തൃപ്പൂണിത്തുറ സ്വദേശിയായ രഞ്ജിനി വർമയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. എന്നാൽ സംഗീതത്തിൽ കൂടുതൽ പഠനം നടത്തുന്നതിനുള്ള അവസരം അന്ന് ഉണ്ടായില്ല.
ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴേ വിവാഹിതയായി. ഭർത്താവിന്‍റെ നാടായ തൃശ്ശൂരിലേക്ക് താമസം മാറ്റി. അവിടെ എത്തിയശേഷമാണ് ഡിഗ്രി പൂർത്തിയാക്കുന്നത്. ഡിഗ്രി കഴിഞ്ഞ ഉടൻ മൂത്തമകൾ മാളവിക ജനിച്ചു. തുടർന്ന് ബിഎഡ് പഠനത്തിനായി ചേർന്നു. ആ സമയത്താണ് മകൻ ഗോപീകൃഷ്ണൻ ജനിക്കുന്നത്.
ഗര്‍ഭകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എട്ടാം മാസത്തിൽ മാസം തികയാതെയാണ് ഗോപീകൃഷ്‌ണൻ ജനിച്ചു വീണത്. അതിന്‍റേതായ ശാരീരിക ബുദ്ധിമുട്ടുകൾ അമ്മയ്ക്കും മകനും ഉണ്ടായിരുന്നു.
കുഞ്ഞു ജനിച്ച ഉടനെ തന്നെ ഡൗൺ സിൻഡ്രോം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലാണ് അതിന്‍റെ തീവ്രത മനസിലാക്കിയത്. ഒരു കുട്ടിക്കുണ്ടാകേണ്ട മാറ്റങ്ങൾ രണ്ടു വയസിലും കണ്ടില്ല. തുടന്ന് നടത്തിയ പരിശോധനയിലാണ് ഡൗൺ സിൻഡ്രോമിന്‍റെ തീവ്രത മനസിലാക്കുന്നത്.
നടക്കാനും സംസാരിക്കാനുമെല്ലാം രണ്ടു വയസിലും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു ആ കുഞ്ഞിന്. എല്ലാം അറിഞ്ഞപ്പോൾ, ഏതൊരമ്മയേയും പോലെ തന്നെ രഞ്ജിനിയും ആദ്യം വല്ലാതെ പതറി, ഒരുപാട് വേദനിച്ചു.
”തുടക്കത്തിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് അവനു വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യണം എന്ന തീരുമാനത്തിൽ ഞങ്ങളെത്തി. ഈ അവസ്ഥയെപ്പറ്റി കൂടുതൽ പഠിച്ചു. ലോകത്തിന്‍റെ ഏതുഭാഗത്ത് മികച്ച ചികിത്സയും പരിശീലനവും ലഭിക്കുന്നുവോ അവിടെ പോകാനായിരുന്നു തീരുമാനം,” രഞ്ജിനി വർമ്മ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
തുണയായി ഡോ. ഷാജി തോമസ്
ഡൗൺ സിൻഡ്രോമിനെയും അനുബന്ധ ചികിത്സയെയും കുറിച്ച് ഏറെ പഠിച്ചപ്പോഴാണ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഷാജി തോമസിനെ പറ്റി അറിയുന്നത്. ആയിടക്ക് ഒരു വനിതാ മാസികയിൽ വന്ന ലേഖനമാണ് രഞ്ജിനിയെ ആ ശിശുരോഗ വിദഗ്ധന്‍റെ അടുത്തേക്ക് എത്തിക്കുന്നത്. ഡൗൺ സിൻഡ്രോം ഫൗണ്ടേഷന്‍റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം . തുടർന്നുള്ള ചികിത്സയും പരിചരണവും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു.
”മോന് വേണ്ടിയാണ് ഞങ്ങൾ 2002-ൽ കോഴിക്കോടേക്ക് താമസം മാറുന്നത്. അവനെ കൂടുതൽ എന്‍ഗേജ്ഡ് ആക്കി നിർത്താനായിരുന്നു ഡോക്റ്റർ ഉപദേശിച്ചത്. ഇതിനായി അംഗനവാടിയിലൊക്കെ വിട്ടിരുന്നു. എന്നാൽ അവന്‍ ഹൈപ്പർ ആക്റ്റീവ് ആയതിനാൽ അവിടെ ഉള്ളവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊക്കെ ആയതോടെ, ഞാൻ എന്‍റെ പഠനവും ജോലിയും എല്ലാം വേണ്ടെന്ന് വച്ച് അവന്‍റെ ഒപ്പം തന്നെ ഇരുന്നു കാര്യങ്ങൾ ചെയ്യാൻ തുടങ്ങി,” രഞ്ജിനി തുടരുന്നു..
സ്പീച്ച് തെറപിസ്റ്റിന്‍റെ നിർദ്ദേശപ്രകാരം ഗോപികൃഷ്ണനെ ഡൗൺ സിൻഡ്രോം കുട്ടികൾ പഠിക്കുന്ന റോഷി സ്‌പെഷ്യൽ സ്‌കൂളിൽ ചേർത്തു. അതോടെ മകൻ സ്‌കൂളിൽ പോകുന്ന സമയം സ്വന്തം കരിയറിനായി മാറ്റിവയ്ക്കാൻ രഞ്ജിനി തീരുമാനിച്ചു. കോഴിക്കോട് നടക്കാവ് സ്‌കൂളിൽ അധ്യാപികയായി ചേർന്നു.
ആ സമയത്താണ് സ്കൂളിന് എതിര്‍ വശത്തായുള്ള ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി രഞ്ജിനിയുടെ ശ്രദ്ധയിൽ പെടുന്നത്. സംഗീതത്തോടുള്ള പ്രണയം പണ്ടേ ഉള്ളതിനാല്‍ രണ്ടാമതൊന്നാലോചിക്കാതെ അവിടെ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാനായി ചേർന്നു.
ഇതിനിടയ്ക്ക് താൻ പാടുമ്പോഴൊക്കെ ശാന്തനായി നിന്ന് അത് ആസ്വദിക്കുന്ന ഗോപീകൃഷ്ണനെ രഞ്ജിനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അടുത്തു വിളിച്ചിരുത്തി പഠിപ്പിക്കാൻ ശ്രമിച്ചാൽ ഇരിക്കുകയുമില്ല. അങ്ങനെ സംഗീതപഠനവും സ്‌കൂളിലെ ക്‌ളാസുകളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒരു ആശയം രഞ്ജിനിയുടെ മനസ്സിലേക്കെത്തുന്നത്–ഗോപീകൃഷ്ണൻ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളെ സംഗീതം പഠിപ്പിച്ചാലോ എന്ന്.
സംഗീതത്തെപ്പറ്റിയും മ്യൂസിക് തെറപിയെപ്പറ്റിയും വായിച്ചറിഞ്ഞതിൽ നിന്നാണ് അങ്ങനെയൊരാഗ്രഹം മനസ്സിൽ തോന്നിയത്. പിടിഎ മീറ്റിങ്ങിൽ കാര്യം അവതരിപ്പിച്ചപ്പോൾ എല്ലാവര്‍ക്കും സമ്മതം. അങ്ങനെ ഗോപീകൃഷ്ണൻ ഉൾപ്പെടെയുള്ള കുട്ടികൾക്കായി റോഷിയിൽ രഞ്ജിനി സംഗീത ക്‌ളാസുകൾ തുടങ്ങി.
”റോഷിയിൽ ക്‌ളാസുകൾ ആരംഭിച്ചപ്പോൾ കൂട്ടത്തിൽ ഗോപീകൃഷ്ണനും വന്നിരുന്നു കേൾക്കുമായിരുന്നു. സംഗീത ക്‌ളാസുകളിൽ ആദ്യമായി ഇരിക്കുന്ന കുട്ടികളെക്കാൾ താല്പര്യത്തോടെയാണ് അവൻ ഇരുന്നിരുന്നത്. എന്നാൽ ഒരേ ഒരു പ്രശ്നമുണ്ടായിരുന്നത് അവനു ക്‌ളാസുകൾ ശ്രദ്ധിക്കാൻ കൂടെ ധാരാളം കുട്ടികൾ വേണം എന്നതായിരുന്നു.
“ഒറ്റയ്ക്കിരുത്തിത്തി ഞാൻ പഠിപ്പിക്കുമ്പോഴോ പാടിക്കൊടുക്കുമ്പോഴോ ആ ശ്രദ്ധ കിട്ടിയിരുന്നില്ല. അതിനാൽ അവനിൽ യഥാർത്ഥത്തിൽ സംഗീതത്തോട് ഒരു താല്പര്യം ജനിക്കുന്നത് വരെ ഇതേ രീതിയിൽ പഠനം തുടരാൻ ഞാൻ തീരുമാനിച്ചു. മറ്റ് കുട്ടികൾക്കും എന്‍റെ ക്‌ളാസുകൾ ഗുണകരമാകുന്നുണ്ട് എന്നത് കൂടി അതിനൊരു കാരണമായിരുന്നു,” രഞ്ജിനി തന്‍റെ ആദ്യകാല സംഗീത ക്‌ളാസ് അനുഭവം പങ്കുവയ്ക്കുന്നു
സംഗീത പഠനത്തോടൊപ്പം തന്നെ മകന് വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം രഞ്ജിനി ശ്രമിച്ചു കൊണ്ടിരുന്നു. വർഷങ്ങളോളം സംഗീതത്തിന്‍റെ ആദ്യ പാഠങ്ങൾ മാത്രം പറഞ്ഞു കൊടുക്കേണ്ടി വന്നപ്പോഴും അതൊന്നും ഒരു മടുപ്പായി രഞ്ജിനിക്ക് തോന്നിയില്ല. നാലാം ക്ലാസ് വരെ സ്‌പെഷ്യൽ സ്‌കൂളിൽ മാത്രമായാണ് ഗോപീകൃഷ്ണൻ പഠിച്ചത്. അതിന് ശേഷം സാധാരണ സ്‌കൂളിലും സ്‌പെഷ്യൽ സ്‌കൂളിലുമായി പഠനം തുടർന്നു. ആഴ്ചയിൽ രണ്ട് ദിവസം സ്‌പെഷ്യൽ സ്‌കൂളിലും മൂന്നു ദിവസം സാധാരണ സ്‌കൂളിലും എന്നതായിരുന്നു രീതി.
”സംഗീതപഠനം ആരംഭിച്ചതോടെ മോന്‍റെ ശ്രദ്ധയിൽ മാറ്റം വന്നു. അവൻ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഹൈപ്പർ ആക്റ്റിവ് സ്വഭാവം കുറഞ്ഞു വന്നു. മാത്രമല്ല, പാട്ടുകൾ പാടുന്നതിനായുള്ള ശ്രമങ്ങൾ നടത്തി. അത് അവന്‍റെ സംഭാഷണം മെച്ചപ്പെടുത്തി. സ്പീച്ച് തെറപി ചെയ്യുന്നതിനേക്കാൾ മികച്ച ഫലമാണ് സംഗീതത്തിലൂടെ ലഭിച്ചത്,” രഞ്ജിനി പറയുന്നു.
എട്ടാം ക്ലാസ് കഴിഞ്ഞതോടെ, സ്‌പെഷ്യൽ സ്‌കൂൾ പൂർണമായും നിർത്തി. പറയഞ്ചേരി ബോയ്സ് സ്‌കൂളിലായിരുന്നു തുടർ പഠനം. ഈ കാലയളവിൽ എല്ലാം തന്നെ സംഗീതവും കൂടെ ഉണ്ടായിരുന്നു. ഗോപീകൃഷ്ണൻ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത് പാടുമ്പോൾ ആയിരുന്നു. അക്ഷരസ്ഫുടതയുടെ പ്രശനമുണ്ടെങ്കിലും ഓരോ പാട്ടും പാടുന്നതിനായി അവൻ മണിക്കൂറുകൾ പരിശ്രമിച്ചു. സംഗീതത്തോട് കൂടുതൽ അടുക്കുന്നതിനായി ഗോപീകൃഷ്‌ണൻ നടത്തിയ ഓരോ ശ്രമവും കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് അവനെ എത്തിച്ചു.
”തുടക്കത്തിൽ അക്ഷരങ്ങൾ വഴങ്ങുന്നതിനായി ന്യൂസ് പേപ്പർ നൽകി അതിലെ കാര്യങ്ങൾ എഴുതിപ്പഠിക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ലായിരുന്നു. എന്നാൽ ന്യൂസ് പേപ്പറിന് പകരം പാട്ടുകളുടെ വരികൾ നൽകാൻ തുടങ്ങിയപ്പോൾ അവൻ അതിനോട് പൂർണമായും സഹകരിച്ചു. മണിക്കൂറുകൾ ഇരുന്നു എഴുതുമായിരുന്നു. അതിനേക്കാൾ ഏറെ സന്തോഷം നൽകിയത്, പാട്ട് പാടാനും കേൾക്കാനുമായി അവൻ നമ്മൾ പറയുന്ന ഓരോ കാര്യവും അനുസരിക്കുന്നുണ്ട് എന്നതായിരുന്നു,” എന്ന് രഞ്ജിനി.
ഇതിനിടക്ക് ദുബായിലുള്ള ഡോക്റ്റർമാരുടെ ഡൗൺ സിൻഡ്രോം ബാധിച്ച മകന്‍ കമ്പ്യൂട്ടർ പഠനം നടത്തുകയും പിന്നീട് ഒരു കമ്പ്യൂട്ടർ സെന്‍ററില്‍ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്ത വാർത്ത രഞ്ജിനി കണ്ടു. തുടർ അന്വേഷണത്തിൽ ദുബായ് സ്‌പെഷ്യൽ സ്‌കൂളിലെ പരിശീലനത്തിലൂടെയാണ് ആ കുട്ടിക്ക് അതിന് സാധിച്ചതെന്ന് മനസ്സിലാക്കി. മകനുമായി ദുബായ്ക്ക് പോകാന്‍ രഞ്ജിനി ആലോചിച്ചു. എന്നാല്‍ അടിക്കടി സ്‌കൂൾ മാറുന്നത് മകളുടെ ഭാവിയെക്കൂടി ബാധിക്കും എന്ന് മനസിലാക്കി ആ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു.
ഏത് നേരവും പാട്ടുകേൾക്കലും അമ്മയ്‌ക്കൊപ്പം പാടാൻ ശ്രമിക്കലുമൊക്കെ ആയതോടെ ഗോപീകൃഷ്ണന്‍റെ ഉച്ഛാരണം, ശ്രദ്ധ എന്നിവ മെച്ചപ്പെട്ടു. സംഗീതം അവന് ഏറെ പ്രിയപ്പെട്ടതായി മാറി. ഗോപീകൃഷ്ണന്‍ ദിവസത്തില്‍ അധികം സമയവും ഹെഡ്സെറ്റ് വെച്ച് പാട്ടുകേള്‍ക്കുവാന്‍ തുടങ്ങി.
ഹിന്ദുസ്ഥാനി പഠനം പൂർത്തിയാക്കിയ രഞ്ജിനി മകന് വേണ്ടി കൂടുതൽ ആഴത്തിൽ സംഗീതം പഠിക്കാൻ തുടങ്ങി. വാസ്തവത്തിൽ മകനിലൂടെ അമ്മയും വളരുകയായിരുന്നു. സംഗീത പരിപാടികളിലും സ്റ്റേജ് ഷോകളിലും സംഗീതആൽബങ്ങൾ തയ്യാറാക്കുന്നതിലും രഞ്ജിനി സജീവമായി. അപ്പോഴൊക്കെ കൂടെ ഗോപീകൃഷ്‌ണനും ഉണ്ടായിരുന്നു. രഞ്ജിനി പല രാഗങ്ങളും മാറിമാറി പാടി പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ സ്ഥിരം കേള്‍വിക്കാരനും വിമര്‍ശകനുമൊക്കെയായി ഗോപീകൃഷ്‌ണൻ അടുത്ത് ആസ്വദിച്ചിരിക്കും.
ഇതിനിടയ്ക്ക് മകന് കീ ബോർഡ് പഠിക്കാൻ താല്പര്യമുണ്ട് എന്ന് മനസിലാക്കിയ രഞ്ജിനി ഗോപീകൃഷ്ണൻ പഠിക്കാനായി ചേർത്തെങ്കിലും ആർക്കും അവനെ പഠിപ്പിക്കുന്നതിനുള്ള ക്ഷമ ഇല്ലായിരുന്നു. തുടർന്ന് രഞ്ജിനി കീബോർഡ് പഠിക്കാൻ ചേരുകയും മകനെ പഠിപ്പിക്കുകയും ചെയ്തു.
സന്തോഷം വന്നാലും സങ്കടം വന്നാലും ഇപ്പോള്‍ ഗോപീകൃഷ്ണൻ കീബോർഡ് വായിക്കും.
”ഓരോരുത്തര്‍ക്കും ഓരോ താല്പര്യങ്ങൾ ആണുള്ളത്. അത് മനസിലാക്കി അവർക്കായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് വേണ്ടത്. ഗോപീകൃഷ്ണന് സംഗീതത്തോടുള്ള താല്പര്യം മനസിലാക്കിയ ശേഷമാണ് മറ്റ് കുട്ടികൾക്കാണ് ഞാൻ മ്യൂസിക് തെറപി ക്‌ളാസുകൾ ആരംഭിച്ചത്. ക്‌ളാസുകൾ നേരിട്ടാണ് നൽകുന്നത്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ ആയപ്പോൾ കുട്ടികൾക്ക് ടച്ച് വിട്ടു പോകരുത് എന്ന് കരുതി ഓൺലൈനിൽ ക്‌ളാസുകൾ നൽകുന്നുണ്ട്,” രഞ്ജിനി പറഞ്ഞു.
“ആരോടും സംസാരിക്കാതെ കഴിഞ്ഞിരുന്ന ഒരു എട്ടു വയസ്സുകാരൻ മ്യൂസിക് തെറപി ചെയ്തതു വഴി നന്നായി സംസാരിക്കുന്നതും മറ്റൊരിക്കൽ ഒന്നിനോടും സഹകരിക്കാത്ത ഒരു പത്തു വയസ്സുകാരൻ വളരെ സൗഹൃദത്തോടെ പെരുമാറുന്നതുമെല്ലാം കാണുമ്പോൾ വളരെ സന്തോഷം തോന്നിയിട്ടുണ്ട്. മോനും മോനെപോലുള്ള മറ്റു കുട്ടികൾക്കും സംഗീതത്തിലൂടെ തണലേകാൻ കഴിഞ്ഞതിലാണ് ഇന്ന് എന്‍റെ സന്തോഷം.” : രഞ്ജിനിയുടെ വാക്കുകള്‍.
ഇതിനിടയിൽ രഞ്ജിനി ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബി.എഡും ടെറ്റും പാസായി.
കമ്പ്യൂട്ടറും അഭിനയവും
മ്യൂസിക് തെറപി ഫലം കണ്ടതോടെ, മറ്റേതൊരു ഡൗൺ സിൻഡ്രോം കുട്ടിയേക്കാളും മികച്ച രീതിയിൽ ഗോപീകൃഷ്ണന്‍റെ ചിന്തകളും പ്രവർത്തികളും വികാസം പ്രാപിച്ചു. പ്ലസ് റ്റു കഴിഞ്ഞശേഷം ജിടെക്കിൽ പോയി കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കി. മലയാളം ടൈപ്പിംഗ്, എംഎസ് എക്സൽ എന്നിവ ഗോപീകൃഷ്‌ണൻ നല്ല രീതിയിൽ ചെയ്യും. ഒപ്പം അടുക്കളയിൽ സഹായിക്കുക, വീട് വൃത്തിയാക്കുക, പച്ചക്കറിയരിയുക തുടങ്ങിയ കാര്യങ്ങളും ചെയ്യുമെന്നും രഞ്ജിനി പറഞ്ഞു.
ടിക് ടോക് , ഡബ്‌സ്മാഷ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ജനകീയമായതോടെയാണ് അഭിനയത്തിനും തനിക്ക് കഴിവുണ്ട് എന്ന് ഗോപീകൃഷ്ണൻ തെളിയിച്ചത്. അമ്മയ്‌ക്കൊപ്പം ഗോപീകൃഷ്‌ണൻ ചെയ്ത ടിക് ടോക് വീഡിയോകൾ ജനകീയമായിരുന്നു. അങ്ങനെയാണ് സിനിമാമോഹം വരുന്നതും അവസരങ്ങൾ തേടുന്നതും.
ഇപ്പോൾ ഗോപീകൃഷ്ണൻ അഭിനയിച്ച മലയാള സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. കൂട്ടത്തിൽ അമ്മയ്‌ക്കൊപ്പം മ്യൂസിക് തെറപി ക്‌ളാസുകളിൽ സജീവവുമാണ്. ഗോപീകൃഷ്ണനിൽ സംഗീതം കൊണ്ട് വന്ന മാറ്റത്തിൽ ഡോക്റ്റർ ഷാജി തോമസും അതീവ സന്തുഷ്ടനാണ്.
ഓരോ കുട്ടിക്കും ഓരോ മൊഡ്യുൾ
ഇന്ന് ഗോപീകൃഷ്ണനെ പോലെ ഡൗൺ സിൻഡ്രോം ബാധിച്ച നൂറുകണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രതീക്ഷയാണ് രഞ്ജിനി വർമ്മ. കുട്ടികളുടെ സ്വഭാവ രീതികളും താല്പര്യവും കണ്ടറിഞ്ഞാണ് രഞ്ജിനി മ്യൂസിക് തെറപിക്കായി സിലബസ് തയ്യാറാക്കുന്നത്.
പൊതുവിജ്ഞാനം അടക്കമുള്ള വിഷയങ്ങള്‍ പോലും സംഗീതത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ രഞ്ജിനി ശ്രമിക്കുന്നുണ്ട്. ക്‌ളാസിക്കൽ സംഗീതം മുതൽ ഡ്രം ക്‌ളാസുകൾ വരെ തെറപിയിൽ ഉൾപ്പെടുന്നു. പാടാൻ ആണ് ഗോപീകൃഷ്‌ണന് കൂടുതൽ ആഗ്രഹം എന്നതിനാൽ മകന് വേണ്ടിയുള്ള ക്‌ളാസുകൾ അതിന് പറ്റിയ തരത്തിലാണ് രഞ്ജിനി ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം കുടുംബസദസ്സുകളില്‍ ഗോപീകൃഷ്ണനും പാടാറുണ്ട്.
കോഴിക്കോട് സർവകലാശാലക്ക് കീഴിൽ സാമൂഹ്യനീതി വകുപ്പിന്‍റെ ഭാഗമായുള്ള കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്‍റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി ഡൗൺ സിൻഡ്രോം, ഓട്ടിസം, മെന്‍റലി ചാലഞ്ച്ഡ് ,സെറിബ്രൽ പാൾസി , കോക്ലിയാർ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ തുടങ്ങിയവർക്കെല്ലാം തന്നെ രഞ്ജിനി വർമ്മ ഇപ്പോൾ മ്യൂസിക് തെറപി ക്‌ളാസുകൾ നടത്തുന്നുണ്ട്.
മലയാളം, ഹിന്ദി , തമിഴ് ഭാഷകളിൽ ഗാനങ്ങൾ രചിക്കുകയും സംഗീതം നൽകുകയും ചെയ്തിട്ടുമുണ്ട്. ബാബുരാജ് മ്യൂസിക് അക്കാദമിയുടെ ഭാഗമായി നടത്തിയ സംഗീത സംവിധാന മത്സരത്തില് ഒന്നാം സമ്മാനം നേടുകയും യുട്യൂബിൽ നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകി ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ഗോപീകൃഷ്ണന്‍റെ അച്ഛൻ കിഷോർ, യുഎസിൽ പിഎച്ച്ഡി ചെയ്യുന്ന സഹോദരി മാളവിക എന്നിവർ രഞ്ജിനിയുടെയും ഗോപീകൃഷ്ണന്‍റെയും പരിശ്രമങ്ങള്‍ക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.
**
രഞ്ജിനി വര്‍മ്മയുടെ പാട്ടുകള്‍ യുട്യൂബില്‍ ആസ്വദിക്കാം.
ഇതുകൂടി വായിക്കാം: പഠിപ്പില്ല, പണവുമില്ല, വിശന്നുകരഞ്ഞ മോന് പാലില്‍ വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്: അവിടെ നിന്നാണ് ലക്ഷങ്ങള്‍ നേടുന്ന വിജയത്തിലേക്ക് ശില്‍പയെത്തുന്നത്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.