“എങ്ങനെയാണാവോ ആ ആഗ്രഹം മനസില്‍ കടന്നു കൂടിയത്. ചിലപ്പോ ടീച്ചര്‍മാരും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പറഞ്ഞതൊക്കെ കേട്ട് കേട്ട് മനസില്‍ തോന്നിയതാകും. അല്ലാതെ ഇങ്ങനെയൊക്കെ ആഗ്രഹിക്കാന്‍ വേറെ വഴിയില്ല,” തിരുവനന്തപുരംകാരി ജോളി ജോണ്‍സണ്‍ ഒരു പൊട്ടിച്ചിരിയോടെ പറയുന്നു.
“സ്കൂളില്‍ പഠിക്കുന്ന നാളില്‍ എന്‍റെ ആഗ്രഹം സിസ്റ്ററാകണമെന്നായിരുന്നു,” ആ ചിരി വീണ്ടും.
ജോളി എന്നും ഇങ്ങനെയായായിരുന്നു. ചിരിയോടെ മറ്റുള്ളവരുടെ നൊമ്പരങ്ങളെ മായ്ക്കണമെന്നാഗ്രഹിക്കുന്നവളാണ്.
“കന്യാസ്ത്രീയായാല്‍ ഒരുപാട് ആളുകളെയൊക്കെ സഹായിക്കാന്‍ പറ്റുമല്ലോ. കഷ്ടപ്പെടുന്നവരെയൊക്കെ എങ്ങനെയെങ്കിലും നോക്കണമെന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ ചിന്തകളും ആഗ്രഹങ്ങളും,” ജോളി ജോണ്‍സണ്‍ പറയുന്നു.
ആ ആഗ്രഹമാണ് ഹെല്‍പിങ് ഹാന്‍ഡ്സ് ഓര്‍ഗനൈഷേഷന്‍ (എച്ച് റ്റു ഒ )എന്ന സംരംഭത്തിലെത്തിക്കുന്നതും.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
ഭിന്നശേഷിക്കാരായ 78 കുട്ടികള്‍ക്ക് സ്നേഹവും പരിചരണവും നല്‍കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയും ചെയ്യുന്ന ഒരു സാമൂഹ്യസംരംഭമായി എച്ച് റ്റു ഒ ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്നു.
2012-ല്‍ തുടങ്ങിയ ഈ സ്ഥാപനത്തില്‍ ജോളി ഒറ്റയ്ക്കല്ല.
ഈ കുഞ്ഞുങ്ങളെ പട്ടം പറത്താനും ചെടി നനയ്ക്കാനും വരയ്ക്കാനും കൃഷി ചെയ്യാനുമൊക്കെ പഠിപ്പിച്ചും തനിച്ചായിപ്പോയ അമ്മമാരുടെയും അച്ഛന്‍മാരുടെയും വര്‍ത്തമാനങ്ങള്‍ കേട്ടിരിക്കാനുമൊക്കെയായി 12,000-ത്തോളം യുവ വോളന്‍റിയര്‍മാരുമുണ്ട് ഒപ്പം.
“തിരുവനന്തപുരം എയര്‍പോര്‍ട്ടിന് അടുത്ത് ചീലാന്തിമുക്ക് എന്ന സ്ഥലത്താണ് എന്‍റെ വീട്. പള്ളിക്ക് അടുത്താണ് ഞങ്ങളുടെ വീട്. പള്ളിയിലെ എല്ലാ കാര്യങ്ങള്‍ക്കും ഞാനുണ്ടാകും,” ജോളി ജോണ്‍സണ്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“പാട്ട് പാടുന്നതിനും ഫ്ലവര്‍ അറെയ്ഞ്ച്മെന്‍റ്സിനുമൊക്കെ സിസ്റ്റര്‍മാരുടെയൊക്കെ ഒപ്പമുണ്ടാകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ നല്ലതെന്നു തോന്നിയത് അവരുടെ ജീവിതമായിരുന്നു.” അന്നേ തുടങ്ങിയതാണ് ‘എങ്ങനെയെങ്കിലും അവരെപ്പോലെയാകണം’ എന്ന വിചാരം.
“പിന്നെ പത്താം ക്ലാസിന് ശേഷം കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് തുടങ്ങി. എല്ലാവരെയും പോലെ പോക്കറ്റ് മണി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വീടിന് സമീപമുള്ള രണ്ട് കുട്ടികളായിരുന്നു തുടക്കത്തില്‍.
“പിന്നെ കുട്ടികളൊക്കെ കൂടി കൂടി വന്നു. ഒരുസമയത്ത് 58 കുട്ടികളെയൊക്കെ ട്യൂഷനെടുത്തിട്ടുണ്ട്. അതിനൊപ്പം കോളെജില്‍ (ഓള്‍ സെയിന്‍റസ് കോളെജ്) പഠിക്കുന്നുമുണ്ട്.
“ട്യൂഷനെടുക്കുമ്പോ ഫീസ് ഒക്കെ പറയുമല്ലോ, അങ്ങനെ ഞാനും കുട്ടികളോടും പറഞ്ഞിരുന്നു. പക്ഷേ, (പലപ്പോഴും) ഫീസ് കിട്ടാറില്ലായിരുന്നു. കുട്ടികളുടെ വീടൊക്കെ കാണാന്‍ പോയപ്പോഴാണ് അവരുടെയൊക്കെ സാഹചര്യങ്ങള്‍ മനസിലാകുന്നത്.
“അതോടെ ഫീസ് ചോദിക്കലും അവസാനിപ്പിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നായിരുന്നല്ലോ ആഗ്രഹങ്ങള്‍. അതുകൊണ്ടു തന്നെ ഫീസ് വാങ്ങാതെ ട്യൂഷനെടുക്കുന്നത് എന്തോ വലിയ കാര്യമാണെന്ന തോന്നലായിരുന്നു.”
“കോളെജില്‍ നിന്നു അനാഥാലയങ്ങളിലും ഓള്‍ഡ് ഏജ് ഹോമുകളിലുമൊക്കെ പോകും. കൂട്ടത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച സോപ്പ്, ചീപ്പ്, തോര്‍ത്ത്, മുണ്ട് പോലുള്ള നിത്യോപയോഗ സാധനങ്ങളൊക്കെ അവര്‍ക്ക് കൊടുക്കും.
“ഒരിക്കല്‍ ആ ടീമിനൊപ്പം ഞാനും പോയി. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ്. വെട്ടുച്ചിറയിലെ സാന്ത്വന ഓള്‍ഡ് ഏജ് ഹോമിലാണ് പോയത്. ആരോരുമില്ലാത്ത പ്രായമായ അമ്മാരാണ് സാന്ത്വനത്തിലുള്ളത്.
“അക്കൂട്ടത്തിലൊരു അമ്മൂമ്മ എന്നെ കണ്ടപ്പോ, അരികില്‍ വന്നു സ്നേഹത്തോടെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു. അവര് ഉത്തപ്രദേശില്‍ നിന്നോ എന്തോ വന്ന അമ്മയായിരുന്നു. എന്നെ കണ്ടപ്പോ അവര്‍ക്ക് മോളെ പോലെ തോന്നിയത്രേ. ഇതൊക്കെ എനിക്കാദ്യത്തെ അനുഭവങ്ങളായിരുന്നു.”
പിന്നീട് ജോളി സാന്ത്വനയില്‍ എല്ലാ ആഴ്ചയിലും പോകാന്‍ തുടങ്ങി. ഡിഗ്രി കഴിഞ്ഞതോടെ ഇതുപോലുള്ള മറ്റു സ്ഥാപനങ്ങളിലും സ്ഥിരം സന്ദര്‍ശകയായി.
ഡിഗ്രിക്ക് ശേഷം മറ്റൊരു മോഹം കൂടി ഉദിച്ചു. സിവില്‍ സര്‍വ്വീസില്‍ കയറണം. അതിന് പിന്നിലും മറ്റുള്ളവര്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യാനുള്ള ആഗ്രഹമായിരുന്നു.
“ഒരിക്കല്‍ റോട്ടറി ക്ലബിന്‍റെ സെമിനാറിന് പോയി. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടപ്പോ അവര്‍ക്കൊപ്പം കൂടണമെന്നു തോന്നി.
ക്ലബിനൊപ്പം അനാഥാലയങ്ങളിലൊക്കെ ഭക്ഷണവും വസ്ത്രങ്ങളും കൊടുക്കാനും അവിടുത്തെ കുട്ടികളെയും കൊണ്ടു പുറത്തുപോകാനുമൊക്കെ ശ്രമിച്ചു.
“ഒന്നര വര്‍ഷം കൊണ്ട് ക്ലബിനൊപ്പം കുറേ കാര്യങ്ങള്‍ ചെയ്തു. മഹിളാമന്ദിരത്തിലെ ശ്രീകുമാരി ടീച്ചര്‍, ഫാദര്‍ അലക്സാണ്ടര്‍, ഫാദര്‍ ഫെലിക്സ് ഇവരൊക്കെയായുള്ള പരിചയം സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു,” ജോളി പറയുന്നു.
കുട്ടിക്കാലത്തുണ്ടായ മറ്റൊരു അനുഭവം കൂടി ജോളി ഓര്‍ത്തെടുക്കുന്നു.
“അമ്മയ്ക്കും പപ്പയ്ക്കും ഒപ്പം സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിയുടെ വീട്ടില്‍ പോയി. ആ കുട്ടി കിടപ്പാണ്. ആ പെണ്‍കുട്ടി എന്നെ കണ്ടപ്പോ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അവള് എന്‍റെ തലയിലെ ബോയിലേക്ക് കൈ ചൂണ്ടി കാണിക്കുന്നുമുണ്ട്.
“എന്‍റെ കൈയില്‍ അവള്‍ക്ക് കൊടുക്കാന്‍ ഒന്നുമില്ല. അമ്മയും അവളുടെ അമ്മയും കൂടി മറ്റൊരു മുറിയിലിരുന്നു സംസാരിക്കുകയാണ്. അമ്മ കാണുന്നുണ്ടോ എന്നു നോക്കി ഞാന്‍ തലയില്‍ നിന്നു ബോയെടുത്ത് അവള്‍ക്ക് കൊടുത്തു.
“പിന്നീട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോ ആ കുട്ടിക്ക് ഞാനൊരു വീല്‍ച്ചെയര്‍ വാങ്ങിച്ചു കൊടുത്തു. ട്യൂഷന്‍ എടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണത് വാങ്ങിച്ചു കൊടുത്തത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐസിഐസിഐ ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണ് അമ്മയ്ക്ക് സുഖമില്ലാതെ ജോളി ജോലിയൊക്കെ അവസാനിപ്പിക്കുന്നത്. രാജമ്മ എന്നാണ് ജോളിയുടെ അമ്മയുടെ പേര്. ജോണ്‍സണ്‍ ആണ് അച്ഛന്‍.
രണ്ട് വര്‍ഷത്തിന് ശേഷം അമ്മയുടെ സ്കൂളിലെ ടീച്ചറുമായി സഹകരിച്ച് ഡേ കെയര്‍ ആരംഭിച്ചു. “എന്‍റെ അമ്മ അംഗനവാടി ടീച്ചറായിരുന്നു. പക്ഷേ ഞാനൊക്കെ ജനിക്കും മുന്‍പേ അതൊക്കെ അവസാനിപ്പിച്ചു.”
ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്ഥാപനം ആരംഭിക്കാനിടയായതിനെക്കുറിച്ച് ജോളി പറയുന്നു. “ഹൈമ ടീച്ചറിനൊപ്പം ഡേ കെയര്‍ നടത്തിയിരുന്നു. അമ്മയുടെ സ്കൂളിലെ ടീച്ചറായിരുന്നു ഹൈമവതി.
“അന്നും സ്പെഷ്യല്‍ കെയര്‍ കിട്ടേണ്ട കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ആഗ്രഹിച്ച് തന്നെയാണ് എച്ച് റ്റു ഒ ആരംഭിക്കുന്നതും.
“എച്ച് റ്റു ഒയുടെ സ്ഥാപകരിലൊരാള്‍ കൂടിയാണ് ഹൈമ ടീച്ചര്‍. എച്ച് റ്റു ഒ ആരംഭിക്കുന്നതിന് മുന്‍പേ ഇത്തരത്തിലുള്ള സ്കൂളുകള്‍ നടത്തുന്നവരുമായി സംസാരിച്ചു, സ്കൂളുകള്‍ നേരില്‍ പോയി കണ്ടു. അങ്ങനെ ചെറിയൊരു പഠനമൊക്കെ നടത്തിയിരുന്നു.
“അക്കൂട്ടത്തില്‍, ഡോ.എം കെ ടി നായരാണ് ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി സ്ഥാപനങ്ങള്‍ കുറവാണെന്നു പറയുന്നത്. അങ്ങനെ അതേക്കുറിച്ച് ചിന്തിച്ചു.
“സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും വ്യത്യാസമുള്ളതാണ്. പക്ഷേ ചില സാമ്യങ്ങളുണ്ട്. തെറാപ്പികളൊക്കെ ഒരുപോലെയാണ്. പക്ഷേ, ഇത്തരക്കാരോടുള്ള സമൂഹത്തിന്‍റെ ചിന്താഗതി വളരെ വ്യത്യസ്തമാണ്.
“ഇങ്ങനെയൊരു കുട്ടി വീട്ടിലുണ്ടെങ്കില്‍ അവരുടെ സുരക്ഷയ്ക്കാണ് അച്ഛനും അമ്മയും പ്രാധാന്യം നല്‍കുന്നത്. അതൊരു തെറ്റല്ല. എന്നാല്‍ ആ കുഞ്ഞുങ്ങളെ ഇന്‍ഡിപെന്‍റന്‍റ് ആക്കിയാലേ അച്ഛനും അമ്മയും ഒപ്പമില്ലെങ്കില്‍ മറ്റൊരാള്‍ക്ക് അവരെ നോക്കാനാകൂ.
“പൂര്‍ണമായും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്നു തോന്നി. പല വിദേശരാജ്യങ്ങളിലും ഇങ്ങനെയൊക്കെയാണ്. ഇവിടെയും ആ രീതി കൊണ്ടുവരണമെന്നു തോന്നി.”
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്പെഷ്യല്‍ എജ്യൂക്കേഷന്‍, ബിഹെവിയറല്‍ തെറാപ്പി, മ്യൂസിക് തെറാപ്പി, 15 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രീ വൊക്കേഷണല്‍ ട്രെയ്നിങ്, അതിനുള്ള മുകളില്‍ പ്രായമുള്ളവര്‍ക്കായി വൊക്കേഷണല്‍ ട്രെയ്നിങ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി ഇതൊക്കെയുള്ള സ്ഥാപനമായാണ് എച്ച് ടു ഓ തുടങ്ങുന്നത്.
“ഇതുമാത്രമല്ല പ്രതീക്ഷ, സഞ്ജീവനി, ബാരിയര്‍ ഫ്രീ ഇന്‍റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍, മീ ദ് ചെയ്ഞ്ച് തുടങ്ങി സാധാരണയുള്ള ഓട്ടിസ്റ്റിക് സെന്‍ററുകളില്‍ നിന്നു വ്യത്യസ്തമായ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് എച്ച് റ്റു ഒ,” ജോളി കൂട്ടിച്ചേര്‍ക്കുന്നു.
സാധാരണ സ്കൂളുകളിലെ കുട്ടികളില്‍ പൗരബോധമുണ്ടാക്കുകയാണ് മീ ദ് ചെയ്ഞ്ച് എന്ന പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. മീ ദ് ചെയ്ഞ്ച് എന്നൊരു ജേണല്‍ കൂടിയുണ്ട്.
പട്ടം പറത്തില്‍ പരിപാടി ഫണ്ട് സ്വരൂപിക്കാന്‍ ഉദ്ദേശിച്ചു കൂടിയാണ് നടത്തുന്നത്. ഭാവിയില്‍ മീ ദ് ചെയ്ഞ്ചിലൂടെയും എച്ച് റ്റു ഒയ്ക്ക് ഫണ്ട് കണ്ടെത്തനാകുമെന്ന പ്രതീക്ഷയിലാണ് ജോളിയും കൂട്ടരും.
12,000-ത്തോളം വോളന്‍റിയര്‍മാര്‍ ജോളിക്കൊപ്പമുണ്ട്. 92 വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് വിവരങ്ങളൊക്കെ പങ്കുവയ്ക്കുന്നത്. എച്ച് റ്റു ഒ-യുടെ പ്രവര്‍ത്തനങ്ങളായ പ്രതീക്ഷ, സഞ്ജീവനി, ബാരിയര്‍ ഫ്രീ ഇന്‍റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ഇതൊക്കെയും വോളന്‍റിയര്‍മരുടെ പിന്തുണയോടെയാണ് ചെയ്യുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ സ്പെഷ്യല്‍ കുട്ടികളുടെ സഹോദരങ്ങള്‍ക്കും അവരുടെ അയല്‍വീടുകളിലെ കുട്ടികള്‍ക്കും സാമ്പത്തികമായി നല്ല നിലയില്‍ അല്ലാത്ത കുട്ടികള്‍ക്കുമൊക്കെ വോളന്‍റിയര്‍മാര്‍ ക്ലാസ് എടുക്കുന്ന പദ്ധതിയാണ് പ്രതീക്ഷ.
പ്രായമായവരുടെ വീടുകളില്‍ പോയി അവരെ സന്ദര്‍ശിച്ചും അവരോട് വര്‍ത്തമാനം പറഞ്ഞിരിക്കലുമൊക്കെയാണ് സജ്ജീവനിയിലൂടെ സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്നത്.
“പ്രതീക്ഷയിലും സഞ്ജീവനിയിലുമൊക്കെ ഞാന്‍ സജീവമാണ്,” എച്ച് റ്റു ഒയുടെ വോളന്‍റിയര്‍മാരിലൊരാളും മേനംകുളം മരിയന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയുമായ ഹരികൃഷ്ണന്‍ എം.എസ്. പറയുന്നു.
“കഴിഞ്ഞ ഒന്നര വര്‍ഷമായി എച്ച് റ്റു ഒയ്ക്ക് ഒപ്പമുണ്ട്. ഞങ്ങളുടെ കോളെജിന് സമീപമാണ് എച്ച് റ്റു ഒയുടെ ഓഫീസ്. കോളെജിലെ ഒരുപാട് ഇതിനൊപ്പമുണ്ട്. രണ്ടാം വര്‍ഷ ബിബിഎയ്ക്ക് പഠിക്കുന്ന ആസിഫ് ആണ് എച്ച് റ്റു ഒയെക്കുറിച്ച് ആദ്യമായി എന്നോട് പറയുന്നത്.
“ഒരുപാട് നല്ലതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. മാനസികമായും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല പരിമിതികളുമുള്ളവരെയാണ് ഇവിടെ കാണുന്നത്. അവരെ കാണുമ്പോ, ഞാനൊക്കെ ഭാഗ്യമുള്ളവരാണെന്നു തോന്നിയിട്ടുണ്ട്.
എച്ച് റ്റു ഒ-യ്ക്കൊപ്പം ഇനിയും ഒപ്പമുണ്ടാകും. ജോളി മാം കുറേ കഷ്ടപ്പെട്ടാണ് ഇതുമായി മുന്നോട്ട് പോകുന്നത്. അവര്‍ക്കൊപ്പം പറ്റുന്നതു പോലെയൊക്കെ കൂടെയുണ്ടാകണമെന്നാണ്,” തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയായ ഹരികൃഷ്ണന്‍ പറയുന്നു.
എച്ച് റ്റു ഒയില്‍ സ്പെഷ്യല്‍ കുട്ടികള്‍ക്ക് മെഴുകുതിരി, ലോഷന്‍, ഡ്രീം കാച്ചേഴ്സ്, പൊടികള്‍, പോട്ട് പെയിന്‍റിങ്ങ് ഇതിലൊക്കെ പരിശീലനം നല്‍കുന്നുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന വസ്തുക്കള്‍ പ്രദര്‍ശനങ്ങളിലൂടെയും മറ്റും വില്‍ക്കും. കിട്ടുന്ന തുക അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് പ്രയോജനപ്പെടുത്തും.
നാലു വയസ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് തെറാപ്പിയൊക്കെയുണ്ട്. അതില്‍ മുതിര്‍ന്നവര്‍ക്കാണ് വെക്കേഷണല്‍ ട്രെയ്നിങ് നല്‍കുന്നത്. പല കുട്ടികളും സ്വന്തമായി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. പേപ്പര്‍ ബാഗ്, പേപ്പര്‍ പെന്‍, ഹോര്‍ട്ടികള്‍ച്ചര്‍, ലോഷന്‍ നിര്‍മാണം ഇതൊക്കെ അവരില്‍ പലരും സ്വയം ചെയ്യുമെന്ന് ജോളി.
ഇതുകൂടി വായിക്കാം:‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്‍പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ
“എച്ച് റ്റു ഒ സെന്‍ററില്‍ തന്നെയാണ് കൃഷിയും ചെയ്യുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ഏറെ പ്രയോജനപ്രദമാണ്. കൊച്ചു കുട്ടികള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ മാറ്റം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുതിര്‍ന്നൊരു കുട്ടിക്കും മാറ്റം വന്നിട്ടുണ്ട്.
“പയര്‍, ചുമന്ന വെണ്ട, പച്ചമുളക്, ചീര, തക്കാളി, പച്ച വെണ്ട, കത്തിരിക്ക, വഴുതുനങ്ങ ഇതൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. രണ്ടുമൂന്നു ഔട്ട്ലെറ്റുകള്‍ക്ക് ഇവിടെ നിന്നു പച്ചക്കറി നല്‍കുന്നുണ്ട്.
“മാനെജ്മെന്‍റും കുട്ടികളും വോളന്‍റിയര്‍മാരുമെല്ലാം ഒരു കുടുംബം പോലെയാണ്. ആകെയൊരു പ്രശ്നം ഫണ്ട് മാത്രമാണ്. ഇന്നും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
“വാടക തന്നെ വലിയൊരു തുകയുണ്ട്. മൂന്ന് ഏക്കറിലാണ് സ്ഥാപനം. കൃഷിയും ഈ പറമ്പില്‍ തന്നെയാണ്. കുട്ടികളെയൊക്കെ അവരുടെ വീടുകളില്‍ പോയി കൊണ്ടുവരുന്നതിന് രണ്ട് വാഹനങ്ങളുണ്ട്.
“വീടിന്‍റെ വാടകയ്ക്ക് പുറമേ വാഹനങ്ങളുടെ ചെലവും ഞങ്ങളെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. ഒരു വണ്ടി വാങ്ങിയതിന്‍റെ ലോണ്‍ ഇനിയും അടച്ചു തീര്‍ന്നിട്ടില്ല. വോളന്‍റിയര്‍മാര്‍ ഉള്‍പ്പടെ ഒരുപാട് പേരുടെ പിന്തുണയുണ്ട്.” ഇങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നതെന്നു ജോളി.
പഴയ വര്‍ത്തമാനപത്രങ്ങള്‍ വിറ്റു കിട്ടുന്ന തുക എച്ച് റ്റു ഒയിലേക്ക് നല്‍കുന്ന വോളന്‍റിയര്‍മാരുമുണ്ട്. സി ഇ റ്റി കോളെജിലെ വിദ്യാര്‍ഥികളാണ് അവരുടെ ക്യാംപസിലെ ചാരിറ്റി പ്രവര്‍ത്തനമായ ചിരാഗിന്‍റെ നേതൃത്വത്തില്‍ പത്രം വിറ്റു പണം നല്‍കുന്നത്.
“മാസം പതിനായിരം രൂപയൊക്കെ ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്നുണ്ട്,” സി ഇ റ്റി കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗെയ്സ് അമീര്‍ പറയുന്നു. “ഇതൊരു കൃത്യം തുകയല്ല, ചില മാസങ്ങളില്‍ ഇതിലും കൂടുതല്‍, ചിലപ്പോ കുറഞ്ഞുമിരിക്കും.
ശ്രീകാര്യത്തെ വീടുകളിലൊക്കെ കയറിയാണ് പഴയ പത്രങ്ങള്‍ ശേഖരിക്കുന്നത്. ഇതുവിറ്റു കിട്ടുന്ന തുകയാണ് എച്ച് റ്റു ഒയിലേക്ക് കൈമാറുന്നത്.
“മൂന്നു വര്‍ഷമായി എച്ച് റ്റു ഒയ്ക്കൊപ്പമുണ്ട്. സിനീയേഴ്സ് ആണ് എച്ച് റ്റു ഒയെക്കുറിച്ച് പറയുന്നത്. കേട്ടപ്പോ അവര്‍ക്കൊപ്പം പങ്കാളിയാകണമെന്നു തോന്നി. പ്രതീക്ഷയിലൊക്കെ പങ്കെടുത്തിട്ടുണ്ട്” എന്ന് കോതമംഗലം സ്വദേശിയായ ഗെയ്സ് അമീര്‍.
എച്ച് റ്റു ഒ”പണ്ടൊക്കെ ഞാന്‍ മറ്റുള്ളവരെ സഹായിച്ചിരുന്നതൊന്നും വീട്ടില്‍ പപ്പയോടും അമ്മയോടും പറഞ്ഞിരുന്നില്ല,” ജോളി തുടരുന്നു. “കൈയിലുള്ളതൊക്കെ ഞാന്‍ കൊടുക്കുമെന്ന് അമ്മയ്ക്കറിയാം. അമ്മ എന്നോട് പറയും, അതിനൊക്കെ വേറെ ആള്‍ക്കാരൊക്കെയുണ്ടെന്ന്.
“അതുകൊണ്ടാണ് ഞാനും അവരോട് പറയാതിരുന്നത്. പക്ഷേ, ഞാന്‍ പറയാതെ തന്നെ അമ്മയ്ക്ക് ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നത് അമ്മയ്ക്ക് ഇഷ്ടമാണെന്നു പപ്പയും പറഞ്ഞിട്ടുണ്ട്.
“എന്നെക്കുറിച്ച് വന്ന വാര്‍ത്തകളൊക്കെ അമ്മ ബൈബിളിനുള്ളില്‍ സൂക്ഷിച്ചിരുന്നത് ഞാനിപ്പോഴാ കാണുന്നേ, അമ്മ പോയ ശേഷം. വയ്യായ്കകളുണ്ട്. എന്നാലും പപ്പാ എനിക്കൊപ്പം തന്നെയുണ്ട്,” ജോളി പറഞ്ഞു.
കോമണ്‍വെല്‍ത്ത് പോയിന്‍റ്സ് ഓഫ് ലൈറ്റ് പുരസ്കാരം കഴിഞ്ഞ വര്‍ഷം ജോളിക്ക് ലഭിച്ചിട്ടുണ്ട്. ചാള്‍സ് രാജകുമാരനാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഇതുകൂടി വായിക്കാം:കാന്‍സറിനെ അതിജീവിച്ചു, 115 പേരുടെ പോറ്റമ്മയാകാന്‍ ബിഎഡും പഠിച്ചു; ഇനി ആവശ്യം ആ മക്കളുമൊത്ത് ജീവിക്കാന്‍ സ്വന്തമായൊരു വീട്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.