2 രാജ്യങ്ങള്‍, 12 സംസ്ഥാനങ്ങള്‍… ഹോട്ടല്‍ മുറിയെടുക്കാതെയും ‘ലിഫ്റ്റടിച്ചും’ കുറഞ്ഞ ചെലവില്‍ ഊരുചുറ്റുന്ന ദമ്പതികളുടെ പ്രണയ യാത്രകള്‍

അവര്‍ക്കിടയില്‍ പൊതുവായി ചിലതുണ്ടായിരുന്നു: യാത്രയോടുള്ള പ്രണയം. രണ്ടുപേര്‍ക്കും ചെലവുകുറഞ്ഞ യാത്രകളോടാണ് പ്രിയം. 

Promotion

വനും അവളും കണ്ടുമുട്ടുന്നു, പ്രേമിക്കുന്നു, വിവാഹം കഴിക്കുന്നു, സുഖമായി ജീവിക്കുന്നു.

ഒരു ബോളിവുഡിലെ (മലയാളത്തിലേയും) സ്ഥിരം ഫോര്‍മുല പടത്തിന്‍റെ കഥ പോലെ…


ഇനി നമ്മുടെ യാത്രകളും പ്രകൃതി സൗഹൃദമാവട്ടെ. സന്ദര്‍ശിക്കൂ- Karnival.com

ബെംഗളുരുവില്‍ നിന്നുള്ള സുനില്‍ പാട്ടീലിന്‍റേയും ചന്ദന റാവുവിന്‍റെയും ശരിക്കുമുള്ള ജീവിത കഥയും ഏതാണ്ട് ഈ ലൈന്‍ തന്നെയാണ്.

പക്ഷേ, ചില വ്യത്യാസങ്ങളുണ്ട്.

യാത്രകളാണ് ഞങ്ങളുടെ ബന്ധത്തിന്‍റെ അടിസ്ഥാനം: സുനിലും ചന്ദനയും

യുനെസസ്‌കോയുടെ പൈതൃക നഗരങ്ങളില്‍ ഇടം പിടിച്ച ഹംപിയിലേക്കുള്ള യാത്രയിലാണ് അവര്‍ കണ്ടുമുട്ടുന്നത്. രണ്ടുപേരും ഒറ്റയ്ക്ക് യാത്ര പോകുന്നവര്‍.  അവര്‍ കണ്ടു, സ്‌നേഹം കണ്ടെത്തി.

അവര്‍ക്കിടയില്‍ പൊതുവായി ചിലതുണ്ടായിരുന്നു: യാത്രയോടുള്ള പ്രണയം. രണ്ടുപേര്‍ക്കും ചെലവുകുറഞ്ഞ യാത്രകളോടാണ് പ്രിയം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മാര്‍ച്ച് 6, 2016. രാവിലെ അഞ്ചര. ഹോസ്‌പേട്ടയില്‍ നിന്ന് ഹംപിയിലേക്കുള്ള ബ്‌സില്‍ സീറ്റ് കിട്ടണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ചന്ദന. ഒടുവില്‍ ബസ് എത്തിയതും അവള്‍ അതില്‍ ചാടിക്കയറി. ആകെ ഒഴിവുണ്ടായിരുന്നത് ഒരു സ്ലീപ്പര്‍ സീറ്റ് മാത്രം. മറ്റൊരാളുമായി സീറ്റ് പങ്കിടണമെന്ന കണ്ടീഷനിലാണ് ടിക്കറ്റ് കിട്ടിയത്.

ചന്ദനയുടെ ആദ്യത്തെ ഹംപി യാത്രയായിരുന്നു അത്. എന്നാല്‍ സീറ്റിലെ മറ്റേയാള്‍ പത്താമത്തെ തവണയാണ് ഹംപിയിലേക്ക് പോകുന്നത്. അതറിഞ്ഞപ്പോള്‍ അവിടെ ഏതൊക്കെ സ്ഥലം സന്ദര്‍ശിക്കണമെന്ന് ചന്ദന അയാളോട് ചോദിച്ചു.

അങ്ങനെയാണ് ചന്ദനയും സുനിലും പരിചയപ്പെടുന്നത്.

ഹംപിയിലേക്കുള്ള യാത്രയിലാണ് അവര്‍ കണ്ടുമുട്ടിയത്. നാല് വര്‍ഷത്തിന് ശേഷം അവര്‍ ജീവിതത്തിലും ഒരുമിച്ച് യാത്ര തുടങ്ങി

ആ ബന്ധം വളരെപ്പെട്ടെന്നാണ് ആഴമുള്ള ഒന്നായി മാറിയത്. കാരണം രണ്ടുപേരും ലോകം കാണണമെന്ന ആഗ്രഹവുമായി ഊരുചുറ്റുന്നവര്‍. ആ സമയത്ത് മുഴുവന്‍ സമയ യാത്രക്കാരനാവണമെന്ന ആഗ്രഹത്താല്‍ സുനില്‍ ജോലി രാജിവെച്ചിരിക്കുകയായിരുന്നു. ആ തീരുമാനത്തില്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു.

“വീട്ടുകാരുടെയും കൂട്ടുകാരുടെയും ഉപദേശങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ എന്‍റെ തല ചൂടുപിടിച്ചിരുന്നു. തലയൊന്നു തണുപ്പിക്കാനാണ്  വേണ്ടിയാണ് ഞാനന്ന് ഹംപിയിലേക്ക് യാത്ര തിരിച്ചത്.

“രാജിവെച്ച് യാത്ര ചെയ്യാനുള്ള തീരുമാനത്തെപ്പറ്റി ചന്ദനയോട് പറഞ്ഞപ്പോള്‍ അവള്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ആ നിമിഷത്തിലാണ് എനിക്ക് എനിക്കവളോട് ഇഷ്ടം തോന്നിയത്,” സുനിലിന്‍റെ വാക്കുകളില്‍ നിന്ന് ആ സന്തോഷം വായിച്ചെടുക്കാനാവും.

അവര്‍ ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറി.

സ്‌നേഹം തുറന്നുപറയാതെ തന്നെ പല യാത്രകളും ഒരുമിച്ച് പോയി. മേഘാലയയിലെ മനോഹരമായ കുന്നുകളും മഹാരാഷ്ട്രയിലെ ചരിത്രമുറങ്ങുന്ന കോട്ടകളും, ഡെല്‍ഹിയിലെ ചരിത്രസ്മാരകങ്ങളും, ദക്ഷിണേന്‍ഡ്യയിലെ ഗംഭീര ക്ഷേത്രങ്ങളുമൊക്കെ അവര്‍ ഒരുമിച്ച് കണ്ടു. ഓരോ യാത്രയിലും സ്‌നേഹവും പരസ്പര ബഹുമാനവും കൂടിക്കൂടി വന്നു.

Love story of Bengaluru hitchhikers
മണാലിയിലെ കൊടുംതണുപ്പുള്ള ഒരു പ്രഭാതത്തില്‍ ഒരു വെള്ളച്ചാട്ടത്തിനരികില്‍ വെച്ചാണ് സുനില്‍ ചന്ദനയോടുള്ള പ്രണയം തുറന്നുപറഞ്ഞത്

നാല് വര്‍ഷത്തിന് ശേഷം, ഒരു പ്രഭാതത്തില്‍ മണാലിയിലെ കൊടുംതണുപ്പില്‍, മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനടിയില്‍ വെച്ച് സുനില്‍ ചന്ദനയോട് പ്രണയം തുറന്നുപറഞ്ഞു.

പ്രൊപ്പോസ് ചെയ്യാന്‍ ഇതിലും നല്ലൊരു സ്ഥലം കിട്ടുമോ? മാത്രവുമല്ല, സുനിലിന് പ്രണയം അടക്കാന്‍ വയ്യാത്ത അവസ്ഥയിലെത്തിയിരുന്നു. ചന്ദനയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.

2019 ഏപ്രില്‍ 17-ന് അവര്‍ വിവാഹിതരായി.

ഇപ്പോള്‍ രണ്ട് പേരും ഒരുമിച്ച് യാത്ര തുടങ്ങിയതോടെ അവരുടെ സഞ്ചാരങ്ങള്‍ കൂടുതല്‍ അനുഭവസമ്പന്നമായി. ബാഗിന്‍റെ വലുപ്പം പിന്നെയും കുറഞ്ഞു, , യാത്രാച്ചെലവും!

യാത്രകള്‍ക്ക് സമയവും പണവുമില്ലെന്ന് പറയുന്നവരോട് സുനിലിനും ചന്ദനയ്ക്കും യോജിക്കാന്‍ കഴിയില്ല: സുനിലും ചന്ദനയും

യാത്ര ചെയ്യാന്‍ പണവും സമയവും ഒരുപാട് വേണ്ടേ എന്ന് ചോദിക്കുന്നവരോട് ഡിജിറ്റല്‍ മാര്‍ക്കെറ്റിങ് പ്രൊഫഷണല്‍ ആയ സുനിലിന് (30) ചിലത് പറയാനുണ്ട്.

“സമയവും പണവുമില്ലാത്തതുകൊണ്ടാണ് യാത്ര ചെയ്യാന്‍ പറ്റാത്തതെന്ന് പറയുന്നവരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. എല്ലാ പ്രൊഫഷണലുകള്‍ക്കും ആവശ്യത്തിന് പൊതു അവധികളും മറ്റ് അവധികളും കിട്ടുന്നുണ്ടല്ലോ. പണത്തിന്‍റെ കാര്യമാണെങ്കില്‍ നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്നൊന്ന് പുറത്തുകടക്കാന്‍ തയ്യാറായാല്‍ മാത്രം മതി. നന്നായി പ്ലാന്‍ ചെയ്യണം, ഇത്തിരി ധൈര്യവും വേണം.”

ഇങ്ങനെ പോക്കറ്റ് കാലിയാക്കാതെ സുനിലും ചന്ദനയും ചേര്‍ന്ന് രണ്ട് രാജ്യങ്ങളും 12 സംസ്ഥാനങ്ങളും ഒരുപാട് നഗരങ്ങളും ഒരുമിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.
യാത്രകള്‍ അവസാനിക്കുന്നില്ല.

ബജറ്റ് സൗഹൃദ യാത്രകളുടെ രഹസ്യം

ലിഫ്റ്റടിച്ചും ട്രെയിനിലും ബസിലും രാത്രി യാത്ര ചെയ്തും അവര്‍ യാത്രകളില്‍ പരമാവധി പണം ലാഭിക്കും

രാജസ്ഥാനില്‍ 15 ദിവസം സഞ്ചരിച്ചതിന് വെറും 7,200 രൂപയേ ചെലവായുള്ളൂ എന്ന് സുനിലും ചന്ദനയും പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഗുജറാത്തില്‍ 12 ദിവസം ചുറ്റിക്കറങ്ങിയിട്ടും 5,000 രൂപയേ ചെലവുവന്നുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നെറ്റിചുളിച്ചു.

സംശയം തീര്‍ക്കാന്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ക്ഷമയോടെ അവര്‍ ഉത്തരം പറയുന്നതുവരെ അതൊക്കെ ചുമ്മാ തള്ളാണ് എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.

യാത്രാച്ചെലവ് വളരെയധികം കുറയ്ക്കാവുന്ന മൂന്ന് കാര്യങ്ങള്‍ അവര്‍ പറഞ്ഞു: യാത്രാമാര്‍ഗ്ഗം, താമസം, ഭക്ഷണം.

Budget travelling by Sunil Patil and Chandana
യാത്രയില്‍ കണ്ടുമുട്ടിയ പലരും അവരുടെ എക്കാലത്തേയും സുഹൃത്തുക്കളായി

ഗുജറാത്തില്‍ നടത്തിയ യാത്രയുടെ ഒരു രൂപരേഖ അവര്‍ പറഞ്ഞുതന്നു.

Promotion
  • ട്രെയിന്‍ ടിക്കറ്റ് 550 രൂപ വീതം.
  • ഭക്ഷണത്തിന് ഒരു നേരം 15 മുതല്‍ 50 രൂപ വരെ ചെലവ്.
  • ഒരു സിറ്റിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രകള്‍ രാത്രി ട്രെയിനിലോ ബസിലോ ആണ്. അതുകൊണ്ട് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്നില്ല.
  • കിട്ടുന്ന അവസരങ്ങളിലെല്ലാം ഹിച്ച്‌ഹൈക്ക് ചെയ്യും. (ഏതെങ്കിലും വാഹനങ്ങളില്‍ സൗജന്യയാത്ര ചോദിച്ച് പോകും.)
  • സുരക്ഷ ഉറപ്പുള്ള സ്ഥലങ്ങളില്‍ ടെന്‍റുകളില്‍ താമസം.
  • സുഹൃത്തുക്കളുടെ വീടുകളിലും, ആരാധനാലയങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും താമസം.
  • ഷോപ്പിങ്ങ്, ഹോട്ടലുകളിലെ താമസം, ടാക്‌സികള്‍ എന്നിവ ഒഴിവാക്കും.
Eating local helped them save money on travel
താമസത്തിന് വേണ്ടി മാത്രമല്ല, ഭക്ഷണത്തിന്‍റെ കാര്യത്തിലും അവര്‍ക്ക് നിര്‍ബന്ധങ്ങളില്ല. വില കൂടിയ ഭക്ഷണം ഒഴിവാക്കി ചെലവുകുറയ്ക്കും

“ചിലപ്പോള്‍ ഞങ്ങള്‍ക്ക് പൊതുവാഹനങ്ങള്‍ക്കായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. ബസ് സ്റ്റാന്‍റുകളിലെ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കേണ്ടി വരും. പിന്നെ വളരെ തിരക്കുപിടിച്ച ഷെഡ്യൂളും… പക്ഷേ, മനോഹരമായ കാഴ്ചകളും അനുഭവങ്ങളും യാത്രകളില്‍ കണ്ടുമുട്ടുന്ന കിടിലന്‍ മനുഷ്യരുമായുള്ള സൗഹൃദങ്ങളുമെല്ലാം ഓര്‍ക്കുമ്പോള്‍ ഈ ബുദ്ധിമുട്ടുകളെല്ലാം നമ്മള്‍ മറക്കും,” സുനില്‍ പറയുന്നു.

ഇങ്ങനെ വഴിയില്‍ കണ്ടുമുട്ടുന്ന പലരുമായും അവര്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു.

യാത്രയില്‍ കണ്ടുമുട്ടിയ ചിലര്‍

ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ വെച്ചാണ് അവര്‍ 75-കാരിയായ സുന്ദര്‍ബെന്നിനെ കണ്ടുമുട്ടുന്നത്, ഒരു ഓട്ടോറിക്ഷയില്‍. പതിനഞ്ച് മിനിറ്റ് മാത്രമാണ് അവര്‍ സംസാരിച്ചത്. എന്നാല്‍ അത് ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് ഒരു സംരംഭക കൂടിയായ ചന്ദന പറയുന്നു.

യാത്രകളില്‍ കണ്ടുമുട്ടുന്നവരുമായുള്ള സൗഹൃദങ്ങള്‍ പലപ്പോഴും ആഴത്തിലുള്ള ബന്ധങ്ങളായി മാറാറുണ്ട് എന്ന് സുനിലും ചന്ദനയും പറയുന്നു.

“ഞാന്‍ മുത്തുകളും കണ്ണാടികളും പിടിപ്പിച്ച പരമ്പരാഗതമായ ചോളി (ടോപ്) അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായിരുന്നു. എവിടെയും കിട്ടിയില്ല. ആ സ്ത്രീ ആ നാട്ടുകാരിയായതുകൊണ്ട് അങ്ങനെയുള്ള ചോളി എവിടെക്കിട്ടുമെന്ന് ഞാന്‍ ചോദിച്ചു. അവരുടെ ബാഗില്‍ പുതുതായി തുന്നിച്ച ഒരു ചോളി ഉണ്ടായിരുന്നു. അവര്‍ അതെനിക്ക് ഇട്ടുനോക്കാന്‍ തന്നു. ഞാനത് ധരിക്കുന്നത് അവര്‍ സന്തോഷത്തോടെ നോക്കിയിരുന്നു.

“അധികം വൈകാതെ അവര്‍ക്കിറങ്ങാനുള്ള സ്ഥലം എത്തി. ചിരിച്ചുകൊണ്ട് അവര്‍ ആ ചോളി എന്‍റെ ബാഗിനുള്ളില്‍ എടുത്തുവെച്ചിട്ടാണ് ഇറങ്ങിപ്പോയാത്. കുറച്ചുനിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ബന്ധം… എന്നാല്‍ അതൊരു കുടുംബബന്ധമായി രൂപപ്പെടുകയായിരുന്നു.”

മറ്റൊരിക്കല്‍ ഗുജറാത്തില്‍ കിട്ടിയ ഒരു ട്രക്കില്‍ ഓസിന് യാത്ര ചെയ്യുകയായിരുന്നു സുനിലും ചന്ദനയും. ട്രക്ക് ഡ്രൈവര്‍ക്ക് ഒരേ നിര്‍ബന്ധം–അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന്.

യാത്രയില്‍ വീണുകിട്ടുന്ന സൗഹൃദങ്ങള്‍, അനുഭവങ്ങള്‍ …ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ബജറ്റ് ട്രാവെലിങ്ങിന്‍റെ പ്രയാസങ്ങളൊക്കെ അവര്‍ മറക്കും: ചന്ദന ടൂറിസ്റ്റുകള്‍ക്കൊപ്പം

“എന്നെ സംബന്ധിച്ച് അദ്ദേഹം ഏറ്റവും സമ്പന്നനായ മനുഷ്യനായി തോന്നി,’ സുനില്‍ പറയുന്നു. “ഒരു പരിചയവുമില്ലാത്ത രണ്ട് പേരെ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി സല്‍ക്കരിച്ചു!”

ഇങ്ങനെ വഴിയില്‍ പരിചയപ്പെട്ട പലരേയും പിന്നീട് സുനിലും ചന്ദനയും അവരുടെ വിവാഹത്തിന് ക്ഷണിച്ചു. കാരണം അവരുടെ പ്രണയകഥയില്‍ ആ മനുഷ്യരും ഉണ്ടായിരുന്നല്ലോ.

ബെംഗളുരുവില്‍ നിന്നും 60 കിലോമീറ്റര്‍ മാറി നന്ദി ഹില്‍സിനടുത്തുള്ള ഭോഗ നന്ദേശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആ വിവാഹം. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ഒരു പുരാതന ക്ഷേത്രമാണിത്.

They got married in heritage temple Bhoga Nandeswara near Nandi Hills, Bengaluru
നന്ദി ഹില്‍സിനടുത്തുള്ള ഒരു പുരാതന ക്ഷേത്രത്തില്‍ വെച്ചായിരുന്നു സുനിലിന്‍റെയും ചന്ദനയുടെയും വിവാഹം

“ഞങ്ങളൊരു പൈതൃകസ്മാരകത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത്. യാത്രയാണ് ഞങ്ങളുടെ ബന്ധത്തെ ഊട്ടിയുറപ്പിച്ചത്. ഞങ്ങളുടെ വിവാഹത്തിന് ഇതിലും നല്ലൊരു വേദി ബംഗളുരുവിനടുത്ത് കണ്ടെത്താനാവില്ല. ഞങ്ങളുടേയും ഒരു ചെറിയ വിവാഹമായിരുന്നു. ഞങ്ങളുടെ അതിഥികള്‍ക്കെല്ലാം പുതിയൊരു സ്ഥലം കാണാനായി. മറ്റൊരു വിധത്തില്‍ വിവാഹം നടത്താന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും?”

***

സുനിലിന്‍റെയും ചന്ദനയുടേയും യാത്രകളെ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരാം.

വ്യത്യസ്തമായി യാത്രകള്‍ ചെയ്യുന്നവരുടെ കഥകള്‍:

10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പം

*
മനസ്സിനേറ്റ മുറിവുകളുണക്കാന്‍ ഹവീന തുടങ്ങിയ യാത്രകള്‍ ഇപ്പോള്‍ ഭൂമിയ്ക്കായുള്ള കരുതലും കൂടിയാണ്

*
കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?

*
തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്

*
‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം: സജ്നയുടെയും അപ്പൂപ്പന്‍താടികളുടെയും കിടിലന്‍ യാത്രകള്‍!

*
രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’

*
പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 


 

Promotion

One Comment

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

‘സ്കൂളില്‍ എന്‍റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍ 

‘രാത്രിയാണേലും അനുശ്രീ ദൂരെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോകും’; ഇത് ശ്രീജയന്‍ ഗുരുക്കളുടെ സൗജന്യ കളരി നല്‍കിയ ധൈര്യം