കഷ്ടപ്പാടുകളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ പാനൂര്‍ കരിയാട് സ്വദേശി പുനത്തില്‍ രമേശന്‍റെ കുട്ടിക്കാലം.
പ്രാരാബ്ദങ്ങൾക്കിടിയിൽ നാലഞ്ചു വർഷം പഠനം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ, തോൽക്കാൻ തയാറല്ലാത്തൊരു മനസുണ്ടായിരുന്നു രമേശന്. കല്ലുവെട്ടിയും വാർക്കപ്പണിയെടുത്തുമൊക്കെയാണ് പാതിവഴിയില്‍ നിലച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
പോളിടെക്നിക്കില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ രമേശന്‍ കുറച്ചു കാലം വിദേശത്തായിരുന്നു. പ്രവാസമൊക്കെ അവസാനിപ്പിച്ച് നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ ജോലികളൊക്കെയായി ജീവിക്കുന്നതിനിടയിലാണ് ആ സംഭവം നടന്നത്.
പാനൂര്‍ നഗരസഭയുടെ കരിയാട് നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചിരുന്നു. പക്ഷേ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം ഇല്ല.
അങ്ങനെയാണ് അവിടെയുള്ള മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ ആലോചന യോഗം നടക്കുന്നത്, 2019 നവംബര്‍ 29ന്. യോഗത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കൊയായി 200-ഓളം ആള്‍ക്കാര്‍ പങ്കെടുക്കുന്നുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രം കരിയാട് പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിക്കാമെന്ന ധാരണയിലായിരുന്നു. പക്ഷേ, അതിനുള്ള സൗകര്യം അവിടെയില്ല. പഞ്ചായത്ത് ഓഫീസിനുപുറമെ അവിടെ മൃഗാശുപത്രിയും കൃഷി ഓഫീസുമൊക്കെയുണ്ട്. പിന്നെ ആശുപത്രിയ്ക്ക് എവിടെ സ്ഥലം?
അങ്ങനെയാണ് ഹെല്‍ത്ത് സെന്‍ററിന് മറ്റൊരു സ്ഥലം കണ്ടെത്താനുള്ള ആലോചനകള്‍ നടക്കുന്നത്. ആ യോഗത്തിലും ഒരു ധാരണയും ആകുന്നില്ല. ചര്‍ച്ചകള്‍ അന്തമില്ലാതെ നീണ്ടുപോകുന്നു.
സ്ഥലമില്ലെന്ന പേരില്‍ ഈ ഹെല്‍ത്ത് സെന്‍റര്‍ മറ്റേതെങ്കിലും പഞ്ചായത്തിലേക്ക് പോകുമെന്ന അവസ്ഥയായപ്പോള്‍ പുനത്തില്‍ രമേശന്‍ അടുത്തിരുന്ന പൊതുപ്രവര്‍ത്തകന്‍ ശശീന്ദ്രനോട് പറഞ്ഞു: “എന്‍റെ വീട് ആശുപത്രിക്കായി കൊടുക്കാം.. കാശൊന്നും തരേണ്ട. ഇക്കാര്യം നീയൊന്നു സ്റ്റേജില്‍ കയറി അവതരിപ്പിക്കാമോ?”
അതുകേട്ട് രമേശന്‍റെ സുഹൃത്ത് കൂടിയായ ശശീന്ദ്രന്‍ മിഴിച്ചിരുന്നുപോയി.
ഏകദേശം ഒരു കോടി രൂപ വില വരുന്ന സ്വന്തം വീടും പറമ്പുമാണ് നഗര പ്രഥാമികാരോഗ്യകേന്ദ്രത്തിനായി രമേശന്‍ നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്.
“കുറച്ചുനേരം മിണ്ടാതിരുന്നതല്ലാതെ ശശീന്ദ്രന്‍ സ്റ്റേജിലേക്ക് പോയില്ല,” എന്ന് രമേശന്‍.
കുറച്ചുനേരം കാത്തിരുന്നതിന് ശേഷം രമേശന്‍ തന്നെ സ്റ്റേജിലേക്ക് കയറി. ഇങ്ങനെയൊരു ആശുപത്രി ലഭിച്ചതിന്‍റെ സന്തോഷവും നന്ദിയുമൊക്കെ പറഞ്ഞു. തന്‍റെ ഇരുനില വീടും പത്ത് സെന്‍റ് പറമ്പും ആരോഗ്യകേന്ദ്രത്തിനായി നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
അതുകേട്ട് നാട്ടുകാരൊക്കെ അമ്പരന്നു.
ഒരുപാട് ആലോചിച്ചിട്ടൊന്നുമല്ല, പെട്ടെന്നൊരു തോന്നലില്‍, വീട്ടുകാരോട് പോലും ആലോചിക്കാതെയാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് രമേശന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ഇതു കേട്ട് സദസ് ഞെട്ടലോടെ പരസ്പരം നോക്കുകയായിരുന്നു. സ്റ്റേജില്‍ നിന്നിറങ്ങിയപ്പോ പാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഇ.കെ. സുവര്‍ണ തിരിച്ചു വിളിച്ചു, രമേശാ നിങ്ങൾ പറഞ്ഞ കാര്യം ആർക്കും ഉൾക്കൊള്ളാനാകുന്നില്ല. ഒന്നു കൂടി സ്റ്റേജിൽ വന്നു നിന്നു വ്യക്തമാക്കാമോയെന്ന്.
“വീണ്ടും വേദിയിലേക്ക് വന്നു കാര്യങ്ങളൊക്കെ വിശദമാക്കി. ആരും എന്നെ നിർബന്ധിച്ചിട്ടോ നിർദേശിച്ചിട്ടോ അല്ല എന്‍റെ ഇഷ്ടപ്രകാരമാണിത് ചെയ്യുന്നത്,” എന്ന് രമേശന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി..
പുനത്തിൽ വീട്ടിൽ രമേശൻ കോടിശ്വരൻ ഒന്നുമല്ല പക്ഷേ ദാനം ചെയ്യുന്ന കാര്യത്തിൽ അച്ഛനെപ്പോലെയാണ് എന്ന് നാട്ടുകാര്‍.
“വർഷങ്ങൾക്ക് മുൻപ്, ഇ എം എസ് മന്ത്രിസഭാ കാലത്ത് സ്വന്തമായി ഭൂമിയില്ലാത്ത ആറു പേർക്ക് പത്ത് സെന്‍റ് വീതം നൽകിയിട്ടുണ്ട് എന്‍റെ അച്ഛൻ. വീടും നിർമ്മിച്ച് നൽകിയിട്ടുണ്ട്,” രമേശന്‍ അച്ഛനെ ഓര്‍ക്കുന്നു.
“ഞാനൊരു കോടീശ്വരന്‍ ഒന്നുമല്ല, പക്ഷേ ചെറുപ്പക്കാലം തൊട്ടേ സാമൂഹ്യപ്രവര്‍ത്തനത്തോട് ഇഷ്ടമുണ്ട്. ചെറിയച്ഛന്‍ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. മുംബൈയില്‍ വച്ച് ബ്രിട്ടീഷുകാരോട് പോരാടി മരിച്ചയാളാണ്. അതൊക്കെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് ഒക്കെയാകും ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നിയത്,” എന്ന് രമേശന്‍.
“നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു വളരെ കാലമായി മനസിലുള്ള ചിന്തയാണ്. മാത്രമല്ല ഇപ്പോ ആശുപത്രിക്ക് സ്ഥലം കിട്ടിയില്ലെങ്കില്‍ കരിയാട് പഞ്ചായത്തിന് അതു നഷ്ടമാകും.” അത് സംഭവിക്കാതിരിക്കാന്‍ കൂടിയായിരുന്നു രമേശന്‍ അങ്ങനെയൊരു തീരുമാനം എടുത്തത്.
“യോഗത്തിനിടയില്‍ പെട്ടെന്നുണ്ടായ തോന്നല്‍ അല്ലേ, ഭാര്യയോടോ മക്കളോടോ ഒന്നും പറഞ്ഞിരുന്നില്ല. ഒരുപക്ഷേ എല്ലാവരോടും അഭിപ്രായമൊക്കെ ചോദിച്ചിരുന്നുവെങ്കിൽ ഇതു പ്രാവർത്തികമാക്കാൻ സാധിക്കുമായിരുന്നുവെന്നു തോന്നുന്നില്ല.” രമേശന്‍ തുടരുന്നു.
“പിന്നീട് മോനാടാണ് ഇക്കാര്യം ആദ്യം പറയുന്നത്. അച്ഛന്‍ ചെയ്തത് നല്ല കാര്യമാണെന്നാണ് അവന്‍ എന്നോട് പറഞ്ഞത്. പിന്നെ ഭാര്യയോടും മറ്റു മക്കളോടും അമ്മയോടും ചേട്ടനോടുമൊക്കെ പറഞ്ഞു.
“അവര്‍ക്കാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍. വീടിന്‍റെ പരിസരത്തുള്ള ചിലർ മാത്രമേ എതിർപ്പ് പ്രകടിപ്പിച്ചുള്ളൂ. ഹൈക്കോടതി വരെ എതിർപ്പുമായി ചിലർ പോയിട്ടുണ്ട്.
“അവര് പറയുന്നത്, നിപ്പ പോലുള്ള രോഗങ്ങൾ വന്നാൽ പ്രശ്നമാണ്, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. രോഗങ്ങൾ നാട്ടുകാർക്ക് പകരാനൊക്കെ സാധ്യത കൂടുതലാണെന്നൊക്കെയാണ് പ്രതിഷേധക്കാർ പറഞ്ഞത്.
“ഒടുവില്‍ ആ കേസ് അവരു തന്നെ പിന്‍വലിച്ചു. എന്നാല്‍ ആശുപത്രിക്ക് വേണ്ടി സൗകര്യങ്ങളൊക്കെയുള്ള ഒരു വീട് നല്‍കിയതില്‍ ഒരുപാട് നാട്ടുകാര്‍ നല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
“രമേശന്‍ വീടും സ്ഥലവും ആശുപത്രിക്ക് നല്‍കാമെന്നു തീരുമാനിച്ച ശേഷം സ്ഥലത്തിന്‍റെ രേഖകള്‍ പാനൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്‍കുകയും പിന്നീട് ഡി എം ഒ സ്ഥലം പരിശോധിക്കുകയും ചെയ്തു. അദ്ദേഹം പൂര്‍ണ തൃപ്തി അറിയിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്താണ് ചിലര്‍ എതിര്‍പ്പുമായെത്തിയത്,” നാട്ടുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജയമോഹന്‍ കരിയാട് പറയുന്നു.
“എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് ഡിഎംഒ പറഞ്ഞു മനസിലാക്കാനും ശ്രമിച്ചിരുന്നു. ആദ്യമായിട്ടാകും നാട്ടിലൊരു പ്രാഥമികാരോഗ്യകേന്ദ്രം വരുന്നതിനെ ഒരു കൂട്ടം ആള്‍ക്കാര്‍ എതിര്‍ക്കുന്നത്.
“ഇങ്ങനെയൊരു ഘട്ടത്തില്‍ രമേശനും പ്രയാസത്തിലായിരുന്നു. രമേശനെ ചിലര്‍ ഫോണില്‍ വിളിച്ചും മറ്റും വീട് നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ രമേശന്‍റേത് ഉറച്ച നിലപാട് തന്നെയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം:ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍
രമേശന്‍ പി എച്ച് സിക്ക് നല്‍കിയ വീട്ടിലേക്ക് കരിയാട് ടൗണില്‍ നിന്ന് 120 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ടൗണില്‍ നിന്നാല്‍ നീല നിറമുള്ള ഇരുനില വീട് കാണാന്‍ പറ്റും.
പത്ത് സെന്‍റില്‍ 3,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാര്‍ക്ക വീടാണിത്. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടു കൂടിയ അഞ്ച് കിടപ്പുമുറികള്‍, രണ്ട് അടുക്കള, വലിയൊരു ഹാള്‍, വര്‍ക്ക് ഏരിയ, കിണര്‍ ഇതൊക്കെയുണ്ട്.
വീടിന്‍റെ മുറ്റം പൂര്‍ണമായും ഇന്‍റര്‍ലോക് ചെയ്തതിനു ശേഷമാണ് രമേശന്‍ ആശുപത്രിക്ക് കൈമാറിയത്.
രമേശനും കുടുംബവും 12 വര്‍ഷം താമസിച്ചിരുന്ന വീടാണിത്. ഇതിനു സമീപം മറ്റൊരു വീട് നിര്‍മ്മിച്ച് ഇവര്‍ താമസം മാറുകയായിരുന്നു. “വീട് വില്‍ക്കാമെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു,” രമേശന്‍ പറയുന്നു.
പലരും വന്നു വീട് കണ്ടു, 85 ലക്ഷം രൂപ വരെ പറഞ്ഞു, പക്ഷേ വിറ്റില്ല. ആശുപത്രിക്ക് കൈമാറുന്നുവെന്നു അറിഞ്ഞു 90 ലക്ഷം രൂപ വില പറഞ്ഞവരുണ്ട്. അതിലധികം ഈ വീടിനു കിട്ടുമായിരുന്നു.
“ഒരു കോടി വരെ കിട്ടാവുന്നതാണ് ഈ വീടും പറമ്പും. പക്ഷേ ഇങ്ങനെയൊരു നല്ല കാര്യം ചെയ്യാന്‍ പറ്റില്ലല്ലോ. ആശുപത്രിയില്‍ 100-ലേറെ രോഗികളുണ്ടെങ്കില്‍ രണ്ട് ഡോക്റ്ററുടെ സേവനമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.
“പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നൂറിലധികം രോഗികള്‍ ചികിത്സയ്ക്ക് വന്നു. അതോടെ രണ്ട് ഡോക്റ്റര്‍മാരുടെ സേവനവും ലഭിച്ചു.
“ലാബും ഫാര്‍മസിയുമൊക്ക ഇതിനൊപ്പമുണ്ട്. കൊറോണക്കാലത്ത് എന്തെങ്കിലും അസുഖം വന്നാല്‍ കരിയാടുകാര്‍ക്ക് ദൂരേയുള്ള ആശുപത്രികളില്‍ പോകണ്ടല്ലോ വീടിന് അടുത്ത് തന്നെ ആശുപത്രിയുണ്ടല്ലോയെന്നാണിപ്പോള്‍ നാട്ടുകാര്‍ പറയുന്നത്,” സംതൃപ്തിയോടെ രമേശന്‍ പറയുന്നു.
ജൂണ്‍ 29-നായിരുന്നു രമേശന്‍ കൊടുത്ത കെട്ടിടത്തില്‍ ആരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനം. കോവിഡ് 19 കാലമായതു കൊണ്ട് ഉദ്ഘാടനമൊക്കെ ഓണ്‍ലൈന്‍ വഴിയായിരുന്നു.
എട്ട് വര്‍ഷം ഖത്തറിലായിരുന്നു രമേശന്‍. അതില്‍ അഞ്ചു വര്‍ഷം ഖത്തര്‍ എയര്‍പോര്‍ട്ടിലെ പ്രൊജക്റ്റ് മാനെജറായിരുന്നു. പിന്നിടൊരു മൂന്നു വര്‍ഷം അല്‍മുഫ്ത ട്രേഡിങ്ങ് കമ്പനിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
“അമ്മയുടെ അസുഖത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാതുവെന്നാണ് അമ്മയുടെ പേര്. കാന്‍സറായിരുന്നു അമ്മയ്ക്ക്. അസുഖമൊക്കെ മാറി ഇപ്പോ എനിക്കൊപ്പമുണ്ട്,” പുനത്തില്‍ രമേശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസീന കെ ടി കെയാണ് ഭാര്യ. മൂന്നുമക്കളാണുള്ളത്. ബി-ടെക്കിന് പഠിക്കുന്ന ആകാശ്, പ്ലസ് ടു പൂര്‍ത്തിയാക്കിയ അജല്‍, ഒമ്പതാം ക്ലാസുകാരന്‍ ആദിന്‍ എന്നിവരാണ് മക്കള്‍.
ഇതുകൂടി വായിക്കാം:ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്