ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന ചിലരെക്കൂടി ആ ചുമട്ടുതൊഴിലാളി സ്വന്തം ചുമലില്‍ ഏറ്റുന്നുവെന്ന് മാത്രം. അത് അദ്ദേഹത്തിനൊരു ഭാരമായി തോന്നുന്നുമില്ല.

കദേശം 11 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചുമട്ടുതൊഴിലാളിയായ പോളച്ചന്‍ ആ പ്രതിജ്ഞയെടുത്തത്.

‘ഈ സാമ്പത്തിക ബാധ്യതകള്‍ എല്ലാം ഒഴിഞ്ഞ്, വര്‍ഷങ്ങളായി അകപ്പെട്ട കടക്കെണിയില്‍ നിന്ന് എന്ന് കര കയറുന്നുവോ അന്ന്, ജീവിതത്തില്‍ ഏല്‍ക്കേണ്ടി വന്ന പരാജയങ്ങളാല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപെട്ടു കഴിയുന്ന ആളുകളെ ശുശ്രൂഷിക്കും.’

അത് ഒരു പ്രാര്‍ത്ഥന കൂടിയായിരുന്നു.

ആ ആഗ്രഹം നടക്കുമോ എന്ന് ചുമട്ടുതൊഴിലാളിയായ പോളച്ചന് ഒരു ഉറപ്പുമില്ലായിരുന്നു. കാരണം അന്നുണ്ടായിരുന്ന കടം എട്ട് ലക്ഷം രൂപയായിരുന്നു.

പോളച്ചന്‍ അന്നുമിന്നും ഒരു ചുമട്ടുതൊഴിലാളിയാണ്. അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് അതൊക്കെ പതുക്കെ വീട്ടിത്തീര്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും കടം മുഴുവന്‍ കൊടുത്തുതീര്‍ക്കണമെങ്കില്‍ ലോട്ടറിയടിക്കണം എന്ന അവസ്ഥ.

ബാധ്യതകള്‍ തീര്‍ക്കാനായി തുടങ്ങിവെച്ച പലതും കൂടുതല്‍ കടത്തിലേക്കാണ് പോളച്ചനെ കൊണ്ടെത്തിച്ചത്.

പോളച്ചന്‍

എന്നും ഉറക്കമുണര്‍ന്നാല്‍ കണികാണുന്നത് ഏതെങ്കിലും കടക്കാരന്‍റെ മുഖമായിരിക്കും. തൊട്ടതെല്ലാം ചെന്നവസാനിച്ചത് പരാജയങ്ങളില്‍. ആ പ്രാരാബ്ധങ്ങളുടെ ഭാരം ചുമന്ന് താനും കുടുംബവും ഒടുങ്ങുമോ എന്ന് വേവലാതിപ്പെട്ടിരുന്ന കാലം. ആ പരാജയങ്ങള്‍ മനസിനെ ഒട്ടൊന്നുമല്ല മുറിപ്പെടുത്തിയത് എന്ന് പോളച്ചന്‍ പി വി ഓര്‍ത്തെടുത്തു.

എന്നാല്‍, ഇന്ന് കാലടിക്കടുത്തുള്ള ചേരാനെല്ലൂരില്‍ അമ്പത് അന്തേവാസികളെ താമസിപ്പിച്ച്, അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ശുശ്രൂഷ നടത്തുന്ന ജീസസ് ഭവന്‍ എന്ന സ്ഥാപനം കൂടി നടത്തുന്നുണ്ട് ഇപ്പോള്‍ പോളച്ചന്‍.

കടം ഇല്ലാതായതുകൊണ്ടല്ല, ഇപ്പോഴുമുണ്ട്. എന്നാല്‍ അദ്ദേഹം കടങ്ങളെ ഭയപ്പെടാതായിരിക്കുന്നു. ആലംബമില്ലാത്തവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും അഭയം കൊടുക്കുക എന്നതാണ് തന്‍റെ യഥാര്‍ത്ഥ ബാധ്യത എന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന് മാത്രം.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന ചിലരെക്കൂടി ആ ചുമട്ടുതൊഴിലാളി സ്വന്തം ചുമലില്‍ ഏറ്റുന്നുവെന്ന് മാത്രം. അത് അദ്ദേഹത്തിനൊരു ഭാരമായി തോന്നുന്നുമില്ല.

“എന്‍റെ ദൈവം എന്നെ വഴി നടത്തി. ഇല്ലെങ്കില്‍ ഇതൊന്നും എനിക്ക് സാധിക്കില്ലായിരുന്നു,” തികഞ്ഞ ദൈവവിശ്വാസിയായ പോളച്ചന്‍ പറയുന്നു. “ഒരുപക്ഷെ, ഇതൊക്കെ ഞാന്‍ അനുഭവിക്കണമായിരുന്നു. ഒരുപാട് സഹനങ്ങളുടെയും അനുഭവങ്ങളുടെയും തീച്ചൂളയില്‍ കൂടെ കടന്നു പോകുമ്പോഴാണ് നമുക്ക് മറ്റു മനുഷ്യരെ മനസിലാക്കാന്‍ കഴിയുന്നത്. ഇവരെ ശുശ്രൂഷിക്കുന്നത് വഴി ഞാനെന്‍റെ ദൈവത്തിനു തന്നെയാണ് ശുശ്രൂഷ ചെയ്യുന്നത്,’  ആ 54-കാരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.


പതിനഞ്ചാം വയസ്സില്‍ തുടങ്ങിയതാണ് കുടുംബത്തെ ഒരു കരയ്‌ക്കെത്തിക്കുന്നതിനായുള്ള പോളച്ചന്‍റെ കഠിനാധ്വാനം.


മാതാപിതാക്കള്‍ പാവപ്പെട്ടവരായിരുന്നു. മൂന്ന് പെങ്ങന്മാരുമുണ്ടായിരുന്നു. ആ കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയും പോളച്ചന്‍ ചെറുപ്പത്തിലേ തോളിലേറ്റേണ്ടി വന്നു.

പോളച്ചന്‍, ഭാര്യ ഡെയ്സി, മക്കള്‍

“പിന്നീട് ഞാനും വിവാഹം കഴിച്ചു. പെങ്ങന്മാരുടെ വിവാഹം, എന്‍റെ ഭാര്യ, മക്കള്‍, അവരുടെ ചുമതലകള്‍… അങ്ങനെ പ്രാരാബ്ദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. പിടിച്ചു നില്‍ക്കാന്‍ നന്നേ പാട് പെടുന്ന കാലം. ഇത് ഒരു കടത്തില്‍ നിന്ന് മറ്റൊരു ബാധ്യതയിലേയ്ക്ക് എന്നെ ഉന്തിത്തള്ളി വിട്ടിരുന്നു.”

ഇതൊക്കെക്കൊണ്ടുതന്നെ ആ നാട്ടുകാര്‍ ഒരു കല്യാണത്തിന് പോലും ക്ഷണിക്കാറില്ലായിരുന്നുവെന്ന് പോളച്ചന്‍. “ഒരുപക്ഷെ, എന്‍റെ വീട്ടില്‍ ഒരു വിവാഹം നടത്തി നാട്ടുകാരെ ക്ഷണിച്ച്, ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനുള്ള ത്രാണി എനിക്കില്ല എന്ന് അവര്‍ കരുതി കാണും. അന്നത്തെ സാഹചര്യത്തില്‍ അവരെ തെറ്റ് പറഞ്ഞിട്ട് കാര്യവുമില്ല.”

ഇത്തരം പ്രയാസങ്ങളില്‍ കൂടെ കടന്നു പോയത് കൊണ്ടാവും പലതരം പ്രതിസന്ധികളിലൂടെ കടന്നു പോയി, ജീവിതത്തിന്‍റെ താളം തെറ്റി വരുന്നവരുടെ അനുഭവങ്ങള്‍ മനസിലാക്കാനും അവരോട് സഹാനുഭൂതിയോടു കൂടി പെരുമാറാനും തനിക്ക് സാധിക്കുന്നതെന്ന് പോളച്ചന്‍ പറയുന്നു.

പോലീസ്, സന്യസ്തര്‍, വൈദികര്‍ അല്ലെങ്കില്‍ ജനപ്രതിനിധികള്‍ വഴിയാണ് ഇവിടെ ആളുകള്‍ എത്തുന്നത്. വന്നു കയറുന്നവരോട് ഒരിക്കലും അവരുടെ പഴയ ജീവിതത്തെക്കുറിച്ച് ചോദിക്കാറില്ലെന്ന് പോളച്ചന്‍ പറഞ്ഞു.

“എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ തന്നെ പതിയെ കാര്യങ്ങള്‍ ഓരോന്നായി പറയാന്‍ തുടങ്ങും,” അവിടെയെത്തിയവരുടെ അനുഭവങ്ങളിലൂടെ പോളച്ചന്‍ കൊണ്ടുപോകുന്നു

“ചില തെറ്റുകള്‍ തിരുത്താന്‍ പറ്റുമെങ്കിലും, മിക്കതും തിരുത്തലുകള്‍ ഇല്ലാതെ നിലനില്‍ക്കുന്നു. പലപ്പോഴും അവരെ ഉപേക്ഷിച്ച കുടുംബാംഗങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. ഇതില്‍ ചിലര്‍ ഒരുപാട് സഹിച്ചിട്ടായിരിക്കും ഇവരെ ഉപേക്ഷിക്കുന്നതും അല്ലെങ്കില്‍ വീണ്ടും കണ്ടുകിട്ടിയതിനു ശേഷം തിരിച്ചെടുക്കുവാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നതും.”

എല്ലാവരും ഉപേക്ഷിച്ച നിരവധി പേരെയാണ് പോളച്ചന്‍ ഏറ്റെടുത്ത് ശുശ്രൂഷിക്കുന്നത്

അങ്ങനെയൊരാളുടെ–തന്‍റെ കണ്മുന്‍പില്‍ വന്ന് ഏറെ വേദനയോടെ പൊലിഞ്ഞു പോയ ഒരാളുടെ– ജീവിതം പോളച്ചന്‍ പങ്കുവെച്ചു.

അയാള്‍ ഒരു വലിയ വീട്ടിലെയായിരുന്നു. വിദ്യാസമ്പന്നന്‍, നല്ല ജോലി. രണ്ടു കുഞ്ഞുങ്ങള്‍… ഒരാള്‍ക്ക് മൂന്ന് വയസ്സും മറ്റൊരാള്‍ക്ക് നാല് വയസ്സും പ്രായം. എന്തോ കാരണത്താല്‍ ഭാര്യയുമായി വഴക്കിട്ട് അയാള്‍ വീടുവിട്ടിറങ്ങി. അന്ന് അയാളുടെ പേരില്‍ മൂന്ന് ഏക്കറോളം സ്ഥലമുണ്ടായിരുന്നു. അതെല്ലാം വിറ്റു തുലച്ച് ആര്‍ഭാടപൂര്‍വ്വമായ ജീവിതം നയിക്കാന്‍ തുടങ്ങി. കൂടാതെ, എല്ലാവിധ ദുശ്ശീലങ്ങളും.

“പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍… ഒരിക്കല്‍ പോലും അയാള്‍ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എങ്കില്‍ ഇങ്ങനെ ഒരു ജീവിതം നയിക്കുമായിരുന്നില്ലല്ലോ, അല്ലേ ?” പോളച്ചന്‍ ചോദിക്കുന്നു.

വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി. ആ അമ്മ വളരെ കഷ്ടപ്പെട്ട് തന്നെ കുഞ്ഞുങ്ങളെ
പഠിപ്പിച്ച്, വളര്‍ത്തി വലുതാക്കി. പിന്നീട്, അവര്‍ നല്ലൊരു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോഴാണ് പലരും ഈ അമ്മയെയും മക്കളെയും അവരില്‍ നിന്നകന്നു പോയ അച്ഛനെ ജീവിതത്തിലേയ്ക്ക് തിരികെ വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത്.

അതിനും ഒരു കാരണമുണ്ടായിരുന്നു, പോളച്ചന്‍ തുടര്‍ന്നു. “അപ്പോഴേയ്ക്കും അയാളുടെ പൈസയെല്ലാം തീര്‍ന്ന് വളരെ പരിതാപകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കഴിഞ്ഞിരുന്നു. ആ മക്കള്‍ക്ക് അവരുടെ അച്ഛനെ കണ്ട ഓര്‍മ്മ പോലുമില്ല, എങ്കിലും, മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അവര്‍ അയാളെ സ്വീകരിക്കാന്‍ തീരുമാനിച്ചു.

“അയാള്‍ അമ്മയുടെയും മക്കളുടേയും ഒപ്പം താമസവും തുടങ്ങി. എന്നാല്‍ അയാള്‍ അവരുടെ കൂടെയില്ലാത്ത വര്‍ഷങ്ങളിലെ ആ സ്ത്രീയുടെ ജീവിതത്തെ ചോദ്യം ചെയ്ത് വഴക്കിടുന്ന അച്ഛനെക്കണ്ടുകൊണ്ടാണ് ഒരു ദിവസം മകന്‍ വീട്ടിലേക്ക് കയറിവരുന്നത്. അപ്പോള്‍ത്തന്നെ അയാള്‍ അവിടെ തുടര്‍ന്ന് താമസിക്കുന്നതിലുള്ള നീരസം മകന്‍ പ്രകടിപ്പിക്കുകയും ചെയ്തു.

“അപ്പോള്‍ വീട് വിട്ടിറങ്ങിയ അയാള്‍ ഒരുപാട് അലഞ്ഞു തിരിഞ്ഞതിനു ശേഷമാണ് ഇവിടെ വന്നു പെടുന്നത്. കഥകള്‍ എന്നോട് പങ്കു വെച്ചതിനു ശേഷം അയാള്‍ പറഞ്ഞു – ‘എന്‍റെ മക്കള്‍ എന്നോട് പൊറുത്താല്‍, അവരോടു ദൈവം ക്ഷമിക്കുകയില്ല’ എന്ന്.’

ഒന്നുമില്ലാത്തവര്‍ മുതല്‍ നല്ല സാമ്പത്തിക ശേഷിയുള്ളവരെ വരെ ജീസസ് ഭവനില്‍ ശുശ്രൂഷിച്ചിട്ടുണ്ടെന്ന് പോളച്ചന്‍. സാമ്പത്തിക ശേഷി ഉണ്ടായിട്ടും മരിച്ച് അടക്കാനായി ഒരു തുണ്ട് ഭൂമിയില്ലാത്തവരും അതില്‍ പെടും.

“ഒരിക്കല്‍ എനിക്ക് എറണാകുളം ജനറല്‍ ആശുപത്രി അധികൃതരില്‍ നിന്നും ശുശ്രൂഷിക്കുന്നതിനായി ഒരാളെ കിട്ടി. പ്രമേഹം വന്നു പഴുത്തതിനെ തുടര്‍ന്ന് ഒരു കാല്‍ പകുതി മുറിച്ചു കളഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും പഴുപ്പ് കയറിക്കൊണ്ടേയിരുന്നു. രണ്ട് കണ്ണിനും കാഴ്ച്  ഇല്ലായിരുന്നു. ഒരു ചെറിയ കാര്യം പോലും അയാള്‍ക്ക് ചെയ്ത് കൊടുത്ത് കഴിഞ്ഞാല്‍, അത് ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കൊടുക്കുന്നതാണെങ്കില്‍ പോലും അയാള്‍ പറയും ‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന്.’

ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെ ഇത്തരമൊരു ദുരവസ്ഥ വന്നുവെന്ന് പോളച്ചന്‍ ചിന്തിക്കാറുണ്ട്.

“ഒരു ദിവസം അയാള്‍ ഞങ്ങളോട് മനസ്സ് തുറന്നു. ഭാര്യയും രണ്ടു ആണ്മക്കളും, ഒരു മകളും ഉള്‍പെടുന്നതായിരുന്നു കുടുംബം. 3,000 ചതുരശ്ര അടി വലുപ്പമുള്ള വീടും ഉണ്ടായിരുന്നു. മിലിട്ടറിയില്‍ നിന്നു റിട്ടയര്‍ ആയി നാട്ടിലെത്തിയതിനു ശേഷം അയാളും ഭാര്യയും വഴക്കുകൂടാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. ജീവിതം സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിച്ചു തീര്‍ക്കുന്നതില്‍ ആയിരുന്നു അയാളുടെ താല്പര്യം, ഭാര്യയുടെയും മക്കളുടെയും ആഗ്രഹങ്ങള്‍ ഒരിക്കലും പരിഗണിക്കുകയുണ്ടായിട്ടില്ല.”

വഴക്ക് ഒരു നിത്യ സംഭവമായതിനെ തുടര്‍ന്ന്, അയാളും സ്വന്തം ഇഷ്ടത്തിന് വീട് വിട്ടിറങ്ങി. ആരുമില്ലാതെ അലഞ്ഞു. ശാരീരികമായും മാനസികമായും തളര്‍ന്നു.  അങ്ങനെ ഒരുപാട് അലഞ്ഞതിന് ശേഷമാണ് അയാള്‍ പോളച്ചന്‍റെ അടുക്കലെത്തുന്നത്.

പോളച്ചനും കുടുംബവും ഒരു പഴയ ചിത്രം

അവിടെയെത്തി കുറേക്കാലം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കുടുംബാംഗങ്ങളെ കാണണമെന്ന് വലിയ ആഗ്രഹം. “ഞാനും എന്‍റെ ഒരു സുഹൃത്തും കൂടി അയാളുടെ വീട് കണ്ടു പിടിച്ചു ചെന്നു. വാതില്‍ തുറന്നത് അയാളുടെ ഭാര്യ തന്നെയായിരുന്നു. ഞാന്‍ കാലടിയില്‍ നിന്നാണ് വരുന്നതെന്നും, അവരുടെ ഭര്‍ത്താവ് എന്‍റെ കൂടെയുണ്ടെന്നും പറഞ്ഞപ്പോള്‍ ആ സ്ത്രീ ആക്രോശിക്കുകയാണ് ചെയ്തത്. ‘അയാളുടെ കാര്യം പറഞ്ഞിട്ടാണ് വന്നതെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്ന് കടന്നു പോടോ’ എന്ന് പറഞ്ഞതും പിന്നീട് ഉച്ചത്തില്‍ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. അവര്‍ അനുഭവിച്ച വിഷമങ്ങള്‍ എനിക്കാ ഉറക്കെയുള്ള കരച്ചിലിലൂടെ ഊഹിക്കുവാന്‍ കഴിയുമായിരുന്നു.”

പോളച്ചന്‍ അവരോട് പറഞ്ഞു: “ഇനി ഏതാനും ദിവസങ്ങളേ ഒരുപക്ഷെ ബാക്കിയുണ്ടാവുകയുള്ളു. കാണണമെങ്കില്‍ എത്രയും പെട്ടെന്ന് വന്നു കാണാം.” പക്ഷെ, അവരുടെ തന്‍റെ തീരുമാനം ആദ്യത്തെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായിരുന്നു.

ഭാര്യയുടെ മറുപടി അറിഞ്ഞപ്പോള്‍ അയാള്‍ കൂടുതലായി ഒന്നും അന്ന് പറഞ്ഞില്ലെന്ന് പോളച്ചന്‍ ഓര്‍ക്കുന്നു. പിറ്റേന്ന് രാവിലെ അയാളെ കുളിപ്പിച്ച്, ശുശ്രൂഷിച്ച് ജോലിക്കായി ഇറങ്ങിയപ്പോഴേക്കും ഏകദേശം ഒരു എട്ടര ആയി കാണും.

“കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ ഭാര്യ(ഡെയ്സി)യുടെ ഒരു ഫോണ്‍ വന്നു. ചാച്ചന് അസ്വസ്ഥത കൂടിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു അത്.”  പോളച്ചന്‍ ആംബുലെന്‍സുമായി ചെന്ന് അയാളെ വേഗം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു.

“ചാച്ചന്‍റെ പ്രയാസങ്ങള്‍ അധികം നീണ്ടു പോയില്ല, രാത്രിയോട് കൂടി തന്നെ മരിച്ചു. എന്ന വാര്‍ത്ത അറിയിച്ചു കൊണ്ട് ഒരു ഫോണ്‍ വന്നു,” പോളച്ചന്‍ ഒരു ദീര്‍ഘനിശ്വാസത്തോട പറഞ്ഞു. കോര്‍പറേഷന്‍റെ സഹായത്തോടെ അയാളുടെ മൃതദേഹം സംസ്കരിച്ചു.

ഇതൊക്കെ കേള്‍ക്കുമ്പോഴും എനിക്കൊരു സംശയം ബാക്കി നിന്നു. എങ്ങനെയാണു ഇത്രയും കടക്കാരനായ പോളച്ചന്‍ ഇത്ര ഭംഗിയായി ഈ സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നതെന്ന്?

“ഞാന്‍ നേരത്തെ പറഞ്ഞിരുന്നില്ലേ? ദൈവത്തിന് എനിക്കുള്ള എല്ലാ ഉത്തരവും ഉണ്ടെന്ന്,” അദ്ദേഹം ചിരിക്കുന്നു.

കടം കുമിഞ്ഞു കൂടിയപ്പോള്‍ പോളച്ചന്‍ വീടും അത് നിന്നിരുന്ന കുറച്ചു സ്ഥലവും കടക്കാര്‍ക്ക് തന്നെ കൊടുക്കുവാന്‍ തീരുമാനിച്ചു. അതൊരു 18 സെന്‍റോളം ഉണ്ടായിരുന്നു. പോളച്ചനെ അതിശയിപ്പിച്ചു കൊണ്ട് അവര്‍ പത്ത് സെന്‍റ് സ്ഥലത്തിന് മൂന്ന് ലക്ഷം രൂപയോളം നല്‍കി. പലരാലും തഴയപ്പെട്ട പോളച്ചന് കടക്കാരുടെ ആ നടപടി വലിയൊരാശ്വാസമായിരുന്നു.

“അവര്‍ ശരിക്കും ഒരു വലിയ ഇളവ് തന്നെയാണ് തന്നത്.”

ജീസസ് ഭവന്‍

കയ്യില്‍ അപ്പോള്‍ ബാക്കി എട്ട് സെന്‍റ് സ്ഥലമുണ്ടായിരുന്നു. പിന്നെയുള്ള കടങ്ങള്‍ ജോലിയെടുത്തു തന്നെ വീട്ടി. അതിന് ശേഷമാണ് പോളച്ചന്‍ ജീസസ് ഭവന്‍ തുടങ്ങുന്നത്, അതും ലോണ്‍ എടുത്ത് തന്നെ. ചുമടെടുത്ത് എല്ലു മുറിയെ പണിയെടുത്ത് കൊണ്ട് തന്നെയാണ് ഇപ്പോഴും ലോണ്‍ അടച്ചു വീട്ടുന്നത്.

ഒട്ടനവധി ഉദാരമനസ്‌കര്‍ ഇന്നും പല കാര്യങ്ങളിലായി പോളച്ചനെ സഹായിക്കുന്നുണ്ട്. തുടക്കത്തില്‍ അഞ്ചു പേരെ വെച്ചാണ് തുടങ്ങിയത്. ഇപ്പോഴുള്ള അമ്പത് പേരില്‍ 20 പേര്‍ കിടപ്പുരോഗികള്‍ ആണ്. അവര്‍ക്കാവശ്യമുള്ള ആശുപത്രി സഹായവും ഡോക്ടര്‍മാരുടെ മേല്‍നോട്ടവും മുറയ്ക്ക് തന്നെ നല്‍കുന്നുണ്ട്.

ലോണുകള്‍ അടച്ചു തീര്‍ക്കുന്നത് കുറച്ചു ശ്രമകരമല്ലേ എന്ന് ചോദിച്ചപ്പോള്‍, ഇതിനേക്കാള്‍ വലിയ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കാത്ത കരങ്ങളില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുവെന്നായിരുന്നു പോളച്ചന്‍റെ മറുപടി.

“ഒന്നിനും മുട്ടുണ്ടാകുകയില്ല. എല്ലാം നല്ല പടി മുന്നോട്ടു പോകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.”

നൂറുപേരെ ശുശ്രൂഷിക്കാന്‍ അംഗീകാരമുള്ള ജീസസ് ഭവന്‍റെ മികച്ച നടത്തിപ്പിന് തൃശൂര്‍ ആസ്ഥാനമായുള്ള ശാന്തി സമാജം വെല്‍ഫയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡും, 2015-ല്‍ എറണാകുളം – തൃശ്ശൂര്‍ ജില്ലകളിലെ മികച്ച സ്ഥാപനത്തിനുള്ള ഫാദര്‍ ബസേലിയോസ് പാണാട്ട് ജീവ കാരുണ്യ അവാര്‍ഡും പോളച്ചന് ലഭിച്ചിട്ടുണ്ട്.

ഭാര്യ ഡേയ്‌സിയോടും രണ്ടു പെണ്മക്കളോടുമൊപ്പം കാലടിയിലുള്ള ചേരാനെല്ലൂരിലാണ് പോളച്ചന്‍ താമസിക്കുന്നത്.


ഇതുകൂടി വായിക്കാം: ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം