കാ പ്പി ശാസ്ത്ര! അങ്ങനെയാണ് കോഫീ ബോർഡ് അതിന്‍റെ കാപ്പി നിർമ്മാണക്കളരികളെ വിശേഷിപ്പിക്കുന്നത്.
ബംഗലുരുവിലുള്ള ബോർഡ് ആസ്ഥാനത്ത് നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സുകളിൽ റോസ്റ്റിങ്ങ്, ബ്ര്യൂവിങ്ങ് തുടങ്ങി കാപ്പിക്കപ്പിൽ രുചിയുടെ കൊടുങ്കാറ്റുയർത്തുന്ന എല്ലാ രഹസ്യങ്ങളും പഠിച്ചെടുക്കാം. ബാരിസ്റ്റയുടെയും എക്സ്പ്രസ്സോയുടെയും രുചിപ്പെരുമയ്ക്കു പിന്നില്‍ എന്താണെന്ന് മനസ്സിലാക്കാം.
കാപ്പിയുടെ ഗുണവും മണവും രുചിച്ചറിയുന്ന കാപ്പിശാസ്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്നതിലും ബോർഡ് ശ്രദ്ധ പതിപ്പിക്കുന്നു. പുതിയ ബാച്ച് കോഫിടേസ്റ്റേഴ്സ് (പി ജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്‍റ് ) ബോർഡിന്‍റെ ബംഗലുരു ആസ്ഥാനത്തുനിന്നും അടുത്ത വർഷം പുറത്തിറങ്ങുമ്പോൾ അത് പുതിയൊരു അധ്യായം കൂടി തുറക്കും.
പെരിന്തൽമണ്ണ സ്വദേശി അർച്ചന രവീന്ദ്രന്‍ കോഫീ ടേസ്റ്റിങ്ങ് തന്‍റെ തൊഴിൽ മേഖലയാക്കാൻ ഒരുങ്ങുകയാണ്.
കോഫി ബോർഡിന്‍റെ പരിശീലനം കഴിഞ്ഞിറങ്ങുമ്പോൾ അർച്ചന ദലിത് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്ന ആദ്യത്തെ വനിതാ പ്രൊഫഷണൽ കോഫി ടേസ്റ്റർ എന്ന വിശേഷണത്തിന് കൂടി അർഹയാവും, മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ദ ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുമ്പോള്‍ അര്‍ച്ചന ചിക്മംഗളൂരില്‍ കോഫി ബോര്‍ഡിന്‍റെ പരിശീലന കേന്ദ്രത്തില്‍ ആയിരുന്നു. “മൂന്നുമാസം ചിക്മംഗളുരുവിലാണ് പരിശീലനം. തിയറിക്കൊപ്പം പ്രാക്ടിക്കലും ഫാം വിസിറ്റും എല്ലാം ഉണ്ട്,” അര്‍ച്ചന പറയുന്നു. പരിശീലനത്തിന്‍റെ ബാക്കി ഒമ്പത് മാസം ബംഗലുരുവിലാണ്.
ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍
നൂറിൽപരം അപേക്ഷകരിൽ നിന്ന് പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്‍റെ യുമൊക്കെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പതിനാറ് പേരിൽ ഒരാളാണ് അർച്ചന. അർച്ചനയെക്കൂടാതെ ആറ് മലയാളികൾ കൂടി ഈ പ്രവേശനത്തിന് അർഹരായിരുന്നു. എന്നാല്‍ നാല് മലയാളികള്‍ മാത്രമാണ് പരിശീലനത്തിന് ചേര്‍ന്നതെന്ന് അര്‍ച്ചന. ആകെ ഒമ്പത് പേരാണ് ഈ ബാച്ചില്‍ പരിശീലനം നടത്തുന്നത്.
തന്‍റെ നേട്ടത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും കോഴിക്കോട് ക്രെസ്റ്റിലെ അധ്യാപകര്‍ക്കാണ് അര്‍ച്ചന നല്‍കുന്നത്.
” പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഞാന്‍ ഫുഡ് സയന്‍സ് ആന്‍റ് ന്യൂട്രീഷ്യനില്‍ എം എസ് സി നേടിയത്. അതിന് ശേഷം കോഴിക്കോട് ക്രെസ്റ്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡെവലപ്മെന്‍റിന് ചേര്‍ന്നു. ക്രെസ്റ്റിലെ ടീച്ചേഴ്സാണ് ഈ കോഴ്സിലേക്ക് വഴിതിരിച്ചുവിട്ടത്.”
കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനൊപ്പം സോഫ്റ്റ് സ്കില്‍സ് മെച്ചപ്പെടുത്തുന്നതിനും ക്രെസ്റ്റിലെ പരിശീലനം വളരെയേറെ സഹായിച്ചുവെന്ന് അര്‍ച്ചന പറയുന്നു.
ഇതുകൂടി വായിക്കാം: ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ
കേരള സര്‍ക്കാരിന്‍റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്രെസ്റ്റ് (സെന്‍റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍റ് എജ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍).
ഐ ഐ എം കോഴിക്കോടിന്‍റെ സഹായങ്ങളോടെ സ്ഥാപിക്കപ്പെട്ട സെന്‍റര്‍ ഓഫ് എക്സലെന്‍സിന്‍റെ പിന്‍ഗാമിയാണ് ക്രെസ്റ്റ്.
“അര്‍ച്ചന മാത്രമല്ല, കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നുള്ള തീര്‍ത്തും പാവപ്പെട്ട കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന നിരവധി പേര്‍ ക്രെസ്റ്റിന്‍റെ പരിശീലനത്തിന് ശേഷം വ്യത്യസ്തമായ കരിയറുകളിലും കോഴ്സുകളിലും നേട്ടം കൈവരിച്ചിട്ടുണ്ട്,” അര്‍ച്ചനയുടെ സഹോദരനും ക്രെസ്റ്റിലെ പ്രോജക്ട് അസോസിയേറ്റുമായ അരുണ്‍ പറയുന്നു.
ക്രെസ്റ്റിലെ ഫിനിഷിങ്ങ് സ്കൂള്‍ പ്രോഗ്രാമുകളും ഏറെപ്പേര്‍ക്ക് പ്രയോജനപ്രദമാകുന്നുണ്ട്. ബി ടെക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയെന്‍റേഷന്‍ പ്രോഗ്രാം, ഗവേഷണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളും ക്രെസ്റ്റ് നടത്തുന്നു.
കോഫീ ടേസ്റ്റിങ്ങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും കോഫീ വ്യവസായമേഖലയിൽ നല്ല ജോലി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അർച്ചന.
ഇതുകൂടി വായിക്കാം: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്
കാപ്പികുടിയുടെ രസം ഒരു പക്ഷേ, കോഫീ ടേസ്റ്റിങ്ങ് എന്ന ജോലി തെരഞ്ഞെടുത്താൽ ഉണ്ടാവണമെന്നില്ല. വൈൻ ടേസ്റ്റിങ്ങ്, ടീ ടേസ്റ്റിങ്ങ് എന്നീ മേഖലകളെപ്പോലെ തന്നെ ഇതും അങ്ങേയറ്റം സ്പെഷ്യലൈസേഷൻ ആവശ്യമുള്ള ഒരു തൊഴിലാണ്.
നിങ്ങളുടെ നാക്കും മൂക്കും രുചിയുടെയും ഗന്ധത്തിന്‍റെയും നേരിയ വ്യത്യാസം പോലും മനസ്സിലാക്കാൻ സൂക്ഷ്മതയുള്ളതാക്കി നിലനിർത്തണം. ഓരോ കാപ്പിയുടെയും രുചി മാറ്റമില്ലാതെ മനസ്സിലുറക്കണം.
ഇൻഡ്യയിൽ പതിമൂന്ന് മേഖലകളിലായി പതിനാറ് തരം കാപ്പി ഉൽപാദിപ്പിക്കപ്പെടുന്നതായാണ് കോഫി ബോർഡ് പറയുന്നത്.
കാപ്പിശാസ്ത്രവും നല്ല പോലെ അറിയണം. സയൻസ് ബിരുദധാരികളെ മാത്രം ഈ പി ജി ഡിപ്ലോമ കോഴ്സിന് പരിഗണക്കുന്നതും ഒരു പക്ഷേ അതുകൊണ്ടാവാം.
കളിയല്ല കാപ്പികുടി എന്ന് ഓരോ ദിവസവും രുചിച്ചറിഞ്ഞുകൊണ്ടായിരിക്കും അർച്ചനയും സഹപാഠികളും ഇനിയുള്ള മാസങ്ങൾ കോഫീ ബോർഡിന്‍റെ പരിശീലനപരിപാടിയിൽ പങ്കെടുക്കുക.