അധ്യാപകന്‍ വികസിപ്പിച്ച തെങ്ങോല സ്ട്രോകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ ഓര്‍ഡര്‍

മലേഷ്യയില്‍ നിന്ന് ഒരുകോടി സ്ട്രോയ്ക്കും ന്യൂസിലന്‍റില്‍ നിന്നു പത്ത് ലക്ഷം സ്ട്രോയ്ക്കും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. ഒമാന്‍, സിംഗപൂര്‍ ഇവിടങ്ങളില്‍ നിന്നും ആവശ്യം അറിയിച്ചിട്ടുണ്ട്.

റമ്പിലും വീട്ടുമുറ്റത്തുമൊക്കെ വീണുകിടന്ന് നശിച്ചുപോകുന്ന തെങ്ങോലകള്‍ക്ക് ഇപ്പോള്‍ വിദേശത്ത് വരെ ആവശ്യക്കാരായി.

ബെംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ സജി വര്‍ഗ്ഗീസ് ആണ് തെങ്ങോലയ്ക്ക് പുതിയ ഉപയോഗ സാധ്യത വികസിപ്പിച്ചിരിക്കുന്നത്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

തെങ്ങോല സംസ്കരിച്ച് സ്ട്രോ നിര്‍മ്മിച്ചാണ് ആലപ്പുഴ വെണ്‍മണി സ്വദേശിയായ സജി വര്‍ഗീസ് ഉണക്ക ഓലകള്‍ കൊണ്ട് പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പ്രകൃതി സൗഹൃദ ബദല്‍ മുന്നോട്ടുവെയ്ക്കുന്നത്.

തെങ്ങോല സ്ട്രോകളുമായി സജി വര്‍ഗീസ്

“നാലു വര്‍ഷമായി ബെംഗളൂരുവിലാണ്. ക്രൈസ്റ്റ് കോളെജിന്‍റെ പിന്തുണയോടെ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ആണ് ബ്ലെസിങ് പാംസ് പ്രൈവറ്റ് ലിമിറ്റഡ്. കോളെജിലെ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യൂബേഷന്‍ സെന്‍ററില്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് തെങ്ങോലയില്‍ നിന്നു സ്ട്രോ നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയതും,” സജി വര്‍ഗ്ഗീസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“രണ്ട് വര്‍ഷം മുന്‍പ് ക്യാംപസിലൂടെ നടക്കുമ്പോള്‍ ഒരു ഓല വീണു കിടക്കുന്നത് കണ്ടു. അതിന്‍റെ ഓല ചുരുണ്ടിരിക്കുന്നു… അതു കണ്ടപ്പോ ഓല കൊണ്ട് സ്ട്രോ ഉണ്ടാക്കിയാലോ എന്നൊരു ഐഡിയ തോന്നി.


വെളിപാട് എന്നൊക്കെ പറയും പോലൊരു തോന്നലായിരുന്നു.


“കോളെജിലെ ഇന്‍ക്യൂബേഷന്‍ സെന്‍ററില്‍ തന്നെ പരീക്ഷണങ്ങളൊക്കെ നടത്തി നോക്കി. സ്റ്റീം ചെയ്തും തിളപ്പിച്ചുമൊക്കെ നോക്കി. സ്റ്റീം ചെയ്യുമ്പോള്‍ ഓലയിലുള്ള വാക്സ് പുറത്തേക്ക് വരുന്നുണ്ട്.

“ഈ മെഴുക്  ഒരു ആവരണം പോലെ ഓലയെ അത്രയെളുപ്പം പൂപ്പല്‍ ബാധിക്കാതെയും അഴുകാതെയും സംരക്ഷിക്കും. ഉണങ്ങി വീഴുന്ന ഓലകളാണ് ഉപയോഗിക്കുന്നത്, അതുകൊണ്ടു തന്നെ പ്രകൃതിയെ ഉപദ്രവിക്കുന്നുമില്ല.

“മാത്രമല്ല ഉണങ്ങിയ ഓലകളില്‍ മെഴുകിന്‍റെ അംശം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഫംഗസ് ബാധയുമുണ്ടാകില്ല,” അദ്ദേഹം വിശദമാക്കുന്നു.

തെങ്ങോല സ്ട്രോ

ഈര്‍ക്കില്‍ ഒഴിവാക്കി സംസ്ക്കരിച്ചെടുക്കുന്ന ഓല യന്ത്രത്തിന്‍റെ സഹായത്തോടെ മിനുക്കിയെടുത്ത് രണ്ടോ മൂന്നോ അടരുകള്‍ ചേര്‍ത്ത് സ്ട്രോയാക്കിയെടുക്കുകയാണ് ചെയ്യുന്നത്.

“തെങ്ങോല സ്ട്രോ വെള്ളത്തില്‍ ആറു മണിക്കൂറോളം കേടുപറ്റാതെയുമിരിക്കും. ഒരു വര്‍ഷത്തോളം ഈ സ്ട്രോയ്ക്ക് ആയുസ്സ് കിട്ടും. 2018-19 കാലത്താണ് ഈ മള്‍ട്ടിലെയര്‍ സ്ട്രോ വികസിപ്പിച്ചെടുത്തത്,” സജി വര്‍ഗ്ഗീസ് പറഞ്ഞു.

ഈ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യക്ക്  ഡല്‍ഹിയിലെ ഐഐടിയിലെ സ്വദേശി കോംപറ്റീഷനില്‍ അംഗീകാരം കിട്ടുകയും ചെയ്തു.

ഗുജറാത്ത് സര്‍ക്കാരിന്‍റെ എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കേര ഓര്‍ഗാനിക് എന്ന പേരിലാണ് ഇത് വിപണിയിലേക്കെത്തുന്നത്.

തെങ്ങോല സ്ട്രോ നിര്‍മ്മാണത്തില്‍ പേറ്റന്‍റും സജി നേടിയെടുത്തിട്ടുണ്ട്. കൂടാതെ ഇതുകൊണ്ടുള്ള ഡൈനിങ് ടേബിള്‍ മാറ്റ്, ചെറിയ ബാഗ്, തെങ്ങിലെ അരിപ്പ, കൊതുമ്പ് എന്നിവ ഉപയോഗിച്ച് പാത്രം കഴുകാനുള്ള സ്ക്രബറുമൊക്കെ നിര്‍മ്മിച്ചിട്ടുണ്ട് ഈ അധ്യാപകന്‍.

“അങ്ങനെയാണ് തെങ്ങോല സ്ട്രോ നിര്‍മ്മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇപ്പോള്‍ മധുര, കാസര്‍കോഡ്, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിര്‍മ്മാണ യൂനിറ്റുകളുണ്ട്.

“അധികം വൈകാതെ ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി നിരവധി തെങ്ങോല സ്ട്രോ യൂനിറ്റുകളും ആരംഭിക്കാനിരിക്കുകയായിരുന്നു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

“കന്യാകുമാരി, മൈസൂര്‍, ത്രിച്ചി, പുതുശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ സെന്‍ററുകള്‍ ആരംഭിക്കുന്നത്. കന്യാകുമാരിയിലും മൈസൂരിലും മധുരയിലും തൊഴിലാളികള്‍ക്ക് പരിശീലനമൊക്കെ നല്‍കിയിരുന്നു.


ഇതുകൂടി വായിക്കാം:തെങ്ങിന്‍ മുകളിലെ നാടന്‍ ഗവേഷകന്‍: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍


“എന്നാല്‍ യൂനിറ്റ് തുടങ്ങാനിരിക്കെയാണ് കൊറോണയും ലോക്ഡൗണുമൊക്കെ വന്നത്. അതോടെ താത്ക്കാലികമായി പ്രവര്‍ത്തനങ്ങളൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്,” എന്ന് സജി വര്‍ഗീസ്.

ഗ്രാമങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും ബ്ലെസിങ് പാംസ് പ്രാധാന്യം നല്‍കുന്നുണ്ട്. യൂനിറ്റുകളില്‍ സ്ത്രീ ജീവനക്കാരാണ് ഏറെയും. ഓരോ യൂനിറ്റിലും എട്ട് സ്ത്രീകള്‍ വീതമാണ് ജോലിയെടുക്കുന്നത്.

“അങ്ങനെയുള്ള ആറു യൂനിറ്റുകള്‍ ഒരു സ്ട്രോ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടാകും. ഈ എട്ട് പേരടങ്ങുന്ന ഒരു യൂനിറ്റില്‍ മാത്രം ഒരു ദിവസം 4,000 മുതല്‍ 6,000 വരെ ഓല സ്ട്രോ നിര്‍മ്മിക്കുന്നുണ്ട്.


ഒരു ഓലയില്‍ നിന്ന് 200 സ്ട്രോകള്‍ വരെയുണ്ടാക്കാം.


“ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കാണ് തൊഴില്‍ പരിശീലനം നല്‍കിയിരിക്കുന്നതും. ഏറെയും സ്ത്രീ തൊഴിലാളികളാണുള്ളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലകളിലെ 4,000 സ്ത്രീകള്‍ക്ക് ജോലി നല്‍കണമെന്ന ലക്ഷ്യം കൂടി ഞങ്ങള്‍ക്കുണ്ട്.

“ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികളുടെയും പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍. കോളെജില്‍ തന്നെ ഡിസൈന്‍ ചെയ്ത മെഷീനുകളാണ് ഈ സ്ട്രോ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികളില്‍ കുറേപ്പേരെ കമ്പനിയില്‍ പല വിഭാഗങ്ങളിലെ ജോലിക്കായി എടുത്തിട്ടുമുണ്ട്,” അദ്ദേഹം പറഞ്ഞു.

തെങ്ങുകള്‍ കൂടുതലുള്ളിടത്താണ് യൂനിറ്റുകള്‍ ആരംഭിക്കുന്നത്. മധുരയിലെ സ്ട്രോ നിര്‍മ്മാണ കേന്ദ്രം ഒരു തെങ്ങിന്‍ തോപ്പിലാണ്.  അസംസ്കൃത വസ്തുക്കള്‍ക്കായി മറ്റെവിടെയും പോകേണ്ട കാര്യമില്ല.

“ഓലകള്‍ കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങളാണോയെന്നു പരിശോധിച്ചുറപ്പിച്ച ശേഷമേ യൂനിറ്റുകള്‍ ആരംഭിക്കൂ. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണെങ്കിലും ഓല പോയി എടുത്തുവരാന്‍ പറ്റുന്നതാകണം,”  സജി വര്‍ഗ്ഗീസ് പറഞ്ഞു. ഇപ്പോള്‍ സൗജന്യമായി ഓല കിട്ടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാസന്‍, സേലം, പൊള്ളാച്ചി, പാലക്കാട് പോലുള്ള സ്ഥലങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നൊക്കെയാണ് തെങ്ങോല കണ്ടെത്തുന്നത്. കര്‍ണാടകയില്‍ തെങ്ങോല സുലഭമായി കിട്ടുന്ന 15 ഗ്രാമങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സജി വര്‍ഗീസ് വ്യക്തമാക്കി.

ഫിലിപ്പൈന്‍സിന്‍റെ പ്രഥമവനിതയ്ക്കൊപ്പം സജി വര്‍ഗീസ്

പ്രകൃതിദത്തമായ ഈ സ്ട്രോയ്ക്ക് ആവശ്യക്കാരിലേറെയും വിദേശങ്ങളില്‍ നിന്നാണെന്നും അതിനാല്‍ കൂടുതല്‍ ഓര്‍ഡര്‍ വരുന്നത് പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്, കാനഡ, ന്യൂസിലന്‍റ്, ഓസ്ട്രേലിയ, ജര്‍മനി, സ്പെയിന്‍, സിംഗപൂര്‍, ദുബായി, ഒമാന്‍ ഇവിടങ്ങളിലേക്കാണ് തെങ്ങോല സ്ട്രോയുടെ സാംപിളുകള്‍ അയച്ചിരിക്കുന്നതെന്നു സജി.

“ഇക്കൂട്ടത്തില്‍ മലേഷ്യയില്‍ നിന്ന് ഒരുകോടി സ്ട്രോയ്ക്കും ന്യൂസിലന്‍റില്‍ നിന്നു പത്ത് ലക്ഷം സ്ട്രോയ്ക്കും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. ഒമാന്‍, സിംഗപൂര്‍ ഇവിടങ്ങളില്‍ നിന്നും ആവശ്യം അറിയിച്ചിട്ടുണ്ട്. കൊറോണ വന്നതാണിപ്പോള്‍ തടസമായിരിക്കുന്നത്.

“കേരളത്തില്‍ 52 ഇടങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്.


പക്ഷേ, അതൊക്കെ ലോക്ഡൗണില്‍പ്പെട്ടിരിക്കുകയാണ്. ചര്‍ച്ചകളൊന്നും മുന്നോട്ട് പോയിട്ടില്ല.


“ധനമന്ത്രി തോമസ് ഐസക്ക് സാറും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം അദ്ദേഹവുമായി സംസാരിച്ചിട്ടുമുണ്ട്. എന്നാല്‍ മൂന്നു രൂപയാണ് ഒരു സ്ട്രോയുടെ വില. ഇന്ത്യന്‍ വിപണിയില്‍ ഈ വിലയ്ക്ക് വില്‍ക്കാനാകില്ല.

“പക്ഷേ മാരിയറ്റ് ഹോട്ടല്‍ ഗ്രൂപ്പ് തെങ്ങോല സ്ട്രോയ്ക്ക് ഞങ്ങളെ സമീപിച്ചിട്ടുണ്ട്.
നിര്‍മ്മാണം കൂടിയാല്‍ വില കുറച്ച് ഇന്ത്യയില്‍ വില്‍ക്കാനാകും,” പ്രതീക്ഷയോടെ സജി വര്‍ഗീസ് പറഞ്ഞു.

ഫിലിപ്പൈന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ജയ്‍ദീപ് മസൂംദാറിനൊപ്പം സജി വര്‍ഗീസ്

കഴിഞ്ഞ നവംബറില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ഫിലിപ്പൈന്‍സ് സന്ദര്‍ശിക്കാനും സജിക്ക് അവസരം ലഭിച്ചിരുന്നു. തെങ്ങുകള്‍ ഏറെയുള്ള നാടാണ് ഫിലിപ്പൈന്‍സ്.

അവരുമായി സഹകരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ഫിലിപൈന്‍സ് മാത്രമല്ല കാനഡയില്‍ നിന്നും തെങ്ങോല സ്ട്രോ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതിന് സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സജിയുടെ ഭാര്യ ലിജി അധ്യാപികയാണ്. ലിസയും അര്‍പിതുമാണ് മക്കള്‍. മലയാളിയാണെങ്കിലും സജി ജനിച്ചതും പഠിച്ചതുമൊക്കെ മഹാരാഷ്ട്രയിലാണ്.

21 വര്‍ഷം അധ്യാപകനായിരുന്നു. നാലു വര്‍ഷം മുന്‍പാണ് ബെംഗളുരു ക്രൈസ്റ്റില്‍ എത്തുന്നത്. സജിക്ക് എഴുത്തിനോടും കമ്പമുണ്ട്. അദ്ദേഹമെഴുതിയ ഇക്തൂസ് എന്ന നോവല്‍ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. യുകെ ആസ്ഥാനമായ പബ്ലിഷര്‍മാരാണ് പ്രസിദ്ധീകരിക്കുന്നത്.


ഇതുകൂടി വായിക്കാം:യൂറോപ്പിലേക്ക്  3 ലക്ഷം ചിരട്ടക്കപ്പ്, 1 ലക്ഷം ഓറഞ്ചിന്‍റെ പുറംതോട്, അമ്പതിനായിരം പൈനാപ്പിള്‍ തോട്: ഒളിംപിക്സ് ‘ഗ്രീന്‍’ ആക്കാന്‍ സഹായിച്ച മലയാളിയുടെ ഹരിതസംരംഭം 


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം