കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ്‍ കൊണ്ട് കേക്കും സൂപ്പും രസം മിക്‌സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍

ആദ്യപരീക്ഷണം പരാജയമായിരുന്നു. ആ നിരാശയില്‍ നിന്ന് പിടിച്ചുകയറിയ ഷിജി പിന്നെ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി.

കു റച്ച് കൂണ്‍വിത്തും റബര്‍ മരത്തിന്‍റെ അറക്കാപ്പൊടികൊണ്ട് നിര്‍മ്മിച്ച കൂണ്‍ബെഡുകളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഷിജി വര്‍ഗീസ്.

അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ ഷിജിയുടെ ജീവിതം ഒരു പക്ഷേ, വീടും കുട്ടികളും അടുക്കളയുമൊക്കെയായി ഒതുങ്ങിപ്പോകുമായിരുന്നു.

കൂണ്‍കൃഷി ഒരു സ്ത്രീയുടെ ജീവിതം മാറ്റിമറിച്ച കഥയാണിത്.

ഷിജി വര്‍ഗ്ഗീസ്

വീട്ടുജോലികള്‍, കുട്ടികളുടെ കാര്യങ്ങള്‍…എനിക്കൊന്നിനും സമയമില്ലാത്തതുപോലെയായിരുന്നു, ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ ഷിജി പറയുന്നു.

കുട്ടികള്‍ വളര്‍ന്നപ്പോള്‍ എന്‍റെ കയ്യില്‍ ഒരുപാട് സമയം. പക്ഷേ, അതുകൊണ്ട് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.


കേരളത്തിലങ്ങോളമിങ്ങോളം ഷിജി വളര്‍ത്തിയ കൂണ്‍ എത്തുന്നു.


ആയിടയ്ക്കാണ് വീടിനടുത്ത് കൂണ്‍കൃഷിയില്‍ ഒരു പരിശീലനക്ലാസ് നടക്കുന്നത്. കൃഷി ഓഫീസറുടെ സ്‌നേഹപൂര്‍വ്വമായ ക്ഷണം, ഭര്‍ത്താവ് ടി ജെ തങ്കപ്പനും പിന്തുണച്ചു. അങ്ങനെ, തുടക്കത്തിലുണ്ടായിരുന്ന മടി മാറ്റി ഷിജി കൂണ്‍കൃഷി ക്ലാസ്സിന് പോയി.

അതായിരുന്നു തുടക്കം.

രണ്ട് പായ്ക്കറ്റ് കൂണ്‍വിത്തും മരമില്ലില്‍ നിന്നുള്ള പൊടി നിറച്ച ആറ് കൂണ്‍ബെഡുകളുമായി ആ പരീക്ഷണം തുടങ്ങി.

അന്ന് മടിച്ചുമടിച്ച് കൂണ്‍ക്ലാസിന് പോയ ഷിജി ഇന്ന് പറയുന്നത് ഇങ്ങനെ: ക്ഷമയും താല്പര്യവുമുണ്ടെങ്കില്‍ കൂണ്‍കൃഷി എളുപ്പത്തില്‍ പഠിച്ചെടുക്കാം. നല്ല വരുമാനവും കിട്ടും.


ഇതുകൂടി വായിക്കാം: ശമ്പളക്കുടിശ്ശിക ₹18 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? ശ്രീലതയും രവി പ്രകാശും ചെയ്തത് ഇതാണ്


വെറുതെ പറയുന്നതല്ല, ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കൊറിയര്‍ വഴി ഷിജി വളര്‍ത്തിയ കൂണ്‍ എത്തുന്നു. മാസം കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ വരുമാനവും ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

പിന്നീട് ഞാനൊരു ഷെഡ് ഉണ്ടാക്കി അതില്‍ മുന്നൂറ് കൂണ്‍ ബെഡുകള്‍ തയ്യാറാക്കി. തുടര്‍ന്നുള്ള ആറ് മാസം പലതരം പരീക്ഷണങ്ങളുടേതായിരുന്നു. എന്നാല്‍ അത് പൂര്‍ണമായും പരാജയപ്പെട്ടു. വലിയ നിരാശയായിരുന്നു, ഷിജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.


പക്ഷേ, പിന്‍വാങ്ങാന്‍ എന്‍റെ ഭര്‍ത്താവ് സമ്മതിച്ചില്ല. അദ്ദേഹം എനിക്ക് പൂര്‍ണ പിന്തുണ നല്‍കി. ഞങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള കൂണ്‍ ഫാമുകള്‍ സന്ദര്‍ശിച്ച് പഠിച്ചു. എവിടെയാണ് തെറ്റിപ്പോയതെന്ന് വിശദമായി മനസ്സിലാക്കി, ഷിജി തുടര്‍ന്നു.

താപനിലയും ഈര്‍പ്പവും നിയന്ത്രിക്കുക എന്നത് കൂണ്‍കൃഷിയില്‍ വളരെ പ്രധാനമാണ്, പ്രത്യേകിച്ചും കേരളത്തിലെ കാലാവസ്ഥയില്‍. വര്‍ഷം മുഴുവന്‍ നല്ല വിളവു ലഭിക്കാന്‍ ഈ രണ്ട് ഘടകങ്ങളും പ്രത്യേകം ശ്രദ്ധിച്ചേ പറ്റൂ.


ഇതുകൂടി വായിക്കാം: കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്


കേരളത്തിലെ മാറിമാറി വരുന്ന കാലാവസ്ഥയില്‍ താപനിലയും ഈര്‍പ്പവും ആവശ്യമായ അളവില്‍ നിലനിര്‍ത്താന്‍ ഷിജി ബയോ ഹൈടെക് കൂളിങ് സംവിധാനം ഉപയോഗിക്കുന്നു. ഇത് ഒരു മള്‍ട്ടി-കൂളിങ് സംവിധാനമാണ്.
“25 ഡിഗ്രിക്കും മുപ്പത് ഡിഗ്രി സെന്റിഗ്രേഡിനും ഇടയില്‍ നില്‍ക്കുന്ന താപനിലയും 80 നും 95നും ഇടയില്‍ ഈര്‍പ്പവും നിലനിര്‍ത്തിയില്ലെങ്കില്‍ ഉല്‍പാദനത്തില്‍ സ്ഥിരതയുണ്ടാവില്ല. ഈ സംവിധാനത്തിലൂടെ താപനിലയും ഈര്‍പ്പവും നിയന്ത്രിക്കാനാവും, വിളവിന്‍റെ കാര്യത്തില്‍ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടാവുകയുമില്ല,” ആ കര്‍ഷക വിശദീകരിച്ചു.

ഫാനും രാമച്ചത്തിന്‍റെ വേരുകൊണ്ടുള്ള പാഡും ഉപയോഗിച്ച് സ്വയം വികസിപ്പിച്ചെടുത്ത ഒരു സംവിധാനവും തണുപ്പ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു.

ആദ്യഘട്ടത്തിലെ പരാജയത്തിന് ശേഷം രണ്ട് വര്‍ഷത്തോളം പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി. പൂര്‍ണമായും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി തുടങ്ങുന്നതിന് മുമ്പ് ഉല്‍പാദനത്തെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കുവാന്‍ വേണ്ടിയായിരുന്നു ഇക്കാലമത്രയും ശ്രമിച്ചത്.

ഇതിനിടയില്‍ സ്വന്തമായി കൂണ്‍വിത്തുകള്‍ വളര്‍ത്തിയെടുക്കാനും ഷിജി പഠിച്ചു.

അങ്ങനെ പൂര്‍ണമായി ആത്മവിശ്വാസം വന്നതിന് ശേഷം വീട്ടിലുണ്ടാക്കിയ കൂണ്‍ വ്യാവസായികാടിസ്ഥാനത്തില്‍ വില്‍പന നടത്താന്‍ തുടങ്ങി. കൂണ്‍ഫ്രെഷ് എന്നാണ് പേരിട്ടത്.

കൂണ്‍ കൊണ്ട് കേക്ക്. ഷിജി വിപണിയിലെത്തിച്ച പുതിയ ഉല്‍പന്നം.

കൂണ്‍ഫ്രെഷിന്‍റെ ഓയിസ്റ്റര്‍ കൂണ്‍, പാല്‍ക്കൂണ്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ പടിപടിയായി വര്‍ദ്ധിച്ചു. തുടക്കത്തിലെ പരാജയത്തിനും നിരാശയ്ക്കും ശേഷം ഷിജിയുടെ ക്ഷമയും പരിശ്രമവും വിജയിച്ചു.

കൃഷി വകുപ്പിന് കീഴില്‍ കൂണ്‍കൃഷി പരിശീലനം നടത്തുന്നവരുമായി ഉദ്യോഗസ്ഥര്‍ ഷിജിയുടെ വീട് സന്ദര്‍ശിക്കാന്‍ തുടങ്ങി, ലൈവ് ഡെമോണ്‍സ്‌ട്രേഷനുവേണ്ടി.

പതിയെപ്പതിയെ ആളുകള്‍ കൂണ്‍കൃഷിയെക്കുറിച്ചറിയാന്‍ ഷിജിയെ നേരിട്ട് സമീപിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ഒരു ടീച്ചറുമായി.

ആവശ്യക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍ ഷിജിയും ഭര്‍ത്താവും കൂണ്‍ വില്‍പന ഓണ്‍ലൈന്‍ വഴിയാക്കി. സംസ്ഥാനത്തുടനീളം ഇന്ന് കൂണ്‍ഫ്രെഷിന് ആവശ്യക്കാരുണ്ട്. കൂണ്‍ മാത്രമല്ല, കൂണ്‍വിത്തും ഇവരുടെ ഫാമില്‍ നിന്ന് വില്‍പന നടത്തുന്നു.

ഒരു ബെഡില്‍ നിന്ന് ഒരുകിലോ വിളവെടുക്കാന്‍ ഏകദേശം മൂന്ന് മാസം എടുക്കും. ഇത് കിലോയ്ക്ക് 300 രൂപയ്ക്ക് വില്‍ക്കാം. കൂണ്‍ പായ്ക്കറ്റുകള്‍ നാല്‍പത് രൂപയ്ക്ക് ചില്ലറ വില്‍പനയും നടത്തുന്നുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെ, ചൂട് കൂടുന്ന കാലത്ത് ഉല്‍പാദനം കുറയേണ്ടതാണ്. എന്നാല്‍ ബയോ ടെക് കൂളിങ് സംവിധാനം ഉള്ളതിനാല്‍ ഇപ്പോള്‍ വിളവില്‍ കുറവുണ്ടാകുന്നില്ല, ഷിജി വിശദമാക്കുന്നു.

ഏതൊരാള്‍ക്കും തെരഞ്ഞെടുക്കാവുന്ന ഒരു സംരംഭമാണിത്. തടസ്സങ്ങളും പ്രശ്‌നങ്ങളുമൊക്കെയുണ്ടാകാം. പക്ഷേ, താല്‍പര്യവും അര്‍പ്പണമനോഭാവവും ഉണ്ടെങ്കില്‍ ആര്‍ക്കും കഴിയും, ഷിജി ആത്മവിശ്വാസം പകരുന്നു.

കൂണ്‍ ഉപയോഗിച്ച് കേക്ക്, മഷ്‌റൂം സൂപ്പ് മിക്‌സ്, മഷ്‌റൂം രസം മിക്‌സ് തുടങ്ങി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഷിജി ഉണ്ടാക്കുന്നു. ഈ ഉല്‍പന്നങ്ങളും കൂടുതലായി ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനുളള പദ്ധതികളിലാണ് അവര്‍. സ്വന്തം ഗ്രാമം ഒരു കൂണ്‍ഗ്രാമമാക്കി മാറ്റണമെന്ന മോഹമാണ് മറ്റൊന്ന്.

സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ ഭര്‍ത്താവിന്‍റെ പൂര്‍ണ പിന്തുണ ഷിജിക്കുണ്ട്. മകന്‍ ആന്‍റോയും കൂണ്‍ഫ്രഷിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അവരെ സഹായിക്കുന്നു. ഓണ്‍ലൈന്‍ വില്‍പന, കൊറിയര്‍ സര്‍വ്വീസ് എന്നീ കാര്യങ്ങളിലാണ് ആന്‍റോ കൂടുതലായും സഹായിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൂണ്‍ഫ്രെഷ് വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ നമ്പര്‍: 0478 287 11 94

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം