137 ജലാശയങ്ങള്‍ വീണ്ടെടുത്തു, 2 ISO സര്‍ട്ടിഫിക്കേഷനുകള്‍ നേടി: ഐ എ എസ് ഓഫീസര്‍ 2 വര്‍ഷം കൊണ്ട് ഒരു നാടിനെ മാറ്റിയെടുത്തതിങ്ങനെ

ISO:14001 കിട്ടാന്‍ ഇതുമാത്രമല്ല കാരണം. സര്‍ക്കാര്‍ ഓഫീസുകളിലെ ജല ഉപയോഗവും ഊര്‍ജ്ജ ഉപഭോഗവും കുറയ്ക്കാന്‍ ഒരുപാട് നടപടികള്‍ അദ്ദേഹം കൈക്കൊണ്ടു.

ണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശിലെ ഖേരിയിലെ ലക്കിംപൂര്‍ മരിച്ചുകൊണ്ടിരിക്കുന്ന തടാകങ്ങളുടെയും കുളങ്ങളുടേയും വറ്റിവരണ്ട ജലാശയങ്ങളുടേയും നാടായിരുന്നു.

എന്നാലിന്ന് പുതുജീവന്‍ കിട്ടിയ 137 ജലാശയങ്ങളും നീര്‍ച്ചാലുകളും നല്ല പച്ചപ്പുമുള്ള ഒരിടമായി ലക്കിംപൂര്‍ മാറി.

അതിന് പിന്നില്‍ ഖേരിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഐ എ എസ് ഓഫീസറുമായ അരുണ്‍കുമാര്‍ സിങ്ങിന്‍റെ ഭാവനാപൂര്‍ണ്ണമായ നടപടികളായിരുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്കിംപൂര്‍ ISO: 14001 സെര്‍ട്ടിഫിക്കേഷന്‍ നേടിയ  ആദ്യത്തെ തെഹ്സില്‍ ആയി മാറി. കാര്യക്ഷമമായ പരിസ്ഥിതി മാനേജ്‌മെന്‍റ് സംവിധാനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നല്‍

അരുണ്‍ കുമാര്‍ സിങ്ങ് മരം നടുന്നു.

കുന്ന ഇന്‍റെര്‍നാഷണല്‍ സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷന്‍ ആണ് ISO 14001.

“ഒരുകാലത്ത് ലക്കിംപൂരില്‍ 9,000-ത്തിലധികം കുളങ്ങളും തടാകങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം പ്രധാന നദികളായ ഖാഗ്രയുമായും സാര്‍ദയുമായും തോടുകള്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നു. 21 മാസങ്ങള്‍ക്ക് മുന്‍പ് ഞാനിവിടെയെത്തുമ്പോള്‍ ഈ ജലാശയങ്ങളിലേറെയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വേനലില്‍ ജലക്ഷാമം രൂക്ഷമായിരുന്നു,” അരുണ്‍ കുമാര്‍ സിങ്ങ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഞങ്ങള്‍ 1951 വരെയുള്ള ഭൂരേഖകള്‍ തപ്പിയെടുത്ത് പരിശോധിച്ചു. അങ്ങനെയാണ് പിന്നീട് മൂടിപ്പോയതും കയ്യേറി നികത്തിയതുമായ ജലാശയങ്ങളടക്കം 9,000 എണ്ണം ഉണ്ടായിരുന്നുവെന്ന വിവരം ലഭിക്കുന്നത്,”  അതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജലാശയങ്ങളെല്ലാം തന്നെ തിരിച്ചുകൊണ്ടുവരിക എന്നത് ഏതാണ്ട് അസാധ്യം തന്നെയായിരുന്നു. എന്നാലും ആ വലിയ ദൗത്യം ഏറ്റെടുക്കാന്‍ തന്നെ അരുണ്‍ കുമാര്‍ ഉറപ്പിച്ചു. ‘താലാവ് ഖോജോ, താലാവ് ബചാവോ’ (ഒരു കുളം കണ്ടുപിടിക്കൂ, അതിനെ രക്ഷിക്കൂ) എന്ന ഒരു പദ്ധതി അദ്ദേഹം തുടങ്ങിവെച്ചു.

നഗരങ്ങളുടെ സ്വഭാവങ്ങളും രീതികളും നാട്ടിലേക്കും വ്യാപിക്കാന്‍ തുടങ്ങിയ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയിലാണ് ജലാശയങ്ങളിലേക്കും കടന്നുകയറ്റങ്ങള്‍ വ്യാപകമായതും അവ അപ്രത്യക്ഷമായതും. തണുപ്പുകാലത്ത് ദേശാടനപ്പക്ഷികള്‍ വിരുന്നെത്തിയുന്ന വിശാലമായ തണ്ണീര്‍ത്തടങ്ങള്‍ കാടുംപടലും നിറഞ്ഞ തരിശുനിലങ്ങളായി മാറി. ജലാശയങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന പരിസ്ഥിതിവ്യൂഹങ്ങളെല്ലാം താറുമാറായി.

അതുകൊണ്ട് അരുണ്‍കുമാര്‍ സിങ്ങ് ഏറ്റെടുത്ത പദ്ധതി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

ISO 14001 സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

ആര്‍ക്കൈവുകളില്‍ നിന്നും പഴയ പട്ടയരേഖകളും മാപ്പുകളും തെരഞ്ഞ് തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും ഉണ്ടായിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയെന്നതായിരുന്നു ആദ്യത്തെ പണി. അങ്ങനെ കണ്ടെത്തിയ ജലാശയങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ വിശദമായ ഒരു പ്ലാന്‍ തന്നെ സിങ്ങ് തയ്യാറാക്കി.

കൃഷി-ജലവിഭവ വകുപ്പുകളിലെ തൊഴില്‍ സംസ്‌കാരം മാറ്റിയെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുകയുമായിരുന്നു അടുത്ത ജോലി. താലാവ് ഖോജോ, താലാവ് ബച്ചാവോ (TKTB) യ്ക്ക് വേണ്ടി ഒരു ടീമിനെ തയ്യാറാക്കി. ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍, പഞ്ചായത്തിലെ നേതാക്കള്‍, പൗരന്മാരുടെ പ്രതിനിധികള്‍ എന്നിങ്ങനെ പല മേഖലകളില്‍ നിന്നുള്ള ആളുകളുണ്ടായിരുന്നു. അവര്‍ ഓരോ ആഴ്ചയിലും യോഗം ചേര്‍ന്ന് മുന്‍പ് തീരുമാനിച്ചുറപ്പിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കാന്‍ അപ്പപ്പോള്‍ പരിശ്രമിക്കുകയും ചെയ്തു.

“ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം കയ്യേറ്റം ഉണ്ടെങ്കില്‍ അതൊഴിപ്പിക്കുന്നതിനുള്ള നിയമനടപടികള്‍ കൈക്കൊണ്ടു. അതിന് ശേഷം ഗ്രാമവാസികളുടെ സഹായത്തോടെ മണ്ണുമാറ്റാനും ജലാശയം പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനുമുള്ള നടപടികള്‍ എടുത്തു. ഇങ്ങനെ ഞങ്ങള്‍ 137 ജലാശയങ്ങള്‍ വീണ്ടെടുത്തു. അവയെല്ലാം കൂടി 64 ഹെക്ടര്‍ (150 ഏക്കറിലധികം) വരും,” സിങ്ങ് അറിയിച്ചു.

താലാവ് ഖോജോ, താലാവ് ബചാവോ പദ്ധതിയെപ്പറ്റി ഖേരി ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസര്‍ അവതാര്‍ സിങ്ങ് പറയുന്നു, “ഗ്രാമീണരുടെ പിന്തുണയോടെ അവരെക്കൊണ്ടുതന്നെയാണ് പ്രോജക്ട് നടപ്പാക്കിയത്. കുളങ്ങളും മറ്റും നന്നാക്കാനും കുഴിക്കാനുമൊക്കെ തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രദേശവാസികളെത്തന്നെ പ്രയോജനപ്പെടുത്തി. നാട്ടിലെ ജലസ്രോതസ്സുകള്‍ നന്നാക്കിയെടുക്കുന്നതിലൂടെ അവര്‍ക്ക് വരുമാനം കിട്ടുകയും ചെയ്തു.”

കുളം നവീകരിക്കാന്‍ ജനങ്ങളുടെ സഹായം

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പൂര്‍ണ്ണമായും വറ്റിപ്പോയിരുന്ന കുളങ്ങള്‍ പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്ന് അവതാര്‍ സിങ്ങ് തുടരുന്നു. “നഗരപ്രദേശങ്ങളില്‍ തടാകങ്ങള്‍ക്കുചുറ്റും നടപ്പാതകളും പ്രകൃതിപാര്‍ക്കുകളും നിര്‍മ്മിച്ചു. ഓടകളായി മാറിയിരുന്ന പഴയ നീര്‍ച്ചാലുകള്‍ ഇന്ന് ജലസേചനത്തിന് ഉപയോഗിക്കാവുന്നതായി മാറ്റി.”

ലക്കിംപൂരിലെ കുളങ്ങളുടേയും ജലാശയങ്ങളുടെയും പഴയ പേരുകള്‍ക്ക് പിന്നിലെ ചരിത്രവും വാമൊഴിക്കഥകളുമൊക്കെ ശേഖരിക്കുന്ന തിരക്കിലാണ്  അരുണ്‍കുമാര്‍ സിങ്ങ് ഇപ്പോള്‍. “അവരുടെ ചരിത്രവുമായും ഫോക്ക്‌ലോറുമായുമൊക്കെയുള്ള ബന്ധം അറിയുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യത്തോടെ കുളങ്ങളും മറ്റും പുനരുജ്ജീവിപ്പിക്കാന്‍ മുന്നോട്ടുവരും,” എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. താലാവ് ബച്ചാവോ മിഷനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ചരിത്രത്തേയും കൂട്ടുപിടിക്കുകയാണ് അദ്ദേഹം.

ISO:14001 കിട്ടാന്‍ ഇതുമാത്രമല്ല കാരണം. സര്‍ക്കാര്‍ ഓഫീസുകളിലെ ജല ഉപയോഗവും ഊര്‍ജ്ജ ഉപഭോഗവും കുറയ്ക്കാന്‍ ഒരുപാട് നടപടികള്‍ അദ്ദേഹം കൈക്കൊണ്ടു.

“ഒരുപാട് കറന്‍റ് തിന്നിരുന്ന പഴയ ലൈറ്റുകളും ഫാനുകളുമടക്കമുള്ളവയെല്ലാം മാറ്റി. പകരം എല്‍ ഇ ഡി ബള്‍ബുകളും ഊര്‍ജ്ജം ലാഭിക്കുന്ന ഫാനുകളും മറ്റുപകരണങ്ങളും സ്ഥാപിച്ചു. സ്വാഭാവികമായി വെളിച്ചം കിട്ടുന്ന സ്ഥലങ്ങളില്‍ ലൈറ്റുകള്‍ ഓഫാക്കാനും ഓഫീസ് കഴിഞ്ഞുപോകുമ്പോള്‍ ഫാനും മറ്റും ഓഫാക്കാനുമൊക്കെയുള്ള ബോധവല്‍ക്കരണം ജീവനക്കാര്‍ക്കിടയില്‍ നടത്തി,” അരുണ്‍കുമാര്‍ സിങ്ങ് പറയുന്നു.

വീണ്ടെടുത്ത ഒരു തടാകം

തെഹ്‌സില്‍ ഓഫീസ് പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. അതോടെ പേപ്പര്‍ ആവശ്യം കുറയ്ക്കാനും ജോലി വേഗത്തിലാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഫീസ് കാമ്പസില്‍ മഴവെള്ള സംഭരണ യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതേ രീതി പിന്തുടരാന്‍ പ്രദേശവാസികളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. “ആദ്യമൊക്കെ ഗ്രാമവാസികള്‍ക്ക് മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനോട് അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഓഫീസ് വളപ്പിലെ സംവിധാനവും അതിന്‍റെ വിജയവും കണ്ട് ഇപ്പോള്‍ പലരും ഏറെ താല്‍പര്യത്തോടെ മഴവെള്ള സംഭരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്,” അദ്ദേഹം അവകാശപ്പെട്ടു.


ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


ലക്കിംപൂര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. അതുകൊണ്ട് മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവാണെന്ന് പറയാം. എങ്കിലും തരിശുനിലങ്ങളിലെല്ലാം പച്ചപടര്‍ത്തി ഗ്രീന്‍ കവര്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് അരുണ്‍ കുമാറിന്‍റെ ശ്രമം.

ഒരുവര്‍ഷം മുന്‍പ് പൊതു ഓഫീസുകളിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട് ലക്കിംപൂര്‍ ISO: 9001 സെര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. വളരെ വിദൂരമായ സ്ഥലത്തായതിനാല്‍ തെഹ്‌സില്‍ ഓഫീസിലെത്തിപ്പെടാന്‍ ഗ്രാമവാസികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അവിടെയെത്തിയാല്‍ തന്നെ ഓരോ ഓഫീസും കണ്ടുപിടിക്കുകയെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെയായിരുന്നു. ഉദ്യോഗസ്ഥരാകട്ടെ പരാതികളിലും അപേക്ഷകളിലും സമയത്തിന് തീരുമാനമെടുക്കാതെ നീട്ടിവെയ്ക്കുന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരുന്നു.

ജോലിയേറ്റെടുത്ത് ആദ്യം തന്നെ അരുണ്‍ കുമാര്‍ ചെയ്തത് പൊതുജനങ്ങള്‍ക്ക് വെയിലും മഴയും കൊള്ളാതെ ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയായിരുന്നു. നീണ്ട ക്യൂ ഒഴിവായി. പിന്നീട് ഓരോ ഡിപ്പാര്‍ട്ട്‌മെന്‍റിലേയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പ്രത്യേകം ഡ്രെസ് കോഡ് ഏര്‍പ്പെടുത്തി. നിരക്ഷരരായ ഗ്രാമീണര്‍ക്കുപോലും എളുപ്പത്തില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിച്ചറിയാന്‍ ഇതുമൂലം കഴിഞ്ഞു.

ഡിജിറ്റലൈസേഷന്‍ വഴി പരാതി പരിഹാരസംവിധാനം കൂടുതല്‍ സുഗമമാക്കി. ആദ്യകാലങ്ങളില്‍ ഒരു ഫയലില്‍ തീര്‍പ്പാകാന്‍ 15-മുതല്‍ ഒരു മാസം വരെ എടുത്തിരുന്നു. ഇപ്പോഴത് വളരെപ്പെട്ടെന്നു തന്നെ തീര്‍പ്പാക്കാന്‍ കഴിയുന്നു.

ജനങ്ങള്‍ക്കിപ്പോള്‍ തെഹ്‌സില്‍ ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ മതിപ്പാണ് എന്ന് അരുണ്‍ കുമാര്‍ പറയുന്നു. അതാണ് ISO: 9001 സര്‍ട്ടിഫിക്കേഷന്‍ കിട്ടാന്‍ കാരണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് സുപ്രധാന സെര്‍ട്ടിഫിക്കേഷനുകള്‍ നേടിയ ശേഷം അടുത്ത ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് അരുണ്‍ കുമാര്‍ ഇപ്പോള്‍. ലക്കിംപൂറിനെ ഒരു മാതൃകാ തെഹ്‌സില്‍ ആക്കണം എന്നതാണ് അത്.

“അംഗീകാരങ്ങള്‍ നമ്മുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്തത്. മികച്ച സേവനം നല്‍കുകയും അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ഞങ്ങളിപ്പോള്‍,” അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം: ലഡാക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാജാവിനെത്തേടി സഹോദരന്‍ നടത്തിയ 60 വര്‍ഷത്തെ അന്വേഷണത്തിന്‍റെ കഥ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം