“അന്നത്തെ കാട് വളരെ നിശ്ശബ്ദമായിരുന്നു.
കാട്ടിലൂടെ നടക്കുമ്പോള്‍ ഏതു സമയത്തും മഴ പെയ്യുന്ന പോലെ തോന്നും… ചാറ്റല്‍ മഴ പോലെ. ഉച്ചയ്ക്കൊരു രണ്ട് മണിയൊക്കെ കഴിഞ്ഞാല്‍ പിന്നെ നല്ല തണുപ്പായിരിക്കും,” അതുപറയുമ്പോള്‍ സൈലന്‍റ് വാലിയിലെ ഫോറസ്റ്റ് വാച്ചര്‍ മാരിയുടെ ഉള്ളിലെ നഷ്ടബോധം മുഖത്തും നിഴലിട്ടിരുന്നു.
“ഇന്നിപ്പോ ആ തണുപ്പൊന്നും കാട്ടില്‍ ഇല്ല. രണ്ട് മണി നേരത്തും നല്ല ചൂടാണ്,” അദ്ദേഹം സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.
‘അന്നത്തെ കാട്’ എന്ന് അദ്ദേഹം പറയുന്നത് അത്ര പണ്ടത്തെ കാര്യമൊന്നുമല്ല.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലാണ് ഇതുപോലെ മാറിപ്പോയതെന്ന് മാരി.
അദ്ദേഹത്തിനറിയാം സൈലന്‍റ് വാലിയുടെ ചെറിയൊരു ഭാവമാറ്റം പോലും. കാരണം, പതിനാറാം വയസ്സില്‍ അച്ഛനൊപ്പം കുന്തിപ്പുഴ കടന്ന് ഈ നിശ്ശബ്ദ താഴ്വരയിലേക്ക് വന്നതാണ്.
പിന്നീട് ഈ കാട് തന്നെയായിരുന്നു വീടും.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
നാട്ടിലുള്ള സമപ്രായക്കാരില്‍ മിക്കവരെയും പോലെ മാരിയും ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. പിന്നെ കുറച്ചുനാള്‍ വെറുതേ നടന്നു, കുറച്ചുകാലം എന്തൊക്കെയോ പണിക്ക് പോയി. 16-ാമത്തെ വയസിലാണ് അച്ഛന്‍ ലച്ചിയപ്പനൊപ്പം സൈലന്‍റ് വാലിയിലെത്തുന്നത്.
“പിന്നെ സൈലന്‍റ് വാലിയിലൂടെ അച്ഛനൊപ്പം എന്നും ഞാനുമുണ്ടായിരുന്നു,” അദ്ദേഹം ആ പഴയകാലം ഓര്‍ക്കുന്നു.
അച്ഛനും വാച്ചറായിരുന്നു, താത്ക്കാലിക ജീവനക്കാരന്‍. അമ്മ കുറുമ്പി. മഡുഗ ഗോത്രക്കാരനായ ലച്ചിയപ്പന്‍ സൈലന്‍റ് വാലിയുടെ ഉള്ളറിഞ്ഞ കാട്ടറിവുകളുടെ ഒരു സര്‍വ്വവിജ്ഞാന കോശമായിരുന്നു.
ഒരുകാലത്ത് അധികമാരും കടന്നുചെല്ലാത്ത നിഗൂഢത നിറഞ്ഞ സൈലന്‍റ് വാലിയിലേക്കും അപൂര്‍വ്വമായി എത്തുന്ന ഗവേഷകരുടെയും സഞ്ചാരികളുടെയും പ്രിയങ്കരനായിരുന്നു ലച്ചിയപ്പന്‍.
“നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോ അച്ഛന്‍ മരിച്ചു. പിന്നെ അച്ഛന്‍ കാണിച്ചു തന്ന വഴികളിലൂടെ, പറഞ്ഞു തന്ന കാട്ടുവിശേഷങ്ങളൊക്കെ പറഞ്ഞു ഗവേഷകരെയും സഞ്ചാരികളെയുമൊക്കെ കാട് കാണിച്ചു കൊടുത്ത് ഞാനും കാട്ടില്‍ തന്നെ കൂടി,” എന്ന് മാരി.
വര്‍ഷങ്ങള്‍ക്കിപ്പുറവും, അച്ഛന്‍റെ പാത പിന്തുടരുകയാണ് അദ്ദേഹം; കാടിന്‍റെ കാവലായും കാമുകനായും.
അന്നത്തെ കാലാവസ്ഥയും ഇന്നത്തെ കാലാവസ്ഥയും ഒരുപാട് മാറി. ഏകദേശം രണ്ടായിരത്തിനിപ്പുറത്ത് കാലാവസ്ഥയില്‍ കുറേ മാറ്റം സംഭവിച്ചിട്ടുണ്ട്.
“കാട്ടിലേക്ക് പോകുമ്പോള്‍ നമ്മുടെ കയ്യില്‍ എപ്പോഴും വാക്കത്തിയും വടിയുമുണ്ടാകും. ഞങ്ങളുടെ ആയുധമാണിത്. പിന്നെ, എന്തെങ്കിലും വിശപ്പിന് കഴിക്കാന്‍ കൈയില്‍ കരുതും. ഇതൊക്കെ സൂക്ഷിക്കാനൊരു സഞ്ചിയും തോളിലുണ്ടാകും.
“കാട്ടിലൂടെയുള്ള യാത്രയില്‍ ഇത്രേം സാധനങ്ങളേ കൂടെയുണ്ടാകൂ,” അദ്ദേഹം കാട്ടിലേക്ക് ക്ഷണിക്കുന്നു.
“കാട്ടുതീ വരുമ്പോള്‍ ലക്ഷമണ രേഖ വരയ്ക്കുന്ന ജോലിയായിരുന്നു ആദ്യം. ഫയര്‍ലൈന്‍ ഒരുക്കല്‍ എന്നാണതിന്‍റെ പേര്. പിന്നെയാണ് അച്ഛനെപ്പോലെ വാച്ചറാകുന്നത്.
“ശരിക്കും പറഞ്ഞാല്‍ ഞാന്‍ കൂലിപ്പണിക്ക് പോയതാണ്. പിന്നീട് കാട്ടില്‍ ജോലിക്ക് താത്പ്പര്യമുള്ളവരെയൊക്കെ ജോലി നിറുത്തിയിരുന്നു. എനിക്കാണേല്‍ അച്ഛന്‍റെ കൂടെ കാട്ടില്‍ പോയി പരിചയവുമുണ്ടല്ലോ.
“അന്ന് അച്ഛനും വാച്ചറായിരുന്നല്ലോ. അങ്ങനെയൊരു പരിഗണനയും എനിക്ക് കിട്ടിയെന്നു പറയാം. എനിക്കാ ജോലി ഇഷ്ടവുമായിരുന്നു. 25 വര്‍ഷം താത്ക്കാലിക വാച്ചറായിരുന്നു. പിന്നെയാണ് ആ ജോലി സ്ഥിരമാകുന്നത്.”
മാരി 1987-ലാണ് സൈലന്‍റ് വാലിയില്‍ ദിവസവേതനത്തിന് വാച്ചറായി ജോലിക്ക് ചേരുന്നത്. 2014-ല്‍ ട്രൈബര്‍ വാച്ചര്‍മാര്‍ക്കുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടി സ്ഥിര ജോലിയിലേക്ക്. കാട് കാണാന്‍ വരുന്നവരുടെ മാത്രമല്ല ഇവിടെ വരുന്ന ഗവേഷകരുടെയും സ്ഥിരം വഴി കാട്ടിയാണിപ്പോള്‍ അദ്ദേഹം.
“ഒരുപാട് ടൂറിസ്റ്റുകളും ഗവേഷകരുമൊക്കെ വരാറുണ്ട്. അവര്‍ക്ക് കാട്ടിലൂടെ വഴികാട്ടി നടന്നുനടന്ന് ഞാനും കാടിനെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും ജീവികളെക്കുറിച്ചുമൊക്കെ പഠിച്ചു. കൂടുതലും ഗവേഷകര്‍ക്കൊപ്പമാണ് പോകുന്നത്.
“ഒരാഴ്ചയൊക്കെ നീണ്ടുനില്‍ക്കുന്ന യാത്രകളായിരിക്കും ഗവേഷകര്‍ക്ക്. അങ്ങനെ അവര്‍ക്കൊപ്പം നടക്കുമ്പോള്‍ ഓരോന്നൊക്കെ പറയുമല്ലോ. അങ്ങനെ കിട്ടുന്ന അറിവുകളൊക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കും.
“പിന്നീട് ആ ചെടിയും കായും പൂവുമൊക്കെ കാണുമ്പോ എനിക്ക് മനസിലാകും. മരങ്ങളുടെ പേരുകളും ഗവേഷകരില്‍ നിന്നാണ് അറിഞ്ഞത്. സൈലന്‍റ് വാലിയിലെ 134 ഇനം ഓര്‍ക്കിഡുകളെ തിരിച്ചറിയാം. ഇതിലേറെ കാട്ടു ഓര്‍ക്കിഡ് ഇവിടുണ്ട്. ഇതിന്‍റെയൊക്കെ കുറേ ചിത്രങ്ങളുമെടുത്തിട്ടുണ്ട്.
“ഓര്‍ക്കിഡ് മാത്രമല്ല പക്ഷികളെയും സസ്യങ്ങളെയുമൊക്കെ കണ്ടാല്‍ പേരു സഹിതം തിരിച്ചറിയാം,” മാരി പറയുന്നു.
ഒരുപാട് ഗവേഷകര്‍ക്ക് പുതിയ സസ്യങ്ങളേയും ജീവികളേയും പരിചയപ്പെടുത്തിക്കൊടുത്ത മാരി അപൂര്‍വ്വ സസ്യ-ജീവി വൈവിധ്യ സംരക്ഷണത്തിനും ഡോക്യുമെന്‍റേഷനും കാരണമായി.
സൈലന്‍റ് വാലി ഓഫിസില്‍ നിന്ന് ഉള്‍ക്കാടിലൂടെ 10 കിലോമീറ്റര്‍ നടക്കണം ഉള്‍ക്കാട്ടിലെ പീച്ചിപ്പാറയിലേക്ക്. അവിടെയാണ് മാരിയുടെ ജോലിസ്ഥലം.
“പണ്ടൊക്കെ വീട്ടില്‍ നിന്നു കാട്ടിലൂടെ നടന്നാണ് ഓഫിസിലേക്ക് വരുന്നത്. ഇപ്പോ പക്ഷേ ടൂറിസ്റ്റുകള്‍ വരുന്ന വണ്ടിയുണ്ടാകും, അതില്‍ നമ്മള്‍ക്കും കയറാം. എന്നാല്‍ കൊട്ടിയൂര്‍കുന്നിലെ വീട്ടിലേക്ക് കാട്ടിലൂടെ ഏകദേശം മുപ്പത് കിലോമീറ്ററോളം നടക്കണം.
“കാട്ടിലാണെങ്കില്‍ വീട്ടിലേക്ക് പത്ത് പതിനഞ്ച് ദിവസം കൂടുമ്പോള്‍ പോകും. എന്നിട്ട് രണ്ട് മൂന്ന് ദിവസം വീട്ടില്‍ നിന്നിട്ട് പിന്നേം തിരിച്ചുപോകും. പകലും രാത്രിയുമെല്ലാം ഡ്യൂട്ടി സ്ഥലത്താവും. 24 മണിക്കൂറും അവിടെത്തന്നെയാണ്.
“രാത്രി കാടിനകത്തുളള ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഈ യാത്രകളില്‍ മാത്രമല്ല കാട് കാണാനെത്തുന്നവര്‍ക്കൊപ്പം പോകുമ്പോഴും ആനയും കാട്ടുപോത്തുമടക്കം ധാരാളം മൃഗങ്ങളെ കാണാറുണ്ട്. കൂടുതലും ഗവേഷകരെയും കൊണ്ടുള്ള യാത്രയിലാണ്.
സഞ്ചാരികളെ ഉള്‍ക്കാടിലേക്ക് അധികം കൊണ്ടുപോകാറില്ല. മൃഗങ്ങളെയെങ്ങാനും കണ്ടാല്‍ പേടി ശബ്ദമുണ്ടാകരുത്, അങ്ങോട്ടുമിങ്ങോട്ടും ഓടരുത്. എന്‍റെ കൂടെ തന്നെ നില്‍ക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കും.”
ഇടയ്ക്കൊക്കെ ചില പേടിപ്പെടുത്തുന്ന അനുഭവങ്ങളുമുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“അതൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല,” എന്ന മുഖവുരയോടെ അദ്ദേഹം വീണ്ടും ഓര്‍മ്മകളിലേക്ക്.
“കുറച്ച് വര്‍ഷം മുന്‍പ്, അന്നെന്‍റെ കൂടെ അഞ്ചാറു ഗവേഷകരുമുണ്ട്. ഒരു ഒറ്റയാന്‍. ആനയെ കണ്ടപ്പാടെ എല്ലാവരും മരത്തിന്‍റെ മറവിലും മറ്റുമായി ഒളിച്ചു. കുറച്ചുനേരം എല്ലാവരും ഒളിച്ചിരുന്നു. ആന തിരികെ പോയെന്നു മനസിലായതോടെ എല്ലാവരും വീണ്ടും എഴുന്നേറ്റു നടന്നു. ആ നടത്തത്തില്‍ ആനയെ വീണ്ടും കണ്ടു.
ഇക്കുറി ആന അടുത്തേക്ക് വന്നപ്പോ കൂട്ടത്തില്‍ ചിലര്‍ ഓടി. ഞാനൊരു കൊച്ചു കൊക്കയിലേക്കാണ് ചാടിയത്.
“ആന വന്നു ആ കൊക്കയിലേക്ക് തുമ്പികൈയിട്ട് നോക്കി തപ്പുന്നുണ്ടായിരുന്നു. പക്ഷേ എന്നെ തൊടാനായില്ല. കുറച്ചു ആഴമുള്ള കുഴിയായിരുന്നു. അതെന്‍റെ ഭാഗ്യം.”
മറ്റൊരിക്കല്‍ കടുവയ്ക്ക് മുന്നിലാണ് പെട്ടുപോയത്.
“അന്നു ഞാന്‍ തനിച്ചായിരുന്നു. പെട്ടെന്ന് കടുവയ്ക്ക് മുന്നില്‍പ്പെട്ടു പോയതാണ്. വളരെ തൊട്ടടുത്തായിരുന്നു അത്.
“ഏതാണ്ട് പത്ത് പതിനഞ്ച് മിനിറ്റ് നേരം കടുവയും ഞാനും പമ്മിയിരുന്നു. ഞാനൊന്ന് ഇരുന്നപ്പോ കടുവയും ഇരിക്കും. ഞാനെഴുന്നേല്‍ക്കുമ്പോള്‍ കടുവയും എഴുന്നേല്‍ക്കും. അങ്ങനെ രണ്ടാളും പരസ്പരം നോക്കി നോക്കി കുറച്ചുനേരം.
“ഒടുവില്‍ ഞാനൊരു ശബ്ദം വച്ചു. ആ ശബ്ദം കേട്ടതോടെ കടുവ ഒറ്റച്ചാട്ടം. വേറൊരു വഴിക്ക് അതോടി പോയി. പക്ഷേ പിറ്റേ ദിവസം അതുവഴി വന്നപ്പോ, അവിടെയൊരു മ്ലാവിന്‍റെ അവശിഷ്ടം കിടപ്പുണ്ട്. വിശന്നിരുന്ന കടുവയെയാണ് ഞാന്‍ ഒച്ചവച്ച് ഓടിച്ചതെന്നു മനസിലായി.
“അങ്ങനെയൊരു ഒച്ചയെടുക്കാന്‍ തോന്നിയത് ഭാഗ്യമാണെന്നാ കരുതുന്നത്. ചെറുപ്പമല്ലേ അന്നതിന്‍റെ ഒരു ധൈര്യവുമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും പേടിയൊന്നുമില്ല.
“പുള്ളിപ്പുലി, കരടി, ചെന്നായ, പാമ്പുകളുമൊക്കെ ഇങ്ങനെ പേടിപ്പെടുത്ത തരത്തില്‍ മുന്നില്‍പ്പെട്ടിട്ടുണ്ട്. ഇതുപോലെ ഒന്നും ചെയ്തിട്ടൊന്നുമില്ല. പുള്ളിപ്പുലിയുടെ ഫോട്ടോയും എടുത്തിട്ടുണ്ട്.”
പക്ഷേ, ഈ അനുഭവങ്ങളൊക്കെയും മാരിയെ കാടിനോട് കൂടുതല്‍ അടുപ്പിച്ചതേയുള്ളു. അതിന് പിന്നില്‍ ഒരു പക്ഷേ, അദ്ദേഹത്തെപ്പോലെ കാടിനെ ആഴത്തില്‍ മനസ്സിലാക്കിയവര്‍ക്ക് മാത്രമറിയുന്ന ചില സത്യങ്ങളുണ്ടാവാം.
“കാട് ഒരിക്കലും ചതിക്കില്ല. മനുഷ്യരാണ് ചതിക്കുക. കാട്ടിലൂടെ ഏതു സമയത്തും നമുക്ക് സഞ്ചരിക്കാം. കാട്ടിലെവിടെയെങ്കിലും പെട്ടു പോയാല്‍ തിരിച്ച് രക്ഷപ്പെടാനുമാകും,” മാരി പറഞ്ഞു.
ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
“കാട്ടില്‍ പോകുമ്പോ പേടിക്കേണ്ട കാര്യമില്ല. നല്ല രീതിയില്‍ പോയാല്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ കാണുന്ന ആള്‍ക്കാരോടൊക്കെ കാര്യങ്ങള്‍ പറഞ്ഞ് കൊടുത്താണ് പോവുക.
“മൃഗങ്ങളെ അങ്ങോട്ട് ആക്രമിച്ചാലേ ഇങ്ങോട്ട് ആക്രമിക്കുകയുള്ളു. അല്ലെങ്കില്‍ അവ ഒന്നും ചെയ്യില്ല. ഇതെന്‍റെ അനുഭവത്തില്‍ നിന്നു പറയുന്നതാണ്,” എന്ന് മാരി.
കാടിന്‍റെ സംരക്ഷകന്‍ മാത്രമല്ല, കാടിന്‍റെ സുന്ദരമായ കാഴ്ചകള്‍ ക്യാമറയിലേക്ക് പകര്‍ത്തുകയും ചെയ്യും അദ്ദേഹം.
ചാള്‍സ് രാജകുമാരനൊപ്പം”ഫോട്ടോയെടുക്കാന്‍ ഇഷ്ടമാണ്. അല്ലാതെ ഫോട്ടോഗ്രഫി പഠിച്ചിട്ടൊന്നുമില്ല. കാമറയോടുള്ള ഇഷ്ടം കൊണ്ട് ഫോട്ടോയെടുക്കാന്‍ പഠിച്ചയാളാണ്.
ആരും ഫോട്ടോയെടുക്കാന്‍ പഠിപ്പിച്ചിട്ടൊന്നുമില്ല. ഇവിടെ ഒരു റെയ്ഞ്ച് ഓഫിസറുണ്ടായിരുന്നു. ആള് എനിക്കൊരു കാമറ തന്നു. അതിലാണ് ചിത്രങ്ങളെടുത്ത് പഠിക്കുന്നത്.
“സാധാരണ പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ഒരു ക്യാമറയായിരുന്നു. അതെനിക്ക് കിട്ടുന്നത് 2002-ലാണ്. ഫോട്ടോ എടുക്കാനിഷ്ടമാണെന്നു തിരിച്ചറിഞ്ഞു അദ്ദേഹം സമ്മാനിച്ചതാണ്.
പിന്നീട് സുരേഷ് ഇളമണ്‍ സാര്‍ (പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍) എനിക്കൊരു ക്യാമറ വാങ്ങിത്തന്നു. സുരേഷ് സാര്‍ തന്ന ക്യാമറയിലാണ് പുള്ളിപ്പുലിയുടെ ചിത്രമെടുത്തത്.
“ഇന്നും ഈ ക്യാമറയാണ് ഉപയോഗിക്കുന്നത്. മൃഗങ്ങളും പക്ഷികളും ശലഭങ്ങളും സസ്യങ്ങളുമെല്ലാം ക്യാമറയിലേക്ക് പകര്‍ത്തിയിട്ടുണ്ട്. ഈ ഫോട്ടോകളൊന്നും എന്‍റ കൈയില്‍ ഇല്ല. എടുക്കുന്ന എല്ലാ ചിത്രങ്ങളും ഓഫിസില്‍ കൊണ്ടു കൊടുക്കുകയാണ് പതിവ്.
“അതൊക്കെ ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെയൊരു പ്രദര്‍ശനം നടത്തണമെന്നാഗ്രഹമുണ്ട്. പക്ഷേ അതിനൊക്കെ വലിയ കാശ് ചെലവ് അല്ലേ. അത്രയും പണമൊന്നും എന്‍റെ കൈയില്‍ ഇല്ല,” അദ്ദേഹം പറയുന്നു.
2012-ല്‍ മുന്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ മാധവന്‍ പിള്ള അവാര്‍ഡ്, 2018-ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.വി. തമ്പിയുടെ പേരിലുള്ള പുരസ്കാരം, 2018-ല്‍ സൈലന്‍റ് വാലി ഫോറസ്റ്റ് റെയ്ന്‍ അവാര്‍ഡ് അങ്ങനെ നിരവധി അവാര്‍ഡുകള്‍ മാരിയെത്തേടിയെത്തി. ഏറ്റവും ഒടുവിലായി 2019-ല്‍ സൈലന്‍റ് വാലിയിലെ ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് പുരസ്കാരവും.
2013-ല്‍ കേരളം സന്ദര്‍ശിക്കാനെത്തിയ ചാള്‍സ് രാജകുമാരനെ സന്ദര്‍ശിച്ചിട്ടുമുണ്ട് മാരി. “വാഴച്ചാലില്‍ വച്ചാണ് ചാള്‍സ് രാജകുമാരനെ കണ്ടത്. കാണുക മാത്രമല്ല സംസാരിക്കുകയും ചെയ്തു.
“മാധവന്‍പിള്ള ഫൗണ്ടേഷന്‍ പുരസ്കാരമൊക്കെ സ്വീകരിച്ച ശേഷം അതിരപ്പിള്ളിയില്‍ വന്നു. അവിടെ വച്ച് ബാലന്‍ സാറാണ് ഇങ്ങനെയൊരാള്‍ വരുന്നുണ്ട് എന്നു പറയുന്നത്. അങ്ങനെ കാണാന്‍ പോയതാണ്. അദ്ദേഹം ഇംഗ്ലിഷിലും ഞാന്‍ മലയാളത്തിലുമാണ് സംസാരിച്ചത്. ഞാന്‍ പറഞ്ഞതൊക്കെ കൂടെയുള്ള ആരോ അദ്ദേഹത്തിന് ഇംഗ്ലീഷിലാക്കി പറഞ്ഞു കൊടുത്തു.”
പുഷ്പയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പത്താം ക്ലാസുകാരന്‍ മിഥുന്‍, ഏഴാം ക്ലാസില്‍ പഠിക്കുന്ന ലക്ഷ്മണന്‍, രണ്ടാം ക്ലാസ് വിദ്യാര്‍ഥി ശ്രീരാഗ്.
“ഇവര്‍ക്കൊക്കെ കാട് ഇഷ്ടമാണ്. പക്ഷേ സൈലന്‍റ് വാലി കാണാന്‍ വന്നിട്ടും ഇവര്‍ക്ക് കാട്ടിലെ മൃഗങ്ങളെ അടുത്തു കാണാന്‍ ഭാഗ്യം കിട്ടിയിട്ടില്ല. കാട് എനിക്ക് ജീവനാണ്, ജീവിതമാണ്. കുട്ടികളല്ലേ അവര്‍ക്കൊന്നും കാടിനോട് അത്ര വലിയ ഗൗരവമില്ല,” അദ്ദേഹം പെട്ടെന്നുതന്നെ വീട്ടുകാര്യങ്ങളില്‍ നിന്ന് കാട്ടിലേക്ക് തിരിച്ചുകയറി.
“മഴക്കാലത്ത് കാടിനെ കാണാന്‍ നല്ല ഭംഗിയാണ്. പുല്‍മേടുകളും പച്ചപ്പ് നിറഞ്ഞിരിക്കും. പക്ഷേ വേനല്‍ക്കാലമായാല്‍ പുല്‍മേടുകള്‍ കരിഞ്ഞു നില്‍ക്കുന്നത് കാണാം. ഈ കാടുതന്നെയാണ് എന്‍റെ ജീവിതം.”
ഇതുകൂടി വായിക്കാം:അറിയാത്ത പക്ഷികളില്ല, ജീവികളില്ല, കാട്ടുവഴികളുമില്ല: ഇംഗ്ലീഷറിയാത്ത പത്താംക്ലാസ്സുകാരിയെ ലോകമറിയുന്ന ഫോറസ്റ്റ് ഗൈഡാക്കി മാറ്റിയ 30 വര്‍ഷങ്ങള്‍
ഫോട്ടോ: ഫേസ്ബുക്ക്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.