ഉള്‍ക്കാടിനകത്ത് പ്രാക്തന ഗോത്ര വിഭാഗക്കാരായ ചോലനായ്ക്കരുടെ ഇടയില്‍ കാലില്‍ നിന്നു രക്തം വാര്‍ന്ന് അവശനിലയിലായ ഒരാളുണ്ടെന്ന വിവരം അറിഞ്ഞാണ് ഡോ. അശ്വതി സോമനും സംഘവും ആദ്യമായി നിലമ്പൂര്‍ പാണപ്പുഴയിലെത്തുന്നത്. 2018 ജൂണ്‍ മാസത്തിലായിരുന്നു അത്.
ചികിത്സയ്ക്കായി നാട്ടിലേക്കിറങ്ങാന്‍ രോഗിക്ക് താല്‍പര്യക്കുറവുണ്ട്. മാത്രമല്ല, ആ അവസ്ഥയില്‍ കാടിറങ്ങാനും ബുദ്ധിമുട്ടാണ്.
ആവശ്യമെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വരെ കാട്ടിനുള്ളില്‍ തന്നെ വെച്ച് നടത്താനുള്ള ഒരുക്കങ്ങളുമായാണ് മഞ്ചേരി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ നാലുപേരുമായി ഡോ. അശ്വതി പുറപ്പെട്ടത്.
പ്രതീക്ഷിച്ചതിനേക്കാള്‍ ശ്രമകരമായിരുന്നു ആ യാത്ര. അപകടം ആനയുടെ രൂപത്തിലും, കാട്ടി (കാട്ടുപോത്ത്)യുടെ രൂപത്തിലുമൊക്കെ എപ്പോള്‍ വേണമെങ്കിലും മുന്നിലെത്താം. ചതുപ്പുകളിലും വഴുക്കന്‍ പാറകളിലും അപകടം പതിഞ്ഞിരിപ്പുണ്ടാവും. ചെങ്കുത്തായ പാറകളും താഴ്ചകളുമുള്ള വഴികള്‍ കടന്നുവേണം അവിടെയെത്താന്‍.
നിലമ്പൂര്‍ ടൗണില്‍ നിന്നു ഏകദേശം 20 കിലോമീറ്റര്‍ ടാറിട്ട റോഡ് വഴി ഫോസ്‌റ് സ്റ്റേഷന്‍ എത്താം. അവിടുന്നു അടുത്ത 25 കിലോമീറ്റര്‍ ചളി നിറഞ്ഞ മണ്‍പാതയാണ്. സാധാരണ വണ്ടി എത്തുന്നത് ഇവിടം വരെ മാത്രം.
മൊബൈല്‍ യൂണിറ്റിലെ വാഹനത്തിന് ഒരുപാട് സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല. ചെങ്കുത്തായ കയറ്റങ്ങളും മഴയില്‍ കടപുഴകി വീണ മരങ്ങളും നിറഞ്ഞൊഴുകുന്ന പുഴയുടെ കൈവഴികളുമെല്ലാം തന്നെ യാത്രക്ക് തടസമായി. അതോടെ ചികിത്സാ സാമഗ്രികള്‍ എല്ലാം കയ്യിലെടുത്ത് കാല്‍നടയായി യാത്രയാരംഭിച്ചു.
വഴി കാണിച്ചുകൊണ്ട് ഗോത്രവര്‍ഗക്കാരനായ ഒരാളും കൂടെയുണ്ടായിരുന്നു. വഴിമുടക്കി വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ചിലയിടങ്ങളില്‍ യാത്ര തുടരാന്‍ കഴിഞ്ഞത്.
എന്നാല്‍ മുന്നോട്ടുപോകും തോറും അപകടം നിറഞ്ഞ മേഖലകള്‍ കൂടിക്കൂടിവന്നു.
അതോടെ ടീമില്‍ തണ്ടര്‍ബോള്‍ട്ടും, ഇന്‍റെലിജന്‍സ് വിഭാഗവും ചേര്‍ന്നു. അവര്‍ ചെന്നെത്തിയത് ചെങ്കുത്തായ ഒരു പാറയ്ക്ക് മുന്നിലാണ്.
പാറ കയറിയിച്ചെല്ലണം. ഡോ. അശ്വതിക്ക് ട്രെക്കിങ്ങൊന്നും ഒട്ടും പരിചയമില്ല. ഇനിയങ്ങോട്ട് യാത്ര തുടരേണ്ടെന്ന് സംഘത്തിലെ പലരും ഡോക്റ്ററെ ഉപദേശിച്ചു. എന്നാല്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ആ രോഗിയിലേക്ക് എങ്ങനെയും എത്തിച്ചേരണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍.
അരയില്‍ കയറിട്ട് മുറുക്കി മറ്റൊരു വലിയ കയറില്‍ പിടിച്ചു കയറുകയായിരുന്നു.
അങ്ങനെയൊരു വിധം അവര്‍ പാറയുടെ മുകളിലായുള്ള കുടിയിലെത്തി. രവി എന്നായിരുന്നു രോഗിയുടെ പേര്. ഒറ്റനോട്ടത്തില്‍ തന്നെ അശ്വതിക്ക് പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ മനസിലായി. നീരും, ചലവും, ചോരയും ഒഴുകി കൊണ്ടിരിക്കുന്നു. വലിയ വേദനയും. കാലിലെ രണ്ടു വിരലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണ്. പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന പനിയും പ്രമേഹവും.
ചികിത്സ കിട്ടാന്‍ വൈകിയിരുന്നു എങ്കില്‍ മരണം സംഭവിക്കുമായിരുന്നു. ആ അവസ്ഥയില്‍ അനിവാര്യമായ പ്രാഥമിക ചികിത്സകള്‍ നല്‍കി.
ആശുപത്രിയിലെത്തിച്ച് തുടര്‍ ചികിത്സ തേടിയില്ലെങ്കില്‍ സ്ഥിതി വീണ്ടും വഷളാകും. ശസ്ത്രക്രിയ വേണം.
എന്നാല്‍ എത്ര പറഞ്ഞിട്ടും ഉള്‍ക്കാട് വിട്ട് പുറത്തേക്ക് വരാന്‍ രവി തയ്യാറായില്ല. ഒരുപാട് നിര്‍ബന്ധിച്ചു. ഒടുവില്‍, ചികിത്സിച്ചില്ലെങ്കില്‍ കാല് പൂര്‍ണമായും മുറിച്ചു മാറ്റേണ്ട അവസ്ഥ വരും എന്ന് മനസ്സിലായപ്പോള്‍ രവി മെഡിക്കല്‍ സംഘത്തോടൊപ്പം മലയിറങ്ങാന്‍ തയ്യാറായി. അവശനായ രോഗിയെയും ചുമന്നുകൊണ്ട് അവര്‍ കാടിറങ്ങി.
ഡയബറ്റിക് കീറ്റോ അസിഡോസിസ് (Diabetic Acidosis) എന്ന മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു അയാള്‍ എന്ന് പിന്നീട് മനസ്സിലായി.
”എന്‍റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഓരോ രോഗിയും ഡോക്റ്ററെ സംബന്ധിച്ച് ഒരു പോലെയാണ്. അങ്ങനെയുള്ളപ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറുന്നതില്‍ കാര്യമില്ല എന്ന് മനസിലാക്കിയാണ് എതിര്‍പ്പുകള്‍ ഉണ്ടായിട്ടും കാടു കയറാന്‍ തീരുമാനിച്ചത്. പക്ഷെ, ഈ സംഭവത്തിലൂടെയാണ് നിലമ്പൂരിലെ ആദിവാസി ഊരുകളില്‍ പലപ്പോഴും അവശ്യ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ല എന്ന കാര്യം വ്യക്തമായത്. പിന്നീട് അങ്ങോട്ടുള്ള എന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി ഊരുകള്‍ക്ക് മുന്‍ഗണന നല്കാന്‍ ഞാന്‍ തീരുമാനിച്ചു,” ഡോ. അശ്വതി സോമന്‍ പറയുന്നു.
സാധാരണക്കാരുടെ ഡോക്റ്റര്‍
മലപ്പുറം മഞ്ചേരി സ്വദേശിനിയാണ് ഡോ. അശ്വതി സോമന്‍. 2011-ല്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കിയ ഡോ. അശ്വതി തന്‍റെ കരിയറിന്‍റെ തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കരുത് എന്നായിരുന്നു അവരുടെ മനസ്സില്‍. പഠിച്ച് പുറത്തിറങ്ങിയ ശേഷം കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലും മഞ്ചേരി ജില്ലാ ആശുപത്രിയിലും ജോലി ചെയ്തു. അതിന് ശേഷം 2016-ലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നത്. തുടക്കം പാലക്കാട് കോട്ടപ്പുറം എന്ന സ്ഥലത്തായിരുന്നു.
ഇമ്മ്യൂണൈസേഷന്‍ വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡോക്റ്റര്‍ ‘പുഞ്ചിരി’ എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കമിട്ടു. പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഭയവും വേദനയും പരിഗണിച്ച് പല മാതാപിതാക്കളും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിന് മടികാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പുഞ്ചിരി തുടങ്ങുന്നത്.
കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഒരുപാട് കളിപ്പാട്ടങ്ങള്‍ ഉള്ള ഒരു സ്ഥലം ഉണ്ടാക്കി. കളിയ്ക്കാന്‍ അവസരം ലഭിക്കുന്നതിനാല്‍ കുട്ടികളും കുത്തിവയ്പുകളോട് സഹകരിച്ചു. വളരെയേറെ ജനസമ്മിതി നേടിയ ഈ പദ്ധതി വിജയിപ്പിച്ചതിന് ശേഷമാണ് ഡോ. അശ്വതി നിലമ്പൂരിലെത്തുന്നത്.
കാടിന്‍റെ മക്കളോടൊപ്പം
നിലമ്പൂരില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഡോ. അശ്വതി ആദിവാസിമേഖലയിലെ ആരോഗ്യപ്രശ്‌നങ്ങളില്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി.
“വല്ലപ്പോഴുമുണ്ടാകുന്ന പനിക്കും ചുമയ്ക്കും മരുന്ന് നല്‍കുന്നത് പോലെ അല്ലായിരുന്നു ഇവിടുത്തെ കാര്യങ്ങള്‍. പോഷകാഹാരക്കുറവ് മുതല്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും അവര്‍ നേരിട്ടിരുന്നു. പ്രത്യേകിച്ച് ഉള്‍ക്കാടുകളില്‍ ജീവിക്കുന്ന കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗക്കാര്‍ മരുന്നുകളോടും ചികിത്സയോടുമെല്ലാം അകലം പാലിക്കുന്നവരായിരുന്നു.
ഇതുകൂടി വായിക്കാം: ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്
“അവര്‍ക്ക് എന്നെ പരിചയമില്ലല്ലോ…പുതിയ ഡോക്റ്ററല്ലേ… അതുകൊണ്ട് ആദ്യകാലങ്ങളിലത്രയും ഇവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നു. തുടരെത്തുടരെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിക്കൊണ്ടാണ് ഞാന്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. 2018 മുതല്‍ മാസത്തില്‍ 20 ദിവസത്തിനു മുകളില്‍ ക്യാമ്പുകളുമായി ഈ മേഖലകളില്‍ സജീവമായി,” ഡോ. അശ്വതി സോമന്‍ പറയുന്നു.
മുന്‍കൂട്ടി അറിയിച്ചു നടത്തുന്ന കാമ്പുകളില്‍ വന്ന് പരിശോധനയ്ക്കായി ഇപ്പോള്‍ ഈ വിഭാഗങ്ങളില്‍ പെട്ട ആദിവാസികള്‍ കൂടുതലായി എത്തുന്നുണ്ട്. ഒപ്പം അവരുടെ ആവശ്യങ്ങളും സംശയങ്ങളും ഡോ. അശ്വതിയോട് പങ്കുവയ്ക്കുകയും പരിഹാരം തേടുകയും ചെയ്യുന്നു.
ഡോ. അശ്വതിയാകട്ടെ, രോഗിയും ഡോക്ടറും എന്ന ബന്ധത്തിനപ്പുറം ആദിവാസി ഊരുകളുടെ ഉന്നമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ടുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ, ഭക്ഷണം , പാര്‍പ്പിടം, പഠനം എന്നിവയ്ക്കായുള്ള സൗകര്യങ്ങള്‍ കിട്ടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയും പ്രശ്‌നങ്ങള്‍ കണ്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യും.
”എന്നാല്‍ എപ്പോഴും സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കാത്തിരിക്കാന്‍ പറ്റുന്ന അവസ്ഥയായിരിക്കില്ല പലപ്പോഴും. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തില്‍ ഒരു ആദിവാസി ഊര് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് ചോര്‍ന്നൊലിക്കുന്ന കൂര മറയ്ക്കാന്‍ ഒരു ടാര്‍പ്പായയാണ്. ഇത് സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തി കാത്തിരിക്കാന്‍ ആവില്ല. ഇത്തരം ആവശ്യങ്ങള്‍ വരുമ്പോള്‍ വ്യക്തിപരമായോ അല്ലെങ്കില്‍ സഹായമനസ്‌കരായ സുഹൃത്തുക്കളുടെ സഹായത്താലോ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റും” ഡോ. അശ്വതി പറയുന്നു.
തരിപ്പപ്പൊട്ടിയിലെ അമ്മയും കുഞ്ഞും
ഓരോ ക്യാമ്പും ഉള്‍ക്കാടുകളില്‍ ആദിവാസി ഊരുകള്‍ തേടി നടത്തുന്ന ഓരോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളാണ് എന്ന് ഡോക്റ്റര്‍ പറയുന്നു. മറക്കാനാവാത്ത ഒരനുഭവമാണ് നിലമ്പൂരിലെ തരിപ്പപ്പൊട്ടിയിലെ പ്രസവിച്ചു കിടന്ന യുവതിയുടെ ജീവന്‍ രക്ഷിച്ചത്.
ഡോ. അശ്വതി ഇടയ്ക്കിടെ നടത്താറുള്ള ഊരുസന്ദര്‍ശനങ്ങള്‍ക്കിടയിലാണ് ഒരിക്കല്‍ തരിപ്പപ്പൊട്ടി കോളനിയില്‍ ആ ദിവസങ്ങളില്‍ ഒരു സ്ത്രീ പ്രസവിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. പ്രസവം വീട്ടില്‍ തന്നെ നടത്തിയതിനാല്‍ ആരോഗ്യപ്രവര്‍ത്തകരെ ആരെയും അറിയിച്ചിരുന്നില്ല. പരിശോധിച്ചപ്പോഴാണ് അവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായി മനസിലായത്.
” വളരെ അപകടകരമായ അവസ്ഥയായിരുന്നു. അത് ആ സ്ത്രീയുടെ ആറാമത്തെ പ്രസവമായിരുന്നു. പോസ്റ്റ്പാര്‍ട്ടം ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അവസ്ഥയായിരുന്നു. കുഞ്ഞിന് മൂന്നു ദിവസമായി മുലപ്പാല്‍ പോലും നല്‍കിയിരുന്നില്ല. അമ്മയ്ക്കും കുഞ്ഞിനും മരണം വരെ സംഭവിക്കുന്ന ഈ അവസ്ഥ. ആശുപത്രിയില്‍ എത്തിച്ച് വേഗം ചികിത്സിക്കണമായിരുന്നൂ. എന്നാല്‍ അവരുണ്ടോ പറഞ്ഞാല്‍ കേക്കുന്നൂ..? കുട്ടികള്‍ക്ക് അമ്മയെ നഷ്ടമാകും എന്ന് ഉറപ്പിച്ചു പറഞ്ഞശേഷമാണ് ആശുപത്രിയിലേക്ക് വരാന്‍ തയ്യാറായത്,” ഡോ. അശ്വതി പറയുന്നു.
ചികിത്സയോടും ആശുപത്രിയോടുമുള്ള സമീപനത്തില്‍ മാറ്റമുണ്ടാവുന്നുണ്ടെന്നതാണ് പ്രതീക്ഷയെന്ന് ഡോക്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മുളപ്പാലം കടന്ന് അമ്പുമലയിലേക്ക്
മാത്രമല്ല, അമ്പുമല കോളനിയില്‍ എത്താന്‍ 2 കിലോമീറ്റര്‍ ദൂരം നടക്കണം. എന്നാല്‍ കാട് കയറല്‍ സ്ഥിരമായി മാറിയതിനാല്‍ ഈ ദൂരം ഒരു പ്രശ്‌നമായില്ല. എന്നാല്‍ കല്ലുകള്‍ നിറഞ്ഞ, വഴുക്കല്‍ പിടിച്ച് തെന്നുന്ന വഴികള്‍ കോളനിയിലേക്കുള്ള യാത്രയെ ദുഷ്‌കരമാക്കി. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് മെഡിക്കല്‍ സംഘം ആദിവാസി കോളനിയിലെത്തി ക്യാമ്പ് പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍, മടക്കയാത്രയില്‍ പുഴയില്‍ വെള്ളമുയര്‍ന്ന് പാലം മുങ്ങിയിരുന്നു. എന്നാല്‍ അത്തരം പ്രതിസന്ധികളൊന്നും ഡോ. അശ്വതിയേയും സംഘത്തേയും പിന്തിരിപ്പിക്കാറില്ല.
ആനക്കുഴിയിലെ വീഴ്ച
സാഹസം നിറഞ്ഞ മെഡിക്കല്‍ കാമ്പുകളില്‍ നിന്നും ആവോളം മനഃസംതൃപ്തിക്ക് ഒപ്പം ചില കയ്പ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഡോ. അശ്വതിക്ക് . 2018-ല്‍ പാണപ്പുഴയില്‍ നിന്നും രോഗിയുമായി വിദഗ്ധ ചികിത്സയ്ക്കായി കാടിറങ്ങി വരുമ്പോഴാണ് ആദ്യത്തെ ദുരനുഭവം. ആന കടക്കാതിരിക്കുന്നതിനായി നിര്‍മ്മിച്ച വലിയ കിടങ്ങിലേക്ക് അശ്വതി തെന്നിവീണു. ഫോണും വാച്ചുമെല്ലാം ആ വീഴ്ചയില്‍ നഷ്ടമായി. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഒരുവിധം കിടങ്ങില്‍ നിന്നും കരകയറി വീട്ടില്‍ എത്തിയെങ്കിലും അതോടെ നടുവേദന സ്ഥിരമായി.
ദിവസങ്ങളോളം ആ വേദന സഹിച്ചുനടന്നു. പെട്ടെന്നൊരു ദിവസം വലത്തേ കാലില്‍ തൊടുമ്പോള്‍ സ്പര്‍ശനം അനുഭവപ്പെടുന്നില്ല എന്ന് മനസിലായി. ഉടനടി വിദഗ്ധ ചികിത്സ തേടി. നോക്കുമ്പോള്‍ നട്ടെല്ലിന്‍റെ രണ്ട് ലെയര്‍ ഡിസ്‌കുകള്‍ വീഴ്ചയില്‍ ക്രമം തെറ്റിയിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയ വേണം. അങ്ങനെ ശസ്ത്രക്രിയയിലൂടെ ഒരു ലെയര്‍ ഡിസ്‌ക് ശരിയാക്കി. ആറ് മാസത്തെ വിശ്രമം നിര്‍ദേശിച്ച് വീട്ടിലേക്ക് വിട്ടു.
ഒരു മാസം വീടിനകത്ത് ഒറ്റയ്ക്ക് കഴിഞ്ഞതോടെ കടുത്ത ഡിപ്രഷനിലേക്ക് പോയി.
”ഓടിച്ചാടി നടന്നു കാര്യങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്തരത്തിലുള്ള വിശ്രമകാലം എന്ന് ഞാന്‍ മനസിലാക്കിയത് അപ്പോഴാണ്. അകാരണമായ ദേഷ്യം, സങ്കടം ഒക്കെ എന്നെ അലട്ടാന്‍ തുടങ്ങിയതോടെ ഡോക്റ്ററുടെ പ്രത്യേക സമ്മതത്തോടെ രണ്ട് മാസത്തിന് ശേഷം ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. വേദന ഇപ്പോഴും കൂടെത്തന്നെയുണ്ട്. എന്നാല്‍ ചെയ്തുതീര്‍ക്കാന്‍ നമുക്ക് മുന്നില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്ളതിനാല്‍ അതൊന്നും കാര്യമാക്കാറില്ല,” ഡോ. അശ്വതി സോമന്‍ പറയുന്നു.
കഴിഞ്ഞ മാസം ഡോക്റ്ററും സംഘവും ഒരു ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു.
നിലമ്പൂര്‍ കാടുകളിലെ മുണ്ടക്കടവ് കോളനിയില്‍ ആരോഗ്യക്യാമ്പ് നടത്താന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു ഡോ. അശ്വതിയും സംഘവും. വനപാതയില്‍ അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലേക്ക് ഒരു ഒറ്റയാന്‍ കുതിച്ചടുക്കുകയായിരുന്നു. കുറേ നേരം ആന വഴിമുടക്കി നിന്നു. പിന്നീട് അരികിലെ കാട്ടിലേക്ക് കയറിപ്പോയപ്പോള്‍ വണ്ടി വീണ്ടും സ്റ്റാര്‍ട്ടാക്കി. മുന്നോട്ടെടുത്തപ്പോഴാണ് ചുറ്റും ആനകള്‍ ഉള്ളത് അവര്‍ക്ക് മനസ്സിലായത്. അക്കൂട്ടത്തില്‍ കുട്ടിയാനയും ഉണ്ടായിരുന്നു.
രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് മെഡിക്കല്‍ സംഘത്തെ ആനകള്‍ കടത്തിവിട്ടത്.
കൊറോണക്കാലത്തും സജീവം
കൊറോണക്കാലമായതോടെ കുത്തിവെയ്പ്പുകളും മറ്റു മെഡിക്കല്‍ ക്യാമ്പുകളും ഔട്ട്റീച്ച് പരിപാടികളും വേണ്ടെന്നുവെച്ചു. എങ്കിലും തന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പുകള്‍ അശ്വതി തുടര്‍ന്നു. ആദിവാസി ഊരുകളില്‍ എത്തുകയും കൊറോണ വൈറസിനെപ്പറ്റിയും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെപ്പറ്റിയും ക്ളാസുകള്‍ നല്‍കുന്നുണ്ട്. മാത്രമല്ല, ആദിവാസി ഗോത്രഭാഷയില്‍ തന്നെ അവരെക്കൊണ്ട് കൊറോണ പ്രതിരോധ നടപടികളുടെ വീഡിയോ ചെയ്യിക്കുകയും അത് ഊരുകളില്‍ വിതരണം ചെയ്യുകയും ചെയ്തു.
ഗാര്‍ഹിക ചൂഷണം നേരിടുന്ന കുട്ടികള്‍ക്കായി നിര്‍ഭയ കേന്ദ്രങ്ങളിലും, മഹിളാ സമഖ്യ പോലുള്ള എന്‍ ജി ഓ-കള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഡോ. അശ്വതി പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, ജനകീയ രക്ത ദാന സേന എന്നിവയുടെ രക്ഷാധികാരിയുമാണ് ഡോ. അശ്വതി. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സമയങ്ങളിലത്രയും രാപ്പകല്‍ ഇല്ലാതെ ഈ ഡോക്റ്ററുടെ സേവനം ഉണ്ടാവും. പ്രളയത്തില്‍ കാണാതായ ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ക്ഷണിക്കുന്നതിനും കവളപ്പാറ മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഡോ. അശ്വതി സജീവമായി പങ്കെടുത്തു.
ആരോഗ്യരംഗത്ത് ഓരോ വ്യക്തിയും എടുക്കേണ്ട മുന്‍കരുതലുകള്‍, ചികിത്സ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഡോ. അശ്വതി തുടങ്ങിയ യൂട്യൂബ് ചാനല്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. നേത്രരോഗ വിദഗ്ധനായ ഡോ. അനൂപ് രവിയാണ് ഡോ. അശ്വതിയുടെ ഭര്‍ത്താവ്. മക്കള്‍: അരുന്ധതി, അനിരുദ്ധ്
ഇതുകൂടി വായിക്കാം: വധഭീഷണി, കൂട്ടംചേര്‍ന്ന് അപമാനിക്കല്‍… ഇതിലൊന്നും തളരാതെ ആദിവാസികളുടെ വനാവകാശം ഉറപ്പിക്കാനും ചൂഷണം തടയാനും 17-ാം വയസ്സുമുതല്‍ പൊരുതുന്ന സ്ത്രീ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.