മരങ്ങള്‍ നിറഞ്ഞ വലിയ പറമ്പ്. അതിന് നടുവിലായി കൊച്ചു മണ്‍വീട്. മുറ്റത്തെ മണ്‍പാത്രത്തില്‍ നിറച്ചുവച്ചിരിക്കുന്ന വെളളം കുടിക്കാനെത്തുന്ന കാക്കയും കുരുവിയും മരംകൊത്തിയും കാടുമുഴക്കിയും. തൊടിയില്‍ പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നു. ഇടയ്ക്കൊക്കെ മരപ്പട്ടിയും പാമ്പുകളും വിരുന്നുകാരായെത്തും.
പരിസരത്തൊന്നും വാഹനങ്ങളുടെ ബഹളമേയില്ല. കിളികളുടെയും മൃഗങ്ങളുടെയും കലപില ശബ്ദം… കാറ്റ്… പച്ചപ്പ്…ഒരു കൊച്ചുകാട്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
പറഞ്ഞുവരുന്നത് കാട്ടിനുളളിലുളള റിസോര്‍ട്ടിനെപ്പറ്റിയൊന്നുമല്ല. കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരിയുടേയും ആശയുടേയും നനവ് എന്നു പേരിട്ടിരിയ്ക്കുന്ന കൊച്ചു മണ്‍വീടിനെക്കുറിച്ചാണ്.
നനവ്…ഹരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശ്വസിക്കുന്ന വീട്. പേരില്‍ത്തന്നെയുളള കുളിരും സുഖവും ഈ വീട്ടിലും ചുറ്റുവട്ടത്തുമുണ്ട്.
മണ്ണിനെയും പ്രകൃതിയേയും സ്നേഹിച്ച് സ്വയം തീര്‍ത്ത സ്വര്‍ഗത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവരല്ല ഇവര്‍. ജല അതോറിറ്റിയില്‍ നിന്ന് വിരമിച്ച ഹരിയും അധ്യാപികയായിരുന്ന ആശയും കേരളത്തിലെ പരിസ്ഥിതി സമരങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ്.
വീടെന്ന സ്വപ്നം മനസ്സില്‍ കൂടുകൂട്ടിയതു മുതല്‍ ആശ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഒരു കൊച്ചുകാടിന് നടുവിലായി ചെറിയൊരു മണ്‍വീട് പണിയണം. മുറ്റത്ത് വിരുന്നെത്തുന്ന കിളികളോട് കിന്നാരം പറയണം. അങ്ങനെ പ്രകൃതി കാട്ടിത്തരുന്ന അപൂര്‍വ്വ കാഴ്ചകളെല്ലാം തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കണം. പഴങ്ങളും പച്ചക്കറികളും നെല്ലുമടക്കം പറ്റുന്നതെല്ലാം സ്വയം കൃഷിചെയ്തുണ്ടാക്കണം.
കല്യാണം കഴിഞ്ഞ് ഹരിയെ കൂട്ടുകിട്ടിയപ്പോള്‍ ആഗ്രഹം ഹരിയോട് പറഞ്ഞു. പിന്നീട് ഇരുവരും ഒന്നിച്ചിരുന്നു സ്വപ്നം കണ്ടു.
”കോളെജ് പഠനകാലത്ത് എന്‍റെ പ്രൊഫസറായിരുന്നു ജോണ്‍സി ജേക്കബ്. അദ്ദേഹം എന്നും പറയുന്ന ഒരു കാര്യമുണ്ട്. വീടുണ്ടാക്കുന്നെങ്കില്‍ അത് പ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലാകണമെന്ന്. അതിന് നല്ലത് മണ്‍വീടാണെന്നും. കല്യാണം കഴിഞ്ഞ് ഹരിയെ കൂടെ കിട്ടിയപ്പോഴാണ് എനിക്കാ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായത്,” ആശ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
കണ്ണൂരില്‍ പരിസ്ഥിതി സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകവെയാണ് ഹരിയും ആശയും പരിചയപ്പെടുന്നത്. 2007-ല്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലായിരുന്നു വിവാഹം. തികച്ചും ലളിതമായ രീതിയില്‍ വേണ്ടപ്പെട്ടവര്‍ മാത്രം പങ്കെടുത്ത ചടങ്ങ്. പായസവും കുറച്ചുപഴങ്ങളുമായി അതിഥികളെ സല്‍കരിച്ചു.
“പ്രകൃതിയെ നോവിക്കാതെ ആരോഗ്യത്തിനും കാലാവസ്ഥയ്ക്കും യോജിച്ച രീതിയിലുളളതായിരിക്കണം വീടെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുകൂടിയായ ആര്‍ക്കിടെക്ട് ടി. വിനോദിനെ സമീപിച്ചത്. 2010-ലാണ് വീടിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്നും പണിക്കാരെത്തിയായിരുന്നു നിര്‍മ്മാണം. എട്ട് മാസങ്ങള്‍ക്കുളളില്‍ പണി പൂര്‍ത്തിയായി. 960 സ്‌ക്വയര്‍ഫീറ്റിലുളള വീടിന് നാലു ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവായത്. അതില്‍ ഒരു ലക്ഷം കിണര്‍ നിര്‍മ്മാണത്തിനായിരുന്നു.
“കൂടുതലായും ചെലവായത് തൊഴിലാളികളുടെ കൂലിയ്ക്കാണ്. ഒരു കിടപ്പുമുറി, സിറ്റൗട്ട്, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയാണുളളത്. ചുമരുകളില്‍ ചായം തേച്ചിട്ടില്ല. അകത്ത് മണ്‍തേപ്പാണ്. പുറംചുമരുകള്‍ തേച്ചുമിനുക്കിയിട്ടില്ല. നിലത്ത് തറയോടുകളാണ് പാകിയത്. വീട് നിര്‍മ്മാണത്തിനാവശ്യമായ മണ്ണ് ഇവിടെത്തന്നെയുണ്ടായിരുന്നു. രണ്ട് ഓടുകള്‍ പാകി ഇടയ്ക്ക് കമ്പി ഉപയോഗിച്ചായിരുന്നു മേല്‍ക്കൂരയുടെ വാര്‍പ്പ്,” ഹരി പറഞ്ഞു.
ഇത്തരം വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഏകദേശം രണ്ടരയടി താഴെനിന്ന് മണ്ണ് എടുക്കുന്നതാണ് രീതി. ഒരു വീടിന്‍റെ തറയ്ക്കാവശ്യമായ സ്ഥലത്തുനിന്ന് ഒന്നോ രണ്ടോ അടി എടുത്തുകഴിഞ്ഞാല്‍ ആ വീടിനാവശ്യമായ മണ്ണ് കിട്ടും. വളരെ ലളിതമായ നിര്‍മ്മാണരീതിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുളളത്. മണ്ണ് പത്ത് ദിവസത്തോളം ചവിട്ടിക്കൂട്ടുകയും കൂനയാക്കി മണ്ണ് പുളിക്കാനായി വെക്കുകയും ചെയ്യും. ഇതിന് ശേഷം മണ്ണ് കുഴച്ച് ഉരുട്ടിയെടുത്താണ് ചുമരിനായി ഉപയോഗിക്കുന്നത്. വീടിനാവശ്യമായ മരമെല്ലാം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും ഹരി പറഞ്ഞു.
”ചൂടുളളപ്പോള്‍ പുറത്തുനിന്ന് കയറിവന്നാല്‍ ‘നനവ്’ ആശ്വസിപ്പിയ്ക്കും. മഞ്ഞുകാലത്ത് ജനവാതിലുകള്‍ അടച്ചിട്ടാല്‍ ഇളംചൂട് പകരാനും നനവിന് സാധിയ്ക്കുന്നുണ്ട്. മഴക്കാലത്താണ് അതിലേറെ രസം. നല്ല മഴ പെയ്യുമ്പോള്‍ മണ്‍ചുവരുകളും ഓടും അല്പം കോണ്‍ക്രീറ്റും കലര്‍ന്ന മേല്‍ക്കൂരയും തണുപ്പത്രയും പിടിച്ചെടുത്ത് വീടിനെയാകെ തണുപ്പിയ്ക്കുന്നു. ഇടയ്ക്ക് വെയിലുദിച്ച ശേഷം മഴ വന്നാല്‍ മറ്റൊരു അനുഭവമായിരിക്കും, ” ആശ പറഞ്ഞു.
ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി മണ്ണ് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക സംവിധാനമാണുളളത്. ഒരാഴ്ചവരെ ഇതില്‍ സാധനങ്ങള്‍ കേടുകൂടാതിരിക്കും. അല്പം വെളളം ഒഴിച്ചുകൊടുത്താല്‍ മാത്രം മതി. പാചകത്തിന് ബയോഗ്യാസാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഗ്യാസ് കണക്ഷനൊന്നും എടുത്തിട്ടില്ല. സാധാരണ മാലിന്യങ്ങള്‍ക്ക് പുറമെ മനുഷ്യവിസര്‍ജ്ജ്യവും കൂടി ഉപയോഗിച്ചാണ് ബയോഗ്യാസ് നിര്‍മ്മിക്കുന്നത്. സ്വന്തമായി വാഹനം ഉണ്ടെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുണ്ടെങ്കില്‍ മാത്രമാണ് അതിലെ യാത്ര.
ഇതുകൂടി വായിക്കാം: നൂറുകണക്കിന് സാധാരണ കര്‍ഷകരെ ജൈവകൃഷിയിലേക്കും കൂടുതല്‍ വരുമാനത്തിലേക്കും നയിച്ച കര്‍ഷകന്‍
ആഹാരത്തിന് പറമ്പില്‍ തന്നെയുളള പഴങ്ങളും പച്ചക്കറികളും. സ്വന്തം പാടത്ത് വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ അരി, കൃഷിയ്ക്കുളള വളത്തിനായി വീട്ടിലെ പശു, വീട്ടിലെ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ്, വെളിച്ചത്തിന് സൗരോര്‍ജവും. ഈ വീടും പരിസരവും എഴുപതുശതമാനത്തോളം സ്വയംപര്യാപ്തം തന്നെയാണ്.
ഭൂമിയെ എപ്പോഴും സമ്പന്നമായി വയ്ക്കണമെന്ന ചിന്തയില്‍ നിന്നാണ് ഇവരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ജൈവ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ‘ജൈവസംസ്‌കൃതി’യ്ക്ക് തുടക്കമിട്ടത്. ജൈവ ഉല്‍പന്നങ്ങളുടെ വിപണനത്തിന് വഴിയൊരുക്കണമെന്ന കര്‍ഷകരുടെ ആവശ്യപ്രകാരം 2014-ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്.
ജൈവസംസ്‌കൃതിയുടെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ടുദിവസം കണ്ണൂരില്‍ ജൈവപച്ചക്കറി വിപണനമേള നടക്കാറുണ്ട്. കൂടുതല്‍ ആള്‍ക്കാരും ഉല്‍പന്നങ്ങളും മേളയിലേക്ക് എത്താറുമുണ്ട്. എന്നാല്‍ ഗുണമേന്മ ഉറപ്പാക്കിയശേഷമേ മേളയില്‍ ഉല്‍പന്നങ്ങള്‍ പരിഗണിക്കാറുളളൂ. ജൈവസംസ്‌കൃതിയുടേതായി കണ്ണൂരില്‍ കടയുമുണ്ട്. വിഷമില്ലാത്ത ആഹാരം പ്രചരിപ്പിക്കുക, വിഷമില്ലാത്ത കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാവുക എന്നത് മാത്രം ചിന്തിക്കുന്ന കുറച്ചുപേരുടെ കൂട്ടായ്മ കൂടിയാണിത്.
”നമ്മുടെ രാജ്യത്ത് ആളുകള്‍ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അത് വിതരണത്തിലെ അപാകതകള്‍ കൊണ്ടാണ്. ഭക്ഷണം ഗോഡൗണുകളിലല്ല മറിച്ച് ഭൂമിയില്‍ത്തന്നെ സംഭരിക്കുകയാണ് വേണ്ടത്. സന്തുലിതമായ ഭക്ഷണം കഴിക്കുക. ആരോഗ്യത്തോടെയിരിക്കുക. രോഗങ്ങള്‍ വരില്ലെന്നല്ല. വിശ്രമത്തിലൂടെ മാറ്റാം,’ ഹരി പറയുന്നു.
“ഭക്ഷണത്തിന്‍റെ അളവ് കുറച്ചുകൊണ്ടും ഉപവാസത്തിലൂടെയും രോഗങ്ങളെ അകറ്റിനിര്‍ത്താം. അതിന് മരുന്നിലൂടെയല്ല ഭക്ഷണത്തിലൂടെയാണ് രോഗപ്രതിരോധമെന്ന തിരിച്ചറിവുണ്ടാകണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ മരുന്നൊന്നും കഴിക്കാറില്ല. ഭക്ഷണത്തിന്‍റെ നേരമായി എന്ന ചിന്തയില്‍ ഒരിക്കലും കഴിക്കേണ്ടതില്ല. വിശക്കുമ്പോള്‍ മാത്രം കഴിച്ചാല്‍ മതിയാകും. ഇവിടെ ഞങ്ങള്‍ ആവശ്യത്തിനുളള ഭക്ഷണം മാത്രമെ ഉണ്ടാക്കാറുളളൂ. പാഴാക്കിക്കളയാറില്ല.
”ഒത്തുജീവിക്കുക എന്നതാണ് ഞങ്ങളുടെ രീതി. മനുഷ്യര്‍ മാത്രമായി വേറിട്ടുനില്‍ക്കേണ്ടവരല്ല. ഓരോ ചെടിയുമായും മൃഗവുമായും ഒത്തുജീവിക്കുമ്പോള്‍ പ്രതിരോധം താനേ കൈവരും,’ എന്നാണ് ഹരിയുടെ വിശ്വാസം.
സുസ്ഥിരതയും സ്വയംപര്യാപ്തതയും ഒരുമിച്ചുപോകുന്ന ഒരു ജീവിത രീതിയാണ് ഹരിയും ആശയും നനവില്‍ പിന്തുടരുന്നത്.
‘സ്വരാജ് എന്നത് എല്ലാ കാര്യത്തിലും വേണം. പ്രകൃതിയുടെ ചാക്രികമായ ചലനങ്ങള്‍ തുടരാന്‍ അനുവദിക്കുക. പ്രകൃതി എപ്പോഴും സന്തുലിതമായിരിക്കും. പ്രകൃതിയെ പ്രത്യേകിച്ച് പരിപാലിക്കണമെന്ന് നാം പറഞ്ഞുപഠിപ്പിക്കേണ്ട കാര്യമൊന്നുമല്ല. എല്ലാവരും അത് സ്വയം തിരിച്ചറിയേണ്ടതാണ്,’ ഹരി തുടരുന്നു.
തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, പേര, വാഴ, കുരുമുളക്, പൈനാപ്പിള്‍, പപ്പായ, സപ്പോട്ട, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി അവര്‍ക്കാവശ്യമുള്ളതെല്ലാം ഈ 34 സെന്‍റ് പുരയിടത്തിലുണ്ട്. “പ്രകൃതിയില്‍ ഏറ്റവും കുറച്ച് ഇടപെടല്‍ നടത്തിക്കൊണ്ടുളള കൃഷിരീതിയാണ് ഞങ്ങളുടേത്. വളപ്രയോഗം തീരെയില്ലെന്നുതന്നെ പറയാം. വെണ്ട, പയര്‍, ചീര, ഇളവന്‍, പച്ചമുളക് തുടങ്ങി വിവിധ പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്,” പശുവിന്‍റെ ചാണകം പോലും അത്യാവശ്യമെങ്കിലേ ഉപയോഗിക്കാറുളളൂ. ചാണകം പോലും അമിതമായാല്‍ ദോഷമാണെന്ന പക്ഷക്കാരനാണ് ഹരി.
ചപ്പുചവറുകള്‍ കത്തിക്കുന്നതും അനാവശ്യവും ദോഷകരവുമാണെന്നാണ് ഹരിയും ആശയും പറയുന്നത്. അവ ദ്രവിച്ച് മണ്ണിനെ കൂടുതല്‍ പുഷ്ടിയുള്ളതാക്കി മാറ്റും.
”ആശ ജോലിയില്‍ നിന്ന് വിആര്‍എസ് എടുത്തശേഷമാണ് ഞങ്ങള്‍ വീടിന് സമീപത്തെ വയല്‍ (45 സെന്‍റ് ) വാങ്ങുന്നത്. ഏറെ നാളായുളള ആഗ്രഹമായിരുന്നു സ്വന്തമായൊരു വയല്‍. അങ്ങനെയാണ് നെല്‍കൃഷി തുടങ്ങിയത്. ഇതോടെ പച്ചക്കറിക്കൃഷിയും വയലിലോട്ട് മാറ്റി. ഈ വര്‍ഷത്തെ നെല്‍കൃഷി തുടങ്ങാനിരിക്കുന്നു. കയമ നെല്ലാണ് ചെയ്യാറുളളത്. നെല്ല് കൂടാതെ നിലക്കടല, ചോളം, എളള്, തിന എന്നിവയും കൃഷി ചെയ്യാറുണ്ട്.
“രാവിലെയും വൈകിട്ടും രണ്ട് മണിക്കൂര്‍ ഇവിടെ പണിയെടുക്കും. സഹായത്തിന് പുറത്തുനിന്നാരെയും വിളിക്കാറില്ല. അത് മോശമാണെന്നല്ല. അധ്വാനം എന്നത് നമ്മുടെ ആരോഗ്യത്തിന് വേണ്ടിയുളളതാണ്. വെയിലുകൊണ്ട് അധ്വാനിക്കുമ്പോള്‍ പ്രതിരോധശേഷിയും ശാരീരികാരോഗ്യവുമാകും. വയലിന് സമീപത്തായി ഒരു കുളവും ഉണ്ടാക്കിയിട്ടുണ്ട്. വയലിലേയ്ക്കായി സോളാര്‍ പമ്പുമുണ്ട്.” ഹരി പറഞ്ഞു.
പലതരം വിളകള്‍ ഒന്നിച്ചുവളരുന്ന സംയോജിത ജൈവകൃഷിയാണിവിടെ. “വയലിലുണ്ടാകുന്ന കള മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. വയലില്‍ പൊന്തിവരുന്ന സാധാരണ കളകള്‍ വെട്ടിയിടും. വെയിലുകൊണ്ടുണങ്ങിയാല്‍ പുതയായി പച്ചക്കറിക്കും മറ്റും ഇട്ടുകൊടുക്കും. ചിലപ്പോള്‍ ബയോഗ്യാസ് സ്ളറിയും ചാണകപ്പൊടിയും. അതുപോലെ പശുവിന്‍റെ മൂത്രവും ഉപയോഗിക്കും. ഇതുപയോഗിക്കുമ്പോള്‍ കീടനാശിനിയുടെ ഫലം കിട്ടും.
“ചാക്രികമായ ചലനങ്ങളിലുടെയല്ലേ ഭൂമിയുടെ എല്ലാ കാര്യങ്ങളും നടക്കുന്നത്. പശുവിന്‍റെ ചാണകം വളമായി വയലിലെത്തും. അതില്‍ നിന്ന് പശുവിന്‍റെ ഭക്ഷണവും നമ്മുടെ ഭക്ഷണവുമാകും. ഇപ്പോ ഒരു പശു മാത്രമെയുളളൂ. നേരത്തെ മൂന്നെണ്ണമുണ്ടായിരുന്നു,” ഹരി പറഞ്ഞു.
ഏറ്റവും നല്ല കീടനിയന്ത്രണമാര്‍ഗമാണ് കിളികള്‍ എന്നാണ് ആശയുടെയും ഹരിയുടെയും അനുഭവം. അതുകൊണ്ട് കിളികള്‍ക്കായി കൂരാമ്പരല്‍ക്കായ, തെച്ചിപ്പഴം, കാട്ടുമുല്ല തുടങ്ങി ഒട്ടേറെ സസ്യങ്ങളും ഇവിടെയുണ്ട്. മണ്ണിന് വളക്കൂറു നല്‍കിയും പരാഗണം നടത്തി സഹായിക്കുകയും ചെയ്യുന്ന കിളികള്‍ക്കായി വേനല്‍ക്കാലത്ത് മണ്‍ചട്ടികളില്‍ അല്പം വെളളം ഇവിടെ എന്നുമുണ്ടാകും.
”ഇന്നത്തെ കാലത്ത് സ്വന്തം ജീവിതത്തിന് വേണ്ടതൊന്നും തന്നെ വിദ്യാഭ്യാസത്തില്‍ നിന്ന് എടുക്കാനാകുന്നില്ല. കുട്ടികള്‍ പ്രായോഗികമായ കാര്യങ്ങള്‍ പോലും അറിയാതെ പോകുന്നു. നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ന്യൂനതയും അതാണ്. എല്ലാ ജീവജാലങ്ങള്‍ക്കും കൂട് കൂട്ടാനും മറ്റുമുളള ശേഷിയുണ്ട്. മരത്തില്‍ കയറി പഴങ്ങള്‍ പറിച്ചിരുന്ന ഒരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നു. ഇന്ന് മരത്തില്‍ കയറുന്നതിനെപ്പറ്റി ചിന്തിക്കുന്നതിന് മുമ്പെയെത്തും വീഴുമെന്നുളള ചിന്ത. ഇന്നത്തെ വിദ്യാഭ്യാസം ആധിയുണ്ടാക്കുന്നു. തുടക്കത്തില്‍ത്തന്നെ ആധിയുമായാണ് കുട്ടികള്‍ പഠിക്കാനിറങ്ങുന്നത്. വിദ്യാഭ്യാസം ജനങ്ങളുടെ ജീവിതത്തിന് വേണ്ടിയുളളതായിരിക്കണ’മെന്ന് ഹരി.
”ആത്മീയതയുടെ കുറവ് ഇന്ന് സമൂഹത്തിനുണ്ട്. പ്രകൃതിയെ അറിയുന്നതാണ് യഥാര്‍ത്ഥ ആത്മീയത. മതപരമായ ആത്മീയതയില്‍ ആനന്ദം ഉണ്ടാകുന്നില്ല. അതാണ് യാഥാര്‍ത്ഥ്യം. ഭയത്തില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമെ ആനന്ദത്തോടെ ജീവിക്കാനാകൂ. സന്തോഷത്തിന് വേണ്ടിയുളള പരക്കംപാച്ചിലില്‍ അത് ലഭിക്കാതെ മടുപ്പിലേക്ക് നീങ്ങുന്ന അവസ്ഥ. ഇതില്‍ നിന്ന് പുറത്തുകടന്നവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആനന്ദത്തോടെ ജീവിക്കുന്നത്. ഒരു വ്യക്തി വിചാരിച്ചാല്‍ തനിക്ക് ചുറ്റുമുളള ലോകം മാറ്റിമറിക്കാം,” ഹരി പറഞ്ഞുനിര്‍ത്തി.
***
ഫോട്ടോകള്‍ക്ക് കടപ്പാട്: ഹരി ആശ ചക്കരയ്ക്കല്‍/ Facebook
ഇതുകൂടി വായിക്കാം: 4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, നാടന്‍ പശുക്കള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.