700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക്

ഈ 16 കൂട്ടുകാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് പഴയ പത്രക്കടലാസ് ശേഖരിച്ച് വിറ്റാണ്.

തൃപ്പൂണിത്തുറയില്‍ നിന്നു പൂത്തോട്ടയ്ക്ക് യാത്ര ചെയ്യുന്നവരില്‍ പലരും പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടാകും.

പാഴ്‍ക്കുപ്പികളില്‍ തീര്‍ത്ത ഈ ബസ് സ്റ്റോപ്പില്‍ പൂച്ചെടികളും ടയര്‍ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടില്‍ പാവംകുളങ്ങര കിണര്‍ സ്റ്റോപ്പാണിത്.

ഈ റീസൈക്കിള്‍ഡ് ബസ് ഷെല്‍റ്ററിന് പിന്നില്‍ ഒരുമിച്ചു പഠിച്ചും കളിച്ചും വളര്‍ന്ന 16 കൂട്ടുകാര്‍ ചേര്‍ന്നുള്ള ബി എസ് ബി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ്.

കുപ്പി പെറുക്കലും ചെടി നടലും ടയറിന് കളര്‍ കൊടുക്കലുമൊക്കെയായി എല്ലാ പണിയും ഇവരൊരുമിച്ചാണ് ചെയ്തത്.  പഴയ 700 പ്ലാസ്റ്റിക് കുപ്പികള്‍, കാറിന്‍റെ ടയര്‍, ചൂണ്ട വള്ളികള്‍ ഇതൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മാണം. ആകെ 14,000 രൂപ ചെലവായി.

ബി എസ് ബി ക്ലബിലെ അംഗങ്ങള്‍

“ബസ് ഷെല്‍റ്ററില്ലാത്ത സ്റ്റോപ്പാണ് കിണര്‍. എന്‍റെ ഓര്‍മ്മയില്‍ അവിടെയൊരു ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടില്ല. അങ്ങനെയാണിത് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്,” നാലു വര്‍ഷം മുന്‍പ് ആരംഭിച്ച ബി എസ് ബി ക്ലബിന്‍റെ പ്രസിഡന്‍റ് ശ്യാം സുരേന്ദ്രന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്ന സമയത്ത് അവിചാരിതമായി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ വരെ പോകേണ്ടി വന്നു. ആ പൊലീസ് സ്റ്റേഷനാണ് പ്ലാസ്റ്റിക് കുപ്പികളിലേക്കെത്തിക്കുന്നത്.

ലോക്ക് ഡൗണ്‍ സമയമല്ലേ, സുഹൃത്തിന്‍റെ കല്യാണത്തിന് അനുമതി വാങ്ങുന്നതിന് വേണ്ടിയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. സ്റ്റേഷന്‍ പരിസരത്ത് ഒരുപാട് പ്ലാസ്റ്റിക്ക് കുപ്പികള്‍ കണ്ടു, കൊറോണയൊക്കെയായതു കൊണ്ട് സന്നദ്ധപ്രവര്‍ത്തകരും മറ്റുമൊക്കെയായി ശേഖരിച്ചവയായിരുന്നു അവ.

പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം

“അത് കണ്ടതോടെയാണ് ബസ് ഷെല്‍റ്റര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാമല്ലോയെന്നു തോന്നുന്നത്. പിന്നെ എല്ലാവരും കൂടി ചര്‍ച്ച ചെയ്തു. യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ ഒരു സ്ത്രീ ചെയ്തിട്ടുണ്ടെന്നു കണ്ടു. പക്ഷേ അവര് കുപ്പികള്‍ പരസ്പരം വലിച്ചുകെട്ടുകയായിരുന്നു,” ശ്യാം വിശദമാക്കി.

അങ്ങനെ അവരും പ്ലാസ്റ്റിക് കുപ്പികള്‍ തന്നെ ഉപയോഗിക്കാമെന്ന് ഉറപ്പിച്ചു. പലയിടങ്ങളില്‍ നിന്ന് കുപ്പികള്‍‍ ശേഖരിച്ചു. കൂട്ടത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുമെടുത്തു.

“പാഴ്ക്കുപ്പികളൊക്കെ കഴുകി വൃത്തിയാക്കിയെടുത്തു. ഇരുമ്പിന്‍റെ ഫ്രെയ്ം നിര്‍മ്മിച്ചു. കുപ്പികള്‍ ഫ്രെയ്മിനോട് ചേര്‍ത്ത് കെട്ടുകയായിരുന്നു. മിനറല്‍ വാട്ടറിന്‍റെ വലിയ ബോട്ടിലുകളും ചെറിയ കുപ്പികളുമായി 700 കുപ്പികളാണ് ഉപയോഗിച്ചത്.

“ഷെല്‍ട്ടറിന്‍റെ ഭംഗിക്ക് വേണ്ടിയാണ് കുഞ്ഞു മരുന്നു കുപ്പികള്‍ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. കുപ്പിക്കുള്ളില്‍ കുറച്ചു ചെടികളും നട്ടുപിടിപ്പിച്ചു. വീട്ടിലുള്ള ചെടികളൊക്കെയാണ് കുപ്പിയില്‍ നട്ടിരുന്നത്.

“പക്ഷേ ഇതു കണ്ടപ്പോ നഴ്സറിയുള്ള ഒരു ചേട്ടന്‍ കാശൊന്നും വാങ്ങിക്കാതെ കുറച്ച് ചെടികള്‍ തന്നു. ചെടിയൊക്കെ കുപ്പിയിലാക്കി വീട്ടില്‍ വച്ചു പിടിപ്പിച്ചതിന് ശേഷമാണ് ഇവിടെ കൊണ്ടുവന്നു ഘടിപ്പിച്ചത്.

“കാത്തുനില്‍ക്കുന്നവര്‍ക്ക് മഴ പെയ്താല്‍ പ്രശ്നമാകരുതല്ലോ. അതുകൊണ്ടാണ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് റൂഫ് നിര്‍മ്മിച്ചത്,” എന്ന് ശ്യാം.

കാറിന്‍റെ പഴയ ടയര്‍ കൊണ്ട് രണ്ട്  ഇരിപ്പിടങ്ങളുമുണ്ട്.  മഴയും വെയിലും കൊള്ളാതെ കാത്തുനില്‍ക്കാനൊരിടം. അത്രമാത്രമേ ചിന്തിച്ചുള്ളൂ എന്ന് ക്ലബിലെ കൂട്ടുകാര്‍ പറയുന്നു.

വാര്‍ത്ത ബോര്‍ഡുകളായി തൂക്കിയിട്ടിരിക്കുന്ന  5 സ്ലേറ്റുകളില്‍ നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്ന ചില നിര്‍ദ്ദേശങ്ങളാണ്. അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, കൈ കഴുകുക തുടങ്ങിയ കാര്യങ്ങള്‍.  അവ ഇടയ്ക്കിടെ മാറ്റിയെഴുതും.


ഇതുകൂടി വായിക്കാം: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം


 

“14,000 രൂപയാണ് ബസ് ഷെല്‍ട്ടറിന്‍റെ നിര്‍മ്മാണ ചെലവ്. ഷെല്‍ട്ടറിന് കട്ടയാണ് തറയില്‍ വിരിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയിലെ ശ്രീമുരുക കഫേയിലെ ബാബു ചേട്ടനാണ് കട്ട സ്പോണ്‍സര്‍ ചെയ്തത്.

“ചെലവ് കാശൊക്കെ ഞങ്ങള്‍ തന്നെ വഹിക്കുകയായിരുന്നു. രണ്ടര ആഴ്ച കൊണ്ടാണ് എല്ലാ ജോലികളും പൂര്‍ത്തിയാക്കിയത്,” അലൂമിനിയം ഫേബ്രിക്കേറ്ററായ ശ്യാം പറഞ്ഞു.

ഈ ബസ് ഷെല്‍റ്റര്‍ ആവശ്യമെങ്കില്‍ എളുപ്പത്തില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനും കഴിയും.

“നാലുവരിപ്പാത വരാനിരിക്കുന്ന റോഡാണിത്.  അങ്ങനെയൊരു സാഹചര്യത്തില്‍ ഇത്  പൊളിക്കാതെ എടുത്തു മാറ്റാനാകും. വഴി വികസനമൊക്കെ വരുമ്പോള്‍ ഞങ്ങള്‍ തന്നെ എടുത്തുമാറ്റിക്കൊള്ളാമെന്ന് മുനിസിപ്പാലിറ്റിയോടും പറഞ്ഞിട്ടുണ്ട്,” ക്ലബ് സെക്രട്ടറി രഞ്ജിത്ത് ശശിധരന്‍ പറയുന്നു.

വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ക്ലബ് രൂപീകരണത്തിലേക്കെത്തിച്ചത്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്തും പ്രളയനാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ക്ലബ് അംഗങ്ങള്‍ സജീവമായി.

ബസ് ഷെല്‍ട്ടറിന്‍റെ നിര്‍മ്മാണജോലികള്‍ക്കിടെ

“മലപ്പുറം നിലമ്പൂരിലെ ഉരുള്‍പ്പൊട്ടലൊക്കെയുണ്ടായല്ലോ.. അവിടെ ഒറ്റപ്പെട്ടു പോയ ഊരിലേക്ക് കുറേയേറെ ഭക്ഷ്യസാധനങ്ങളെത്തിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. കൊറോണക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ലോറികളിലെ ഡ്രൈവര്‍ക്കും സഹായിക്കും പൊതിച്ചോറ് വിതരണം ചെയ്തിരുന്നു. കുണ്ടന്നൂരിലെ വഴിയോരത്ത് നിന്നാണ് ഭക്ഷണം വിതരണം ചെയ്തത്.

” 19 ദിവസം തുടര്‍ച്ചയായി 120 പൊതിച്ചോറുകള്‍ വീതം നല്‍കി. ഞങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് പൊതിഞ്ഞു നല്‍കിയിരുന്നത്.  ക്ലബിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,000 രൂപയും നല്‍കി.

“വര്‍ത്തമാനപത്രങ്ങള്‍ ഓരോ വീടുകളില്‍ നിന്ന് ശേഖരിച്ച് വിറ്റു കിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ടേമുക്കാല്‍ ടണ്‍ പത്രം കിട്ടിയിരുന്നു.

“ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തിന്‍റെ പിന്തുണയും ഒപ്പമുണ്ട്. എല്ലാവരും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.” ഫാക്റ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത്ത് പറഞ്ഞു.

വലിയ സാമ്പത്തികമൊന്നും ഇല്ലെങ്കിലും നന്നായി ജീവിച്ചു പോകാവുന്ന ജോലിയുള്ളവരാണ്.  പണിയെടുത്ത് കിട്ടുന്നതില്‍ നിന്നൊക്കെയുള്ള തുകയാണ് സമൂഹത്തിന് വേണ്ടി അവര്‍ പ്രയോജനപ്പെടുത്തുന്നത്.

പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട് എന്ന് ക്ലബ് അംഗങ്ങള്‍ പറയുന്നു.

“തൃപ്പൂണിത്തുറയിലെ ബസ് ഷെല്‍ട്ടറില്ലാത്ത ഒമ്പത് ഇടങ്ങളുണ്ട്. അവിടങ്ങളില്‍ ഷെല്‍റ്റര്‍ നിര്‍മ്മിക്കണമെന്ന ആലോചനയുണ്ട്,” രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:ഇവരുടെ വീട്ടിലും പി‌ഞ്ചുകുഞ്ഞുങ്ങളുണ്ട്, നമ്മുടെ സുരക്ഷയോര്‍ത്ത് ജോലി ഉപേക്ഷിച്ച ഭാര്യമാരുണ്ട്! കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ഊണും ഉറക്കവുമുപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അനുഭവങ്ങള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം