കോവിഡ് 19-നെതിരായ യുദ്ധം ലക്ഷ്യം നേടണമെങ്കില്‍ ഇന്‍ഡ്യക്കാര്‍ ഈ ശീലം ഉപേക്ഷിച്ചേ പറ്റൂ

പൊതുസ്ഥലത്ത് തുപ്പുന്നത് കൊറോണ മാത്രമല്ല, നിരവധി രോഗങ്ങളുടെയും വ്യാപനത്തിന് കാരണമാവുന്നു.

Promotion

ഴിഞ്ഞ ശനിയാഴ്ച  കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എല്ലാവരും മാസ്‌ക്കും ഗ്ലൗസും
ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഷോപ്പിലെ സഹായി
ഉറപ്പുവരുത്തിയിരുന്നു… മാതൃകാപരമായ കാര്യം.

അല്‍പം കഴിഞ്ഞപ്പോള്‍ കടയുടമ പുറത്തിറങ്ങുകയും ഞങ്ങളെ വന്ദിക്കുകയും ശേഷം ധരിച്ചിരുന്ന മാസ്‌ക്ക് മുഖത്തുനിന്നും മെല്ലെ താഴ്ത്തുകയും റോഡിലേക്ക്
തുപ്പുകയും ചെയ്തു.

അതിഥി ദേവോ ഭവ എന്നല്ലേ. പക്ഷേ, ഉത്തരേന്‍ഡ്യക്കാര്‍ പാന്‍ മസാലയെന്നും മലയാളികള്‍  മുറുക്കാനെന്നും വിളിക്കുന്ന പാന്‍, നിരത്തുകളിലും ചുവരുകളിലും ചവച്ചു തുപ്പിയാണ് നമ്മള്‍ അതിഥികളെ സ്വീകരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും കൂടുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വവും, പൊതുരംഗത്തെ ശുചിത്വവും
ഉറപ്പാക്കാന്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളാണു നടപ്പാക്കി കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കാന്‍ ഒരു മഹാമാരി വേണ്ടി വന്നു എന്നതാണു യാഥാര്‍ഥ്യം.

പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കാന്‍ കൊറോണ വൈറസ്
എന്ന മഹാമാരി ഇടയാക്കുമോ ?

അതെയെന്നാണ് പുനെയിലെ രാജാ നരസിംഹനും (56), ഭാര്യ പ്രീതി രാജയും (52) പ്രതീക്ഷിക്കുന്നത്. ഈ ദമ്പതികള്‍ 2010 മുതല്‍ ‘ സാരെ ജഹാന്‍ സേ അച്ഛാ ‘ എന്ന അവരുടെ സംഘടനയിലൂടെ പൊതുയിടങ്ങളില്‍ തുപ്പുന്നതില്‍നിന്നും മുക്തമായൊരു ഇന്‍ഡ്യ എന്ന ലക്ഷ്യത്തിനായി സ്പിറ്റ് ഫ്രീ ഇന്‍ഡ്യ (Spit
Free India)  പ്രചാരണം നടത്തി വരികയാണ്.

സ്‌കൂളുകളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചും പൊതുസ്ഥലങ്ങളില്‍ സ്‌കിറ്റുകള്‍ നടത്തിയും പൊതു ഇടങ്ങളില്‍ തുപ്പുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ഇരുവരും പൗരന്മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചുവരികയാണ്.

നരസിംഹനും പ്രീതിയും

പുനെ മുനിസിപ്പല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇരുവരും പുനെയിലെ പല കോളെജുകളുമായി സഹകരിച്ചു പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം ഇല്ലാതാക്കാന്‍ ചുവരുകളില്‍ ചായമടിക്കുകയും അതോടൊപ്പം സന്ദേശം നല്‍കുകയും ചെയ്യുന്നു. ഇതുവരെയായി അത്തരം 240-ഓളം പരിപാടികള്‍ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

“ഞങ്ങളുടെ പ്രചാരണങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു പുനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊതുയിടങ്ങളില്‍ തുപ്പുന്നവരില്‍നിന്നും 150 രൂപ പിഴ ഈടാക്കാനുള്ള തീരുമാനം 2018-ല്‍ നടപ്പിലാക്കി. തുപ്പുന്നവരെ കണ്ടെത്തി പിടികൂടാന്‍ 2018-ല്‍ സിറ്റി സ്‌ക്വാഡുകള്‍ക്കു തുടക്കമിടുകയും ചെയ്‌തെന്ന്,” നരസിംഹന്‍ പറയുന്നു.

പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരേ പ്രചാരണം ആരംഭിക്കാന്‍ പ്രേരിപ്പിച്ചത് എന്താണ് ?

“പൊതുസ്ഥലത്ത് തുപ്പുന്നത് വളരെ പഴക്കമുള്ളൊരു ശീലമാണ്. ഒരാള്‍ പൊതുസ്ഥലത്ത് തുപ്പുന്നതിലൂടെ അയാളുടെ ഉമിനീരിലൂടെ വായുവിലൂടെ ക്ഷയരോഗം പോലുള്ള പല രോഗങ്ങളും പടരാന്‍ സാധ്യത കൂടുതലാണ്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കിയാല്‍ പല രോഗങ്ങളും
പകരുന്നത് ഒഴിവാക്കാനാകും. ഇക്കാര്യം മനസ്സിലാക്കിയാണു ഞങ്ങള്‍ 2010-ല്‍ പ്രചാരണം ആരംഭിച്ചത്.

ബോധവല്‍ക്കരണ പരിപാടിയില്‍ നിന്ന്

“തുപ്പുന്ന ശീലം ഒരുപാട് രോഗങ്ങളുടെ ഇടയിലേക്കാണു നയിക്കുന്നതെന്ന കാര്യത്തെ കുറിച്ച് ആളുകള്‍ക്ക് അത്ര ബോധ്യമില്ല. പക്ഷേ, ഇപ്പോള്‍ കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ, പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പലരും പാലിച്ചു
തുടങ്ങിയിരിക്കുന്നു. പഴയ ശീലത്തില്‍നിന്നും പിന്മാറാനുള്ള ശരിയായ സമയമാണിത്,” നരസിംഹന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

Promotion

നരസിംഹന്‍ പറയുന്നത് ശരിയാണെന്നു ബെംഗളുരു ആസ്ഥാനമായുള്ള ദന്തരോഗ വിദഗ്ധന്‍ ഡോ. അന്‍പു മേരി രോഹിത് പറയുന്നു. “അണുക്കളുടെയും, രോഗങ്ങളുടെയും വാഹകരിലൊന്നാണു നമ്മളുടെ ഉമിനീര് (saliva). നമ്മള്‍ പൊതുസ്ഥലത്ത് തുപ്പുന്നതിലൂടെ രോഗാണുക്കളെയാണ് പരത്തുന്നത്.
അതുവഴി ഓരോരുത്തരിലും രോഗസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.”

മള്‍ട്ടിനാഷണല്‍ കോര്‍പറേഷനുകളിലും, ബാങ്കുകളിലും പ്രവര്‍ത്തിച്ചു പരിചയമുള്ള കൊമേഴ്‌സ് ബിരുദധാരികളായ നരസിംഹനും പ്രീതി രാജയും ‘ സാരെ ജഹാന്‍ സേ അച്ഛാ ‘ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. റെയ്ല്‍വേ സ്റ്റേഷനുകളിലും, പാര്‍ക്കുകളിലും ക്ലീനിംഗ് ഡ്രൈവുകള്‍ നടത്തി പൊതുസ്ഥലത്തു ശുചിത്വം പാലിക്കേണ്ടതിനെ കുറിച്ചു അവബോധം
സൃഷ്ടിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.

സ്പിറ്റ് ഫ്രീ ഇന്‍ഡ്യയ്ക്ക് വേണ്ടി

“2018-ല്‍ 170-ഓളം മാനേജ്‌മെന്‍റ് വിദ്യാര്‍ത്ഥികള്‍ ഞങ്ങളുമായി കൈകോര്‍ത്ത് പുനെ റെയില്‍വേ സ്റ്റേഷന്‍റെ പ്ലാറ്റ്‌ഫോമില്‍ ഒരു മനുഷ്യ ശൃംഖല സൃഷ്ടിച്ചു. യുവതലമുറ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നു തെളിയിക്കാന്‍ ഇത് സഹായകമായി,” നരസിംഹന്‍ പറയുന്നു.

“പൗരന്മാരുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പൊതുസ്ഥലത്ത് തുപ്പുന്നതിലൂടെ സംഭവിക്കാവുന്ന ദോഷകരമായ ഫലങ്ങള്‍ അവരെ മനസിലാക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരസിംഹന്‍റെയും പ്രീതിയുടെയും നിരന്തര പ്രചാരണത്തിനു ഫലം കണ്ടു എന്നു വേണം കരുതാന്‍. ആളുകള്‍ പൊതുവേ തുപ്പുന്ന ഇടങ്ങളില്‍ സ്പിറ്റൂണുകള്‍ (spittoon)
അഥവാ കോളാമ്പി നല്‍കാന്‍ പ്രാദേശിക ഭരണകൂടം തയാറായി.

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രചാരണത്തില്‍നിന്നും പഠിച്ച പാഠങ്ങള്‍

ഒരാളെ പൊതുസ്ഥലങ്ങളില്‍ തുപ്പാന്‍ പ്രേരിപ്പിക്കുന്ന ശീലത്തിനു പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്നാണ് 10 വര്‍ഷത്തിലേറെയായി നടത്തുന്ന പ്രചാരണങ്ങളില്‍നിന്നും നരസിംഹന്‍ മനസിലാക്കിയത്.

ഒന്നാമത്തേത്, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗമാണ്. ചവച്ചതിന് ശേഷം അത് തുപ്പിക്കളയണമല്ലോ.

കുട്ടികളിലൂടെയും പ്രചാരണം

രണ്ടാമത്തേത്, സ്വന്തം തുപ്പല്‍ വിഴുങ്ങുന്നത് ദോഷകരമാണെന്ന മിഥ്യാ
ധാരണയാണ്.

“ഇത് നമ്മുടെ രാജ്യം മാത്രം അഭിമുഖീകരിച്ച ഒരു പ്രശ്‌നമല്ല, ക്ഷയരോഗം പടരാന്‍ തുടങ്ങിയപ്പോള്‍ യുഎസിനു പൊതുയിടങ്ങളില്‍ തുപ്പുന്നത് നിരോധനം ഏര്‍പ്പെടുത്തേണ്ടതായി വന്നു. 1930-കളോടെ യൂറോപ്യന്മാരും ഈ ശീലം ഉപേക്ഷിച്ചെന്നു,” നരസിംഹന്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി, മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കിടയിലാണു നരസിംഹനും പ്രീതിയും പ്രചാരണം നടത്തുന്നത്. പൊതുഇടങ്ങളില്‍ തുപ്പുന്നതിന്‍റെ ദോഷവശങ്ങളെ കുറിച്ചു വിശദീകരിക്കാന്‍
മുതിര്‍ന്നവരേക്കാള്‍ എളുപ്പമായതു കൊണ്ടാണു കുട്ടികള്‍ക്കിടയില്‍ പ്രചാരണം സംഘടിപ്പിക്കുന്നത്.

പൊതുസ്ഥലത്ത് തുപ്പാന്‍ തോന്നുമ്പോള്‍ ഒറ്റത്തവണ ഉപയോഗിച്ചതിനു ശേഷം ഉപേക്ഷിക്കുന്ന ഡിസ്‌പോസിബിള്‍ പൗച്ചുകളോ, ടിഷ്യു പേപ്പറുകളോ ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചു. ഇത് അവര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.

“കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്‍ഡ്യയിലെ എല്ലാ പൗരന്മാരോടും മാസ്‌ക് ധരിക്കാന്‍ കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് രാജ്യത്തെ സംബന്ധിച്ചു പ്രധാനപ്പെട്ട ഒരവസരമാണെന്ന് എനിക്ക് തോന്നുന്നു, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ക്ക് ഒരു ‘സ്പിറ്റ് ഫ്രീ ഇന്‍ഡ്യ’ കാണാന്‍ കഴിയും,” നരസിംഹന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നരസിംഹന്‍റെ പ്രീതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണം ഇപ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ, 15-20 വയസ് വരെയുള്ളവരെ കേന്ദ്രീകരിച്ചു നടത്താനാണ് ലക്ഷ്യമിടുന്നത്.


ഇതുകൂടി വായിക്കാം: പുരുഷന്മാര്‍ അടക്കി വാണിരുന്ന സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തേക്ക് 23 വര്‍ഷം മുന്‍പ് ധൈര്യപൂര്‍വ്വം കടന്നുചെന്ന മലയാളി വനിത


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

Promotion

Leave a Reply

Your email address will not be published. Required fields are marked *

പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും; ഇതിനായി ചെലവിടുന്നത് മാസം 20,000 രൂപ

ഈ ഐ എഫ് എസ് ഓഫീസറുടെ ‘മുള മാജിക്കിന്’ 40,000 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് മണ്ണിലെത്തുന്നത് തടയാന്‍ കഴിയും