ബിരിയാണിയും പൊറോട്ടയും കബാബുമടക്കം ചക്ക കൊണ്ട് 175 വിഭവങ്ങളുമായി സ്മിത: പ്രചോദനമായത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് 

ചക്കയുടെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആരോഗ്യകരവുമായ വിഭവങ്ങള്‍ തയ്യാറാക്കാമെന്ന് സ്മിത

ക്ഷണം, അത് ഏത് ദേശത്തെയാണെങ്കിലും സ്വന്തമാക്കി അഭിമാനിക്കാനുള്ള ഒരു പ്രത്യേക വഴക്കം നമുക്കുണ്ടല്ലോ. അങ്ങനെ പല വിദേശികളും വന്ന് തീന്‍മേശ കീഴടക്കുന്നുവെന്ന പരാതി നിലനില്‍ക്കുമ്പോഴും മിക്ക മലയാളിയുടെയും ഇഷ്ടങ്ങളുടെ ലിസ്റ്റില്‍ ചക്കയ്ക്ക് എന്നുമിടമുണ്ട്.

ചക്ക സീസണില്‍ ഗള്‍ഫ് യാത്ര ചെയ്യുന്ന മലയാളികളുടെ ബാഗില്‍ ചക്ക വിഭവങ്ങളില്ലാത്ത എത്ര ബാഗുണ്ടാകും? മാത്രമല്ല, ചക്ക മൂത്തിപ്പോള്‍ നമ്മുടെ ഔദ്യോഗിക ഫലവുമായിരിക്കുന്നു. എങ്കിലും ചക്ക കൊണ്ടുള്ള എത്ര വിഭവങ്ങള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകാം?

രണ്ട്, മൂന്ന്, അഞ്ച്? എങ്കില്‍ അങ്ങനെയല്ല തിരുവനന്തപുരം സ്വദേശിനി സ്മിത ചക്ക കൊണ്ട് 175-ല്‍ അധികം വിഭവങ്ങള്‍ ഉണ്ടാക്കും.

”ഹേ ബ്രോ, ഈ ചക്കയുണ്ടല്ലോ, ഒരു ഒന്നൊന്നര സംഭവാണ് ട്ടോ. പണ്ടൊക്കെ പറമ്പിലൊക്കെ ധാരാളം ചക്കയുണ്ടെങ്കിലും അതൊന്നു തിരിഞ്ഞു പോലും നോക്കാത്തവര്‍ക്ക് ഇപ്പോള്‍ അതിനോട് വല്ലാത്തൊരു ആരാധന. സംഭവം എന്താണെന്നോ? ചക്കയില്‍ വിഷമില്ല. മാത്രമല്ല പ്രമേഹത്തിന് ഒരുത്തമ ഔഷധവുമാണത്രേ.”

കേരളത്തിന്റെ സ്വന്തം സൂപ്പര്‍ ഡ്യൂപ്പര്‍ ഫൂഡിനെ പുകഴ്ത്തുന്നത് മറ്റാരുമല്ല ചക്കയില്‍ നിന്നും 175 ല്‍പരം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തയ്യാറാക്കിയ സ്മിത തന്നെ.

സ്മിത

”എന്‍റെ സ്വന്തം നാട് തിരുവനന്തപുരത്തിന് തെക്ക് ബാലരാമപുരത്താണ്. ചക്ക സുലഭമായി ലഭിക്കുന്ന തനി നാടന്‍ ഗ്രാമം. കുറെയൊക്കെ എരിശേരിക്കും, പുഴുക്കിനും, ഉപ്പേരിക്കുമൊക്കെ ഉപയോഗിക്കും. ചിലപ്പോള്‍ ഇടിച്ചക്ക തോരന്‍ വെയ്ക്കും. പക്ഷെ പിന്നെയും ധാരാളം ബാക്കി.

“ഒരു ചക്ക വെട്ടിയാല്‍ പകുത്ത് ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ നല്‍കും. പക്ഷെ നാട്ടിലെല്ലായിടത്തും ചക്ക സുലഭമായതുകൊണ്ട് അവര്‍ക്കൊന്നും കൂടുതലായി നല്‍കേണ്ടി വരില്ല. അന്നെന്‍റെ വീട്ടില്‍ പശുക്കളുള്ള കാലമാണ്. ബാക്കി വരുന്ന ചക്കയെല്ലാം വെട്ടി പശുവിന് കൊടുക്കും.

“കുറെക്കാലം കഴിഞ്ഞപ്പോള്‍ പശുക്കളെ വീട്ടില്‍ വളര്‍ത്താതായപ്പോള്‍ നമുക്ക് വീട്ടിലെ ആവശ്യത്തിന് ചക്ക എടുത്ത ശേഷം ബാക്കി മരം അടച്ച് ചക്ക കച്ചവടക്കാര്‍ക്ക് നല്‍കും… ചില വീട്ടുകാര്‍ ചക്ക അരിഞ്ഞു വില്‍ക്കും. ബാക്കി കുറെയൊക്കെ പഴുത്തും പോകും,” സ്മിത ചക്ക വിശേഷങ്ങള്‍ പങ്കുവെച്ചു തുടങ്ങുന്നു.

ചക്ക കബാബ്

”പക്ഷെ വിവാഹത്തിനു മുന്‍പൊന്നും പാചകത്തിനോട് എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. എന്നാല്‍ ചക്കകൊണ്ട് ഒരുപാട് വിഭവങ്ങളൊന്നും അന്ന് അമ്മ പരീക്ഷിച്ചും കണ്ടിട്ടില്ല. ചക്കകൊണ്ടെന്നല്ല അങ്ങനെ വലിയ പരീക്ഷണങ്ങളൊന്നും അമ്മ നടത്തിയിട്ടില്ല.

”2004-ലായിരുന്നു എന്‍റെ വിവാഹം. ടെക്നോപാര്‍ക്കിലാണ് ഭര്‍ത്താവ് ബിനുവിന് ജോലി. വിവാഹശേഷം ഞാന്‍ തിരുമലയിലെത്തി. അക്കാലത്ത് ഞാനൊരു സ്‌കൂള്‍ അധ്യാപികയായിരുന്നു. കണക്കായിരുന്നു എന്‍റെ വിഷയം. കുഞ്ഞുങ്ങളൊക്കെ ജനിച്ചതോടെ അധ്യാപിക ജോലി ഉപേക്ഷിച്ച് പൂര്‍ണസമയവും അവരോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി.

“കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങിയതോടെ ഞാന്‍ വീട്ടിലിരുന്നു മുഷിഞ്ഞു. ആ സമയത്താണ് ഫേസ്ബുക്കില്‍ കൃഷിത്തോട്ടമെന്ന ഗ്രൂപ്പില്‍ അംഗമാകുന്നത്. വെറുതേ ഒരു കൗതുകത്തിന് അംഗമായതാണ്. എന്നാല്‍ പെട്ടന്നു തന്നെ ഞാനവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. പിന്നെ അവര്‍ ഗ്രൂപ്പില്‍ നടത്തുന്ന എന്ത് ആക്ടിവിറ്റീസിലും ഞാന്‍ സജീവമായി പങ്കെടുത്തു തുടങ്ങി.”

ചക്ക ബിരിയാണി

സ്മിത ഗ്രൂപ്പില്‍ അംഗമായ സമയത്താണ് കൃഷിത്തോട്ടം ഗ്രൂപ്പ് ഫേസ്ബുക്കില്‍ വളരെ ആകര്‍ഷകമായൊരു പാചകമത്സരം നടത്തുന്നത്. ചക്കയാണ് വിഷയം. ചക്ക കൊണ്ട് ഏറ്റവും കൂടുതല്‍ വിഭവങ്ങളുണ്ടാക്കുന്നയാള്‍ മല്‍സരത്തില്‍ വിജയിക്കും.

അങ്ങനെ ആ മല്‍സരത്തിന്‍റെ ഭാഗമായാണ് സ്മിത വിഭവങ്ങള്‍ പരീക്ഷിച്ചു തുടങ്ങുന്നത്. ചക്ക ചിപ്സ്, ചക്കപ്പുഴുക്ക് എന്നിവയ്ക്ക് പുറമെ 175-ല്‍ പരം വിഭവങ്ങളാണ് സ്മിതയുടെ അടുക്കളയില്‍ നിന്ന് പുറപ്പെട്ടത്. ചക്കസദ്യ, ചക്ക പൊറോട്ട, ചക്ക ചപ്പാത്തി, ചക്ക അലുവ, ചക്ക ബിരിയാണി, മുറുക്ക്, കേക്ക് അങ്ങനെ വിഭവങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അത്.

വിഭവങ്ങളുടെ ഫോട്ടോയും റെസിപ്പിയുമായിരുന്നു മല്‍സരത്തിനു വേണ്ടി ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യേണ്ടിയിരുന്നത്. “ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു ആളുകള്‍ക്ക് ചക്കകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളെപ്പറ്റി വലിയ ധാരണയുണ്ടാകില്ലെന്ന്. പക്ഷെ പോസ്റ്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ മനസിലായി ചക്കയുടെ കൊണ്ട് എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്താമെന്ന്. അങ്ങനെ തോറ്റുപിന്മാറാന്‍ തയ്യാറല്ലെന്ന് ഞാന്‍ തീരുമാനിച്ചു.

“പിന്നെ നാട്ടില്‍ നിന്നും ബന്ധു വീടുകളില്‍ നിന്നുമൊക്കെ ചക്ക കൊണ്ടു വന്ന് പലതരം വിഭവങ്ങള്‍ തയ്യാറാക്കി. ചക്കച്ചുള കുടാതെ കുരു, ചകിണി, കുരുവിന്‍റെ പാട, കൂഞ്ഞില്‍ ഇതൊക്കെക്കൊണ്ടുള്ള വിഭവങ്ങള്‍ പരീക്ഷിച്ചു,”സ്മിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ചക്കയുടെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആരോഗ്യകരവുമായ വിഭവങ്ങള്‍ തയ്യാറാക്കാമെന്ന് സ്മിത: “കുട്ടികള്‍ക്കൊന്നും ഏറെ ഇഷ്ടമില്ലെങ്കിലും ചക്കയുടെ ഗുണം അവരമറിയണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ മുന്‍പൊക്കെ വീട്ടിലുപയോഗിച്ച് ബാക്കി വരുന്ന ചക്കച്ചുളയും ചക്കക്കുരുവുമൊക്കെ ഉണക്കി പൊടിച്ച് സൂക്ഷിക്കുമായിരുന്നു. ചക്കക്കുരു മണ്ണില്‍ കുഴിച്ചിട്ട് സീസണ്‍ അല്ലാത്തപ്പോള്‍ ഉപയോഗിക്കും.

“ഇപ്പോള്‍ കേരളത്തിലുല്‍പാദിപ്പിക്കപ്പെടുന്ന ചക്കയുടെ പകുതിയിലധികം പാഴായി പോകുകയാണ്. ചക്കപ്പൊടി കൊണ്ടൊക്കെ കുട്ടികള്‍ക്ക് വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ചക്കപ്പൊടി ചേര്‍ത്തുള്ള പുട്ട്, ചപ്പാത്തി ഇവ കുട്ടികള്‍ക്കും പ്രിയമാണ്.

”ചക്കവിഭവങ്ങള്‍ തയ്യാറാക്കാന്‍ ഭര്‍ത്താവ് ബിനുവും മക്കളായ ആരവും അവന്തികയും എപ്പോഴും എനിക്കൊപ്പമുണ്ട്. പിന്നെ പൊതുവേദിയിലൊക്കെ പങ്കെടുക്കാന്‍ ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും പ്രോല്‍സാഹനവും ഏറെയുണ്ട്. മാത്രമല്ല ബിനുവിന് ചക്ക വിഭവങ്ങള്‍ വളരെ പ്രിയമാണ് താനും. നല്ല രുചിയോടെ പാചകം ചെയ്യുന്ന ചക്ക വിഭവങ്ങള്‍ മക്കള്‍ക്കും ഏറെ ഇഷ്ടമാണ്. എന്‍റെ പാചകപരീക്ഷണങ്ങള്‍ നടത്തിയിരുന്നതും അവരിലായിരുന്നു,” സ്മിത ചിരിക്കുന്നു. പിന്നെ അയല്‍ക്കാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു.

“പൊതുവെ ക്ഷാര ഗുണമുള്ള ചക്ക വയറ്റിലെത്തിയാല്‍ കുടലിന്‍റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും, ദഹനം കൂട്ടും. മാത്രമല്ല അന്നജം,സോഡിസം,പൊട്ടാസ്യം എന്നിവ ചക്കയില്‍ സുലഭം.നിര്‍ജ്ജിലീകരണം തടയുമെന്നതിനാല്‍ വേനല്‍ക്കാലത്ത് ഉത്തമമാണ് ചക്ക. ക്ഷാര ഗുണമമുള്ളതിനാല്‍ അസിഡിറ്റിയ്ക്കും നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു,” സ്മിത വിവരിക്കുന്നു

ഹൊ എന്തോരു രുചി

”ചക്കച്ചുള കൊണ്ട് പൊറോട്ട ആയാലോ? കുരുമാറ്റിയ ചക്കചുള പ്രഷര്‍ കുക്കറില്‍ ഉപ്പിട്ട് വേവിച്ച് നന്നായി ഉടച്ചെടുക്കും. ഇതില്‍ വളരെ കുറച്ച് മൈദാമാവ് ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ കുഴയ്ക്കും. ചക്കയില്‍ തന്നെയുള്ള വെള്ളമാണ് മാവ് കുഴഞ്ഞു വരാന്‍ ഉപയോഗിക്കുന്നത്,” സ്മിത ചക്കകൊണ്ടൊരു ഹെല്‍ത്തി പൊറോട്ടയുടെ റെസിപി പറഞ്ഞുതന്നു.

“ചക്ക പെറോട്ടയ്ക്ക് എന്തൊരു ടേസ്റ്റാണെന്നോ?”

ചക്കകൊണ്ട് പൊറോട്ട

ചക്ക വിലയ്ക്കു വാങ്ങേണ്ടി വന്നു

”നാട്ടിന്‍പുറത്തെ എന്‍റെ വീട്ടില്‍ ചക്ക ധാരാളമായി ഉണ്ടായിരുന്നു. പക്ഷെ നഗരത്തിലേക്കു വന്നപ്പോള്‍ ചക്ക കിട്ടാന്‍ പാടായി. എങ്കിലും എന്‍റെ പാചകപരീക്ഷണങ്ങള്‍ക്കുള്ള ചക്ക ഞാന്‍ നാട്ടില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും കൊണ്ടുവരുമായിരുന്നു. മാത്രമല്ല തിരുമലയിലെ എന്‍റെ വീട്ടുമുറ്റത്ത് ധാരാളം ചക്ക പിടിക്കുന്ന ഒരു പ്ലാവുണ്ടായിരുന്നു. മൂത്തു പാകമാകുമ്പോള്‍ എന്‍റെ വീട്ടിലേക്ക് ആവശ്യമുള്ളത് എടുത്ത ശേഷം ബാക്കി ഞാന്‍ അയല്‍ക്കാര്‍ക്കും കൊടുക്കുമായിരുന്നു.

“പക്ഷെ കൃഷിത്തോട്ടം ഗ്രൂപ്പ് പാചകമല്‍സരത്തില്‍ പങ്കെടുത്തപ്പോള്‍ ഒരിക്കല്‍ എനിക്ക് ചക്ക വിലകൊടുത്തു വാങ്ങേണ്ടതായി വന്നു. പറഞ്ഞു വരുന്നത് അതല്ല,നാട്ടിന്‍പുറങ്ങളിലൊക്കെ ധാരാളമായി കായ്ക്കുകയും പകുതിയിലേറെ പാഴായി പോകുകയും ചെയ്യുന്ന നമ്മുടെ പ്രിയ വിഭവം വില കൊടുത്തു വാങ്ങേണ്ടി വന്നത് ഏറെ വിഷമകരമായ ഒരവസ്ഥയായിരുന്നു.

“മാത്രമല്ല വെറും അഞ്ചു രൂപയ്ക്കും മറ്റുമൊക്കെ വീടുകളില്‍ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന ചക്കയാണ് കിലോയ്ക്ക് നാല്പതു രൂപയൊക്കെ നല്‍കി പൊതുവിപണിയില്‍ നിന്നു വാങ്ങേണ്ടി വന്നത്.

‘ഞങ്ങളോടും ഒന്നു ഷെയര്‍ ചെയ്യടോ’

ചക്ക വിഭവങ്ങളൊക്കെ പരീക്ഷിച്ച് സ്മിത ഇപ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു സ്റ്റാര്‍ ആണു കേട്ടോ.
”കൂട്ടുകാരുടെ ഇടയിലൊക്കെ ഇത് സംസാരവിഷയമായി. എനിക്കും സന്തോഷം. ഇപ്പോള്‍ ഞാനവര്‍ക്കിത് ഉണ്ടാക്കുന്ന വിധം പറഞ്ഞു കൊടുക്കണമെന്നായി. കഴിഞ്ഞ ചക്കകാലത്താണ് ഞാനിതൊക്കെ പരീക്ഷിച്ചത്.

“പരീക്ഷണം തീര്‍ന്നപ്പോഴേക്കും ചക്കയെല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ ഇതൊക്കെ പാചകം ചെയ്യുന്ന വിധം എങ്ങനെ പറഞ്ഞു കൊടുക്കും. അവരുടെ ആവശ്യം അടുത്ത ചക്കക്കാലത്തേക്ക് ഞാന്‍ മാറ്റിവെച്ചിരിക്കുകയാണ്,”സ്മിത പറഞ്ഞു.

കൃഷിത്തോട്ടം ഗ്രൂപ്പിലേക്ക്

”ഞാന്‍ നേരത്തേ പറഞ്ഞല്ലോ വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളുമൊക്കെയായി ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് കൃഷിത്തോട്ടം ഗ്രൂപ്പില്‍ ഞാന്‍ സജീവമാകുന്നത്. …വിഷമില്ലാത്ത പച്ചക്കറികള്‍ നമുക്ക് സ്വന്തായി ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ നമ്മുടെ ചെറിയ അറിവുകളും വിവരണങ്ങളും കൈമാറുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഗ്രൂപ്പിനുള്ളത്.”

കൃഷിയുമായി ബന്ധമില്ലാത്ത പോസ്റ്റുകളും മറ്റ് അനാവശ്യ ഇടപടലുകളും ഈ ഗ്രൂപ്പ് കര്‍ശനമായി ഒഴിവാക്കും. ഇത്തരം നിയമങ്ങളാണ് ആ ഗ്രൂപ്പിലേക്ക് ആകര്‍ഷിച്ചതെന്ന് സ്മിത പറയുന്നു. ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വളരെവേഗം അവര്‍ സജീവമായി. സംഘടനകളും മറ്റും നടത്തുന്ന പാചകമേളകളിലും സ്മിത ചക്കപ്പെരുമയുമായി എത്തി. കൃഷിയില്‍ അധികം പരിചയമില്ലാത്ത അവര്‍ ആ ഗ്രൂപ്പില്‍ അംഗമായതോടെ കൃഷിയും പരീക്ഷിച്ചു തുടങ്ങി.

ഗ്രൂപ്പംഗങ്ങള്‍ അയച്ചുകൊടുത്ത പച്ചക്കറി വിത്തുകള്‍ കൊണ്ട് ടെറസിലായിരുന്നു കൃഷി തുടങ്ങിയത്. ഗ്രൂപ്പിലെ ഓണത്തിനൊരുമുറം പച്ചക്കറി എന്ന ചാലഞ്ചിലും പങ്കെടുത്തു.

”എന്നാല്‍ ഇത്തവണത്തെ ഓണത്തിനൊരു മുറം പച്ചക്കറിയെന്ന ആശയം പാതി വെള്ളത്തിലായി. കേരളത്തിലുടനീളം ഗ്രൂപ്പിലൂടെ വിത്തുകള്‍ വിതരണം ചെയ്യുകയും മല്‍സരം സജീവമായി നടക്കുകയും ചെയ്ത സമയത്താണ് കാലവര്‍ഷം സംഹാരതാണ്ഡവമാടിയത്. പല ജില്ലകളിലെയും കൃഷിയെ അത് കാര്യമായി ബാധിച്ചു,” ഗ്രൂപ്പിന്‍റെ നല്ലൊരു  ആശയത്തെ പ്രളയം ബാധിച്ചതിനെപ്പറ്റി ഏറെ സങ്കടത്തോടെയാണ് സ്മിത വിവരിച്ചത്.


ഇതുകൂടി വായിക്കാം:പഞ്ചസാര ചേര്‍ക്കാത്ത പായസം കഴിച്ച പ്രസിഡണ്ട് ചോദിച്ചു, ‘പോരുന്നോ എന്‍റെ കൂടെ?’ 


മഴ മാറിയതോടെ കൃഷിത്തോട്ടം ഗ്രൂപ്പ് കേരളത്തിലുടനീളമുള്ള അംഗങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കും പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു,തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നടന്ന തൈവിതരണത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

”കൃഷിത്തോട്ടം ഗ്രൂപ്പ് സൗജന്യമായാണ് വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്. പോസ്റ്റുവഴി വിതരണം ചെയ്യുന്നതു കൂടാതെ മൊബൈല്‍ നേഴ്സറി വഴിയും തൈകളും വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാര്‍ക്ക് പണം നല്‍കിയും ഇവ സ്വന്തമാക്കാനുള്ള സൗകര്യം ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല കൃഷിബോധവല്‍ക്കരണ പരിപാടികള്‍ക്കൊക്കെയായി കേരളത്തിലൂടനീളം ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന മീറ്റിംഗുകളിലൊക്കെ ഞാനും പങ്കാളിയാകാറുണ്ട്,” തന്നെ ചക്കയുടെ വൈവിധ്യങ്ങളിലേക്കും വിഷരഹിത പച്ചക്കറിക്കൃഷിയിലേക്കും കൈപിടിച്ചുകൊണ്ടുവന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെപ്പറ്റി പറയുമ്പോള്‍ സ്മിതയ്ക്ക് നൂറ്‌നാവ്.

സ്മിത തയ്യാറാക്കിയ ചക്ക വിഭവങ്ങളില്‍ ചിലത്.

”കൃഷിത്തോട്ടം ഗ്രൂപ്പില്‍ നിന്നു കിട്ടിയ ഒരു മുറം പച്ചക്കറി വിത്ത് നട്ടു നനച്ച് ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. എന്‍റെ ടെറസില്‍ തക്കാളിയും വെണ്ടയ്ക്കയുമൊക്കെ നിറയെ കായ്ച്ചു നില്‍ക്കുന്നു. ഇത് കാണുമ്പോള്‍ എത്ര നേരത്തേ ഞാനിതൊക്കെ ചെയ്യേണ്ടിയിരുന്നു എന്നു കരുതും. ഇപ്പോഴെങ്കിലും ഇതിനായി സമയം നീക്കിവെക്കാനും മറ്റുള്ളവരേ ബോധ്യപ്പെടുത്തി കഴിയുന്നുണ്ടല്ലോ. ഒരാത്മ സംതൃപ്തി വന്നു തുടങ്ങിയിരിക്കുന്നു,”സ്മിത പറയുന്നു.


ഇതുകൂടി വായിക്കാം: നഷ്ടം വന്ന് അച്ഛന്‍ കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന്‍ വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു പ്രദീപിന്‍റെ കാര്‍ഷിക സംരംഭം


ഫോട്ടോ കടപ്പാട്: സ്മിത
കൃഷിത്തോട്ടം ഗ്രൂപ്പിന്‍റെ പേജ് സന്ദര്‍ശിക്കാം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം