“വിഷ്ണു സാറിനെയും ആന്‍റണി സാറിനെയും ഒരിക്കലും മറക്കില്ല… നിസ്ക്കരിക്കുമ്പോ ഞാന്‍ ഇവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്,” നിറഞ്ഞ കണ്ണുകളോടെ ജസീല ഇതു പറയുമ്പോള്‍ അവരുടെ നാലുവയസ്സുകാരി മകള്‍ ചേട്ടനൊപ്പം കുസൃതിത്തരങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
കുഞ്ഞുമോളുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനകളോടെ ജീവിക്കുകയാണ് അവളുടെ ഉമ്മ ജസീലയും വാപ്പ ബാബുവും.
നാലുവയസുകാരിയായ ഈ കുസൃതിക്കുരുന്നിനെയും അവളുടെ ഉമ്മയെയും വാപ്പയെയുമൊക്കെക്കുറിച്ച് പറഞ്ഞു തുടങ്ങും മുന്‍പേ വിഷ്ണുവിനെയും ആന്‍റണിയെയും പരിചയപ്പെടണം.
ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ ചെയ്ത നന്മയ്ക്കാണ് ജസീല അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയിലൂടെ നന്ദി പറയുന്നത്.
ആലപ്പുഴ കാട്ടൂര്‍ സ്വദേശികളാണ് വിഷ്ണുവും ആന്‍റണി രതീഷും. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍. കുറച്ചുകാലം എ ആര്‍ ക്യാംപില്‍ ഇവരൊന്നിച്ചായിരുന്നു. അങ്ങനെ സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
ആന്‍റണി പറഞ്ഞതനുസരിച്ച് വിഷ്ണുവാണ് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നും ആ കുഞ്ഞിനുള്ള മരുന്നു വാങ്ങി 150 കിലോമീറ്റര്‍ ദൂരം ബൈക്കോടിച്ചുചെന്ന് അതെത്തിച്ചുകൊടുത്തത്.
രണ്ടാഴ്ചയിലേറെയായി ഈ സംഭവം നടന്നിട്ട്. ഇരുവരും ആരോടും പറയാതെ ചെയ്ത പ്രവര്‍ത്തി ഇവരുടെ കൂട്ടുകാരാണ് സോഷ്യല്‍ മീഡിയയിലൂടെ നാടിനെ അറിയിക്കുന്നത്.
അര്‍ബുദം ബാധിച്ച ഈ കുഞ്ഞുമോള്‍ക്ക് വേണ്ടി ചെയ്തതല്ലേ, ഇതൊന്നും ആരെയും അറിയിക്കാനഗ്രഹമില്ലായിരുന്നുവെന്നാണ് ഈ കൂട്ടുകാര്‍ക്ക് പറയുന്നത്.
“ആന്‍റണിയാണ് എന്നെ വിളിച്ച് തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്നു മരുന്നു വാങ്ങുന്ന കാര്യത്തെക്കുറിച്ച് പറയുന്നത്,” വിഷ്ണു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ആന്‍റണി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാരനാണ്. ഞാനും പഴയൊരു പൊലീസുകാരനാണ്. എട്ട് വര്‍ഷം പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് പൊലീസ് ഉദ്യോഗം രാജിവച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സാര്‍ജന്‍റ് ആകുന്നത്.
“തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നതെന്നറിയാവുന്നതു കൊണ്ടാണ് ആന്‍റണി മരുന്നു വാങ്ങുന്നതിന് എന്നെ വിളിക്കുന്നത്. ആന്‍റണി വിളിക്കുമ്പോ ഞാന്‍ വീട്ടിലുണ്ട്.
“ഡ്യൂട്ടി കഴിഞ്ഞ് ലീവിന് വന്നിരിക്കുകയാണ്. ആ ദിവസം തന്നെ മടങ്ങിപ്പോകുകയും ചെയ്യും. ലോക്ക് ഡൗണ്‍ ആണെങ്കിലും ഡ്യൂട്ടിയുണ്ട്. ലോക്ക് ഡൗണ്‍ അല്ലേ, വീട്ടില്‍ നിന്ന് ബൈക്കിലാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.
“മരുന്ന് വാങ്ങിക്കുന്ന കാര്യം ആന്‍റണി പറഞ്ഞിരുന്നു, തിരുവനന്തപുരത്തേക്ക് പോകുന്ന വഴിക്ക് സ്റ്റേഷനില്‍ കയറണം, മരുന്നിന്‍റെ ചീട്ട് തരാമെന്നു പറഞ്ഞത് അനുസരിച്ചാണ് സ്റ്റേഷനിലേക്ക് പോയത്.
“സ്റ്റേഷനില്‍ ചെന്നപ്പോ ആന്‍റണി മരുന്നിന്‍റെ കുറിപ്പും കുട്ടിയെക്കുറിച്ചുമൊക്കെ പറഞ്ഞു. അത്യാവശ്യമാണ്. കുട്ടിക്ക് നിത്യേന കഴിക്കേണ്ട മരുന്നാണ്. തീരാന്‍ പാടില്ല, ഇവിടൊക്കെ അന്വേഷിച്ചിട്ട് കിട്ടിയില്ലെന്നും പറഞ്ഞു. 29-നാണ് മരുന്ന് ചീട്ട് തരുന്നത്. ഒരു ദിവസത്തേക്കും കൂടിയേ കുട്ടിക്ക് മരുന്നുള്ളൂ.
“പക്ഷേ ഡ്യൂട്ടിക്ക് പോയാല്‍ പിന്നെ ഒരാഴ്ചയൊക്കെ കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങുന്നത്. നൈറ്റ് ഡ്യൂട്ടിയുമാണ്. ഇന്നു രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിട്ട് മരുന്നു തരാന്‍ നാളെ എങ്ങനെ ഇങ്ങോട് വരും, ഡ്യൂട്ടിയുണ്ട്, ലോക്ക് ഡൗണ്‍ ആണ്.
“ഇതൊക്കെ കേട്ടപ്പോ ആന്‍റണി പറഞ്ഞു, കൊല്ലം വരെയെങ്കിലും മരുന്ന് എത്തിക്ക്, അവിടുന്ന് ഞാന്‍ വന്ന് വാങ്ങിക്കൊള്ളാമെന്ന്,” വിഷ്ണു പറഞ്ഞു.
“ആ കുട്ടിയെ എനിക്ക് മുന്‍പരിചയമൊന്നുമില്ല,” ആന്‍റണി രതീഷ് പറയുന്നു.
“മലപ്പുറത്ത് നിന്ന് എന്‍റെയൊരു പൊലീസ് സുഹൃത്ത് വിളിച്ചാണ് ആദ്യമായി ആ കുട്ടിയെക്കുറിച്ച് പറയുന്നത്. മലപ്പുറത്ത് കാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കുട്ടിയുടെ ചിത്രസഹിതം ഗാനമേള നടത്തി പണം പിരിക്കുന്നുണ്ട്, കുട്ടി ആലപ്പുഴക്കാരിയാണ്… സംഭവം യാഥാര്‍ഥ്യമാണോ എന്നറിയാനാണ് വിളിച്ചിരിക്കുന്നത്.
“അതേക്കുറിച്ച് അന്വേഷിച്ചപ്പോ സംഭവം സത്യമാണ്. വീട്ടുകാരുടെ സമ്മതത്തോടെയാണ് പാരിപാടി നടത്തിയതും പണം പിരിക്കുന്നതുമെന്നും മനസിലായി.
“പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ മാര്‍ച്ച് 28-ന് കുട്ടിയുടെ ഉമ്മ എന്നെ വിളിക്കുന്നത്. മോള്‍ക്ക് 30-ന് കീമോതെറാപ്പിയുണ്ടായിരുന്നു. പക്ഷേ പോകാന്‍ പറ്റില്ല.
“മരുന്നു തീര്‍ന്നു. തിരുവനന്തപുരം വരെ പോയി വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലല്ലോ. മരുന്നു വാങ്ങാനുള്ള കാശുമില്ല, വണ്ടിയുമില്ലെന്നൊക്കെ പറഞ്ഞു.
ഇതുകൂടി വായിക്കാം:പനിയോ ചുമയോ ഉണ്ടെങ്കില്‍ കോവിഡ്-19 ടെസ്റ്റ് ചെയ്യണോ? ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് ഇതാണ്
“അവരില്‍ നിന്നു മരുന്നിന്‍റെ കുറിപ്പടിയും വാങ്ങി മരുന്ന് അന്വേഷിച്ചു. പക്ഷേ, ആലപ്പുഴയില്‍ നിന്നു മരുന്നു കിട്ടിയില്ല. അങ്ങനെയാണ് ആര്‍സിസിയില്‍ നിന്നു മരുന്നു നേരിട്ട് വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്.”
അപ്പോഴാണ് ആന്‍റണി വിഷ്ണുവിനെക്കുറിച്ചോര്‍ക്കുന്നതും അതിനെക്കുറിച്ച് വിളിച്ച് സംസാരിക്കുന്നതും.
“വണ്ടാനം മെഡിക്കല്‍ കോളെജില്‍ നിന്നാണ് ആര്‍സിസിയിലേക്ക് പോകുന്നത്.” മകളുടെ അസുഖത്തെക്കുറിച്ച് ജസീല തുടരുന്നു. “മോള്‍ക്ക് ഇടയ്ക്കിടെ പനി വരുമായിരുന്നു. മെഡിക്കല്‍ കോളെജില്‍ കാണിച്ചപ്പോഴാണ് കാന്‍സറാണെന്നു അറിയുന്നത്, ബ്ലഡ് കാന്‍സറാണ്. അവിടെ നിന്നു ആര്‍സിസിയിലേക്ക് പോകാന്‍ പറഞ്ഞു.
“അതിനു സാമ്പത്തികമൊന്നും ഞങ്ങളുടെ കൈയില്‍ ഇല്ലെന്നു മനസിലാക്കി ആശുപത്രിയിലുള്ളവരൊക്കെ കൂടി പണം പിരിച്ചു തന്നു. അവര് തന്ന 10,000 രൂപയ്ക്കാണ് ആര്‍സിസിയിലേക്ക് പോകുന്നത്.”
മൂത്തമകനും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു. “കിഡ്നിക്കാണ്, പക്ഷേ കുട്ടി വളരുമ്പോ അസുഖം മാറിക്കൊള്ളുമെന്നാ ഡോക്റ്റര്‍മാര്‍ പറഞ്ഞത്…11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാ ഞങ്ങള്‍ക്ക് ഈ മക്കളെ കിട്ടിയത്.
“കഴിഞ്ഞ ജൂണില്‍ ആര്‍ സി സിയിലേക്ക് പോയതാണ്. കീമോ തെറാപ്പിയും ചികിത്സയുമൊക്കെയായി 9 മാസം അവിടെയായിരുന്നു. അതോടെ മകന്‍റെ പഠനവും മുടങ്ങി.
“അടുത്ത കീമോയ്ക്ക് മാര്‍ച്ച് 30 പോകേണ്ടതായിരുന്നു. കോവിഡ് 19 വന്നതോടെ ഇപ്പോ വരണ്ടന്നാ ഡോക്റ്റര്‍ പറഞ്ഞത്. ദിവസം നീങ്ങുന്തോറും ടെന്‍ഷനാണ്. കീമോതെറാപ്പി ചെയ്യേണ്ടതല്ലേ. അതുകൂടി കഴിഞ്ഞാല്‍ പിന്നെ മാസത്തിലുള്ള ചെക്ക് അപ്പ് മാത്രം മതിയായിരുന്നു.
“ദിവസവും കഴിക്കേണ്ട ഗുളികളാണ്. അതെങ്ങനെ വാങ്ങുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ആന്‍റണി സാറിനെ വിളിച്ചു പറയുന്നത്,” ജസീല വ്യക്തമാക്കി.
നൈറ്റ് ഡ്യൂട്ടിയായിരുന്ന വിഷ്ണു, പിറ്റേന്ന് തന്നെ ആര്‍ സി സിയില്‍ നിന്നു മരുന്നു വാങ്ങി. എന്നാല്‍ മരുന്നു വാങ്ങാനും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ജസീല നല്‍കിയ മരുന്ന് ചീട്ട്, മൂന്നു മാസം മുന്‍പ് ഡിസംബറില്‍ ഡോക്റ്റര്‍ കുറിച്ചു കൊടുത്തതാണ്.
അതില്‍ മാറ്റമുണ്ട്, ഗുളിക മാറ്റിയിട്ടുണ്ടെന്നു ഫാത്തിമയെ ചികിത്സിക്കുന്ന ഡോ. മഞ്ജുളയാണ് വിഷ്ണുവിനോട് പറഞ്ഞത്. “ഡോക്റ്ററെ കണ്ടത് കൊണ്ടാണ് ഇക്കാര്യം മനസിലായത്,” വിഷ്ണു തുടരുന്നു.
“ഡോക്റ്റര്‍ക്ക് കുട്ടിയെ നന്നായി അറിയാം. അവള്‍ക്ക് പുതിയ മരുന്നാണ് കൊടുക്കേണ്ടതെന്നും പറഞ്ഞു റെക്കോഡ്സ് എടുപ്പിച്ച് വീണ്ടും പുതിയ മരുന്ന് ചീട്ട് തന്നു. അങ്ങനെയാണ് മരുന്നു വാങ്ങിയത്. അന്ന് തന്നെ ആലപ്പുഴയ്ക്ക് പോരുകയും കുട്ടിയുടെ വീട്ടില്‍ കൊണ്ടു പോയി കൊടുക്കുയും ചെയ്തു.”
കുഞ്ഞിന്‍റെ ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി തീര്‍ന്നിരുന്നു. അതു പുതുക്കണമെങ്കില്‍ കുട്ടി നേരില്‍ വരണം. അതുകൊണ്ട് സൗജന്യമായി മരുന്ന് കിട്ടിയില്ല. വിഷ്ണു പണം കൊടുത്ത് വാങ്ങുകയായിരുന്നു.
“ഒരു മാസത്തേക്കുള്ള മരുന്നു വാങ്ങിയിട്ടുണ്ട്. ഇനിയിപ്പോ ലോക് ഡൗണ്‍ അവസാനിച്ചില്ലേല്‍ ഞാന്‍ പോകുമ്പോ മരുന്നു വാങ്ങിച്ചാല്‍ മതിയല്ലോ,” വിഷ്ണു പറയുന്നു.
“2,500 രൂപയുടെ മരുന്നാണ് വിഷ്ണു വാങ്ങിയത്. ആ പൈസ ഞാന്‍ നല്‍കാമെന്നു പറഞ്ഞിട്ടും വിഷ്ണു കേട്ടില്ല. ആറു മണിക്ക് കഴിക്കേണ്ട മരുന്ന് കൃത്യം 5.10ന് വിഷ്ണ് വീട്ടിലെത്തിച്ചു,” ബാക്കി ആന്‍റണി പൂരിപ്പിക്കുന്നു.
“നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വിഷ്ണു പകല്‍ ഉറങ്ങണ്ടതാണ്. പക്ഷേ അതുപോലും വേണ്ടെന്നു വച്ചാണ് മരുന്നുമായി ഇവിടേക്ക് വന്നത്. ആരെയും അറിയിക്കാതിരുന്നതാണ്, പക്ഷേ കൂട്ടുകാരിലൂടെ എല്ലാവരും അറിഞ്ഞു. …
“ആ ഉമ്മയുടെ പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് കിട്ടിയ വലിയ പ്രതിഫലം,” ആന്‍റണി കൂട്ടിച്ചേര്‍ക്കുന്നു.
***
വിഷ്ണുവിനും ആന്‍റണിക്കും ടി ബി ഐയുടെ സ്നേഹം നിറഞ്ഞ ആശംസകളും നന്ദിയും. ആ കൊച്ചുമിടുക്കി വേഗം സുഖം പ്രാപിക്കട്ടെ.
ജസീലയുടെ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യം ഉള്ളവര്‍ ദയവായി 8714289099 (ജസീല) എന്ന നമ്പറില്‍ ബന്ധപ്പെടുമല്ലോ.
***
ഇതുകൂടി വായിക്കാം:16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.