“ഇന്ന് ഞങ്ങളുടെ കൃഷിത്തോട്ടമൊരു ഫലവൃക്ഷത്തോട്ടമായിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ അമ്മ(അമ്പിളി)യ്ക്ക് അവകാശപ്പെട്ടതാണ്,” തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത് അയിരൂര്‍കോണം സ്വദേശിയും ഐടി പ്രൊഫഷണലുമായ അനീഷ് പറയുന്നു.
കേരളത്തില്‍ പല തരം പഴങ്ങളുടെ കൃഷിയിലേക്ക് ആളുകള്‍ വ്യാപകമായി തിരിയുന്നതിന് വളരെക്കാലം മുന്‍പ് അമ്പിളിയുടെ പറമ്പില്‍ അധികമാരും കേള്‍ക്കാത്ത ഫലവൃക്ഷങ്ങള്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു,1990-കളുടെ തുടക്കത്തില്‍ തന്നെ.
കൃഷിയേയും ഫലവൃക്ഷങ്ങളേയും സ്‌നേഹിച്ച ആ സ്ത്രീ ഇന്നില്ല. എന്നാല്‍ അമ്മ നട്ടുനനച്ചു വളര്‍ത്തിയ സ്വപ്നങ്ങള്‍ മക്കള്‍ അനീഷിലൂടെയും മനീഷിലൂടെയും തഴച്ചുവളര്‍ന്നു. സ്വദേശിയും വിദേശിയുമായ 350-ഓളം ഇനത്തില്‍ പെട്ട ഫലവൃക്ഷങ്ങളാണ് വെഞ്ഞാറമൂട് അയിരൂര്‍കോണം പൂത്തന്‍വീടിന്‍റെ തൊടിയില്‍ വളരുന്നത്. രണ്ടര ഏക്കര്‍ വരുന്ന തോട്ടത്തില്‍ പലതരം ഔഷധച്ചെടികളും പച്ചക്കറികളും സമൃദ്ധമായുണ്ട്.
“ഞങ്ങളുടേതൊരു കര്‍ഷക കുടുംബമാണ്. അപ്പൂപ്പന്‍റെ കാലത്ത് കുരുമുളകു കൃഷിയായിരുന്നു പ്രധാനം. എന്നാന്‍ ഞങ്ങളുടെ അച്ഛന്‍ (ഡോ. ഉത്തമന്‍) സജീവ കൃഷിയില്‍ പങ്കാളിയായിരുന്നില്ല. പക്ഷേ, അന്നും ഇപ്പോഴും കട്ട സപ്പോര്‍ട്ടാണ് അച്ഛന്‍ തരുന്നത്. എന്നാല്‍ അമ്മയ്ക്ക് കൃഷിയോട് വലിയൊരു ആവേശമായിരുന്നു,” അനീഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
അന്ന് റാന്നിയില്‍ നിന്നും അവരുടെ അയല്‍വാസിയായെത്തിയ ഒരു കുടുംബത്തിന് മാംഗോസ്റ്റിന്‍ കൃഷിയുണ്ടായിരുന്നു.
അവരാണ് പുത്തന്‍വീട്ടുകാര്‍ക്ക് ആദ്യമായി ആ ഫലവൃക്ഷം പരിചയപ്പെടുത്തുന്നത്. അന്ന് തിരുവനന്തപുരം ജില്ലയില്‍ മാംഗോസ്റ്റിന്‍ കൃഷി ചെയ്തിരുന്നില്ല. അക്കാലത്ത് എപ്പോഴോ ഉത്തമന്‍ എവിടെ നിന്നോ സംഘടിപ്പിച്ച മാംഗോസ്റ്റിന്‍ അമ്പിളി തൊടിയില്‍ നട്ടു വളര്‍ത്തി.
”അക്കാലത്ത് തന്നെ അമ്മയുടെ അടുക്കളത്തോട്ടത്തില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സമൃദ്ധമായി വളര്‍ന്നിരുന്നു. അറുപതോളം ഇനത്തില്‍ പെട്ട മുളക് അമ്മ വളര്‍ത്തിയെടുത്തു. അമ്മയ്ക്ക് തൈകള്‍ നല്‍കുന്ന സുഹൃത്തുക്കള്‍ക്ക് അമ്മ തന്‍റെ തോട്ടത്തില്‍ നിന്നും വേറെ ഏതെങ്കിലും ചെടികളും തൈകളോ വിത്തുകളോ കൈമാറിയിരുന്നു. ഒന്നു വിളിച്ചാല്‍ വിത്തുകളും തൈകളുമായി ഓടിയെത്തുന്ന ധാരാളം സുഹൃത്തുക്കളും അമ്മയ്ക്കുണ്ടായിരുന്നു.
“അമ്മയ്ക്ക് കൃഷി വെറും നേരമ്പോക്ക് മാത്രമായിരുന്നില്ല. ആദ്യം നട്ട മാംഗോസ്റ്റിനൊപ്പം റംബൂട്ടാനും പലതരത്തിലുള്ള മാവുകളും അമ്മയിലൂടെ വളര്‍ന്നു. വെറുതെ നട്ടുപിടിപ്പിക്കുകയായിരുന്നില്ല, അവയുടെ ശാസ്ത്രീയ നാമവും കുടുംബവും ഇനവുമൊക്കെ ആ പഴയ പ്രീഡിഗ്രിക്കാരി പഠിച്ചെടുത്തു.”
നാട്ടിലെ കൃഷിയുടെ ഒരു അതോറിറ്റി ആയി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല. മികച്ച കര്‍ഷകയ്ക്കുള്ള നിരവധി അവാര്‍ഡുകളും ആ അമ്മയെ തേടിയെത്തി.
“നാട്ടില്‍ നടക്കുന്ന ഒറ്റ കാര്‍ഷിക മേളയും അമ്മ ഒഴിവാക്കിയിരുന്നില്ല. പരിപാലനം അമ്മയായിരുന്നെങ്കിലും വിത്തുകളും തൈകളും സംഘടിപ്പിക്കുന്നതും പലപ്പോഴും അച്ഛന്‍ തന്നെയായിരുന്നു. അതുകൊണ്ട് ചെറിയ കുട്ടികളായിരുന്നപ്പോള്‍ തന്നെ ഞങ്ങള്‍ കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചു തുടങ്ങി,” അനീഷ് പറഞ്ഞു.
മുതിര്‍ന്നപ്പോള്‍ മക്കളും അമ്മയുടെ വഴിയേ ജൈവകൃഷിയിലേക്ക് തിരിഞ്ഞു. മരങ്ങളെയും ചെടികളേയും നന്നായി ലാളിച്ചാണ് അമ്പിളി വളര്‍ത്തിയത്. എന്നാല്‍ തല്ലുകൊടുക്കേണ്ട സമയത്ത് അതിനും മടിച്ചിരുന്നില്ല.
വളര്‍ന്നു വലുതായ ഒരു മരം കായ്ഫലം തരാതെ ഇങ്ങനെ നില്‍ക്കുന്നതു സഹിക്കാന്‍ കഴിയാതെ ടെറസില്‍ നിന്ന് അതിനെ ഒരു വടിയെടുത്ത് അമ്മ ഒരുപാട് അടിച്ചത് അനീഷ് ഓര്‍ക്കുന്നു.
” ‘ഇത്രയും വളര്‍ന്നില്ലെ. ഇനി നാണമില്ലേ, കായിക്കാതിരിക്കാന്‍’ എന്നു ചോദിച്ചുകൊണ്ടാണ് അമ്മ അവയെ തല്ലുന്നത്. എന്തായാലും പിന്നെയുള്ള ഒരു വര്‍ഷങ്ങളില്‍ പോലും അവ ഫലം തരാതെ ഇരുന്നിട്ടില്ല,” അനീഷ് ചിരിക്കുന്നു.
2005-ഓടെയാണ് മക്കള്‍ രണ്ടുപേരും അമ്മയ്‌ക്കൊപ്പം സജീവമായി കൃഷിയിലേക്കിറങ്ങുന്നത്. അക്കാലത്ത് അനീഷ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയും മനീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്നു. എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ അനീഷ് സോഫ്റ്റ് വെയര്‍ രംഗത്തേക്ക് പ്രവേശിച്ചപ്പോഴും വിദേശ ജോലികള്‍ക്കൊന്നും ശ്രമിക്കാതെ തിരുവനന്തപുരത്ത് കൂടി. ഒപ്പം കൃഷിയിലും സജീവമായി.
രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനും അനീഷിന് കുറേ അവസരങ്ങള്‍ കിട്ടി. അതോടെ പുത്തന്‍വീട്ടിലേക്ക് സ്വദേശികളും വിദേശികളുമായി നിരവധി ഫലവൃക്ഷങ്ങള്‍ എത്താന്‍ തുടങ്ങി.
”പലപ്പോഴും ഒറ്റയ്ക്കായിരുന്നു യാത്രകള്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളിലും എന്‍റെ കണ്ണുകള്‍ തേടിയിരുന്നത് ചെന്നെത്തുന്ന നാട്ടിലെ ഫലവൃക്ഷങ്ങളിലായിരുന്നു. അതിനു വേണ്ടി മാത്രവും നിരവധി യാത്രകള്‍ നടത്തി. രാജ്യാന്തര യാത്രകളില്‍ പഴമരങ്ങളെത്തേടി ഉള്‍ഗ്രാമങ്ങളിലേക്ക് യാത്രകള്‍ ചെയ്തു.
“പക്ഷെ, രാജ്യത്തെ നിയമം അനുസരിച്ച് ഒരു രാജ്യത്തു നിന്നു നമ്മുടെ രാജ്യത്തേക്ക് അവരുടെ നാട്ടില്‍ വളരുന്ന മരത്തിന്‍റേയോ ചെടികളുടെയോ വിത്തോ തൈയ്യോ കൊണ്ടുവരാന്‍ കഴിയില്ലായിരുന്നു. എങ്കിലും പല നാടുകളില്‍ നിന്നുള്ളവ ഞാന്‍ സംഘടിപ്പിച്ചു,”അനീഷ് പറഞ്ഞു.
ബി.ടെക്കുകാരനായ അനീഷും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമുള്ള മനീഷും അവരവരുടെ തൊഴില്‍ മേഖലകളില്‍ സജീവമാണെങ്കിലും അവരുടെ പ്രാണനാണ് കൃഷി. അമ്മ വെച്ച മാംഗോസ്റ്റിനൊപ്പം മക്കള്‍ 26 എണ്ണം കൂടി വെച്ചു.
2016-ഓടെ മക്കള്‍ രണ്ടുപേരും കൃഷിയില്‍ കൂടുതല്‍ ആഴ്ന്നിറങ്ങി. അക്കാലത്തും അമ്പിളിയ്ക്കു തന്നെയായിരുന്നു തോട്ടത്തിന്‍റെ മേല്‍നോട്ടം. 2018-ല്‍ അന്‍പത്തിനാലാം വയസില്‍ അമ്പിളി അകാലത്തില്‍ മരണമടഞ്ഞതോടെ ഈ മരങ്ങള്‍ക്ക് മക്കള്‍ തണലായി.
“ഞങ്ങളുടെ തോട്ടത്തില്‍ മാംഗോസ്റ്റിന്‍, റംബൂട്ടാന്‍, ഫിലോസാന്‍, ദുരിയാന്‍, സ്നേക്ക് ഫ്രൂട്ട്, മില്‍ക് ഫ്രൂട്ട്, ബര്‍മീസ് ഗ്രേപ്സ്, സോങ്കോയ (Soncoya fruit) , മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ജങ്കിള്‍ സോപ്പ് (Jungle Sop- ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഴം), മൗണ്ടന്‍ സോര്‍സോപ്പ് (mountain soursop) , അനോന കോണിക്ക (Annona Conica), കസ്റ്റാര്‍ഡ് ആപ്പിള്‍, മാവ്, പ്ലാവ്, നാല് തരം മൂട്ടിപ്പഴം, പതിനഞ്ചോളം ഇനം ചാമ്പ, അഞ്ച് അവൊക്കാഡോ (ബട്ടര്‍ഫ്രൂട്ട്) അത്ര തന്നെ ചെറികള്‍ അങ്ങനെ നാടനും മറുനാടനുമായ നിരവധി മരങ്ങള്‍ ആ തൊടിയില്‍ കായ്ച്ചു നില്‍ക്കുന്നു. പല മറുനാടന്‍ പഴങ്ങളുടെയും പേരുകള്‍ പോലും നാട്ടുകാര്‍ക്കു പരിചിതമല്ല.
”ആപ്പിള്‍, പിയര്‍, പീച്ച്, കിവി, ഓറഞ്ച് ഇത്തരം നാം കേട്ടിട്ടുള്ള ഒരു മരവും ഞങ്ങളുടെ തോട്ടത്തിലില്ല. അതിനൊരു കാരണമുണ്ട്. ഇവയൊക്കെ ഉഷ്ണമേഖലാ പ്രദേശത്ത് വളരുമെങ്കിലും കായ്ഫലം തരില്ല. എന്നാല്‍ മധ്യതിരുവതാംകൂറിലെ മണ്ണില്‍ സമൃദ്ധമായി വളരുന്ന എന്നാല്‍ തെക്കന്‍ തിരുവതാംകൂറില്‍ അധികമാരും കൃഷി ചെയ്യാത്ത മലേഷ്യന്‍ പഴമരങ്ങളില്‍ മിക്കതും ഇവിടെ നന്നായി വളരുകയും കായ്ഫലം തരികയും ചെയ്യുന്നു.
“മുപ്പതോളം വരുന്ന മാംഗോസ്റ്റിനില്‍ നിന്നും നല്ല വിളവും ആദായവും കിട്ടുന്നുണ്ട്. റംബൂട്ടാനും മികച്ച വിളവ് തരുന്നുണ്ട്,” അനീഷ് പറഞ്ഞു.
പാരമ്പര്യ വിളകള്‍ കൂടി നിറഞ്ഞ സമ്മിശ്ര തോട്ടമാണിത്. പ്രിയൂര്‍, കര്‍പ്പൂരം, തിരുവവന്തപുരത്ത് ഏറെ ആവശ്യക്കാരുള്ള കോട്ടൂര്‍ക്കോണം, കൊല്ലം ഭാഗങ്ങളില്‍ ധാരാളമായി കാണുന്ന കൊളമ്പ് മാവ്, ചക്കരക്കുട്ടി തുടങ്ങിയവ മാവിനങ്ങളും ഈ തോട്ടത്തില്‍ വളരുന്നു. പതിനായിരം രൂപ നല്‍കി സ്വന്തമാക്കിയ മാവ് വരെയുണ്ടിവിടെ. നാല് തരത്തിലുള്ള മുരിങ്ങ, നെല്ലി, നാരകം, പേര അങ്ങനെ പോകുന്ന പാരമ്പര്യ വിളകളുടെ പട്ടിക.
കൂടാതെ ഇരുപതോളം തരം കാച്ചിലുകള്‍, ചെങ്കദളി, കൃഷ്ണ വാഴ, ചാരപ്പടറ്റി, ഏത്തപ്പടറ്റി, വിരുഭാക്ഷി(പഴനി മുരുക ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പഞ്ചാമൃതത്തില്‍ ചേര്‍ക്കുന്നത് ഈ വാഴപ്പഴമാണ്, നേന്ത്രവാഴ, രസകദളി, പാളയം തോടന്‍ ഉള്‍പ്പടെ മുപ്പതോളം ഇനത്തില്‍ പെട്ട വാഴകള്‍ എന്നിവ ഇവിടെ ധാരാളമായി വളരുന്നു.
( പലതരം വാഴകള്‍ പോറ്റുന്ന പാറശ്ശാലക്കാരന്‍ വിനോദിനെ പരിചയപ്പെടാം: ‘വാഴച്ചേട്ട’ന്‍റെ തോട്ടത്തില്‍ നാടനും വിദേശിയുമടക്കം 430 ഇനം! )
പലതരം പച്ചക്കറികളും തഴുതാമയടക്കം ഇലക്കറികളും ഈ തൊടിയില്‍ ഉണ്ട്.
” 30-ലധികം തരം തുളസി, 40 ഇനം കറ്റാര്‍ വാഴ, ഇരുപതോളം ഇനം നാരകങ്ങള്‍ ,തായ്ലന്‍ഡില്‍ നിന്നുള്ള കറിവേപ്പിലകള്‍ ,പുല്‍ത്തൈലം നിര്‍മ്മിക്കുന്ന പുല്ല്,വയമ്പ് വെളുത്തുള്ളി തുടങ്ങീ ഔഷധച്ചെടികള്‍ അങ്ങനെ പോകുന്നു ഇവിടുത്തെ വിളകള്‍,”അനീഷ് പറയുന്നു.
തായ്ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സമൃദ്ധമായി വളരുന്ന പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയാന്‍ അനീഷിന്‍റെ തോട്ടത്തിലെ പ്രധാനിയാണ്.
“വന്ധ്യതാ ചികില്‍സയ്ക്ക് നല്ല ഔഷധമായി ദുരിയാന്‍ കരുതപ്പെടുന്നു. എന്നാല്‍ മുള്ളുകളാല്‍ മൂടപ്പെട്ട പുറന്തോട് പൊളിക്കുമ്പോഴുണ്ടാകുന്ന ഗന്ധം പക്ഷേ, രൂക്ഷമാണ്. എങ്കിലും പല തവണ രുചിച്ച് കഴിച്ചാല്‍ ഈ പഴം നിങ്ങള്‍ക്കിഷ്ടപ്പെട്ടേക്കാം,” അനീഷ് പറഞ്ഞു. ഈ പഴം തേടി ഒരുപാട് പേര്‍ തോട്ടത്തിലെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ആദ്യകാലങ്ങളിലൊന്നും ഇതിന്‍റെ ഗന്ധം മൂലം ഞാന്‍ പോലും കഴിച്ചിരുന്നില്ല. ഒരിക്കല്‍ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയിലാണ് ഞാന്‍ ഇത് ആദ്യമായി ട്രൈ ചെയ്യുന്നത്. അന്ന് കാറിലിരുന്ന് ഇത് പൊളിച്ച എന്നെ കൂട്ടുകാര് പുറത്തിറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ മനസിലാക്കാമല്ലോ,” എന്ന് അനീഷ്.
മാംഗോസ്റ്റിനെ ബുദ്ധിമുട്ടിക്കണം
വിദേശത്തു നിന്ന് എത്തിക്കുന്ന പഴമരങ്ങള്‍ ഇവിടത്തെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധം വളര്‍ത്തിയെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വേരിലെ മണ്ണും മറ്റും മാറ്റി ഒന്നോ രണ്ടോ ഇലകള്‍ മാത്രം നിലനിര്‍ത്തി ഏതാണ്ട് പാതി ചത്ത അവസ്ഥയിലായിരിക്കും ഇവിടെയെത്തിക്കുക. അതിനെ ജീവിപ്പിച്ചെടുക്കുക ശ്രമകരമായ പണിയാണ്. കരുതലും ക്ഷമയും ഏറെ വേണ്ട ജോലി. ബാക്ടീരിയ, ഫംഗസ് ബാധ വരാതെ അവയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയെടുക്കണം.
”മനുഷ്യരെപ്പോലെ തന്നെയാണ് മരങ്ങളും. കഷ്ടപ്പെട്ട് വളര്‍ന്നാലേ നല്ല കായ് ഫലം തരൂ. എന്നാല്‍ നല്ല കെയറിംഗും ആവശ്യമാണ്. മരത്തിന്‍റെ തൈ എന്നാണ് നട്ടതെന്ന് ഉള്‍പ്പടെയുള്ള തീയതികള്‍ സൂക്ഷിക്കുന്നത് അവ കായ്ക്കുന്ന വര്‍ഷം അറിയാന്‍ ഏറെ സഹായിക്കും.
“മാംഗോസ്റ്റിന് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവയ്ക്ക് ധാരാളമായി വെളളവും വളവും നല്‍കി പരിപാലിക്കണം. അതിനു ശേഷം വേനല്‍ക്കാലത്തിന്‍റെ തുടക്കത്തോടെ നന നിര്‍ത്തണം. മരത്തെ പരമാവധി ബുദ്ധിമുട്ടിപ്പിക്കണം. എങ്കില്‍ മാത്രമേ നല്ല കായ് ഫലം ലഭിക്കൂ. തുടര്‍ന്ന് പൂവിടാന്‍ തുടങ്ങുന്നതോടെ നന തുടരുകയും ഒപ്പം വെളുപ്പാന്‍ കാലത്ത് പുക നല്‍കുകയും വേണം. കീടങ്ങളെ അകറ്റാനാണ് ഇത്തരത്തില്‍ പുകയ്ക്കുന്നത്.”അനീഷിന്‍റെ തോട്ടത്തിലെ പ്രധാന വിളയായ മാംഗോസ്റ്റിന്‍റെ കൃഷിരീതികളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.
മരങ്ങള്‍ തേടിയുള്ള യാത്രകള്‍
പുതിയ ഇനം വിത്തിനും തൈകളും തേടി അനീഷ് ധാരാളം യാത്ര ചെയ്യാറുണ്ട്. അനീഷിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ ഇനങ്ങളെ കണ്ടെത്താന്‍ ചിപ്പ് ഘടിപ്പിച്ചുള്ള യാത്ര. എപ്പോഴും കണ്ണുകള്‍ മരങ്ങളെ പരതിക്കൊണ്ടിരിക്കും.
അങ്ങനെയൊരു യാത്രയ്ക്കിടയില്‍ ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ നിന്നും കിട്ടിയ ഒരു പ്രത്യേക തരം നാരങ്ങയെ കുറിച്ച് അനീഷ് തന്നെ വിശദീകരിക്കട്ടെ.
“ഒരിക്കല്‍ എന്‍റെ യാത്ര ചെന്നെത്തിയത് പാലക്കാട്ടുള്ള പൊലീസ് ഓഫീസറുടെ വീട്ടില്‍. നല്ല മധുരമുള്ള നാരങ്ങാ വെള്ളം നല്‍കിയാണ് അവരെന്നെ സ്വീകരിച്ചത്. അപ്പോഴേക്കും എന്നിലേ ചെടി പ്രേമി ഉണര്‍ന്നു. പിന്നെ അവിടെ നിന്നും ആ നാരങ്ങയുടെ ഒരു തൈ സംഘടിപ്പിച്ചാണ് ഞാന്‍ തിരികെ പോന്നത്. അതായത് ഒരു തരി പോലും പഞ്ചസാര ചേര്‍ക്കാതെ തയ്യാറാക്കാന്‍ കഴിയുന്ന മധുരനാരങ്ങാ വെള്ളമായിരുന്നു അത്. മിക്കവരുടെയും ധാരണ നാരങ്ങ തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ വിളയൂ എന്നാണ്. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയിലും ചെറുനാരങ്ങാ ഉള്‍പ്പടെയുള്ള നാരക ഇനങ്ങള്‍ നന്നായി വളരും.
“ഇത്തരത്തിലുള്ള മറ്റൊരു അനുഭവം പറയാം. ഇതിലെ താരം കറ്റാര്‍ വാഴയാണ്. ഔഷധ ചെടികളോട് പ്രണയം തുടങ്ങിയ കാലം. ഒരിക്കല്‍ ഞാന്‍ ഒരിടത്തു ചെന്നപ്പോള്‍ എന്നേ കാത്തിരുന്നത് സൂപ്പര്‍ കറ്റാര്‍ വാഴയാണ്. അതായത് രണ്ടായി മുറിക്കുമ്പോള്‍ അവയുടെ തണ്ടിന് ചോരയുടെ നിറമാണ്. വെറൈറ്റി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്,” എന്ന് അനീഷ്. തിരിച്ചു പോരുമ്പോള്‍ ആ കറ്റാര്‍ വാഴത്തൈയും അനീഷിന്‍റെ കൂടെപ്പോന്നു.
“ചെടികളും മരങ്ങളും വളര്‍ത്താന്‍ തുടങ്ങുന്നതോടെ നമ്മള്‍ മറ്റൊരാളായി മാറുകയാണ്. പിന്നെ എപ്പോഴും നമ്മുടെ ചിന്തയില്‍ ഇത്തരം വെറൈറ്റി സസ്യങ്ങളേ കുറിച്ചുള്ള ചിന്തകള്‍ കൊണ്ടു നിറയും. കൊട്ടാരക്കര സ്വദേശിയായ ഡോ.ഹരിമുരളീധരന്‍റെ ഗ്രീന്‍ ഗ്രാമയുടെ വിശേഷങ്ങളൊക്കെ കേട്ടിട്ടില്ലേ. എന്തൊരു ഹരമാണ് ആ മനുഷ്യന്. അറുപതു സെന്‍റ് സ്ഥലത്ത് നട്ടുപിടിപ്പിച്ചിരിക്കുന്നത് അറുനൂറിലേറെ ഇനത്തില്‍ പെട്ട പഴമരങ്ങള്‍. എന്താ സൂപ്പറല്ലേ. എത്ര തിരക്കുള്ളപ്പോഴും ഈ പഴമരത്തോട്ടത്തിലേക്ക് വരുമ്പോള്‍ അതെല്ലാം മറക്കും. അത്രയധികം ഇവയ്ക്ക് നമ്മെ സ്വാധീനിക്കാന്‍ കഴിയും. അതുപോലെത്തന്നെ ഇവയോടുള്ള ഹരത്തില്‍ വെറൈറ്റി ഇനങ്ങള്‍ എത്ര വില കൊടുത്തും സ്വന്തമാക്കാന്‍ നമ്മെ പ്രേരിപ്പിക്കും,” അനീഷ് തുടരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് ചക്ക തേടി ധാരാളം നാട്ടുകാര്‍ അനീഷിന്‍റെ വീട്ടിലെത്തി. ചക്ക മാത്രമല്ല കേട്ടോ മാങ്ങയും മാംഗോസ്റ്റിനും റംമ്പൂട്ടാനും സപ്പോട്ടയും ഉള്‍പ്പടെ മിക്ക പഴങ്ങളും അനീഷും മനീഷും നാട്ടുകാര്‍ക്ക് നല്‍കും. വിപണി സാധ്യതകളേക്കാള്‍ ഏറെ പഴങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടു കഴിക്കുന്ന ഒരു ശീലം ആ കുടുംബത്തിന് വളരെ മുന്‍പേ തന്നെയുള്ളതാണ് .
ടെക്കികള്‍ക്കായി
നീണ്ട മണിക്കൂറുകളുടെ ജോലിയുടെ ക്ഷീണവും ജങ്ക് ഫൂഡിന്‍റെ ആരോഗ്യ പ്രത്യാഘാതങ്ങളുമൊഴിവാക്കി ‘വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍’ടെക്നോപാര്ക്കിലെ ടെക്കികള്‍ക്കായി കൃഷി പാഠം നല്‍കി വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അനീഷിന്‍റെ തോട്ടത്തിലും ഇവരുടെ സന്ദര്‍ശനം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇവര്‍ക്കായി അനീഷ് ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് ഉള്‍പ്പടെയുള്ള കൃഷി രീതികള്‍ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു.
“ഞാനുള്‍പ്പടെയുള്ള ടെക്കി സമൂഹത്തിന് ശരീരം അനങ്ങി യാതൊരു ജോലിയിലും ഏര്‍പ്പെടുന്നില്ല. ദീര്‍ഘകാലം ഇത്തരത്തില്‍ തൊഴിലെടുക്കുന്നത് മാനസിക-ശാരീരകാരോഗ്യത്തിന് വളരെ ദോഷം ചെയ്യും. അതുകൊണ്ട് അവരുടെ മട്ടുപ്പാവിലോ ബാല്‍ക്കണിയിലോ എങ്കിലും ചെടികള്‍ നട്ടുവളര്‍ത്തുന്നതിനൊരു പ്രോല്‍സാഹനം നല്‍കാന്‍ കഴിഞ്ഞാല്‍ ഒരു തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഒരു താങ്ങാകില്ലേ,”അനീഷ് ചോദിക്കുന്നു.
തോട്ടത്തിലെ മിക്ക ജോലികളും സഹോദരന്മാര്‍ ഒരുമിച്ച് ചെയ്യും. അവരെക്കൊണ്ടാവാത്തത് മാത്രം പണിക്കാരെ നിര്‍ത്തും. പറമ്പില്‍ പണിയെടുക്കുന്നവര്‍ ഔഷധസസ്യങ്ങളെപ്പറ്റി അത്യാവശ്യം അറിവുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. കാരണം തൊടിയില്‍ ധാരാളം ഔഷധ ചെടികള്‍ വളരുന്നുണ്ട്. മരുന്നു ചെടികളെ കുറിച്ച് അറിവില്ലാത്ത പണിക്കാരാണെങ്കില്‍ കളയാണെന്നു കരുതി പിഴുതു കളഞ്ഞേക്കാം. പിന്നെ ഓരോ മരങ്ങളുടെയും പരിപാലന രീതി വ്യത്യസ്തമായിരിക്കും. അതിനെക്കുറിച്ചും അറിയുന്നവരാണ് ഇവിടുത്തെ ജോലിക്കാര്‍.
പഴമരങ്ങള്‍ക്കും ഔഷധചെടികള്‍ക്കുമൊപ്പം അനീഷിന്‍റെ അനുജന്‍ മനീഷ് കുറച്ച് അലങ്കാരച്ചെടികള്‍ കൂടി ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് താല്‍പര്യമനുസരിച്ച് എല്ലാത്തരം ചെടികളും ഇവിടെ നിന്നു വിതരണം ചെയ്തു വരുന്നു.
ഇതുകൂടി വായിക്കാം: കമ്പത്തെ 30 ഏക്കര്‍ തരിശില്‍ 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.