ബോംബെയിലെ ആയിരക്കണക്കിന് പാവങ്ങളെ ഊട്ടിയ ബാപ്പയുടെ ഓര്‍മ്മയില്‍ കിടപ്പുരോഗികള്‍ക്കായി അഭയകേന്ദ്രമൊരുക്കി സഹോദരന്മാര്‍

ഗൾഫിലേക്ക് പറക്കണമെന്ന മോഹവുമായി പണ്ടുകാലത്ത് ബോംബെയിലേക്ക് എത്തിയിരുന്ന മലയാളികള്‍ക്ക് ഒരു അത്താണിയായിരുന്നു ബോംബെ ഹാജി എന്ന മീരാന്‍ ഹാജി

ന്ന് ഇടുക്കിയിലെ വെള്ളത്തൂവൽ സ്വദേശിയായ സിജോയ്ക്ക് വയസ്സ് 20. ഐ ടി ഐ ഇലക്ട്രോണിക്സ്  കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലം.

ഒരു ദിവസം എന്തോ ആവശ്യത്തിനായി ഒരു സുഹൃത്തിന്‍റെ വീട്ടിൽ പോയതായിരുന്നു.

ചങ്ങാതിയുടെ വീട്ടില്‍ കറിക്കരയ്ക്കാന്‍ തേങ്ങയില്ലെന്ന് പറയുന്നത് കേട്ടു.
സിജോ പിന്നെ ഒട്ടും അമാന്തിച്ചില്ല. തെങ്ങുകയറ്റം നന്നായി അറിയാമായിരുന്നതുകൊണ്ട് തേങ്ങയിടാന്‍ കയറി.

പക്ഷെ, തെങ്ങിന് മുകളിൽ എത്തിയപ്പോൾ തല കറങ്ങുന്നതു പോലെ…

കണ്ണൊക്കെ മഞ്ഞളിച്ചു. പെട്ടെന്ന് ബോധം നഷ്ടമായി.

കണ്ണ് തുറന്നത് ഒരു ആശുപത്രിയിൽ ആയിരുന്നു. തെങ്ങിൻ മുകളിൽ എത്തിയപ്പോൾ സിജോയുടെ ബ്ലഡ് പ്രഷർ വല്ലാതെ താഴുകയായിരുന്നു.

സിജോയും ഭാര്യയും

ചുരുങ്ങിയ കാലത്തിനുള്ളില്‍ പതിമൂന്ന് ലക്ഷത്തോളം രൂപ സിജോയുടെ കുടുംബത്തിന് ചിലവഴിക്കേണ്ടി വന്നു.

സിജോയുടെ കൽപ്പണിക്കാരനായ അച്ഛന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സഹായിക്കാനായി സഹോദരങ്ങളുമില്ല.

ചികിത്സയൊക്കെ ഒരുവിധം കഴിഞ്ഞു.

നടക്കണം എന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും, അതിനു കഴിയുന്ന സാഹചര്യമായിരുന്നില്ല സിജോയുടെ വീട്ടില്‍.

ഒരു കുത്തനെയുള്ള ചെരുവിറങ്ങി പോകണം സിജോയുടെ വീട്ടിലേയ്ക്കെത്താൻ. മുറ്റം നന്നേ കുറവ്. വീടിന് തൊട്ടടുത്ത് പുഴയാണ്.

പത്തു വർഷത്തോളം ആ കിടപ്പുകിടന്നു.  അത് ആ ചെറുപ്പക്കാരന്‍റെ  ആരോഗ്യനില കൂടുതല്‍ വഷളാക്കി.

ഇടത്: അഷ്റഫ്, വലത്: അബൂബക്കര്‍

അപ്പോഴാണ് എറണാകുളം ജില്ലയിലെ കോതമംഗലത്ത് പീസ് വാലി എന്ന  സ്ഥാപനത്തിൽ നട്ടെല്ലിന്  പരിക്കേറ്റവർക്ക്  മൂന്ന് മാസത്തെ സൗജന്യ  ചികിത്സ കൊടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്.

നടക്കാൻ നന്നേ പാടുപെട്ടിരുന്ന സിജോയെ കുറച്ചു പേർ  താങ്ങിയാണ് പീസ് വാലിയില്‍ എത്തിച്ചത്. എങ്കിലും അവിടത്തെ സൗജന്യ ചികിത്സയ്ക്ക് ശേഷം തിരിച്ചു പോയത് ഒരു വാക്കറിന്‍റെ സഹായത്തോടെ നടന്നിട്ടായിരുന്നു.

2018, മാർച്ച് 1-ന് ആരംഭിച്ച ഈ സ്ഥാപനത്തിൽ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും 52 പേർ ഇതുവരെ ചികിത്സ തേടിയെത്തിയിട്ടുണ്ട്. അതിൽ 42 പേർക്കും ജീവിതം തിരിച്ചു കിട്ടിയ കഥകളാണ് പറയാനുള്ളത് . അതിൽ  സിജോ അടക്കമുള്ള 10 പേർ പീസ് വാലിയുടെ സഹായത്തോടെ സ്വയംതൊഴിൽ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.

സഹോദരങ്ങളായ അബൂബക്കർ ബോംബെയും അഷറഫ് ബോംബെയും ചേര്‍ന്നാണ് പീസ് വാലിക്ക് തുടക്കമിട്ടിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ്‌ പെരുമ്പാവൂർ, കോതമംഗലം, മുവാറ്റുപുഴ എന്നിവിടങ്ങളിലെ  പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളിലൂടെ കിടപ്പുരോഗികളെ സന്ദർശിച്ചു അവർക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യരിൽ അബൂബക്കറും, അഷറഫും ഉണ്ടായിരുന്നു. അതിൽ നിന്നുണ്ടായ അനുഭവങ്ങളാണ് ഇങ്ങനെയൊരു സംരംഭത്തിനു തുടക്കമിടാൻ പ്രേരണയായതെന്ന് അബൂബക്കർ ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.

പീസ് വാലി

“കാൻസറും മറ്റസുഖങ്ങളും പിടിപെട്ട് കിടപ്പിലായ രോഗികളെ സന്ദർശിക്കുന്നതിനിടയിലാണ് ഞാനും സഹോദരൻ അഷറഫും ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ ആ ചേച്ചിയുടെയും ചേട്ടന്‍റെയും വീട്ടിൽ എത്തുന്നത്. അവിടത്തെ കാഴ്ച തികച്ചും ദയനീയമായിരുന്നു. അവർക്ക് മക്കളില്ല. വാർദ്ധക്യത്തെ തുടർന്ന് രണ്ടു പേരും നന്നേ അവശരായിരിക്കുന്നു. അവർക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്ത് ഇറങ്ങാൻ നേരം ചേച്ചി എന്‍റെ കയ്യിൽ പിടിച്ചു: ‘ മക്കളെ ഞങ്ങളെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് കൊണ്ട് പോകുമോ’ എന്ന് ചോദിച്ചു.”

“വളരെ ദയനീയമായിരുന്നു ആ അപേക്ഷ… ഒറ്റപ്പെടലിന്‍റെ കാഠിന്യം മനസിലാക്കിത്തന്ന ആ അനുഭവം ഇന്നും വ്യക്തമായി തന്നെ മനസ്സിൽ നിൽക്കുന്നു. ഒരുപക്ഷെ, ആ പിടുത്തമാണ് ഞങ്ങളെ ഈ സംരംഭത്തിലേയ്ക്ക് നയിച്ചത് എന്ന് പറയുന്നതാവും കൂടുതൽ ശരി,” അദ്ദേഹം തുടരുന്നു.

പാലിയേറ്റിവ് കെയര്‍ ആവശ്യമുള്ള രോഗികളുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാൻ ഈ സഹോദരങ്ങളെ പ്രേരിപ്പിച്ചതിന് പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. അവരുടെ ബാപ്പ ‘ബോംബെ ഹാജി’ എന്നറിയപ്പെട്ടിരുന്ന മീരാൻ ഹാജിയാണ്.

“പതിനഞ്ചു വയസ്സിലാണ് ബാപ്പ ബോംബെയിൽ എത്തുന്നത്. നിരവധി ഹോട്ടലുകളിൽ, താഴെത്തട്ടിലായി ഒരുപാട് കാലം ജോലി ചെയ്തു.
സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ, ബാപ്പ ‘ഗരീബ് നവാസ്’ (പാവങ്ങളുടെ അഭയകേന്ദ്രം) എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു,” അഷറഫ് ബാപ്പയെക്കുറിച്ച് പറയുന്നു.

മീരാന്‍ ഹാജി, ഇടത്: ഭാര്യയോടൊപ്പം

“മുപ്പത്തിയെട്ട് വർഷത്തോളം ബാപ്പ ആ ഹോട്ടൽ നടത്തി. ലക്ഷക്കണക്കിന് ആളുകളെ ഊട്ടി. അവർക്ക് ഭക്ഷണം കൊടുക്കാന്‍ (ബാപ്പയെ) സാമ്പത്തികമായി സഹായിക്കുന്നതിനായി ഒരുപാട് നല്ല മനുഷ്യർ  മുന്നോട്ട് വന്നു.”

ഗൾഫിലേക്ക് പറക്കണമെന്ന മോഹവുമായി പണ്ടുകാലത്ത് ബോംബെയിലേക്ക് എത്തിയിരുന്ന എറണാകുളംകാര്‍ക്ക് ഒരു അത്താണിയായിരുന്നു ബോംബെ ഹാജി. അവര്‍ക്ക് തല ചായ്ക്കാനൊരു കൂരയും മറ്റുസൗകര്യങ്ങളും അദ്ദേഹം സൗജന്യമായി ഒരുക്കിക്കൊടുത്തു.

“പത്തുപതിനഞ്ചു വർഷത്തോളം ഞങ്ങളും ബാപ്പയുടെ കൂടെയുണ്ടായിരുന്നു,” അഷറഫ് പഴയ കാര്യങ്ങൾ ഓർത്തെടുത്തു.

മീരാന്‍ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ സേവന പാരമ്പര്യം നില നിർത്തുക എന്ന ഉദ്ദേശ്യവും പീസ് വാലിയുടെ പുറകിലുണ്ടെന്നു പ്ലൈവുഡ് വ്യവസായികളായ ആ സഹോദരങ്ങൾ പറഞ്ഞു.

“പള്ളിയോ മദ്രസ്സയോ അനാഥാലയങ്ങളോ  പണിയാൻ മുന്നിട്ടിറങ്ങുന്നതിനേക്കാൾ ഏറ്റവും നല്ലത് ഇത്തരത്തിലുള്ള ആളുകൾക്ക് അവരുടെയോ അവരുടേതല്ലാത്ത കാരണങ്ങളാലോ ഒഴുക്ക് നിന്ന് പോയ ജീവിതത്തെ മറ്റൊരു ദിശയിലേയ്ക്ക്  എത്താൻ സഹായിക്കുകയാണ് എന്ന ബോധ്യം ഈ സ്ഥാപനം തുടങ്ങുന്നതിനു പിന്നിലുണ്ട്,” അഷറഫ് തുടരുന്നു

ഗരീബ് നവാസ് ഹോട്ടല്‍

“കൂടാതെ, ദുഖത്തിനും ആശ്വാസത്തിനും ഒരേ മുഖമാണെന്ന് ഞങ്ങളുടെ അനുഭവങ്ങളും തെളിയിച്ചു.”

“ഒരു നല്ല മരണം, അതെല്ലാവരുടെയും അവകാശമാണ്. അത് കൊടുക്കാനാകുക, അതും ആരോരുമില്ലാത്തവർക്ക്…..അത് ഒരു സുകൃതം തന്നെയാണ്. വയ്യാത്ത മാതാപിതാക്കൾ വീട്ടിലുണ്ടെങ്കിൽ പോലും പലർക്കും അവരെ ശുശ്രൂഷിക്കാൻ അറിയില്ല. വൃത്തിയാക്കേണ്ടത് എങ്ങനെ?, ഡയപ്പർ മാറ്റേണ്ടത് ഏതു വിധത്തിൽ ആണ്? തുടങ്ങിയ കാര്യങ്ങൾ മിക്കവർക്കും അറിയില്ല. ചിലർക്ക് അറിവില്ലായ്മയാണെങ്കിൽ മറ്റു ചിലർക്ക് അത് ചെയ്യുന്നതിൽ വളരെയേറെ താല്പര്യകുറവുമുണ്ട്. അപ്പോൾ പിന്നെ ആരോരുമില്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ.”


ഇതുകൂടി വായിക്കാം: കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്‍റെ ജൈവകൃഷി പരീക്ഷണം


സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരിൽ നിന്ന് പോലും, നോക്കാൻ ആരുമില്ല എന്ന സാഹചര്യം ഉണ്ടെങ്കിൽ  സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

” അതിനോടൊപ്പം തന്നെ, ആരോരുമില്ലാത്തവർക്കായി ഒരു മേൽക്കൂര, ഇതൊക്കെയാണ് ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.”

52 പേരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അബൂബക്കറിന്‍റെയും അഷറഫിന്‍റെയും ഭാഷയിൽ പറഞ്ഞാൽ ‘നല്ല മരണം’ പുല്കിയത്.

“മാതാപിതാക്കൾ മരണപ്പെട്ടവരും,  അനാഥരായവരും , മാനസിക വൈകല്യം നേരിടുന്നവരും, അംഗവൈകല്യം സംഭവിച്ചവരുമായി 55 പേർ ഇവിടെയുണ്ട്. അതിൽ 28 സ്ത്രീകളും 27 പുരുഷന്മാരും ആണ്,” അവർ പറഞ്ഞു.

പാലിയേറ്റിവ് കെയർ പ്രവർത്തനത്തിലൂടെയാണ് മുൻ അധ്യാപകനായ സാബിത് ഉമ്മർ ഈ സഹോദരങ്ങളുമായി ബന്ധപ്പെടുന്നത്.  അവരുടെ വീക്ഷണം അദ്ദേഹത്തെ ആകര്‍ഷിച്ചു. പീസ് വാലി തുടങ്ങിയപ്പോള്‍ അദ്ദേഹം അതിന്‍റെ പ്രൊജക്റ്റ് മാനേജരായി ചേര്‍ന്നു.

“ഇവിടെയുള്ള അനുഭവങ്ങൾ പലതാണ്,” സാബിത് പറഞ്ഞു തുടങ്ങി. ” ഇടുക്കി ജില്ലയിൽ നിന്നു തന്നെയുള്ള മനുവിന്‍റെ കാര്യമെടുക്കുകയാണെങ്കിൽ, ഒരു ആംബുലൻസിൽ ട്രോളിയിൽ മൂന്നു പേർ ചേർന്ന് പൊക്കിയെടുത്തു കൊണ്ടാണ് ഇവിടെ കൊണ്ട് വരുന്നത്. ഇരുപത്തിയഞ്ചു വയസ്സ് പ്രായം. വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷം. ഭാര്യക്ക് 21 വയസ്സ്. നാല് വയസ്സും, മൂന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങൾ.

“മനു നല്ലൊരു ഫാബ്രിക്കേഷൻ തൊഴിലാളി ആയിരുന്നു. ഒരു കപ്പേള പണിയുന്നതിനിടയിൽ മൂന്നു നിലയുള്ള കെട്ടിടത്തിൽ നിന്ന് താഴോട്ട് വീഴുകയായിരുന്നു. നഗരത്തിലുള്ള ഒരു പ്രമുഖ ആശുപത്രിയിൽ നിന്ന് ഒരു മുപ്പത്തിയാറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവിടേയ്ക്ക് കൊണ്ട് വരുകയായിരുന്നു.”

“മൂന്ന് മാസത്തിനു ശേഷം, ഏകദേശം രോഗം ഭേദമാകാറായപ്പോൾ അവന് ആകെ ഒരു മനപ്രയാസം പോലെ. രണ്ടു കുഞ്ഞുങ്ങൾ.  പ്രണയ വിവാഹമാണ്. നേരത്തെ വിവാഹം കഴിച്ചു. മനസ്സിൽ ‘എങ്ങനെ കുടുംബത്തെ പോറ്റും?’ എന്ന വലിയ ചോദ്യം. എന്നാൽ ഒരു സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി  അവൻ പറഞ്ഞ ആശയങ്ങൾ ഒന്നും പ്രയോഗികമായിരുന്നില്ല.”

“പിന്നീട് ഞങ്ങൾ തന്നെ അവനു മുന്നിൽ മറ്റൊരാശയം വെച്ചു – ഒരു ഓട്ടോറിക്ഷ. മനുവിനും അത് ഇഷ്ടപ്പെട്ടു. ആയിടയ്ക്കാണ് ആസ്റ്റർ ഡി എം ഫൗണ്ടേഷന്‍റെ ഭാരവാഹികൾ പീസ് വാലിയിലെ സന്ദർശകരായി എത്തുന്നത്. അവർ മനുവിന്‍റെ കഥയറിഞ്ഞു. ഒരു ലക്ഷം സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ചു. അസുഖത്തെ തുടർന്ന് ഉപയോഗിക്കാതിരുന്ന സ്വന്തം ബൈക്ക് മനു വിറ്റു. അതിൽ നിന്ന് കിട്ടിയ തുകയും, കുറച്ചു ഞങ്ങളുടെ ഭാഗത്തു നിന്ന് നൽകിയ തുകയും വെച്ച് ഒരു സെക്കന്‍ഡ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങിച്ചു. ബ്രേക്ക് കൈ കൊണ്ട് ഉപയോഗിക്കാവുന്ന തരത്തിൽ ആക്കി കൊടുത്തു,” സാബിത് പറഞ്ഞു.

ഓരോരുത്തരുടെയും കാലുകളുടെ അളവിൽ ഉണ്ടാക്കിയെടുക്കുന്ന ‘കാലിപ്പെർ’ ഉപയോഗിച്ചാണ് രോഗികൾ ആദ്യം നടന്നു തുടങ്ങുന്നത്. പിന്നീട് പതുക്കെ വാക്കറിലേയ്ക്ക് മാറുന്നു.

തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായ സിജോ ഇപ്പോള്‍ എൽ ഇ ഡി ബൾബുകൾ ഉണ്ടാക്കുകയാണ്. അതിന് വേണ്ട സാമ്പത്തിക സഹായം ‘ഏയ്ഞ്ചൽ ഫണ്ടിംഗ്’ മുഖേന പീസ് വാലി കൊടുക്കുകയുണ്ടായി.

പീസ് വാലിയില്‍ നടന്ന പ്ലാസ്റ്റിക് സര്‍ജ്ജറി നിര്‍ണ്ണയ ക്യംപ്

“സിജോയുടെ ജീവിതത്തിൽ മറ്റൊരു മാറ്റം കൂടെ സംഭവിച്ചു. അസുഖം ഏകദേശം മാറാൻ തുടങ്ങിയപ്പോൾ ആൾ സമൂഹ മാധ്യമത്തിൽ സജീവമായി. അത് പഠിച്ചു കൊണ്ടിരുന്ന സമയത്തു കണ്ടുമുട്ടിയ കൂട്ടുകാരിയുമായിട്ടുള്ള പരിചയം പുതുക്കാനും അവർ സിജോയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരാനും കാരണമായി,” സാബിത് പറഞ്ഞു.

ഇതൊന്നും കൂടാതെ, സിജോക്ക്  അത്യാവശ്യമായി നടത്തേണ്ടിയിരുന്ന ഒരു പ്ലാസ്റ്റിക് സർജറിയും പീസ് വാലി മുഖേന സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തു. പത്തു വർഷം കിടപ്പിലായതിനെ തുടർന്ന്, അയാളുടെ മുതുകിൽ  ഒരു വലിയ മുറിവുണ്ടായിരുന്നു. അത്  ആഴത്തിലായതിനാൽ  പല തരത്തിൽ മരുന്ന് വെച്ച് കെട്ടാൻ ശ്രമിച്ചിട്ടും ഭേദമാകുന്ന ലക്ഷണം കാണുന്നില്ലായിരുന്നു.

പ്ലാസ്റ്റിക് സർജറിയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നായി. ആയിടയ്ക്കാണ്  റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സും കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയും ചേർന്ന് പൊള്ളലിൽ ഗുരുതര പരിക്കേറ്റവർക്കായി പ്ലാസ്റ്റിക് സർജറി നിർണ്ണയ ക്യാമ്പ്  പീസ് വാലിയിൽ സംഘടിപ്പിക്കാൻ തീരുമാനിക്കുന്നത്.

അവിടെ വെച്ച് റോട്ടറി അംഗവും, കൊച്ചിയിലെ ലൂർദ്ദ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജനുമായ  ഡോ ചാക്കോ സിറിയക്കിന്‍റെ നേതൃത്വത്തിൽ സിജോയുടെ സർജറി നടത്താൻ തീരുമാനമാവുകയും, അതിനു വേണ്ടിയുള്ള തുക റോട്ടറി കൊച്ചിൻ നൈറ്റ്സും ലൂർദ്ദ് ഹോസ്പിറ്റലും സംയുക്തമായി വഹിക്കുകയും ചെയ്തു.

കോതമംഗലത്ത് നെല്ലിക്കുഴിയിലെ പത്തേക്കർ സ്ഥലത്താണ്  പീസ് വാലി. 2014 -ൽ ആണ് ഇങ്ങനെയൊരാശം നടപ്പാക്കാന്‍ അബൂബക്കറും അഷറഫും തീരുമാനിക്കുന്നത്. അതിനു മുന്നോടിയായി, ഒരുപാടു പേരോട് സംസാരിക്കുകയും, അത്തരത്തിലുള്ള കുറച്ചു സ്ഥാപനങ്ങൾ പോയി കാണുകയും ചെയ്തു.

“ആദ്യം 40 സെന്‍റ് സ്ഥലം ഇതിനായി നീക്കി വെയ്ക്കാനായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. എന്നാൽ മറ്റുള്ള സ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ  മിക്ക സ്ഥലത്തും സ്ഥല പരിമിതി മൂലം ഡ്രൈനേജ് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മനസിലാക്കി. അത് മൂലം അയൽവാസികൾ ബുദ്ധിമുട്ടനുഭവിക്കുക മാത്രമല്ല  ഇത്  ആ സ്ഥാപനവുമായുള്ള ബന്ധം അവരുടെ ഉലയുന്നതിനുള്ള കാരണവുമായി മാറുന്നുമുണ്ട്.” അങ്ങനെയാണ് പത്തേക്കർ സ്ഥലത്ത് പീസ് വാലി തുടങ്ങാന്‍ തീരുമാനമെടുത്തതെന്ന്  അബുബക്കർ പറഞ്ഞു.

തുടർന്ന്, ഡോക്ടർമാർ, വ്യവസായികൾ, അധ്യാപകർ  എന്നിവർ ഉൾപ്പെടുന്ന ഒരു 37 അംഗങ്ങൾ ഉള്ള  ട്രസ്റ് രൂപീകരിക്കുകയും, പലരിൽ നിന്നായി ഒരു കോടി രൂപ സമാഹരിക്കുകയും ചെയ്തു.

“ഏകദേശം പന്ത്രണ്ടര കോടിയോളം വരും മൊത്തം ചെലവ്. നിർഭാഗ്യമെന്നു പറയട്ടെ, അപ്പോഴുണ്ടായ  സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഞങ്ങളുടെ പ്ലൈവുഡ് വ്യവസായത്തിനും ഉലച്ചിൽ സംഭവിച്ചു. മാത്രമല്ല, അത് മറ്റു പലരും ഇതിൽ നിന്ന് പിൻവാങ്ങുന്നതിനിടയാക്കി. 2017 അവസാനമായപ്പോഴേക്കും സാമ്പത്തിക നില ഭദ്രമാകാൻ തുടങ്ങി. അപ്പോഴേക്കും ട്രസ്റ്റിൽ സജീവമായി പങ്കെടുക്കുന്ന ഭാരവാഹികൾ 25 പേരായി ചുരുങ്ങിയിരുന്നു. എന്നിരുന്നാലും, 2018 -ഓടു കൂടി ബിൽഡിങ്ങിന്‍റെ പണി പൂർത്തിയാവുകയും, മാർച്ച് 1-നു ഈ സ്ഥാപനം തുടങ്ങുകയും ചെയ്തു,” ഇത്ര തുക മുടക്കി ആരംഭിച്ച സ്ഥാപനം നല്ല  നിലയിൽ നിന്ന് പോകുന്നത് ഉദാരമനസ്കരായ നല്ല മനസുകളുടെ കാരുണ്യം കൊണ്ട് തന്നെയാണെന്ന് അഷറഫ് കൂട്ടിച്ചേര്‍ത്തു.

” ഇവിടെ ജോലി നോക്കുന്ന 33 ജീവനക്കാരുടെ ശമ്പളം, മരുന്ന്,കാന്റീൻ പിന്നെ അല്ലറ ചില്ലറ ചെലവുകൾ ഒക്കെ നടന്നു പോകുന്നത് സംഭാവനകളിൽ നിന്ന് തന്നെയാണ്. ശമ്പളത്തിനായി മാസം ഏകദേശം അഞ്ചു ലക്ഷം രൂപയോളം വേണം. റംസാൻ മാസങ്ങളിൽ സക്കാത്തിന്‍റെ ഭാഗമായി ഒരുപാട് പേർ കയ്യയഞ്ഞു സഹായിക്കുന്നുണ്ട്. അവരാരും അത് വെളിപ്പെടുത്തുന്നില്ല എന്നേ ഉള്ളൂ. ദൈവ സഹായത്താൽ, ശമ്പളം മാത്രമല്ല മരുന്നിന്‍റെ ചെലവ് പോലും ഞങ്ങൾക്ക് അതിൽ നിന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്, അതുപോലെ ‘ സാമ്പിൾ മരുന്നുകളും’ ഞങ്ങൾക്ക് കിട്ടാറുണ്ട്.”

പീസ് വാലിയുടെ സഞ്ചരിക്കുന്ന കോവിഡ്-19 സ്ക്രീനിങ്ങ് സര്‍വ്വീസ്

കൂടാതെ, ജന്മദിനം, കല്യാണം, റെസിഡന്റ്സ് അസോസിയേഷനുകള്‍ അങ്ങനെ അനേകമാളുകൾ ഭക്ഷണം നൽകാൻ മുന്നോട്ടു വരുന്നുണ്ട്. മാസത്തില്‍ പതിനെട്ടു മുതൽ ഇരുപത്തിയൊന്ന് ദിവസം വരെ ഇങ്ങനെ സ്പോൺസർഷിപ് കിട്ടിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.

“അത് വലിയൊരാശ്വാസമാണ്. പിന്നെയുള്ള അല്ലറ ചില്ലറ ചെലവുകൾ ഇവിടെ വരുന്ന സന്ദർശകർ സംഭാവനയായി നൽകുന്ന തുകയിൽ നിന്ന് വക വെയ്ക്കുന്നു.”

ഇതൊന്നും കൂടാതെ, നിർധനരായവർക്കുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റും പീസ് വാലിക്കുണ്ട്. ഈ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഡോക്ടർമാരും നെഫ്രോളജിസ്റ്റ്മാരും വളരെ ചുരുങ്ങിയ പ്രതിഫലം സ്വീകരിച്ചാണ് ജോലിയെടുക്കുന്നത്.

“ആലുവയിലെ രാജഗിരി ആശുപത്രിയിലെ  ഡോ രമ്യ മാത്യു, ആസ്റ്റർ മെഡി സിറ്റിയിലെ ഡോ ജേക്കബ് ഈപ്പൻ, എറണാകുളം ലിസ്സി ആശുപത്രിയിലെ ഡോ സിസ്റ്റർ ഷിജി ഫ്രാൻസിസ് എന്നിവർ സൗജന്യമായാണ് നമുക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നത്.”

എല്ലാം ഒത്തുവരുകയാണെങ്കിൽ ജനിതകപരമായ തകരാറുകൾ സംഭവിച്ച കുഞ്ഞുങ്ങൾക്കായി എന്തെങ്കിലും തുടങ്ങണമെന്നാണ് അടുത്ത ലക്ഷ്യമെന്ന് അബൂബക്കറും അഷറഫും പറയുന്നു.

” രണ്ടു വയസ്സിനുള്ളിൽ അത് ചികിൽസിച്ചാൽ കുഞ്ഞുങ്ങൾക്ക് വരുന്ന ഓട്ടിസം മുതലായ അസുഖങ്ങൾ ഒരു പരിധി വരെ ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചേക്കും. ഇപ്പോൾ ഇങ്ങനെയൊരു പുതിയ ലക്ഷ്യമാണ് ഞങ്ങൾക്ക് മുന്നിൽ ഉള്ളത്,” അവര്‍ പറയുന്നു.

***
കൂടുതല്‍ വിവരങ്ങള്‍ക്ക്: peacevalley.org.in
Phone: +91 9188426300 +91 9947922791, +91 9745706300

ഇതുകൂടി വായിക്കാം: പപ്പായത്തണ്ടുകൊണ്ട് പ്രകൃതിസൗഹൃദ സ്‌ട്രോ നിര്‍മ്മിച്ച് ടെക്കികള്‍; ആറ് മാസം സൂക്ഷിപ്പ് കാലം, കര്‍ഷകര്‍ക്കും നേട്ടം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം