‘ആ മണം ഡിപ്രഷനുള്ള മരുന്നിന്‍റെ ഗുണം ചെയ്യും’: മരനടത്തത്തിന്‍റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്

കുറെക്കാലമായി അവര്‍ ഈ നടത്തം തുടങ്ങിയിട്ട്. എന്നാല്‍ തിരുവനന്തപുരത്തെ ഇക്കൂട്ടരുടെ നടത്തം വെറും നടക്കലല്ല.

രാ വിലെ ഏഴു മണികഴിയുന്നതേ ഉണ്ടായിരുന്നുള്ളു. ചിലപ്പോള്‍ മരങ്ങളോട് കിന്നരിച്ചും ചിലപ്പോള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞും ഒരു കൂട്ടം മനുഷ്യര്‍ തിരുവനന്തപുരത്തെ റോഡരികുകളിലൂടെ അങ്ങനെ നടന്നുനീങ്ങുകയാണ്.

കുറെക്കാലമായി അവര്‍ ഈ നടത്തം തുടങ്ങിയിട്ട്. നഗരങ്ങളിലും കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ രാവിലെയുള്ള നടത്തം പതിവാണ്. എന്നാല്‍ തിരുവനന്തപുരത്തെ ഇക്കൂട്ടരുടെ നടത്തം വെറുമൊരു നടക്കലല്ല.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ഇനി ഒരു ഫ്‌ളാഷ് ബാക്ക്.

പതിനൊന്നു കൊല്ലം മുന്‍പാണ് സംഭവം. തിരുവനന്തപുരം നഗരവികസനത്തിന്‍റെ ഭാഗമായി റോഡുനിര്‍മ്മാണത്തിനു വേണ്ടി ഒന്‍പതിടങ്ങളില്‍ പച്ചത്തണല്‍ വിരിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റാന്‍ പോകുകയാണത്രേ. കേട്ടപ്പോള്‍ നഗരത്തിലെ കുറച്ചുപേരുടെയെങ്കിലും ഉള്ളൊന്നു പിടഞ്ഞു. അവരില്‍ ചിലര്‍ സ്വയം ചോദിച്ചു തുടങ്ങി, ഈ മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുതന്നെ വേണോ റോഡ് വികസനം. മറ്റ് വഴിയൊന്നുമില്ലേ..?

ട്രീവോക്കില്‍ നിന്നും

ആ സംശയം എതിര്‍പ്പായി വളര്‍ന്നു. പൊടുന്നനെ ഒരു കൂട്ടം ആളുകള്‍ മരം വെട്ടുന്നതിനെതിരെ രംഗത്തിറങ്ങി. അതില്‍ കൂടുതല്‍ പേര്‍ അതിനോട് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചു. വെട്ടേല്‍ക്കാന്‍ വിധിക്കപ്പെട്ട മരങ്ങളുടെ സംരക്ഷണത്തിനായി അവര്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി. മരങ്ങള്‍ മുറിച്ചു കളയുന്നതിനോട് ഭൂരിഭാഗം പേരും ഏതിരായിരുന്നു.

മരംമുറിയ്ക്കലിനെതിരെ പ്രതിഷേധം വ്യാപകമായി. എല്ലാ കവലകളിലും ഇതുസംബന്ധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. എന്നാല്‍ ഈ കൂട്ടായ്മയിലെ അംഗങ്ങളെ ആക്ടിവിസ്റ്റുകളായും വികസനവിരോധികളായും മുദ്രചാര്‍ത്തി. അതുകൊണ്ടൊന്നും പിന്മാറുന്നവരായിരുന്നില്ല അവര്‍. സര്‍ക്കാര്‍ വകുപ്പുകളോടവര്‍ ഏറ്റുമുട്ടി.


ആ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഒരുങ്ങവെയാണ് ഞങ്ങള്‍ ട്രീവോക്കുമായി എത്തുന്നത്


”ശരിയ്ക്കും പറഞ്ഞാല്‍ ഒരിളക്കം ആളുകളിലുണ്ടാക്കാന്‍ ആ കൂട്ടായ്മയ്ക്കായി എന്നത് സത്യമാണ്,”പിന്നീട് മരസംരക്ഷണത്തിനായി വളര്‍ന്നുവന്ന ട്രീ വോക്ക് എന്ന സംഘടനയുടെ മുഖ്യസംഘാടക അനിത ഓര്‍ക്കുന്നു, മരനടത്തത്തിന്‍റെ തുടക്കക്കാലം.

എന്നാല്‍ മരങ്ങളൊക്കെ മുറിച്ചു നീക്കി അവിടെ കോണ്‍ക്രീറ്റ് പാതകള്‍ നിര്‍മ്മിക്കപ്പെട്ടു. പക്ഷെ തോറ്റു പിന്മാറാന്‍ അവരാരും ഒരുക്കമായിരുന്നില്ല. തുടര്‍ന്നങ്ങോട്ട് മരസംരക്ഷണം എങ്ങനെ നടപ്പാക്കാം എന്നായിരുന്നു ഇക്കോളജി ഗവേഷകയായ അനിതയുടെ ചിന്ത മുഴുവന്‍.

ട്രീവോക്കിന്‍റെ ഒരു പരിപാടിക്കിടയില്‍.

”അക്കാലം മുതലേ എനിക്കൊപ്പം പരിസ്ഥിതി ശാസ്ത്രജ്ഞയായ സഹോദരി ഡോ ശാന്തി, പരിസ്ഥിതി പ്രവര്‍ത്തകരായ വീണ എം, കെല്‍ട്രോണില്‍ നിന്നു വിരമിച്ച സഹോദരന്‍ അശോക് ശര്‍മ്മ, സുഹൃത്തായ രേണു ഹെന്‍ട്രി എന്നിവരുമുണ്ടായിരുന്നു. അതായത് ട്രീവോക്കിനു മുന്നേ ശക്തമായ മരസംരക്ഷണ മുന്നേറ്റമായിരുന്നു ഞങ്ങളുടെ ഹരിതക്കൂട്ടായ്മ,” അനിത തുടരുന്നു.

മരങ്ങള്‍ കാക്കാന്‍ ഒരു സേന

നഗരവികസനവും മരം മുറിയ്ക്കലുമൊക്കെ കഴിഞ്ഞ് രണ്ടോ മൂന്നോ കൊല്ലം മുന്നോട്ട് പോയി. ഹരിതക്കൂട്ടായ്മ കുറച്ചുകൂടി ജീവന്‍ വെച്ചു തുടങ്ങി. പരിസ്ഥിതി പ്രശ്നങ്ങളില്‍ പല ഇടപെടലുകളും നടത്തിയിരുന്നു.

അപ്പോഴാണ് അനിതയുടെ അമ്മയുടെ മരണം.

”തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ബോട്ടണി വിഭാഗം പ്രൊഫസറായിരുന്ന അമ്മ ഡോ സി തങ്കമാണ് ശരിയ്ക്കും എന്നെ പ്രകൃതിസ്നേഹിയാക്കിയത്. എന്നെ മാത്രമല്ല എന്‍റെ സഹോദരങ്ങളെയെല്ലാം. അതായത് അമ്മയുടെ സംസാരത്തില്‍ എപ്പോഴും മരങ്ങളുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ


“അമ്മയോടാരെങ്കിലും ഏതെങ്കിലും സ്ഥലത്തോട്ടുള്ള വഴി ചോദിച്ചെന്നിരിക്കട്ടെ, അമ്മ വഴി പറഞ്ഞു കൊടുക്കുന്നതാകട്ടെ ഇന്ന മരത്തിനടുത്തുള്ള വഴിയിലൂടെ, അല്ലെങ്കില്‍ ആ മരത്തിന്‍റെ അവിടെ നിന്നും കുറച്ചു മാറി കാണുന്ന വഴി… അമ്മയ്ക്കങ്ങനെ വഴി പറഞ്ഞുകൊടുക്കലിന് മരങ്ങളായിരുന്നു കൂട്ട്,” അനിത പറയുന്നു.

”ആ മരസ്നേഹമാണ് എന്നിലേക്കും ആഴത്തിലിറങ്ങിയത്. അതൊരുതരം വല്ലാത്ത ആത്മബന്ധമാണ്.”

“ആ സമയത്താണ് മരങ്ങളെ അങ്ങേയറ്റം സ്നേഹിച്ച അമ്മയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്താല്‍ കൊള്ളാം എന്നൊരാഗ്രഹം. ആ സമയത്തൊക്കെ ഹരിതക്കൂട്ടായ്മയുടെ ചെറുനാമ്പുകള്‍ അവിടവിടെയായി തളിര്‍ത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്‍റെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ ഹരിതക്കൂട്ടായ്മയിലെ സുഹൃത്തുക്കളോടൊപ്പം നിവേദിത, നമിത, സൗമ്യ, ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസിലെ മാധവക്കുറുപ്പ് (അദ്ദേഹമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ട്രീ വോക്കിന്‍റെ ഫോട്ടോകള്‍ ഡോക്യുമെന്‍റ് ചെയ്യുന്നത്) എന്നിവരുമുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: വീടിനു തൊട്ടടുത്തുള്ള ദുരൂഹതകള്‍ നിറഞ്ഞ വെള്ളച്ചാട്ടം ആ സ്ത്രീകള്‍ ജീവിതത്തില്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു


അങ്ങനെ നഗരത്തിലെ ഒരു കൂട്ടം മരസ്നേഹികള്‍ ഒരുമിച്ചു. അവര്‍ സംസാരിച്ചു. അങ്ങനെ മരങ്ങള്‍ക്കിടയിലൂടെയുള്ള ചെറുനടത്തം എന്ന ആശയത്തിലേക്ക് അവരെത്തുന്നു. അമ്മയുടെ ഓര്‍മ്മയില്‍ അനിത സംഘനടയ്ക്ക് ട്രീ വോക്ക് എന്ന് പേരു നല്‍കി. സൗമ്യ, വിദ്യാര്‍ത്ഥിയായ നിവേദിത, സസ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന നമിത, മാധ്യമരംഗത്തുള്ള മാധവക്കുറുപ്പ് ഇവരൊക്കെ സംഘടനയുടെ ഭാഗമായി.

‘വികസനവിരോധി’കള്‍ നടന്നുതുടങ്ങുന്നു

”സംഘടനയില്‍ പ്രമുഖരില്‍ പലരും എത്തിച്ചേര്‍ന്നു. പ്രമുഖ ആര്‍കിടെക്റ്റ് ശങ്കറൊക്കെ ആ ഗ്രൂപ്പിലുണ്ടായിരുന്നു. നഗരത്തില്‍ പലയിടങ്ങളിലും വഴിയോരങ്ങളില്‍ ധാരാളം തണല്‍ മരങ്ങളുണ്ട. അവസാനം ട്രീവോക്കിന്‍റെ തുടക്കം വഞ്ചിയൂര്‍ കോടതിയുടെ പരിസരത്തു നിന്നും ഉപ്പളാംമൂട് പാലം വരെയാകട്ടെ എന്നു നിശ്ചയിച്ചു. 16 വര്‍ഗ്ഗത്തില്‍ പെട്ട 64 ല്‍ പരം മരങ്ങളങ്ങനെ തണല്‍ വിരിച്ച് കോടതിയ്ക്കു സമീപം നില്‍ക്കുകയാണ്.”

എന്നാല്‍ ട്രീവോക്കിന്‍റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.

”അവിടെ റോഡ് വികസിപ്പിക്കുന്നതിനായി ആ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഒരുങ്ങവെയാണ് ഞങ്ങള്‍ ട്രീവോക്കുമായി എത്തുന്നത്. പിന്നീട് നടന്നതെന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ’

അനിത ഓര്‍ക്കുന്നു: ‘ട്രീവോക്കിന്‍റെ ആദ്യ മരനടത്തത്തിനായി ഞങ്ങള്‍ ഒരു കൂട്ടം ആളുകള്‍ വഞ്ചിയൂര്‍ കോടതി പരിസരത്തേയ്ക്കെത്തി. പെട്ടന്ന് അതാ വാര്‍ഡ് കൗണ്‍സിലറും കുറെ ആളുകളും മറുവശത്ത് കൂട്ടം കൂടി നില്‍ക്കുന്നു. മാധ്യമങ്ങളൊക്കെ എത്തിയിട്ടുണ്ട്. അവരവിടെ നിന്ന് എന്തൊക്കെയോ പറയുകയാണ്. ഞങ്ങളെ ചീത്ത വിളിക്കുകയും ചെയ്യുന്നുണ്ട്. സമയം കളയാതെ തന്നെ ട്രീവോക്കിന് തുടക്കമായി. …


സത്യം പറയാമല്ലോ ആ നിമിഷം വരെ ഞങ്ങള്‍ വികസനത്തിനെതിരെ ഒരു വാക്കും സംസാരിച്ചിട്ടില്ല


‘പെട്ടെന്നവര്‍ അടുത്തേയ്ക്കെത്തി ഞങ്ങള്‍ക്കു നേരേ കൈയ്യേറ്റത്തിനു ശ്രമിച്ചു. വികസനവിരോധികള്‍ എന്നു പറഞ്ഞു. ഞങ്ങളുടെ നേരേ ആക്രോശിച്ചു. സത്യം പറയാമല്ലോ ആ നിമിഷം വരെ ഞങ്ങള്‍ വികസനത്തിനെതിരെ ഒരു വാക്കും സംസാരിച്ചിട്ടില്ല. മരങ്ങളെ അറിയാന്‍, മരങ്ങളുമായി സംവദിക്കാന്‍, മരം സംരക്ഷിക്കാന്‍… ട്രീവോക്കിന്‍റെ ഉദ്ദേശ്യം അത്രമാത്രമായിരുന്നു.

”മറ്റൊരു കാര്യം പറയട്ടെ, എത്ര തരത്തില്‍ പെട്ട മരങ്ങളായിരുന്നെന്നോ തണല്‍ വിരിച്ചവിടെ നിന്നത്. മുന്‍പ് ആ വഴി കണ്ടിട്ടുള്ളവര്‍ക്ക് അറിയാം. ഞങ്ങള്‍ ട്രീവോക്കിന്‍റെ ആദ്യ പരിപാടി തീരുമാനിക്കും മുന്‍പേ ആ മരങ്ങളൊക്കെ മുറിച്ച് റോഡ് വികസനത്തിനും നടപ്പാതകളുടെ വികസനത്തിനും അനുമതിയായിരുന്നു. അതാണ് ഞങ്ങള്‍ക്കെതിരെ ഒരു കൂട്ടം ആളുകള്‍ അണിചേര്‍ന്നത്. സത്യം പറയാമല്ലോ അവിടെ റോഡ് നിര്‍മ്മാണത്തിനോ പാതയോര വികസനത്തിനോ ഞങ്ങള്‍ എതിരായിരുന്നില്ല.

“ഇത്രയധികം പ്രശ്നങ്ങള്‍ അവിടെ നടന്നതു കൊണ്ട് ആ മരങ്ങളൊക്കെ മുറിക്കാതെ തന്നെ റോഡ് വികസനത്തിന് മറ്റൊരു മാതൃക ട്രീ വോക്ക് കോര്‍ഡിനേറ്റര്‍മാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ളവര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും അവര് പരിഗണിച്ചതേയില്ല. മാത്രമല്ല 64 ല്‍ പരം മരങ്ങള്‍ മുറിച്ചു കളയുകയും റോഡ് വികസിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ആ സംഭവം ട്രീവോക്കിനെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കി. സംഘടനയ്ക്ക് പ്രചാരമേറി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സംഘടനയിലേയ്ക്കു വരാന്‍ തുടങ്ങി.”

മരസംരക്ഷണമെന്ന യജ്ഞത്തിന് പ്രചാരമേറിയെങ്കിലും എഴുതി തയ്യാറാക്കിയ ബൈലോയിലല്ല പ്രവര്‍ത്തനം. സംഘടനയക്ക് കോര്‍ഡിനേറ്റര്‍മാരു മാത്രമാണുള്ളത്. അധികാരമോ സാമ്പത്തികമോ ഒന്നും ട്രീവോക്കിന്‍റെ ഭാഗമാകുന്നില്ല. ഇന്നും ഒരു ബാങ്ക് അക്കൗണ്ടു പോലുമില്ലാതെയാണ് അതിന്‍റെ പ്രവര്‍ത്തനം മാത്രമല്ല. ട്രീവോക്ക് സംഘടിപ്പിക്കുന്ന പരിപാടികളുടെ പണം അതാതു പരിപാടികളുടെ സമയത്താണ് കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കുമതൊരു ബാധ്യതയാകുന്നില്ല.

അങ്ങനെ ട്രീവോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുതുടങ്ങി. സ്‌കൂളുകളിലെ നേച്ചര്‍ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്‍റെയുമൊക്കെ സഹായത്തോടെ അത് കൂടുതല്‍ ജനകീയമായി.

നഗരത്തിന്‍റെ ഹരിതശ്വാസകോശം

അങ്ങനെയിരിക്കെയാണ് അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌ക്കൂളുമായി ബന്ധപ്പെട്ട് ട്രീവോക്കിന് ചില ഇടപെടലുകള്‍ നടത്തേണ്ടി വന്നത്. സംഘടനയുടെ ആരംഭ കാലത്തായിരുന്നു. രണ്ടേ മുക്കാല്‍ ഏക്കറില്‍ സ്ഥിതി ചെയ്യുന്ന അട്ടക്കുളങ്ങര സ്‌കൂളിന്‍റെ കുറെ ഭാഗം അന്നത്തെ സര്‍ക്കാര്‍ ഇടപെട്ട് തിരുവനന്തപുരം വികസന അതോറിറ്റിയ്ക്ക് കൈമാറുന്നതിന് തീരുമാനമായി. ഒരു ഷോപ്പിംഗ് കോപ്ലക്സും ബസ് ബേ നിര്‍മ്മാണത്തിനുമായാണ് സ്ഥലം ട്രിഡയ്ക്കു കൈമാറിയത്. എന്നാല്‍ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നിരവധി മരങ്ങള്‍ നിലംപതിയ്ക്കുമെന്ന കണ്ടെത്തിലിനെ തുടര്‍ന്ന് അതിനെതിരെ സംഘടന ശക്തമായി പ്രതികരിച്ചു. (തിരുവനന്തപുരം നഗരത്തില്‍ തന്നെ വളരെ അപൂര്‍വ്വമായി കാണുന്ന പശക്ക്, അഴിഞ്ഞില്‍ ഉള്‍പ്പടെയുള്ള 32 വ്യത്യസ്ത വിഭാഗത്തില്‍ പെട്ട നൂറോളം മരങ്ങളാണ് സ്‌കൂള്‍ ക്യാമ്പസില്‍ നിന്നും പദ്ധതിയ്ക്കായി വെട്ടിമാറ്റേണ്ടിയിരുന്നത്) സര്‍ക്കാരും സംഘടനയും തമ്മിലുള്ള പോര് കടുത്തു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ട്രീവോക്ക് വ്യക്തമാക്കി.

അവസാനം ട്രീവോക്ക് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. അക്കാലത്തു തന്നെ അട്ടക്കുളങ്ങര സ്‌കൂള്‍ വികസന അതോറിറ്റിയും സ്‌കൂള്‍ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. രണ്ടു തവണ ഹൈക്കോടതി സ്റ്റേ അനുവദിച്ചു.

“ഇതിലെടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഇത്രയും ചെറിയ ഒരു സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റി വികസനം നടത്തുന്നതിനെതിരെ നഗരവാസികള്‍ ഒരുമിച്ചു നിന്നത് വലിയ നേട്ടമായി. സുഗതകുമാരി ടീച്ചറും വന്ദനാ ശിവയും മേധാപട്കറും ഉള്‍പ്പടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സാഹിത്യകാരന്‍മാരും ഉള്‍പ്പടെയുള്ളവര്‍ അട്ടക്കുളങ്ങര വിഷയത്തില്‍ ട്രീവോക്കുയര്‍ത്തിയ എതിര്‍പ്പിനൊപ്പം നിന്നത് ശരിക്കും നേട്ടമായി,”അനിത ഓര്‍ക്കുന്നു.

എന്നാല്‍ പിന്നീട് നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നതിന് ട്രിഡയ്ക്ക് അനുമതി ലഭിച്ചു. എന്നാല്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ ഒരു മരം മുറിയ്ക്കുമ്പോള്‍ മൂന്നു മരം വെച്ചുപിടിപ്പിക്കണം, പദ്ധതിയ്ക്കായി ഉപയോഗിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ അതേ പോലെ പുനര്‍നിര്‍മ്മിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ കോടതി വെച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ ആ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.

“മരങ്ങള്‍ വെറുതെ മുറിയ്ക്കുക എന്ന രീതിയ്ക്ക് വലിയ മാറ്റമുണ്ടാക്കാന്‍ ട്രീവോക്കിന്  പങ്കു വഹിക്കാനായി എന്നത് വലിയൊരു കാര്യമല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മരങ്ങള്‍ മുറിച്ചു മാറ്റണമെങ്കില്‍ സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹരിതക്കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം,” ഇത്തരത്തില്‍  ഒരു മാറ്റം സമൂഹത്തില്‍ കൊണ്ടുവരാന്‍ ട്രീവോക്കിന്‍റെ ആറുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അനിത പറഞ്ഞു.

അതിനിടയില്‍ അനിതയ്‌ക്കൊരു അപകടം പറ്റുന്നു. അപകടത്തിലുണ്ടായ മുറിവ് ചെറുതായിരുന്നെങ്കിലും തുടര്‍ന്നുള്ള ചികില്‍സയിലുണ്ടായ പിഴവ് അവരെ കിടപ്പിലാക്കി. ആറുമാസക്കാലത്തെ ആശുപത്രി വാസം.

കാല് നിലത്തുകുത്താനാവാതെ ആശുപത്രിയില്‍ കഴിഞ്ഞ കാലത്ത് അനിത ട്രീവാക്കിന്‍റെ പദ്ധതികള്‍ക്ക് രൂപരരേഖ തയ്യാറാക്കി.

കാലു കുത്തി നടക്കാനാവാത്ത അവസ്ഥ. ഇതിനിടയില്‍ ട്രീവോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിന്നു പോയേക്കാമെന്ന് വരെ തോന്നി. മുന്നില്‍ നിന്നു നയിച്ചിരുന്നയാള്‍ കിടപ്പില്‍. വോളന്‍റിയേഴ്സിന്‍റെ എണ്ണത്തില്‍ കുറവ്. എന്നാല്‍, ആശുപത്രി കിടക്കയിലിരുന്ന് അനിത പുതിയ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കി. അക്കാലത്തും നഗരത്തിന്‍റെ പലയിടങ്ങളിലും ട്രീവോക്ക് സജീവമായി നടന്നു.

അമേരിക്ക ടു ആഫ്രിക്ക

സാധാരണ ശനിയാഴ്ചകളിള്‍ രാവിലെ ഏഴുമണിയ്ക്കാണ് ട്രീവോക്ക് സംഘടിപ്പിക്കുന്നത്.ചിലപ്പോള്‍ ഒരു പൂമരത്തേ ചുറ്റിയാകും നടത്തം. ആ മരത്തേക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെ കുറിച്ചുമൊക്കെ പറഞ്ഞ് ഒരു അരമണിക്കൂര്‍ നടക്കും. ചിലപ്പോള്‍ ഒരു കൂട്ടം മരങ്ങളാകും അതിനു വേണ്ടി തിരഞ്ഞെടുക്കുക. ഈ അടുത്ത കാലത്ത് നടന്ന ഒരു ട്രീവോക്കിന്‍റെ പ്രധാന സന്ദേശം അമേരിക്ക ടു ആഫ്രിക്ക എന്നായിരുന്നു. ആ നടത്തത്തിനായി തിരഞ്ഞെടുത്ത നടപ്പാതയിലെ മരങ്ങള്‍ ഏതു രാജ്യത്തു നിന്നുള്ളതാണ്. പേരന്താണ്, ശാസ്ത്രീയ നാമം എന്താണ് ? ആയുസെത്ര തുടങ്ങി നിരവധി കാര്യങ്ങള്‍ പരസ്പരം പറഞ്ഞുകൊണ്ടാണ് നടത്തം. ശരിയ്ക്കും പറഞ്ഞാല്‍ മരങ്ങളെ പറ്റി അറിയുന്നതിനൊപ്പം വലിയൊരു റിലാക്സേഷനാണ് ആ നടത്തം.

പരിസ്ഥിതി ദിനത്തില്‍ പറഞ്ഞവസാനിക്കേണ്ടതല്ല പ്രകൃതി സ്നേഹം എന്ന സന്ദേശം കൂടി ട്രീവോക്ക് പകര്‍ന്നു നല്‍കുന്നു. സ്‌കൂളുകള്‍, കൊളേജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങീ നിരവധി ഇടങ്ങളില്‍ ഇപ്പോള്‍ ട്രീവോക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

മരങ്ങള്‍ക്ക് വളരാനുള്ള ഇടമുണ്ടായിരിക്കണം.അതിനെ പരിപചരിക്കാനുള്ള സാഹചര്യമുണ്ടായിരിക്കണം.അവ നശിച്ചുപോകാതിരിക്കാനുള്ള കരുതലുണ്ടായിരിക്കണം. മരങ്ങള്‍ നടണമെന്ന് പറഞ്ഞെത്തുന്നവര്‍ക്കു മുന്നില്‍ ട്രീവോക്ക് പ്രവര്‍ത്തകര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

അനിത സഹോദരനും സഹോദരിക്കുമൊപ്പം

”ഈ നിര്‍ദ്ദേശങ്ങളൊക്കെ അംഗീകരിച്ചുകൊണ്ട് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്. മരം ജീവിതത്തിന് പ്രധാനമാണെന്ന് മുന്‍പത്തേതിനേക്കാള്‍ ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഈയടുത്ത കാലത്ത് നഗരത്തിലെ പ്രശസ്തമായ സ്‌കൂള്‍ അധികൃതര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് വേണ്ടി മുന്നോട്ടു വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് മണ്ണിനേയും മരത്തേയും അറിയണമെന്നാണ് അവരുടെ പ്രധാന ഉദ്ദേശ്യം. എന്നാല്‍ സ്‌കൂളിന് അതിനുള്ള സ്ഥലമില്ല. വേറെ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്


പെട്രിച്ചോറിന്‍റെ പ്രത്യേകത എന്താണെന്നറിയാമോ? ആ ഗന്ധമുണ്ടല്ലോ അത് ഡിപ്രഷനു കഴിയ്ക്കുന്ന മരുന്നിന്‍റെ ഫലം ചെയ്യും


”ആ സമയത്താണ് കനകക്കുന്ന് കൊട്ടാരത്തിന്‍റെ കുറച്ചു സ്ഥലത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ കരാറെടുത്തയാള്‍ ട്രീവോക്കിന്‍റെ സഹായം തേടി വിളിക്കുന്നത്. ഞങ്ങള്‍ക്കും സന്തോഷം. സ്‌കൂള്‍ അധികൃതര്‍ക്കും സന്തോഷം. മരങ്ങള്‍ കുട്ടികള്‍ നട്ടുപിടിപ്പിക്കട്ടെ. കുട്ടികള്‍ക്കതൊരു പുതിയ അിറവാകും. കരാറുകാരന്‍ അതിന്‍റെ സംരക്ഷണം ഏറ്റെടുക്കും. പ്രകൃതിയ്ക്കു പുതുജീവനേകാന്‍ മരങ്ങള്‍ അവിടെ തഴച്ചു വളരും.”അനിത കൂട്ടിച്ചേര്‍ത്തു.

മ്യൂസിയത്തിലേയും മൃഗശാലയിലേയും മരങ്ങളുടെ പേരുകള്‍ എഴുതിച്ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശം ട്രീവോക്കിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

നഗരത്തിലെ വിവിധ സംഘടനകളുമായി സഹകരിച്ചാണ് ഇപ്പോള്‍ ട്രീവോക്ക് മരനടത്തം സംഘടിപ്പിക്കുന്നത്. കടുത്ത ചൂടില്‍ വിയര്‍ത്തും മഴയെ പുണര്‍ന്നും ആ യാത്ര തുടരുന്നു. ഒരു സംഘത്തില്‍ സാധാരണയായി 30 പേരേയാണ് ഉള്‍പ്പെടുത്തുക. ഈ നടത്തം ഒരു പരിധി വരെ ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങളും കുറയ്ക്കുന്നുവെന്ന് പങ്കെടുക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിദേശത്തുനിന്നുള്ള വിളികള്‍

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് ശര്‍മ്മയുടെയും ബോട്ടണി പ്രൊഫസര്‍ ഡോ സി തങ്കത്തിന്‍റെയും മകളായി ജനിച്ച അനിതയ്ക്ക് പ്രകൃതിപ്രേമം പാരമ്പര്യമായി കിട്ടിയതാണ്. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം പ്രകൃതി സ്നേഹികള്‍. അങ്ങനെ പ്രകൃതിയോടുള്ള സ്നേഹം മൂത്ത് മാസ്റ്റേഴ്സ് ബിരുദത്തിനായി തിരഞ്ഞെടുത്തത് ഇക്കോളജി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ഇക്കോളജിയുടെ ആദ്യ ബാച്ചില്‍ പഠനം. തുടര്‍ന്ന് വിദേശത്തേക്കുള്ള നിരവധി ഓഫറുകളും. എന്നാല്‍ അതെല്ലാം വേണ്ടന്നു വെച്ച് കേരളത്തിന്‍റെ മണ്ണിലേക്ക് തിരിച്ചെത്തി.

അനിത ലക്ഷദ്വീപിലെ ഗവേഷണകാലത്ത്.

‘പെട്രിക്കോ’ (petrichor) എന്നു കേട്ടിട്ടുണ്ടോ,’ അനിത ചേച്ചി ചോദിച്ചു. പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്നുയരുന്ന ഒരു ഗന്ധമുണ്ടല്ലോ അതാണ് പെട്രിക്കോ. അതാണെന്നെ പിറന്ന നാട്ടിലേക്കു തിരികെ വിളിച്ചത്. അതിന്‍റെ പ്രത്യേകത എന്താണെന്നറിയാമോ? പുതുമഴയില്‍ പുറത്തുവരുന്ന മണ്ണിന്‍റെ ആ ഗന്ധമുണ്ടല്ലോ അത് ഡിപ്രഷനു കഴിയ്ക്കുന്ന മരുന്നിന്‍റെ ഫലം ചെയ്യും.”

”ഞാന്‍ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാല്‍ അത്രയേറെ മനുഷ്യനും പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്,” അവര്‍ തുടര്‍ന്നു.


മരങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം വലുതാണ്.


ഇക്കോളജി പഠനത്തിനു ശേഷം തിരികെയെത്തിയ അനിതയ്ക്ക് വേമ്പനാടുകായലിന്‍റെ ചുറ്റിലുമുള്ള തണ്ണീര്‍ത്തടങ്ങളുടെ പഠനം സംബന്ധിച്ചുള്ള ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിക്കേണ്ടി വന്നു. അക്കാലത്തു തന്നെയാണ് ലക്ഷദ്വീപിലെ ഇക്കോളജി പഠനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രോജക്ടിന്‍റെ ഭാഗമായത്. അവിടുത്തെ കാലത്തേ പറ്റി പറയുമ്പോള്‍ അനിത ഏറെ വാചാലയാകും. ഗവേഷണ കാലത്ത് പ്രകൃതിപഠനവുമായി ബന്ധപ്പെട്ട് പല പുസ്തകങ്ങളും ലേഖനങ്ങളും എഴുതി.

ട്രീവോക്ക് ഇന്ന് നഗരത്തിന്‍റെ ഒരു സംസ്‌ക്കാരമാണ്. സ്‌കൂളുകളിലും കോളജ് ക്യാമ്പസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ നിരന്തരമായി ട്രീവോക്ക് നടത്തപ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ തൃശൂരും, കോട്ടയത്തുമൊക്കെ ട്രീവോക്ക് സംഘടിപ്പിച്ചിരുന്നു. ഇത്തരം കൂട്ടായ്മകളേയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളേയുമൊക്കെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനുള്ള പരമിതി മൂലം ട്രീവോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് അവര്‍ പറയുന്നു.


ഇതുകൂടി വായിക്കാം: 2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍


തിരുവനന്തപുരം നഗരത്തിനുള്ളില്‍ ടാഗോര്‍ തീയേറ്ററിനടുത്ത് ചുറ്റിനും മരങ്ങളാല്‍ സമൃദ്ധമായ ലെനിന്‍ ബാലവാടിയുടെ ഓഫീസിനുള്ളിലിരുന്നാണ് അനിത ചേച്ചി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിച്ചത്.
പുറത്ത് ഇടവപ്പാതി തിമര്‍ത്തുപെയ്യുന്നു.

”എനിക്കു ഭയങ്കരമായി പേടിയാകുന്നുണ്ട്. മരങ്ങളെല്ലാം അങ്ങനെ ആടിയുലയുകയല്ലേ. കുട്ടികളൊക്കെ അകത്തിരിക്കുന്നുണ്ട്. പക്ഷെ ഈ മരങ്ങളല്ലേ പ്രകൃതി. അതുകൊണ്ട് ഇതൊന്നും മുറിച്ചു കളയില്ല കേട്ടോ,” അനിത പറയുന്നു. “പിന്നെ മരം മുറിച്ചു കളയാതിരിക്കുന്നതല്ലേ നല്ലത്. അവ നല്‍കുന്ന ഊര്‍ജ്ജം എത്ര വലുതാണ്,” അനിത തുടരുകയാണ്, മരനടത്തങ്ങളും.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം