‍ട്സ് മസാജും പരിശീലിപ്പിക്കുന്നുണ്ട്.”

സ്പോര്‍ട്സ് ഉഴിച്ചിലിന് കായികതാരങ്ങളാണ് ഇവിടെ വരുന്നത്. പാരമ്പര്യ ഓയിലുകളാണ് ഉഴിച്ചിലിന് ഉപയോഗിക്കുന്നത്. കളരി മസാജ് പണ്ടേ ഇവിടുണ്ട്. സ്പോര്‍ട്സ് മസാജ് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല.


ഇതുകൂടി വായിക്കാം: ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച സ്കൂള്‍


“അഞ്ജു ബോബി ജോര്‍ജൊക്കെ ഇവിടെ വരാറുണ്ട്. അവരുടെയൊക്കെ നിര്‍ദേശങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. വനിതകള്‍ക്ക് സ്പോര്‍ട്സ് മസാജ് ചെയ്യുന്നതിന് വേണ്ടി ഇവിടെ അഞ്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.”

കളരിക്കു പുറമേ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചില ആഘോഷങ്ങളും ക്യാംപുകളുമൊക്കെ അക്കാഡമിയില്‍ സംഘടിപ്പിക്കാറുണ്ട്. അക്കൂട്ടത്തില്‍ നീന്തല്‍ പഠിപ്പിക്കലുമുണ്ട്. ബാവലി പുഴയിലാണ് നീന്തല്‍ പരിശീലനം.

ശ്രീജയന്‍ ഗുരുക്കളും സംഘവും

കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും നിരവധി കളരിപയറ്റ് പ്രദർശനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ശ്രീജയന്‍ ഗുരുക്കളും ശിഷ്യരും.

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍, ഫോക് ലോര്‍ അക്കാഡമിയുടെ പൊന്ന്യത്തങ്കം പരിപാടിയായ കളരിപ്പൊലിമ ഫ്യൂഷന്‍, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന പരിപാടിയുടെ ഭാഗമായി മധ്യപ്രദേശ്, ഭോപ്പാല്‍, പഞ്ചാബ് എന്നിവിടങ്ങളിലും കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

പരിച എന്ന പേരില്‍ കളരിയെക്കുറിച്ചുള്ള ഷോട്ട്ഫിലിമും പഴശ്ശിരാജ കളരി അക്കാഡമി പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞ ആറു വര്‍ഷമായി കണ്ണൂര്‍ പാല ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലും പായം ഗവണ്‍മെന്‍റ്  യു പി സ്കൂളിലും കളരി പരിശീലനം നല്‍കുന്നുണ്ട് ശ്രീജയന്‍. ജമ്മു-കശ്മീര്‍, ജലന്ധര്‍, ഭോപ്പാല്‍, നാഗ്പ്പൂര്‍ എന്നിവിടങ്ങളിലും കളരിപ്പയറ്റ് പരിശീലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

അക്കാഡമിയുടെ നടത്തിപ്പിന് തന്നെ വര്‍ഷം രണ്ട് ലക്ഷം രൂപയോളം ചെലവു വരുന്നുണ്ട് എന്ന് ഗുരുക്കള്‍ പറയുന്നു. ദിവസവും ജീപ്പില്‍ അടിക്കാന്‍ 500 രൂപയുടെ ഡീസല്‍ വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“വിദേശികളൊക്കെ കളരി കാണാനും ഉഴിച്ചിലിനും ഇവിടെ വരുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ വാങ്ങുന്ന ഫീസ് അല്ലാതെ വേറെ വരുമാനമൊന്നും കളരി കേന്ദ്രത്തിന് ഇല്ലല്ലോ. ചെലവിനും മറ്റും ഈ വരുമാനമാണ് ഉപയോഗിക്കുന്നത്. വിപുലമാക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ നഷ്ടമില്ലാതെ കൊണ്ടുപോകാനായാല്‍ മതിയെന്നാണ്.”

കളരി ഒരു പാഷനായി കൊണ്ടുനടക്കുന്നതാണ് ശ്രീജയന്‍. ഗവണ്‍മെന്‍റ് പിഡബ്ല്യൂഡി കോണ്‍ട്രാക്റ്റര്‍ കൂടിയാണ് അദ്ദേഹം. “ഈ ജോലിയുള്ളത് കൊണ്ടാണ് അക്കാഡമി നടത്തി കൊണ്ടുപോകാന്‍ പറ്റുന്നേ,” അദ്ദേഹം ചിരിക്കുന്നു.

മന്ത്രി ഷൈലജ ടീച്ചറില്‍ നിന്നു പുരസ്കാരം സ്വീകരിക്കുന്നു

“പുഴയുടെ തീരത്തല്ലേ… രാവിലെയൊക്കെ കിളികളുടെ ശബ്ദം കേട്ടുകൊണ്ട് ഉറക്കമുണരാം. പുഴയോരത്ത് പോയിരിക്കാം. നീന്തിക്കുളിക്കാം. പിന്നെ ഉഴിച്ചില്‍ വേണ്ടവര്‍ക്ക് അതുമുണ്ട്. കളരിപ്പയറ്റ് കണ്ടാല്‍ മതിയെങ്കില്‍ അതിനും സൗകര്യമുണ്ട്. താമസ സൗകര്യവുമുണ്ട്.

“സ്പോര്‍ട് മാസാജിനും കളരി മസാജിനുമാണ് ഇവിടെ ആളുകള്‍ വരുന്നത്. കളരി പരിശീലന കേന്ദ്രവും ഉഴിച്ചില്‍ കേന്ദ്രവും വേറെ വേറെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

“ഇതിനെല്ലാം പിന്തുണയേകി സ്റ്റാന്‍ലി ജോര്‍ജും ലൗലി ജോര്‍ജും വിനോദ് കുമാര്‍ മാസ്റ്ററും ഗഫൂര്‍ മാസ്റ്ററും വി.കെ. കുഞ്ഞിരാമനുമൊക്കെ ഒപ്പമുണ്ട്,” ശ്രീജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി മെമ്പർ കൂടിയായ ശ്രീജയന്‍ ഗുരുക്കളിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

മിനിയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയും രണ്ടാം ക്ലാസുകാരന്‍ ശ്രീഹിത്തുമാണ് മക്കള്‍.


ഇതുകൂടി വായിക്കാം: 40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം