‘അവന്‍റെ സ്‌നേഹമാണ് എന്നെ സുഖപ്പെടുത്തിയത്’: റാണിയുടെയും സരോജിന്‍റെയും ആവേശം പകരുന്ന പ്രണയകഥ

ആസിഡ് ആക്രമണത്തിന് ശേഷം പ്രമോദിനിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. മുഖം മുഴുവന്‍ പൊള്ളിപ്പോയിരുന്നു. 2014 ആയപ്പോഴേക്കും കാലുകളില്‍ ഒരു അണുബാധ വന്ന് നടക്കാനാവാതെയായി.

ഭുവനേശ്വര്‍ സ്വദേശിയായ പ്രമോദിനി റൗളിന് അന്ന് പതിനഞ്ച് വയസ്സാവുന്നേയുള്ളു. 2009-ലാണ്.

ആ ശപിക്കപ്പെട്ട ദിവസം 28-കാരനായ ഒരു പട്ടാളക്കാരന്‍ അവളുടെ നേര്‍ക്ക് ആസിഡ് ഒഴിച്ചു. അയാളുടെ വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള പ്രതികാരം.

അവളുടെ ജീവിതം ഇരുട്ടിലേക്ക് വീണുപോയ ദിവസങ്ങള്‍.

ദിവസങ്ങളോളം ആശുപത്രിയിലെ ഐ സി യുവില്‍ കോമയിലായിരുന്നു അവള്‍. ആശുപത്രി വിട്ടിട്ടും നാലുവര്‍ഷത്തോളം കട്ടിലില്‍ തന്നെ കഴിയേണ്ടി വന്നു. അവളെ നോക്കാന്‍ വിധവയായ അമ്മ ഒരുപാട് വിഷമിച്ചു.

പ്രമോദിനിയും സരോജും

“എനിക്ക് നാല് വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു,” പ്രമോദിനി ദ് ബെ്റ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “എന്‍റെ അമ്മാവന്‍റെ വീട്ടില്‍ ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളര്‍ത്തിക്കൊണ്ടിരുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ചെറിയ സൂചനകള്‍ കിട്ടിയപ്പോള്‍ എന്‍റെ കുടുംബം ഏതാണ്ടെന്നെ ഉപേക്ഷിച്ച മട്ടായി. അങ്ങനെയൊരവസ്ഥയില്‍ ഞാന്‍ ജീവിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ ഉള്ളിന്‍റെയുള്ളില്‍ വിചാരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.” അവള്‍ വേദനയോടെ ഓര്‍ക്കുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

ആസിഡ് ആക്രമണത്തിന് ശേഷം പ്രമോദിനിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. മുഖം മുഴുവന്‍ പൊള്ളിപ്പോയിരുന്നു. 2014 ആയപ്പോഴേക്കും കാലുകളില്‍ ഒരു അണുബാധ വന്ന് നടക്കാനാവാതെയായി. അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ചലനശേഷി തിരിച്ചുകിട്ടുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു.

ആ സമയത്താണ് സരോജ് അവളുടെ ജീവിതത്തിലേക്ക് വരുന്നത്.

സരോജ് സാഹൂ ഒരു മുന്‍ മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ് ആയിരുന്നു. പ്രമോദിനി കിടന്നിരുന്ന ആശുപത്രിയിലെ ഒരു നഴ്‌സിന്‍റെ സുഹൃത്ത്.

“എന്‍റെ ചില കൂട്ടുകാരോടൊപ്പം ആശുപത്രിയില്‍ പോയപ്പോഴാണ് റാണിയെ (പ്രമോദിനി) ആദ്യമായി കാണുന്നത്. 2014 മാര്‍ച്ചിലായിരുന്നു അത്. അന്ന് ദൂരെ നിന്നാണ് ഞാനവളെ കാണുന്നത്. പിന്നെയും ഒരു മാസം കഴിഞ്ഞാണ് അവളുടെ അമ്മയില്‍ നിന്ന് അവളുടെ കഥ അറിയുന്നത്,” സരോജ് പറയുന്നു. റാണിയെന്നാണ് സരോജ് അവളെ വിളിക്കുന്നത്.

അവളുടെ കഥ അയാളെ വല്ലാതെ ഉലച്ചുകളഞ്ഞു. അവളെ സഹായിക്കാനായി അയാള്‍ മുന്നോട്ടുവന്നു. പതിയെ സരോജ് അവളുടെ ഏറ്റവും വലിയ സഹായിയായി മാറി, വൈകാരികമായും സാമ്പത്തികമായും. സരോജ് അവളുടെ ചികിത്സാച്ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ അവള്‍ക്കൊപ്പം ഇരുന്ന് അവള്‍ക്ക് ആശ്വാസവും പ്രചോദനവും നല്‍കിക്കൊണ്ടിരുന്നു.

“അവന് എന്നോട് അടുപ്പം കൂടിക്കൂടി വന്നപ്പോള്‍ അത് അവിടെ നഴ്‌സായിരുന്ന സരോജിന്‍റെ സുഹൃത്തിന് പ്രശ്‌നമായി. അവളും അവിടെയുള്ള ഡോക്റ്റര്‍മാരും എനിക്കിനി രക്ഷപ്പെടാനാവില്ലെന്ന വിചാരത്തിലായിരുന്നു. സരോജ് വെറുതെ സമയം കളയുന്നതാണ് എന്നായിരുന്നു അവരുടെ തോന്നല്‍. എനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ആ നഴ്‌സ് സരോജിനോട് മുഖത്തുനോക്കിപ്പറഞ്ഞു,” എന്ന് പ്രമോദിനി.

ആ വര്‍ത്തമാനം സരോജിന് തീരെ പിടിച്ചില്ല. അദ്ദേഹം അതൊരു വെല്ലുവിളിയായി എടുത്തു. റാണിയെ എത്രയും വേഗം സ്വന്തം കാലുകളില്‍ നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

അധികം വൈകാതെ സരോജ് ജോലിയുപേക്ഷിച്ചു. അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ അതറിഞ്ഞിരുന്നില്ല. രാവും പകലും പ്രമോദിനിയെ രോഗത്തില്‍ നിന്നും രക്ഷപ്പെടുത്താനായി അദ്ദേഹത്തിന്‍റെ ശ്രമം.

“സരോജ് എന്നെ അദ്ദേഹത്തിന്‍റെ കാലുകളില്‍ നടത്തി. ചുമലുകളില്‍ താങ്ങി. എന്നെ വീണ്ടും നടത്തിക്കാനായി ചെയ്യാത്തതൊന്നുമില്ല,” എന്ന് പ്രമോദിനി.

ഡോക്ടര്‍മാര്‍ വിധിയെഴുതിയതില്‍ നിന്ന് വ്യത്യസ്തമായി നാല് മാസത്തിനുള്ളില്‍ പ്രമോദിനി നടന്നുതുടങ്ങി. പൂര്‍ണമായും സുഖപ്പെടുന്നതുവരെ സരോജ് കൂടെ നിന്നു. അര്‍ദ്ധരാത്രിക്ക് ശേഷം റോഡ് വിജനമാകുമ്പോള്‍ സരോജ് അവളെ ഏറെ ദൂരം നടക്കാന്‍ കൊണ്ടുപോകുമായിരുന്നു. വണ്ടികളും തിരക്കുകളുമില്ലാത്തതിനാല്‍ ആ സമയം പ്രമോദിനിക്ക് സൗകര്യമായിരുന്നു. സരോജിന്‍റെ നിരന്തരമായ പ്രേരണയും പ്രചോദനവും ഒരു വര്‍ഷത്തിനുള്ളില്‍ ആ പെണ്‍കുട്ടിയെ പൂര്‍ണമായും സാധാരണ നിലയിലേക്ക് കൊണ്ടുവന്നു.

അവരുടെ സൗഹൃദം വളര്‍ന്നുകൊണ്ടേയിരുന്നു. ഇടയിലെപ്പോഴോ പരസ്പരം ഇഷ്ടത്തിലായെന്ന് അവര്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ അത് എത്രമാത്രം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കുറെക്കാലം അകന്നുനില്‍ക്കേണ്ടി വന്നു.

“ഞാന്‍ എന്‍റെ രൂപത്തെക്കുറിച്ച് വല്ലാതെ ബോധവതിയായിരുന്നു. അതുകൊണ്ട് ഞാന്‍ വിചാരിച്ചു സരോജിന് ഞാന്‍ ഇണങ്ങില്ലെന്ന്. സരോജിന്‍റെ വീട്ടുകാര്‍ക്കും എന്നോടുള്ള അടുപ്പത്തില്‍ നീരസമുണ്ടെന്ന് ഞാനറിഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ ഒഡിഷ വിടാന്‍ തീരുമാനിച്ചു. കുറെക്കാലം എന്‍റെ കരിയര്‍ ശ്രദ്ധിക്കാനും.”

അങ്ങനെ 2016-ല്‍ പ്രമോദിനി ഡെല്‍ഹിയിലേക്ക് പോയി. സറ്റോപ്പ് ആസിഡ് അറ്റാക്ക് കാംപെയ്‌നില്‍ ചേരാനായിരുന്നു അത്. ഡെല്‍ഹിയിലേക്ക് പോകുന്നതിന്‍റെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് സരോജ് അതിനെക്കുറിച്ച് അറിഞ്ഞത്.

കുറേക്കാലമായി സരോജായിരുന്നു പ്രമോദിനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊണ്ടിരുന്നത്. 2014 മാര്‍ച്ച് മാസത്തിന് ശേഷം ഒരു ദിവസം പോലും സരോജിന്‍റെ സഹായമോ സാന്നിദ്ധ്യമോ ഇല്ലാത്ത ഒരു ദിവസം പോലും പ്രമോദിനിയുടെ ജീവിതത്തിലുണ്ടായിരുന്നിട്ടില്ല.

ആ വാര്‍ത്ത സരോജിന്‍റെ ഹൃദയം തകര്‍ത്തു.

റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് എല്ലാ നിയന്ത്രണവും വിട്ട് സരോജ് കരഞ്ഞു. പോവരുതെന്ന് ഹൃദയം പൊട്ടി അപേക്ഷിച്ചു.

അതുകണ്ടു നിന്ന പ്രമോദിനിയുടെ കസിന്‍ പറഞ്ഞു. “റാണി അവളുടെ ജീവിതത്തില്‍ സ്വന്തം നിലയ്ക്ക് ആദ്യമായല്ലേ എന്തെങ്കിലും ചെയ്യാന്‍ പോകുന്നത്. അവള്‍ പോകട്ടെ.” അതുകേട്ട് മറുത്തൊന്നും പറയാതെ സരോജ് അവളെ പോകാന്‍ അനുവദിച്ചു.


ഇതുകൂടി വായിക്കാം: 13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്


വൈകാതെ പ്രമോദിനി ആഗ്രയിലെ ഷീറോസ് കഫേയില്‍ ജോലിക്ക് കയറി. അവളെപ്പോലെ തന്നെ ആസിഡ് ആക്രമണത്തിന് ഇരകളായവരായിരുന്നു അവിടെ ജോലിക്കാരായി ഉണ്ടായിരുന്നത്.

“അവരുടെ കഥകള്‍ കേട്ട് എനിക്ക് പുതിയൊരു ഊര്‍ജ്ജം കിട്ടി. എന്‍റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിച്ചു. അതെനിക്കൊരു പുതിയ ജീവിതം തന്നെയായിരുന്നു. അതോടൊപ്പം തന്നെ സരോജിന്‍റെ സാന്നിദ്ധ്യത്തിനായി ഞാന്‍ മുന്‍പൊന്നുമില്ലാത്ത വിധം ആഗ്രഹിച്ചു.”

അങ്ങ് ഒഡിഷയില്‍ റാണിയില്ലാതെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു സരോജും. പകലുകള്‍ക്ക് അര്‍ത്ഥമില്ലാത്ത പോലെ. ഉറക്കമില്ലാത്ത രാത്രികള്‍. ഒടുവില്‍ ഫോണിലൂടെ പ്രണയം തുറന്നുപറയാന്‍ സരോജ് തീരുമാനിച്ചു.

“പക്ഷേ കാര്യങ്ങള്‍ പെട്ടെന്നൊന്നും ശരിയായില്ല,” പ്രമോദിനി കൂട്ടിച്ചേര്‍ക്കുന്നു. “ദൂരമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാന തടസ്സം. ആസിഡ് ആക്രമണങ്ങള്‍ക്ക് എതിരായ കാംപെയ്‌നര്‍ എന്ന നിലയ്ക്ക് എന്‍റെ ഫോകസ് കരിയറിലായിരുന്നു. സരോജാവട്ടെ എന്‍റെ കാര്യത്തില്‍ കുടുംബത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.

“ഒഡിഷയിലേക്ക് തിരിച്ചുവരാനും അവിടെ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരിച്ചുവരാനും സരോജുമായി വീണ്ടും ഒന്നിക്കാനും എനിക്ക് കഴിഞ്ഞു.”

തിരിച്ചെത്തിയ ശേഷം പ്രമോദിനി ഒരു വലിയ സര്‍ജ്ജറിക്ക് വിധേയയായി. കാഴ്ച കുറച്ചെങ്കിലും തിരിച്ചുകിട്ടുന്നതിനുവേണ്ടിയായിരുന്നു അത്.

“കാഴ്ച തിരിച്ചുകിട്ടി എനിക്ക് ആദ്യമായി കാണേണ്ടിയിരുന്നത് സരോജിനെയായിരുന്നു… മുന്‍കാലത്തെ എന്‍റെ മുഖം കാണാതെ തന്നെ എന്നെ സ്‌നേഹിച്ച ആ മനുഷ്യനെ.”

ഓപറേഷന്‍ വിജയമാണെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞു. പക്ഷേ, രണ്ട് മാസം കഴിഞ്ഞിട്ടും കാഴ്ച തിരിച്ചുവന്നില്ല.

“ഒരു വിമാനയാത്രയ്ക്കിടയിലാണ് ആ അല്‍ഭുതം സംഭവിച്ചത്. ഞങ്ങള്‍ മുംബൈയില്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. പെട്ടെന്ന് എനിക്ക് മനസ്സിലായി അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ ആദ്യമായി കണ്ടത് എന്‍റെയടുത്ത് ഇരിക്കുകയായിരുന്ന സരോജിനെയും!” അതുപറയുമ്പോള്‍ പല വികാരങ്ങള്‍ കൊണ്ട് പ്രമോദിനി വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു.

“എന്നെ കാണാന്‍ കഴിയുന്നുണ്ടെന്ന് റാണി പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചു അവള്‍ സ്വപ്‌നം കാണുകയാണെന്നോ ഉറക്കത്തില്‍ സംസാരിക്കുകയാണെന്നോ ആണ്,” ചെറിയൊരു ചമ്മിയ ചിരിയോടെ സരോജ് പറഞ്ഞു. “പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അത് സത്യമാണെന്ന്.”

“എന്നാലും ഇപ്പോഴും സരോജ് തന്നെയാണ് വീട്ടിലെ പണികളും എന്‍റെ കാംപെയന്‍ വര്‍ക്കില്‍ വലിയൊരു പങ്കും ചെയ്യുന്നത്. എന്‍റെ കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ല,” പ്രമോദിനി കൂട്ടിച്ചേര്‍ത്തു.

“റാണിക്ക് കാഴ്ച തിരിച്ചുകിട്ടാനായി ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അവളുടെ അസുഖങ്ങള്‍ ഭേദമാവാന്‍ ഒരുപാട് വ്രതങ്ങളുമെടുത്തു.” അതുപറയുമ്പോള്‍ സരോജിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

“റാണിയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവള്‍ വളരെ ധീരയാണ് എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ അവളോടത് നേരിട്ട് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എങ്കിലും അവളുടെ അവിശ്വസനീയമായ ആത്മവിശ്വാസവും ധൈര്യവും എന്നെ എപ്പോഴും അല്‍ഭുതപ്പെടുത്തിയിരുന്നു. അവളെ സഹായിക്കാന്‍ ആരുമില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്കതിന് കഴിയുമെന്ന് തോന്നി. അവളുടെ അസാന്നിദ്ധ്യത്തില്‍ എനിക്കവള്‍ എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ ഇവിടെ വരെയെത്തി,” സരോജ് ചിരിച്ചു.

കണ്ടുമുട്ടി അഞ്ച് വര്‍ഷത്തിന് ശേഷം സരോജും പ്രമോദിനിയും കഴിഞ്ഞ വര്‍ഷം വാലെന്‍റൈന്‍സ് ദിനത്തില്‍ ലഖ്‌നൗവിലെ ഷീറോസ് കഫേയില്‍ വെച്ച് അവരുടെ എന്‍ഗേജ്‌മെന്‍റ് നടന്നു. ഇപ്പോള്‍ അവര്‍ ഭുവനേശ്വറിലെ വീട്ടില്‍ ഒരുമിച്ചുകഴിയുന്നു. സ്‌റ്റോപ് ആസിഡ് അറ്റാക്‌സ് കാംപെയ്‌ന്‍റെ ഒഡിഷയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും അവര്‍ തന്നെ.

സംസ്ഥാനത്ത് ആസിഡ് ആക്രമണത്തിന് ഇരകളായ നിരവധി പേരെ അവര്‍ പുനരധിവസിപ്പിച്ചുകഴിഞ്ഞു. ഇതിന്‍റെ പേരില്‍ അവര്‍ക്ക് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

“പണ്ടൊക്കെ ആസിഡ് ആക്രമണത്തില്‍ ഇരകളായവര്‍ക്ക് നീതി ലഭിക്കുന്നത് അപൂര്‍വ്വമായിരുന്നു. അല്ലെങ്കില്‍ വളരെയേറെ വൈകിയതിന് ശേഷം. അവളെ ആക്രമിച്ചയാളെ ജയിലിലടയ്ക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും ഞാനും റാണിയും ഒരുമിച്ച് ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു.

“ഇന്ന്, ഞങ്ങളുടെ കാംപെയ്‌നിലൂടെ ആസിഡ് ആക്രമണത്തില്‍ ഇരകളാവുന്നവര്‍ക്ക് മൂന്ന് മാസത്തിനകം നീതി കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞു,” സരോജ് വിശദമാക്കുന്നു.

പ്രമോദിനിയും സരോജും ഈ ഏപ്രിലില്‍ വിവാഹിതരാവും.

വലിയ ആഘോഷങ്ങളോടെ വിവാഹം നടത്താന്‍ തന്നെയാണ് അവരുടെ തീരുമാനം–ഗംഭീര വസ്ത്രങ്ങളും ബ്രൈഡല്‍ ഫോട്ടോഷൂട്ടുമൊക്കെയായി ഒരു തകര്‍പ്പന്‍ വിവാഹം.

ഫീച്ചര്‍ ഇമേജ് ക്രെഡിറ്റ്: ഡാനിഷ് ഖാസി

ഇതുകൂടി വായിക്കാം: അടിയന്തരാവസ്ഥക്കാലത്തെ പ്രണയം: ഈ ദമ്പതികള്‍ തടവിലിരുന്ന് കൈമാറിയത് 200 കത്തുകള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം