2 വിവാഹങ്ങള്‍, നിരന്തര ബലാല്‍സംഗങ്ങള്‍, പീഢനങ്ങള്‍; കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്നും ബെംഗളുരുവിലെ ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള ജാസ്മിന്‍റെ ജീവിതയാത്ര

“അവര്‍ എന്‍റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കത്തിച്ചുകളഞ്ഞു, ഞാന്‍ എങ്ങോട്ടും പോകാതിരിക്കാന്‍…”

സ്കൂള്‍ കാലം ജാസ്മിന് വളരെ സന്തോഷമുള്ളതായിരുന്നു. മുക്കത്തുള്ള ഒരു കോണ്‍വെന്‍റ് സ്‌കൂളിലാണ് അവള്‍ പഠിച്ചത്. സ്‌കൂള്‍ വിട്ട് ഐസും മിഠായികളും കഴിച്ച് കൂട്ടുകാരോടൊപ്പം ആഘോഷപൂര്‍വമാണ് വീട്ടിലേക്ക് തിരിച്ചുപോയിയിരുന്നത്. അതായിരുന്നു അവളേറ്റവും ഇഷ്ടപ്പെട്ടിരുന്ന സമയവും.

അങ്ങനെയൊരു ദിവസം പതിവുപോലെ കൂട്ടുകാരോടൊപ്പം ചിരിച്ചുമറിഞ്ഞ് വീട്ടിലേക്കെത്തിയതായിരുന്നു ജാസ്മിന്‍. അന്നാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. അവള്‍ക്കന്ന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ.


ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com


“ഞാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ വീട്ടില്‍ ചില അപരിചിതരെക്കണ്ടു. അവര്‍ക്ക് ചായ കൊണ്ടുകൊടുക്കാന്‍ ഉമ്മ എന്നോട് പറഞ്ഞു. അവര് പോയിക്കഴിഞ്ഞപ്പോഴാണ് എന്നെ പെണ്ണുകാണാനാണ് എത്തിയതെന്ന് എനിക്ക് മനസ്സിലായത്,” ജാസ്മിന്‍ എം മൂസ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ജാസ്മിന്‍ എം മൂസ

ആകെ കണ്‍ഫ്യൂഷനിലായിപ്പോയി എന്ന് ജാസ്മിന്‍. നിക്കാഹിനൊന്നും സമയമായിട്ടില്ലെന്നും തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നുമൊക്കെ അവള്‍ എല്ലാവരോടും പല തവണ പറഞ്ഞു. പക്ഷേ, ആരും അവള്‍ക്ക് ചെവി കൊടുത്തില്ല.

കാര്യങ്ങള്‍ പെട്ടെന്നാണ് നീങ്ങിയത്. ഒരാഴ്ചയ്ക്കകം അവളുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടന്നു, പതിനെട്ട് വയസ്സ് തികഞ്ഞ് മൂന്നാം ദിവസം വിവാഹവും.

വിവാഹദിവസമാണ് അവള്‍ വരനെ ആദ്യമായി കാണുന്നത്.

“ആ രാത്രിയില്‍ അയാള്‍ കിടപ്പുമുറിയിലേക്ക് കടന്നുവന്നപ്പോള്‍തന്നെ അയാളില്‍ എന്തോ ഒരു പന്തികേട് തോന്നി. വന്നപാടെ അയാള്‍ എന്നെ കടന്നുപിടിച്ച് ബലാല്‍ക്കാരമായി കട്ടിലിലേക്ക് വീഴ്ത്തി. … ഞാന്‍ എനിക്കാവുന്നത്ര ഉച്ചത്തില്‍ നിലവിളിച്ചു,” ജാസ്മിന്‍ തുടരുന്നു.

“പക്ഷേ, എന്‍റെ നാട്ടില്‍ അതൊക്കെ സാധാരണ കാര്യങ്ങളായാണ് കണക്കാക്കിയിരുന്നത്. പെണ്‍കുട്ടികളെ വളരെ ചെറുപ്പത്തില്‍ വിവാഹം ചെയ്തയക്കും. അതുകൊണ്ട് ആദ്യരാത്രിയില്‍ അവര്‍ പേടിച്ച് നിലവിളിക്കുന്നതൊക്കെ ഒള്ളതാണ് എന്ന ധാരണയാണ്.”

ഇത് തുടര്‍ന്നുള്ള ദിവസങ്ങളിലും അത് ആവര്‍ത്തിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് ഓട്ടിസ്റ്റിക് ആണെന്ന് ജാസ്മിന്‍ മനസ്സിലാക്കുന്നത്.

ജാസ്മിന്‍: അന്നും ഇന്നും

“ഒരുവര്‍ഷത്തിന് ശേഷം ഞാന്‍ രണ്ടുവീട്ടുകാരേയും കാര്യങ്ങള്‍ അറിയിച്ചു. ഇതല്ല ഞാന്‍ ആഗ്രഹിച്ച ബന്ധം എന്നും എനിക്ക് വിവാഹമോചനം വേണമെന്നും ഉറപ്പിച്ചുപറഞ്ഞു. ഒടുവില്‍ വിവാഹമോചനം നേടി. പക്ഷേ, അതുകൊണ്ടും എന്‍റെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല.

“ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഡിവോഴ്‌സും വാങ്ങി വന്നവള്‍ എന്ന കണ്ണോടെയാണ് പലരും എന്നെ കണ്ടത്. വീട്ടുകാര്‍ക്കും ഞാനൊരു ബാധ്യത പോലെയായി. എത്രയും വേഗം എന്നെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു,” ജാസ്മിന്‍ പറയുന്നു.

ഇത്തവണ ജാസ്മിന്‍ ധൈര്യപൂര്‍വ്വം വാപ്പയോട് പറഞ്ഞു, വിവാഹം ചെയ്യാന്‍ പോകുന്നയാളോട് തനിക്ക് നേരിട്ട് സംസാരിക്കണം എന്ന്.

“പിന്നീട് വന്ന വിവാഹാലോചന ഞാന്‍ ആഗ്രഹിച്ച പോലത്തെ ഒരാളായിരുന്നു. വിവാഹമോചിതയാണെന്ന് ഞാന്‍ അയാളോട് തുറന്നുപറഞ്ഞു. ‘നീയെന്താണോ അതായിത്തന്നെ സ്വീകരിക്കാന്‍ തയ്യാറാണെന്ന്’ അയാളും. അത് കേട്ടപ്പോള്‍ ആത്മാര്‍ത്ഥമായും എനിക്ക് സന്തോഷം തോന്നി. എന്‍റെ ജീവിതത്തിലെ കരിമേഘങ്ങള്‍ അകന്നുപോകുന്നതായി എനിക്ക് തോന്നി, ഇത് എന്‍റെ ജീവിതത്തില്‍ പുതിയൊരു അധ്യായമായിരിക്കുമെന്നും,” ജാസ്മിന്‍ പറഞ്ഞു.

ജാസ്മിന്‍ മാത്രമല്ല, അവളുടെ കുടുംബവും ഏറെ സന്തോഷത്തിലായി.

ജാസ്മിന്‍: അന്നും ഇന്നും

“ഒടുവില്‍ എല്ലാം ശരിയാവുന്നു എന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ വിവാഹരാത്രിയില്‍ അയാള്‍ മുറിയിലേക്ക് വന്നതും എന്‍റെ മുഖത്ത് ആഞ്ഞൊരടിയാണ്… ഞാന്‍ മരവിച്ചുപോയി… അയാളെന്‍റെ കൈകളും കാലുകളും കെട്ടിയിട്ട് എന്നെ ബലാല്‍സംഗം ചെയ്തു,” നിശ്ശബ്ദമായ ഒരു നെടുവീര്‍പ്പോടെ ജാസ്മിന്‍ പറഞ്ഞു.

കുറച്ചുമാസങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലൂടെ അവള്‍ കടന്നുപോയി. അവളുടെ ഭര്‍ത്താവ് കൊക്കെയ്‌ന് അടിമയായിരുന്നു. എല്ലാ ദിവസവും അയാള്‍ അവളെ ലൈംഗികമായും ശാരീരികമായും പീഢിപ്പിക്കും. പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ അതിന്‍റെ ഫലം ദുരന്തമായിരിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ഉമ്മയോടുപോലും പറയാന്‍ ജാസ്മിന്‍ ഭയപ്പെട്ടു.

അവള്‍ എല്ലാം സഹിച്ച് മിണ്ടാതെ കഴിഞ്ഞു.

“ഒരു ദിവസം, ഗര്‍ഭിണിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതെനിക്കൊരു പ്രതീക്ഷയുടെ കിരണം പോലെയായിരുന്നു. ജീവിതത്തില്‍ എന്തെങ്കിലുമൊരു ലക്ഷ്യമുണ്ടെന്ന് എനിക്ക് തോന്നി. എനിക്ക് ജീവിക്കണമെന്ന തോന്നലുണ്ടായി,” എന്ന് ജാസ്മിന്‍.

എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കത് സഹിക്കാനായില്ല. ദേഷ്യം കൊണ്ട് അയാള്‍ അലറി. ജാസ്മിന്‍റെ വയറിനിട്ട് ആഞ്ഞുചവിട്ടി.

നിര്‍ത്താതെ രക്തസ്രാവമുണ്ടായി. അവളെ ആശുപത്രിയിലേക്ക് മാറ്റി. നടന്ന സംഭവങ്ങള്‍ അവള്‍ വീട്ടിലറിയിച്ചു.

“ഗര്‍ഭാശയത്തിലെ കുഴല്‍ പൊട്ടിപ്പോയെന്നും രക്തസ്രാവം നിര്‍ത്താനും കുഞ്ഞിനെ രക്ഷിക്കാനും ഉടന്‍ സര്‍ജറി വേണമെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. സര്‍ജറി കഴിഞ്ഞു. എന്നാല്‍ അഞ്ചാഴ്ചയ്ക്കുള്ളില്‍ എനിക്കെന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. അധികം വൈകാതെ ഭര്‍ത്താവ് ഡിവോഴ്‌സ് ആവശ്യപ്പെട്ടു. ഞാന്‍ ഉള്ളില്‍ മരിച്ചുകഴിഞ്ഞിരുന്നു. ഒന്നും ആലോചിക്കാനോ തീരുമാനമെടുക്കാനോ ആവാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ അയാളെ വെറുതെ വിടില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു,” ജാസ്മിന്‍ ഓര്‍ക്കുന്നു.

ഗാര്‍ഹിക പീഢനത്തിന് ജാസ്മിന്‍ അയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കുറച്ചുകാലം കാര്യങ്ങള്‍ നീക്കുപോക്കാക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ ജാസ്മിന്‍റെ കയ്യില്‍ തെളിവുകളുണ്ടായിരുന്നു, അയാളുടെ വോയ്‌സ് റെക്കോഡിങ്ങുകളും മറ്റും. ഒടുവില്‍ അയാളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നതില്‍ അവള്‍ വിജയിച്ചു.

“ഈ ദുരന്തങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ രാജ്യം തന്നെ വിടാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എന്‍റെ കുടുംബം പൂര്‍ണമായും അതിനെതിരായിരുന്നു. അവര്‍ എന്‍റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കത്തിച്ചുകളഞ്ഞു, ഞാന്‍ എങ്ങോട്ടും പോകാതിരിക്കാന്‍,” ജാസ്മിന്‍ പറയുന്നു.

അതുകൊണ്ടും ജാസ്മിന്‍ തളര്‍ന്നില്ല. അവള്‍ കൊച്ചിയിലേക്ക് വണ്ടി കയറി. അവിടെ ഒരു പ്രമുഖ ഫിറ്റ്‌നെസ് സെന്‍റെറില്‍ റിസെപ്ഷനിസ്റ്റായി ജോലിക്ക് കയറി.

“ശാരീരികമായും മാനസികമായും ഞാന്‍ എന്നെ ഒരുക്കുകയായിരുന്നു. ഫിറ്റ്‌നെസ് സെന്‍ററില്‍ ഉള്ളവര്‍ എനിക്കതുവരെ ഇല്ലാതിരുന്ന ആത്മവിശ്വാസവും പ്രചോദനവും വേണ്ടുവോളം നല്‍കി. ഞാനൊരു ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ ചെയ്തു. അത് വൈറലായി. അതുകണ്ട ആളുകളുടെ പ്രോത്സാഹനം എനിക്ക് വളരെ വലുതായിരുന്നു. ഞാന്‍ ആ വഴിക്ക് തന്നെ മുന്നോട്ടുനീങ്ങി,” ജാസ്മിന്‍ പറഞ്ഞു.

അധികം വൈകാതെ ജാസ്മിന്‍ ബെംഗളുരുവിലേക്ക് മാറി. “ഒരു പ്രൊഫഷണല്‍ ഫിറ്റ്‌നെസ് ട്രെയിനറാവണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അതിനായുള്ള സെര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിനാണ് ഞാന്‍ ബെംഗളുരുവിലെത്തിയത്. റെസ്‌റ്റോറന്റുകളിലും കഫേകളിലും പാര്‍ട്-ടൈം ജോലി ചെയ്ത് ഞാന്‍ അതിനുള്ള പണമുണ്ടാക്കി.”

ഇന്ന് ബെംഗളുരുവിലെ ഒരു പ്രമുഖ ഫിറ്റ്‌നെസ് സെന്‍ററില്‍ ലെവല്‍-3 ട്രെയ്‌നറാണ് ജാസ്മിന്‍.

ഒരു ഗ്രാമപ്രദേശത്ത് ജനിച്ചുവളര്‍ന്ന ജാസ്മിന് ജീവിതത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു സ്വപ്‌നമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവള്‍ സംഭവിച്ചതിനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചിരിക്കാനോ വിധിയെപ്പഴിച്ച് കഴിഞ്ഞുകൂടാനോ ഒരുക്കമല്ലായിരുന്നു. പോരാടാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതില്‍ വിജയിയാവുകയും ചെയ്തു.

“ഇന്നെനിക്കൊരു ജോലിയുണ്ട്, സ്വന്തമായി  ഐ‍ഡെന്‍റിറ്റിയുണ്ട്, എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളുണ്ട്. കാര്യങ്ങള്‍ അതിന്‍റെ നിലയ്ക്ക് സ്വയം നേരെയായിക്കോളും എന്ന് ആലോചിച്ചിരുന്നിരുന്നുവെങ്കില്‍ ഞാനിന്ന് ജീവനോടെ കാണില്ലായിരുന്നു. എന്‍റെ ജീവിതം എനിക്കുവേണ്ടി ജീവിക്കാന്‍ തീരുമാനിച്ചതോടെ എല്ലാം മാറി,” തികഞ്ഞ അഭിമാനത്തോടെ ജാസ്മിന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ‘അവന്‍റെ സ്‌നേഹമാണ് എന്നെ സുഖപ്പെടുത്തിയത്’: റാണിയുടെയും സരോജിന്‍റെയും ആവേശം പകരുന്ന പ്രണയകഥ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം