300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു

പത്തുമണിച്ചെടികള്‍ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം, മഞ്ജു അതിനുള്ള എളുപ്പവഴി പറഞ്ഞുതരുന്നു.

പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന്‍ പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും.

ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി.

കേരളത്തിൽ‍ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ വരുമാനം നേടുന്നുമുണ്ട്.

“പുല്ലാട് വീട്ടിലേക്ക് വിവാഹശേഷമെത്തിയതാണ്. കോട്ടയത്ത് വടകരയാണ് സ്വന്തം നാട്. കൃഷിയൊക്കെ പണ്ടേ ഇഷ്ടമായിരുന്നു. പക്ഷേ, സ്വന്തമായി ഭൂമി ഇല്ലായിരുന്നു,” മഞ്ജു ഹരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഞങ്ങൾ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പക്ഷേ, വാടക വീട്ടിലും കുറച്ചൊക്കെ കൃഷി ചെയ്തിരുന്നു. ഏതാനും വർഷം മുൻപാണ് സ്വന്തമായി വീട് വച്ചത്. 30 സെന്‍റ് ഭൂമിയിലാണ് വീട് വച്ചത്.

“അതിനോട് ചേർന്ന് പച്ചക്കറിയും നെല്ലും കോഴിയും ആടുമൊക്കെയുണ്ട്. എന്നാൽ പൂകൃഷിയിലേക്കെത്തുന്നത് ഒരു വർഷം മുൻപാണ്. തുടക്കം എല്ലാവരെയും പോലെ നല്ല ഭംഗിയുള്ള പൂവുണ്ടാകുന്ന ചെടിയല്ലേ എന്നു കരുതിയാണ് പത്തുമണിച്ചെടികൾ നട്ടത്.

“അതൊക്കെ വളർന്ന് കുറേ ചെടിയായപ്പോ തോന്നി, നഴ്സറിക്കാർക്ക് നൽകിയാൽ ചെറിയൊരു വരുമാനം കിട്ടുമല്ലോയെന്ന്. അങ്ങനെയാണ് ചെറിയ കവർ വാങ്ങിച്ചു തണ്ട് ഒടിച്ചു നട്ടു തുടങ്ങുന്നത്.

മഞ്ജു ഹരി

“ആ കവറിലെ ചെടികൾ പൂവിട്ടു കഴിഞ്ഞപ്പോ ചിലരൊക്കെ തൈകൾ ആവശ്യപ്പെട്ടു വീട്ടിലേക്കു വന്നു. അവർക്കൊക്കെ ചെടികൾ കൊടുത്തു. അതിന് ശേഷം, എന്‍റെയൊരു തോന്നലിനാണ് നഴ്സറിയിൽ അന്വേഷിക്കുന്നത്.


പത്തുമണിച്ചെടികൾ വേണമെന്നു കേൾക്കേണ്ട താമസം, എത്ര തൈകളുണ്ടെങ്കിലും തന്നോളൂവെന്നു അവര് പറഞ്ഞു.


“അതിനു ശേഷം വേറെയും ആവശ്യക്കാർ വന്നു തുടങ്ങി. അതോടെ വെറൈറ്റി പത്തുമണിച്ചെടികൾ ശേഖരിച്ചു തുടങ്ങി. വ്യത്യസ്തമായ 100 നിറങ്ങളിലുള്ള പൂക്കൾ ഇവിടുണ്ടായിരുന്നു. കഴിഞ്ഞ മഴയിൽ കുറേ ചെടികൾ നശിച്ചു.

“പക്ഷേ, വീണ്ടും കൂടുതൽ ചെടികൾ നട്ടു കൊണ്ടിരിക്കുകയാണിപ്പോൾ. തിരുവനന്തപുരത്ത് നിന്നൊരു പരിചയക്കാരനിൽ നിന്നാണ് ആദ്യമായി പത്തുമണിച്ചെടി വാങ്ങിക്കുന്നത്.

“പത്ത് തൈകൾ വാങ്ങിച്ചു. പത്തുമണിച്ചെടികളോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് അന്ന് ഈ ചെടി സ്വന്തമാക്കുന്നത്. പക്ഷേ അതൊരു വരുമാനമാർഗ്ഗമാകുമെന്ന് അന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല,” എന്ന് മഞ്ജു.

റോസ്, മഞ്ഞ, മജന്ത, ചുവപ്പ് ഇങ്ങനെ എല്ലാ നിറങ്ങളുമുണ്ട്. ഡബിൾ കളർ പൂവുണ്ടാകുന്ന തൈയുമുണ്ട്. വ്യത്യസ്ത നിറങ്ങൾ മാത്രമല്ല ഒരു തട്ടുള്ളതും രണ്ട് തട്ടുള്ളതുമായ പൂക്കളും മഞ്ജുവിന്‍റെ തോട്ടത്തിലുണ്ട്.

“വീടിന്‍റെ മുറ്റത്തും ടെറസിലുമൊക്കെയായി 300-ലേറെ ​ഗ്രോബാ​ഗുകളിലാണ് ചെടി നട്ടിട്ടുള്ളത്,” പൂക്കൃഷിയെക്കുറിച്ച് മഞ്ജു പറയുന്നു. “കൂടുതലും ടെറസിലാണ് വച്ചിട്ടുള്ളത്. പറമ്പിലേറെയും മറ്റു കൃഷികളാണ്.

“തായ്‍ലന്‍റില്‍ നിന്നു കൊണ്ടു വന്ന പത്തുമണിച്ചെടിയും ഇവിടുണ്ട്. അന്നാട്ടിൽ നിന്നു വന്നവരിൽ നിന്നു സ്വന്തമാക്കിയതാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊല്ലം ഇവിടങ്ങളിൽ നിന്നൊക്കെ ആളുകൾ നേരിൽ വന്നു തൈ വാങ്ങിയിട്ടുണ്ട്.

“കേരളത്തിന് പുറമേ നിന്നാണ് കൂടുതലും ആവശ്യക്കാരുള്ളത്. അവർക്കൊക്കെ തൈകൾ അയച്ചു കൊടുക്കും. ലോക്ഡൗൺ ദിവസങ്ങളിലായിരുന്നു കൂടുതൽ വിൽപ്പന.

“ആ ദിവസങ്ങളിൽ ആളുകൾ കൂടുതൽ കൃഷിയിലേക്ക് ഇറങ്ങുകയും ചെയ്തു. ആ ദിവസങ്ങളിൽ എന്നും വിൽപ്പനയുണ്ടായിരുന്നു.

“ദിവസവും കുറഞ്ഞത് 300 രൂപയുടെയെങ്കിലും കച്ചവടം നടക്കും. മിക്ക ദിവസങ്ങളിലും 500 രൂപ മുതൽ 2,000 രൂപ വരെ കിട്ടിയിട്ടുമുണ്ട്. വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന പത്ത് ചെടികൾ, 30 ചെടികൾ എന്നൊക്കെയുള്ള കണക്കിലാണ് പലരും വാങ്ങിക്കുന്നത്.

“രണ്ട് തണ്ടിന് പത്തു രൂപയാണ് വില. മണ്ണുത്തിയിലെ നഴ്സറികളിൽ നിന്നുമൊക്കെ വലിയ ഓർഡറുകളാണ് കിട്ടിയിട്ടുള്ളത്. നഴ്സറികളിൽ നിന്നൊക്കെ 2,000ചെടികൾക്കുള്ള ഓർഡറൊക്കെ കിട്ടിയിട്ടുണ്ട്. പത്തുമണിച്ചെടികൾക്ക് ആവശ്യക്കാരേറെയുണ്ട്. എന്നാൽ വീട്ടിൽ ഇപ്പോൾ പത്തുമണിച്ചെടികൾ മാത്രമല്ല വേറെയും ചെടികൾ വിൽക്കുന്നുണ്ട്.

“ശ്രീമുരുഗ വി ആന്‍ വി ഗാര്‍ഡന്‍ എന്ന പേരിൽ ചെറിയൊരു നഴ്സറിയുമുണ്ട്. വെള്ളയും ചുവപ്പും നിറങ്ങളിലുള്ള മാൻഡലീന, അഥീനിയം, ജെറേനിയം, ഡാലിയ, പിറ്റൂണി, റോസ് ഇങ്ങനെ ഒരുപാട് ചെടികളുണ്ട്.

“ഈ ചെടികളും വിൽക്കുന്നുണ്ട്. കൂടുതൽ ചെടികൾക്കുള്ള ഓർ‍ഡർ കിട്ടിയാൽ കേരളത്തിൽ എവിടെയാണെങ്കിലും ഞങ്ങൾ കൊണ്ടെത്തിക്കും. രണ്ട് പത്തുമണിച്ചെടിയുടെ തൈകൾ പത്ത് രൂപയ്ക്കാണ് വിൽക്കുന്നത്.

“എന്നാൽ പലപ്പോഴും രണ്ടിലേറെ തൈകൾ നൽകും. കൂടുതൽ ചെടി വാങ്ങുന്നവർക്ക് വില കുറച്ചും നൽകാറുണ്ട്. 2,000 തൈകൾ ഒരുമിച്ച് വാങ്ങുന്നവർക്ക് ഒരു ചെടിക്ക് പത്ത് രൂപയ്ക്കാണ് വിൽക്കുന്നത്.

“20,000 രൂപ വരുമാനം കിട്ടുമല്ലോ. അമ്പതോ നൂറോ തൈകൾ എടുക്കുന്നവർക്ക് 20 രൂപയ്ക്കാണ് നൽകുന്നത്. അടുത്തിടെ ഒരു നഴ്സറിയിൽ നിന്ന് ആവശ്യപ്പെട്ടത് 2,000 തൈകളാണ്. അവർ 15 രൂപയ്ക്ക് എടുക്കാമെന്നാ പറഞ്ഞത്,” അവര്‍ വ്യക്തമാക്കി.

ഇങ്ങനെ ആവശ്യക്കാരെയും കൂടി പരി​ഗണിച്ചാണ് മഞ്ജുവിന്‍റെ പത്ത് മണി ചെടികളുടെ വിൽപ്പന.

പത്തുമണിച്ചെടികൾക്ക് വലിയ പരിചരണമൊന്നും ആവശ്യമില്ലെന്നു മഞ്ജു പറയുന്നു. “എന്നാല്‍ മഴയാണ് പ്രശ്നം. തുടര്‍ച്ചയായി മഴ നന‍ഞ്ഞാല്‍ ചെടിയുടെ തണ്ട് ചീഞ്ഞു പോകും. ഇതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഈ ചെടിയ്ക്കില്ല.


ഇതുകൂടി വായിക്കാം:പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര


“വേനലില്‍ നല്ലപോലെ പൂക്കളുണ്ടാകുന്ന ചെടിയാണിത്. നല്ല വെയില്‍ കിട്ടുന്ന പ്രദേശത്ത് പത്തുമണിച്ചെടികള്‍ നിറയെ പൂക്കളുണ്ടാകും. ഏതാണ്ട് പത്ത് മണി മുതല്‍ മൂന്നു നാലു മണിക്കൂര്‍ നേരത്തേക്ക് വിരിഞ്ഞു നില്‍ക്കും.”

പത്തുമണിച്ചെടി വളര്‍ത്താന്‍ മഞ്ജുവിന്‍റെ ടിപ്സ്

  • ചെടിച്ചട്ടിയിലും ​ഗ്രോബാ​ഗിലും ഉപയോ​ഗശൂന്യമായ പാത്രങ്ങളിലുമെല്ലാം പത്തുമണിച്ചെടികൾ നടാം.
  • ജലം വാർന്നുപോകാനുള്ള സൗകര്യമുണ്ടാകണം.
  • ചട്ടിയില്‍ മണ്ണും ചാണകപ്പൊടിയും ചകരിച്ചോറും കൂട്ടിക്കലർത്തിയ മിശ്രിതം നിറച്ച്, അതിൽ പത്തുമണിച്ചെടിയുടെ തണ്ടുകൾ മുറിച്ച് നടാം.
  • വേര് മുളച്ച ശേഷം മാറ്റി നടാവുന്നതാണ്. ഇടയ്ക്കിടെ തണ്ട് മുറിച്ച് മാറ്റിനടാം. കൂടുതൽ പടർന്ന് വളരാൻ ഇതിലൂടെ സാധിക്കും.
  • 15 ദിവസം കൂടുമ്പോ വളമിട്ട് കൊടുക്കാം. എപ്പോഴും ചെടിയില്‍ നിന്ന് കമ്പ് ഒടിച്ചുകൊണ്ടിരിക്കുകയല്ലോ അതുകൊണ്ട് കൃത്യമായി വളമിടണം.
  • ജൈവവളമാണ് നല്‍കുന്നത്. ആട്ടിൻകാട്ടമാണ് പ്രധാന വളം.
  • ഇടയ്ക്കിടെ ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കി നൽകണം.
  • മഴയില്ലാത്ത ദിവസങ്ങളില്‍ രണ്ട് നേരം വെള്ളം തളിച്ചു കൊടുക്കും. 
  • ചീയല്‍ കണ്ടാല്‍ സ്യൂഡോമോണസ് ലായനി നേര്‍പ്പിച്ച് തളിക്കും.

പത്തുമണിച്ചെടികൾ മാത്രമല്ല വേറെയും കൃഷിയുണ്ട് മഞ്ജുവിന്. വീടിരിക്കുന്ന സ്ഥലമൊഴികെ പറമ്പിൽ എല്ലായിടത്തും കൃഷിയുണ്ട്. ചേന, ചേമ്പ്, കാച്ചില്‍, വാഴ, കരിമഞ്ഞള്‍, കറുത്ത ഇഞ്ചി, ചുവന്ന ഇഞ്ചി, കസ്തൂരി മഞ്ഞള്‍, മത്തന്‍, കുമ്പളം, പച്ചമുളക്, വഴുതന, വെണ്ട, തക്കാളി ഇങ്ങനെ നീളുന്നു പച്ചക്കറി കാര്യങ്ങൾ.

“ഈ ഭൂമി വാങ്ങിയിട്ട് നാലു വർഷമായതേയുള്ളൂ. മൂന്നു വർഷമായി കൃഷിയിൽ സജീവം.” മഞ്ജു തുടരുന്നു. “പറമ്പ് വൃത്തിയാക്കാൻ മാത്രമേ പുറമേ നിന്ന് ആളെ വിളിക്കൂ. ബാക്കി പണികളെല്ലാം ഞങ്ങൾ എല്ലാവരും കൂടിയാണ് ചെയ്യുന്നത്.


കരിങ്കോഴിയും ആടുമൊക്കെ വളർത്തുന്നുണ്ട്. മക്കൾ കുറച്ച് അലങ്കാര മത്സ്യങ്ങളെയും വളർത്തി വിൽക്കുന്നുണ്ട്.


“കാടക്കോഴിയും താറാവും മത്സ്യവുമൊക്കെയുണ്ടായിരുന്നു. എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകാനാകാതെ വന്നതോടെ അവസാനിപ്പിച്ചതാണ്. ഇനി വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ്. തേനീച്ച കൃഷിയും ഉടൻ ആരംഭിക്കും.പത്തുമണിച്ചെടിയുടെ പൂക്കളില്‍ തേനീച്ചകൾ കൂടുതൽ വരും

“ഞാലിപ്പൂവൻ, നേന്ത്രൻ, പാളയംകോടൻ, പൂവൻ ഇതൊക്കെയായി കുറച്ചു വാഴകളുമുണ്ട്. വാഴയ്ക്കിടയിലാണ് ചേനയും ചേമ്പും കൃഷി ചെയ്യുന്നത്.

“നെൽകൃഷി ചെയ്യണമെന്ന അതിയായ ആ​ഗ്രഹമുള്ളതു കൊണ്ട് അതും പരീക്ഷിച്ചിട്ടുണ്ട്. ​ഗ്രോബാ​ഗിലാണ് നെൽകൃഷി. അധികം വൈകാതെ കുറച്ചു ഭൂമിയിൽ കരനെൽകൃഷി ചെയ്യാമെന്ന തീരുമാനത്തിലാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

തടിപ്പണിയാണ് മഞ്ജുവിന്‍റ് ഭർത്താവ് ഹരിയ്ക്ക്. രണ്ട് മക്കളാണ്: വിജയ് ഹരിയും വിസ്മയ ഹരിയും. കാഞ്ഞേത്തുകര വി എച്ച് എസ് സി ഇയിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് വിജയ്. തടിയൂർ എൻ എസ് എസ് ഹയർ സെക്കന്‍ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ് വിസ്മയ.


ഇതുകൂടി വായിക്കാം: നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം