ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും

ദുരിതത്തിലായവരുടെ വീടുകളില്‍ ഭക്ഷണക്കിറ്റ് എത്തിക്കാന്‍ പോയപ്പോള്‍ ഫൈസല്‍ ഫൈസുവും സുഹൃത്തും മറ്റൊരു യാഥാര്‍ത്ഥ്യം കൂടി അറിഞ്ഞു.

“എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‍റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്.

“വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്‍കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് ആ ഫോണ്‍ കോള്‍ വന്നത്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

“അജയന്‍ ബാബു എന്ന സുഹൃത്ത് ആണ് വിളിച്ചത്. കാര്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ കൊറോണ സാഹചര്യം അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ മാത്രം അല്ല ഇങ്ങനെ ഒറ്റപ്പെട്ട് അകപ്പെട്ട് പോയ അനേകം പേര്‍ ഭക്ഷണം പോലും ഇല്ലാതെ കഴിയുന്നുവെന്ന് പറഞ്ഞു.

ഫൈസല്‍ ഫൈസു

” ‘ശരി നോക്കട്ടെ’ എന്നുപറഞ്ഞ അജയന്‍ അദ്ദേഹം കൂടി പ്രവര്‍ത്തിക്കുന്ന അഭയ് ലോക ബുദ്ധിസ്റ്റ് കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടു. 20 ആളുകള്‍ക്ക് ഉള്ള ഭക്ഷണക്കിറ്റ് സംഘടിപ്പിച്ച് തന്നു,” ഫൈസല്‍ ഫൈസു പറയുന്നു.

അരിയും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ ആ കിറ്റുമായി ഫൈസലും സുഹൃത്ത് ശില്പയും ദുരിതത്തിലായവരുടെ വീടുകളില്‍ എത്തിക്കാന്‍ പോയപ്പോള്‍ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി അറിഞ്ഞു.

“20 പേര്‍ മാത്രമല്ല അതില്‍ കൂടുതല്‍ പേര്‍ ഒറ്റപ്പെട്ട് അന്നം പോലും ഇല്ലാതെ എറണാകുളത്ത് കഴിയുന്നുവെന്ന്. 20 ആള്‍ടെ കിറ്റുകള്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ 40 ആക്കി. അറിഞ്ഞറിഞ്ഞ് വരുമ്പോ കൂടുതല്‍ ആളുകള്‍ ഇങ്ങിനെ ഉണ്ടെന്നറിയുന്നു. എറണാകുളം മാത്രമല്ല മറ്റ് ജില്ലകളിലും. എന്ത് ചെയ്യും എന്നറിയില്ല,” ഫൈസല്‍ ഫൈസു ഏറെ വേദനയോടെ പറഞ്ഞു.

പ്രതിസന്ധിയെക്കുറിച്ചറിഞ്ഞ എറണാകുളത്തെ ‘ഇ ഉന്നതി ഫൗണ്ടേഷ’ന്‍റെ ഡോക്ടര്‍ ബിന്ദു സത്യജിത്ത് കുറച്ചുപേര്‍ക്ക് ഭക്ഷണക്കിറ്റ് എത്തിച്ചുനല്‍കി. ഒപ്പം കുറച്ച് വസ്ത്രങ്ങളും.

ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവര്‍ക്ക് ആശ്വാസം

“സാമൂഹൃ നീതി വകുപ്പിന്‍റെ കാര്‍ഡുള്ളവരും കാര്‍ഡില്ലാത്തവരും കമ്യൂണിറ്റിയില്‍ ഉണ്ട്. കാര്‍ഡ് ഉള്ളവര്‍ക്കാണെങ്കില്‍ അതാത് ജില്ലകളിലാണ് റേഷന്‍-ഭക്ഷ്യ കിറ്റുകള്‍ ലഭിക്കുക. പക്ഷേ, പല ജില്ലകളിലായി അകപ്പെട്ടുപോയവവര്‍ എന്ത് ചെയ്യും? അങ്ങിനെ ഒറ്റപ്പെട്ടവര്‍ക്കാണ് കുറച്ച് നല്ല മനസ്സുള്ളവരുടെ കരുണയാല്‍ ഈ ഭക്ഷണക്കിറ്റ് എത്തിച്ച് കൊടുക്കാനായത്,” ഫൈസല്‍ വിശദമാക്കി.

“ഏത് ദുരന്തം ഉണ്ടായാലും അതിന്‍റെ ആദ്യ ഇരകളാകുക ഏറ്റവും പിന്നാക്കം നില്ക്കുന്ന സമുദായങ്ങളാകും. അങ്ങിനെയാണ് ഞാന്‍
കൊറോണ ദുരിത കാലത്ത് ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ സാഹചര്യങ്ങള്‍ ഫൈസലിനെ വിളിച്ച് അന്വേഷിച്ച”തെന്ന് അജയന്‍ ബാബു പറഞ്ഞു.

“ഹൈദരാബാദിലെ ഉപരി പഠന വേളയില്‍ തന്നെ ട്രാന്‍സ് കമ്മ്യൂണിറ്റിയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് ഇവരുടെ സാമൂഹ്യ സാഹചര്യം നന്നായി അറിയാം,” അജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയൊരു നല്ല കാര്യത്തിന് കൂട്ടുനില്‍ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഫൈസലിന്‍റെ സുഹൃത്തായ ശില്പ പറഞ്ഞു.

“സര്‍ക്കാര്‍ ആവുന്നത്ര കാര്യങ്ങള്‍ പല മേഖലയിലും ചെയ്യുന്നുണ്ട്… എന്നാല്‍ ഇങ്ങിനെ ചില സവിശേഷ ചുറ്റുപാടില്‍ ഒറ്റപ്പെട്ടവരാണ് ലോക്കായിപ്പോയത്, അവിടെയാണ് കുറച്ച് ഭക്ഷ്യ സുരക്ഷ കിറ്റ് എത്തിക്കാനായതെന്നും” ശില്പ കൂട്ടിച്ചേര്‍ക്കുന്നു.

ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവര്‍ക്ക് ആശ്വാസം

“തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറത്ത് ചാലില്‍ മുഹമ്മദിന്‍റെയും ബീവാത്തുവിന്‍റെയും സന്താനമായാണ് എന്‍റെ ജനനം. 6 സഹോദങ്ങള്‍ ഉണ്ടായിരുന്നതില്‍ ഒരു അനിയന്‍ രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവും മരണപ്പെട്ടു. കുറെ നാള്‍ കോണ്‍ക്രീറ്റ് പണി ചെയ്ത ശേഷം രാജ്യത്ത് നടക്കുന്ന വിവേചനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു,” ട്രാന്‍സ് കമ്യൂണിറ്റിയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി-മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പല തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫൈസല്‍ ഫൈസു പറഞ്ഞു.

കേരള ക്വുയര്‍ പ്രൈഡ് സ്ഥാപക അംഗമായ ഫൈസല്‍ ഫൈസു 2016-’17-ല്‍ ഫാദര്‍ എം.ജെ ജോസഫ് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരവും, 2017-’18-ല്‍ പോണ്ടിച്ചേരി ‘ആരണ്യ’യുടെ ബയോഡൈവേഴ്‌സിറ്റി അവാര്‍ഡും 2018-ല്‍ കേരള സാമൂഹ്യ നീതി വകുപ്പിന്‍റെ മികച്ച സാമൂഹിക ഇടപെടലിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.


സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം