‘വെറും ഏഴ് മിനിറ്റുകൊണ്ട് ചക്കപ്പുഴുക്ക് ഉണ്ടാക്കാം’ എന്ന് ആന്‍റണിച്ചേട്ടന്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ സംശയത്തോടെ നോക്കി.
എന്നാല്‍ അദ്ദേഹം അത് വിശദമായി പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും വിശ്വാസമായത്.
ചക്ക സംസ്‌കരിച്ച് എടുത്ത ‘റെഡി-ടു-ഈറ്റ്’ ഉല്‍പന്നം കൊണ്ടാണ് പാലക്കാട് കോട്ടായിക്കാരന്‍ ആന്‍റണി മാത്യു മിനിറ്റുകള്‍ക്കുള്ളില്‍ ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
അത് മാത്രമല്ല, ചിക്കനോടും മട്ടനോടും കിടപിടിക്കുന്ന വിഭവങ്ങളും അദ്ദേഹം ചക്ക കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
കുറേക്കാലമായി ചക്കയുടെ പുറകെയാണ് അദ്ദേഹം. ചക്ക സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാനും കൂടുതല്‍ കാലം സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കാനുമുള്ള ഗവേഷണങ്ങളിലാണ് ഈ 69-കാരന്‍.
മെക്കാനിക്കല്‍ രംഗത്ത് ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലായി ജോലിയെടുത്ത സാങ്കേതിക പരിചയം അദ്ദേഹത്തിന് സഹായകമായി.
“മാംസ ഭക്ഷണത്തിന് പകരമായി അതേ രുചിയില്‍ ഡമ്മി ചിക്കനും, ഡമ്മി മട്ടനും, ഉടനെ ഉണ്ടാക്കി കഴിക്കാവുന്ന ഇടിച്ചക്ക സംസ്‌കരിച്ചതും
ആണ് ഞാന്‍ ഏറെ ഗവേഷണം നടത്തി വികസിപ്പിച്ചത്,” ആന്‍റണി മാത്യു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
മൂപ്പെത്താത്ത ചക്കയില്‍ നിന്നാണ് അദ്ദേഹം ചിക്കനും മട്ടനും പകരമായി ചക്കകൊണ്ടുള്ള വിഭവം തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ മറ്റ് ഗവേഷണ സ്ഥാപനങ്ങളുടേയോ യാതൊരു പിന്തുണയും ഇല്ലാതെയാണ് ഈ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“ഇടിച്ചക്ക മുതല്‍ പഴം വരെ, എന്തിന് പ്ലാവില പോലും നമുക്ക് സംസ്‌കരിച്ച് ഉപയോഗിക്കാം,” എന്നാണ് അദ്ദേഹം പറയുന്നത്.
“റെഡി ടൂ ഈറ്റ് (ഉടനെ കഴിക്കാവുന്ന) വിഭവങ്ങളും സൂക്ഷിപ്പ് കാലം കൂടുതല്‍ ഉള്ള ഉല്‍പന്നങ്ങളും നമുക്ക് ചക്ക സംസ്‌കരിച്ച് ഉണ്ടാക്കിയെടുക്കാം. ചക്ക ഉണക്കിയത്, ചക്കക്കുരു ഉണക്കിയത്, ഇടിച്ചക്ക ഉണക്കിയത്, ഇതിന്‍റെ എല്ലാം പൊടി… പഴുത്തവയാണെങ്കില്‍ കൂഴയായാലും വരിക്കയായാലും പള്‍പ്പ് ചെയ്യാനും ആകും,” ആന്‍റണിച്ചേട്ടന്‍ പറഞ്ഞു.
ഇതുകൂടി വായിക്കാം: ബിരിയാണിയും പൊറോട്ടയും കബാബുമടക്കം ചക്ക കൊണ്ട് 175 വിഭവങ്ങളുമായി സ്മിത
പല പൊതുമേഖല സ്ഥാപനങ്ങളിലെയും മെക്കാനിക്കല്‍ ഡിവിഷനില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുണ്ട് അദ്ദേഹത്തിന്. 2012-ല്‍ ആണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തുന്നത്.
“2012-ല്‍ പാലക്കാട് രൂപതയുടെ കീഴിലുള്ള സാങ്കേതിക സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്താണ്, രൂപതയുടെ തന്നെ സാമൂഹ്യ പ്രസ്ഥാനമായ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ (പി എസ് എസ്) ഡയറക്ടര്‍ ഫാദര്‍ മാവുങ്കല്‍ എന്നോട് തിരുവനന്തപുരത്ത് ഒരു ചക്ക പരിശീലനത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. ഞാന്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുത്തു.”
അവിടെയാണ് അദ്ദേഹത്തിന്‍റെ ഗവേഷണകൗതുകം ചക്കയിലേക്ക് തിരിയുന്നത്.
വെള്ളയാണി കാര്‍ഷിക സര്‍വകലാശാലയില്‍ വെച്ചായിരുന്നു ആ പരിശീലനം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60-ഓളം പേര്‍ ഉണ്ടായിരുന്നു.
“അവിടെ നിന്നാണ് ഞാന്‍ ചക്കയുടെ സംസ്‌കരണ രീതികളേയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളേയും കുറിച്ചറിയുന്നത്,” അദ്ദേഹം പറഞ്ഞു.
അവിടെ നിന്നറിഞ്ഞ വിവരങ്ങളും നേരത്തെ തന്നെ അറിയാമായിരുന്ന സാങ്കേതികമായ അറിവുകളും ചേര്‍ത്താണ് അദ്ദേഹം ഇപ്പോള്‍ വികസിപ്പിച്ചെടുത്ത വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
തെര്‍മല്‍, റീട്ടോര്‍ട്ട്, പള്‍പ്പിങ്ങ് തുടങ്ങി കൂടുതല്‍ കാലം വിഭവങ്ങള്‍ സൂക്ഷിക്കാനും പായ്ക്ക് ചെയ്യാനും സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ചക്കയില്‍ പരീക്ഷിച്ചു. പി.എസ്. എസ്-ന്‍റെ മൂന്ന് സംസ്‌കരണ യൂണിറ്റുകളിലൂടെ പത്ത് ടണ്ണോളം ചക്ക സംസ്കരിക്കുന്നതിന് ഉള്ള പ്രവര്‍ത്തനത്തിന് അദ്ദേഹം സാങ്കേതിക മേല്‍നോട്ടം വഹിക്കുകയും ചെയ്തു.
“ഗവേഷണഫലം പോസിറ്റീവായപ്പോള്‍ ഞാന്‍ ‘നാച്ചേഴ്‌സ് ഓണ്‍’ (Nature’s Own) എന്ന ഒരു സംരംഭം തുടങ്ങി. ചക്ക കൊണ്ടുള്ള മട്ടന്‍ കറിയും, ചിക്കന്‍ കറിയും ആയിരുന്നു മാസ്റ്റര്‍ പീസ് ഉല്‍പന്നങ്ങള്‍. കോഴിയിറച്ചിയോ മട്ടനോ പക്ഷേ ഈ ഡമ്മി മീറ്റില്‍ ഇല്ല; പൂര്‍ണ്ണമായും വെജിറ്റേറിയന്‍. മൂപ്പെത്താത്ത ചക്കയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഈ ഉല്‍പന്നത്തിന് ഒരു വര്‍ഷത്തോളം സൂക്ഷിപ്പ് കാലവും ഉണ്ട്,” അദ്ദേഹം പറഞ്ഞു.
“ചക്ക പള്‍പ്പിങ്ങ് നടക്കുന്ന മഹാരാഷ്ട്രയിലെ കുഡാലിലെ ‘കോണ്‍ബാക്ക്’ എന്ന സ്ഥാപനത്തില്‍ പോയപ്പോഴാണ് കൂഴച്ചക്കയില്‍ പോലും പള്‍പ്പിങ്ങ് ചെയ്യാന്‍ ആകും എന്ന് ബോധ്യമായത്. ചക്ക പള്‍പ്പില്‍ നിന്നും അനേകം മധുരവിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും, ഐസ് ക്രീം അടക്കം,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഏറെക്കാലത്തെ ശ്രമങ്ങള്‍ക്ക് ശേഷം ചക്ക ഉല്‍പന്നങ്ങളില്‍ പുതുമയും സംസ്‌കരണ സാങ്കേതികവിദ്യകളിലൂടെ കൂടുതല്‍ കാലം സൂക്ഷിക്കാവുന്ന സംവിധാനവുമൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും ആ സംരംഭം അത്ര വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
“വിപണിയിലെ പരസ്യ വലയത്തിലും ജങ്ക് ഫുഡ്ഡിലും പെട്ട് എന്‍റെ ഉല്‍പന്നത്തിന്‍റെ മേന്മ ആര് മനസ്സിലാക്കാന്‍,” എന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു. “നഷ്ടം സഹിച്ച് അധികം ഈ സംരംഭം എനിക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ ആയില്ല. ഈ സാങ്കേതിക ജ്ഞാനം അര്‍ഹിക്കുന്ന റോയല്‍ട്ടി തന്നാല്‍ നല്‍കാന്‍ ഞാന്‍ സന്നദ്ധമാണ്,” ആന്‍റണി മാത്യു പറയുന്നു.
“ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ എത്ര തുകയാകും എന്ന് ഒരിക്കലും മുന്‍കൂട്ടി കണക്കുകൂട്ടാന്‍ ആവില്ല എന്നുകൂടി
ഈ ഗവേഷണത്തിലൂടെ ബോധ്യമായി,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “ലക്ഷങ്ങള്‍ എനിക്ക് ചിലവായി. എന്നാലും ഇത് സാധ്യമാകും എന്ന് ബോധ്യപ്പെട്ടതില്‍ നിറഞ്ഞ സന്തോഷം ഉണ്ട്.”
“എനിക്ക് ഈ മേഖലയില്‍ ഉണ്ടായ ദുരനുഭവങ്ങളുണ്ട് പറയാന്‍, ഒന്ന്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓഫറുകള്‍ തന്നെങ്കിലും അവ പ്രായോഗികമായില്ല. രണ്ട്. ഗവേഷണത്തിനായി നിരവധി പദ്ധതികള്‍ പല വ്യക്തിളോടും ഏജന്‍സികളോടും പറഞ്ഞെങ്കിലും ഒന്നും ലഭ്യമായില്ല.
മൂന്ന്. ഒരു ഗവേഷണ സ്ഥാപനത്തിന്‍റെയോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെയോ പിന്തുണയോ, സഹകരണമോ ഇല്ലാത്തതിനാല്‍ ഗവേഷണ ഫലത്തിന് മൂല്യം കാണുന്നില്ല. നാല്. ജങ്ക് ഫുഡ് പരസ്യ കോലാഹത്തിനിടയില്‍ ചക്ക ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല.
അഞ്ച്, സംസ്ഥാന ഫലമായിട്ടും ചക്കയില്‍ സംരംഭകത്വം തുടങ്ങിയ അനേകം സംരംഭകര്‍ക്കും വേണ്ടത്ര പിന്തുണ ഇല്ലാത്തതിനാല്‍ പിടിച്ച് നില്‍ക്കാനായില്ല. പലതും ഇപ്പോള്‍ നാമാവശേഷമായി,” അദ്ദേഹം അക്കമിട്ടുപറയുന്നു.
വിപണിയില്‍ അത്ര വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചക്കയിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസത്തിന് ഒട്ടും കുറവ് തട്ടിയിട്ടില്ല. നമ്മുടെ ഭക്ഷണമേശകളിലേക്കും സര്‍ക്കാരിന്‍റെ കൃഷി സംബന്ധമായ നയതീരുമാനങ്ങളിലും ചക്കയെ വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ അദ്ദേഹവും സജീവ പങ്കാളിയാണ്.
“പ്രാദേശിക ഭക്ഷ്യ സുരക്ഷയ്ക്കും ഗ്രാമീണരുടെ അതിജീവനം സാധ്യമാക്കുന്നതിനും ചക്കയ്ക്ക് കഴിയും എന്നതില്‍ യാതൊരു സംശയവും ഇല്ലെന്ന്,” അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
കൊറോണ ബാധയുടെയും ലോക്ക് ഡൗണിന്‍റെയും കാലത്ത് മറ്റ് ഭക്ഷ്യ വിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ പണ്ടേ ഉപേക്ഷിച്ച ചക്കയെ പലരും വീണ്ടും അടുക്കയില്‍ സ്വീകരിച്ചിരുത്തിയത് വളരെ സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
ചക്ക സംരംഭകനായതിന് ശേഷം ചക്കയെ ജനകീയമാക്കാന്‍ നടത്തിവരുന്ന പൊതുസമൂഹ ഇടപെടലുകളിലും അദ്ദേഹം ഭാഗമായി.
“ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോഷ്യം എന്നീ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
കേരളത്തില്‍ നടത്തിയ ‘ചക്ക വണ്ടി പ്രയാണ’ത്തിന്‍റെ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്‍. പങ്കജാക്ഷന്‍റെ നിര്‍ദേശം മാനിച്ച് ഞാന്‍ ഏറ്റെടുത്തു. കേരളത്തിലെ അനേകം സ്‌കൂളുകളിലും ഗ്രാമ-നഗരങ്ങളിലും ചക്ക വണ്ടി എത്തി. …
“ഭക്ഷ്യ-ആരോഗ്യ സുരക്ഷയ്ക്കും അതിജീവനത്തിനും (പ്രാദേശിക കര്‍ഷകര്‍ക്ക്) അധിക വരുമാനത്തിനും പോഷക സുരക്ഷക്കും ചക്കക്ക് വലിയ പങ്ക് വഹിക്കാന്‍ ആകും എന്ന് തെളിയിക്കുന്ന കാലം വിദൂരമല്ല,” ആന്‍റണി മാത്യു അടിവരയിടുന്നു.
പരേതയായ മാര്‍ഗരറ്റ് ആണ് അദ്ദേഹത്തിന്‍റെ ഭാര്യ. മക്കള്‍ അന്‍ജു ആന്‍റണി, അനീഷ ആന്‍റണി.
ആന്‍റണി മാത്യു: ഫോണ്‍ 944775 1655
ഇതുകൂടി വായിക്കാം: പശയില്ലാത്ത സോംപാടി വരിക്ക തേടിപ്പോയ കൊല്ലംകാരന് ഇന്ന് കര്‍ണാടകയില്‍ 7 ഏക്കറില്‍ പ്ലാവ് നഴ്സറി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.