16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍

ആരുമില്ലാത്തവര്‍ക്കും എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതാെ കിടക്കുന്നവര്‍ക്കുമൊക്കെ മരുന്ന് മാത്രമല്ല സ്നേഹവും ആശ്വാസവുമൊക്കെ നല്‍കിയാണ് ഡോക്റ്റര്‍ മടങ്ങുന്നത്.

“ആ അമ്മയ്ക്ക് രണ്ട് മക്കളാണ്. ഒരു മോനും ഒരു മോളും. രണ്ടാള്‍ക്കും നല്ല വലിയ വീടും സൗകര്യങ്ങളുമൊക്കെയുണ്ട്. പക്ഷേ പ്രായമായ അമ്മയെ അവര്‍ക്കാര്‍ക്കും വേണ്ട.

ആ വൃദ്ധ കുടില്‍ പോലൊരു വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.  ആ വീട്ടില്‍ അവര്‍ തനിച്ചായിരുന്നു.

“നോക്കാനാരുമില്ല, നേരത്തിന് ഭക്ഷണം പോലുമില്ല. ആ സ്ത്രീ നിലത്താണ് കിടന്നിരുന്നത്. ആ അമ്മയ്ക്ക് ചുറ്റും ലക്ഷ്മണരേഖ (പാറ്റയും ഉറുമ്പുമൊന്നും വരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു) ഉപയോഗിച്ച് വരച്ചിട്ടുണ്ട്. എന്തിനാണെന്നോ..?

“അവരെ ഉറുമ്പ് അരിക്കാതിരിക്കാന്‍. അനങ്ങാന്‍ പോലുമാകാതെ കിടക്കുന്ന അമ്മയ്ക്ക് ചുറ്റും ലക്ഷ്മണരേഖ വരയ്ക്കാനുള്ള ദയ എങ്കിലും കാട്ടിയല്ലോ.

“മോനും മോളും തമ്മില്‍ തര്‍ക്കത്തിലാണ്. സ്വത്ത് തര്‍ക്കം. അപ്പോ പിന്നെ എങ്ങനെയാ അമ്മയെ നോക്കുക. അല്ലേ.” ഇതു പറയുമ്പോള്‍ ഹരിപ്പാട്ടുകാരുടെ സ്വന്തം ജോണി ഡോക്റ്ററുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com

“ഓരോ വീടുകളില്‍ പോകുമ്പോഴും ഇങ്ങനെയൊക്കെ പലതും കാണാറും കേള്‍ക്കാറുമൊക്കെയുണ്ട്. എന്നാല്‍ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്ന മക്കളും ഒരുപാടുണ്ട്,” ഡോ. ജോണി ഡോക്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കിടപ്പുരോഗികളെ പരിചരിക്കാനെത്തിയ ഡോ.ജോണിയും സംഘവും

ഡോ.ജോണി ഗബ്രിയേല്‍ എന്ന ജോണി ഡോക്റ്ററും ഹരിപ്പാട്ടുകാരും തമ്മിലുള്ള സ്നേഹബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

മെഡിസിന്‍ പഠനമൊക്കെ കഴിഞ്ഞ്, ഡോക്റ്ററായി ജോണി ഗബ്രിയേല്‍ ആദ്യമായെത്തുന്നത് ഹരിപ്പാട്ടെ കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ്. അദ്ദേഹത്തിന്‍റെ നാട് അര്‍ത്തുങ്കലാണ്. വീട്  എറണാകുളത്ത് കുമ്പളങ്ങിയിലുമാണ്.

പക്ഷേ ഹരിപ്പാട്ടുകാര്‍ക്ക് സാന്ത്വനമേകി അദ്ദേഹം ഇന്നും ഇവിടുണ്ട്. അര്‍ത്തുങ്കലോ കുമ്പളങ്ങിയിലോ വീട്ടിലോ അല്ല, ഇവിടെ ഹരിപ്പാട്ടെ വാടക വീട്ടിലാണ് അദ്ദേഹം സ്ഥിരതാമസമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 16 വര്‍ഷമായി ഹരിപ്പാട്ടെ കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി അദ്ദേഹം അവരുടെ വീടുകളിലെത്തുന്നു. മാസത്തിലെ ആദ്യ ഞായറാഴ്ചയിലാണ് ഡോക്റ്ററും കൂട്ടരും സാന്ത്വന പരിചരണവുമായെത്തുന്നത്.

ആരുമില്ലാത്തവര്‍ക്കും എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ കിടക്കുന്നവര്‍ക്കുമൊക്കെ മരുന്ന് മാത്രമല്ല സ്നേഹവും ആശ്വാസവുമൊക്കെ നല്‍കിയാണ് ഡോക്റ്റര്‍ മടങ്ങുന്നത്.

ആരോടും പൈസ വാങ്ങാതെയാണ് മരുന്നും ചികിത്സയുമൊക്കെ.

സ്നേഹസ്പര്‍ശം എന്ന 16 വര്‍ഷം പിന്നിട്ട ആ സാന്ത്വന പരിചരണ അനുഭവങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് ഡോ.ജോണി ഗബ്രിയേല്‍.

ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളെജില്‍ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠിക്കുന്നത്. എം എസ് തിരുവന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നും. അതു കഴിഞ്ഞയുടന്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ കിട്ടി. കരുവാറ്റ ടി ബി ആശുപത്രിയിലേക്ക്.

“തുടക്കം ഇവിടെയായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രമല്ലേ… ഇവിടെ സര്‍ജറിയൊന്നും ചെയ്യാനുള്ള അവസരം കിട്ടില്ലല്ലോ. പക്ഷേ പറ്റുന്ന പോലെയൊക്കെ ആശുപത്രിയില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചു.

“ഡെലിവറിക്കേസുകളും മൈനര്‍ ഓപ്പറേഷനുകളുമൊക്കെ ചെയ്യാന്‍ തുടങ്ങിയതോടെ ആളുകള്‍ക്കും താല്‍പര്യം തോന്നി. … ഒരു ഡോക്റ്റര്‍ മാത്രമുള്ള ആശുപത്രിയല്ലേ. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും നന്നായി എന്നെ അറിയാം. എനിക്ക് അവരെയും,” ഡോ. ജോണി പറയുന്നു.

നാലു വര്‍ഷത്തിന് ശേഷം കരുവാറ്റയില്‍ നിന്ന് ഹരിപ്പാട് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ മെഡിക്കല്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ് ആയി. അതിനു ശേഷം ആലപ്പുഴ ജില്ല ആശുപത്രിയിലേക്ക് ട്രാന്‍സ്ഫര്‍. പക്ഷേ സ്ഥലം മാറ്റമൊക്കെ കിട്ടി മറ്റു ആശുപത്രികളിലേക്കൊക്കെ പോയെങ്കിലും അദ്ദേഹം ഹരിപ്പാട് തന്നെയാണ് താമസിച്ചത്.

“ആലപ്പുഴയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ മറ്റൊരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയും എനിക്കുണ്ടായിരുന്നു. ആയിടയ്ക്കാണ് ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുന്നത്.

രോഗിയുടെ ബിപി നോക്കാന്‍ ഡോക്റ്ററെ സഹായിക്കുന്ന കുട്ടി

“പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെ പോലുള്ള ജീവിത ശൈലീരോഗങ്ങളെക്കുറിച്ചാണ് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്. നമ്മുടെ നാട്ടില്‍ പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതല്‍ അല്ലേ.

“പ്രമേഹരോഗികള്‍ സര്‍ജന്‍മാരുടെ അരികിലെത്തുന്നത് വളരെ വൈകിയ സ്റ്റേജിലായിരിക്കും. കാലുമുറിച്ചുമാറ്റാനൊക്കെയാകുമ്പോഴല്ലേ സര്‍ജനെ കാണാനെത്തുക. രോഗം വളരെ മോശം അവസ്ഥയിലെത്തിയിട്ടുണ്ടാകും,” അദ്ദേഹം തുടരുന്നു.

ആലപ്പുഴയില്‍ നിന്നും പല സര്‍ക്കാര്‍ ആശുപത്രികളിലേക്കും മാറ്റം കിട്ടിയിരുന്നുവെങ്കിലും ഡോക്റ്റര്‍ ഹരിപ്പാടുമായുള്ള ആത്മബന്ധം വിട്ടില്ല.

“ഹരിപ്പാട് വന്ന നാളുകളില്‍ തന്നെ റോട്ടറി ക്ലബ് ആരംഭിച്ചിരുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി തുടങ്ങിയിരുന്നു.

“റോട്ടറി ക്ലബില്‍ പല മേഖലകളിലുള്ളവരുണ്ടാകുമല്ലോ. എന്‍ജിനീയര്‍മാരും ബിസിനസുകാരും അധ്യാപകരുമൊക്കെ. അങ്ങനെ അവരുടെയൊക്കെ പിന്തുണയോടു കൂടിയാണ് പലതും ചെയ്തത്.” അദ്ദേഹം കൂടെ നിന്നവരെ നന്ദിയോടെ ഓര്‍ക്കുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ പല കാര്യങ്ങളും ചെയ്തു. ഹെല്‍ത്ത് സെന്‍ററില്‍ ജീഡിയാട്രിക് ക്ലിനിക്ക് ആരംഭിച്ചു. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ഷുഗറും ബിപിയുമൊക്കെ നോക്കാനുള്ള സൗകര്യമാണ് ഈ ക്ലിനിക്കിലുണ്ടായിരുന്നത്.

ഇതൊരു തുടക്കമായിരുന്നു. വൈദ്യപരിശോധന ക്യാംപുകളും ആരോഗ്യ ബോധവത്ക്കരണ ക്ലാസുകളുമൊക്കെ നടത്തിയിരുന്നു.

പിന്നെയൊരു പത്ത് വര്‍ഷത്തിന് ശേഷമാണ് വീടുകളില്‍ പോയുള്ള ചികിത്സ ആരംഭിക്കുന്നത്. 2003-ലാണ് വീടുകളില്‍ പോയി രോഗികളെ പരിചരിച്ച് തുടങ്ങുന്നതെന്നു ഡോക്റ്റര്‍ ഓര്‍ക്കുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുള്ളവര്‍, ചലനശേഷി നഷ്ടപ്പെട്ടവര്‍, അസുഖം ബാധിച്ച് കിടപ്പിലായവര്‍ ഇങ്ങനെയുള്ളവരെയൊക്കെയാണ് അദ്ദേഹം വീട്ടില്‍ പോയി കാണുന്നത്. അത് അവര്‍ക്ക് വലിയൊരു സഹായവും ആശ്വാസവുമാണ്.

“പുറമേ കാണുന്ന പോലെയല്ലേ. ആ ഗ്രാമങ്ങളിലേക്ക് ചെല്ലുമ്പോള്‍, ഒത്തിരി കഷ്ടപ്പെടുന്ന വൃദ്ധജനങ്ങളുണ്ട്.

“നേരത്തെ പറഞ്ഞില്ലേ കിടപ്പിലായ അമ്മയെ സംരക്ഷിക്കാതെ അവര്‍ക്ക് ചുറ്റു ലക്ഷമണരേഖ വരച്ച മക്കളെക്കുറിച്ച്. അതുപോലുള്ള സംഭവങ്ങളും കുറേ കണ്ടിട്ടുണ്ട്. ആ അമ്മയ്ക്ക് വേണ്ട പുതുപ്പും മറ്റുമായി സൗകര്യങ്ങളൊക്കെ ഞങ്ങളൊരുക്കി കൊടുത്തിരുന്നു.


വീടുകളില്‍ പോയി രോഗികളായവര്‍ക്കൊപ്പം കുറച്ചുനേരം ഇരിക്കും, സംസാരിക്കും.. വീടിന് പുറത്തേക്ക് കൊണ്ടുവരും. അതൊക്കെ അവര്‍ക്കിഷ്ടമാണ്. അവര്‍ക്കു സന്തോഷവുമാകും.


“റോട്ടറി ഫാമിലിയിലെ കുട്ടികളുമായിട്ടൊക്കെ പോകാറുണ്ട്. പ്രായമായവര്‍ക്ക് കുട്ടികളെ കാണുന്നതൊക്കെ വലിയ ഇഷ്ടമാണ്. അവരോട് സംസാരിക്കാനും അടുത്തിരിക്കാനും മരുന്നു കൊടുക്കാനുമൊക്കെ കുട്ടികളോട് പറയാറുണ്ട്.

“കുട്ടികള്‍ സ്നേഹത്തോടെ പെരുമാറുന്നത് പ്രായമായവര്‍ക്ക് വലിയ ഇഷ്ടമാണ്. ഭക്ഷണമൊക്കെ കുട്ടികള്‍ നല്‍കുമ്പോ അവര് കഴിക്കുകയും ചെയ്യും. ഞങ്ങള് കുട്ടികളോട് പറയും, മരുന്നു കഴിക്കാന്‍ മറക്കരുത്, ഭക്ഷണം കഴിക്കണം എന്നൊക്കെ അവരോട് പറയണമെന്ന്.

“മുതിര്‍ന്നവര്‍ പറയുന്നതിനെക്കാള്‍ നല്ലതാണ് കുഞ്ഞുങ്ങള്‍ പറയുന്നത്. അവരത് അനുസരിക്കുകയും ചെയ്യും. കുട്ടികളെ ഇതുപോലുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്കും ഇഷ്ടമാണ്.

“പ്രായമായവരോട് പെരുമാറുന്നതിനെക്കുറിച്ചും ഇടപെടുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ക്കും ധാരണയാകും. അവര്‍ക്കും സന്തോഷമാകും.” എന്ന് ഡോ. ജോണി.

(കുട്ടികള്‍ ഏറ്റെടുത്ത് നടത്തുന്ന മറ്റൊരു പാലിയേറ്റീവ് കെയര്‍ മാതൃകയുണ്ട് കേരളത്തില്‍ അതിനെക്കുറിച്ച് വായിക്കാം.)

“കിടപ്പുരോഗികളായിട്ടുള്ളവരെ ആശുപത്രിയില്‍ കൊണ്ടുവന്നു ചികിത്സിക്കാന്‍ പലര്‍ക്കും സാധിക്കില്ല. സാമ്പത്തികം മാത്രമല്ല തടസം. കിടപ്പുരോഗികളല്ലേ, ചിലര് നല്ല ഭാരമുള്ള വ്യക്തിയായിരിക്കും. അവരെയെടുത്ത് വണ്ടിയിലൊക്കെ കയറ്റാനും ആശുപത്രിയില്‍ കൊണ്ടുപോകാനൊന്നും സാധിക്കില്ല.

“മാസത്തിലെ ആദ്യ ഞായറാഴ്ച ഞങ്ങള്‍ എത്തിയ ശേഷം മാത്രം വീടിനു പുറത്തേക്കിറങ്ങുന്ന കുറേപ്പേരുണ്ട്. കുറച്ചെങ്കിലും വെയില്‍ ഏറ്റില്ലെങ്കില്‍ അവര്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകും.


ഇതുകൂടി വായിക്കാം: സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്


“വീടിനു പുറത്തിറക്കിയിരുത്താന്‍ അവരെ എടുക്കണ്ടേ.. അതിനു ആരോഗ്യമുള്ളവര്‍ വീട്ടിലുണ്ടായെന്നു വരില്ല. നമ്മള്‍ പോകുമ്പോ അവരെ താങ്ങിയെടുത്ത് പുറത്തു കസേരയില്‍ കൊണ്ടുവന്നിരുത്തും. കുറച്ചുനേരം വെയിലു കൊള്ളിക്കും. വര്‍ത്തമാനമൊക്കെ പറയും. അങ്ങനെ മാസത്തിലൊരിക്കല്‍ ഇതൊക്കെ ചെയ്തു കൊടുക്കും,” അദ്ദേഹം വിശദമാക്കുന്നു.

സ്ട്രോക്ക് വന്നു തളര്‍ന്നവരും ക്യാന്‍സര്‍ രോഗികളും ജന്മന ചലനശേഷി ഇല്ലാത്തവരുമൊക്കെയുണ്ടാകും വീടുകളില്‍. അവര്‍ക്കൊക്കെ ആശ്വാസം കൊടുക്കാനല്ലേ പറ്റൂ എന്ന് ഡോക്റ്റര്‍.

“നല്ല വാക്കുകള്‍ പറയും, പേടിക്കണ്ട, വിഷമിക്കണ്ട.. സന്തോഷമായിരിക്കൂ എന്നൊക്കെ പറയും. അസുഖത്തെ വെല്ലുവിളിയായി എടുത്ത് പോരാടാനൊക്കെ പറയും. മാനസികമായി അവരെ ശക്തരാക്കുകയാണ് ചെയ്യുന്നത്. അതല്ലേ പറ്റൂ.”

മരുന്നുകള്‍ക്ക് നല്‍കാനാവാത്ത ആത്മവിശ്വാസവും പിന്തുണയുമാണ് ഈ ഡോക്റ്റര്‍ നല്‍കുന്നത്.

“മള്‍ട്ടിപ്പിള്‍ സ്ട്രോക്ക് വന്നവരെയൊക്കെ തിരികെ കൊണ്ടുവരുന്നത് ശ്രമകരമാണ്. പക്ഷേ മാനസികമായി അവരെ സന്തോഷിപ്പിക്കാനാകും. ഇവര്‍ക്കുള്ള മരുന്നും കൊണ്ടാണ് ഞങ്ങള്‍ പോകുന്നത്.


ഒരു മാസത്തേക്കുള്ള മരുന്ന് കൊടുക്കും. ഇതിനൊന്നും ആരില്‍ നിന്നും പണവും വാങ്ങാറില്ല.


“മാസത്തിലെ ആദ്യ ഞായറാഴ്ചകളില്‍ ഞങ്ങള്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. ചിലരെയൊക്കെ ആ ദിവസം മാത്രമാകും കുളിപ്പിക്കുന്നത് തന്നെ. നല്ല ഉടുപ്പൊക്കെ ധരിപ്പിച്ചിട്ടുമുണ്ടാകും. ചിലപ്പോഴൊക്കെ ഞങ്ങളും അതിനൊക്കെ സഹായിക്കാറുണ്ട്.

“പല സങ്കടങ്ങളും കാണേണ്ടി വന്നിട്ടുണ്ട്. മക്കള്‍ നോക്കാത്ത മാതാപിതാക്കള്‍ക്ക് സംരക്ഷണത്തിനുള്ള സൗകര്യമൊരുക്കി കൊടുക്കാറുണ്ട്. മോന്‍ മരിച്ചു പോയ അമ്മയെ മരുമകള്‍ നോക്കാറില്ലായിരുന്നു.

“അവര് വേറെ കല്യാണം കഴിച്ചു. പക്ഷേ ആ സ്ത്രീ അമ്മയ്ക്ക് ചോറു കൊണ്ടു വന്നു കൊടുക്കും. ദിവസത്തില്‍ ആ ചോറു മാത്രമേ ഈ അമ്മയ്ക്കുള്ളൂ. ഇവര്‍ പക്ഷാഘാതം വന്നു കിടപ്പിലായ സ്ത്രീയാണ്.”

അവരുടെ അവസ്ഥ കണ്ട ഡോക്റ്ററും സംഘവും പ്രഭാത ഭക്ഷണം നല്‍കാനും അവരെ നോക്കാനുമൊക്കെയായി ഒരാളെ ഏര്‍പ്പെടുത്തി കൊടുത്തിട്ടുണ്ട്.

ഡോക്റ്റര്‍ക്കൊപ്പം വീടുകളില്‍ പോയുള്ള ചികിത്സയ്ക്ക് റോട്ടറി ക്ലബിലെ ഒന്നോ രണ്ടോ കുടുംബം കൂടെയുണ്ടാകും. ഓരോ മാസവും ഓരോ വീട്ടുകാര് ഇങ്ങനെ സഹായത്തിന് കൂടെയുണ്ടാകും. അതിനൊപ്പം മെഡിക്കല്‍ റപ്രസെന്‍റേറ്റീവുമാരുമുണ്ടാകും. പ്രമേഹവും ബിപിയും രക്തവുമൊക്കെ അവര്‍ പരിശോധിക്കും.

അഞ്ച് വര്‍ഷം മുന്‍പ്, ന്യൂറോളജി ഡിസോര്‍ഡര്‍ ബാധിച്ചൊരു 40-കാരന് റോട്ടറി ക്ലബിന്‍റെ നേതൃത്വത്തില്‍ ഇലക്ട്രിക് ബെഡ് കൊടുത്തിരുന്നു. നല്ല വണ്ണവും ഉയരവുമുള്ള അയാളെ എടുത്ത് ബാത്ത്റൂമിലൊക്കെ കൊണ്ടുപോകുന്നത് ശ്രമകരമായിരുന്നു. അയാളുടെ പ്രായമായ അമ്മയ്ക്ക് അതൊക്കെ ബുദ്ധിമുട്ടായിരുന്നു.


വലിച്ചു കൊണ്ടുപോകുന്ന തരത്തിലാണ് അയാളെ കൊണ്ടുപോയി കൊണ്ടിരുന്നത്. ഇലക്ട്രിക്കല്‍ ബെഡ് കൊടുത്തതോടെ അവര്‍ക്ക് അതൊരു വലിയ സഹായമായി.


ടോയ്ലെറ്റ് സംവിധാനം വരെയുണ്ട് ആ ബെഡില്‍. എല്ലാ കാര്യങ്ങളും ആ ബെഡില്‍ ഒരു സ്വിച്ച് ഇട്ടാല്‍ നടത്താവുന്നതാണ്.

ഡോ. ജോണി

രോഗിയെ എഴുന്നേറ്റിരിക്കാനുമൊക്കെ സഹായിക്കുന്നതാണിത്. ഭക്ഷണം കൊടുക്കാനുമൊക്കെ ആളെ എടുത്തിരുത്തേണ്ട ആവശ്യവും വരുന്നില്ല. സ്നേഹസ്പര്‍ശത്തിന്‍റെയും രോഗികള്‍ക്ക് മരുന്നു കൊടുക്കുന്നതിന്‍റെയുമൊക്കെ ചെലവ് ഡോക്റ്റര്‍ തന്നെയാണ് വഹിക്കുന്നത്.

ഹരിപ്പാട്ടെ 25 വീടുകളിലെ കിടപ്പുരോഗികളുടെ അടുത്ത് അദ്ദേഹം എത്തും. “കഴിഞ്ഞ വര്‍ഷം മാത്രം 70,000 രൂപയോളം ഇതിനു ചെലവു വന്നിട്ടുണ്ട്,” പണമല്ലല്ലോ വലുതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു..

രാവിലെയും വൈകീട്ടുമായി അദ്ദേഹം രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നുണ്ട്.  അവിടെ നിന്നുള്ള വരുമാനത്തില്‍ നിന്ന് ഒരു പങ്ക് അദ്ദേഹം ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നു.

25 വര്‍ഷത്തെ സേവനത്തിന് ശേഷം 2015-ലാണ് ഡോ.ജോണി സര്‍വീസില്‍ നിന്നു വിരമിച്ചത്.

ഹരിപ്പാട് റോട്ടറി ക്ലബ് ആരംഭിച്ചത് ഡോ.ജോണിയുടെ നേതൃത്വത്തിലാണ്. റോട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലെ വീടില്ലാത്ത ആറു കുടുംബത്തിന് വീട് വച്ചു നല്‍കിയിരുന്നു.

“ക്ലബിന്‍റെ ഗവര്‍ണര്‍ പദവിയിലേക്കെത്തുകയാണെങ്കില്‍ റോട്ടറിയുടെ കീഴിലുള്ള 150 ക്ലബുകളിലും ഈ സ്നേഹസ്പര്‍ശം പദ്ധതി കൊണ്ടുവരണമെന്നാണ് ആഗ്രഹം,”  അദ്ദേഹം പറയുന്നു.

റൂഫിനയാണ് ഭാര്യ. ഭാര്യയുടെ നാട് കുമ്പളങ്ങിയാണ്. ഇവിടെയാണ് ഡോക്റ്റര്‍ വീട്  വച്ചിരിക്കുന്നത്. രണ്ട് മക്കളാണ്. ഡോ.ലിസിയ മേരിയും ഡോ. ജെറി ഗബ്രിയേല്‍ ജോണിയും. ഇരുവരും സര്‍ക്കാര്‍ സര്‍വീസിലാണ്.


ഇതുകൂടി വായിക്കാം:തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം