കൊറോണയെ ചെറുക്കാന്‍ കുറഞ്ഞ ചെലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കേരളത്തിലെ രണ്ട് കോളെജുകള്‍

ഹൈഡ്രജന്‍ പെറോക്സൈഡ്, ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍, ഗ്ലിസറിന്‍, കറ്റാര്‍വാഴ ജെല്‍ ഇതൊക്കെ ഉപയോഗിച്ചാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചിരിക്കുന്നത്.

കോവിഡ് 19-നെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഏറെ പ്രധാനം കൈകള്‍ കഴുകുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമെല്ലാം കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കണം.

എന്നാല്‍ എത്ര കാശ് നല്‍കാന്‍ തയാറായാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആ ക്ഷാമത്തെയും തോല്‍പ്പിക്കുകയാണ് ചിലര്‍.

കോട്ടയം സിം എം എസ് കോളെജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറഞ്ഞ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് ആളുകളിലേക്കെത്തിച്ചിരിക്കുന്നത്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.comk

ഹാന്‍ഡ് സാനിറ്റൈസറുകളുടെ അമിത വിലയും ലഭ്യതക്കുറവുമാണ് ഇങ്ങനെയൊരു ദൗത്യത്തിന് ഇവരെ പ്രേരിപ്പിച്ചത്.

സിഎംഎസ് കോളെജുകാര്‍ നിര്‍മ്മിച്ച ഹാന്‍ഡ് സാനിറ്റൈസറുകള്‍

സിഎംഎസ് കോളെജിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലുള്ളവരും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സുകാരുമാണ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ തയാറാക്കി കുപ്പികളിലാക്കി വിതരണം ചെയ്തത്. ഹൈഡ്രജന്‍ പെറോക്സൈഡ്, ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍, ഗ്ലിസറിന്‍, കറ്റാര്‍വാഴ ജെല്‍ ഇതൊക്കെയാണ് സി എം എസ് കോളെജില്‍ ഈ അണുനാശിനി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്.

ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തന്നെയാണ് സാനിറ്റൈസര്‍ വിതരണം ചെയ്തത്.

സിഎംഎസിലെ രസതന്ത്രം വകുപ്പ് മേധാവി പ്രൊഫ. അജിത ചാണ്ടി, പ്രൊഫ.ഷിനു പീറ്റര്‍, ഡോ. ബെസി വര്‍ക്കി, ഡോ.സുനീഷ് കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ചത്.

ഡിപ്പാര്‍ട്ട്മെന്‍റിലെ മറ്റു അധ്യാപകരും നോണ്‍ ടീച്ചിങ് സ്റ്റാഫും പിജി വിദ്യാര്‍ത്ഥികളുമൊക്കെയായി 20 പേരടങ്ങുന്ന സംഘമായിരുന്നു ഈ ദൗത്യത്തിന് പിന്നില്‍.

പ്രൊഫ.അജിത ചാണ്ടി, പ്രൊഫ.ഷിനു പീറ്റര്‍, ഡോ.ബെസി, ഡോ.സുനീഷ് എന്നിവര്‍

50 മില്ലി അളവില്‍ ബോട്ടിലുകളിലാക്കി 30 രൂപയ്ക്കാണ് കോളെജില്‍ നിന്നും ആവശ്യക്കാരിലേക്കെത്തിച്ചത്. കോളെജിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി.

കൂടാതെ, കലക്റ്ററേറ്റ്, പൊലീസ് സ്റ്റേഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, കൃഷി ഭവന്‍, ഡിഡി ഓഫീസ്, ട്രഷറി, പ്രസ് ക്ലബ്, പൊലീസ് ട്രെയ്നിങ് ക്യാംപ്, സമീപത്തെ സ്കൂളുകള്‍ എന്നിവിടങ്ങളിലൊക്കെ ഹാന്‍ഡ് സാനിറ്റൈസര്‍ എത്തിച്ചിരുന്നു.


ഇതുകൂടി വായിക്കാം: ഹാന്‍ഡ് സാനിറ്റൈസര്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം


ആദ്യമായിട്ടല്ല ഫാര്‍മസ്യൂട്ടിക്കല്‍ കോളെജിലുള്ളവര്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. നേരത്തെ സാര്‍സ്, പക്ഷിപ്പനി, പ്രളയമൊക്കെയുണ്ടായ സമയങ്ങളിലും കോളെജ് ഇങ്ങനെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു.

അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുകയാണെങ്കില്‍ സൗജന്യമായി തയ്യാറാക്കാമെന്നു രണ്ടുകോളെജുകാരും പറയുന്നു. നിര്‍മ്മാണച്ചെലവ് പരിഗണിച്ചാണ് സാനിറ്റൈസറിന് വില ഈടാക്കിയതെന്നും ഇവര്‍ പറയുന്നു.

ക്ഷാമം നേരിടുന്ന കാലത്ത് കുറഞ്ഞ ചെലവില്‍ സാനിറ്റൈസറുകള്‍ ആളുകളിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നു സിഎംഎസ് കോളെജിലെ കെമിസ്ട്രി വകുപ്പിലെ പ്രൊഫ. ഷിനു പീറ്റര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“80 രൂപ മുതല്‍ 1,000 രൂപ വരെയുള്ള സാനിറ്റൈസറുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു.

കൊവിഡ് 19 എത്തിയതോടെ പണം നല്‍കിയാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാത്ത അവസ്ഥയായി.

“അതോടെയാണ് പാഠപുസ്തകത്തിലെ രാസവാക്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സിഎംഎസിലെ രസതന്ത്രം അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങിയത്. ഒരാഴ്ച മുന്‍പാണ് സാനിറ്റൈസര്‍ ഉണ്ടാക്കാനാരംഭിച്ചത്.

സാനിറ്റൈസര്‍ നിര്‍മണത്തിനിടെ

“ഇത്രയും ദിവസം കൊണ്ട് 130 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ സാധിച്ചു. 50 എംഎല്‍ ബോട്ടിലിലാക്കിയാണ് നല്‍കിയത്.


ഇതുകൂടി വായിക്കാം:വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്‍കുന്ന മഞ്ജുവിനെ പരിചയപ്പെടാം


“അസംസ്കൃത വസ്തുക്കളുടെ വില മാത്രമേ പരിഗണിച്ചുള്ളൂ. ഒരു 50 എംല്‍ കുപ്പി സാനിറ്റൈസറിന് 30 രൂപയാണ് ഈടാക്കിയത്. വിപണിയില്‍ 90-95 രൂപയൊക്കെ കൊടുക്കണം. അമ്പതും നൂറും എണ്ണം കുപ്പികളാണ് ഒരു ടീമിന് മാത്രമായി വിതരണം ചെയ്തത്,” പ്രൊഫസര്‍ പറഞ്ഞു.

വിതരണത്തിനായി വച്ചിരിക്കുന്ന സാനിറ്റൈസറുകള്‍

ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലിസറിന്‍, ആലോവേര ജെല്‍, ലാവന്‍ഡര്‍ ഓയില്‍ ഇത്രയും സാധനങ്ങളാണ് സാനിറ്റൈസറുണ്ടാക്കുന്നതിന് വേണ്ടതെന്നു ഷിനു പറയുന്നു.

“100 എംഎല്‍ സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിന് 90 എംഎല്‍ ആല്‍ക്കഹോള്‍ വേണം. ഗ്ലിസറിനും ഹൈഡ്രജന്‍ പെറോക്സൈഡും അഞ്ച് എംഎല്‍ വീതവും രണ്ട് ടീസ്പൂണ്‍ ആലോവേര ജെല്ലും ആവശ്യമാണ്.

“ഇതൊക്കെയും കൂട്ടിയോജിപ്പിച്ച ശേഷം എസന്‍സ് ചേര്‍ക്കണം. ലാവന്‍റര്‍ ഓയിലാണ് എസന്‍സായി ഉപയോഗിച്ചത്. മൂന്നോ നാലോ തുള്ളി ചേര്‍ത്താല്‍ മതി. ഇതൊരു കുപ്പിയിലാക്കി ഉപയോഗിക്കാവുന്നതാണ്.

“കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് സാധനങ്ങളെടുക്കുന്ന കെമിക്കല്‍ സ്റ്റോറില്‍ നിന്നാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് വേണ്ട സാധനങ്ങളെടുത്തത്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ് വേണ്ടത്. എന്നാല്‍ ഇപ്പോ ആല്‍ക്കഹോള്‍ കിട്ടാനില്ല.

“അതുകണ്ടു തത്ക്കാലം നിര്‍മ്മാണം നിറുത്തി. സര്‍ക്കാരിന്‍റെയോ സന്നദ്ധ സംഘടനകളുടെയോ സഹായം ലഭിച്ചാല്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് സൗജന്യമായി വിതരണം ചെയ്യാനും കോളെജ് തയാറാണ്.”

പ്രിന്‍സിപ്പലിന്‍റെയും മാനെജ്മെന്‍റിന്‍റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമൊക്കെ പിന്തുണയോടെയാണ് ഇങ്ങനെയൊരു കാര്യം ചെയ്യാനായതെന്നും ഷിനു കൂട്ടിച്ചേര്‍ത്തു.


കൊറോണയ്ക്കെതിരെ ജാഗ്രതയോടെ ഇരിക്കാം; വായിക്കാം: 

കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ്

കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്

കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക്


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം