ഒരു കാട് പ്രകൃതിക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ച് വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസിന്‍റെ ചുമരില്‍ കുറിച്ചിട്ടുണ്ട് ഇല്യാസ് . ഓരോ ചെടിയും പുറത്തുവിടുന്ന ഓക്സിജന്‍റെ അളവ്, ചെടികള്‍ വേരിറക്കി മണ്ണില്‍ സംഭരിക്കുന്ന വെള്ളത്തിന്‍റെ അളവ് ഇതൊക്കെ അതിലുണ്ട്.
“ഈ തോട്ടം കാണാന്‍ സ്കൂളീന്നും കോളെജീന്നും കുട്ടികള്‍ വരാറുണ്ട്. അവര്‍ക്ക് വേണ്ടിയാണിതൊക്കെ എഴുതി വച്ചിരിക്കുന്നത്,” മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ പൈക്കടത്ത് വീട്ടില്‍ പി.എം. ഇല്യാസ് എന്ന കര്‍ഷകന്‍ നിറഞ്ഞ സൗഹൃദത്തോടെ ആ അല്‍ഭുതത്തോട്ടത്തിലേക്ക് ക്ഷണിക്കുന്നു.
റമ്പൂട്ടാനും മാങ്കോസ്റ്റിനും ലിച്ചിയുമൊക്കെയായി നാലേക്കര്‍ നിറയെ ഫലവൃക്ഷങ്ങളുണ്ട് അദ്ദേഹത്തിന്‍റെ പത്തേക്കര്‍ തോട്ടത്തില്‍. പിന്നെ കുറേയേറെ പച്ചക്കറികളും. പശുവും ആടും കോഴിയും താറാവും അരയന്നവുമൊക്കെയുണ്ട്.
ഇതിനൊപ്പം പറമ്പിന്‍റെ വലിയൊരു ഭാഗം വനമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട് ഈ പ്രകൃതിസ്നേഹി. മഴവെള്ളസംഭരണത്തിനായി നാലഞ്ച് കുളങ്ങളും.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
കൃഷി പറഞ്ഞും ചെയ്തും കാണിച്ചുമൊക്കെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ കൂടിയാണ് ഇല്യാസ്.
“എന്‍റെ ഉപ്പയും ഉമ്മയുമൊക്കെ നല്ല കര്‍ഷകരായിരുന്നു. അവര് കൃഷി ചെയ്യുന്നതൊക്കെ കണ്ടുകണ്ട് ഞാനും കൃഷിയിലേക്കെത്തി. അതിനൊപ്പം കുറച്ചു മാറ്റങ്ങളൊക്കെ വരുത്തിയാണ് ഓരോന്ന് ചെയ്യുന്നതെന്നു മാത്രം,” ഇല്യാസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“കുളങ്ങളും ചെടികളും മരങ്ങളുമൊക്കെയുള്ള പറമ്പ് എനിക്കിഷ്ടമാണ്. ആ ഇഷ്ടത്തിലാണ് 15 വര്‍ഷം മുന്‍പ് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടു തുടങ്ങുന്നത്.”
തണല്‍, തണുപ്പ്, നല്ല കാറ്റ്, കിണറിലും കുളത്തിലും സമൃദ്ധമായി വെള്ളം… ഇതിനൊക്കെയൊപ്പം വീട്ടിലെ കാടുകൊണ്ട് വ്യക്തിപരമായ ചില സന്തോഷങ്ങളുമുണ്ട് ഇല്യാസിന്. “രാവിലെ ഉറക്കമുണരുന്നത് തന്നെ പലതരം പക്ഷികളുടെ ശബ്ദം കേട്ടു കൊണ്ടാണ്. ഇതൊക്കെ ഒരു സന്തോഷമല്ലേ?”
വീടിനോട് ചേര്‍ന്നു തന്നെയാണ് ഇല്യാസ് കാട്ടുമരങ്ങളും മറ്റും വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത് ഒരു ഏക്കറില്‍ നിറഞ്ഞുകഴിഞ്ഞു. ഓരോ വര്‍ഷവും മരങ്ങള്‍ നട്ടുനട്ട് വലിപ്പം കൂട്ടിക്കൊണ്ടിരിക്കുകയാണ്.
“അകില്‍, ഇരുമ്പകം, വെള്ള അകില്‍, തേക്ക് ഇതൊക്കെ ഈ കാട്ടിലുണ്ട്. നിലമ്പൂരില്‍ നിന്നാണ് തൈകള്‍ കൊണ്ടുവന്നു നട്ടുപിടിപ്പിച്ചത്
“എവിടെപ്പോയാലും തൈയും വാങ്ങി വരുന്നതാണ് പതിവ്. ഇതിനു വേണ്ടി കാശു മുടക്കാന്‍ എന്തിനാണ് മടിക്കുന്നത്? ഇന്നു മാത്രമല്ല നാളെയും ഈ കാട് കൊണ്ട് ഉപയോഗങ്ങളേ ഉണ്ടാകൂ,” എന്ന കാര്യത്തില്‍ ഇല്യാസിന് ഒരു സംശയവുമില്ല.
പത്തേക്കര്‍ തോട്ടവും കാടുമൊക്കെ നിലനിര്‍ത്താന്‍ അഞ്ച് കുളങ്ങളുമുണ്ട്. ചില കുളങ്ങളുടെ അരിക് കല്ല് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അല്ലാത്തവ സാധാരണ മണ്ണിട്ട് വശങ്ങളുണ്ടാക്കിയവയാണ്. കുളങ്ങളില്‍ വീട്ടിലെ ആവശ്യത്തിനുള്ളള മീന്‍ വളര്‍ത്തുന്നുണ്ട്.
അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാന്‍ ഒരു കുളം വൃത്തിയാക്കിയിട്ടിട്ടുണ്ട്.
“കുളങ്ങളില്‍ വെള്ളം ഉണ്ടെങ്കില്‍ മണ്ണില്‍ ഈര്‍പ്പമുണ്ടാകും. വെള്ളത്തിന് ക്ഷാമമുണ്ടാകില്ല. ഭൂമിയ്ക്ക് എപ്പോഴുമൊരു നനവുണ്ടാകുമെന്നതു കൊണ്ടു തന്നെ തോട്ടത്തില്‍ എപ്പോഴും വെള്ളം ഒഴിക്കുകയും വേണ്ടല്ലോ.”
“അയല്‍പ്പക്കത്തുള്ള കുട്ടികളൊക്കെയാണ് നീന്തല്‍ പഠിക്കാന്‍ വരുന്നത്. ഇതു കാശ് വാങ്ങി നീന്തല്‍ പഠിപ്പിക്കുന്ന ഇടം ഒന്നുമല്ല.
അവധിക്കാലമൊക്കെയാകുമ്പോള്‍ ഏതുനേരവും കുട്ടികള്‍ വരും. നേരത്തെ പഠിച്ച മുതിര്‍ന്ന കുട്ടികളൊക്കെ തന്നെയാണ് നീന്തല്‍ പഠിപ്പിക്കുന്നത്,” ഇല്യാസ് പറഞ്ഞു.
നാലേക്കറില്‍ 50- ഇനം ഫലവൃക്ഷങ്ങള്‍, രണ്ട് ഏക്കറില്‍ പലതരം പച്ചക്കറികള്‍, നാലു പശുക്കള്‍, ആട്, കോഴി, അരയന്നം, തെങ്ങ്, കവുങ്ങ്, കുരുമുളക് ഇതൊക്കെയുണ്ട് ഇവിടെ.
“തെങ്ങിന്‍ തോപ്പിലും ഫലവൃക്ഷങ്ങള്‍ നട്ടിട്ടുണ്ട്. ഏറെയും വിദേശ ഇനങ്ങളാണ്. നാലു തരം റംമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, പീനട്ട് ബട്ടര്‍, ലിച്ചി, മാതളം, പേരയ്ക്ക, പ്ലാവ്, മാവുകള്‍, പപ്പായ, സപ്പോട്ട, നോനി ഇങ്ങനെ ഒരുപാട് ഫലവൃക്ഷങ്ങളുണ്ടിവിടെ.
“വാഴകൃഷിയും കുറേയുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ മഴയ്ക്ക് ശേഷം പിന്നെ വാഴ നട്ടില്ല. ഇത്തവണ വീണ്ടും വാഴ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്.”
പത്തിരുപത്തഞ്ച് പശുക്കളെയൊക്കെ വളര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നുവെന്ന് ഇല്യാസ് ഓര്‍ക്കുന്നു. തനിമ എന്ന ബ്രാന്‍ഡില്‍ അരലിറ്റര്‍ കവര്‍ പാല്‍ വില്‍ക്കുകയും ചെയ്തിരുന്നു.
“എന്‍റെ ഉമ്മയായ്ക്ക് അസുഖം വന്നപ്പോ പശുക്കളെ നോക്കലും ആശുപത്രിയുമൊക്കെയായി കുറേ ബുദ്ധിമുട്ടി. അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം പശുക്കളുടെ എണ്ണം നാലാക്കി കുറച്ചു.” വീണ്ടും പഴയ പോലെ കൂടുതല്‍ പശുക്കളെ വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇല്യാസ്.
ഈ തോട്ടത്തില്‍ വിളയുന്ന പച്ചക്കറികള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ നേരിട്ടെത്തും.
“പുറത്തൊരു വിപണിയിലേക്ക് കൊടുക്കുന്നത് അപൂര്‍വമാണ്. വളരെ കുറച്ചു മാത്രമേ പുറത്തു വില്‍ക്കാറുള്ളൂ. ഓണം വിഷു പോലുള്ള അവസരങ്ങളില്‍ സര്‍ക്കാരിന്‍റെ കാര്‍ഷിക ചന്തകളില്‍ വില്‍ക്കാറുണ്ട്. അത്രേയുള്ളൂ.”
പൂര്‍ണമായും ജൈവകൃഷിയാണ്. രാസവളങ്ങളും കീടനാശിനികളൊന്നും ഉപയോഗിക്കാറില്ല. വളവും വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. മണ്ണിര കംപോസ്റ്റും ബയോഗ്യാസ് സ്ലറിയും ആട്ടിന്‍കാട്ടവുമൊക്കെയാണ് വളം.
മരങ്ങളൊക്കെ കുറേയില്ലേ. കംപോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യത്തിലേറെ ഇലകളും ചപ്പും വീട്ടുമുറ്റത്ത് നിന്നു തന്നെ കിട്ടുന്നുണ്ട്.
“വാഴയുടെ വേസ്റ്റുകളും കിട്ടാറുണ്ട്. ആട്ടിന്‍കാഷ്ഠവും കംപോസ്റ്റില്‍ പോകും. ബയോഗ്യാസിലേക്ക് വേണ്ട ജൈവമാലിന്യങ്ങള്‍ അയല്‍വീടുകളില്‍ നിന്നും ശേഖരിക്കാറുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി വീട്ടില്‍ ബയോഗ്യാസ് പ്ലാന്‍റുണ്ട്. പാചകത്തിനും ഇതാണ് ഉപയോഗിക്കുന്നത്. പുറമേ നിന്നു പാചക ഗ്യാസ് വാങ്ങാറില്ല.”
കുളങ്ങളും മരങ്ങളുമൊക്കെയുള്ളതു കൊണ്ട് ഇല്യാസിന്‍റെ വീട്ടില്‍ മാത്രമല്ല അയല്‍വീടുകളിലും വെള്ളത്തിന് ക്ഷാമമില്ല.
എന്നാല്‍ അതുമാത്രമല്ല. മാലിന്യം എന്ന വലിയ പ്രശ്നത്തിനും ഇല്യാസ് പരിഹാരമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. അയല്‍പക്കത്തുള്ളവര്‍ ജൈവ മാലിന്യങ്ങള്‍ ഇല്യാസിന്‍റെ വീട്ടിലെ ബയോഗ്യാസ് പ്ലാന്‍റിലേക്ക് നല്‍കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറത്തെവിടെയും വലിച്ചെറിയാതെ ഒഴിവാക്കുന്നതിനും ഇല്യാസ് സൗകര്യമൊരുക്കിയിട്ടുണ്ട്. അയല്‍വീടുകളിലുള്ളവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ ഇല്യാസിന്‍റെ പറമ്പിലാണ് കളയുന്നത്. കിണര്‍ പോലെ വലിയൊരു കുഴി കുത്തിയിട്ടുണ്ട്. ആ കുഴിയിലാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്.
ഇതുകൂടി വായിക്കാം: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം
പ്ലാസ്റ്റിക്ക് ഒരു അപകടമായി തോന്നിയ നാളിലാണ് ഇങ്ങനെയൊരു ആശയം തോന്നിയതെന്നു ഇല്യാസ് പറഞ്ഞു.
നാട്ടിലെ കോളെജുകളില്‍ കൃഷിയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട് അദ്ദേഹം.
“സ്കൂളില്‍ നിന്നും കോളെജുകളില്‍ നിന്നുമൊക്കെ കുട്ടികള്‍ കൃഷി കാണാനും വരാറുണ്ട്. മോങ്ങത്തെ അറബിക് കോളെജിലെ വിദ്യാര്‍ഥികള്‍ക്ക് കൃഷി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.
“അവരുടെ ഹോസ്റ്റലിലെ മെസില്‍ ഈ തോട്ടത്തിലെ വിളകളാണ് ഉപയോഗിക്കുന്നത്. ഫറോക്കിലെ ചെറുവണ്ണൂരിലെ എ ഡബ്ല്യൂ എം എച്ച് കോളെജിന് വേണ്ടി കൃഷി പഠിപ്പിച്ച് ചെയ്തു കൊടുക്കുന്നുണ്ട്.
“കുട്ടികള്‍ തന്നെ ക്യാംപസില്‍ കൃഷി ചെയ്തോളും. അതിനൊരു നേതൃത്വം കൊടുത്താല്‍ മതി. രണ്ടുമൂന്നു വര്‍ഷമായി നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ടവിടെ. കുട്ടികള്‍ക്കും കൃഷി ചെയ്യാനും താത്പ്പര്യമുണ്ട്.”
കോളെജില്‍ മാത്രമല്ല, കൃഷിയുമായി ബന്ധപ്പെട്ട് ആര് സഹായവും സംശയവും ചോദിച്ചാലും പരിഹരിച്ചുകൊടുക്കാന്‍ ഇല്യാസ് എപ്പോഴും റെഡിയാണ്.
“നാട്ടില്‍ ഞങ്ങള്‍ കുറച്ചാളുകള്‍ ചേര്‍ന്നു ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഫിറ്റ് എന്ന കൂട്ടായ്മയിലൂടെയാണ് കൃഷി ചെയ്യുന്നത്. അഞ്ചെട്ട് പേരുണ്ട് ഇതില്‍. പല മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. രണ്ട് കെ.പി.മുഹമ്മദ്മാരുണ്ട് കൂട്ടത്തില്‍. അഷ്റഫ്, യൂസഫ്, ഹമീദ്, സത്യന്‍, പിന്നെ ഞാനും.
ഞങ്ങളെല്ലാവരും നല്ല സുഹൃത്തുക്കളാണ്. ആ സൗഹൃദമാണ് ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്.
“വെറുതേ കിടക്കുന്ന നാട്ടിലെ ചില ഇടങ്ങള്‍ പാട്ടത്തിനെടുത്താണ് കൃഷി. പച്ചക്കറികളും വാഴയുമൊക്കെയാണിതില്‍. ഇതിനൊപ്പം ആവശ്യക്കാര്‍ക്ക് കൃഷിക്കുള്ള പരിശീലനവും സഹായങ്ങളുമൊക്കെ ഞങ്ങള്‍ ചെയ്തു കൊടുക്കാറുമുണ്ട്,” ഇല്യാസ് വിശദമാക്കി. രണ്ടേക്കറിലാണ് ഈ കൃഷി.
“ഇങ്ങനെ കുറച്ചുപേരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍. രണ്ട് മുഹമ്മദ്മാരില്‍ ഒരാള്‍ എന്‍ജിനീയറാണ്. യൂസഫ് ചിത്രകാരനും അഷ്റഫ് വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ്. ഞാനും കുഞ്ഞൂട്ടിയുമാണ് കൂട്ടത്തില്‍ കര്‍ഷകര്‍. രണ്ട് മുഹമ്മദ്മാരില്‍ ഒരാളെ കുഞ്ഞൂട്ടി ആശാന്‍ എന്നാണെല്ലാവരും വിളിക്കുന്നത്.
“അവധി ദിവസങ്ങളില്‍ എല്ലാരും ഒരുമിച്ച് പറമ്പിലുണ്ടാകും. ഇവരൊക്കെ ജോലിക്ക് പോകുന്ന നേരം ഞാനും കുഞ്ഞൂട്ടിയും കാര്യങ്ങള്‍ നോക്കും. പിന്നെ രാവിലെയും വൈകുന്നേരവും നനയ്ക്കാനും കള പറിക്കാനുമൊക്കെയായി ഇവരു വരും.
“വഴിയോരത്തുള്ള ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ആ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്കൊക്കെ കൃഷി കാണാനും പറ്റും. കൃഷി കണ്ട് പലരും പറമ്പിലേക്ക് വരും. കാണാന്‍ മാത്രമല്ല ഇവിടെ വിളവെടുക്കാനും അവസരമുണ്ട്.”
“ഭാര്യ മൈമൂനയും മക്കളും കൃഷിക്കാര്യത്തില്‍ ഒപ്പമുണ്ട്. കൃഷിപ്പണിക്ക് സഹായത്തിനൊക്കെ പണിക്കാരുണ്ട്. എന്നാല്‍ പശുക്കളുടെ കാര്യങ്ങളും ഫലവൃക്ഷങ്ങളുടെ പരിചരണവുമൊക്കെ മൈമൂനയാണ് നോക്കുന്നത്,” ഇല്യാസ് കൂട്ടിച്ചേര്‍ത്തു.
ബിഎസ്‍സിക്ക് പഠിക്കുന്ന ആയിഷ മന്ന, പത്താംക്ലാസുകാരി മസ്ന, ആറാം ക്ലാസില്‍ പഠിക്കുന്ന അബ്ദുല്‍ റഹ്മാന്‍ ഇവരാണ് മക്കള്‍.
സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച കര്‍ഷനുള്ള പുരസ്കാരവും സരോജിനി ദാമോദര്‍രന് ഫൗണ്ടേഷന്‍റെ അക്ഷയശ്രീ പുരസ്കാരവും ഇല്യാസിന് ലഭിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കാം:മലപ്പുറത്തെ ഈ റോഡിലൂടെ പോകുന്നവര്‍ക്ക് ചായയും ചെറുകടിയും സൗജന്യം; ഇത് ‘കുതിര നാണി’യുടെ നന്മയുള്ള പിരാന്തുകളില്‍ ഒന്നുമാത്രം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.