3 മാസം കൊണ്ട് 178 ജലാശയങ്ങള്‍ക്ക് ജീവന്‍ കൊടുത്ത് ഒരു പ്രദേശത്തെ വറുതിയില്‍ നിന്ന് രക്ഷിച്ച കലക്റ്റര്‍

ആ പ്രവര്‍ത്തനങ്ങളുടെ ഫലം ശരിക്കുമറിഞ്ഞത് പൂവം എന്ന ഗ്രാമത്തിലായിരുന്നു. അവിടെ പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാമീണര്‍ കൃഷി വീണ്ടും തുടങ്ങി.

2019-ല്‍ പുതുശ്ശേരിയിലെ കാരയ്ക്കല്‍ ജില്ല വേനലിന്‍റെ വറുതി ശരിക്കുമറിഞ്ഞു. അഞ്ചിലൊരുഭാഗം ഭൂമിയില്‍ മാത്രമേ കൃഷിയിറക്കാനായുള്ളു. ഭൂഗര്‍ഭജലവിതാനം 200 അടിയില്‍ നിന്നും 300 അടിയിലേക്ക് താണു. ജനങ്ങള്‍ വലിയ ദുരിതത്തിലായി.

ആവശ്യത്തിന് മഴ ലഭിച്ചില്ലെന്ന് മാത്രമല്ല, കാവേരി വെള്ളവും വേണ്ട പോലെ കിട്ടിയില്ല. പ്രദേശത്തെ വരള്‍ച്ച ബാധിതമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതോടെ പ്രശ്‌നം ശരിക്കും ഗുരുതരമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഗ്രാമങ്ങളില്‍ നിരാശ പടര്‍ന്നു.


വീടുകളിലെ ജലഉപയോഗം 80 ശതമാനം വരെ കുറയ്ക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാം.

ജില്ലാ കലക്ടര്‍ വിക്രാന്ത് രാജയെ സംബന്ധിച്ചിടത്തോളം അത് ശരിക്കുമൊരു പരീക്ഷണകാലമായിരുന്നു.

ചോള രാജാക്കന്‍മാരുടെ ജലസംരക്ഷണ മാര്‍ഗങ്ങള്‍ വീണ്ടും പരീക്ഷിക്കാനായിരുന്നു കലക്റ്റര്‍ രാജയുടെ തീരുമാനം

വരള്‍ച്ചയില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ അദ്ദേഹം കുറെ കാര്യങ്ങള്‍ തയ്യാറാക്കി. കൗതുകകരമായ വസ്തുത അദ്ദേഹത്തിന്‍റെ പദ്ധതികള്‍ക്ക് പ്രചോദനമായത് 9-ാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാര്‍ നടപ്പാക്കിയ ജലസംരക്ഷണ പരിപാടികളായിരുന്നു എന്നതാണ്.

കലക്ടര്‍ നാം നീര്‍ (നമ്മുടെ വെള്ളം) എന്ന ഒരു പദ്ധതി നടപ്പാക്കി. പ്രദേശത്തെ 450 ജലസ്രോതസ്സുകളില്‍ 178 എണ്ണവും മൂന്നു മാസം കൊണ്ട് ചളി കോരി വൃത്തിയാക്കി ഉപയോഗിക്കാവുന്ന വിധത്തിലാക്കി.

പേരുപോലെത്തന്നെ നാട്ടുകാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ചോള ഭരണകാലത്ത് കാരയ്ക്കല്‍ 400-ലധികം ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. വെള്ളപ്പൊക്കം എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും അവര്‍ക്ക് നല്ല അറിവുണ്ടായിരുന്നു. കാവേരി നദി നിറഞ്ഞുകവിഞ്ഞാലും വെള്ളം കയറി കൃഷി നശിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അവര്‍ എടുത്തിരുന്നു.

കനാലുകളും ബണ്ടുകളും ജലാശയങ്ങളും ചേര്‍ന്നൊരു ശൃംഖല തന്നെ ചോള രാജാക്കന്‍മാര്‍ക്ക് കീഴിലെ എന്‍ജിനീയര്‍മാര്‍ തയ്യാറാക്കിയിരുന്നു. അതുകൊണ്ട് മഴവെള്ളസംഭരണവും കാര്യക്ഷമമായി നടന്നു. ജനങ്ങള്‍ക്ക് സുലഭമായി വെള്ളവും കിട്ടി.

ചെറുപ്പത്തില്‍ പഠിച്ച ചോള രാജഭരണക്കാലത്തെ ജലസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കേണ്ടി വരുമെന്ന് രാജ ഒരിക്കലും വിചാരിച്ചിരുന്നില്ല.

“തമിഴ്‌നാട്ടുകാരനായതുകൊണ്ട് കാരയ്ക്കലിനെക്കുറിച്ച് ഒരുപാട് കേട്ടിരുന്നു. തമിഴ്‌നാടിന്‍റെ നെല്ലറ എന്നാണത് അറിയപ്പെട്ടിരുന്നു. കാവേരീതടത്തില്‍ വരുന്ന ഈ പ്രദേശത്തെ കാര്‍ഷികചരിത്രവും ജലവിഭവമാനേജ്‌മെന്‍റിന്‍റെ ചരിത്രവും കുറേ വായിച്ചിരുന്നു.  പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ പണ്ടുകാലത്തെ രീതികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു,” 29-കാരനായ കലക്ടര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനും ആഴം കൂട്ടുന്നതിനും കലക്റ്ററും സഹപ്രവര്‍ത്തകരും മുന്നിട്ടിറങ്ങി

കാവേരി വെള്ളത്തിനായുള്ള കാത്തിരിപ്പും മണ്‍സൂണ്‍ ചതിച്ചതും കാരയ്ക്കലിന്‍റെ നടുവൊടിച്ചു. ഇതിന് പുറമെ പഴയ ജലാശയങ്ങളിലധികവും മലിനമാവുകയോ ഭൂമി കയ്യേറ്റത്തില്‍ ഞെരുങ്ങി ചുരുങ്ങിപ്പോവുകയോ ചെയ്തിരുന്നു.

“ജനങ്ങള്‍ കുളങ്ങളേയും ജലാശയങ്ങളേയും ആശ്രയിച്ചിരുന്ന കാലത്ത് അതൊക്കെ വൃത്തിയായി സൂക്ഷിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കിണറുകള്‍ വന്നതോടെ അവര്‍ കുളങ്ങളെ മറന്നു. ഹാന്‍റ് പമ്പുകള്‍ വന്നതോടെ കിണറുകളെ തഴഞ്ഞു. പൈപ്പ് കണക്ഷന്‍ വ്യാപകമായതോടെ ഹാന്‍റ് പമ്പുകള്‍ക്കും അതേ ഗതിയായി. ഭൂഗര്‍ഭജലവിതാനം താഴ്ന്നുപോവുന്നതും ജലാശയങ്ങള്‍ വറ്റുന്നതുമൊക്കെ ഈ തുടര്‍ച്ചയായ അവഗണനകളുടെ ഫലമായിരുന്നു,” കാരയ്ക്കല്‍ ഡെപ്യൂട്ടി കലക്റ്റര്‍ എസ് ഭാസ്‌കരന്‍ വിശദമാക്കുന്നു.

പൊതുജനങ്ങള്‍ വലിയ തോതില്‍ കുളങ്ങള്‍ നവീകരിക്കുന്നതിനായി രംഗത്തെത്തി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിനായി എംപ്ലോയി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (ഇ എസ് ആര്‍) എന്ന ഒരു ആശയം കലക്റ്റര്‍ മുന്നോട്ടുവെച്ചു. കാരയ്ക്കലിലെ പ്രസിദ്ധമായ തിരുനല്ലരു ക്ഷേത്രത്തിലെ കുളം വീണ്ടെടുക്കാന്‍ ഇറങ്ങിക്കൊണ്ട് കലക്റ്ററും സഹപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചു. മൂന്ന് ആഴ്ചകള്‍ കൊണ്ട് കുളം വൃത്തിയാക്കിയെടുത്തു.

“മറ്റ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്‍റുകളിലെ ഉദ്യോഗസ്ഥരെക്കൂടി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ഉദ്യോഗസ്ഥര്‍ മാത്രമല്ല, പൊതുജനങ്ങളും സ്വന്തം നിലയ്ക്ക് കുളങ്ങള്‍ വൃത്തിയാക്കാനായി മുന്നോട്ടുവന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം 35 കുളങ്ങള്‍ വീണ്ടെടുത്തു,” രാജ പറയുന്നു.

ഒപ്പം ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ മുന്‍കൈ എടുക്കേണ്ടതിന്‍റെ ആവശ്യം വ്യക്തമാക്കാന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയും തുടങ്ങിവെച്ചു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉണ്ടായേ തീരു. ഈ പ്രകൃതിവിഭവങ്ങളെല്ലാം അവരുടേതാണെന്ന ബോധം ഗ്രാമീണര്‍ക്കുണ്ടാവണം. നാം നീര്‍ എന്ന പരിപാടിയിലൂടെ ആ സന്ദേശം വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞു,” എം ആദര്‍ശ് ( കാരയ്ക്കല്‍ ഡെപ്യൂട്ടി കലക്റ്റര്‍-റെവന്യൂ) ടി ബി ഐ-യോട് പറഞ്ഞു.

ഇതിന് പുറമെ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം എല്ലാ ഗ്രാമങ്ങളിലും കുളങ്ങള്‍ വൃത്തിയാക്കാനും നവീകരിക്കാനും നിര്‍ദ്ദേശിച്ചു. ഇതിലൂടെ മാത്രം 85 പൊതുകുളങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു.

നീരുവറ്റിയ കുളങ്ങളില്‍ വലിയൊരു ഭാഗം അമ്പലങ്ങളുമായി ചേര്‍ന്നായിരുന്നു. ക്ഷേത്ര ഭാരവാഹികളോട് ക്ഷേത്രഫണ്ടുപയോഗിച്ച് കുളങ്ങള്‍ നവീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ 30 കുളങ്ങള്‍ ഉപയോഗിക്കാവുന്ന വിധത്തിലാക്കിയെടുത്തു.

9-ാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരുടെ കാലത്ത് 400-ലധികം ജലാശയങ്ങളും കനാലുകളും ചേര്‍ന്ന ഒരു ശൃംഖല തന്നെ കാരയ്കക്കലില്‍ ഉണ്ടായിരുന്നു

കോര്‍പ്പറേറ്റുകളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പരിപാടികളുടെ ഭാഗമായി 20 കുളങ്ങളും 80.91 കിലോമീറ്റര്‍ നീളത്തില്‍ കനാലുകളും ചളിവാരി മാറ്റി വൃത്തിയാക്കി. ഇതുമൂലം കാവേരി വെള്ളം തടസ്സമില്ലാതെ കൃഷിസ്ഥലങ്ങളിലേക്ക് ഒഴുകുമെന്ന് ഉറപ്പുവരുത്തി.
ഈ പരിപാടികളിലൊന്നും കാര്യമായ പണച്ചെലവുണ്ടായില്ല എന്നതാണ് മറ്റൊരു കാര്യം. ജനങ്ങളും സംഘടനകളും സൗജന്യസേവനവും സാമഗ്രികളുമായി മുന്നോട്ടുവന്ന് സ്വയം ഏറ്റെടുത്ത് ചെയ്തുതീര്‍ത്തു.


ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


ജനങ്ങളെ കുളങ്ങള്‍ വീണ്ടെടുക്കുന്നതിലേക്ക് ആകര്‍ഷിക്കാന്‍ മറ്റൊരു പരിപാടി കൂടി നടത്തി. പ്രിയപ്പെട്ട സിനിമാതാരങ്ങള്‍ക്ക് വേണ്ടിയും ഇഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയും ജലാശയങ്ങള്‍ വൃത്തിയാക്കാം. അങ്ങനെ പ്രിയതാരങ്ങള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാനായും വേണ്ടപ്പെട്ടവരുടെ ഓര്‍മ്മക്കായുമൊക്കെ കുളങ്ങള്‍ നവീകരിച്ചെടുക്കുന്ന പരിപാടിയും വലിയ ഹിറ്റായി.

“ഈ ആശയത്തിന് നല്ല പ്രതികരണമായിരുന്നു. പ്രിയതാരങ്ങളുടെ ജന്മദിനത്തിനും മറ്റും ജനം കുളങ്ങള്‍ വൃത്തിയാക്കാനും ആഴം കൂട്ടാനും തുടങ്ങി. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകന്‍റെ പിറന്നാളിന് ഒരു കുളം നവീകരിച്ചത് വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നു,” രാജ പറഞ്ഞു.

ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ കുളത്തിലിറങ്ങി ചെളി വാരിയപ്പോള്‍ വലിയ കുളങ്ങളിലും കനാലുകളിലും മറ്റും ജെസിബികളുടെ സഹായത്താലായിരുന്നു ജോലികള്‍ തീര്‍ത്തത്.

കുളങ്ങളില്‍ നിന്നെടുത്ത മണ്ണും ചളിയും താഴ്ന്ന പ്രദേശങ്ങള്‍ നിരത്തിയെടുക്കാനോ ബണ്ടുകളുണ്ടാക്കി മഴവെള്ളം ശേഖരിക്കാനോ ഒക്കെ ഉപയോഗിച്ചു. 

പുഴയുടേയും കുളങ്ങളുടെയും ഭൂമി കയ്യേറിയവരോട് അതൊഴിയാന്‍ ആവശ്യപ്പെട്ടു. വീടുകളില്‍ നിന്നുള്ള മാലിന്യം നേരിട്ട് പുഴയിലേക്കൊഴുക്കിയിരുന്ന വീട്ടുകാര്‍ക്ക് പുതിയ സീവേജ് പൈപ്പ് ലൈന്‍ അനുവദിച്ചു.

ഇതിന് പുറമെ ജലാശയങ്ങള്‍ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ക്കെല്ലാം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. 25,000 തൈകളാണ് ഇങ്ങനെ നല്‍കിയത്.

ഈ വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ജില്ലാ കലക്ടര്‍ നല്‍കുന്നത് ആ പദ്ധതി സ്വന്തം കാര്യമാണെന്ന ബോധത്തോടെ നെഞ്ചേറ്റിയ ജനങ്ങളോടും സംഘടനകളോടും മറ്റ് പങ്കാളികളോടുമാണ്.

മണ്‍സൂണ്‍ വളരെ വൈകിയാണ് കാരയ്ക്കലിലെത്തിയത്. അപ്പോഴേക്കും അവിടെയുള്ള കുളങ്ങളും കനാലുകളും ജലാശയങ്ങളുമൊക്കെ പൂര്‍ണ്ണമായും തയ്യാറായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും കുളങ്ങള്‍ വൃത്തിയാക്കാന്‍ ആവേശത്തോടെ ഇറങ്ങി

ആ പ്രവര്‍ത്തനങ്ങളുടെ ഫലം ശരിക്കുമറിഞ്ഞത് പൂവം എന്ന ഗ്രാമത്തിലായിരുന്നു. അവിടെ പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാമീണര്‍ കൃഷി വീണ്ടും തുടങ്ങി.

“ആദ്യമായി കാവേരിയോട് ചേര്‍ന്നുള്ള കനാലുകളില്‍ വെള്ളം നിര്‍ത്താന്‍ അവര്‍ക്കുകഴിഞ്ഞു. ഭൂഗര്‍ഭജലവിതാനവും ഉയര്‍ന്നു. അങ്ങനെ ആവശ്യത്തിന് വെള്ളമായി,” രാജ അഭിമാനപൂര്‍വ്വം പറയുന്നു.

വീടുകളിലും കൃഷിയിടങ്ങളിലും വെള്ളമെത്തി.

സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കാരയ്ക്കലിലെ ഭൂഗര്‍ഭജലവിതാനം 2018-നും 2019-നും ഇടയില്‍ പത്തടി ഉയര്‍ന്നുവെന്ന് രാജ അവകാശപ്പെടുന്നു.

ആ വാക്കുകളില്‍ അഭിമാനമുണ്ടെങ്കിലും ഇത്തിരി വിഷമവും ഉണ്ടായിരുന്നു. മൂന്ന് വര്‍ഷം സബ് കലക്റ്ററായും കലക്റ്ററായും കരയ്ക്കലിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് ജലസസ്രോതസ്സുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ പരിശ്രമിച്ച രാജയ്ക്ക് ഈയടുത്ത് സ്ഥലംമാറ്റം കിട്ടി. മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം.

“ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ ആ ബുദ്ധിമുട്ടുള്ള നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും നല്‍കുന്നതായിരുന്നു… നാം നീര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം മണ്‍സൂര്‍ സീസണ് ശേഷം തുടങ്ങും. കഴിഞ്ഞ വര്‍ഷത്തെ അതേ ആവേശത്തോടെ ജനം വീണ്ടും മുന്നോട്ടുവരുമെന്ന് എനിക്കുറപ്പുണ്ട്,” രാജ പറയുന്നു.


ഇതുകൂടി വായിക്കാം: ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം