കോവിഡ്-19 ഭീതി വിതയ്ക്കാൻ തുടങ്ങുന്ന സമയം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ ഒരു ഇന്‍റെര്‍സ്റ്റേറ്റ് വണ്ടി വന്നുനിന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികളും വിദേശികളുമൊക്കെ അടങ്ങുന്ന യാത്രക്കാർ…
റെയിൽവേ സ്റ്റേഷന്‍റെ കവാടത്തിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം ഒരു കൂട്ടം പോലീസുകാരുണ്ട്. അവരുടെ പ്രധാന ചുമതല, ഈ വരുന്ന യാത്രക്കാരെയെല്ലാം പരിശോധിക്കണം. ടെമ്പറേച്ചറിൽ വ്യതിയാനം ഉണ്ടെങ്കിൽ, അതു പോലെ , രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി അവരെയെല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റണം.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com
യാത്രക്കാരില്‍ ചിലർ സഹകരിക്കുന്നുണ്ട്. മറ്റു ചിലർ അവരോട് പാടെ നിസ്സഹകരിക്കുന്നു.
പോലീസിനോട് സഹകരിക്കാത്തവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ചിലരെയെല്ലാം ബോഗികളിൽ നിന്ന് ബലം പിടിച്ചു ഇറക്കി പരിശോധിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് സബ് ഇൻസ്പെക്ടർ ആയ സൈമൺ കുര്യൻ*** ദ് ബെറ്റർ ഇന്‍ഡ്യയോട് പറയുന്നു.
“ഇത് ലോക്ക് ഡൗണിനു മുൻപുള്ള സമയമാണ്. ആർക്കൊക്കെ കോവിഡ് – 19 ഉണ്ടെന്ന് അനുമാനിക്കാൻ പോലും പറ്റാത്ത സന്ദർഭം. അതിപ്പോഴും തുടരുന്നുണ്ട്. ഞങ്ങൾ ഒരു സാധാരണ മാസ്ക് ആണ് ധരിച്ചിരുന്നത്. കയ്യിൽ ഒരു ‘ടെമ്പറേച്ചർ ഗൺ’ കാണും. ഒരു ട്രെയിൻ ഒന്നുമല്ലല്ലോ പരിശോധിക്കേണ്ടത്. ആയിരകണക്കിന് യാത്രക്കാർ ഇടതടവില്ലാതെ വന്നിറങ്ങുന്ന റെയിൽവേ സ്റ്റേഷൻ, ബോട്ട് ജെട്ടി, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകൾ…”
എത്രയൊക്കെ മുൻകരുതലുകൾ എടുത്തു എന്ന് പറഞ്ഞാലും ഒരു തുമ്മലോ സ്പർശനമോ മതിയല്ലോ… അത്ര അടുത്ത് നിന്നല്ലേ പരിശോധിക്കേണ്ടി വരുന്നതെന്ന് ആ പൊലീസ് ഓഫീസര്‍ ചോദിക്കുമ്പോള്‍ നമ്മള്‍ അവര്‍ എത്രമാത്രം റിസ്കെടുത്താണ് ജോലി ചെയ്യുന്നതെന്ന് ഓര്‍ത്തുപോവും.
ഇതെല്ലാം ഈ കൊറോണക്കാലത്ത് പൊലീസിന്‍റെ ഡ്യൂട്ടികളില്‍ ചിലതുമാത്രം. ചുമതലകളില്‍ കുറവില്ലെങ്കിലും അതെല്ലാം നടത്തിയെടുക്കാനുള്ള അംഗബലം നന്നേ കുറവും.
പക്ഷെ, ഒന്ന് പിഴച്ചാൽ ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക, അത് ഈ വ്യാധിയെ പിടിച്ചു നിറുത്തുന്നതിനുള്ള സംസ്ഥാനത്തിന്‍റെ എല്ലാ ശ്രമങ്ങളെയും പാഴാക്കിക്കളയും എന്ന ശ്രദ്ധയോടു കൂടി തന്നെയാണ്, ക്ഷീണവും തളർച്ചയും മാറ്റി വെച്ച് ഓരോ പോലീസുകാരനും ഇന്ന് ജാഗ്രതയോടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതെന്ന് സൈമൺ.
ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് മുതൽ മെഡിക്കൽ ലീവിൽ പോയവരെ ഒഴികെ ബാക്കിയെല്ലാവരെയും സർക്കാർ ഡ്യൂട്ടിക്കായി തിരിച്ചു വിളിച്ചു.
അന്ന് മുതൽ അവധി പോലും ഇല്ലാതെയാണ് അവര്‍ ജോലി ചെയ്യുന്നത്.
“അതിൽ ഞങ്ങൾക്ക് യാതൊരു പരാതിയുമില്ല. അടച്ചു പൂട്ടലോടു കൂടി ഞങ്ങളുടെ കണ്ണും കാതും എത്തേണ്ടാത്ത സ്ഥലങ്ങൾ വളരെ കുറവാണെന്ന് തന്നെ പറയാം,” അദ്ദേഹം പറയുന്നു.
ജനങ്ങൾക്ക് മരുന്ന്, അരി തുടങ്ങിയ ആവശ്യ സാധനങ്ങൾ ലഭ്യമാക്കുക, വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിരോധനാജ്ഞ പാലിക്കണമെന്നും മനസിലാകാതെ ആളുകൾ ഇപ്പോഴും നിരത്തിലുണ്ട്. അവരെ പറഞ്ഞു ബോധ്യപ്പെടുത്തി വീടുകളിലേയ്ക്ക് തിരിച്ചു വിടുക. പിന്നെയും ആവർത്തിക്കുകയാണെങ്കിൽ അവർക്കെതിരെ കേസ് എടുക്കുക,
ഹോം ക്വാറന്‍റൈന്‍ തെറ്റിച്ചവരെ ആശുപത്രികളിലേയ്ക്ക് മാറ്റുക. അവശ്യ സാധനങ്ങളുടെ കടകൾ ഒഴികെ മറ്റൊന്നും തുറക്കുന്നില്ലെന്നു ഉറപ്പു വരുത്തുക, ഇതിനിടയിലായിരിക്കും പല പഞ്ചായത്തുകളിലും കോവിഡ് – 19 നെ സംബന്ധിച്ച മീറ്റിംഗുകൾ വിളിച്ചു കൂട്ടുന്നത്. അതിൽ മുടങ്ങാതെ പങ്കെടുക്കുക, നിരോധനാജ്ഞ ലംഘിച്ചു വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുക…അങ്ങനെ നീണ്ടു പോകുന്നു പൊലീസിന്‍റെ ചുമതലകളുടെ പട്ടിക.
“ഈ സമയത്ത് നമുക്ക് വീട്ടിലെ ഒരു കാര്യവും നോക്കാൻ കഴിയാത്ത അവസ്ഥ. കുഞ്ഞിന് ഒരസുഖം വന്നാൽ ഭാര്യയെയോ മറ്റു കുടുംബാംഗങ്ങളെയോ കാര്യങ്ങൾ ഏൽപ്പിക്കാതെ വേറെ നിവൃത്തിയില്ല.
“കൂടാതെ, വീട്ടുകാർക്ക് ഇരട്ടി പണിയാണ്. വേഷമൊക്കെ മാറ്റി അണുവിമുക്തമാക്കിയാണ് വീട്ടിലേയ്ക്ക് കയറുന്നതെങ്കിലും ഉള്ളിൽ എപ്പോഴും ഒരു ചെറിയ ആധിയുണ്ട്. അതിനാൽ ഞാൻ തൊടുന്ന എല്ലാ സ്ഥലങ്ങളും വീട്ടുകാർക്ക് ഒരുപാട് പ്രാവശ്യം വൃത്തിയാക്കേണ്ട സ്ഥിതിയാണ്,” സൈമൺ പറയുന്നു.
‘കൊറോണ ഡ്യൂട്ടി’ക്ക് പുറമെ മറ്റ് സ്ഥിരം പൊലീസ് ഡ്യൂട്ടികളും ഇപ്പോഴുമുണ്ട്.
” ജാഥകളോ പിക്കറ്റിങ്ങോ ഒന്നുമില്ല എന്നുള്ളത് വാസ്തവം തന്നെ. പക്ഷെ, ബാക്കിയുള്ള കേസുകളൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. ഇത്രയും പ്രശ്നങ്ങൾക്ക് നടുവിലും ഗാർഹിക പീഡനങ്ങളും, പോക്സോ കേസുകളുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ ഒരു കേസ് കിട്ടിയാൽ പൊലീസിന് നടപടി എടുക്കണം.
“ഈയിടെ ഒരു സ്കൂട്ടർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചിരുന്നു. ഈ മഹാമാരിയുടെ ഇടയിൽ അതൊക്കെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നേ ഉള്ളൂ. ഞങ്ങൾക്ക് അത്തരം കേസുകൾ ഇതിനിടയിലും കൊണ്ട് പോയേ പറ്റൂ.”
നിരത്തുകൾ ഏറെക്കുറെ കാലിയായ സമയത്താണ് റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ എത്രയുണ്ട് എന്ന വ്യക്തമായ ധാരണ കിട്ടുന്നതെന്ന് സൈമൺ.
“അവരെയെല്ലാം ഒരു തദ്ദേശസ്ഥാപനത്തിന് കീഴിലുള്ള ഒരു സ്കൂളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ അമ്പത് ശതമാനത്തോളം ‘ക്രിമിനൽ മൈൻഡ്’ ഉള്ളവരായിരിക്കും. അവരുടെ മേൽനോട്ടവും വലിയ ബുദ്ധിമുട്ടുള്ള പണിയാണ്.”
കൂടാതെ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു പെട്ട് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ കഴിയുന്നവരുണ്ട്.
“ഒറീസ്സയിൽ നിന്ന് വിജയവാഡയിലേയ്ക്ക് പോകുന്ന ഒരു അച്ഛനും അമ്മയും അവരുടെ നാല് വയസ്സായ മകനും. തള്ളുവണ്ടിയിൽ പച്ചക്കറി വിറ്റു ഉപജീവനം കണ്ടെത്തുന്നവരാണ് അവർ. ആരോ പറഞ്ഞു ട്രെയിൻ കയറി. ഞങ്ങൾ കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്. മുൻപാണെങ്കിൽ അവരെ ഏതെങ്കിലും ശരണാലയത്തിൽ ആക്കുന്നതിനു അത്ര ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. എന്നാലിപ്പോൾ സ്ഥിതിയാകെ മാറി. കോവിഡ് – 19 ഭീതിയെ തുടർന്ന് ആരും ഇവരെ എടുക്കാൻ തയ്യാറാകുന്നില്ല,” ആ പൊലീസ് ഉദ്യോഗസ്ഥന്‍ അവരുടെ ധര്‍മ്മസങ്കടം വിവരിക്കുന്നു.
“വേറെ ഒരു വഴിയും ഇല്ലാതെ, ഒരു ലോഡ്ജിൽ ഇവരെ പാർപ്പിച്ചിരിക്കുകയാണ്. ലോഡ്ജ് ഉടമ ആദ്യമൊക്കെ എതിർത്തു. പക്ഷെ ഞങ്ങൾക്ക് കർശനമായി പറയേണ്ടി വന്നു. അതെ ലോഡ്ജിൽ ഇത് പോലെയുള്ള മൂന്ന് കുടുംബങ്ങളെ കൂടി പാർപ്പിച്ചിട്ടുണ്ട്.”
അതുപോലെ തന്നെയാണ് അതിഥി തൊഴിലാളികളുടെ കാര്യവുമെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ സതീഷ് കുമാർ***.
“എല്ലാവരോടും വീട്ടിലിരിക്കാനുള്ള ആഹ്വാനം അതിഥി തൊഴിലാളികലെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്. ഒരു സംഭവം പറയാം…
“എറണാകുളം ജില്ലയിൽ 56 അതിഥി തൊഴിലാളികൾ തിങ്ങിപാർക്കുന്ന പാർക്കുന്ന ഒരിടം. ഞാനും എന്‍റെ സഹപ്രവർത്തകരായ മറ്റു പൊലീസുകാരും അവിടെ ചെല്ലുമ്പോൾ അവരുടെ ഇടയിൽ ഒരു ചെറിയ തർക്കം നടന്നു കൊണ്ടിരിക്കുന്നു.
” കോവിഡ് – 19 പടര്‍ന്നതോടെ നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി ഇവരെ പണിക്കായി കൊണ്ടുവന്ന തൊഴിലുടമ, യാതൊരു സഹായങ്ങളും അപ്പോൾ കൊടുക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞു മാറി നിൽക്കുന്നു. ആ ഇതര സംസ്ഥാന തൊഴിലാളികൾ ഒരു നേരത്തിന്‍റെ ആഹാരത്തിനായി പാടുപെടുകയാണ്.”
സതീഷും സഹപ്രവർത്തകരും എത്ര പറഞ്ഞിട്ടും, അവരെ സഹായിക്കാൻ തൊഴിലുടമ തയ്യാറായില്ല. എല്ലാ പണികളും നിറുത്തി വെച്ചിരിക്കുന്നതിനാൽ, ഇത്ര പേർക്ക് ഭക്ഷണം കൊടുക്കാൻ തന്നെ കൊണ്ട് സാധിക്കുകയില്ല എന്നാണ് അയാൾ പറയുന്ന കാരണം.
“ആ ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ നന്നേ കഷ്ടമാണ്. ഒരു ചെറിയ മൂന്ന് നില കെട്ടിടത്തിലാണ് അത്രയും പേര്‍ താമസിക്കുന്നത്. അതിൽ വളരെ ഇടുങ്ങിയ മുറികൾ. ഓരോന്നിലും ആളുകൾ തിങ്ങി തന്നെയാണ് പാർക്കുന്നത്. ഓരോരുത്തരുടെയും കയ്യിൽ നിന്ന് മാസ വാടകയായി ആയിരം രൂപയാണ് തൊഴിലുടമ വാങ്ങിക്കുന്നത്. അങ്ങനെ വരുമ്പോൾ ഏകദേശം അമ്പത്തിയാറായിരം രൂപ വാടകയിനത്തിൽ അയാൾക്ക് കിട്ടും.
“വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ചെലവൊഴിച്ചാൽ അയാൾക്ക് ആ കെട്ടിടത്തിന്‍റെ അറ്റകുറ്റപണികളുടെ ഇനത്തിൽ ഒരു വക ചെലവാക്കേണ്ട ആവശ്യമില്ല. അയാളൊന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഒരു നേരത്തെയെങ്കിലും ആഹാരം അവർക്ക് കൊടുക്കാമായിരുന്നു. എല്ലാക്കാലം എന്നല്ല, തൽക്കാലത്തേക്കെങ്കി
“കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങുന്നതിനു മുൻപാണ്. ഒരുപാട് പേരെ ഞങ്ങൾ സഹായം അഭ്യർത്ഥിച്ചു കൊണ്ട് വിളിച്ചു. എല്ലാ ശ്രമങ്ങൾക്കും ഒടുവിൽ, ഒരു പഞ്ചായത്ത് മെമ്പർ അവർക്ക് ഒരു നേരത്തിനുള്ള ആഹാരത്തിനുള്ള അരി എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു കൊണ്ട് വന്നുകൊടുത്തു…ഒരു തൽക്കാല ആശ്വാസം.”
ആ സമയത്ത് എന്താണോ ചെയ്യാൻ കഴിയുമായിരുന്നത്, അത് ചെയ്തു എന്ന ഒരു സംതൃപ്തി ഉണ്ട്, എന്ന് ആ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
പന്ത്രണ്ടു മണിക്കൂർ വരെ ഇടതടവില്ലാതെ നടുറോഡിൽ കനത്ത ചൂടിൽ പണിയെടുക്കുന്നവരാണ് ഈ പൊലീസുകാരിലും മിക്കവരും.
കഴിഞ്ഞ ദിവസം മൂന്നു ഹോട്ടലുകൾ അടപ്പിക്കേണ്ടി വന്നു എന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയ ശിവാനന്ദൻ***.
“നിരോധനാജ്ഞ സമയത്ത് ഹോട്ടലുകൾ തുറക്കരുതെന്ന് ഉണ്ട് . ഹോട്ടൽ തുറക്കുന്നതിനു പകരം, അവർ അതിലുള്ള മേശകളും കസേരകളുമെല്ലാം പുറത്തിട്ടു, ആഹാരം ആളുകൾ കൊടുക്കുകയായിരുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും ആളുകൾക്ക് മനസിലാകുന്നില്ല എന്ന് പറയുന്നത് തന്നെ വലിയ സങ്കടമുള്ള കാര്യമാണ്. ആദ്യം ഞങ്ങൾ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും. പിന്നെയും ആവർത്തിക്കുകയാണെങ്കിൽ അവർക്കെതിരെ കേസ് എടുക്കാതെ നിവൃത്തിയില്ല.”
ഇത്രയൊക്കെ നടപടി എടുത്തിട്ടും പൊലീസ് വിമർശനങ്ങൾ നേരിടുകയാണല്ലോ. പ്രത്യേകിച്ച് നിരോധനാജ്ഞ ലംഘിക്കുന്നവരെ വളഞ്ഞിട്ടടിക്കുന്ന കാര്യത്തിൽ എന്ന് ചോദിച്ചപ്പോൾ സതീഷ് പറഞ്ഞു.
ഇത്രയൊക്കെ ആയിട്ടും പലര്‍ക്കും ഇതിന്‍റെ ഗൗരവം മനസിലായിട്ടില്ല.
“അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് പറഞ്ഞിട്ടും ഓരോ മുട്ടൻ ന്യായങ്ങളും പറഞ്ഞു വരുന്നവരെ എങ്ങനെയാണ് നേരിടേണ്ടത്?” അദ്ദേഹം ചോദിക്കുന്നു.
“കുറച്ചു ദിവസം മുൻപ് തട്ടാംപടിയിൽ വെച്ച് ബൈക്കിൽ വന്ന ഒരുത്തനെ ഞങ്ങൾ തടഞ്ഞു. എവിടേയ്ക്ക് പോവുകയാണെന്ന് ചോദിച്ചപ്പോൾ വെളിച്ചെണ്ണ വാങ്ങിക്കാനാണെന്നുത്തരം.
“വെളിച്ചെണ്ണ അവശ്യ സാധനങ്ങളിൽ വരില്ലേ എന്ന് ചോദിച്ചാൽ ‘വരും’. പക്ഷെ അയാൾ വരുന്ന സ്ഥലത്തിനും തട്ടാംപടിക്കും ഇടയിൽ വെളിച്ചെണ്ണ ആട്ടുന്ന സ്ഥലവും ഒരു സൂപ്പർ മാർക്കറ്റും ഉണ്ട്. അയാൾ അവിടെ നിന്നൊന്നും വാങ്ങിച്ചില്ല. ഇപ്പോഴും ആളുകൾ ഒന്നും കൂസാതെ, അവരുടെ കൗതുകം തീർക്കുന്നതിന് വേണ്ടി ഇറങ്ങി പുറപ്പെടുന്നുണ്ട്.”
സൈമൺ മറ്റൊരു സംഭവം പങ്കുവെച്ചു.
“രണ്ടു ദിവസം മുൻപ് ഒരു മാധ്യമ പ്രവർത്തകനെ തടഞ്ഞു നിർത്തേണ്ടതായി വന്നു. അയാൾ സൈക്കിളിൽ ആയിരുന്നു ഒരു ഐഡി കഴുത്തിൽ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് അതത്ര വ്യക്തമായിരുന്നില്ല, ഐഡി വെരിഫൈ ചെയ്തതിനു ശേഷമേ ആരെയും കടത്തി വിടാവൂ എന്ന കർശന നിർദ്ദേശം ഞങ്ങൾക്കുണ്ട്.
“അതനുസരിച്ചാണ് ഞങ്ങൾ അയാളെ തടഞ്ഞത്. അത് അയാളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. പിന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടി വന്നു. ഞങ്ങളും ജനങ്ങളിൽ നിന്ന് കുറച്ചൊക്കെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. അത് ഒരു തെറ്റല്ല എന്നാണ് ഞങ്ങളുടെ വിശ്വാസം.”
എന്നാൽ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ല എന്നല്ല, ചെവി കൊടുക്കാതിരിക്കുകയാണ് ഈ അവസരത്തിൽ ഞങ്ങൾക്കും മറ്റെല്ലാവർക്കും നല്ലതെന്ന അവർ ഒരേ സ്വരത്തിൽ പറയുന്നു.
“ഇത്രയൊക്കെ ചെയ്തിട്ടും ഒരു സ്ത്രീ സമൂഹ മാധ്യമത്തിലെഴുതി പൊലീസുകാരില്‍ പകുതി പേരെങ്കിലും കൊറോണ ബാധിച്ചു മരിച്ചിരുന്നുവെങ്കിൽ അതൊരാശ്വാസമായേനെ എന്ന്. ഇതിനൊക്കെ എന്ത് മറുപടി കൊടുക്കാനാ. അതിനുള്ള സമയമൊന്നുമല്ല ഇത്.
“ഒരുപാട് ജീവനുകളിലാണ് തുലാസിൽ. ഇത്രയൊക്കെ വിമർശനങ്ങൾക്കു നടുവിലും ഞങ്ങളുടെ മനസ്സും സദുദ്ദേശ്യവും കാണുന്ന, പരിഗണിക്കുന്ന ഒട്ടനവധി പേർ ഈ നാട്ടിൽ ഉണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ അടിയുറച്ച വിശ്വാസം.”
*** പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ കൊടുക്കാൻ കഴിയാത്തതിനാൽ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല.
- കൊറോണക്കാലത്തെ നന്മയുടെ മുഖങ്ങളെ അടുത്തറിയാം
- കോവിഡ്-19 പ്രതിരോധം അറിയേണ്ട ചില കാര്യങ്ങള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.