ബി.ടെക്കുകാരിയായ ആശാ ബിനീഷിന് അടുക്കള പഠനപ്പുരകൂടിയായത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. ഉപ്പു മുതല്‍ മിക്സി വരെയുള്ള ഓരോന്നില്‍ നിന്നും പുത്തന്‍ അറിവുകളുടെ ലോകമാണ് വിവിധ മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി ആശ കണ്ടെത്തിയത്.
ഭക്ഷണത്തോടൊപ്പം അറിവും വിളമ്പുന്ന ആശയുടെ അടുക്കളയില്‍ തയ്യാറാവുന്നത് വളരെ വ്യത്യസ്തമായൊരു പരിശീലന പരിപാടിയാണ്.
വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം
“വീട്ടിലിരിക്കുന്ന കാലം എങ്ങനെ ഫലപ്രദമാക്കാമെന്ന ചിന്തയിലാണ് അടുക്കളയില്‍ നിന്നൊരു പരീക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ എന്‍റെ മുന്നില്‍ കണ്ടത് എല്ലാം അറിവുകളായി. ചേനയും ചേമ്പും നാരങ്ങയും, നാരങ്ങാഞെക്കിയും… അങ്ങനെ ഓരോന്നും അടുക്കള രസങ്ങളായി മത്സരാര്‍ത്ഥിയിലേക്കെത്തുന്നു,” ലോക്ക്ഡൗണ്‍ കാലത്തെ കിച്ചണ്‍ പഠനത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവെയ്ക്കുകയാണ് ആശ ബിനീഷ്
‘കോമ്പറ്റിറ്റീവ് ക്രാക്കര്‍’ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ഈ അടുക്കളപ്പുസ്തകം പരിചയപ്പെടുത്തുന്നത്. അടുക്കള ക്ലാസുകള്‍ തുടങ്ങുന്നതിന് കാലങ്ങള്‍ക്കു മുന്‍പ് തന്നെ കേരളത്തിലെ മത്സരാര്‍ത്ഥികള്‍ക്ക് ആശയെയും ഈ യുട്യൂബ് ചാനലിനേയും അറിയാം.
ചൊറിയന്‍ ചേനയിലെ പഠനരസം
ലോക്ക്ഡൗണ്‍ കാലത്ത് പഠിക്കാന്‍ ഒരുപാട് സമയം കിട്ടുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് ആകെയൊരു ബോറടി കടന്നുവന്നത്. പക്ഷെ, കാലമിനിയുമുരുളും കോവിഡ് കാലം കഴിയും, പി എസ് എസി പരീക്ഷകള്‍ വരും, ബാങ്ക് പരീക്ഷകള്‍ വരും… അങ്ങനെ പരീക്ഷകള്‍ പലതും കടന്നുവരും.
ബോറടിച്ചിരുന്ന് കാലം കളയുന്നവര്‍ക്ക് പക്ഷെ ഈ സമയം തിരികെ കിട്ടില്ല. ആ ബോറടിയൊക്കെ മാറ്റി ഉഷാറായി പഠനം നടത്താന്‍ ആശയുടെ പൊടിക്കൈകള്‍ ഉപയോഗപ്പെടുത്താം.
അടുക്കള പഠനത്തിനായി ആശ ആദ്യമെത്തിയത് ഒരു ചെറിയ ചേനക്കഷ്ണവുമായാണ്.
ആശാത്തിയുടെ അന്നത്തെ വിഭവങ്ങളാണ് ചേന എരിശേരിയും രസവും. പഠിക്കാനേറെയുണ്ടേ!
ആശയുടെ വാക്കുകളിലൂടെ: “ലോക്ക്ഡൗണ്‍ കാലമാണ്. അടുക്കളയ്ക്കത്ത് നിന്ന് ഞാനെത്തിയപ്പോള്‍ എന്‍റെ സ്ഥിരം വ്യൂവേഴ്സ് ഞെട്ടിക്കാണും. ദേ, ഇവര് പാചകക്ലാസും തുടങ്ങിയോന്ന്. പക്ഷെ, എനിക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്ന് സ്ഥിരമായി പരാതിയുമായി എത്തുന്നവര്‍ക്കു മുന്നിലേക്കാണ് അരിയുമ്പോള്‍ ചൊറിയുന്ന ചേനയുമായി ഞാന്‍ എത്തിയത്.
“ചേന ചൊറിയുന്നത് എന്തുകൊണ്ടാണ്? ഞാന്‍ അടുക്കള വ്ലോഗിലൂടെ മത്സരാര്‍ത്ഥിയോട് ചോദിക്കുകയാണ് ആദ്യം ചെയ്തത്. ക്യാന്‍സ്യം ഓക്സലേറ്റ് എന്ന രാസവസ്തുവാണ് അതിനുകാരണമെന്ന് പറയുന്നു. അതോടെ ചേന ചൊറിയാനുള്ള കാരണം മത്സരാര്‍ത്ഥിയുടെ മനസില്‍ പതിയുകയാണ്. ഇനി എന്നു ചേനയെടുത്താലും അവരത് ഓര്‍ത്തുവെയ്ക്കും. വളരെ സിംപിളല്ലേ പഠനം. ഇങ്ങനെ അടുക്കള വ്ലോഗ് തുടര്‍ന്നുപോകുന്നു,” പഠനം ഈസിയാക്കുന്നതിന്‍റെ പൊടിക്കൈകള്‍ ആശ വിശദമാക്കുന്നു.
ഇത്തരത്തില്‍ അടുക്കളയിലെ എന്തു സാധനങ്ങള്‍ക്കു പിന്നിലും എന്തെങ്കിലും പഠിക്കാനുണ്ടാകും. ഉദാഹരണം പറഞ്ഞാല്‍ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിനുകള്‍, രാസപദാര്‍ത്ഥങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങള്‍ പഠിക്കാം. അതല്ലെങ്കില്‍ ചക്ക. ചെറിയ കുട്ടികളെ വസ്തുക്കള്‍ കാണിച്ച് അവ ഏതാണെന്നു വിശദീകരിച്ചു കൊടുക്കുന്ന അതേ മാതൃക.
ഈ യൂട്യൂബ് വീഡിയോകള്‍ സാമാന്യം നല്ല രീതിയില്‍ തന്നെ ആളുകളിലേക്ക് എത്തിയിട്ടുണ്ട്. നല്ല പ്രതികരണമാണ് ആശയ്ക്ക് കിട്ടുന്നത്.
“ലോക്ഡൗണിലേക്ക് പോയപ്പോള്‍ ക്ലാസുകളുടെ തുടര്‍ച്ച ഞങ്ങള്‍ക്കൊരു പ്രശ്നമായിരുന്നു. മാത്രമല്ല പഠന വീഡിയോകള്‍ ടിപ്പിക്കല്‍ രീതിയില്‍ ചെയ്യുമ്പോള്‍ ബോറടിക്കാനുള്ള സാധ്യതയും. വീഡിയോകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പരിശീലനവും നല്‍കിയിരുന്നു. അവരുടെ പഠനരീതി എങ്ങനെ തുടരുമെന്ന ആശയങ്കയുമുണ്ടായി. പക്ഷെ ഇത്തരത്തിലുള്ള പരിമിതികളും പ്രശ്നങ്ങളുമെല്ലാം വളരെ പെട്ടന്ന് ഞങ്ങളുടെ ടീമിന് മറികടക്കാന്‍ കഴിഞ്ഞു. അങ്ങനെയാണ് വ്യത്യസ്തമായ പഠന രീതിയെ ഞാന്‍ സ്വീകരിച്ചത്. പക്ഷെ, പ്രതീക്ഷിച്ചതിലും നന്നായി അവ സ്വീകരിക്കപ്പെട്ടു്,”ആശ വ്യക്തമാക്കുന്നു.
യൂട്യൂബിലൂടെയാണ് ആശ പരിശീലന രംഗത്തേക്ക് കടന്നുവരുന്നത്.
പന്തളംകാരിയായ ആശ ഹൈസ്‌കൂള്‍ കാലത്ത് അഭിനയത്തിലും പ്രസംഗത്തിലും നൃത്തത്തിലുമൊക്കെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. ഒ്പ്പം പഠനത്തിലും മികവ് പുലര്‍ത്തി.
പ്ലസ്ടു-വിന് ആര്‍ട്സ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും കംപ്യൂട്ടര്‍ സയന്‍സിലാണ് ചെന്നെത്തിയത്. പിന്നീട് എന്‍ജിനീയറിങ്ങും.
“ആര്‍ട്‌സ് വിഷയങ്ങളോടും കലകളോടും ഏറെ ഇഷ്ടമുണ്ടായിരുന്ന ഞാന്‍ എത്തിപ്പെട്ടത് ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് പഠനത്തിന്. വളരെ സീരിയസായിട്ടായിരുന്നു പഠനമെങ്കിലും എന്‍റെ പ്രതീക്ഷകള്‍ എത്തിപ്പിടിക്കാന്‍ സാധിച്ചിരുന്നില്ല.
“എന്‍ജിനിയറിംഗില്‍ സപ്ലിമെന്‍ററി പേപ്പറുകള്‍ ഉണ്ടാകുന്നത് അത്ര പുത്തരിയല്ലെങ്കിലും മാനസികമായി അതെന്നെ ഏറെ വേദനിപ്പിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ക്കെല്ലാം മികച്ച കമ്പനികളില്‍ ജോലി ലഭിച്ചു. പേപ്പറുകള്‍ പാസാകാനുള്ളതു കൊണ്ട് എനിക്ക് പ്ലേസ്മെന്‍റെ കിട്ടിയില്ല. എന്‍റെ ആത്മവിശ്വാസം തകര്‍ന്നു.
“പക്ഷെ ആ സമയത്ത് ഞാന്‍ പാലായില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗിനു ചേര്‍ന്നു. ഞാന്‍ തോറ്റ വിഷയങ്ങള്‍ എഴുതി. തുടര്‍ന്ന് ഐസിഎല്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തു തുടങ്ങി. ബി.ടെക് ബിരുദം കൈയില്‍ കിട്ടിയ ശേഷം ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പ്രവേശിച്ചു. ഏതാണ്ട് എട്ടു വര്‍ഷത്തോളം ജോലി ചെയ്തു. കുറച്ചുകാലം മാംഗ്ലൂരായിരുന്നു.
“എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. അങ്ങനെയാണ് വ്‌ളോഗിങ് എന്ന ആശയം എന്‍റെ മനസിലേക്ക് വന്നത്. ഇതാണെങ്കില്‍ കുഞ്ഞിന്‍റെ കാര്യങ്ങളും നോക്കാം. എനിക്ക് ജോലിയും ചെയ്യാം. എന്‍റെ ആശയത്തിനൊപ്പം ഭര്‍ത്താവ് ബിനീഷ് കട്ടയ്ക്കു കൂടെ നിന്നു,” കോംപെറ്റിറ്റീവ് ക്രാക്കര്‍ എന്ന പേരില്‍ യൂട്യൂബില്‍ കോച്ചിങ്ങ് തുടങ്ങിയതിനെപ്പറ്റി ആശ പറയുന്നു.
പി എസ് എസി മത്സരപരീക്ഷകളൊന്നും വളരെ സീരിയസായി കണ്ടിരുന്ന ആളായിരുന്നില്ല ആശ. അങ്ങനെയുള്ള പരീക്ഷകളൊന്നും നിരന്തരമായി എഴുതിയിരുന്നുമില്ല. പക്ഷെ സിവില്‍ സര്‍വ്വീസ് പരിശീലനം ഈ രംഗത്തേക്ക് കടക്കാന്‍ ആശയ്ക്ക് സഹായകമായി. അങ്ങനെയാണ് യൂട്യൂബ് വഴി പരീക്ഷാ പരിശീലനത്തിലേക്കെത്തുന്നത്.
“2015-ലാണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അന്ന് ഓണ്‍ലൈന്‍ പരിശീല രംഗത്ത് ഇന്നത്തെപ്പോലെ ഒരുപാടുപേര്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികളും സ്ത്രീകളും വളരെ കുറവായിരുന്നു. … രണ്ടുമൂന്ന് വീഡിയോ ഇട്ടുകഴിഞ്ഞപ്പോള്‍ തന്നെ അത്യാവശ്യം റെസ്പോണ്‍സ് വന്നു തുടങ്ങി. അതോടെ വെറുതെ ഒരു ടൈംപാസിനു തുടങ്ങിയ പരിപാടി സീരിയസായി ചെയ്താലോ എന്നാലോചിച്ചു. കൂടാതെ ക്ലാസുകള്‍ എടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് ആളുകള്‍ വിളിച്ചു തുടങ്ങി,”ആശ പറയുന്നു.
അങ്ങനെ ആശ എറണാകുളം കാക്കനാട് ഒരു ചെറിയ വീടെടുത്ത് കോച്ചിങ്ങ് തുടങ്ങി. ആദ്യമൊക്കെ രണ്ടു മൂന്ന് പേര്‍ മാത്രമേ പരിശീലനത്തിന് എത്തിയിരുന്നുള്ളു. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ക്ലാസിന് നല്ല പ്രതികരണം കിട്ടിത്തുടങ്ങി.
ഇതുകൂടി വായിക്കാം: കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്‍, അബിയു, ആപ്പിള്‍ ചാമ്പ
കൂടുതല്‍ പേര്‍ അറിഞ്ഞെത്താന്‍ തുടങ്ങിയതോടെ സെന്‍റെര്‍ മാറി. ഈ സമയങ്ങളിലൊക്കെ വീഡിയോകളും പബ്ലിഷ് ചെയ്യുന്നുണ്ടായിരുന്നു.
“ഇപ്പോള്‍ രണ്ട് കോച്ചിംഗ് സെന്‍ററുകളിലായി മുപ്പത് കുട്ടികള്‍ വീതമുള്ള രണ്ട് ബാച്ചുകളുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ അയ്യായിരത്തോളം പേര്‍ക്ക് ക്ലാസുകള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ പരിശീലനത്തിനായി യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം വെബ്സൈറ്റും ഞങ്ങള്‍ ആരംഭിച്ചു.
“കോമ്പറ്റീറ്റിവ് ക്രാക്കറിന് വെബ്സൈറ്റ് ആരംഭിക്കുന്നതിനു പിന്നിലൊരു കഥയുണ്ട്. ഞങ്ങള്‍ ക്ലാസുകള്‍ തുടങ്ങി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ കോച്ചിങ്ങിനായി ഇവിടെയെത്തി. പക്ഷെ, നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ക്ലാസ് ഒഴിവാക്കി പോയി. ആ സമയത്താണ് അയാളും ഒരു യൂട്യൂബറാണെന്നും യൂട്യൂബ് പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെന്നും മനസിലായത്.
“അയാള്‍ ഞങ്ങളുടെ ക്ലാസിലെത്തുന്നത് അതിന്‍റെ മാര്‍ക്കറ്റിംഗ് എങ്ങനെ അവരുടെ കമ്പനിയില്‍ കൂടി നടത്താമെന്ന് വ്യക്തമാക്കാനായിരുന്നു. പക്ഷെ, അയാള്‍ അത് എന്നോട് സൂചിപ്പിച്ചതേയില്ല. പിന്നീട് ക്ലാസ് ഒഴിവാക്കി പോകുമ്പോള്‍ അയാള്‍ എന്നോട് പറഞ്ഞതാണ് ഇത് നിങ്ങള്‍ക്കു തന്നെ ഓണ്‍ലൈനിലൂടെ മാര്‍ക്കറ്റ് ചെയ്യാമല്ലോ എന്ന്. അതു വരെ ആ ഒരു ഓപ്ഷനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ക്ലാസുകള്‍ തന്നെ ഷൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നല്‍കാനായിരുന്നു അയാള്‍ പറഞ്ഞത്.
“അങ്ങനെ ഞങ്ങള്‍ വെബ്സൈറ്റ് ആരംഭിച്ചു. ആദ്യം എന്‍റെ ഭര്‍ത്താവായിരുന്നു കോച്ചിംഗ് സെന്‍റെറിനും മറ്റുമുള്ള സാമ്പത്തിക സഹായം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്‍റെ വരുമാനം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്താനായി. ആദ്യം ഞാനും എന്‍റെയൊരു സുഹൃത്ത് എം ടെക് റാങ്ക് ഹോള്‍ഡറായ മിത്തുവുമായിരുന്നു അധ്യാപകര്‍. പതിയെപ്പതിയെ കൂടുതല്‍ പേര്‍ പഠിപ്പിക്കാന്‍ തയ്യാറായി വിവിധ ജില്ലകളില്‍ നിന്ന് ഇവിടേക്കു വന്നു. അവരും ഓണ്‍ലൈന്‍ പരിശീലനത്തിന്‍റെ ഭാഗമായി,” ആശ ആത്മവിശ്വാസത്തോടെ തന്‍റെ വിജയത്തെക്കുറിച്ച് പറയുന്നു.
ഇപ്പോള്‍ 27 അധ്യാപകരാണ് ഇവിടെ ക്ലാസുകള്‍ നയിക്കുന്നത്. വെബ്സൈറ്റ് കൂടാതെ കോമ്പറ്റീറ്റീവ് ക്രാക്കര്‍ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ളിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.
പരിശീലനത്തില്‍ അല്പം വീട്ടുകാര്യം
ആശയെ ഒരു എന്‍ജിനിയറാക്കുക എന്നതായിരുന്നു അധ്യാപകനായ അച്ഛന്‍ ശിവരാമന്‍റെയും അമ്മ ഇന്ദിരയുടെയും ലക്ഷ്യം. എന്‍ജിനിയറിംഗിന് ശേഷം അച്ഛന്‍റെ ആഗ്രഹപ്രകാരം സോഫ്റ്റ് വെയര്‍ രംഗത്തേക്കു കടന്നെങ്കിലും യാദൃശ്ചികമായി അധ്യാപന രംഗത്ത് എത്തിപ്പെടുകയായിരുന്നു.
ഈ സംരംഭത്തിന്‍റെ വിജയത്തിനു പിന്നില്‍ അച്ഛന്‍റെയും അമ്മയുടെയും പൂര്‍ണ പിന്തുണയും അനുഗ്രഹവും തന്നെയാണെന്ന് ആശ വിശ്വസിക്കുന്നു. എല്ലാത്തിനും ഉപരി തന്നോടൊപ്പം ഉറച്ച പിന്തുണയുമായി നില്‍ക്കുന്ന ഭര്‍ത്താവ് ബിനീഷിന്‍റേയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും പിന്തുണ വളരെ വലുതാണെന്നും അവര്‍ പറയുന്നു.
പരിശീലന സംരംഭം വലുതായതോടെ കാര്യങ്ങള്‍ നോക്കിനടത്താന്‍ ആശയ്ക്ക് മാത്രമായി കഴിയാതെ വന്നു.
”അതോടെ എന്നെപ്പോലെ തന്നെ പരിശീലകനും എംബിഎ ബിരുദധാരിയുമായ ബിനീഷ് ഹിന്ദുസ്ഥാന്‍ ലൈഫ് കെയറിലെ മികച്ച ജോലി വിട്ട് കോമ്പറ്റീറ്റീവ് ക്രാക്കറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം പൂര്‍ണമായും മാറ്റി വെച്ചു,” ആശ പറയുന്നു.
“അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ബിനീഷിന് ജോലിയുടെ ഭാഗമായി വിദേശയാത്രകള്‍ പതിവായിരുന്നു. ആ സമയമെല്ലാം ഞാനും മോനും ഒറ്റയ്ക്കാണ്. മാത്രമല്ല സെന്‍റെറിന്‍റെ കാര്യങ്ങളും ഞാന്‍ തന്നെ മാനേജ് ചെയ്യണം. അതിന് കഴിയാതെ വന്നതും ബിനീഷ് ഇതിലേക്ക് പൂര്‍ണമായും എത്തിച്ചേരാന്‍ കാരണമായി. ഇപ്പോള്‍ മോന്‍ ആറു വയസുകാരന്‍ നിരഞ്ജന്‍ പോലും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്,” ആശ പറഞ്ഞു.
ചെയ്യുന്ന കാര്യങ്ങളില്‍ ഇപ്പോള്‍ വലിയ സന്തോഷമുണ്ടെന്ന് ആശ കൂട്ടിച്ചേര്‍ക്കുന്നു.
സൗജന്യ പരിശീലനം
“പണമില്ലാത്തതു കൊണ്ട് അര്‍ഹരായ മത്സരാര്‍ത്ഥികള്‍ക്ക് തൊഴിലു ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്. ഞങ്ങളുടെ പരിശീലനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളില്‍ അത്തരക്കാരെ കണ്ടെത്തി അതില്‍ ഏറ്റവും അര്‍ഹരായ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് സംവരണം ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും അവരുടെ സംഘടനകളുമായി ചേര്‍ന്ന് പരിശീല പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍,” ആശ പറഞ്ഞു.
അടുക്കളയില്‍ നിന്നുള്ള ആശയുടെ പി എസ് സി പരിശീലനം. വീഡിയോ കാണാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോംപെറ്റെറ്റീവ് ക്രാക്കര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഇതുകൂടി വായിക്കാം: അധ്യാപകന്‍ വികസിപ്പിച്ച തെങ്ങോല സ്ട്രോകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ ഓര്‍ഡര്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.