കൊ ച്ചി നഗരത്തിലെ എളംകുളത്തെ ഇടറോഡുകളിലെവിടെയെങ്കിലും വെച്ച് മറ്റാരെയും കൂസാതെ പാഞ്ഞുപോകുന്ന ഒരു ഓട്ടോറിക്ഷ കണ്ട് ‘ഇതാരാണപ്പാ…’ എന്ന് നിങ്ങള്‍ അന്തംവിട്ട് നിന്നിട്ടുണ്ടോ?
എങ്കില്‍ അത് മിക്കവാറും പ്രേമയുടെ ‘പറക്കുംതളിക’യായിരിക്കും.
പുള്ളിക്കാരിയുടെ ഓട്ടോറിക്ഷയ്ക്ക് സ്പീഡല്‍പ്പം കൂടുതലാണ്. പത്തിരുപത്തിയഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ജീവിതപ്പാച്ചിലില്‍ അറിയാതെ സ്പീഡ് കൂടിപ്പോയതാണ്.
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുമ്പോള്‍ പ്രേമ ഗര്‍ഭിണിയായിരുന്നു.
“എന്‍റെ ഇളയ മോനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുന്നത്,” പ്രേമ പറഞ്ഞു. “മോനുണ്ടായി അധികം കഴിയുംമുമ്പ് ഞാന്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി എന്‍റെ വീട്ടിലേക്ക് പോന്നു.”
മക്കളെ പോറ്റാനുള്ള ഒരു അമ്മയുടെ പെടാപ്പാടുകള്‍
രണ്ട് കുഞ്ഞുമക്കള്‍ വയറുവിശക്കാതെ കിടന്നുറങ്ങണം. അതുമാത്രം പോരായിരുന്നു. അച്ഛനമ്മമാരെയും പോറ്റേണ്ട അവസ്ഥയായിരുന്നു പ്രേമയ്ക്ക്.
“എന്തെങ്കിലും പണിയെടുക്കാതെ നിവൃത്തിയില്ല. ഞാന്‍ ജോലിതേടിയിറങ്ങുമ്പോ ചെറിയ മോന് 57 ദിവസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ,” പ്രേമ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് മനസ്സുതുറന്നു.
ഇതുകൂടി വായിക്കാം: ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍
ആദ്യം വീടുകളില്‍ പണിക്കുപോയി. കൂലി വളരെ തുച്ഛമായിരുന്നു. അതുകൊണ്ട് അഞ്ച് വയറുകള്‍ നിറയില്ല.
“ഇപ്പോ കുറെയൊക്കെ മാറീട്ടുണ്ടാവും. അന്ന് ഇങ്ങനെയൊന്നുമല്ല. മാസം 250 രൂപ കിട്ടാന്‍ പകല് മുഴുവന്‍ പണിയെടുക്കണം,” പ്രേമ അന്നത്തെ ദുരിതം വിവരിക്കുന്നു.
“ഒരുമാസം തള്ളിനീക്കാന്‍ ഇതുകൊണ്ടാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അതുകൊണ്ട് എത്ര പാടുപെടാനും ഞാന്‍ റെഡിയായിരുന്നു, എന്‍റെ കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാന്‍.”
വലിയ ആര്‍ഭാടങ്ങളൊന്നുമില്ലെങ്കിലും മക്കള്‍ക്ക് ആവശ്യമുള്ളത് കൊടുക്കാന്‍ അധ്വാനിയായ ആ അമ്മയ്ക്ക് കഴിഞ്ഞു.
കൂടുതല്‍ കൂലി കിട്ടാന്‍ പ്രേമ നിര്‍മ്മാണത്തൊഴിലാളിയായി. കുടുംബശ്രീയുടെ യൂണിറ്റുമായി ബന്ധപ്പെട്ടായിരുന്നു അത്. പതിനേഴ് വര്‍ഷം നിര്‍മ്മാണ മേഖലയില്‍ പണിയെടുത്തു.
അതിനിടയില്‍ ചില വീടുകളില്‍ പാചകത്തിനും പോകുമായിരുന്നു; മക്കളെ പോറ്റാനുള്ള ഒരു അമ്മയുടെ പെടാപ്പാടുകള്‍.
വലിയ ആര്‍ഭാടങ്ങളൊന്നുമില്ലെങ്കിലും മക്കളുടെ കാര്യങ്ങള്‍ നല്ലപോലെ നോക്കാന്‍, അവര്‍ക്കാവശ്യമുള്ളത് കൊടുക്കാന്‍ അധ്വാനിയായ ആ അമ്മയ്ക്ക് കഴിഞ്ഞു.
ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം
1993-ല്‍ കുടുംബശ്രീ സ്ത്രീകളെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ ഒരു പദ്ധതിയിട്ടു. സ്വയംതൊഴില്‍ കണ്ടെത്താന്‍ അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രേമ ആവേശത്തോടെ ഡ്രൈവിങ് പഠിക്കാന്‍ തയ്യാറായി; അതിനായി തെരഞ്ഞെടുക്കപ്പെട്ട പത്തുപേരില്‍ ഒരാളായി. ടു-വീലര്‍, ത്രീ-വീലര്‍, ഫോര്‍-വീലര്‍ വാഹനങ്ങളിലായിരുന്നു പരിശീലനം.
“എനിക്ക് മൂന്ന് വണ്ടികളും എടുക്കാന്‍ ലൈസന്‍സ് കിട്ടിയിലെങ്കിലും അന്ന് ഡ്രൈവറായി പോകാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ മോന് അന്ന് ഒരു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ,” പ്രേമ ഓര്‍ക്കുന്നു.
ഞാന്‍ കുറച്ച് കത്തിച്ചാ വിടുന്നത്, പ്രേമ ചെറിയൊരു ചമ്മലോടെ പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് അവര്‍ ഒരു ഓട്ടോറിക്ഷ വാങ്ങി. മൂത്ത മകന്‍റെ പേരിലാണ് അത് വാങ്ങിയത്.
“കുടുംബശ്രീയില്‍ നിന്ന് രണ്ട് ലക്ഷം ലോണ്‍ കിട്ടിയിരുന്നു, ബിസിനസ് തുടങ്ങാന്‍. അതുപയോഗിച്ച് എന്‍റെ മോനുവേണ്ടി ഞാന്‍ ഈ ഓട്ടോ വാങ്ങി,” പ്രേമ വിശദീകരിക്കുന്നു. “എന്നാല്‍ കുറച്ചു ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവനാപ്പണി ഉപേക്ഷിച്ചു. വണ്ടി വെറുതെ കിടക്കേണ്ട എന്ന് കരുതി ഞാന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങി,” അവര്‍ ചിരിക്കുന്നു.
“ഞാന്‍ കുറച്ച് കത്തിച്ചാ വിടുന്നത്,” പ്രേമ ചെറിയൊരു ചമ്മലോടെ പറഞ്ഞു. ‘കത്തിച്ചുള്ള’ ആ പോക്ക് കണ്ടിട്ട് നാട്ടുകാരും കൂട്ടത്തിലുള്ള ഓട്ടോക്കാരുമാണ് പ്രേമയുടെ ഓട്ടോയ്ക്ക് പറക്കുംതളിക എന്ന് പേരിട്ടത്.
രാവിലെ ഏഴ് ഏഴരയാവുമ്പോഴേക്കും പ്രേമ ഓട്ടോ എടുത്തിറങ്ങും. കുറച്ച് ഓട്ടം കഴിഞ്ഞ് വീട്ടില്‍ വന്ന് പണിയൊക്കെ തീര്‍ത്ത് വീണ്ടുമിറങ്ങും വൈകീട്ട് ഏഴുമണിവരെയൊക്കെ സാധാരണ ഓട്ടമുണ്ടാവും.
തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. ഓട്ടോ ഓടിക്കുന്നവര്‍ അധികവും ആണുങ്ങളായിരുന്നു. അവരില്‍ പലര്‍ക്കും പെണ്ണുങ്ങള്‍ ഓട്ടോ ഓടിക്കുന്ന്ത് അത്ര രസിച്ചിരുന്നില്ല. പക്ഷേ, കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മാറിയെന്ന് പ്രേമ.
“യാത്രക്കാര്‍ തുടക്കം മുതലേ വലിയ പിന്തുണയാണ് തന്നത്. ആണ്‍ ഡ്രൈവര്‍മാര്‍ പതിയെ അവരുടെ മനോഭാവം മാറ്റി. ഇപ്പോ കൂട്ടത്തിലൊരാളായിട്ട് തന്നെയാണ് അവരെന്നെ കാണുന്നത്.”
ഇതുകൂടി വായിക്കാം: കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ്‍ കൊണ്ട് കേക്കും സൂപ്പും രസം മിക്‌സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍
ടയര്‍ പഞ്ചറായി വഴിയില്‍ കിടന്നാലും മറ്റെന്ത് പ്രശ്‌നമുണ്ടെങ്കിലും അവര്‍ സഹായിക്കാന്‍ ഓടിയെത്തും. എല്ലാം കൊണ്ടും ഞാനിപ്പോ ചെയ്യുന്നതില്‍ ഞാന്‍ വളരെ സന്തോഷമുണ്ട്. ഇതുവരെ എടുത്ത പണികളേക്കാളൊക്കെ കൂടുതല്‍ വരുമാനവും ഇതില്‍ നിന്ന് കിട്ടുന്നുണ്ട്, അവര്‍ അഭിമാനത്തോടെ പറയുന്നു.
ഒരിക്കല്‍ ഓട്ടോയുമായി കൊച്ചിയില്‍ നിന്ന് ഇടുക്കി വരെ പോയി. ഒരു ചങ്ങാതിക്ക് വേണ്ടിയായിരുന്നു. ജില്ല കടന്ന് പോകുന്നതുകൊണ്ട് പ്രശ്നം വല്ലതും ഉണ്ടാകുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊന്നുമുണ്ടായില്ല, പ്രേമ പറഞ്ഞു.
പ്രേമയുടെ മൂത്തമകന്‍ ഇപ്പോള്‍ വെല്‍ഡറാണ്, രണ്ടാമന്‍ പെയിന്‍ററാണ്.
വിധിയെപ്പഴിച്ച് വീട്ടിലിരിക്കാതിരുന്നതുകൊണ്ടാണ് ഇത്രയൊക്കെ സാധിച്ചതെന്ന് പ്രേമ പറയുന്നു: “നമ്മളൊക്കെ ഒരുപാട് ആഗ്രഹങ്ങളുള്ളവരാണ്, ആഗ്രഹങ്ങള്‍ ഉണ്ടാവുകയും വേണം. പക്ഷേ, നമ്മള്‍ പെണ്ണുങ്ങള്‍ സാധാരണ അതൊക്കെ മാറ്റിവെയ്ക്കുന്നു. പിന്നെ, ആഗ്രഹിച്ചുതുകൊണ്ടുമാത്രമായില്ലല്ലോ, അതിന് വേണ്ടി നിരന്തരം കഷ്ടപ്പെടുകയും വേണ്ടേ…
“വേണമെന്ന് വിചാരിച്ചാല്‍, ശരിക്കും അധ്വാനിച്ചാല്‍ നമുക്ക് ഏത് പ്രായത്തിലും എന്തും പഠിക്കാം,” കഷ്ടപ്പാടുകളെ നേര്‍ക്കുനേര്‍ നിന്ന് പൊരുതിത്തോല്‍പിച്ച അഭിമാനിയായ ആ സ്ത്രീ പറയുമ്പോള്‍ ഉള്ളില്‍ വലിയ സന്തോഷം തോന്നും. ആ കരുത്തിന് ഹൃദയത്തില്‍ തൊടുന്ന അഭിനന്ദനങ്ങള്‍, സ്നേഹം.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.