നൂറുകണക്കിന് സ്ത്രീകളെ വീട്ടിലെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച ‘ചുപ്പി തോഡ്’ കാംപെയ്ന്‍

ജോലി നഷ്ടപെട്ടതിന്‍റെ ദേഷ്യവും നിരാശയുമെല്ലാം പല പുരുഷന്‍മാരും ഭാര്യമാരെ തല്ലിയാണ് തീര്‍ത്തത്. ലോക്ക് ഡൗണ്‍ സമ്മര്‍ദ്ദം മാറ്റാനുള്ള എളുപ്പവഴിയും സൗകര്യവും അവര്‍ക്ക് അതായിരുന്നു. എന്നാല്‍ ഈ ഐ പി എസ് ഓഫീസര്‍ അത് അനുവദിക്കാന്‍ ഒരുക്കമല്ലായിരുന്നു. .

ര്‍ദ്ദനമേല്‍ക്കുക എന്നത് റായ്പൂരുകാരിയായ ജയക്ക് (ശരിയായ പേരല്ല) പുതിയ കാര്യമൊന്നുമല്ല.

ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍ക്കാരുടെ സഹായത്തിനായി അവര്‍ പലതവണ ശ്രമിച്ചിരുന്നു.
പക്ഷേ, ലോക്ഡൗണ്‍ ആയതോടെ അയാളുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ പലതും അടഞ്ഞുപോയി.

മുമ്പ് അയാളുടെ അക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ കോളനിയിലെ അവരുടെ കൊച്ചുകുടിലില്‍ നിന്ന് ഇറങ്ങി വല്ല ബന്ധുക്കളുടെ വീട്ടിലും മറ്റും മണിക്കൂറുകള്‍ പോയി ഇരിക്കുമായിരുന്നു ജയ. പക്ഷേ സാമൂഹ്യ അകലം പാലിക്കേണ്ടി വന്നതോടെ സഹായത്തിന്‍റെ വഴിയെല്ലാം അടഞ്ഞു.

ഇത് ജയയുടെ മാത്രം കഥയല്ല. ഇന്ത്യയിലെ ആയിരക്കണക്കിന് വീടുകളിലെ സ്ഥിതിയിതാണ്. കോറോണ വൈറസില്‍ നിന്ന് ‘സുരക്ഷിത’യായി ഇരിക്കാന്‍ ഈ വീടുകളിലെല്ലാം സ്ത്രീകള്‍ തങ്ങളുടെ മര്‍ദ്ദകര്‍ക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. ഇതൊരു വൈരുദ്ധ്യം തന്നെയല്ലേ?

കോറോണ വൈറസിനെ കുറിച്ച് പറയമ്പോള്‍ തന്നെ ഗാര്‍ഹിക പീഡനമെന്ന പകര്‍ച്ചവ്യാധിയെ എങ്ങനെ നിയന്ത്രിക്കുമെന്നതും പ്രശ്‌നമാണ്. ജീവനോപാധികള്‍ നഷ്ടമാവുകയും മദ്യഷാപ്പുകള്‍ അടച്ചിടുകയും ചെയ്തത് കാരണം ലോക്ക്ഡൗണിന് ശേഷം ഗാര്‍ഹിക പീഡനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

വൈറസ് എന്ന മഹാമാരി പടരുന്നതിന്‍റെ ഭീഷണി നിലനില്‍ക്കേ ഒരു സ്ത്രീക്ക് എങ്ങനെ പോലീസ് സ്റ്റേഷനിലേക്ക് പോവാന്‍ സാധിക്കും? സര്‍ക്കാറിന്‍റെ ഹെല്‍പ് ലൈനും സന്നദ്ധ സംഘടനകളും വഴി ഇരകള്‍ക്ക് സഹായം തേടാമെന്നത് ശരി തന്നെ. പക്ഷേ, വീടിന് പുറത്ത് കാലെടുത്ത് വെക്കുന്നത് തന്നെ ജീവന് ഭീഷണിയായ ഒരു കാലത്ത് അധിക്ഷേപം അവസാനിപ്പിക്കാന്‍ ഈ നടപടികള്‍ മതിയാവുമോ എന്നതാണ് ചോദ്യം.

ഗാര്‍ഹിക പീഡനത്തിന്‍റെ ഇരകള്‍ ഒരു പോലീസ് സ്റ്റേഷനിലേക്ക് വരാതെ തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിക്ക് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രൂപം നല്‍കി കഴിഞ്ഞു. റായ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്.പി) ആരീഫ് ഷെയ്ക് ഐ.പി.എസ് ആണ് ഈ പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രം. ഗാര്‍ഹിക പീഡനത്തിന്‍റെ ഇരകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു കടുത്ത യഥാര്‍ത്ഥ്യമായി തന്‍റെ മുന്നിലെത്തിയപ്പോഴാണ് ആരീഫ് പരിഹാര നടപടികള്‍ക്ക് രൂപം നല്‍കിയത്.

വാട്‌സ് ആപ്പില്‍ ‘നിശബ്ദത വെടിയൂ’ (ചുപ്പി തോഡ്) എന്ന പേരിലുള്ള 94791 91250 നമ്പറിലേക്ക് സ്ത്രീകള്‍ക്ക് പരാതികള്‍ പറയാം. സ്റ്റേഷനിലേക്ക് ആരും ചെല്ലേണ്ടതില്ല. പരാതി കിട്ടിക്കഴിഞ്ഞാല്‍ പോലീസ് പരാതിക്കാരിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതിന് പകരം ഫോണില്‍ തിരിച്ച് വിളിക്കും.

കുറ്റകാര്‍ക്ക് എതിരെ മുന്‍കരുതലായി ഉടന്‍ നടപടിയെടുക്കാനാണ് ഇത്. ജയയുടെ ഉദാഹരണം തന്നെ എടുക്കാം. അവര്‍ വിളിച്ച് ഭര്‍ത്താവിന്‍റെ ഉപദ്രവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൗണ്‍സലിങിന് ശേഷം പൊലീസ് അവളെ ബന്ധുക്കളുടെ വീട്ടിലാക്കി.

വനിതാ കോണ്‍സ്റ്റബിള്‍മാര്‍ അടങ്ങുന്ന നാല് ടീം എസ്. പി രൂപീകരിച്ചിട്ടുണ്ട്. ഓരോ ടീമിലും ഓരോ വനിതകള്‍ ഉണ്ടാവും. ഇവരാണ് ഫീല്‍ഡില്‍ പോവുന്നത്. മറ്റൊരു ടീം പരാതികള്‍ കൈകാര്യം ചെയ്യും. പരാതികളുടെ ഗൗരവം അനുസരിച്ച് ഇവര്‍ ഫീല്‍ഡിലുള്ള ടീമിന് നിര്‍ദ്ദേശം നല്‍കും. അവര്‍ ഇരകളുടെ വീടുകള്‍ സന്ദര്‍ശിക്കും.

”ഇവിടെ നമ്മള്‍ മാര്‍ച്ച് 13 മുതലേ ലോക്ക്ഡൗണ്‍ ഏര്‍പെടുത്തിയിരുന്നു. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ വുമണ്‍സ് സെല്ലിലേക്ക് (181) ഗാര്‍ഹിക പരാതികളുടെ കൂമ്പാരമാണ് കിട്ടിയത്. ഇത്തരം പരാതി പറഞ്ഞുള്ള ഫോണ്‍ വിളിയില്‍ 30 ശതമാനം വര്‍ധനവാണുണ്ടായത്. അത് ഞെട്ടിക്കുന്നതാണ്.

“ദാരുണമായ രണ്ട് സംഭവങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലായത്. ഇത് എത്രയോ കാലമായി നടന്നുപോരുന്ന സംഭവമാണ്. അതുണ്ടായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ പരിഹാരവുമായി രംഗത്ത് എത്തി,” വാടസ് ആപ് നമ്പര്‍ സേവനം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം ഷെയ്ഖ് വിശദമാക്കുന്നു.

സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കാനുണ്ടായ സാഹചര്യവും അദ്ദേഹം ചൂണ്ടികാട്ടി. ”ജോലി നഷ്ടപെട്ടതിന്‍റെ ദേഷ്യവും നിരാശയുമെല്ലാം പല പുരുഷന്‍മാരും ഭാര്യമാരെ തല്ലിയാണ് തീര്‍ത്തത്. ലോക്ക് ഡൗണ്‍ സമ്മര്‍ദ്ദം മാറ്റാനുള്ള എളുപ്പവഴിയും സൗകര്യവും അവര്‍ക്ക് അതാണ്. പക്ഷേ, ലോക്ക് ഡൗണ്‍ ആയതോടെ സ്ത്രീകള്‍ക്ക് രക്ഷപെടാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞു,” അദ്ദേഹം പറഞ്ഞു.

‘നിശബ്ദത വെടിയൂ’

ഈ പ്രസ്ഥാനത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും മനസിലാക്കാനുമായി സമൂഹ മാധ്യമത്തെയാണ് പൊലീസ് ടീം ഉപയോഗിച്ചത്. ഒപ്പം ടോള്‍ ഫ്രീ നമ്പറും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ തന്നെ നൂറോളോം സ്ത്രീകളാണ് മര്‍ദ്ദനത്തെക്കുറിച്ച് ഫോണിലൂടെ റിപ്പോര്‍ട്ട് ചെയ്തത്. കൗണ്‍സലിങിലൂടെയും പരാതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തും ഈ കേസുകളില്‍ ഉടന്‍ നടപടി സ്വീകരിച്ചു.

പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷമായി രജിസ്റ്റര്‍ ചെയ്തിരുന്ന 1,500 ഗാര്‍ഹിക പീഡന കേസുകളിന്‍മേലും അന്വേഷണം ആരംഭിച്ചു. ‘മിക്ക സ്ത്രീകള്‍ക്കും ഒന്നുകില്‍ ഫോണില്ല, അല്ലെങ്കില്‍ സഹായം ചോദിക്കാന്‍ ഭയമാണ്. അതുകൊണ്ട് അവര്‍ പീഡനം സഹിച്ചുക്കുകയാണ്. ഇത് മനസിലാക്കി ഞങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പരാതികള്‍ പരിശോധിച്ച് അവരെ ഫോണില്‍ അങ്ങോട്ട് വിളിച്ച് അവരുടെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും കുറിച്ച് ആരാഞ്ഞു,” നടപടിക്രമം വിശദീകരിച്ച് ഷെയ്ഖ് പറഞ്ഞു.


ഇതുകൂടി വായിക്കാം: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു. 


ആണുങ്ങള്‍ 24 മണിക്കൂറും അടുത്തുള്ളതിനാല്‍ എല്ലാ ദിവസവും പല പ്രാവശ്യം വിളിച്ചിട്ടും പല സ്ത്രീകള്‍ക്കും പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ മടിയായിരുന്നു. ഈ കടമ്പയും പൊലീസ് ടീം വിജയകരമായി മറികടന്നു. യെസ് അല്ലെങ്കില്‍ നോ എന്ന മറുപടി ലഭിക്കുന്ന 11 ചോദ്യാവലിയുമായി പൊലീസ് ഓഫീസര്‍ സുഖ വിവരം അന്വേഷിക്കാന്‍ പോവുന്ന ഡോക്റ്റര്‍ എന്ന മട്ടില്‍ വീടുകളില്‍ ചെല്ലും. എന്നിട്ട് കാര്യങ്ങള്‍ അന്വേഷിക്കും.

”പരാതി പറഞ്ഞയാള്‍ ആരെന്ന് മനസിലാക്കിയിട്ട് അവരെ വിളിക്കും. എന്നിട്ട് നിങ്ങള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഈ ഫോണ്‍ വിളി കോറോണ വൈറസുമായി ബന്ധപ്പെട്ട സര്‍വേയുമായി ബന്ധപെട്ടതാണെന്ന് കുടുംബാംഗങ്ങളോട് പറയാന്‍ നിര്‍ദ്ദേശിക്കും. ഞങ്ങളുടെ സദുദ്ദേശം പൂര്‍ണ്ണമായും മനസിലാവുന്നതോടെ ഞങ്ങള്‍ ചോദ്യാവലിയുമായി മുന്നോട്ട് പോവും,” റായ്പൂരിലെ ഡി വൈ എസ് പി കവിതാ താക്കൂര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിച്ചു.

നിങ്ങള്‍ക്ക് സുഖമാണോ? പോലീസിന്‍റെ സഹായം ആവശ്യമുണ്ടോ? ഭര്‍ത്താവോ മറ്റേതെങ്കിലും കുടുംബാംഗങ്ങളോ നിങ്ങളെ ഉപദ്രവിക്കുന്നുണ്ടോ? ഭര്‍ത്താവ് മദ്യപിക്കുന്നുണ്ടോ? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. പ്രശ്‌നത്തിന്‍റെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിക്കും. ഭൂരിഭാഗം കേസിലും ഫോണിലൂടെയോ ഇരകളുടെ വീടുകളില്‍ ചെന്നോ കൗണ്‍സലിങ് നല്‍കും. ആറ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം തന്നെ ആറ് കേസുകളില്‍ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചു.

”ഈ മുന്‍കൈയടുക്കലിന്‍റെ ഭാഗമായി റായ്പൂര്‍ പോലീസ് ആകെ 2,000 കേസുകളാണ് (500 എണ്ണം പുതിയത്) കൈകാര്യം ചെയ്തത്. കൗണ്‍സലിങ് നല്‍കിയ ശേഷവും സ്ത്രീകള്‍ പീഡിപ്പിക്കപെടുന്നില്ലെന്ന് ഉറപ്പ് വരുത്താനായി ദിവസവും നിരവധി ഫോണ്‍ കാള്‍ നടത്തുക മാത്രമല്ല തുടര്‍ച്ചയായി ഫോളോഅപ്പും നടത്തിയിരുന്നു,” താക്കൂര്‍ പറഞ്ഞു.

പുരുഷന്‍മാര്‍ക്കും പരാതി

വീട്ടില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പറഞ്ഞ് 40 പുരുഷന്‍മാരുടെ പരാതിയും ടീമിന് ലഭിച്ചു ഇതിനിടെ. ഈ 40 എണ്ണത്തില്‍ പകുതിയും ശരിയായിരുന്നു. പരാതി പറയേണ്ട വാട്‌സ് ആപ് നമ്പറിന്‍റെ പ്രചരണത്തിന്‍റെയും സമൂഹ മാധ്യമത്തിലൂടെയുള്ള അവബോധത്തിന്‍റെയും ഫലമായി പ്രായമായവരും തങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപം റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്ത്, രാജസ്ഥാന്‍ ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരെ പരാതികളുടെ പ്രവാഹമായിരുന്നു. ഈ കേസുകളില്‍ ബന്ധപെട്ട ജില്ലാ പോലീസ് അധികൃതരെ ബന്ധപെട്ട് കേസിന്‍റെ വിശദാംശങ്ങള്‍ പോലീസ് കൈമാറി.

ദേശീയ വനിതാ കമ്മീഷന്‍റെ കണക്ക് പ്രകാരം മാര്‍ച്ചില്‍ ലിംഗാധിഷ്ഠിത അക്രമത്തില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സാമൂഹ്യ, സാമ്പത്തിക അവസ്ഥയല്ല ഗാര്‍ഹിക പീഡനത്തിന്‍റെ കാരണമെങ്കിലും ദരിദ്രരായ സ്ത്രീകള്‍ക്ക് സഹായം തേടാനുള്ള അവസരങ്ങള്‍ കുറവാണ്. ലോകം ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ നിസഹായരായവരെ പ്രത്യേകിച്ചും വീടുകള്‍ക്കുള്ളില്‍ അധിക്ഷേപം അനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കേണ്ടത് അനിവാര്യമാണ്.

അതിനാല്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹോദരിയെയും ഗാര്‍ഹിക തൊഴിലാളികളെയും വിളിച്ച് സഹായം ആവശ്യമുണ്ടോന്ന് ചോദിക്കുക. ലോക്ക്ഡൗണില്‍ അധിക്ഷേപം അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒരു ചെറിയ ഇടപെടല്‍ മതിയാവും.


ഇതുകൂടി വായിക്കാം: സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം