ഏതാനും വര്‍ഷങ്ങളായി വയനാട്ടിലെ ബത്തേരി ഗവ. ആയൂര്‍വേദ ആശുപത്രിയിലെ പതിവുകാരനാണ് രാജഗോപാല്‍. എന്നും ഉച്ചയ്ക്ക് കൃത്യം 12.30-ന് രാജഗോപാല്‍ ആശുപത്രി മുറ്റത്തുണ്ടാകും.
തനിച്ചല്ല, രവികുമാറും ഒപ്പമുണ്ടാകും. ആശുപത്രി മുറ്റത്തും വരാന്തകളിലും ജനല്‍പാളികള്‍ക്കുമപ്പുറം ഒരുപാട് പേരാണ് ഇവരുടെ വരവും കാത്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങായി ആശുപത്രിയിലെ വിശക്കുന്ന വയറുകള്‍ക്ക് ഉച്ചയൂണുമായാണ് രാജഗോപാല്‍ വരുന്നത്.
നല്ല കുത്തരിച്ചോറും സാമ്പാറും അവിയലുമൊക്കെയായി രാജഗോപാലും രവികുമാറും ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയാല്‍ പിന്നെയൊരു മേളമാണ്. സ്റ്റീല്‍ പാത്രങ്ങളും തൂക്കുപാത്രങ്ങളുമൊക്കൊയി ആശുപത്രി മുറിക്കുള്ളില്‍ നിന്ന് പലരും ഓടി വരും.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
നീണ്ട ക്യൂവിന് മുന്നില്‍ ഭക്ഷണം വിളമ്പി നില്‍ക്കുന്ന രാജഗോപാലിന് അരികിലേക്ക്.
“കൊറോണയും ലോക്ക് ഡൗണും അല്ലേ… ആശുപത്രിയില്‍ പോയിട്ടിപ്പോ കുറച്ചേറെ ദിവസങ്ങളായി,” വയനാട് സുല്‍ത്താന്‍ ബത്തേരി മാടക്കര സ്വദേശിയായ രാജഗോപാല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യമായി ഭക്ഷണം നല്‍കാന്‍ തുടങ്ങിയിട്ടിപ്പോള്‍ ഏപ്രില്‍ 10 ന് കൃത്യം അഞ്ച് വര്‍ഷം തികഞ്ഞു. എന്നാല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്നതിന് മുന്‍പ് കുറച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു.
“വയനാട്ടിലെ ജലനിധി പദ്ധതിയിലെ ക്ലീറ്റസ് ആന്‍റണി എന്ന എന്‍ജിനീയറുമായി നല്ല സൗഹൃദമായിരുന്നു. ആ പരിചയമാണ് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നിക്കുന്നത്.
“ക്ലീറ്റസും ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ ചെയ്തിരുന്ന ആളാണ്. ക്ലീറ്റസിനൊപ്പം ജയില്‍, ആശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്ലീറ്റസിനെ പരിചയപ്പെട്ടത്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനൊരു മനസുണ്ടാകുന്നത് അദ്ദേഹവുമായുള്ള സൗഹൃദത്തിലൂടെയാണ്.
“ബത്തേരി താലൂക്ക് ആശുപത്രിയില്‍ ക്ലീറ്റസ് ഭക്ഷണം നല്‍കിയിരുന്നു. ആള്‍ക്കൊപ്പം ഞാനും ഇടയ്ക്കിടെ പോകും. പിന്നീട് ഭക്ഷണ വിതരണം സ്വയം ചെയ്തു തുടങ്ങുകയായിരുന്നു,” അദ്ദേഹം പറയുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയൂര്‍വേദ ആശുപത്രിയില്‍ കുറച്ചു ദിവസം കിടക്കേണ്ടി രാജഗോപാലിനും കിടക്കേണ്ടി വന്നു. ആ ദിവസങ്ങളിലാണ് ആശുപത്രിയിലെ രോഗികളുടെ അവസ്ഥകളൊക്കെ നേരിട്ട് മനസിലാക്കുന്നത്.
“വളരെ ദരിദ്രരായവരാണ് ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വരുന്നത്. ഏറെയും തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ വരുന്നവരുമാണ്. വയനാട്ടില്‍ നിന്നുള്ള രോഗികള്‍ വളരെ കുറവായിരുന്നു. പിന്നെയുള്ളത് പുറംജില്ലകളില്‍ നിന്നുള്ളവരും.
“എഴുന്നേറ്റ് നടക്കാനൊക്കെ ബുദ്ധിമുട്ടുള്ള രോഗികളുണ്ടാകുമല്ലോ അവര്‍ക്കൊപ്പം രണ്ടു കൂട്ടിരിപ്പുകാര്‍ വേണ്ടി വരും. ഇവര്‍ക്കൊക്കെ ഭക്ഷണം വേണമല്ലോ. പുറമേ നിന്നു വാങ്ങി കഴിക്കാനുള്ള സാമ്പത്തികമൊന്നും ഇവരുടെ കൈയിലുണ്ടാകില്ല.
“ആശുപത്രിയില്‍ ഒരാഴ്ച കിടന്ന ദിവസങ്ങളിലാണിതൊക്കെ തിരിച്ചറിയുന്നത്. രാത്രിയില്‍ ഒരു കുഞ്ഞിന് ബ്രെഡോ മറ്റോ വാങ്ങാന്‍ അന്ന് ഒരു കിലോമീറ്റര്‍ ദൂരം നടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഹര്‍ത്താല്‍ ദിവസം എന്തോ ആയിരുന്നു.” അങ്ങനെയുള്ള അനുഭവങ്ങളൊക്കെ രാജഗോപാലിന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചു.
രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നു കഞ്ഞി നല്‍കുമായിരുന്നു. പക്ഷേ രോഗിയുടെ കൂടെ പരിചരിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് പുറമേ നിന്നു വാങ്ങി കഴിക്കണം.
“കഞ്ഞിയും പയറുമാണ് നല്‍കുന്നത്. റേഷനരി കൊണ്ടുള്ള കഞ്ഞിയല്ലേ പലരും കഴിക്കാറുമില്ല. അന്നെനിക്ക് മനസില്‍ തോന്നിയത് കുറച്ചു കുത്തരിക്കഞ്ഞിയുണ്ടാക്കാന്‍ അരി നല്‍കിയാലോ എന്നാണ്.
“നെല്‍കൃഷിയുണ്ടല്ലോ. കുറച്ച് കുത്തരി കൊടുത്താല്‍ മതിയല്ലോ. അങ്ങനെ ഡോക്റ്ററോട് ചോദിച്ചു, ഞാന്‍ കുറച്ചു കുത്തരി നല്‍കിയാല്‍ കഞ്ഞിയുണ്ടാക്കി ഇവിടുള്ളവര്‍ക്ക് കൊടുക്കാമോയെന്ന്.
“അതുകേട്ട് ഡോ.മുരളീകൃഷ്ണ ദേവ് പറഞ്ഞത്, അങ്ങനെയാണെങ്കില്‍ രാജേട്ടാ നിങ്ങള്‍ അരി നല്‍കേണ്ട, ചോറാക്കി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചൂടേയെന്ന്.” ഡോക്റ്ററും സഹകരിക്കാമെന്ന് വാക്കുകൊടുത്തു. ആ വാക്കുകേട്ടാണ് ‘രണ്ടും കല്‍പ്പിച്ച്’ ഭക്ഷണമുണ്ടാക്കി നല്‍കാന്‍ തുടങ്ങിയതെന്ന് രാജഗോപാല്‍.
ആദ്യ ഒരു വര്‍ഷക്കാലം ആശുപത്രിയിലെ അടുക്കളയില്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. രാവിലെ രാജഗോപാല്‍ ആശുപത്രിയിലെത്തി പാചകം ചെയ്ത് എല്ലാവര്‍ക്കും നല്‍കി, പാത്രങ്ങളും അടുക്കളയുമൊക്കെ വൃത്തിയാക്കി തിരിച്ചുപോരും. അതായിരുന്നു പതിവ്.
“പിന്നീട് ആ ശ്രമങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു. സര്‍ക്കാര്‍ ആശുപത്രിയല്ലേ. ചില അസൗകര്യങ്ങളൊക്കെ വന്നു. കിച്ചന്‍ ഉപയോഗിക്കാന്‍ അനുവാദം കിട്ടിയില്ല. അങ്ങനെ ഇതൊക്കെ അവസാനിപ്പിക്കാമെന്നു കരുതി, വേറെ വഴിയില്ലല്ലോ,” രാജഗോപാല്‍ പറയുന്നു.
വീട്ടില്‍ വന്നു ഭാര്യ കൈരളിയോട്യോ ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ മറ്റൊരു വഴി പറഞ്ഞു. ‘നമുക്ക് ഭക്ഷണമുണ്ടാക്കി ഒരു വണ്ടിയില്‍ ആശുപത്രിയിലെത്തിച്ചാല്‍ പോരേ’ എന്ന് കൈരളിയുടെ ആശ്വാസവാക്ക്.
“കൈരളി പറഞ്ഞതു കേട്ടപ്പോ ശരിക്കും ഞെട്ടിപ്പോയി. ഭക്ഷണം നല്‍കുന്നത് നിറുത്തിയാല്‍ നന്നായെന്നു പറയുമെന്നാ കരുതിയത്. പക്ഷേ അവളുടെ മറുപടി കേട്ട് അത്ഭുതമാണ് തോന്നിയത്,” രാജഗോപാല്‍ സന്തോഷത്തോടെ പറയുന്നു.
“ഇപ്പോ അഞ്ചു വര്‍ഷമായി. ഇതുവരെ ഒറ്റ ദിവസം പോലും മുടങ്ങിയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഞായറാഴ്ചകളിലും അവധി ദിവസവുമൊക്കെ ഭക്ഷണം നല്‍കുന്നുണ്ട്. ബന്ധുവീടുകളിലെ സന്ദര്‍ശനം, വിവാഹച്ചടങ്ങുകള്‍, വിശേഷ അവസരങ്ങള്‍, അങ്ങനെ വ്യക്തിപരമായ പല സന്തോഷങ്ങളും അവര്‍ ഇതിനായി മാറ്റിവെയ്ക്കുന്നു.
“365 ദിവസവും കൃത്യമായി പന്ത്രണ്ടര മണിക്ക് ഭക്ഷണമെത്തിക്കുക. അതുമാത്രമാണ് ചിന്ത. ദിവസവും വൈകുന്നേരം ആറു മണിയോടു കൂടി പാചകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പിറ്റേ ദിവസത്തേക്കുള്ള പച്ചക്കറി കഷ്ണങ്ങളാക്കലും തേങ്ങ ചിരവുന്നതും വറുക്കുന്നതുമൊക്കെ ചെയ്തു വയ്ക്കും.
“പിറ്റേന്ന് രാവിലെ ആറു മണിക്ക് പാചകം ആരംഭിക്കും. പതിനൊന്നര മണിയാകുമ്പോഴേക്കും ഭക്ഷണം എല്ലാം തയാറായിക്കാണും. 12 മണിക്ക് രവികുമാര്‍ ഓട്ടോറിക്ഷയുമായി വരും. കൃത്യം 12.30 വിളമ്പിത്തുടങ്ങും.”
വര്‍ഷങ്ങളായി തുടരുകയാണ്. അതിനൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. രവികുമാറിന് നല്‍കുന്ന വാടകയും എല്ലാ ചെലവുകളും അടക്കം ആശുപത്രിയില്‍ വിളമ്പുന്ന ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ ചെലവ് 3,000 രൂപ വരുമെന്ന് രാജഗോപാല്‍. ചോറിനൊപ്പം സാമ്പാറും അവിയലും പച്ചടിയും പപ്പടവും ഉപ്പേരിയുമൊക്കെയാണ് നല്‍കുന്നത്.
ചില ദിവസങ്ങളില്‍ പായസവുമുണ്ടാകും. പിറന്നാളിനും മറ്റും സ്പോണ്‍സര്‍ ചെയ്യുന്നവരാണ് മധുരത്തിനുള്ള ഫണ്ട് നല്‍കുന്നത്. ഒരു ദിവസം 150 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
“ബാക്കി വന്നാലും ഇതുവരെ ഭക്ഷണം തികയാതെ വന്നിട്ടില്ല. ബാക്കിയാകുന്ന ഭക്ഷണം ആശുപത്രിക്ക് സമീപം വിതരണം ചെയ്യുകയാണ് പതിവ്. എന്‍റെയൊരു സുഹൃത്തുണ്ട് ശശിയേട്ടന്‍, ആള് അതൊക്കെ നോക്കി കൊള്ളൂം,” അദ്ദേഹം കൂട്ടിച്ചേക്കുന്നു.
“അഞ്ച് കൊല്ലമായി രാജേട്ടനൊപ്പം ആശുപത്രിയില്‍ ഭക്ഷണം കൊടുക്കാന്‍ പോകുന്നുണ്ട്,” രാജഗോപാലിന്‍റെ സ്ഥിരം ഓട്ടോറിക്ഷ ഡ്രൈവറായ രവികുമാര്‍ പറയുന്നു.
“ഞങ്ങള്ടെ വീട് തമ്മില്‍ രണ്ട് കീലോമീറ്ററിന്‍റെ അകലമേയുള്ളൂ. ചീരാളി വില്ലെജില്‍ താഴത്തൂരാണ് എന്‍റെ വീട്. ആശുപത്രിയില്‍ ഭക്ഷണം കൊടുത്തു തുടങ്ങും മുന്‍പേ രാജേട്ടനെ അറിയാം. ആള്‍ക്ക് വേണ്ട് ഓട്ടം പോകാറുണ്ടായിരുന്നു. അങ്ങനെയൊരു ദിവസം ‘ഹോസ്പിറ്റലില്‍ ചോറു കൊടുക്കണമെന്നുണ്ട് രവീ…’ എന്നൊക്കെ പറഞ്ഞ് വര്‍ത്തമാനം പറഞ്ഞപ്പോ ഞാനും ‘കൊടുത്തുകളയാം’, എന്നു പറഞ്ഞു.”
അങ്ങനെയാണ് രാജഗോപാലിനൊപ്പം രവിയും കൂട്ടുപോകുന്നത്.
“ഞങ്ങള്‍ക്ക് നെല്‍കൃഷിയുണ്ട്.. അധികമൊന്നുമില്ല ഒരേക്കര്‍ നെല്ല്,” രവി തുടരുന്നു. “അങ്ങനെ ഇടയ്ക്ക് അരി കൊടുക്കാറുണ്ട്. പറ്റുന്നപോലെ പച്ചക്കറിയൊക്കെ കിട്ടുമ്പോ രാജേട്ടനെ ഏല്‍പ്പിക്കും. എന്‍റെ വീട്ടുകാര്‍ക്കും ഇതൊക്കെ ചെയ്യുന്നത് ഇഷ്ടമാണ്. രാജേട്ടന് അത്യാവശ്യം വല്ലോം വന്നാല്‍ ഭക്ഷണം കൊണ്ടുപോകലും കൊടുക്കലുമൊക്കെ ഞാന്‍ തന്നെ ചെയ്യാറുണ്ട്.
“ആയൂര്‍വേദ ആശുപത്രിയില്‍ ഭക്ഷണം നല്‍കാന്‍ മാത്രമല്ല എല്ലാത്തിനും രജേട്ടനൊപ്പം ഞാനുണ്ടാകും. രാജേട്ടന്‍ എവിടേലും പോവുകയാണെങ്കിലും ഞാന്‍ പോയാലും പരസ്പരം ഞങ്ങള്‍ പറയും. ആശുപത്രിയിലുള്ളവര്‍ക്ക് മാത്രമല്ല സഹായങ്ങള്‍ നല്‍കുന്നത്. സാമ്പത്തികമായി അത്ര നല്ല അവസ്ഥിയിലല്ലാത്ത വീട്ടുകാരെയും സഹായിക്കാറുണ്ട്. ഓരോ മാസവും രണ്ടു മൂന്നു വീട്ടുകാര്‍ക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ ഞങ്ങള്‍ കൊണ്ടുകൊടുക്കുന്നുണ്ട്,” രവികുമാര്‍ വ്യക്തമാക്കി.
ഇതുകൂടി വായിക്കാം: ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്‍റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം
“രവികുമാര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മാത്രമല്ലെനിക്ക്,” രവി നല്‍കുന്ന പിന്തുണയെക്കുറിച്ച് പറയുമ്പോള്‍ രാജഗോപാലിന്‍റെ വാക്കുകളില്‍ സ്നേഹം നിറയുന്നു. “എല്ലാ കാര്യങ്ങളിലും രവി എനിക്കൊപ്പം നില്‍ക്കുന്നയാളാണ്. ഉച്ചഭക്ഷണം വിളമ്പുന്ന നേരത്ത് 1,000 രൂപയുടെ ഓട്ടം കിട്ടിയാല്‍ അതുപോലും വേണ്ടെന്നു വയ്ക്കും മൂപ്പര്.
“ഭക്ഷണം വിളമ്പാനും ഒപ്പമുണ്ടാകും. അത്രയ്ക്ക് അത്യാവശ്യ സാഹചര്യമാണെങ്കില്‍ മറ്റൊരു ഓട്ടോറിക്ഷക്കാരനെ കാര്യങ്ങള്‍ ഏല്‍പ്പിച്ചതിനു ശേഷമേ രവികുമാര്‍ പോകൂ.
“രവിക്ക് സാധിക്കുന്ന പോലെ സഹായിക്കാറുണ്ട്. എവിടെ നിന്നെങ്കിലും വാഴക്കുലയോ പച്ചക്കറികളോ കിട്ടിയാല്‍ കൊണ്ടു തരും,” ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിച്ച കാലം തൊട്ട് രവികുമാര്‍ രാജഗോപാലിനൊപ്പമുണ്ട്.
ദിവസവും ഒരുപാട് ആളുകള്‍ നേരിട്ടും ഫോണിലൂടെയും ആശംസകളും അഭിനന്ദനങ്ങളുമൊക്കെ രാജഗോപാലിനെ അറിയിക്കാറുണ്ട്. പക്ഷേ സാമ്പത്തികമായി സഹായിക്കുന്നവര്‍ കുറവാണ്.
എല്ലാ മാസവും സാമ്പത്തികമായി സഹായിക്കുന്ന അഞ്ച് സ്പോണ്‍സര്‍മാരുണ്ടെന്നു രാജഗോപാല്‍. എല്ലാ മാസവും ഒന്നാം തിയതി മുളക്കശ്ശേരിയില്‍ കോശി 3,000 രൂപ അയച്ചു നല്‍കും. ഡല്‍ഹിയില്‍ ഏതോ സ്വകാര്യ കമ്പനിയിലാണ് കോശിക്ക് ജോലി.
“കഴിഞ്ഞ മൂന്നു വര്‍ഷമായി കൃത്യമായി ഒന്നാം തിയതി കാശ് കിട്ടുന്നുണ്ട്. മാത്രമല്ല ആള് വര്‍ഷത്തില്‍ രണ്ട് ദിവസം വയനാട്ടേക്ക് വരും. എന്‍റെ വീട്ടിലായിരിക്കും താമസം. ഭക്ഷണവുമായി ആശുപത്രിയില്‍ പോകുമ്പോ ആളും കൂടെ വരും.
“പിന്നെയൊരു നാരായണന്‍. പറശ്ശിനിക്കടവ്കാരനാണ്. റെയ്ല്‍വേയില്‍ നിന്നു വിരമിച്ചതാണ്. മാസത്തിലൊരു ദിവസം നാരായണനാണ് ഭക്ഷണത്തിന്‍റെ സ്പോണ്‍സര്‍.
“എല്ലാ മാസവും മൂന്നാം തിയതിയിലേക്കുള്ള ഭക്ഷണം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബാംഗ്ലൂര്‍കാരന്‍ കെ.പി.സനലാണ്. ഇടുക്കി സ്വദേശി കെ.ടി. ബിജിനും ആലപ്പുഴയിലെ നന്മ ചാരിറ്റബിള്‍ ട്രസ്റ്റും സഹായിക്കുന്നുണ്ട്.
“എല്ലാ ഒമ്പതാം തിയതികളിലും ബിജിനും എട്ടാം തിയതി നന്മക്കാരുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബാക്കി ദിവസങ്ങളിലെ ചെലവ് ഞാന്‍ തന്നെയാണ് നോക്കുന്നത്. ചില ദിവസങ്ങളിലൊക്കെ വേറെയും ആളുകള്‍ സ്പോണ്‍സര്‍ ചെയ്യാറുണ്ട്. പക്ഷേ അതൊന്നും സ്ഥിരമല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുല്‍ത്താന്‍ ബത്തേരിയില്‍ ജനിച്ചു വളര്‍ന്നതാണെങ്കിലും രാജഗോപാലിന്‍റെ അച്ഛനും അമ്മയുമൊക്കെ കോഴിക്കോട്ടുകാരാണ്. അച്ഛന്‍ ദാമോദരന്‍ പട്ടാളത്തിലായിരുന്നു. ആര്‍മി കോളനിക്കാരായി വയനാട്ടിലേക്ക് വന്നതാണിവര്‍. അമ്മാളുഅമ്മയാണ് അമ്മ.
കൃഷിയാണ് ഇദ്ദേഹത്തിന്‍റെ വരുമാനം. കാപ്പിയും നെല്ലും കുരുമുളകുമാണ് പ്രധാന കൃഷി. രണ്ട് മക്കളുണ്ട്. രമ്യയും രതീഷ് ബാബുവും.
“രതീഷ് പട്ടാളത്തിലാണ്. വീട്ടുചെലവിന് അവന്‍ തരക്കേടില്ലാത്ത തുക തരുന്നുണ്ട്. ഞങ്ങള്‍ക്ക് കാര്യമായ ചെലവ് ഒന്നും ഇല്ല. ഈ തുകയും പിന്നെ എനിക്ക് കിട്ടുന്ന പെന്‍ഷന്‍ 1,200 രൂപയും കൃഷി ചെയ്തു കിട്ടുന്നതുമൊക്കെയാണ് ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്നത്,” രാജഗോപാല്‍ തുടരുന്നു.
“മക്കള്‍ക്കും മരുമക്കള്‍ക്കുമൊന്നും സൗജന്യമായി ഭക്ഷണം നല്‍കുന്നതിനോട് എതിര്‍പ്പില്ല. അവര്‍ക്കൊക്കെ ഇഷ്ടവുമാണ്. മോന്‍റെ ഭാര്യ രേഷ്മയും കുഞ്ഞും ഞങ്ങള്‍ക്കൊപ്പമുണ്ട്.
“ഭാര്യയുടെ അനുജത്തിയുടെ മക്കളും ഞങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. അമൃതേഷും ശക്തിപ്രസാദും. എന്‍ജിനീയറിങ്ങൊക്കെ കഴിഞ്ഞ വലിയ കുട്ടികളാണിവര്‍.
“ഞങ്ങളെല്ലാവരും കൂടിയാണ് ഭക്ഷണത്തിന്‍റെ കാര്യങ്ങളൊക്കെ നോക്കുന്നത്. പച്ചക്കറി മുറിക്കലും ഭക്ഷണം എടുത്തുവയ്ക്കാനും വിതരണം ചെയ്യാനുമൊക്കെ എല്ലാരും ഒപ്പമുണ്ടാകുംസ,” അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ ആയതുകൊണ്ട് ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്നില്ല. പകരം കിടപ്പുരോഗികളൊക്കെയുള്ള വീടുകളിലേക്ക് ആവശ്യമായ സാധനങ്ങളും മരുന്നുമൊക്കെ എത്തിക്കുന്നുണ്ട് എന്ന് രാജഗോപാല്‍.
“കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് 4,000 കിലോ അരിയാണ് വിതരണം ചെയ്തത്. എന്‍റെ കൈയിലുള്ളത് കൊണ്ട് മാത്രം പറ്റില്ലല്ലോ. പലരുടെയും സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്,” അദ്ദേഹം എല്ലാവരേയും നന്ദിയോടെ ഓര്‍ത്തുകൊണ്ട് പറഞ്ഞു.
***
രാജഗോപാലിനെ ഈ നമ്പറില്‍ ബന്ധപ്പെടാം: 9526844735
ഇതുകൂടി വായിക്കാം:17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.