2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍

പതിനാറാം വയസ്സില്‍ പഠനം നിര്‍ത്തിയ ജോര്‍ജ്ജ് ഭൂമിക്ക് വേണ്ടി ഒരുപാട് പൊരുതി, സമരം ചെയ്തു, ജയിലില്‍ കിടന്നു. ഒടുവില്‍ ഒന്നിനും കൊള്ളാത്ത ആ അഞ്ചേക്കര്‍ ഭൂമി മരങ്ങളും കാട്ടുപഴങ്ങളും കുരുമുളകും പച്ചക്കറികളും അപൂര്‍വ്വ ഔഷധസസ്യങ്ങളുമൊക്കെയുള്ള ഒരു കാടാക്കി മാറ്റി.

ഭൂ മിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. സമരം ചെയ്തു. ജയിലില്‍ കിടന്നു. എന്നിട്ടും ഒന്നും കിട്ടിയില്ല.

അവിടെ നിന്നും പിടിച്ചുകയറിയതാണ് ജോര്‍ജ്ജ്. ശരിക്കും അതൊരു കഠിനമായ മലകയറ്റം തന്നെയായിരുന്നു. ഭൂമി തേടി പാലായ്ക്കടുത്തുള്ള മേലുകാവില്‍ നിന്ന് നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാടുംകുന്നും കയറി 2,230 അടി ഉയരത്തില്‍ ഒരുവിധം വിളകളൊന്നും പിടിക്കാത്ത കുന്നിന്‍ചെരിവിലെത്തിപ്പെട്ടു.

“എന്‍റെ വീട്ടില്‍ അഞ്ചെട്ട് മക്കള്‍ ഒക്കെ ഉണ്ടായിരുന്നതോണ്ട് ഞങ്ങള്‍ താമസിച്ചയിടത്ത് ആവശ്യത്തിന് ഭൂമിയൊന്നും ഇല്ലായിരുന്നു. അക്കാലം മുതല്‍ തന്നെ, വളരെ ചെറുപ്പത്തില്‍ തന്നെ, ഭൂമിക്കൊക്കെ വേണ്ടി ഒട്ടേറെ പോരാടിയിട്ടുണ്ട്,” 67-കാരനായ ജോര്‍ജ്ജ് പറഞ്ഞുതുടങ്ങുന്നു.

പി ജി ജോര്ജ്ജ്

“വിദ്യാഭ്യാസം 16 വയസ്സില്‍ അവസാനിപ്പിച്ചു. പിന്നെ ഭൂമിയുണ്ടാക്കണം, കൃഷി ചെയ്യണം എന്ന താല്‍പര്യത്തോടെയുള്ള അന്വേഷണമാണ്. കാട്ടിനുള്ളിലൊക്കെ കുറെ പോയി നോക്കി. ഗവണ്‍മെന്‍റ്  അനുകൂലമായ സാഹചര്യമൊന്നുമല്ല ഞങ്ങള്‍ക്ക് ഒരുക്കിയത്,”  ഇതുപറയുമ്പോള്‍ കേരളത്തിലെ ആദിവാസി ജനതയുടെ ഭൂസമരങ്ങളുടെ കൂട്ടത്തില്‍ ജോര്‍ജ്ജിന്‍റെ ജീവിതം കൂടിയുണ്ട് എന്ന് നമ്മളറിയുന്നു.


അവഗണിക്കപ്പെട്ട ഒരു വിഭാഗം ആയിരുന്നതുകൊണ്ട്, ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല


“ഞങ്ങളൊരു പട്ടികവിഭാഗക്കാരായതോണ്ട്, ഞങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടിയില്ല, മറ്റ് സ്വാധീനമൊന്നുമില്ലാത്തതുകൊണ്ട്, ഞങ്ങളെ അവിടെ നിന്നൊക്കെ (കാട്ടില്‍ നിന്നും) ഇറക്കി വിടുകാണ് ചെയ്തത്. ഭൂമിക്ക് വേണ്ടി സമരം ചെയ്തു, ജയിലില്‍ പോയി… കണ്ണന്‍ദേവന്‍ കമ്പനിയുടെ 14,000 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് കൃഷിക്കാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്,” ആ കര്‍ഷകന്‍ ഓര്‍ക്കുന്നു.

“അതില്‍ കുറെ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയൊക്കെ ചെയ്തു. പക്ഷേ, ഞങ്ങള്‍ക്ക് ഭൂമിയൊന്നും കിട്ടിയില്ല. മറ്റു പലര്‍ക്കും കിട്ടി. ഞങ്ങളുടെ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നതുകൊണ്ട്, അവഗണിക്കപ്പെട്ട ഒരു വിഭാഗം ആയിരുന്നതുകൊണ്ട്, ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല,” ആ പരാതി ജോര്‍ജ്ജ് പറഞ്ഞുകൊണ്ടേയിരിക്കും.

“ഞാന്‍ ഒരു പാവപ്പെട്ട കര്‍ഷകനാണ്. എന്‍റെ മാതാപിതാക്കളൊക്കെ പട്ടികവിഭാഗത്തില്‍ പെട്ടവരായിരുന്നു. പോരാഞ്ഞിട്ട് ചെറുപ്പം മുതല്‍ തന്നെ കൃഷിക്കാരാണ്. ഞങ്ങള്‍ മൊത്തം കൃഷിക്കാരാണ്.

“മൃഗസംരക്ഷണത്തിലൂടെയാണ് പൊതുവെ ഞങ്ങളുടെ വിഭാഗക്കാര്‍ കൃഷിയില്‍ സജീവമായിരുന്നത്. കൂടുതലായും മലകളാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്. ഒരുപാട് തനതായ കൃഷിരീതികള്‍ ഒക്കെ ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനെ വിപൂലീകരിച്ച് കുടുംബജീവിതം കഴിക്കുന്ന പശ്ചാത്തലമായിരുന്നു,”  താനുള്‍പ്പെട്ട സമൂഹം അന്നുകാലത്ത് കഴിഞ്ഞുപോന്നിരുന്നത് എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പരമ്പരാഗതമായി വൈദ്യം കൂടി ചെയ്യുന്നവരായിരുന്നു ജോര്‍ജ്ജിന്‍റെ കുടുംബക്കാര്‍.

“അങ്ങനെയിരിക്കുമ്പോഴാണ്, വിവാഹമൊക്കെ കഴിഞ്ഞത്. അല്‍പം ഭൂമിക്ക് വേണ്ടി തെരഞ്ഞുനടന്നു. അങ്ങനെയാണ് ഒന്നും ഉണ്ടാവാത്ത ഇടുക്കിയിലെ ഈ പട്ടയക്കുടിയെന്ന ആദിവാസി കോളനിയിലെത്തുന്നത്.


ഇതുകൂടി വായിക്കാം: സൗജത്തിന്‍റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ


“മേലുകാവില്‍ നിന്ന് നാല്‍പത് കൊല്ലത്തിലധികമായി ഇങ്ങോട്ട് വന്നിട്ട്. ഞങ്ങളും പട്ടികവിഭാഗക്കാരായതുകൊണ്ട് ഇവിടെ ഉള്ള ട്രൈബല്‍ വിഭാഗക്കാര്‍ക്ക് ഞങ്ങള്‍ വന്ന് കേറിത്താമസിക്കുന്നതിലും കൃഷി ചെയ്യുന്നതിലുമൊന്നും കുഴപ്പമൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ അങ്ങനെ അവരുടെ ഭൂമി കുറച്ച് വാങ്ങി, അങ്ങനെയാണ് ഇവിടെ കൃഷി തുടങ്ങുന്നത്,”  ആ കുടിയേറ്റത്തിന്‍റെ കഥ അദ്ദേഹം പറയുന്നു.

“(ഇവിടെ) ഒന്നും ഉണ്ടാവുകേല–തെങ്ങുണ്ടാവുകേല, റബറുണ്ടാവുകേല, കശുമാവുണ്ടാവുകേല, നാണ്യവിളകളില്‍ പ്രധാനപ്പെട്ടതൊന്നും ഉണ്ടാവുകേലാത്ത ഒരു സ്ഥലമായിരുന്നു.

“കാലാവസ്ഥ അനുസരിച്ചാണല്ലോ കൃഷികളൊക്കെ വിജയിക്കുന്നത്. അതുകൊണ്ടാണല്ലോ സായിപ്പ് വന്ന് കോട്ടയത്തെ മുണ്ടക്കയത്ത് കൊണ്ടുപോയി റബറ് കൃഷി ചെയ്തതും തേയില കൃഷി ചെയ്യാന്‍ മൂന്നാറുപോലെ 2,500 അടിക്കുമുകളിലുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതും,” അദ്ദേഹം വിശദീകരിക്കുന്നു.

“അത്ര ഉയരവുമല്ല, താഴ്ന്നതുമല്ലാത്ത ഒരു സ്ഥലമാണിത്. ഇവിടെ തണുപ്പുമല്ല, ചൂടുമല്ല..അവിടെയാണ് കൃഷി ചെയ്തുതുടങ്ങിയത്.”

വെറുതെ കൃഷി ചെയ്തു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോരാ. ജോര്‍ജ്ജിന്‍റെ കൃഷിയിടം ഒരു ഭക്ഷ്യവനമാണ്. ഒന്നും ഉണ്ടാവാത്ത ആ ഭൂമി അദ്ദേഹം അധ്വാനം കൊണ്ട് മാറ്റിയെടുത്തു. കുരുമുളകാണ് പ്രധാനം.

“ജൈവവൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുള്ള ജൈവ ഇടവിള സമ്മിശ്ര കൃഷി” എന്നാണ് ജോര്‍ജ്ജ് ആ കൃഷിരീതിയെ വിശേഷിപ്പിക്കുന്നത്. ഭൂമിയെയും പ്രകൃതിയെയും മറക്കാതെ മൃഗപരിപാലനത്തിലും ജൈവകൃഷിയിലും സ്വയം ഗവേഷണത്തിലും ഊന്നി ഒരു സമ്പൂര്‍ണകൃഷിയിടമാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്.

“ആദ്യമൊക്കെ കുരുമുളക് നന്നായിട്ടുണ്ടായി, കാരണം പുതുമണ്ണായിരുന്നല്ലോ…,” ജോര്‍ജ്ജ് കുരുമുളകിലെ പരീക്ഷണങ്ങളെക്കുറിച്ച് പറയുന്നു.

ഉണ്ട വരിക്ക. ഇതിന് ചുവട്ടില്‍ നിന്നാണ് ജോര്‍ജ്ജ് സംസാരിച്ചത്. ഈ പ്ലാവ് വര്‍ഷം മുഴുവന്‍ കായ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“പിന്നെ കാലവര്‍ഷവും കൊടുങ്കാറ്റും ഉരുള്‍പൊട്ടലുമൊക്കെയായി കുരുമുളകിന്‍റെ കാര്യം വല്യ ഗതികേടായിപ്പോയി. അങ്ങനെ, ഇടുക്കി വയനാട് ജില്ലകളിലൊക്കെ കുരുമുളക് കൃഷി നശിച്ചുപോയ സാഹചര്യത്തിലാണ് ഞാന്‍ പുതിയ കുരുമുളകിനത്തിന് വേണ്ടി ശ്രമിക്കുന്നത്.


ഒരു വള്ളിയില്‍ നിന്ന് ഉണങ്ങിയ കുരുമുളക് 7 കിലോ വരെയും ഒരു ഹെക്ടറില്‍ നിന്ന് 7,700 കിലോയും


“ആ കെടുതിക്ക് ശേഷം നമ്മുടെ കൃഷിയിടത്തില്‍ അവശേഷിച്ചിരുന്നത് രണ്ടിനം കുരുമുളകാണ്. അരയന്‍മുണ്ടി എന്നും തോട്ടമുണ്ടി എന്നും അറിയപ്പെടുന്ന ഒരിനവും നീലിമുണ്ടി എന്ന മറ്റൊരിനവും.

“അതിനെ രണ്ടിനേം ഒരുമരത്തില്‍ കയറ്റിവിട്ടാണ് (പരാഗണം നടത്തിയെടുത്താണ്) പുതിയൊരിനം ഉണ്ടാക്കിയെടുക്കുന്നത്. അതാണ് പിന്നീട് സിയോണ്‍മുണ്ടി എന്ന പേരില്‍ മുന്തിയ ഇനമായി വികസിപ്പിച്ചെടുത്തത്. കണ്ണൂര്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രം അവാര്‍ഡൊക്കെ തന്നു,” ജോര്‍ജ്ജ് വീണ്ടും ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്നു.

Promotion

എന്നാല്‍ അതത്ര ചെറിയ കാര്യമായിരുന്നില്ല. നല്ല പ്രതിരോധശേഷിക്കൊപ്പം മികച്ചവിളവും നല്‍കുന്ന സിയോണ്‍മുണ്ടി കുരുമുളക് കര്‍ഷകര്‍ക്ക് ഒരനുഗ്രഹമായി. ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലേയും കുരുമുളക് കര്‍ഷകരുടെ ഇഷ്ട ഇനമാണിന്ന് സിയോണ്‍മുണ്ടി. തിരിക്ക് 15-20 നീളം വരും. കുരുമുളകുമണികള്‍ക്ക് തൂക്കവും കൂടും. പൊഴിഞ്ഞുപോവാതെ പിടിക്കുകയും ചെയ്യും. ഒരു വള്ളിയില്‍ നിന്ന് ഉണങ്ങിയ കുരുമുളക് 7 കിലോ വരെയും ഒരു ഹെക്ടറില്‍ നിന്ന് 7,700 കിലോയും കിട്ടും.

(Image for representation. Photo: Pixabay)

സിയോണ്‍മുണ്ടി മാത്രമല്ല, പരമ്പരാഗതമായി ഗോത്രവിഭാഗങ്ങളും നാട്ടുകാരും സംരക്ഷി്ച്ചുപോരുന്ന പലയിനം കുരുമുളകുകള്‍ സംരക്ഷിച്ചും സംയോജിപ്പിച്ചും ജോര്‍ജ്ജ് പുതിയ ഇനങ്ങളുണ്ടാക്കി. പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. 2015ല്‍ നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാനതലത്തില്‍ മറ്റനേകം പുരസ്‌കാരങ്ങളും. ഇപ്പോള്‍ അഞ്ചേക്കര്‍ ഭൂമിയുണ്ട് ജോര്‍ജ്ജിനും കുടുംബത്തിനും.

സിയോണ്‍ മുണ്ടി ബ്രസീലിയന്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്‌തെടുത്ത് ഒരു ‘കുരുമുളക് മരവും’ ജോര്‍ജ്ജ് വികസിപ്പിച്ചെടുത്തു. “(ഇവിടെ) റബറ് പിടിക്കില്ല, തെങ്ങ് പിടിക്കില്ല, കമുക്, കൊക്കോ, കശുമാവ്, തെങ്ങ് ഇതൊന്നും പിടിക്കില്ല. അപ്പോ ഞാന്‍ ഈ സ്ഥലം കുരുമുളകിന് നല്ലതാണെന്ന് മനസ്സിലാക്കി. മാത്രവുമല്ല, പരമ്പരാഗതമായ ഒരുപാട് ഇനങ്ങളുണ്ട്. അതൊന്നും ആരും സംരക്ഷിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ലെന്ന് മനസ്സിലായി.


വര്‍ഷത്തില്‍ 500 മുതല്‍ 600 കിലോ വരെ കുരുമുളക് ഈ തോട്ടത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.


“ആ പശ്ചാത്തലത്തിലാണ് ഞാന്‍ ഒരുപാട് ഇനങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങിയത്. പരമ്പരാഗത ഇനങ്ങള്‍ കണ്ടെത്തിവളര്‍ത്തി അതിനെ പുതിയൊരിനമായി വികസിപ്പിച്ച് …അങ്ങനെയുള്ള കൃഷിയുമായി ഇങ്ങനെ തുടരുന്നു.” മുപ്പതോളം കുരുമുളകിനങ്ങള്‍ അദ്ദേഹത്തിന്‍റെ തൊടിയിലുണ്ട്.

വര്‍ഷത്തില്‍ 500 മുതല്‍ 600 കിലോ വരെ കുരുമുളക് ഈ തോട്ടത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പൂര്‍ണമായും ജൈവ രീതിയിലാണ് ഉല്‍പാദനമെങ്കിലും ജോര്‍ജ്ജ് അത് പ്രാദേശിക വിപണിയിലാണ് വില്‍ക്കുന്നത്. “എനിക്ക് ശമ്പളവും പെന്‍ഷനുമൊന്നുമില്ലല്ലോ, അതുകൊണ്ട് ഇത് മാര്‍ക്കെറ്റില്‍ വില്‍ക്കും,” അദ്ദേഹം പറയുന്നു.

പലതരം കാട്ടുപഴങ്ങളും ജോര്‍ജ്ജിന്‍റെ കൃഷിയിടത്തില്‍ സംരക്ഷിച്ചുപോരുന്നുണ്ട്. ( Image for representation only. Photo: Pixabay.com)

പ്രകൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളുടെ അടിസ്ഥാനത്തിലാണ് ജോര്‍ജ്ജ് സ്ംസാരിക്കുന്നതും കൃഷി ചെയ്യുന്നതും. അതുകൊണ്ടാവണം ആ അഞ്ചേക്കര്‍ ഭൂമി മരങ്ങളും കാട്ടുപഴങ്ങളും കുരുമുളകമും പച്ചക്കറികളും അപൂര്‍വ്വ ഔഷധസസ്യങ്ങളുമൊക്കെ പച്ചത്തഴപ്പുവിരിച്ച ഒരു കാടാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


“ആഴത്തില്‍ വേരാഴ്ത്തുന്ന വൃക്ഷങ്ങള്‍–പ്ലാവ് പോലത്തെ വൃക്ഷങ്ങള്‍–നട്ടുപിടിപ്പിച്ച് അതിലാണ് ഞാന്‍ കുരുമുളക് കൃഷി ചെയ്യുന്നത്. പണ്ടൊക്കെ ചെയ്തിരുന്നതുപോലെ മുരുക്കിലല്ല എന്‍റെ കുരുമുളക് കൃഷി. ഇത്തരം വൃക്ഷങ്ങളില്‍ കൃഷി ചെയ്യുന്നതുകൊണ്ട് ജൈവവൈവിധ്യം സംരക്ഷിക്കാന്‍ കഴിയും, മണ്ണ് സംരക്ഷിക്കാന്‍ കഴിയും, ജലം സംരക്ഷിക്കാന്‍ കഴിയും.
പ്ലാവില്‍ കൃഷി ചെയ്യുന്നതുകൊണ്ട് ഭാവിയിലും ആദായം ഉണ്ടാവും. ചക്കയുടെ സാധ്യതകള്‍ ഒക്കെ ഇപ്പോ എല്ലാരും മനസിലാക്കി വരികയാണല്ലോ..” എന്ന് ജോര്ജ്ജ്.

നൂറുകണക്കിന് പ്ലാവുകളുണ്ട് ആ പറമ്പില്‍ അതിലെല്ലാം തിരിയിട്ട് തഴച്ചുനില്‍ക്കുന്ന പലതരം കുരുമുളകുവള്ളികളും.

Image for representation. Photo: Pixabay.com

“തേക്ക്, സില്‍വര്‍ ഓക്ക്, ഗ്രാന്റിസ്, മുരുക്ക്.. ഇതൊന്നും ഞാനിവിടെ ഉപയോഗിക്കുന്നില്ല. പ്ലാവാണ് നമ്പര്‍ വണ്‍. പ്ലാവ് കഴിഞ്ഞാല്‍ ഔഷധ വൃക്ഷങ്ങളായ അശോകം, കുമ്പിള്‍ എന്നിവയാണ് കുരുമളകിന് താങ്ങ്..
സാധാരണ കര്‍ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കാര്യമായിരിക്കില്ല. ഏറ്റവും പെട്ടെന്ന് ആദായമുണ്ടാക്കുക, നട്ടിട്ട് രണ്ട് വര്‍ഷംകൊണ്ട് എന്ന്‌തൊക്കെയായിരിക്കും ലക്ഷ്യം. രാസവളം, അമിതവളം ചെയ്യുക.. ഞാനതല്ല.. മണ്ണിനെ സംരക്ഷിച്ചുകൊണ്ടുള്ള കൃഷിരീതികള്‍ വേണം. കഴിഞ്ഞ വര്‍ഷം ഉണ്ടായ കാലവര്‍ഷം പോലുള്ള പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ ഇതുപോലുള്ള കൃഷിയിടങ്ങള്‍ കൊണ്ട് കഴിയും. അതാണതിന്‍റെ കാര്യം,” എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ഉറപ്പോടെ പറയാന്‍ അദ്ദേഹത്തിന് കഴിയും.


ഞങ്ങള്‍ക്ക് നെല്ലില്ല. അതുവാങ്ങും. പച്ചക്കറികള്‍ മുതല്‍ മത്സ്യം വരെ ഞങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നുണ്ട്


“ധാരാളം പഠനം നടന്ന ഒരു കൃഷിയിടമാണിത്. സാവധാനം ആദായം തരുന്ന ഇടമായതുകൊണ്ട് ഒരുപാട് കാലം നിന്ന് ഫലം തരും, ജല ലഭ്യത ഉറപ്പുവരുത്തും, മണ്ണിനേയും സംരക്ഷിക്കും…

“അതോടൊപ്പം ആരോഗ്യപരിരക്ഷ.. വിഷമില്ലാത്ത ഭക്ഷണം നമ്മള് കഴിക്കുക, മറ്റുള്ളോര്‍ക്ക് കൊടുക്കുക. ഇതൊക്കെ കഴിക്കാനും കാണാനുമൊക്കെയായിട്ടാണ് ഇവര് പഠനസംഘങ്ങളിവിടെ വരുന്നത്.

“ഞങ്ങള്‍ക്ക് നെല്ലില്ല. അതുവാങ്ങും. പച്ചക്കറികള്‍ മുതല്‍ മത്സ്യം വരെ ഞങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നുണ്ട്.” പശുവും ആടും പന്നിയും പക്ഷികളുമൊക്കെയുണ്ട് ഈ ആഞ്ചേക്കര്‍ പറമ്പില്‍.

തോട്ടത്തെ തഴച്ചുപടര്‍ന്ന ഒരു ഭക്ഷ്യവനമാക്കി ജോര്‍ജ്ജ് മാറ്റി ( Image for representation only . Photo: Pixabay.com)

മൃഗസംരക്ഷണമാണ് ജൈവകൃഷിയുടെ അടിസ്ഥാനം എന്നാണ് അദ്ദേഹത്തിന്‍റെ ഉറച്ച അഭിപ്രായം: “ചെറിയൊരു വെച്ചൂര്‍ പശു… കാശുണ്ടെങ്കില്‍ വലിയൊരു തൊഴുത്ത്, ഇതൊക്കെ വേണം. മൃഗസംരക്ഷണം ഉറപ്പാക്കിക്കൊണ്ട് കൃഷി ചെയ്തുകഴിഞ്ഞാല്‍ നമുക്ക് വളത്തിനായി മറ്റെവിടെയും പോകേണ്ടി വരുന്നില്ല. കന്നുകാലികളുടെ ചാണകവും മൂത്രവും ഉണ്ടെങ്കില്‍ ഒരുപാട് സൂക്ഷ്മജീവികള്‍ വളര്‍ന്നുവരും. മൃഗസംരക്ഷണം ആണ് അടിസ്ഥാനഘടകം.”


ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


വളരെ നല്ല പോലെ ജലസംരക്ഷണവും നടത്തുന്നതുകൊണ്ട് വെള്ളത്തിനും ബുദ്ധിമുട്ടില്ല.

ഭാര്യ റേച്ചലും മൂന്നാണ്‍ മക്കളും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് ജോര്‍ജ്ജിന്‍റെ കുടുംബം. ഈ ഭക്ഷ്യവനം ഉണ്ടാക്കിയെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും അവരുടെ അധ്വാനവും പിന്തുണയും കൂടിയുണ്ട്.  “അവരുടെ സഹകരണമാണ് കൃഷിയുടെ വിജയം,” ജോര്‍ജ്ജ് പറഞ്ഞുനിര്‍ത്തുന്നു.

*
കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇടുക്കി പട്ടയക്കുടിയിലെ  തോട്ടത്തിലേക്ക് ജോര്‍ജ്ജ് നിങ്ങളെ സന്തോഷത്തോടെ സ്വാഗതം ചെയ്യും. നിരവധി ഗവേഷകരും വിദ്യാര്‍ത്ഥികളും ആ ജൈവകലവറ കാണാനെത്താറുണ്ട്. അവര്‍ക്കെല്ലാം അദ്ദേഹം തന്‍റെ പരീക്ഷണങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും അറിവ് പകര‍്ന്നുനല്‍കും. ജോര്‍ജ്ജിന്‍റെ ഫോണ്‍ നമ്പര്‍ ഇതാണ്: 8111915160
*

കടപ്പാട്: എം ബി ജയശ്രീ

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

5 Comments

Leave a Reply
  • Thank you very much, Antony Wilfred,
   Please support us by helping us spread the word.
   Share goodness, spread inspiration.
   Thanks again for leaving your comment.

 1. ജോർജിന്റെ കൃഷിയിടത്തെപ്പറ്റിയും കൃഷി രീതിയെ പറ്റിയും വായിക്കാൻ ഇടയായതിൽ വളരെ സന്തോഷമുണ്ട്. അധ്വാനിക്കാൻ താല്പര്യം ഉള്ളവർക്ക് പിന്തുടരാവുന്ന മാതൃകയാണ് ജോർജിന്റെ കൃഷി രീതി. ഈ സ്ഥലം കാണണമെന്നുണ്ട് പക്ഷെ പ്രായകൂടുതൽ കൊണ്ട് നാടാകുമോയെന്നറിയില്ല ദൈവഹിതത്തിനു വിടുന്നു. ഫോൺ no. ഞാൻ സേവ് ചെയ്യുന്നുണ്ട്. ജോർജിനും കുടുംബത്തിനും സർവആശംസകളും നേർന്നുകൊണ്ട്, varghese chenkulam. 9447864406

  • പ്രിയ വര്‍ഗ്ഗീസ് സര്‍, താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ജോര്‍ജ്ജേട്ടന്‍റെ തോട്ടം സന്ദര്‍ശിക്കാന്‍ താങ്കള്‍ക്ക് ആരോഗ്യവും സൗഖ്യവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
   സ്നേഹത്തോടെ.

 2. അങ്ങേയറ്റം സന്തോഷം. അഭിമാനകരം. മാതൃകാപരം. നൻമകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

കാടും തേനും കാട്ടാറിലെ കുളിയും: അനൂപിന്‍റെ തേന്‍തോട്ടത്തിലേക്കൊരു യാത്ര പോകാം, തേനീച്ച കര്‍ഷകരായി തിരിച്ചുവരാം

ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ