കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍

നൂറോളം വര്‍ഷം പഴക്കമുണ്ട് ഓടിട്ട ഇരുനിലവീടിന്. അതിന്‍റെ വരാന്തയില്‍ ഇരുന്നാല്‍ മതി, രണ്ടു ഗ്‌ളാസ് നാരങ്ങാവെള്ളം ഐസിട്ടു കുടിച്ച ആശ്വാസം തോന്നാന്‍.

മെട്രോ നഗരമായ എറണാകുളത്തിന്‍റെ നടുവില്‍ ഒരു സ്വകാര്യ വനം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷേ ഇത് സത്യമാണ്. സര്‍ക്കാര്‍ വകുപ്പില്‍ പെട്ടതല്ല ഏതാണ്ട് രണ്ടായിരം ഇനം ഔഷധച്ചെടികളും മരങ്ങളും അപൂര്‍വ സസ്യങ്ങളും വളരുന്ന ഈ സ്ഥലം.

എ വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹി തനിക്ക് പാരമ്പര്യമായി കിട്ടിയ രണ്ടേക്കറിലധികം വരുന്ന പുരയിടത്തില്‍ നട്ടും നനച്ചും വളര്‍ത്തുന്നതാണ് ഇവയൊക്കെ.


രണ്ടായിരത്തോളം ഇനം അപൂര്‍വ ഔഷധവൃക്ഷങ്ങളും ചെടികളും നിറഞ്ഞുനില്‍ക്കുകയാണ് ഇവിടെ.


ഒരു സെന്‍റ് ഭൂമിക്ക് ലക്ഷങ്ങള്‍ വിലവരുന്ന, മെട്രോ സ്റ്റേഷനും വൈറ്റില മൊബിലിറ്റി ഹബും ഒക്കെ അടുത്ത് തന്നെയുള്ള തമ്മനത്താണ് രണ്ടേക്കറിലധികം ഭൂമി പ്രകൃതിക്ക് വിട്ടുകൊടുത്തുകൊണ്ട് അതിന്‍റെ നടുവിലുള്ള തന്‍റെ നൂറോളം വര്‍ഷം പഴക്കമുള്ള വീട്ടില്‍ ഭാര്യയും മക്കളും പേരക്കുട്ടികളുമായി ഇദ്ദേഹം സന്തോഷമായി കഴിയുന്നത് .


ഇതുകൂടി വായിക്കാം: ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍


ഏതു കടുത്ത വേനലിലും ആലുങ്കല്‍ ഫാംസ് എന്ന ബോര്‍ഡ് കടന്നുചെല്ലുന്നത് നേര്‍ത്ത തണുപ്പിലേക്കാവും. രണ്ടായിരത്തോളം ഇനം അപൂര്‍വ ഔഷധവൃക്ഷങ്ങളും ചെടികളും നിറഞ്ഞുനില്‍ക്കുകയാണ് ഇവിടെ.

എ വി പുരുഷോത്തമ കമ്മത്ത്

കയറിച്ചെല്ലുന്നത് വലിയൊരു അത്തിമരത്തിന്‍റെ തണലിലേക്കാണ്. അതിന്‍റെ ഒരിലത്തണല്‍ മതി ഒരാളെ ആകെ തണുപ്പിക്കാന്‍. അത്തിത്തണലില്‍ നിന്ന് നേരെ നടന്നാല്‍ ഒരു വശത്ത് നക്ഷത്രവനം കാണാം.


അതിന്‍റെ ഒരിലത്തണല്‍ മതി ഒരാളെ ആകെ തണുപ്പിക്കാന്‍.


ഓരോ നക്ഷത്രത്തിനും ഓരോ മരമുണ്ടെന്നാണ് സങ്കല്‍പം. ഇരുപത്തിയേഴു നക്ഷത്രങ്ങള്‍ക്കും ഓരോ ഔഷധവൃക്ഷങ്ങളാണ. ഉദാഹരണത്തിന് അശ്വതിക്ക് കാഞ്ഞിരവും ഭരണിക്ക് നെല്ലിയും കാര്‍ത്തികക്ക് അത്തിയും രോഹിണിക്ക് ഞാവലുമാണ് നക്ഷത്രവൃക്ഷങ്ങള്‍. ഇവ ഇരുപത്തിയേഴും ഒരുമിച്ചു നട്ടുവളര്‍ത്തുന്നതിനാണ് നക്ഷത്രവനം എന്നുപറയുക.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


ഇനി, നക്ഷത്രവനം വിട്ടിട്ട് ഇപ്പുറത്തേക്ക് നോക്കിയാല്‍ മധുരമുള്ളതും ഇല്ലാത്തതുമായ സ്റ്റാര്‍ ഫ്രൂട്ട് മരങ്ങള്‍, രാജാപ്പുളി, ശിംശിപ, രുദ്രാക്ഷം, അശോകം, ആനത്തൊണ്ടി എന്നിങ്ങനെ പരിചിതവും പുതിയതുമായ പലയിനം മരങ്ങള്‍ കാണാം. ഇതൊക്കെ കടന്നു നേരെ ചെല്ലുന്നത് ഒരു വീട്ടുമുറ്റത്തേക്കാണ്.

നൂറോളം വര്‍ഷം പഴക്കമുണ്ട് ഓടിട്ട ഇരുനിലവീടിന്. അതിന്‍റെ വരാന്തയില്‍ ഇരുന്നാല്‍ മതി, രണ്ടു ഗ്‌ളാസ് നാരങ്ങാവെള്ളം ഐസിട്ടു കുടിച്ച ആശ്വാസം തോന്നാന്‍. ഇവിടെയാണ് ഈ മരങ്ങളത്രയും നട്ടുവളര്‍ത്തിയ, എ വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹി താമസിക്കുന്നത്.


Do you have a story to share with us? Please write to us >  editorial@thebetterindia.com


“ഞാന്‍ ജനിച്ച വീടാണിത്,” പുരുഷോത്തമ കമ്മത്ത് പറഞ്ഞുതുടങ്ങുന്നു. “കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാനിവിടെ ഔഷധ സസ്യങ്ങളും പലതരം കൃഷികളും ചെയ്യുന്നു. ഔഷധസസ്യങ്ങള്‍ തന്നെ രണ്ടായിരത്തോളം വെറൈറ്റി ഉണ്ട്. മിക്കതും വംശനാശഭീഷണി നേരിടുന്നതാണ്. അങ്ങനെയുള്ളതാണ് ഞാനധികവും ശേഖരിക്കുന്നത്. പിന്നെ നമ്മുടെ നാടന്‍ മരങ്ങളുണ്ട്. നമ്മളില്‍ പലരും നടാന്‍ മടിക്കുന്നവ. ഫലവൃക്ഷങ്ങള്‍ മൂന്നൂറ് തരം ഉണ്ട്. പിന്നെ വനവൃക്ഷങ്ങള്‍…”

എ വി പുരുഷോത്തമ കമ്മത്ത്

വനവൃക്ഷങ്ങള്‍ ആ വലിയ പറമ്പിന്‍റെ അതിരുകളിലായാണ് അധികവും വളരുന്നത്. “തേക്ക്, ഈട്ടി, ചന്ദനം, അകില്, വെള്ളകില്, ഇരുമുള്ള് അങ്ങനെ പല മരങ്ങളും ഉണ്ട്….കാട്ടിലെങ്ങനെ വളരുന്നു, അതുപോലെയാണ് ഞാന്‍ ആ മരങ്ങളെ വളരാന്‍ വിട്ടിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം: വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും


“ഭൂമിയില്‍ നിന്ന് നമ്മള്‍ ധാരാളം എടുക്കുന്നുണ്ട്, പകരം അങ്ങനെ ഒന്നും കൊടുക്കാറുമില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് എനിക്ക് പരമ്പരാഗതമായി കിട്ടിയ ഭൂമി ധാരാളം കെട്ടിടങ്ങള്‍ പണിയാനോ പണമായി മാറ്റാനോ നില്‍ക്കാതെ നിറയെ മരങ്ങള്‍ വെച്ചാല്‍ മതി എന്നെനിക്ക് തോന്നിയത്. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമായിരുന്നില്ല ഞാന്‍ മരങ്ങള്‍ വളര്‍ത്തിത്തുടങ്ങിയ കാലത്ത്.

എ വി പുരുഷോത്തമ കമ്മത്ത്

“ഇപ്പോള്‍ ഇത്രയേറെ ഔഷധവൃക്ഷങ്ങളും അപൂര്‍വഇനം ചെടികളും ഒക്കെയായി ഇങ്ങനെ ഒരിടം പ്രകൃതിക്കുവേണ്ടി ഒരുക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.”

Promotion

സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം വനമിത്ര അവാര്‍ഡ് നല്‍കി ആദരിച്ച അദ്ദേഹത്തിന്‍റെ വാക്കുകള്‍. സംഘടനകളുടേതും നാടിന്‍റേതുമായി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട് കമ്മത്ത് മാഷ് എന്ന് പരിചിതര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇദ്ദേഹത്തെ.


പ്രകൃതിയുടെ രീതികളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്


“ഇവിടെ മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ അടിച്ചുകളയാറില്ല. കരിയിലകള്‍ കിടന്നു പൊടിഞ്ഞാലേ മണ്ണിന് ഉണര്‍വുണ്ടാകൂ. വീട്ടുമുറ്റത്ത് കിണറിനു സമീപം നട്ടിട്ടുള്ളത് നാഗലിംഗവൃക്ഷമാണ്, ഏതാണ്ട് 14 കിലോമീറ്റര്‍ ദൂരത്തോളം ഓക്‌സിജന്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിവുള്ള മരമാണ് അത്. അതിന്‍റെ ഇലകള്‍ കൂട്ടമായാണ് പൊഴിയുക . മഴയും വെയിലും വീഴും പോലെ ഇലകളും. പ്രകൃതിയുടെ രീതികളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്,” കമ്മത്ത് മാഷ് തുടരുന്നു.


ഇതുകൂടി വായിക്കാം: പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍


ഓരോ വൃക്ഷത്തിന്‍റെയും പേര് മലയാളത്തിലും ശാസ്ത്രീയനാമം, ഫാമിലി എന്നിവ ഇംഗ്ലീഷിലും കുറിച്ചുവെച്ചിട്ടുണ്ട്. ഈ പച്ചത്തുരുത്ത് സന്ദര്‍ശിക്കാനെത്തുന്ന ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ പലതരം മരങ്ങളെ പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഒരു സേവനം. ഓരോ മരത്തിന്റെയും ഔഷധസ്യത്തിന്‍റെയും ഒന്നോ രണ്ടോ ഉപയോഗവും കമ്മത്ത് മാഷ് കുറിച്ചുവെച്ചിട്ടുണ്ട്.

Watch: നക്ഷത്രവൃക്ഷങ്ങളെക്കുറിച്ച് കമ്മത്ത് മാഷ്

“ശ്വസിക്കുന്ന വായു, ഉപയോഗിക്കുന്ന ജലം ഒക്കെ മാക്‌സിമം നശിപ്പിക്കുന്ന പ്രകൃതിയാണ് മനുഷ്യന് പൊതുവെ. ഒരു ദിവസം മനുഷ്യന് ശ്വസിക്കാന്‍ സര്‍ക്കാര്‍ നിരക്കില്‍ ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഓക്‌സിജന്‍ വേണം. ഇത് ഉത്പാദിപ്പിക്കുന്നത് മരങ്ങളാണ് . എങ്കിലും മുറ്റത്ത് ഇല വീണു എന്നപേരില്‍ , കടയുടെ മുന്‍പിലെ ബോര്‍ഡ് മറഞ്ഞു എന്നപേരില്‍ ഒക്കെ എത്ര വലിയ മരവും വെട്ടിമാറ്റാന്‍ നമ്മള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാറില്ല.”


ഒരു ദിവസം മനുഷ്യന് ശ്വസിക്കാന്‍ സര്‍ക്കാര്‍ നിരക്കില്‍ ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഓക്‌സിജന്‍ വേണം


അതെ, ഇദ്ദേഹം പറയുന്നതത്രയൂം സത്യമാണ്. ഇവിടെ മരങ്ങള്‍ക്കും ചെടികള്‍ക്കും ദിവസവും നനക്കുന്നത് പറമ്പിലെ കുളത്തില്‍ നിന്നുള്ള വെള്ളം കൊണ്ടാണ് . ഒരുമാതിരി കനത്ത വേനലിലൊന്നും വെള്ളം വറ്റിയിട്ടില്ല. വീട്ടാവശ്യങ്ങള്‍ക്കുള്ള വെള്ളം കിണറില്‍ നിന്ന് കിട്ടും. ശുദ്ധജലമാണ്. പശു, കാടക്കോഴി…ഇതൊക്കെ വളരുന്നുണ്ട്  ഇവിടെ. അത്യാവശ്യം പച്ചക്കറികള്‍ ഒക്കെ അടുക്കളത്തോട്ടത്തിലുണ്ട്. മണ്ണിനെ കൈകാര്യം ചെയ്യാന്‍ അറിയാമെങ്കില്‍ പൊന്നുവിളയിക്കാമെന്ന കേട്ടറിവ് ഇവിടെ അന്വര്‍ത്ഥമാണ്. കൊച്ചിക്ക് ആലുങ്കല്‍ ഫാംസ് ശ്വാസകോശമാണ് .


ഇതുകൂടി വായിക്കാം: ‘അപ്പോ, കാശില്ലാത്തോര്‍ക്കും വായിക്കണ്ടേ?’: സൗജന്യ ലൈബ്രറി ഒരുക്കാന്‍ ഈ മിടുക്കിക്കുട്ടി ഒരു മാസം കൊണ്ട് ശേഖരിച്ചത് 2,500 പുസ്തകങ്ങള്‍!


ആലുങ്കല്‍ ഫാംസിനു ചുറ്റും ഫ്ളാറ്റുകളും വമ്പന്‍ കെട്ടിടങ്ങളുമാണ്. ഈ രണ്ടര ഏക്കര്‍ ഭൂമിക്കും നിരവധി ആളുകള്‍ വിലപറഞ്ഞതാണ്. എറണാകുളം നഗരത്തിന്‍റെ ഒത്ത നടുക്ക്, മെട്രോ സ്റ്റേഷനും മൊബിലിറ്റി ഹബും റെയില്‍വേ സ്റ്റേഷനും ഒക്കെ അടുത്ത്. കോടിക്കണക്കിനു രൂപയാണ് ഓഫര്‍.

Watch: “അമ്പത് വര്‍ഷമായി ഞാനിത് ചെയ്യുന്നു.”

എങ്കിലും തന്‍റെ ഭൂമി പ്രകൃതിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പുരുഷോത്തമ കമ്മത്തിനെ വ്യതിചലിപ്പിക്കാന്‍ ആ ഓഫറുകള്‍ക്കൊന്നും സാധിച്ചില്ല .

ഇവിടെ അപൂര്‍വയിനം പക്ഷികളും ശലഭങ്ങളും എത്താറുണ്ട്. അവയെ പഠിക്കാനായി ധാരാളം ഗവേഷക വിദ്യാര്‍ത്ഥികളും ഫോട്ടോഗ്രാഫര്‍മാരും മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യരും ഔഷധങ്ങള്‍ തേടിവരുന്നവരും എത്തും. ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും ഉള്‍പ്പെട്ട കുടുംബം മുഴുവന്‍ ഇദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട് .

Watch: ശിംശിപയും അശോകവും 

ബന്ദിപ്പൂര്‍ വനം കത്തിയെരിയുന്ന വാര്‍ത്തയാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലും മുന്‍പെങ്ങുമില്ലാത്തവിധം ചൂട് വര്‍ദ്ധിക്കുകയാണ്. പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇങ്ങനെയൊരു കാലത്ത് പുരുഷോത്തമ കമ്മത്തിനെ പോലെയുള്ള ആളുകള്‍ ചെയ്യുന്നത് കോടി നന്ദി പറഞ്ഞാലും തീരാത്ത സാമൂഹ്യസേവനമാണ്.

*
തമ്മനം ശ്രീ നാരായണ ദേവര്‍ റോഡിലാണ് ആലുങ്കല്‍ ഫാം. പുരുഷോത്തമ കമ്മത്തിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാം: 0484-2346199, 9249715199.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

Promotion
ചിത്തിര കുസുമൻ

Written by ചിത്തിര കുസുമൻ

കവിതകളും ലേഖനങ്ങളുമായി മാധ്യമരംഗത്ത് സജീവം. ലൈബ്രേറിയനാണ്. രണ്ട് കവിതാസമാഹാരങ്ങൾ--പ്രഭോ പരാജിതനിലയിൽ, തൃപ്പൂത്ത്--പ്രസിദ്ധീകരിച്ചിട്ടുണ്ട്.

18 Comments

Leave a Reply
  • It’s really fantastic to know you still worship the nature in its pristine form and the icing on the cake is you are nurturing Medicinal plants

   P G Vinaya

 1. Orayiram abhinandanam. 10 centil veedu panitu muttam muzhuvan tiles ittu minukkunnavarku oru prachodanam aakatte shri prushothama kammathu.

 2. Really great to know about your initiative to keep our God gifted natural resources…. I would like to know more about the different types of plants/trees and it’s medicinal values and how to grow them to keep our atmosphere pollution free

  • Thanks for the comment, Sujatha. Please feel free to talk to Kammath and I hope he will help you with great suggestions and guidance on how to grow trees and medicinal herbs.

 3. Very happy to know the great achievement of Mr. Kammath. We need people like you to open the eyes of those destroying the nature. You will be remembered for this great work and sacrifice.
  Thank you so much

  • ഇതുപോലത്തെ പ്രകൃതി സ്നേഹികളെ ഈ കാലഘട്ടത്തിൽ കണ്ടു കണ്ടുകിട്ടാൻ പ്രയാസമാണ്. വെറും പൈസക്കു വേണ്ടി പ്രക്രതിയെ ചൂഷണം ചെയ്തു കൊന്നു തിന്നുന്ന ഓരോരുത്തരും ഇതൊക്കെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. നാളത്തെ തലമുറ കുപ്പിവെള്ളം വാങ്ങുന്ന പോലെ ഓക്സിജൻ വാങ്ങി ശ്വസിക്കുന്ന കാലം വിദൂരമല്ല. എന്നെ അതിശയിപ്പിച്ചത് ആ നാഗവൃക്ഷമാണ്.

 4. കമ്മത് മാഷിന് നിലക്കാത്ത കയ്യടി….. വാർത്ത നൽകിയ നിങ്ങൾക്കും..

 5. എറണാകുളം നഗരത്തിന്റെ ശ്വാസകോശമായി ഈ സ്ഥലം സൂക്ഷിച്ചു പരിപാലിക്കുന്ന അങ്ങേയ്ക്കു ആയിരമായിരം ആശംസകൾ കൂടെ പ്രാർത്ഥനകളും.

Leave a Reply

Your email address will not be published. Required fields are marked *

നെല്ല് മുതല്‍ ഏലം വരെ: ഹാഷിഖിന്‍റെ വീട്ടിലെ ജൈവകൃഷി കാണാന്‍ വിദേശ ടൂറിസ്റ്റുകളുടെ തിരക്ക്

‘ഇങ്ങക്ക് പിരാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തലകുലുക്കി സമ്മതിച്ചേക്കണം’: പി എഫിലെ സമ്പാദ്യം മുഴുവനെടുത്ത് സൗജന്യ ലൈബ്രറി നിര്‍മ്മിച്ച അധ്യാപകന്‍