മലേഷ്യയില്‍ സമ്പത്തിന് നടുവില്‍ ജനനം, അപൂര്‍വ്വ രോഗം പിടിപെട്ട് 34 ശസ്ത്രക്രിയകള്‍, എല്ലാം നഷ്ടപ്പെട്ട് 10 വര്‍ഷം ഭിക്ഷ തേടി… ഒടുവില്‍ സംരംഭകനായി ജീവിതത്തിലേക്ക്  

2017-ൽ അൻവറിന്‍റെ അവസ്ഥ വിവരിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് വന്നു. അതിനു കീഴിൽ ഒരാൾ ഇട്ട കമന്‍റ് ആണ് ആദ്ദേഹത്തിന്‍റെ ജീവിതം മാറ്റി മറിക്കുന്നത്.

നുവരി 24. അത് മലപ്പുറം പുത്തനത്താണിക്കാരനായ അൻവർ ബാബുവിന്  അത് പരീക്ഷണത്തിന്‍റെ മറ്റൊരു ദിനമാണ്.

ജീവൻ നിലനിർത്തുന്നതിനായി ജീവിതത്തിലെ 35 -ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുമ്പോൾ, തിരിച്ചെത്തും എന്ന ആത്മവിശ്വാസം മാത്രമാണ് കൈമുതലായുള്ളത്.

പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാവാത്ത ആർറ്റീരിയോവീനസ് മൽഫോർമേഷൻ (arteriovenous malformation-AVM) എന്ന അപൂർവ രോഗമാണ് അന്‍വര്‍ ബാബുവിന്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ രോഗം സ്ഥിരീകരിച്ചത്. അന്നുമുതൽ ജീവൻ നിലനിർത്തുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം.

അന്‍വര്‍ ബാബു

അൻബാർ ബാബു പുത്തനത്താണിയുടെ ജീവിതം ദുരന്തങ്ങളുടെയും ചെറുത്തു നിൽപ്പിന്‍റെയും ഒരു തുടർക്കഥയാണ്. സമ്പത്തിന്‍റെ നടുവിലാണ് അൻവർ ജനിച്ചു വീണത്.

മലേഷ്യയിലായിരുന്നു ജനനം. അവിടെയാണ് വളര്‍ന്നതും. മലേഷ്യയിൽ ജോലി നോക്കിയിരുന്ന പിതാവ് ആവശ്യത്തിലേറെ സമ്പാദിച്ചിരുന്നു.

എന്നാൽ ആ സമ്പത്തും പ്രതാപവുമൊന്നും നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തീർത്തും അവിചാരിതമായി അദ്ദേഹത്തെ തേടിയെത്തിയ അർബുദരോഗം കുടുംബത്തിന്‍റെ സ്ഥിതി തന്നെ മാറ്റിമറിച്ചു.


നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com

വയറ്റിൽ രൂപപ്പെട്ട ഒരു മുഴയിൽ നിന്നുമായിരുന്നു തുടക്കം. പിന്നീട് രോഗം മൂർച്ഛിക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. ചികിത്സയ്ക്കായി സമ്പത്തിന്‍റെ നല്ലൊരു ഭാഗം ചെലവഴിച്ചു. പിന്നീടുള്ള ജീവിതം മാതാവിന്‍റെ വീട്ടിലായിരുന്നു.

വരുമാനമില്ലാത്തത് അവിടെയും ഒരു പ്രശ്‌നമായി. അൻവറിനും സഹോദരങ്ങൾക്കും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പ്രായമായപ്പോൾ മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഏത് വിധേനയും വരുമാനം കണ്ടെത്തി മക്കളെ വളർത്തണമെന്ന ആ മാതാവിന്‍റെ ആഗ്രഹം പൂർത്തിയാകുന്നതിനു മുൻപ് അവരും അർബുദത്തിന് അടിമയായി. വയറിലെ മുഴ തന്നെയായിരുന്നു പ്രശ്നം. ചികിത്സ ഫലിക്കാതെ ഉമ്മയും മരണപ്പെട്ടപ്പോൾ അൻവർ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടു.

അന്‍വര്‍ ബാബു

പിന്നീട് നടന്നതത്രയും എങ്ങനെയും ജീവിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു. ചുമട് ചുമന്നും പലഹാരനിര്‍മ്മാണത്തിൽ സഹായിച്ചുമെല്ലാം അൻവർ ഒരു വിധം പിടിച്ചുനിന്നു. അങ്ങനെ കഴിയുന്നതിനിടയിലാണ് ജീവിതത്തിലെ അടുത്ത പരീക്ഷണം.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹൃദയത്തില്‍ നിന്നുള്ള രക്തധമനികൾ കെട്ടിപ്പിണയുന്ന എ വി എം എന്ന രോഗം പിടിപെട്ടു.  രക്തധമനികൾ കെട്ടുപിണയുകയും ശുദ്ധരക്തവും അശുദ്ധരക്തവും ഒന്നായി കലരുന്ന രോഗം.  ശരീരത്തിൽ പലയിടങ്ങളിലായി മുഴകൾ രൂപപ്പെട്ടുവരുന്ന അവസ്ഥ.


അൻവറിന്‍റെ കാലുകളെയാണ് രോഗം പ്രധാനമായും ബാധിച്ചത്. വേദനകൊണ്ട് പുളയുന്ന അവസ്ഥയിൽ ജീവിക്കാൻ വരുമാനം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി.


ഉള്ളതൊക്കെ വിറ്റുപെറുക്കി നിരവധി ശാസ്ത്രക്രിയകൾ നടത്തി. സ്വത്തിൽ ബാക്കിയുണ്ടായിരുന്ന സ്ഥലവും വീടുമെല്ലാം ചികിത്സക്കായി വില്‍ക്കേണ്ടി വന്നു. പക്ഷേ, യാതൊരു ഫലമുണ്ടായില്ല.

ഇതിനിടയിൽ ചില സഹായമനസ്കരുടെ സഹായത്താൽ ശസ്ത്രക്രിയകൾ നടത്തി കെട്ടുപിണഞ്ഞ ധമനികൾ പൂർവസ്ഥിതിയിലാക്കി. എന്നാൽ എന്നെന്നേക്കുമായി ഒരു പരിഹാരം ഈ രോഗത്തിനില്ലായിരുന്നു.

ജീവിക്കാനായി 2007 വരെ പലഹാര നിർമ്മാണം, ലോട്ടറി വിൽപന തുടങ്ങി പല ജോലികൾ ചെയ്തു. എന്നാൽ പിന്നീട് രോഗം മൂർച്ഛിച്ചതോടെ അതിനൊന്നും കഴിയാത്ത അവസ്ഥയായി. മാത്രമല്ല പലരും ജോലി നൽകാനും വിസമ്മതിച്ചു.

യാചിക്കാനിറങ്ങിയ നാളുകള്‍

തുടര്‍ന്നുള്ള ചികിത്സയ്ക്കും മറ്റു ചെലവുകൾക്കുമായി പണം കണ്ടെത്താന്‍ എല്ലാ വഴികളുമടഞ്ഞു. യാചിക്കാനിറങ്ങുകയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനപ്പോള്‍ തോന്നിയില്ല.

ആരാധനാലയങ്ങളിലും പരിചയക്കാരുടെ അടുത്തുമെല്ലാം ചെന്ന് അദ്ദേഹം ഭിക്ഷ തേടി. ഉള്ളില്‍ വലിയ നിരാശയും സങ്കടവും കുറ്റബോധവും ഉണ്ടായിരുന്നു. പക്ഷെ ഭിക്ഷ തേടുകയല്ലാതെ മറ്റൊരു വഴിയുമില്ല.  ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ അദ്ദേഹംപത്തുവര്‍ഷം യാചിച്ചുനടന്നു.

2017-ൽ അൻവറിന്‍റെ അവസ്ഥ വിവരിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് വന്നു. അതിനു കീഴിൽ ഒരാൾ ഇട്ട കമന്‍റ് ആണ് ആദ്ദേഹത്തിന്‍റെ ജീവിതം മാറ്റി മറിക്കുന്നത്.

”കൈക്കും കാലിനും പ്രശ്നം ഒന്നുമില്ലല്ലോ, പിന്നെ എന്തിനാണ് ഇങ്ങനെ ഭിക്ഷ യാചിക്കുന്നത് ? അധ്വാനിച്ചു ജീവിച്ചു കൂടെ?” ഒരു അപരിചിതന്‍ കുറിച്ച ഈ വാചകം അന്‍വറിനെ പിടിച്ചുലച്ചുകളഞ്ഞു.

“അടുത്ത മൂന്നു മാസക്കാലം ഉറങ്ങാൻ കഴിഞ്ഞില്ല,” എന്ന് അന്‍വര്‍ ബാബു പറയുന്നു. “സ്വന്തമായി ചെയ്യാൻ കഴിയുന്ന തൊഴിൽ ഏതാണ് എന്ന ചിന്ത അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.”

ഒടുവിൽ ആ പത്താംക്ലാസ്സുകാരന്‍ സംരംഭകത്വത്തിന്‍റെ വഴി തെരെഞ്ഞെടുത്തു,.

ഒരു കട തുടങ്ങാം. അവിടെ ഇരുന്നു സാധനങ്ങൾ വിൽക്കാനും വരുമാനം കണ്ടെത്താനും കഴിയും എന്ന വിശ്വാസം വന്നു. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ പുത്തനത്താണിയിൽ  ഒരു കടമുറി വാടകക്കെടുത്തു. 2017-ലാണത്.

ചക്ക കൊണ്ടുള്ള വിഭവങ്ങൾ മാത്രം വിൽക്കുന്ന ഒരു സംരംഭം. ചെറുകിട സംരംഭത്തിലൂടെ തന്നെപ്പോലെ ചെറുകിടക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതു കൂടിയുണ്ടായിരുന്നു മനസ്സില്‍. പ്ലാവില എന്ന് പേര് നൽകിയ കടയിൽ ചക്കയിൽ നിന്നുള്ള നൂറിൽപരം വിഭവങ്ങൾ വിൽപനയ്ക്കായി എത്തി.

”ഒത്തിരി ചിന്തിച്ചിട്ടാണ് ഞാൻ ഇങ്ങനെ ഒരു കട തുടങ്ങീത്. ഭിക്ഷ യാചിച്ച് നടന്നത് ശരിയല്ലാന്ന് എനിക്കും തോന്നി. മക്കളൊക്കെ വളർന്നു വരുവല്ലേ, അവർക്ക് നമ്മൾ ഒരു ഭാരമാകരുത്. നാണക്കേടും ആകരുത്. ആ തോന്നലിൽ നിന്നാണ് പ്ലാവില തുടങ്ങാം എന്ന് കരുതിയത്,” അൻവർ ബാബു പറയുന്നു.

ചക്ക ലഡു,  ചക്ക  ഹല്‍വ, ജാം, അച്ചാര്‍ മുതല്‍ ചക്ക കൊണ്ടുള്ള പപ്പടം,ചക്ക മുറുക്ക്, ചക്ക പുളിയിഞ്ചി, ചക്ക മിക്സ്ചർ അങ്ങനെ ചക്കകൊണ്ടൊരു നൂറൂകൂട്ടം!

ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ മാത്രമാണ് കട അടച്ചിടുക. രക്തക്കുഴലുകള്‍ കെട്ടുപിണയുന്ന രോഗത്തിന് പുറമെ, കേള്‍വിക്കുറവും കാഴ്ചക്കുറവും അദ്ദേഹത്തെ വലയ്ക്കുന്നുണ്ട്.

എന്നാൽ പ്ലാവിലയിൽ നിന്നുമുള്ള വരുമാനം കൊണ്ട് ഇപ്പോൾ ചികിത്സയും മറ്റും മുന്നോട്ട് പോകുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് കടയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുമുണ്ട്.

”1987 -ൽ തുടങ്ങിയതാണ് ശസ്ത്രക്രിയകളും അതിന്‍റെ വേദനയുമെല്ലാം. ജീവിതത്തിനു ഒരു ലഷ്യബോധമില്ലായിരുന്നു. എന്നാൽ പ്ലാവില ആരംഭിച്ചതോടെ ജീവിക്കണം എന്ന ആഗ്രഹം വർധിച്ചു. ഇപ്പോൾ ബിസിനസിനെ പറ്റി കൂടുതൽ  പഠിച്ചു വരുന്നു. പുതിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി വിപുലീകരണത്തിനും ശ്രമിക്കുന്നുണ്ട്. ഫേസ്‌ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ വഴിയും വിൽപന നടത്തുന്നുണ്ട്,” അൻവർ ബാബു വിശദമാക്കുന്നു.

കുടുംബശ്രീയുടെ സഹായം

കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നുമാണ് അന്‍വര്‍ ബാബു ചക്ക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. അത് കൃത്യമായി കിട്ടുന്നുണ്ട്. ഹോൾസെയിൽ ആയാണ് സാധനങ്ങൾ വാങ്ങുന്നത്. വിശ്വാസപൂര്‍ണ്ണമായ ചേരുവകള്‍ മാത്രം ചേര്‍ത്ത് തികച്ചും പ്രകൃതി ദത്തമായ വിഭവങ്ങള്‍ ആണ് ഇവിടെ തയ്യാറാക്കി വില്പനക്കെത്തിക്കുന്നത്.

മായമോ കലര്‍പ്പൊ രാസപദാര്‍ത്ഥങ്ങളോ ഇല്ല എന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പിച്ച ശേഷമാണ് വില്‍പന എന്ന് അദ്ദേഹം പറയുന്നു.  പ്രിസർവേറ്റിവുകൾ ചേർക്കാത്തതിനാൽ തന്നെ വിഭവങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല. പരമാവധി ഒരു മാസം മാത്രമേ കേടുകൂടാതെ ഇരിക്കൂ.

അത് ഒരേ സമയം അവസരവും വെല്ലുവിളിയുമാണ്. എന്നാൽ ഒരു രോഗിയായ താൻ ആളുകളെ രോഗികളാക്കുന്ന രീതിയിൽ പ്രിസർവേറ്റിവുകൾ ചേർക്കില്ല എന്നതാണ് അൻവർ ബാബു നൽകുന്ന ഉറപ്പ്.

ഫേസ്‌ബുക്ക് പേജ്, വാട്സാപ്പ് എന്നിവയിലൂടെ ഓഡർ നൽകിയാൽ യഥാക്രമം 500 , 1,000  രൂപയുടെ വിഭവങ്ങൾ കൊറിയർ ആയി അയച്ചു നൽകും. എന്നാൽ നേരിട്ട് വാങ്ങുന്നത് തന്നെയാണ് അൻവറിനു ലാഭം.

ഉൽപ്പന്നങ്ങൾ വിറ്റുപോയ ശേഷമാണ് കുടുംബശ്രീക്ക് പണം നൽകേണ്ടത്. നേരിട്ട് കടയിൽ നിന്നും വിൽക്കുമ്പോൾ 30  ശതമാനം വരെ ലാഭമുണ്ടാകുന്നു. എന്നാൽ കൊറിയർ അയയ്ക്കുമ്പോൾ ലാഭം കുറയും. കൊറിയർ ചാർജ് ഉപഭോക്താവിൽ നിന്നും വാങ്ങിയാലും പാക്കിംഗ് ചാർജ് അധികചെലവാണ്.

കുപ്പികൾ പൊട്ടിപ്പോകാതിരിക്കാൻ തെർമോകോൾ, സീലിംഗ് പേപ്പർ , സ്റ്റിക്കർ എന്നിവക്കായി ഒരു നല്ല തുക ചെലവാകും. അപ്പോൾ ലാഭം 20  ശതമാനമായി കുറയും, അദ്ദേഹം വില്‍പനയുടെ കണക്ക് പറയുന്നു.

ഇങ്ങനെ കിട്ടുന്ന ലാഭത്തിൽ നിന്നാണ് അദ്ദേഹം ചികിത്സ മുന്നോട്ട് കൊണ്ട് പോകുന്നത്. ആരെങ്കിലും സാമ്പത്തികമായി സഹായിക്കാം എന്ന് പറഞ്ഞാൽ ഇപ്പോള്‍ അന്‍വര്‍ വിലക്കും.

“വേണ്ട എന്‍റെ ഉൽപ്പന്നങ്ങൾ വാങ്ങി സഹായിച്ചാൽ മതി,” എന്നാണ് അൻവറിന്‍റെ മറുപടി.

ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തെരെഞ്ഞെടുത്ത ചക്ക വിഭവങ്ങള്‍ ഉപഭോക്താക്കളുടെ അഡ്രസിലെത്തും. ചില ഉപഭോക്താക്കൾ അഡ്രസിൽ ഇല്ലാത്തതിനാൽ സാധനം മടങ്ങുന്നു. അധികം ഷെൽഫ് ലൈഫ് ഇല്ലാത്തതിനാൽ ഇവ കേടാകും. അപ്പോൾ ഉൽപ്പന്നം ലഭിച്ചില്ല എന്ന പരാതി വരും. വീണ്ടും അയക്കേണ്ടി  വരുമ്പോൾ ഇരട്ടി ചെലവാണ് ഉണ്ടാകുക.

എക്സിബിഷനുകളിലെ നിറസാന്നിധ്യമാണ് അൻവർ ബാബു. എക്സിബിഷനുകൾ വഴി ചക്കവിഭവങ്ങള്‍ എളുപ്പത്തിൽ വിറ്റുപോകുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും വെല്ലൂരിലേക്ക്

”ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ ആരുടേയും മുന്നിൽ കൈ നീട്ടരുത് എന്നാഗ്രഹമുണ്ട്. അതിനു വേണ്ടിയാണ് പ്ലാവിലയിൽ ശ്രദ്ധിക്കുന്നത്. ഇപ്പോൾ മനസ്സിൽ മുഴുവൻ ശസ്ത്രക്രിയക്കായി പണം കണ്ടെത്തുന്നതിനുള്ള വഴികളാണ്. ഉൽപ്പന്നങ്ങൾ വിറ്റുപോയാലെ പണം തികയൂ.

“തിരൂർ നിന്നും ചെന്നൈ മെയിൽ കയറിയാൽ പുലർച്ചെ കാട്പാടി ഇറങ്ങും. അവിടെ നിന്നും ബസുണ്ട് CMC യിലേക്ക്. ആശുപത്രിക്ക് മുന്നിൽ ഇറങ്ങിയ ശേഷം റൂമെടുത്ത് കുളിച്ച് വല്ലതും ഒക്കെ കഴിച്ച് സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു കൗണ്ടറിൽ പോയി ഡോക്ടറെ കാണാനുളള അപ്പോയിന്‍റ്മെന്‍റ് എടുക്കണം. 650 രൂപ യാണ് ഫീസ്. ടോക്കൺ കിട്ടി കഴിഞ്ഞാ അതില് പറയുന്ന ദിവസം അതേ സമയം OP യിൽ പോയി ക്യൂ നിൽക്കണം.

“2007-ല്‍ എന്നെ ഇതേ ഓ.പി-യിലേക്ക് കൊണ്ട് വന്നത് കിടത്തിക്കൊണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഞാൻ സ്വയം നടന്നു വരാനായി. അതിൽ സന്തോഷമുണ്ട്. …” അന്‍വര്‍ ഒന്നു നിര്‍ത്തി.

എന്നിട്ട് തുടര്‍ന്നു. “എന്തും നേരിടാനുള്ള ധൈര്യമുണ്ട് ഇപ്പോൾ. അതാണ് ഏറ്റവും വലിയ കരുത്ത്.”

പക്ഷേ, ഇപ്പോള്‍ ഒരു സങ്കടമുണ്ട്. “പ്ലാവില തുടങ്ങാൻ അൽപം വൈകി അതിൽ മാത്രമാണ് ഒരു വിഷമം.”
അത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാതെ പോയ, ജീവിതം മുന്നോട്ടുതള്ളി നീക്കാന്‍ ഒരാശയവും തോന്നാതെ നിസ്സഹായനായി അലഞ്ഞ ആ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തിന് തോന്നുന്നതാണ്.

ഇനി…

“പ്ലാവിലയെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കണം കച്ചവടം വർധിപ്പിക്കണം അടുത്ത ഓപ്പറേഷന് വേണ്ടി കാത്തിരിക്കുമ്പോഴും എന്‍റെ ആഗ്രഹം അത് മാത്രമാണ്,” അൻവർ ബാബുവിന്‍റെ വാക്കുകളില്‍ ഇപ്പോള്‍ പ്രതീക്ഷയും ആത്മവിശ്വാസവും ഒരുപാടുണ്ട്.

***

എല്ലാം സുഖപ്പെട്ട് കൂടുതല്‍ കരുത്തോടെ അന്‍വര്‍ ബാബുവിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. നന്മകള്‍, സ്നേഹം.

***
അന്‍വര്‍ ബാബുവിന്‍റെ ഫോണ്‍ നമ്പര്‍. 9400525255 / 9746019558 (WhatsApp)


ഇതുകൂടി വായിക്കാം: “അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം