അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന്‍ അഖിലും അനുജന്‍ ആഷിഷും. ടീച്ചര്‍മാര്‍ പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍ രാജ്.
ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന്‍ ചേട്ടന് കട്ട സപ്പോര്‍ട്ട് നല്‍കിയവനാണ് അനുജന്‍ ആഷിഷ് രാജ്.
വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം
സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണവന്‍ പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് തുണയായതും.
തിരുവനന്തപുരത്ത് ഒറ്റശേഖരമംഗലം, തുടലിയില്‍ കൊങ്ങവിള വീട്ടില്‍ സാധുരാജിന്‍റെയും ക്രിസ്റ്റല്‍ ബീനയുടെയും മൂത്തമകനാണ് അഖില്‍ രാജ്. അവര്‍ രണ്ടുപേരും കൂലിപ്പണിക്കാരാണ്.
“എന്‍എസ്എസിന്‍റെയും കരിയര്‍ ഗൈന്‍ഡന്‍സിന്‍റെയും ക്ലാസിലാണ് സോപ്പുണ്ടാക്കാന്‍ പഠിച്ചത്,” അഖില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“വലിയതുറ ഫിഷറീസ് സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. സയന്‍സ് ഗ്രൂപ്പായിരുന്നു. പരീക്ഷ കഴിഞ്ഞിരിക്കുകയാണിപ്പോ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് സോപ്പുണ്ടാക്കുന്നതെങ്ങനെയെന്നു സ്കൂളില്‍ പഠിപ്പിച്ചത്. ശ്രീലേഖ ടീച്ചറും അനു ടീച്ചറും സാബു സാറുമാണ് പഠിപ്പിച്ച് തന്നത്.
“ഒരു ദിവസത്തെ ക്ലാസ് ആയിരുന്നു. കണ്ടപ്പോ തന്നെ പഠിച്ചെടുത്തു. അത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ആ ധൈര്യത്തിലാണ് വീട്ടില്‍ വന്നു ശ്രമിച്ചു നോക്കുന്നത്. സോപ്പുണ്ടാക്കാനുള്ള സാധനങ്ങളൊക്കെ അപ്പയാണ് വാങ്ങിച്ചു തന്നത്,” എന്ന് അഖില്‍.
“കെമിക്കല്‍സ് ഒന്നും ചേര്‍ക്കുന്നില്ല. ശുദ്ധമായ വെളിച്ചെണ്ണയില്‍ വേപ്പില അരച്ച് ചേര്‍ക്കും പിന്നെ നാരങ്ങ ഫ്ലേവറാണ് ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ സോപ്പാണിത്,” ആ മിടുക്കന്‍ പറയുന്നു.
“ആദ്യത്തെ സോപ്പിനൊക്കെ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. വീണ്ടും വീണ്ടും ചെയ്തു നോക്കിയപ്പോ കടയില്‍ നിന്നൊക്കെ വാങ്ങുന്ന പോലെയുള്ള സോപ്പുണ്ടാക്കാന്‍ പറ്റി.
“അമ്മയും അപ്പയും അനിയനുമൊക്കെ സഹായിക്കുമായിരുന്നു. ഞാനുണ്ടാക്കിയ സോപ്പ് വീട്ടില്‍ ഉപയോഗിച്ചപ്പോ നല്ലതായിരുന്നു,” ആ ഒരു ധൈര്യത്തിനാണ് സോപ്പുണ്ടാക്കി സ്കൂളിലേക്ക് കൊണ്ടുപോകുന്നതെന്നു അഖില്‍ പറഞ്ഞു.
സോപ്പുണ്ടാക്കാന്‍ പഠിപ്പിച്ച ശ്രീലേഖ ടീച്ചര്‍ക്കും സാബു സാറിനുമൊക്കെയാണ് അഖില്‍ ആദ്യം സോപ്പുകൊടുത്തത്. പിന്നീട് കൂട്ടുകാര്‍ക്കും കൊടുത്തു. പ്ലസ് ടുവിലെത്തിയപ്പോഴേക്കും സോപ്പുണ്ടാക്കുന്നതില്‍ അഖില്‍ കൂടുതല്‍ സോപ്പുകളുണ്ടാക്കാനും വില്‍ക്കാനും തുടങ്ങി.
“സ്കൂളില്‍ മാത്രമല്ല പുറത്തുള്ള രണ്ട് മൂന്നു ചെറിയ കടകളിലേക്കും സോപ്പ് നല്‍കിയിരുന്നു. അക്കൂട്ടത്തിലൊന്ന് സ്കൂളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്ന ചേട്ടന്‍റെ കടയായിരുന്നു. സ്കൂള്‍ അടച്ചതോടെ അതൊക്കെ അവസാനിച്ചു.”
ഇതുകൂടി വായിക്കാം: കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും
ആദ്യമൊക്കെ സോപ്പിന് 20-28 രൂപയൊക്കെയായിരുന്നു. ഇപ്പോ 30 രൂപയ്ക്കാണ് വില്‍ക്കുന്നത്. വെള്ളക്കടലാസില്‍ പൊതിഞ്ഞാണ് വില്‍ക്കുന്നത്. മൊത്തം വരുന്ന ചെലവ് ഒക്കെ കണക്ക് കൂട്ടിയാണ് സോപ്പിന് വില തീരുമാനിച്ചത് എന്ന് അഖില്‍.
“സോപ്പ് വിറ്റുകിട്ടുന്ന കാശുകൊണ്ട് പുസ്തകങ്ങളും ബസ് കാശും ട്യൂഷന്‍ ഫീസുമൊക്കെ കൊടുക്കാന്‍ സാധിച്ചു. വരുമാനത്തില്‍ നിന്നു ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും സാധിച്ചു,” അതുപറയുമ്പോള്‍ അഖിലിന്‍റെ കണ്ണുകളില്‍ അഭിമാനത്തിളക്കം.
“ഇപ്പോ ലോക്ക് ഡൗണല്ലേ സോപ്പ് വില്‍പ്പനയൊന്നും നടക്കുന്നില്ല. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിലായിരുന്നു സോപ്പ് നിര്‍മ്മാണം,” എന്ന് അഖില്‍.
ശനിയും ഞായറുമൊക്കെയായിരുന്നു അഖിലിന്‍റെ സോപ്പ് നിര്‍മ്മാണം അധികവും. അത് ഉണങ്ങാന്‍ രണ്ടാഴ്ചയെങ്കിലും വേണം. “സോപ്പ് വിറ്റുനടക്കുവാണോന്നൊക്കെ കൂട്ടുകാര് തമാശയ്ക്ക് പറയും, പക്ഷേ അവര് സോപ്പ് വാങ്ങുമായിരുന്നു,” അഖില്‍ ചിരിക്കുന്നു.
“കുട്ടികളെക്കാള്‍ കൂടുതല്‍ ടീച്ചര്‍മാരാണ് സോപ്പ് വാങ്ങിച്ചിരുന്നത്. അവരെന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സോപ്പുണ്ടാക്കുന്നതൊക്കെ അപ്പയ്ക്കും അമ്മയ്ക്കും ഇഷ്ടമാണ്. എങ്കിലും ഇടയ്ക്കൊക്കെ പഠിക്കാനുള്ള നേരത്തിരുന്ന് സോപ്പുണ്ടാക്കുന്നുവെന്നൊക്കെ പരാതി പറഞ്ഞിട്ടുമുണ്ട്.
“ഞാന്‍ പഠിച്ച സ്കൂളില്‍ മാത്രമല്ല ആഷിഷ് പഠിക്കുന്ന സ്കൂളിലും സോപ്പുകള്‍ വിറ്റിട്ടുണ്ട്. അവനും എനിക്കൊപ്പം സോപ്പുണ്ടാക്കാന്‍ സഹായിക്കും.”
സോപ്പിന് ഇതുവരെ പേരൊന്നും ഇട്ടില്ലേ? “ഇല്ല, ആലോചന നടക്കുന്നു തീരുമാനം ആയില്ല,” അഖില്‍ ഗൗരവം വിടാതെ പറഞ്ഞു. “സോപ്പ് നിര്‍മാണം വിപുലമാക്കണമെന്നുണ്ട്. പക്ഷേ അത്ര വലിയ യുണിറ്റൊന്നും വേണ്ട. ചെറിയ രീതിയില്‍ മതിയെന്നാണ് തീരുമാനം.”
“അവനൊറ്റയ്ക്ക് ഇരുന്ന് സോപ്പുണ്ടാക്കുമ്പോ കൂടെ ഞങ്ങളും സഹായിക്കാറു”ണ്ടെന്നു അഖിലിന്‍റെ അമ്മ ക്രിസ്റ്റല്‍ ബീന പറയുന്നു. “ഇതുകൊണ്ട് അവന് ചെറിയൊരു വരുമാനം കിട്ടുന്നുണ്ട്. അതിലൂടെ അവന്‍റെ കാര്യങ്ങളൊക്കെ നടക്കുന്നുമുണ്ട്.
“സാമ്പത്തികമായി നല്ല നിലയിലൊന്നും അല്ല, നല്ലൊരു വീട് പോലും ഇല്ല. കുലിപ്പണിയാണ് ഞങ്ങള്‍ രണ്ടാള്‍ക്കും. രണ്ട് മക്കളെയും കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്.
“ഇങ്ങനെയൊരു സാഹചര്യത്തില്‍ അവന്‍ സോപ്പുണ്ടാക്കി ചെറിയ വരുമാനം കണ്ടെത്തുന്നത് വലിയ കാര്യമാണ്.”
ഒറ്റമുറി മാത്രമുള്ള ഷീറ്റിട്ട ഒരു വീട്ടിലാണ് ആ കുടുംബം താമസിക്കുന്നത്. വലിയ അളവില്‍ സോപ്പുണ്ടാക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല.
“സോപ്പുണ്ടാക്കി ഉണക്കിയെടുക്കാനാണ് അവന്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്,” എന്ന് ക്രിസ്റ്റല്‍. മക്കള്‍ പഠിക്കാനൊക്കെ മിടുക്കന്മാരാണെന്നും വീട്ടില്‍ എല്ലാകാര്യങ്ങള്‍ക്കും രണ്ടുപേരും സഹായിക്കാറുണ്ടെന്നും ക്രിസ്റ്റല്‍.
“ഞങ്ങള്‍ക്ക് കുറച്ചു കൃഷിയുണ്ട്. ചാക്കിലും മണ്ണിലുമൊക്കെയായാണ് നട്ടിരിക്കുന്നത്. കാച്ചില്‍, ചീര, പാവല്‍, പച്ചമുളക്, കത്തിരി, പയര്‍, ചീര, ഇതൊക്കെയുണ്ട്. വീട്ടാവശ്യത്തിനുള്ളത് മാത്രമേയുള്ളൂ. അക്കാര്യങ്ങളും മക്കള് നോക്കിക്കോളും,” ആ അമ്മ കൂട്ടിച്ചേര്‍ത്തു.
***
Courtesy: Images and Feature Photo – Couple Company Youtube channel.
ഇതുകൂടി വായിക്കാം:’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി… ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.