‘ദിവസവും ആനകൾ കാടിറങ്ങിവരും, പിള്ളാരുടെ ക്രിക്കറ്റ് ​ഗ്രൗണ്ടിന് തൊട്ടടുത്ത്’: കാട്ടാനകളോട് ചങ്ങാത്തം കൂടിയ ​​ഗ്രാമത്തിൽ നിന്നും

ഈ ​ഗ്രാമത്തിൽ എല്ലാ ദിവസവും കാട്ടാനകൾ കൂട്ടമായിറങ്ങും, വർഷങ്ങളായി അങ്ങനെയാണ്. നാട്ടുകാരും ആനകളും അതിരുകൾ ലംഘിക്കാറില്ല, സൗഹൃദം മുറിക്കാറുമില്ല.

“എങ്ങനെയെങ്കിലും അടിമാലിയിലെത്തിയാല്‍ പിന്നെ എല്ലാം ഞാനേറ്റു,” എന്ന് സുഹൃത്തിന്‍റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ രണ്ടും കല്‍പിച്ചിറങ്ങി. കുമളിയില്‍ നിന്ന് ബസുപിടിച്ച് അടിമാലിയിലേക്ക്.

ആനക്കുളം. ഫോട്ടോ: ജോർജ്ജ് ജോമോൻ

അടിമാലിയിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
“ആന കാണുവോ?” ഇത്രയും യാത്ര ചെയ്തിട്ട് വല്ല ഉപകാരവും ഉണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.

സുഹൃത്ത് നൂറുശതമാനം ഉറപ്പിച്ചുപറഞ്ഞു. എന്നാലും എനിക്കത്ര വിശ്വാസം പോരായിരുന്നു.


ഇതുകൂടി വായിക്കാം : കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്


അങ്ങനെ പിന്നെയും നാല്‍പത് കിലോമീറ്റര്‍ യാത്ര ചെയ്യണം വനത്തോട് ചേര്‍ന്ന് കിടക്കുന്ന ആനക്കുളത്തെത്താന്‍. അവിടെയെത്തിയപ്പോള്‍ വൈകീട്ട് അഞ്ചുമണിയോടടുത്തിരുന്നു.

“അവര്‍ വരുന്നുണ്ട്” ഫോട്ടോ: സന്ദീപ് വെള്ളാരം

ചെറിയ പുഴയോട് ചേര്‍ന്ന് മൈതാനത്ത് ചെറുപ്പക്കാര്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പത്ത് മിനിറ്റ് അവരുടെ ക്രിക്കറ്റ് കളിയൊക്കെ കണ്ടുനിന്നു.


കാട്ടില്‍ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം ഞങ്ങള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.


“അവര്‍ വരുന്നുണ്ട്,” ചെറുപ്പക്കാരിലൊരാള്‍ പറഞ്ഞു. “നമുക്ക് കളി നിര്‍ത്താം.”

കാട്ടില്‍ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം ഞങ്ങള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. (വീഡിയോ കാണാം താഴെ)

കളി നിര്‍ത്തി യുവാക്കള്‍ കരയില്‍ കയറി രണ്ടു മിനിട്ടിനുള്ളില്‍ ഒരു കൂട്ടം കാട്ടാനകള്‍ കുട്ടിയാനകള്‍ സഹിതം ആറ്റിലിറങ്ങി. വെള്ളം ആസ്വദിച്ചു വലിച്ചു കുടിച്ചുതുടങ്ങി. പരസ്പരം ഉന്തിയും തള്ളിയും വെള്ളം ചീറ്റിയും പരിസരം മറന്നുള്ള ആനകളുടെ വിനോദം മണിക്കൂറുകള്‍ നീളും.

ഫോട്ടോ: സന്ദീപ് വെള്ളാരം

ചിലപ്പോള്‍ വൈകുന്നേരങ്ങളിലാണ് വെള്ളംകുടിക്കാനെത്തുന്നതെങ്കില്‍ ചിലപ്പോഴിത് രാത്രി സമയങ്ങളില്‍ എപ്പോഴെങ്കിലുമാകാം. ആനകള്‍ ആസ്വദിച്ചു വെള്ളം കുടിക്കുമ്പോള്‍ നിരവധി  കാട്ടാനകളെ പേടിക്കാതെ തൊട്ടടുത്തു നിന്നു കാണാനാവുന്ന സന്തോഷത്തിലായിരിക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍.

ഇത് ആനക്കുളം, ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും 40 കിലോമീറ്ററും അടിമാലിയില്‍ നിന്നു 40 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന മലയോരഗ്രാമം. പൊതുവേ അക്രമകാരികളായ കാട്ടാനകളും മനുഷ്യരും പരസ്പരം അതിര്‍വരമ്പുകള്‍ ലംഘിക്കാതെ കഴിയുന്ന സ്ഥലം.

ഫോട്ടോ: സന്ദീപ് വെള്ളാരം

ആനക്കുളം ടൗണിനു സമീപത്തു കൂടി ഒഴുകുന്ന ഈറ്റച്ചോലയാറിലെ (ആനക്കുളം ആറ്) ഒരു പ്രത്യേക ഭാഗത്തു നിന്നുള്ള വെള്ളം കുടിക്കാനാണ് വര്‍ഷങ്ങളായി കാട്ടാനകള്‍ കൂട്ടമായി ദിവസം തോറുമെത്തുന്നത്. ജനവാസ കേന്ദ്രങ്ങളും കാട്ടാനകള്‍ വെള്ളംകുടിക്കുന്ന ആറും തമ്മില്‍ വെറും മീറ്ററുകളുടെ വ്യത്യാസം മാത്രമാണുള്ളതെങ്കിലും പരസ്പരം ശല്യപ്പെടുത്താതെയാണ് ഇവിടെ കാട്ടാനകളും മനുഷ്യരും ജീവിക്കുന്നത്.


ഇതുകൂടി വായിക്കാം: കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍


കേരളത്തിലെ മറ്റ് മലയോരഗ്രാമങ്ങളിലെന്നപോലെ ഇവിടെയും റബറും കൊക്കോയും തെങ്ങും കപ്പയും കുരുമുളകുമൊക്കെയാണ് പ്രധാന കൃഷി.

ഫോട്ടോ: സന്ദീപ് വെള്ളാരം

“വല്ലപ്പോഴും അവര്‍ റോഡുമുറിച്ചു കടന്ന് കടയൊക്കെ തകര്‍ക്കാറുണ്ട്, എങ്കിലും ഞങ്ങളതിനു വെല്യ ഗൗരവം കൊടുക്കാറില്ല… ഇതൊക്കെ ഇവിടെ വല്ലപ്പോഴും സംഭവിക്കുന്നതാ, ഞങ്ങള്‍ ഇതുമായങ്ങു പൊരുത്തപ്പെട്ടു,” ആനക്കുളത്തു കട നടത്തുന്ന ഔസേപ്പച്ചന്‍ പറയുന്നു.


വല്ലപ്പോഴും അവര്‍ റോഡുമുറിച്ചു കടന്ന് കടയൊക്കെ തകര്‍ക്കാറുണ്ട്, എങ്കിലും ഞങ്ങളതിനു വെല്യ ഗൗരവം കൊടുക്കാറില്ല…


ഇങ്ങനെ പരസ്പരം മനസ്സിലാക്കുന്നതുകൊണ്ടു തന്നെയാകാം വനാതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം മനുഷ്യരും-വന്യമൃഗങ്ങളും തമ്മില്‍ നിലനില്‍പ്പിനുള്ള പോരാട്ടം തുടരുമ്പോഴും ആനക്കുളത്ത് അത് വളരെ അപൂര്‍വമായി മാത്രം ഉണ്ടാവുന്നത്.

ഫോട്ടോ: ജോർജ്ജ് ജോമോൻ

ആനകളുടെ സ്വൈരവിഹാരത്തിന് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ നാട്ടുകാര്‍ ടൂറിസ്റ്റുകളെയും അനുവദിക്കാറില്ല.

“ആനക്കുളം ആറിനുള്ളിലെ ഒരു പ്രത്യേക ഭാഗത്തുള്ള ധാതുക്കള്‍ അടങ്ങിയ വെള്ളം വലിച്ചുകുടിക്കാനാണ് കാട്ടാനകള്‍ കാലങ്ങളായി ആനക്കുളത്തെത്തുന്നത്,” മാങ്കുളം മുന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും (ഡിഎഫ്ഒ) ഇപ്പോള്‍ തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എസ്റ്റേറ്റ് ഓഫീസറുമായ ബി എന്‍ നാഗരാജ് പറയുന്നു.

“ആറിനുള്ളിലെ പ്രത്യേക ഭാഗത്തെ കല്ലിനടയില്‍ നിന്നു വരുന്ന വെള്ളത്തില്‍ ധാതുലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ വെള്ളം തേടിയാണ് മലയാറ്റൂര്‍ ഡിവിഷനിലുള്‍പ്പെടുന്ന ആനക്കുളത്ത് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത്. ഒരു കൂട്ടം വെള്ളംകുടിച്ചു മടങ്ങിയാലുടന്‍ തന്നെ അടുത്ത സംഘമെത്തും.”

കാട്ടാനകളെ തൊട്ടടുത്ത് കണ്ടതിന്റെ ആവേശത്തിൽ സഞ്ചാരികൾ ഫോട്ടോ: ജോർജ്ജ് ജോമോൻ

“സാധാരണയായി ഏതുവെള്ളം കണ്ടാലും കാട്ടാനകള്‍ കുളിക്കുമെങ്കിലും ആനക്കുളത്തെ വെള്ളത്തില്‍ കാട്ടാനകള്‍ കുളിക്കാറില്ല, വെള്ളത്തിന്‍റെ പ്രത്യേകത മനസിലാക്കിയാണിത്. 1912 മുതല്‍ ആനക്കുളത്ത് കാട്ടാനകള്‍ വെള്ളംകുടിക്കാനെത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍ പറയുന്നത്,” നാഗരാജ് കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി


മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സാഹോദര്യമാണ്, ആനക്കുളത്തേക്കുള്ള യാത്രയില്‍ നമുക്ക് വളരെ പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാവുന്ന ഒരു പ്രത്യേകത.
കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിനു സമീപത്താണ് വെള്ളം കുടിക്കാനെത്തുന്നതെങ്കിലും അവര്‍ ഒരിക്കലും അതിര്‍ത്തികടന്ന് ജനവാസ കേന്ദ്രങ്ങളിലെത്താറില്ല. മാങ്കുളം ടൗണിലെ കലുങ്കാണ് വനഭൂമിയും ജനവാസ കേന്ദ്രത്തെയും വേര്‍തിരിക്കുന്നത്. ആനകളെത്തിയാല്‍ ജനങ്ങള്‍ കലുങ്കിനു താഴേയ്ക്കിറങ്ങി അവയ്ക്കു ശല്യമുണ്ടാക്കാറില്ല.

വിനോദ സഞ്ചാരികളും മറ്റും അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ തടയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രദ്ധയോടെ നില്‍ക്കും.

ഫോട്ടോ: ജോർജ്ജ് ജോമോൻ

അതിര്‍ത്തി ലംഘിക്കാതെ നാട്ടുകാരും കാട്ടാനകളും പരസ്പരം ശ്രദ്ധിക്കുന്നതുകൊണ്ടാണ്  മാങ്കുളത്തു നിന്നും കാട്ടാന ആക്രമണത്തിന്‍റെ കഥകള്‍ അധികം കേള്‍ക്കാത്തത്, നാഗരാജ് പറയുന്നു.

കാട്ടാനകളെ ഇത്രത്തോളം അടുത്തുകാണാനാവുന്ന മറ്റേതു സ്ഥലം വേറെ എവിടെയുണ്ട്? ആനക്കുളത്ത് വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളെ വിനോദ സഞ്ചാരികള്‍ ശല്യപ്പെടുത്താതിരിക്കാന്‍ വനംവകുപ്പും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് നാഗരാജ്.


സാധാരണ കാട്ടാനകള്‍ മുകളിലേക്കു കടന്നു വരാറില്ല


തനി കുടിയേറ്റ ഗ്രാമമാണെങ്കിലും ഇപ്പോള്‍ ടൂറിസം സാധ്യകള്‍ ആനക്കുളത്തേയ്ക്കും എത്തിനോക്കുന്നുണ്ട്. ആനക്കുളത്തെ ആനകളെ അടുത്തുകാണുകയെന്നതും ഇടതൂര്‍ന്ന വനത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുകയെന്നതുമാണ് ആനക്കുളത്തെ വിനോദ സഞ്ചാര പരിപാടികളില്‍ പ്രധാനം.

ഫോട്ടോ: ജോർജ്ജ് ജോമോൻ

ആനക്കുളത്തു സഞ്ചാരികളെത്തുന്നതു തന്നെ കാട്ടാനകളെ അടുത്തുകാണാനാണെന്ന് ആനക്കുളത്തു ഹോം സ്റ്റേ നടത്തുന്ന പ്രിന്‍സ് എം ഡി പറയുന്നു. “റൂമുകള്‍ ബുക്കു ചെയ്യുന്നതിനു മുമ്പുതന്നെ ആനകളെ നേരിട്ടു കാണാനാവുമോയെന്നാണ് ആളുകള്‍ ചോദിക്കുക. ആനകള്‍ എല്ലാ ദിവസവും എത്തുന്നതിനാല്‍ ഭൂരിഭാഗം സഞ്ചാരികള്‍ക്കും കാട്ടാനകളെ നേരിട്ടു കാണാന്‍ സാധിക്കാറുണ്ട്, കാട്ടാനകള്‍ തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.”

“സാധാരണ കാട്ടാനകള്‍ മുകളിലേക്കു കടന്നു വരാറില്ല എന്നാല്‍ വല്ലപ്പോഴും ചില ഒറ്റയാന്മാര്‍ കലുങ്കു മുറിച്ചു കടന്നു റോഡിലേക്കു കടന്നു കടകളൊക്കെ തകര്‍ക്കും. ഇന്നാളു വന്നപ്പം ഞങ്ങടെ കടേല്‍ വലിച്ചു കെട്ടിയിരുന്ന ഷീറ്റൊക്കെ വലിച്ചു പറിച്ചു കളഞ്ഞു,” ആനക്കുളത്ത് തട്ടുകട നടത്തുന്ന യുവാക്കളിലൊരാളായ ആല്‍വിന്‍ പറയുന്നു.

ഫോട്ടോ: സന്ദീപ് വെള്ളാരം

“സാധാരണ വെള്ളം കുടിച്ച് കൂട്ടമായി തിരികെ പോകാറാണ് പതിവ്. ഒറ്റയാന്മാര്‍ മാത്രമാണ് രാത്രിയില്‍ വരുന്നത്. അത് വല്ലപ്പോഴും മാത്രമേ ഒള്ളൂ. പിന്നെ ആനകളെ ടൂറിസ്റ്റുകള്‍ ശല്യം ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആനകളെ നമ്മള്‍ ശല്യം ചെയ്താല്‍ അവ തിരിച്ചുവരുമെന്നുറപ്പാണ്, അതുകൊണ്ടു തന്നെയാണ് നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്,” ആല്‍ബിന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ചെങ്കല്‍ ഗ്രാമത്തില്‍ കടമ്പന്‍ മൂത്താന്‍ എന്താണ് ചെയ്യുന്നത്?


അതേസമയം ആനക്കുളത്ത് കാട്ടാന ശല്യമില്ലെങ്കിലും വനാതിര്‍ത്തി പങ്കിടുന്ന മറ്റുസ്ഥലങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നു പറയുന്ന കര്‍ഷകരുമുണ്ട്. “ആനക്കുളത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയായാണ് ഞാന്‍ താമസിക്കുന്നത് കാട്ടാന കൃഷി നശിപ്പിക്കുന്ന കാരണം ഇപ്പം ഒന്നും ചെയ്യാന്‍ മേലാത്ത സ്ഥിതിയാണ്. പട്ടയമില്ലാത്ത കാരണം വിറ്റിട്ടു പോകാന്‍പോലും പറ്റുന്നില്ല,” അവിടെ വച്ചുകണ്ട ഒരു കര്‍ഷകന്‍ പറഞ്ഞു.

ആനക്കുളം ടൂറിസം കേന്ദ്രമായി വികസിക്കുന്നതിന്‍റെ മാറ്റങ്ങള്‍ അടിമാലിയില്‍ നിന്ന് മാങ്കുളം-ആനക്കുളം റൂട്ടിലേക്കു തിരിയുന്ന കല്ലാര്‍ മുതല്‍ കാണാനാവും. മിക്ക കടകളുടെയും മുന്നിലുള്ള ബോര്‍ഡുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ആനക്കുളത്ത് കാട്ടാനകള്‍ വെള്ളം കുടിക്കുന്ന ചിത്രങ്ങളാണ്. ആനക്കുളത്തേയ്ക്കു വരൂ എന്നു സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതും ഇത്തരം ചിത്രങ്ങളാണ്. ആനക്കുളത്തെത്തുന്ന സഞ്ചാരികളെയും ഫോട്ടോഗ്രാഫര്‍മാരെയും സംബന്ധിച്ചിടത്തോളം ആനക്കുളം കാട്ടാനകളുടെ സ്വര്‍ഗമാണ്.

ഫോട്ടോ: ജോർജ്ജ് ജോമോൻ

ഗള്‍ഫില്‍ ജോലി ചെയ്യുന്ന സണ്ണി മാത്യുവിനെ കാട്ടാനകളെ കാണിക്കാമെന്ന വാഗ്ദാനവുമായി അടിമാലിയില്‍ ജോലി ചെയ്യുന്ന രജനീഷ് വിളിച്ചപ്പോള്‍ ആദ്യം അത് വിശ്വസിച്ചില്ലെന്ന് സണ്ണിയും സുഹൃത്തായ ബിജോയിയും പറയുന്നു. “കാട്ടാനകളെ അടുത്തു കാണാനും ഫോട്ടോയെടുക്കാനും പറ്റുമെന്നു സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജോമോന്‍ പറഞ്ഞപ്പോള്‍ അതു കാര്യമായി വിശ്വസിച്ചില്ല. എന്നാല്‍ ഞങ്ങളെത്തിയ ദിവസം കുട്ടിയാനകള്‍ ഉള്‍പ്പടെ 35 ആനകളാണ് വെള്ളംകുടിക്കാനെത്തിയത്. അടുത്ത അവധിക്കും ഇവിടെയെത്തും,” സണ്ണിയും ബിജോയിയും ഒരേ സ്വരത്തില്‍ പറയുന്നു.

വെള്ളം കുടിക്കുന്ന കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നു കയറുന്നതു തടയാന്‍ ആനക്കുളം മുതല്‍ വലിയപാറക്കുട്ടി വരെ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് എന്ന പ്രത്യേക തരത്തിലുള്ള ഉരുക്കു വേലി സ്ഥാപിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കാം: ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ


മാങ്കുളം മുന്‍ ഡിഎഫ്ഒ ആയ ബി എന്‍ നാഗരാജിന്‍റെ കാലത്താണ് ഇത് സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ അഞ്ച് ലെയറുകളായി പാകിയ ഇരുമ്പുവടം ഗാല്‍വനൈസ്ഡ് സ്റ്റീല്‍ കുറ്റികളില്‍ ഉറപ്പിച്ചുവെച്ചതാണ് ഈ ഫെന്‍സിങ്ങ്. ചെലവുകുറവും ഫലപ്രദവുമാണിത് എന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പാലക്കാട് ഐഐടിയും ഈ മാതൃക പരിശോധിച്ച് ആനക്കുളത്തെ പൈലറ്റ് പദ്ധതി അംഗീകരിച്ചിരുന്നു.

ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ്. ഫോട്ടോ: ജോർജ്ജ് ജോമോൻ

കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചത്. ആനക്കുളത്ത് സ്ഥാപിച്ച ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് കാട്ടാനകളെ തടയാന്‍ പര്യാപ്തമാണെന്നും ഈ ഫെന്‍സിംഗ് സ്ഥാപിച്ച ശേഷം ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു കയറിയിട്ടില്ലെന്നും പ്രിന്‍സ് പറയുന്നു.

കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ കയറുന്നതു തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് ഇതെന്ന് നാഗരാജ്. ഈ പദ്ധതി വിജയകരമാണെന്നു മനസിലായതോടെയാണ് വനം വകുപ്പ് വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ ഇനി മുതല്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Watch: “അവര് വരുന്നുണ്ട്…” ആനക്കുളത്തെ കാഴ്ചകള്‍.

വീഡിയോ: സന്ദീപ് വെള്ളാരം

കാട്ടാനകള്‍ കൂട്ടമായെത്തുന്നതും വെള്ളം കുടിച്ച് മടങ്ങുന്നതും ആനക്കുളംകാരുടെ ജീവിതത്തില്‍ സാധാരണ കാര്യമാണ്. അത് എല്ലാ ദിവസവും സംഭവിക്കുന്നതാണ്. കാട്ടാനകളും മനുഷ്യരും പരസ്പരബഹുമാനത്തോടെ, സൗഹാര്‍ദ്ദത്തോടെ കഴിയുന്നത് കാണാന്‍ ഇവിടെ വരണം.

പോകുമ്പോള്‍ ശ്രദ്ധിക്കുക, കാലങ്ങളായി ആ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഉലയ്ക്കുന്ന ഒന്നുംതന്നെ നിങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പിക്കുക.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം