സൂറത്തിലെ 26,000 കുടുംബങ്ങളില്‍ ദിവസവും 5 റൊട്ടി അധികം ഉണ്ടാക്കുന്നു, ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ വിശപ്പകറ്റാന്‍

സൂറത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ ഒരു ലക്ഷത്തോളം റൊട്ടികള്‍ ശേഖരിച്ചു വിതരണം ചെയ്യുന്നുണ്ടെന്ന് സംഘടന പറയുന്നു

ലോക്ക്ഡൗണില്‍ സമയം ചെലവഴിക്കാന്‍ പലതരം ചലഞ്ചുകളിലാണ് സോഷ്യല്‍ മീഡിയ. ചിലര്‍ സംഗീതം പഠിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ്. പുതിയ ഭാഷകളിലാണ് ചിലര്‍ കൈവെച്ചിരിക്കുന്നത്. ഓരോ ദിവസവും പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചാണ് മറ്റുചിലര്‍ ഈ വീട്ടിലിരുപ്പുകാലം രുചികരമാക്കുന്നത്.

സൂറത്തിലെ സംഘത് റെസിഡന്‍സിയില്‍ താമസിക്കുന്ന അനില ദിവസവും പത്ത് റൊട്ടി കൂടുതല്‍ ഉണ്ടാക്കുന്നു. പക്ഷേ, അതൊരു ചലഞ്ച് ആയിട്ടല്ല.

ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ പോകാനാവാതെ സൂറത്തില്‍ കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ക്ക് വേണ്ടി റൊട്ടിയുണ്ടാക്കിക്കൊണ്ടാണ് അനിലയുടെ ഓരോ ദിവസവും തുടങ്ങുന്നത്.

കുടിയേറ്റത്തൊഴിലാളിയെന്നല്ല, ലോക്ക് ഡൗണ്‍ ആയതോടെ തനിക്ക് ‘പുതിയൊരു കുടുംബ’ത്തെക്കൂടി കിട്ടി എന്ന് സ്നേഹപൂര്‍വ്വം വിശേഷിപ്പിക്കാനാണ് അനിലയ്ക്ക് ഇഷ്ടം, അവര്‍ കൊടുക്കുന്ന റൊട്ടി കഴിക്കുന്നതാരാണെന്ന് ആ സ്ത്രീ കണ്ടിട്ടില്ലെങ്കിലും.

മാര്‍ച്ച് 25-ന് രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതല്‍ അനില അവര്‍ക്ക് വേണ്ടി റൊട്ടി ഉണ്ടാക്കുന്നുണ്ട്.

“സാധാരണ ഉണ്ടാക്കുന്നതിന്‍റെ കൂടെ പത്ത് റൊട്ടി മാത്രമല്ലേ ചുട്ടെടുക്കേണ്ടതുള്ളൂ. അതുകൊണ്ട് ഇതൊരു ഭാരമാണെന്ന തോന്നലില്ല. ഈ ചെറിയ പ്രവൃത്തിയിലൂടെ കുറച്ച് ആളുകള്‍ക്കു വിശപ്പ് അകറ്റാന്‍ സാധിക്കുന്നുണ്ടെന്നതു സന്തോഷം പകരുന്ന കാര്യമാണ്,” അനില ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

അനിലയെപ്പോലെ, ചുറ്റുവട്ടത്ത് താമസിക്കുന്ന 30-ഓളം കുടുംബങ്ങളടക്കം നഗരത്തിലെ 26,000 വീട്ടുകാരും ഛാന്‍യാദോ എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘റൊട്ടി സേവാ’ എന്ന പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നുണ്ട്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ 21-ഓളം സംസ്ഥാനങ്ങളില്‍നിന്നും ആയിരങ്ങളാണ് തൊഴില്‍ തേടി എല്ലാവര്‍ഷവും സൂറത്തിലേക്കെത്തുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഫാക്ടറികള്‍ അടച്ചതും ഈ തൊഴിലാളികള്‍ക്ക് സമ്മാനിച്ചത് വലിയ ദുരിതമാണ്. പലര്‍ക്കും ജോലിയോ അവശ്യ വസ്തുക്കളോ ഇല്ലാതെ നഗരത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. പലര്‍ക്കും ഭക്ഷണം പോലും ഇല്ലാത്ത സ്ഥിതി.

ആളുകള്‍ക്കു സഞ്ചരിക്കാനും പുറത്തിറങ്ങി നടക്കാനും നിയന്ത്രണങ്ങളുള്ളതിനാല്‍ വളരെക്കുറച്ചു ആളുകള്‍ക്കു മാത്രമേ ഇവരെ സഹായിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈയൊരു സാഹചര്യമാണ് ‘റൊട്ടി സേവാ’ എന്ന ഇടപെടലുമായി മുന്നോട്ടു വരാന്‍ ഛാന്‍യാദോ എന്ന സന്നദ്ധസംഘടനയെ  പ്രേരിപ്പിച്ചതെന്ന് പ്രസിഡന്‍റ് ഭരത് ഷാ പറഞ്ഞു. ഈ ഉദ്യമത്തിനു വേണ്ടി അധിക പണമോ സമയമോ ചെലവഴിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ, വാട്സാപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയും മാര്‍ച്ച് 27-നാണു കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ മന്നോട്ടുവരണമെന്ന അഭ്യര്‍ത്ഥന സംഘടന നഗരവാസികളോട് നടത്തിയത്. 20-ഓളം കുടുംബങ്ങള്‍ അന്നുതന്നെ സഹായം ചെയ്യാന്‍ മുന്നോട്ടുവന്നു. ഇപ്പോള്‍ സഹായം ചെയ്യാനായി
മുന്നോട്ടു വന്ന കുടുംബങ്ങളുടെ എണ്ണം ആയിരങ്ങളിലെത്തിയിരിക്കുന്നു.

കുടിയേറ്റ തൊഴിലാളികള്‍ക്കായി ഇപ്പോള്‍ ഒരു ലക്ഷത്തോളം റൊട്ടികള്‍ ശേഖരിച്ചു വിതരണം ചെയ്യുന്നുണ്ടെന്നും എന്‍ജിഒ അവകാശപ്പെടുന്നു. റൊട്ടിയോടൊപ്പം കഴിക്കാനുള്ള കറി സംഘടനയുടെ അടുക്കളകളിലാണ് തയ്യാറാക്കുന്നത്.

ഛാന്‍യാദോയുടെ പ്രവര്‍ത്തകരില്‍ ചിലര്‍

കുടിയേറ്റ തൊഴിലാളികള്‍ക്കു റൊട്ടി വിതരണം ചെയ്യാനായി 129 സംഘടനകളും ഈ എന്‍ജിഒ-യെ സഹായിക്കുന്നുണ്ട്. പാചകം ചെയ്യാന്‍ അടുക്കള സാധനങ്ങളില്ലാത്തവര്‍ക്ക് ഭരത് ഷായും സംഘവും സ്റ്റൗ, മാവ്, നെയ്യ്, പാത്രങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കുന്നുമുണ്ട്.

പ്രവര്‍ത്തന രീതി

താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കിയോ, ഫേസ്ബുക്ക് വഴിയോ, എന്‍ജിഒയിലെ അംഗങ്ങളെ നേരിട്ട് വിളിച്ചോ
രെജിസ്റ്റര്‍ ചെയ്യാം. സുരക്ഷ പരിഗണിച്ച് റെഡ് സോണില്‍ താമസിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.

ഏകദേശം 1,500 ലൊക്കേഷനുകളില്‍ താമസിക്കുന്നവരില്‍ നിന്ന് രാവിലെ റൊട്ടി ശേഖരിച്ചതിനു ശേഷമാണ് സംഘടനയുടെ കിച്ചനിലേക്ക് എത്തിക്കുന്നത്. തുടര്‍ന്ന് നാല് റൊട്ടികളും, 180 ഗ്രാം സബ്ജി (വെജിറ്റബിള്‍ കറി)യുമടങ്ങുന്ന ഭക്ഷണപ്പൊതികളായി പായ്ക്ക് ചെയ്യും. ഇത്തരത്തില്‍ പായ്ക്ക് ചെയ്യാന്‍ സംഘടനയ്ക്കു പാചകക്കാര്‍, സഹായികള്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 150-ഓളം പേരുടെ സഹായവമുണ്ട്.

ഭക്ഷണം തയാറാക്കുന്നതും, ശേഖരിക്കുന്നതും, പായ്ക്ക് ചെയ്യുന്നതുമടക്കമുള്ള മുഴുവന്‍ സമയവും മാസ്‌ക്കുകളും, കയ്യുറകളും പോലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. കര്‍ശനമായ ശുചിത്വവും ഉറപ്പാക്കുന്നുണ്ട്. ഓരോരുത്തരും അവര്‍ക്ക് അനുവദിച്ച സമയത്ത് അവരുടെ കെട്ടിടത്തിന്‍റെ പ്രവേശനകവാടത്തില്‍ റൊട്ടി പായ്ക്കു ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ കെട്ടിടത്തിലും ഒരാളെ നിയമിച്ചിട്ടുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തകനായ വിപുല്‍ പറഞ്ഞു. ഇതിലൂടെ ശാരീരിക ഇടപെടല്‍ ഒഴിവാക്കാനാകുമെന്നും വിപുല്‍ പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംഘടന സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്നും പാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ആയിരക്കണക്കിനു തൊഴിലാളികളാണ് വീടുകളിലേക്കു മടങ്ങി പോകാനാവാതെ ലോക്ക് ഡൗണ്‍ കാലം പല സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കേണ്ടി വന്നത്. കയ്യില്‍ പണമില്ല, ജോലിയില്ല… പലരും നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലേക്ക് നടക്കാന്‍ തുടങ്ങി…വഴിയില്‍ ഭക്ഷണം കിട്ടുമോ എന്നുപോലും ഉറപ്പില്ലാതെ… വലിയ ദുരിതങ്ങളും ദുരന്തങ്ങളുമാണ് രാജ്യം കണ്ടത്.

സര്‍ക്കാരുകള്‍ക്കൊപ്പം, ഛാന്‍യാദോ പോലുള്ള സംഘടകള്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഈ പ്രതിസന്ധി വലിയൊരു പരിധിവരെ കുറച്ചുകൊണ്ടുവന്നത്.

“ഒരു രാജ്യമെന്ന നിലയില്‍, ഒരു വിപത്ത് ഉണ്ടാകുമ്പോഴെല്ലാം പൗരന്മാരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കു നമ്മള്‍ സാക്ഷ്യം വഹിക്കാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിലും കാണുന്നത് അതുതന്നെയാണ്. എന്‍റെ അഭിപ്രായത്തില്‍ ഇവിടെ യഥാര്‍ഥ ഹീറോകള്‍ അധിക അധ്വാനം നടത്താന്‍ തയ്യാറായി മുന്നോട്ടുവന്ന ദീനാനുകമ്പയുള്ള കുടുംബങ്ങളാണ്. അവര്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ദരിദ്രരെ സഹായിക്കാന്‍ തങ്ങളാല്‍ സാധിക്കുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,” ഭരത് ഷാ പറഞ്ഞു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം