ചേരിയിലെ 250 കുട്ടികള്‍ക്ക് ഫ്ലൈ ഓവര്‍ സ്ലാബിന് താഴെ സ്കൂള്‍! ഒരു തലമുറയെ മാറ്റിയെടുക്കാന്‍ 25-കാരനായ വിദ്യാര്‍ത്ഥിയുടെ ശ്രമങ്ങള്‍

സ്‌കൂള്‍ പഠനം ഇടയ്ക്കുവെച്ച് മുറിഞ്ഞുപോകുന്നതിന്‍റെ ബുദ്ധിമുട്ട് സത്യേന്ദ്രയ്ക്ക് നന്നായി അറിയാം. 12-ാംക്ലാസ്സ് പാസ്സായിട്ടും അവന് തുടര്‍ന്നുപഠിക്കാനായില്ല.

കിഴക്കന്‍ ഡെല്‍ഹിയിലെ യമുന ഖാദര്‍ പ്രദേശത്തെ വൈ കെ ഝഗ്ഗി കാംപ്. ചേരിയിലെ കൂരകള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ അമന്‍ തിരക്കിട്ട് നടക്കുകയാണ്.

പണി നടന്നുകൊണ്ടിരിക്കുന്ന ഫ്‌ളൈ ഓവറിന് താഴെ പ്ലാസ്റ്റിക് ഷീറ്റും വൈക്കോലും കൊണ്ട് മറച്ച ചെറിയൊരു കുടിലിലേക്കാണ് ആ 11-കാരന്‍റെ നടത്തം.

അവിടെയാണ് അവന്‍റെ ക്ലാസ്സ്. ശിവാജി മഹാരാജ് നയിച്ച യുദ്ധങ്ങളെക്കുറിച്ച് അധ്യാപകന്‍ വിവരിക്കുകയാണ്. അതുകേട്ടുകൊണ്ടിരിക്കെ അവന്‍റെ മുഖത്ത് വലിയ ചിരി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം: Karnival.com

അമന് ഇനി പാടത്ത് പണിക്ക് പോകേണ്ട. കൂട്ടുകാരെപ്പോലെ അവനും ഇനി പഠിക്കാം!

ചേരിയില്‍ താമസിക്കുന്നവരുടെ മക്കള്‍ക്കായി സത്യേന്ദ്ര പാല്‍ എന്ന ചെറുപ്പക്കാരന്‍ തുടങ്ങിയ ഒരു സമാന്തര സ്‌കൂളെന്നോ കോച്ചിങ് സെന്‍റര്‍ എന്നോ പറയാവുന്ന ഒരു സംവിധാനമാണ് ഈ ക്ലാസ്സ്.

ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്കാണ് ഫ്‌ളൈ ഓവറിനടിയിലെ ഈ പഠനം. എല്ലാ ദിവസവും ക്ലാസ്സുണ്ട്. ഫീസ് ഇഷ്ടമുള്ളത് കൊടുത്താല്‍ മതി. 250-ലേറെ കുട്ടികള്‍ ഇതുമൂലം പ്രാഥമിക വിദ്യാഭ്യാസം നേടുകയും സ്കൂള്‍ പഠനം മെച്ചപ്പെടുത്തുകയും ചെയ്തു.


ചെറിയ കുട്ടികള്‍ക്കാണ് കുടിലില്‍ ക്ലാസ്സ് മുറി ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന കുട്ടികള്‍ തുറന്ന സ്ഥലത്താണ്.


ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയില്‍ നിന്നുള്ള സത്യേന്ദ്ര ഇപ്പോള്‍ ബി എസ് സി മാത്തമാറ്റിക്‌സ് പഠിക്കുന്നു. 2015 ഡിസംബറിലാണ് ഈ വിദ്യാര്‍ത്ഥി തുറന്ന സ്ഥലത്ത് ക്ലാസ് തുടങ്ങുന്നത്.

25-കാരനായ സത്യേന്ദ്രയും അതേ പ്രദേശത്താണ് താമസിക്കുന്നത്. അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂള്‍ രണ്ട് കിലോമീറ്റര്‍ അകലെയാണ് എന്ന കാരണം പറഞ്ഞാണ് പലരും കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുന്നത്.

മുതിര്‍ന്ന കുട്ടികള്‍ക്ക് പുറത്ത് ഈ തണലിലാണ് ക്ലാസ്

“ഇവിടെയുള്ള മിക്കയാളുകളും പാടത്ത് കൂലിപ്പണിയെടുക്കുന്നവരാണ്. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനുമൊന്നും അവര്‍ക്ക് സമയമുണ്ടാകില്ല. മുതിര്‍ന്ന കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എന്നാല്‍ ചെറിയ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. വലിയ റോഡുകള്‍ ക്രോസ് ചെയ്തുപോകുന്നത് റിസ്‌കാണ്. അതുകൊണ്ടു കൂടിയാണ് പലര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്,” സത്യേന്ദ്ര ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“അങ്ങനെയാണ് ഞാനീ സ്‌കൂള്‍ തുടങ്ങുന്നത്. സ്‌കൂളില്‍ തനിയെ പോകാറാവുന്നതുവരെ അവരെ പഠിപ്പിക്കാനായിട്ടാണിത്. മുതിര്‍ന്നാല്‍ അവര്‍ക്ക് സ്‌കൂളില്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് മറ്റുള്ളവര്‍ക്ക് ഒപ്പം എത്താനും പാഠഭാഗങ്ങള്‍ മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇങ്ങനെയൊരു സ്‌കൂള്‍ തുടങ്ങുന്നതുതന്നെ.”

സ്‌കൂള്‍ പഠനം ഇടയ്ക്കുവെച്ച് മുറിഞ്ഞുപോകുന്നതിന്‍റെ ബുദ്ധിമുട്ട് സത്യേന്ദ്രയ്ക്ക് നന്നായി അറിയാം. 12-ാംക്ലാസ്സ് പാസ്സായിട്ടും അവന് തുടര്‍ന്നുപഠിക്കാനായില്ല. പഠിക്കാന്‍ പോവേണ്ടെന്ന് പിതാവ് പറഞ്ഞു. കുടുംബത്തെ കൃഷിയില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 2012-ല്‍ സത്യേന്ദ്രയുടെ പഠനം നിലച്ചു.

സത്യേന്ദ്ര ഫ്ലൈ ഓവറിന് താഴെ ക്ലാസ്സെടുക്കുന്നു

ഒരു വര്‍ഷം അങ്ങനെ കഴിഞ്ഞു. അപ്പോഴാണ് നാഗ്പൂരിലെ നാഗാര്‍ജ്ജുന ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബുദ്ധിസത്തേയും ബി ആര്‍ അംബേദ്കറുടെ ദര്‍ശനങ്ങളേയും കുറിച്ചുള്ള ഒരു കോഴ്‌സിന് സത്യേന്ദ്ര പോകുന്നത്. രണ്ടുമാസത്തെ കോഴ്‌സ്. എന്നാല്‍ അവനെ വല്ലാതെ സ്വാധീനിച്ചു.

“എന്‍റെ അമ്മാവനാണ് അങ്ങോട്ട് കൊണ്ടുപോയത്. അതെന്നെ അടിമുടി മാറ്റിക്കളഞ്ഞു. വിദ്യാഭ്യാസത്തോട് എന്‍റെ കാഴ്ചപ്പാടുതന്നെ മാറി. ഞാന്‍ ആഗ്ര യൂനിവേഴ്‌സിറ്റിയില്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് ചേര്‍ന്നു. ആ കോഴ്‌സാണ് ചേരിയിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങാനും എന്നെ പ്രേരിപ്പിച്ചത്,” സത്യേന്ദ്ര പറഞ്ഞു.

പക്ഷേ, സ്‌കൂള്‍ തുടങ്ങാനുള്ള പണമോ സ്ഥലമോ മറ്റ് സൗകര്യങ്ങളോ ഒന്നും സത്യേന്ദ്രയ്ക്കുണ്ടായിരുന്നില്ല. പക്ഷേ അതൊന്നും അവനെ പിന്തിരിപ്പിച്ചില്ല. ഏഴാം ക്ലാസ്സിലെ അഞ്ച് കുട്ടികളുമായി ഒരു മരച്ചുവട്ടില്‍ പഠിപ്പിക്കാന്‍ തുടങ്ങി.

ഏകദേശം ഒരു വര്‍ഷത്തോളം അവര്‍ നിലത്തിരുന്നു പഠിച്ചു. സത്യേന്ദ്രയുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഇഷ്ടപ്പെട്ട ഒരാള്‍ ഷീറ്റും ഒരു കസേരയും സംഭാവനയായി നല്‍കി. ഷീറ്റ് വലിച്ചുകെട്ടി അതിന് കീഴിലായിരുന്നു പിന്നീടുള്ള ക്ലാസ്സുകള്‍.

ഇപ്പോള്‍ സത്യേന്ദ്രയുടെ കൂടെ അഞ്ച് സന്നദ്ധപ്രവര്‍ത്തകര്‍ കൂടി ക്ലാസ്സെടുക്കാനുണ്ട്

കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ എത്തിയപ്പോള്‍ അവിടെ സ്ഥലം തികയാതായി. അപ്പോഴാണ് സത്യേന്ദ്ര ഒരു കുടില്‍ കെട്ടി അതിലേക്ക് ക്ലാസ് മാറ്റിയത്.

പക്ഷേ, ഇതൊന്നുമല്ല ആ ചെറുപ്പക്കാരന് ഏറ്റവും വലിയ വെല്ലുവിളിയായത്. കുട്ടികളെ പഠിപ്പിക്കാന്‍ വിടാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കലായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം. എന്തെങ്കിലും പണിയെടുത്ത് കുടുംബത്തെ സഹായിക്കണമെന്നാണ് മിക്കവരും ആഗ്രഹിച്ചത്. കാരണം കടുത്ത ദാരിദ്ര്യത്തിന് മുന്നില്‍ വിദ്യാഭ്യാസം അവര്‍ക്കൊരു ആഢംബരമായാണ് തോന്നിയിരുന്നത്.

പിതാവിനെ പച്ചക്കറിപ്പാടത്ത് സഹായിക്കാതെ ചേരിയിലെ കുട്ടികളെ പഠിപ്പിക്കാന്‍ പോയതിന് സ്വന്തം വീട്ടില്‍ നിന്നും സത്യേന്ദ്ര എതിര്‍പ്പ് നേരിടേണ്ടി വന്നു.

താല്‍പര്യമില്ലാത്തതുകൊണ്ട് കുട്ടികള്‍ ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിപ്പോയ സംഭവങ്ങളുമുണ്ടായി.


പക്ഷേ, അതൊന്നും ആ ചെറുപ്പക്കാരനെ ബാധിച്ചതേയില്ല. ഒരു കുട്ടി മാത്രമേ ഉള്ളുവെങ്കിലും ക്ലാസ്സ് മുടക്കിയതുമില്ല.


കുട്ടികളുടെ ഗ്രേഡ് മെച്ചപ്പെട്ടതോടെ മാതാപിതാക്കള്‍ തങ്ങളെക്കൊണ്ടാവും വിധം സഹായിക്കാന്‍ മുന്നോട്ടുവന്നു

അമന് കുറച്ചുകാലം മുമ്പുവരെ കണക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പോള്‍ കിട്ടുന്ന സമയത്തെല്ലാം അവന്‍ കണക്ക് ചെയ്തുപഠിക്കാനായി മാറ്റിവെയ്ക്കുന്നു. “കണക്ക് എനിക്ക് പേടിയായിരുന്നു. പക്ഷേ, ഇപ്പോഴെനിക്കത് ഒരു ഗെയിം പോലെ ഇഷ്ടമാണ്. അടുത്ത വര്‍ഷം മുതല്‍ സ്‌കൂളില്‍ പോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അമന്‍ ടി ബി ഐ-യോട് പറഞ്ഞു.

അമനെപ്പോലെ പ്രദേശത്തെ ഒരുപാട് കുട്ടികള്‍ പുസ്തകങ്ങളും പെന്‍സിലുമായി അവരുടെ കുഞ്ഞുവീടുകള്‍ക്ക് മുന്നിലിരുന്ന് താല്‍പര്യത്തോടെ ഹോംവര്‍ക്ക് ചെയ്യുന്നത് കാണാം.

എന്നാല്‍ ഏറ്റവും വലിയ മാറ്റം ഏഴാം ക്ലാസ്സിന് മുകളിലുള്ള കുട്ടികളുടെ ഗ്രേഡുകളിലുണ്ടായ മുന്നേറ്റമാണ് എന്ന് സത്യേന്ദ്ര അഭിമാനത്തോടെ പറയുന്നു. മുന്‍പ് കണക്കിലും സയന്‍സിലും കഷ്ടിച്ച് രക്ഷപ്പെട്ടുപോയിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ മെച്ചപ്പെട്ട ഗ്രേഡുകള്‍ കിട്ടുന്നുവെന്ന് ആ ചെറുപ്പക്കാരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ക്കും സന്തോഷമായി. ആവുംപോലെ സത്യേന്ദ്രയെ സഹായിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. ബോര്‍ഡ്, കസേരകള്‍, പുസ്തകങ്ങള്‍…അങ്ങനെ ചെറിയ ചെറിയ സംഭാവനകളെത്തി.

ഇതുവരെ 250 കുട്ടികള്‍ സത്യേന്ദ്രയുടെ ക്ലാസ്സുകളുടെ പ്രയോജനം നേടി

ഡിഗ്രി പഠനം കഴിഞ്ഞ് ബെംഗളുരുവിലെ അസിം പ്രേംജി യൂനിവേഴ്‌സിറ്റിയില്‍ പി ജി ചെയ്യാനാണ് സ്‌ത്യേന്ദ്ര ആഗ്രഹിക്കുന്നത്. പിന്നെ, ഇന്‍ഡ്യല്‍ സിവില്‍ സെര്‍വീസില്‍ കയറണം, വിദ്യാഭ്യാസരംഗത്ത് ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരണം… അങ്ങനെ വലിയ സ്വപ്നങ്ങള്‍ കാണുന്നു ഈ ചെറുപ്പക്കാരന്‍.

ഉപരിപഠനത്തിനായി ബെംഗളുരുവില്‍ പോയാലും ഡെല്‍ഹിയിലെ സ്‌കൂള്‍ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാനുള്ള സംവിധാനങ്ങളും ഇപ്പോള്‍ തന്നെ സ്‌ത്യേന്ദ്ര ചെയ്തിട്ടുണ്ട്.

“ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള അഞ്ച് സന്നദ്ധപ്രവര്‍ത്തകര്‍ ഇപ്പോള്‍ എന്നോടൊപ്പം ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ഞാനിവിടെയില്ലെങ്കിലും അവര്‍ നന്നായി ക്ലാസ്സുകള്‍ മുന്നോട്ടുകൊണ്ടുപോകും,” സത്യേന്ദ്ര പറയുന്നു.


ഇതുകൂടി വായിക്കാം: സിമെന്‍റ് തൊടാതെ 3,200 ച. അടി വീട്; ഉറപ്പിന് ശര്‍ക്കരയും കുമ്മായവും, ചുമര് തിളങ്ങാന്‍ കോഴിമുട്ട, ചിതലിനെ പായിക്കാന്‍ വാഴയില


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം