ഇതാണ് ‘തിരുത്തി’ക്കര: പ്ലാസ്റ്റിക്കിനെ തുരത്തി, കിണറുകള്‍ ജലസമൃദ്ധമാക്കി… ശീലങ്ങള്‍ സ്വയം തിരുത്തിയ ഹരിതഗ്രാമം

കേരളത്തിലെ ആദ്യ ഫിലമെന്‍റ് ബള്‍ബ് വിമുക്ത ഗ്രാമം, പിറവം നിയോജകമണ്ഡലത്തിലെ ആദ്യ ഇ-മാലിന്യ വിമുക്ത ഗ്രാമം.. ഇതൊക്കെയാണ് ഈ തുരുത്തിക്കര.

തുരുത്തിക്കര…ഇതൊരു കൊച്ചു ഗ്രാമമാണ്. നിറയെ പച്ചപ്പും തോടുകളും നെല്‍പ്പാടങ്ങളുമൊക്കെയുള്ള കൊച്ചു സുന്ദരഭൂമിയാണിത്. എന്നാല്‍ ഈ കൊച്ചുനാടും നാട്ടുകാരും അത്ര നിസ്സാരക്കാരല്ല.

ഒരുമിച്ച് നിന്ന് പ്ലാസ്റ്റിക്ക് മാലിന്യത്തിനോടും ഫിലമെന്‍റ് ബള്‍ബിനോടും ഇ-മാലിന്യങ്ങളോടുമൊക്കെ ‘നോ’ പറയുകയാണ് ഈ നാട്ടുകാര്‍. ഈ ‘നോ’ പറച്ചിലിന്‍റെ കൂടെ ജലസംരക്ഷണവും കൃഷിയും കൂടെ ചേര്‍ത്തുനിറുത്തുന്നുമുണ്ട്.

മറ്റുള്ളവരുടെ പ്രാരാബ്ദങ്ങളില്‍ തണലേകാനും ഇവര്‍ ഒരുമിച്ചു തന്നെയുണ്ട്. ഹരിതകേരള മിഷന്‍ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചിട്ടുമുണ്ട് തുരുത്തിക്കരയെ.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com


എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ പത്താം വാര്‍ഡാണ് തുരുത്തിക്കര.
കേരളത്തിലെ ആദ്യ ഫിലമെന്‍റ് ബള്‍ബ് വിമുക്ത ഗ്രാമം, പിറവം നിയോജകമണ്ഡലത്തിലെ ആദ്യ ഇ-മാലിന്യ വിമുക്ത ഗ്രാമം.. ഇതൊക്കെയാണ് ഈ തുരുത്തിക്കര.

തുരുത്തിക്കര വാര്‍ഡിനൊപ്പം റസിഡന്‍റ്സ് അസോസിയേഷനുകളും ശാസ്ത്രസാഹിത്യപരിഷത്തുമൊക്കെ ഒരുമിച്ചാണ് നാടിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്നത്.

“തുരുത്തിക്കരയിലെ ജലക്ഷാമം പരിഹരിച്ചതിനെക്കുറിച്ചാകണം ആദ്യം തന്നെ പറയേണ്ടത്.” വാര്‍ഡ് മെമ്പര്‍ നിജി ബിജു പറയുന്നു.

“ഇവിടെ മലയോരമേഖലകളില്‍ വെള്ളത്തിന് ക്ഷാമമുണ്ടാകാറുണ്ട്.  ഡിസംബറാകുമ്പോഴേക്കും ചില വീടുകളിലെ കിണറുകള്‍ വറ്റിത്തുടങ്ങും.

ഹരിതവീഥിയുടെ ഭാഗമായി ചെടി നടുന്നു

അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് കിണര്‍ റീച്ചാര്‍ജിങ് സംവിധാനം ചെയ്യുന്നത്. ഏതാണ്ട് ആറുമാസം മുന്‍പാണ് കിണര്‍ റീച്ചാര്‍ജ്ജിങ്ങ് പരിപാടി ആരംഭിച്ചത്.

“മൂന്നു റസിഡന്‍റ്സ് അസോസിയേഷനുകളുമായി ചേര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ കിണര്‍ റീച്ചാര്‍ജ്ജിങ്ങിനെക്കുറിച്ച് ക്ലാസെടുത്തിരുന്നു. മലയോരമേഖലയായ ആശാരിപ്പുറത്തുള്ള ഒരു വീട്ടിലാണ് ആദ്യമായി കിണര്‍ റീച്ചാര്‍ജ് ചെയ്യുന്നത്. ആ വീട്ടുകാര് അവരുടെ കൈയില്‍ നിന്നു പണമെടുത്താണ് അത് ചെയ്യുന്നത്.

“അതൊരു തുടക്കമായിരുന്നു. പിന്നീട് തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്‍റ്സ് അസോസിയേഷനും ആ പദ്ധതി ഏറ്റെടുത്തു. ഓരോ വീടുകളിലും അതേക്കുറിച്ച് പറഞ്ഞുകൊടുത്തും മറ്റും ഒരു അവബോധമുണ്ടാക്കിയെടുത്തു.

“അങ്ങനെ സൗത്ത് വെസ്റ്റ് റസിഡന്‍റ്സ് അസോസിയേഷന്‍റെ പരിധിയിലുള്ള വീടുകളില്‍ കിണര്‍ റീച്ചാര്‍ജ് ചെയ്തു തുടങ്ങി. നൂറിലേറെ വീടുകളില്‍ കിണര്‍ റീച്ചാര്‍ജ് സംവിധാനം ചെയ്തിട്ടുണ്ട്.


എന്‍റെ ഗ്രാമം സ്വാശ്രയ ഗ്രാമം എന്ന പദ്ധതി നടപ്പാക്കിയപ്പോള്‍ വാര്‍ഡില്‍ 120 വീടുകളില്‍ കിണര്‍ റീച്ചാര്‍ജ് ചെയ്തു.


“ഇക്കൂട്ടത്തില്‍ നൂറു വീടുകളും തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്‍റ്സ് അസോസിയേഷനിലേതാണ്. ഒന്നിനും ആരെയും ആശ്രയിക്കരുതെന്നാണ് എന്‍റെ ഗ്രാമം സ്വാശ്രയഗ്രാമത്തിലൂടെ ലക്ഷ്യമിട്ടത്. കിണര്‍ റീച്ചാര്‍ജ് ചെയ്താല്‍ വെള്ളത്തിന് ആരെയും ആശ്രയിക്കണ്ടല്ലോ.” നിജി പറയുന്നു.

പ്ലാസ്റ്റിക് മാലിന്യമില്ല, ഇവിടുത്തെ വീടുകളില്‍ ഫിലമെന്‍റ് ബള്‍ബുകളില്ല, ഇ-മാലിന്യങ്ങളില്ല

ശാസ്ത്ര സാഹിത്യ പരിഷത്തും ഗവണ്‍മെന്‍റ് ടെക്നിക്കൽ ഹൈസ്കൂളും മോഡൽ എൻജിനീയറിങ് കോളെജും തുരുത്തിക്കര അഗ്രികൾച്ചറൽ സൊസൈറ്റിയും വിവിധ ക്ലബുകളും വയോജനസംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുമൊക്കെ ഒരുമിച്ച് നിന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇതുപോലുള്ള ഏതാണ്ട് 21 സംഘടനകളുടെ സഹകരണത്തോടെയാണ് ഈ നാടിനെ ഹരിതഗ്രാമമായി മാറ്റിയത്. ഊര്‍ജ നിര്‍മല ഹരിത ഗ്രാമം പദ്ധതി, എന്‍റെ ഗ്രാമം സ്വാശ്രയ ഗ്രാമം ഇങ്ങനെ ഒരുപാട് പദ്ധതികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

“ടെറസിന്‍റെ മുകളില്‍ വീഴുന്ന വെള്ളം പിവിസി പൈപ്പ് വഴി വാട്ടര്‍ ടാങ്കിലേക്ക് നിറയ്ക്കും.” കിണര്‍ റീച്ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് നിജി പറയുന്നു. “ഈ ടാങ്കില്‍ ഫില്‍റ്റര്‍ ചെയ്യാനുള്ള മെറ്റല്‍, കരി, മണല്‍, നെറ്റ് ഇതൊക്കെ ഓരോ ലെയറായി വച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത്. ഈ ടാങ്കിലൂടെ വെള്ളം ശുദ്ധിയാക്കിയ ശേഷമാണത് കിണറിലേക്ക് എത്തിക്കുന്നത്.


ഇതുകൂടി വായിക്കാം: മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം


“ചില വീടുകളില്‍ ടാങ്കിന് പകരം പൈപ്പുകളില്‍, ഇതൊക്കെ വച്ച് കൊടുത്തിട്ട് ശുദ്ധീകരിച്ച് കിണറ്റിലേക്ക് ഒഴിക്കുന്ന രീതിയും ചെയ്തിട്ടുണ്ട്. ഇതിനു അല്‍പം ചെലവ് കൂടുതലാണ്. പല വീട്ടുകാരും ചെലവൊക്കെ സ്വയം ഏറ്റടുക്കുകയായിരുന്നു.

“8000 മുതല്‍ 10000 രൂപ വരെയൊക്കെ ചെലവ് വന്നിട്ടുള്ളവരുണ്ട്. വീടിന്‍റെ സ്ക്വയര്‍ഫീറ്റും വീട്ടില്‍ നിന്നു കിണറിലേക്കുള്ള ദൂരവുമൊക്കെയാണ് ചെലവ് കൂട്ടുന്നതും കുറയ്ക്കുന്നതുമൊക്കെ.

“പഞ്ചായത്ത് സബ്സിഡി നല്‍കിയിരുന്നു. തൊഴിലുറപ്പ് ജോലിക്കാരുടെ വീടുകളില്‍ കിണര്‍ റീച്ചാര്‍ജ് ചെയ്യുന്നതിന് അവര്‍ക്ക് തൊഴിലുറപ്പ് സബ്സിഡി നല്‍കിയിരുന്നു. കിണറ്റിലെ വെള്ളത്തിന്‍റെ അളവ് കൂട്ടാമെന്നതു മാത്രമല്ല വെള്ളം ശുദ്ധിയാക്കാനും കിണര്‍ റീച്ചാര്‍ജ്ജിങ്ങിലൂടെ സാധിക്കും.

“പാടശേഖരമൊക്കെയുള്ള പ്രദേശമാണിവിടം. വയലിന് അടുത്തുള്ള വീടുകളിലെ കിണറിലെ വെള്ളത്തിന് കാഠിന്യം കൂടുതലായിരിക്കും. ആ കാഠിന്യം കുറയ്ക്കാനും ഈ കിണര്‍ റീച്ചാര്‍ജ്ജിങ്ങിലൂടെ സാധിച്ചിട്ടുണ്ട്.” വാര്‍ഡ് മെമ്പര്‍ വിശദമാക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും ചില പദ്ധതികള്‍ കൊണ്ടുവന്നുവെന്നു നിജി. “പ്ലാസ്റ്റിക് ഓരോ വീടുകളിലും ചാക്കിലോ മറ്റോ സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞു.

“ഓരോ മാസവും ഏതെങ്കിലുമൊരു ദിവസം -ദിവസവും സമയവുമൊക്കെ മുന്‍ക്കൂട്ടി പറയും- ഒരു സ്ഥലത്ത് എല്ലാവരും പ്ലാസ്റ്റിക് വേസ്റ്റുകളുമായി വരും. അതു ശേഖരിച്ച് പ്ലാസ്റ്റിക് റിസൈക്കിള്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും.

“തുടക്കത്തില്‍ ഇങ്ങനെയായിരുന്നുവെങ്കിലും പിന്നീട് വീടുകളില്‍ പോയി പ്ലാസ്റ്റിക് ശേഖരിച്ചു തുടങ്ങി.


പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണിപ്പോള്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. അതോടെ ഈ വാര്‍ഡ് പ്ലാസ്റ്റിക് വിമുക്തമാക്കാനും സാധിച്ചു.


ഓരോ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് മാസം 40 രൂപ ഈടാക്കുന്നുണ്ട്.

ടെറസില്‍ വീഴുന്ന മഴവെള്ളം ഉപയോഗിച്ച് കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം ഫിറ്റ് ചെയ്യുന്നു

ഫിലമെന്‍റ് മുക്തമായ തുരുത്തിക്കര എന്ന ലക്ഷ്യത്തോടെയാണ് ഊര്‍ജ്ജ്ഗ്രാമം പ്രവര്‍ത്തനം ആരംഭിക്കുന്നത്. വൈദ്യുതി ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകളാക്കുക. ഓരോ വീടുകളിലും കയറിയിറങ്ങി എല്‍ഇഡി ബള്‍ബുകള്‍ നല്‍കുകയാണ് ചെയ്തത്.

“ഫിലമെന്‍റ് ബള്‍ബുകള്‍ ഒഴിവാക്കി എല്‍ഇഡി ബള്‍ബുകളിട്ട് കൊടുക്കുകയും ചെയ്തു. നിര്‍ധനരായവര്‍ക്ക് എല്‍ഇഡി സൗജന്യമായും നല്‍കി. കെഎസ്ഇബി കുറച്ച് സിഎഫ് എല്‍ ബള്‍ബ് നല്‍കിയിരുന്നു. സ്വന്തം വീടുകളിലേക്കാവശ്യമായ ബള്‍ബുകള്‍ പല വീട്ടുകാരും സ്വയം വാങ്ങിക്കുകയും ചെയ്തിരുന്നു,” നിജി പറഞ്ഞു.

അസോസിയേഷന്‍ പരിധിയിലുള്ള എല്ലാ വീടുകളിലും കിണര്‍ റീച്ചാര്‍ജ് ചെയ്തുവെന്നു സൗത്ത് വെസ്റ്റ് റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു ജോയി പറയുന്നു.

“അസോസിയേഷനിലുള്ളവരെ കിണര്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. അസോസിയേഷന്‍റെ ഫണ്ടില്‍ നിന്നാണ് പലര്‍ക്കും തുക നല്‍കിയത്. ഈ തുക പിന്നീട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് നല്‍കുന്നത്. ലോണ്‍ എടുക്കുന്നതുപോലെ.

“വാര്‍ഡില്‍ വെറുതേ കിടക്കുന്ന ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. പയറും വാഴയും ചേനയുമൊക്കെയാണ് കൃഷി ചെയ്തത്. ഇതിനൊപ്പം അടുക്കള കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് തൈകളും വിതരണം ചെയ്യാറുണ്ട്.


ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


“സൗത്ത് വെസ്റ്റ് റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് വെറുതേ കിടക്കുന്ന പറമ്പുകളില്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്നത്. ഇത്തവണ ചേനയും നേന്ത്രവാഴയുമാണ് കൃഷി ചെയ്തത്. ചേന കഴിഞ്ഞ ദിവസമാണ് വിളവെടുത്തത്.

മരടിലെ പച്ചക്കറി മാര്‍ക്കറ്റിലേക്ക് മാത്രമായി 1,100 കിലോ ചേനയാണ് വിറ്റത്. പിന്നെ പ്രാദേശികവിപണികള്‍ക്കും വിറ്റു. കൃഷി ചെയ്യാന്‍ ഭൂമി തന്നിരുന്നൊരാള്‍ക്ക് പത്ത് പന്ത്രണ്ട് കിലോ ചേന നല്‍കി. ഇനിയും കുറേയേറെ ചേന വിളവെടുക്കാനുമുണ്ട്.

“വെറുതേ കിടക്കുന്ന ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ആരും ഈ സ്ഥലത്തിന് പാട്ടമൊന്നും വാങ്ങാറുമില്ല. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി അമ്പത് സെന്‍റിലാണ് ചേന കൃഷി ചെയ്തത്.

“ഇരുന്നൂറിലേറെ വാഴ നട്ടിട്ടുണ്ട്. ആദ്യമായിട്ടല്ല അസോസിയേഷന്‍ കൃഷി ചെയ്യുന്നത്. പതിനായിരം രൂപയ്ക്ക് പയര്‍ വിറ്റിട്ടുള്ള സമയമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ കുലച്ച് നില്‍ക്കുന്ന വാഴകളാണ് നശിച്ചു പോയത്.

“ബ്ലോക്ക് ഡവലപ്പ്മെന്‍റ് ഓഫീസറായിരുന്ന ജോര്‍ജ് എന്ന സാറാണ് കൃഷിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളുമൊക്കെ നല്‍കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടിലാണ് കൃഷിയുടെ കാര്യങ്ങളൊക്കെ നടക്കുന്നത്.

ചേന വിളവെടുപ്പിന് ശേഷം

തൈ മുളപ്പിച്ചു വാര്‍ഡുകളിലെ വീടുകളില്‍ വിതരണം ചെയ്യുന്നുണ്ട്. തൈമുളപ്പിക്കുന്നതൊക്കെ ഇദ്ദേഹത്തിന്‍റെ വീട്ടിലാണ്. ചെടികളും വിതരണം ചെയ്യാറുണ്ട്.

“നാട്ടുകാരില്‍ രണ്ട് മികച്ച കര്‍ഷകന്‍മാരുണ്ട്. അവരുടെ സഹായവും കൃഷിയ്ക്ക് കിട്ടുന്നുണ്ട്. വഴിയോരത്ത് ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ശ്രീമഹാവിഷ്ണു ക്ഷേത്രം റോഡാണ് ജമന്തിയും വാടാമല്ലിയുമൊക്കെ നട്ട് ഹരിതവീഥിയാക്കി മാറ്റിയത്.

അടുക്കളത്തോട്ടം എല്ലാ വീട്ടിലും കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ വീട്ടിലും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്തെടുക്കണം. കൃഷിയൊക്കെയുള്ള കൊണ്ട് അസോസിയേഷന് ഫണ്ടുണ്ട്. ആ തുകയില്‍ നിന്നൊക്കെയാണ് പല കാര്യങ്ങളും ചെയ്യുന്നത്.

“കിണര്‍ റീചാര്‍ജ് ചെയ്യാന്‍ പലരെയും സാമ്പത്തികമായി സഹായിച്ചതും ഈ തുകയില്‍ നിന്നൊക്കെയാണ്. പിന്നീട് ഈ തുക തിരിച്ചു നല്‍കണമെന്നു മാത്രം.” ബിജു പറയുന്നു.

കര്‍ക്കിടക കഞ്ഞി വിതരണം

ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി അസോസിയേഷന്‍ തുടരുന്ന മറ്റൊരു കാര്യമാണ് പൊതിച്ചോറ് വിതരണം. എല്ലാ വ്യാഴാഴ്ചകളിലുമാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. അസോസിയേഷന്‍റെ കീഴിലുള്ള ഓരോ വീടുകളില്‍ നിന്നുമാണ് പൊതിച്ചോറ് ശേഖരിക്കുന്നത്.

പൊതിച്ചോറ് ശേഖരിക്കുന്നതിനൊരു ഇടമുണ്ട്. രാവിലെ തന്നെ ആളുകള്‍ പൊതിച്ചോറ് ഇവിടെ കൊണ്ടുവന്നു നല്‍കും. അധികം വൈകാതെ ആ പൊതിച്ചോറുകളൊക്കെ കൂടി അനാഥാലയത്തിലേക്ക് കൊണ്ടുപോകും

“ആരോരുമില്ലാത്ത അമ്മമാര്‍ക്കാണ് ഈ പൊതിച്ചോറ് കൊടുക്കുന്നത്. പൊതിച്ചോറ് ഓട്ടോയിലാണ് അനാഥാലയത്തിലേക്ക് കൊണ്ടുപോകുന്നത്. പൊതിച്ചോറ് കൊണ്ടുപോകുന്ന വണ്ടിയുടെ ചെലവ് ഏറ്റിരിക്കുന്ന ഒരാളുണ്ട്,” ബിജു പറ‍ഞ്ഞു.

പൊതിച്ചോറ് ശേഖരിക്കുന്നു

“നല്ല ദൂരമുണ്ട് ആ അനാഥാലയത്തിലേക്ക്. മൂന്നൂറു രൂപയില്‍ കൂടുതല്‍ തുകയാകും.


ആഴ്ചയില്‍ ഒരു ദിവസം ഇങ്ങനെ പൊതിച്ചോറുമായി പോകണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം ആ തുക നല്‍കുന്നുണ്ട്.


“എല്ലാ കര്‍ക്കിട മാസത്തിലും ഔഷധക്ക‍ഞ്ഞി വിതരണം ചെയ്യാറുണ്ട്. അഞ്ച് ദിവസമാണ് കഞ്ഞി വിതരണം ചെയ്യുന്നത്. പത്ത് രൂപ നിരക്കിലാണ് കഞ്ഞിയുണ്ടാക്കി വില്‍ക്കുന്നത്.

“അസോസിയേഷന്‍റെ നേതൃത്വത്തില്‍ വീട് പണിത് നല്‍കിയിട്ടുണ്ട്. എല്ലാവരും കൂടെ പിരിവെടുത്ത് മൂന്നര ലക്ഷം രൂപ ചെലവിലാണ് വീട് പണിത് നല്‍കിയത്. തറ കെട്ടിയ ശേഷം മുകളിലേക്ക് വീട് കെട്ടാനാകാത്ത അവസ്ഥയിലാണ് നാട്ടുകാരനായ ഒരാള്‍ക്ക് അസോസിയേഷന്‍ വീട് നിര്‍മിച്ചു നല്‍കിയത്.” ബിജു പറയുന്നു.

ഊര്‍ജ നിര്‍മല ഹരിതഗ്രാമം പദ്ധതി നടപ്പാക്കിയപ്പോള്‍ പരിസ്ഥിതി കൗണ്‍സിലിന്‍റെ അംഗീകാരവും വേള്‍ഡ് മലയാളി അസോസിയേഷന്‍ അവാര്‍ഡും തുരുത്തിക്കര വാര്‍ഡിന് കിട്ടിയിട്ടുണ്ടെന്നു നിജി പറയുന്നു.


ഇതുകൂടി വായിക്കാം: ഉപ്പും ഓരും നിറഞ്ഞ കടലോരം, എന്നിട്ടും രണാങ്കന്‍റെ കിണറ്റില്‍ നിറയെ തെളിനീര്: കുറച്ച് പൈപ്പും വലയും ചരല്‍ക്കല്ലും കൊണ്ട് ശുദ്ധജലം സംഭരിക്കുന്ന വിധം


“മലയാള മനോരമയുടെ ചുറ്റുവട്ടം അവാര്‍ഡ് അസോസിയേഷനും കിട്ടിയിട്ടുണ്ട്. കിണര്‍ റീച്ചാര്‍ജ്ജിങ്ങിനാണ് ഈ അംഗീകാരം കിട്ടിയത്. രണ്ട് തവണ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്‍റെ മികച്ച റസിഡന്‍റ്സ് അസോസിയേഷനുള്ള അവാര്‍ഡ്, അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍‍ അസോസിയേഷന്‍റെ മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ആദരിച്ചിട്ടുമുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം