30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്

ശങ്കറിനെത്തേടി ഇന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമൊക്കെ വരുന്നു. ഒരു പക്ഷേ, അതാണ് പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ച ജി ശങ്കര്‍ എന്ന ജനകീയ ആര്‍കിടെക്ടിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.

കി ഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് ഗോപാല്‍ ശങ്കര്‍ എന്ന ജി ശങ്കര്‍ ജനിച്ചത്. ബ്രിട്ടന്‍റെ കോളനിയായിരുന്ന താന്‍സാനിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. തിരുവല്ലയില്‍ നിന്നാണ് അമ്മ. അവര്‍ അവിടെ സ്വാഹിലി ഭാഷ പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. അങ്ങനെ സ്വാഹിലി കേട്ടാണ് വളര്‍ന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ജൂലിയസ് നെരേരയുടെ നേതൃത്വത്തില്‍ താന്‍സാനിയ സ്വാതന്ത്ര്യം നേടിയപ്പോള്‍  ശങ്കറിന്‍റെ മാതാപിതാക്കള്‍ക്കുമുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു ഓഫര്‍ വെച്ചു. ഇംഗ്ലണ്ടിലേക്ക് കുടിയേറാം. അന്ന് താന്‍സാനിയയില്‍ ഉണ്ടായിരുന്ന മിക്ക ഇന്‍ഡ്യന്‍ വംശജരും ഇംഗ്ലണ്ടിലേക്ക് പോകാന്‍ തീരുമാനിച്ചു; ശങ്കറിന്‍റെ കുടുംബം കേരളത്തിലേക്ക് തിരിച്ചുവന്നു.

ജി ശങ്കര്‍. ഫോട്ടോ: ഫേസ്ബുക്ക്/ജി ശങ്കര്‍

ആദ്യം തിരുവല്ലയില്‍ അമ്മയുടെ വീട്ടിലാണ് അവര്‍ താമസിച്ചത്. പിന്നീട് അച്ഛന്‍റെ സ്ഥലമായ തിരുവനന്തപുരത്തേക്ക് മാറി. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ്ങ് കോളെജില്‍ നിന്നും ആര്‍കിടെക്ചറില്‍ രണ്ടാംറാങ്കോടെ ബിരുദം നേടിയ ശേഷം ശങ്കര്‍ ഹൗസിങ്ങില്‍ ബിരുദാനന്തരബിരുദം നേടാനായി യു. കെയിലെ ബര്‍മിങ്ഹാം സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറില്‍ ചേര്‍ന്നു. അവിടെ നിന്ന് ഒന്നാംറാങ്കോടെ പാസായി. 

കുടുംബം കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ എനിക്ക് രണ്ട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. എനിക്ക് ഭയങ്കരമായ വിക്കലുണ്ടായിരുന്നു. അതിന് പുറമെ മലയാളവും അറിഞ്ഞുകൂടാ. എന്നാല്‍ വീട്ടുമുറ്റത്ത് മണ്ണിലെഴുതിയെഴുതി ഒറ്റവര്‍ഷം കൊണ്ട് ഞാന്‍ ഭാഷ പഠിച്ചു. എന്നാല്‍ പറയുന്ന കാര്യം അപ്പോഴും ഒരു പ്രശ്‌നമായിരുന്നു, ശങ്കര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

പഠിക്കാന്‍ മിടുക്കനായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ എക്‌സിസ്റ്റെന്‍ഷ്യല്‍ ഫിലോസഫിയില്‍ വലിയ താല്‍പര്യമായി. ആല്‍ബേര്‍ കമ്യു, സാര്‍ത്ര് തുടങ്ങിയവരുടെ എഴുത്തുകള്‍ വായിക്കാന്‍ തുടങ്ങി. അത് അദ്ദേഹത്തിന് മേല്‍ വലിയ സ്വാധീനമായി ഇന്നും നിലനില്‍ക്കുന്നു.

ഫോട്ടോ: ഫേസ്ബുക്ക്/ജി ശങ്കര്‍

അസ്തിത്വവേദനകള്‍ ചെറുപ്പത്തിലേ പിടികൂടിയെങ്കിലും ജീവിതത്തോടുള്ള അഭിനിവേശവും അത്ര തന്നെ ശക്തമായിരുന്നു. ഉള്ളില്‍ ഈ ചിന്തകളും ധര്‍മ്മസങ്കടങ്ങളും കിടന്നു കുഴമറിഞ്ഞു. കുറേ മാസങ്ങള്‍ സ്‌കൂളില്‍ പോകുന്നതുപോലും വേണ്ടെന്നുവെച്ചു. ക്ലാസ്സിലെ എറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന കുട്ടിയായിരുന്നു.


പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ കെട്ടിട നിര്‍മ്മാണ രീതികള്‍ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ നോണ്‍-പ്രോഫിറ്റ് സ്ഥാപനമാണ് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്. അഞ്ച് രാജ്യങ്ങളിലായി ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പത്ത് ലക്ഷം ഹൗസിങ്ങ് യൂനിറ്റുകളും ഒരു ലക്ഷത്തിലധികം ഗ്രീന്‍ ബില്‍ഡിങ്ങുകളും നിര്‍മ്മിക്കുന്നതിന് ശങ്കര്‍ നേതൃത്വം നല്‍കി.


സംസ്ഥാനതലത്തിലെ പല പരീക്ഷകളിലും മികച്ച വിജയം നേടിയിട്ടുമുണ്ടായിരുന്നു. എന്നിട്ടും സ്‌കൂളില്‍ പോകാന്‍ ആശയങ്ങളുടെ ഈ കുഴമറിച്ചല്‍ മൂലം ബുദ്ധിമുട്ടായി… ഒടുവില്‍ അമ്മയും അച്ഛനും പ്രശ്‌നം തിരിച്ചറിഞ്ഞ് ഇടപെട്ടു. വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങി, അദ്ദേഹം മനസ്സുതുറന്നു.

ആ വിഷമഘട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് എന്ന് ശങ്കര്‍ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എഴുത്തും വായനയും അറിയാത്തവരുടെ വീട്ടിലെത്തി അവരെ പഠിപ്പിക്കാനും ചെലവുകുറഞ്ഞതും പുകയില്ലാത്ത അടുപ്പുകള്‍ വില്‍ക്കാനുമൊക്കെ പോയി.

ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

“ഒരു മധ്യവര്‍ഗകുടുംബത്തില്‍ നിന്നുവരുന്ന എനിക്ക് പാവപ്പെട്ടവരുടെ ജീവിതം അടുത്തുമനസ്സിലാക്കുന്നതിനുള്ള ആദ്യത്തെ അവസരമായിരുന്നു അത്,” ശങ്കര്‍ ഓര്‍ക്കുന്നു.

പതിമൂന്നാം വയസ്സില്‍ ശങ്കര്‍ ഒരു തീരുമാനമെടുത്തു. ഭാവിയില്‍ എന്ത് ചെയ്യാന്‍ തീരുമാനിച്ചാലും അത് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും തരത്തില്‍ പ്രയോജനം ചെയ്യുന്നതായിരിക്കണം എന്ന്. ആ തീരുമാനം  ആര്‍കിടെക്ചറിലേക്ക് നയിക്കുന്നതിലും അദ്ദേഹത്തെ സ്വാധീനിച്ചിരിക്കണം.

“എന്നെ സംബന്ധിച്ചിടത്തോളം ആര്‍കിടെക്ചര്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും അവരുടെ കൈപിടിക്കാനുമുള്ള ഒരു വഴിയായിട്ടാണ് തോന്നിയത്. എന്‍ജിനീയറിങ്ങ് വിഷയങ്ങളില്‍ ആര്‍കിടെക്ചറാണ് എന്നെ ആകര്‍ഷിച്ചത്,” അദ്ദേഹം പറഞ്ഞു.

ലാറി ബെക്കറിന്‍റെ നിര്‍മ്മിതികള്‍ കണ്ടും പഠിച്ചും വളരാന്‍ എനിക്ക് ഭാഗ്യം കിട്ടി. ഡിസൈന്‍ സംബന്ധിച്ച് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ കെട്ടിടങ്ങള്‍ ഇന്നുമെനിക്ക് പ്രചോദനം നല്‍കുന്നു.

ലാറി ബെക്കര്‍. ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

അദ്ദേഹത്തിന്‍റെ വഴി ശരിയായിരുന്നു. അദ്ദേഹം ഇന്‍ഡ്യയെ മനസ്സിലാക്കിയിരുന്നു. നിര്‍മ്മിതികളില്‍ ഇന്‍ഡ്യന്‍ സത്ത കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്‍ഡ്യന്‍ വാസ്തുവിദ്യയില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരാള്‍ വരേണ്ടി വന്നു. അദ്ദേഹത്തിനൊപ്പം ഇതുവരെ ജോലി ചെയ്തിട്ടില്ലെങ്കിലും എന്‍റെ ഗുരുവായാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്, ശങ്കര്‍ പറയുന്നു.


ഗ്രീന്‍ ബില്‍ഡിങ് ടെക്‌നോളജി അടിസ്ഥാനമാക്കി  കോയമ്പത്തൂരില്‍ 1995ല്‍ നിര്‍മ്മിച്ച ഇന്‍ഡ്യയിലെ ആദ്യത്തെ ടൗണ്‍ഷിപ്പ് (ഇതില്‍ 600 വീടുകളും കമ്മ്യൂണിറ്റി സെന്‍ററും ക്ഷേത്രവുമൊക്കെയുണ്ട്) മുതല്‍ മണ്ണുകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കെട്ടിടംവരെ (ബംഗ്ലാദേശിലാണ് ഇത്. ആറ് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ടിതിന് ) നീളുന്നു ശങ്കറിന്‍റെ വാസ്തുശില്പ രചനകള്‍.


പരിസ്ഥിതി സൗഹൃദമായിരിക്കുന്നതിനൊപ്പം ചെലവു കുറഞ്ഞതും ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കുന്നതും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതുമായിരിക്കണം നിര്‍മ്മിതികള്‍. ഈ മാനദണ്ഡങ്ങളാണ് ആര്‍കിടെക്റ്റ് ശങ്കറിന്‍റെ വാസ്തുവിദ്യാരീതിയുടെ അടിസ്ഥാനം. ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടുതന്നെയാണ് നിര്‍മ്മാണ വസ്തുക്കളും ഉപകരണങ്ങളും അദ്ദേഹം തെരഞ്ഞെടുക്കുന്നതും.

ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

“നിര്‍മ്മാണ വസ്തുക്കള്‍ ചുറ്റുവട്ടത്തുനിന്നും ആയിരിക്കണം. പ്രകൃതിക്കിണങ്ങാത്തതൊന്നും സ്വീകരിക്കാനാവില്ല. ഇതിന് പുറമെ ഊര്‍ജ്ജം പാഴാക്കാത്തതും ചെലവുകുറഞ്ഞതുമായിരിക്കണം… ഉദാഹരണത്തിന് കേരളത്തില്‍ നിര്‍മ്മാണം നടത്തുമ്പോള്‍ ഞാന്‍ മുള കൂടുതലായി ഉപയോഗിക്കും. കാരണം അത് പ്രദേശികമായി ലഭിക്കുമെന്നുള്ളതിന് പുറമെ നിര്‍മ്മിതിക്ക് ആവശ്യമായ ഉറപ്പും നല്‍കുന്നു. സ്റ്റീലിന് പകരം മുള ഉപയോഗിക്കാം..,” അദ്ദേഹം വിശദീകരിക്കുന്നു.

കുമ്മായമാണ് ശങ്കറിന് ഇഷ്ടപ്പെട്ട മറ്റൊന്ന്. സിമെന്‍റിന് പകരമായി കുമ്മായം ഉപയോഗിക്കാം. മാത്രമല്ല, ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുമ്മായം ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളം.

“നോക്കൂ, സിമെന്‍റും സ്റ്റീലുമൊക്കെ ഉല്‍പാദിപ്പിക്കാന്‍ ഒരു പാട് ഊര്‍ജ്ജം ചെലവാകുന്നുണ്ട്. അതുകൊണ്ടാണ് നമ്മള്‍ അവ ഉപയോഗിക്കാത്തത്. പകരം ഞങ്ങള്‍ മണ്ണ് ഉപയോഗിക്കുന്നു. അത് ചെലവുകുറഞ്ഞതാണ്, വീട്ടില്‍ നല്ല തണുപ്പും കിട്ടും. എന്‍റെ ഓഫീസ് ആറ് നിലയുണ്ട്, പൂര്‍ണമായും മണ്ണുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറത്ത് കടുത്ത ചൂടാണെങ്കിലും എന്‍റെ ഓഫീസിനകത്ത് നല്ല തണുപ്പാണ്,”അദ്ദേഹം പറഞ്ഞു.

ശങ്കറിന്‍റെ മുടവന്‍മുകളിലെ സിദ്ധാര്‍ത്ഥ എന്ന മണ്‍വീട്
ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

ആദ്യമൊക്കെ തേയ്ക്കാത്ത ഇഷ്ടിക കൊണ്ടുള്ള കെട്ടിടങ്ങളാണ് ശങ്കര്‍ നിര്‍മ്മിച്ചിരുന്നത്. സിമെന്‍റിന്‍റെ ഉപയോഗം വളരെയേറെ കുറവാണെന്നതാണ് ഇതിന്‍റെ മെച്ചം. ഇഷ്ടിക അത്രയ്‌ക്കൊന്നും പരിസ്ഥിതി സൗഹൃദമായ ഒന്നല്ലെന്ന് പതിനഞ്ച് വര്‍ഷം മുമ്പ് അദ്ദേഹത്തിന് മനസ്സിലായി. ഇഷ്ടിക ചുട്ടെടുക്കുന്നതിന് മാത്രം ഒരുപാട് വിറകും ഊര്‍ജ്ജവും ചെലവാകുന്നുണ്ട്. അതിന് ശേഷമാണ് മണ്ണ് ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഇഷ്ടിക പോലെ അത്ര ഉറപ്പില്ലാത്തതാണെങ്കിലും പല സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉറപ്പിന്‍റെ കാര്യവും ഉറപ്പിക്കാന്‍ കഴിഞ്ഞു.


ഇന്ന് ഹാബിറ്റാറ്റില്‍ 400 ആര്‍കിടെക്റ്റുകളും എന്‍ജിനീയര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്. കൂടാതെ, പരിശീലനം ലഭിച്ച 35,000 തൊഴിലാളികളുണ്ട്.


കാലാവസ്ഥ, ഭൂപ്രകൃതി, കെട്ടിടം നിര്‍മ്മിക്കാന്‍ പോകുന്ന സ്ഥലത്തിന്‍റെ കിടപ്പ്, എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ ഇങ്ങനെയുള്ള പല ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് ശങ്കര്‍ ഒരു പ്രോജക്ട് ഏറ്റെടുക്കുന്നത്. പിന്നെ, വീടുവെയ്ക്കുന്ന ആളുടെ മറ്റ് ആവശ്യങ്ങളും ചോദിച്ചുമനസ്സിലാക്കും: വായിക്കാനിഷ്ടപ്പെടുന്ന ആളാണോ, സ്വസ്ഥമായി ഒരിടത്തിരുന്ന് പാട്ടുകേള്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ആളാണോ, ധ്യാനിക്കുന്ന കൂട്ടത്തിലാണോ, പാടാനും ചുമ്മാ മാനം നോക്കി വെറുതെയിരിക്കാനുമൊക്കെ ഇടം വേണോ…അങ്ങനെ പല കാര്യങ്ങളും ഡിസൈനിലും പരിഗണിക്കും. ഇതൊക്കെ നോക്കിയാണ് വെളിച്ചവും വായു സഞ്ചാരവുമൊക്കെ ക്രമീകരിക്കുന്നതും.

ശങ്കറിന്‍റെ മുടവന്‍മുകളിലെ സിദ്ധാര്‍ത്ഥ എന്ന മണ്‍വീട്. ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

“ഞാന്‍ അവരോട് സംസാരിച്ച് അവര്‍ ഏത് തരത്തിലുള്ള ആളുകളാണെന്ന് മനസ്സിലാക്കും. എന്‍റെ വീടുകള്‍ സ്‌നേഹവും കരുതലും കൊണ്ടാണ് നിര്‍മ്മിക്കുന്നത്, സിമെന്‍റും കോണ്‍ക്രീറ്റും കൊണ്ടല്ല,” അദ്ദേഹം വ്യക്തമാക്കുന്നു.

കടലാസുപൂക്കളും മുല്ലയും മേല്‍ക്കൂരിയിലൂടെ പൂത്തുപടര്‍ന്നിറങ്ങുന്ന, മുളങ്കൂട്ടങ്ങളും മരങ്ങളും വീടിനകത്തും പുറത്തുമായി നിറഞ്ഞുനില്‍ക്കൂന്ന ശങ്കറിന്‍റെ തിരുവനന്തപുരം മുടവന്‍മുകളിലെ സിദ്ധാര്‍ത്ഥ മണ്‍വീട് ഒരു വട്ടം കണ്ടാല്‍ അദ്ദേഹം പറയുന്നതെന്താണെന്ന് മനസ്സിലാവും.
പതിനെട്ട് മാസമാണ് ഈ വീടുണ്ടാക്കാന്‍ എടുത്തത്.


സത്യത്തില്‍ സ്വന്തമായി ഒരു വീട് വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലായിരുന്നു.


“മണ്ണില്‍ നിര്‍മ്മിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കും, കാരണം അത് കൈകൊണ്ട് മെഴുകിയെടുക്കുന്നതാണ്. 30 വര്‍ഷം ആര്‍കിടെക്ച്ര്‍ പ്രാക്ടീസ് ചെയ്തതിന് ശേഷമാണ് ഞാനിത് നിര്‍മ്മിക്കുന്നത്. സത്യത്തില്‍ സ്വന്തമായി ഒരു വീട് വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലായിരുന്നു. പക്ഷേ, എന്‍റെ ഭാര്യ പറഞ്ഞു, ദേ നിങ്ങള്‍ക്ക് വയസ്സായിത്തുടങ്ങി, സ്വന്തമായി ഒരു വീടുണ്ടാക്കണം എന്ന്… അങ്ങനെയാണ് ഈ വീട് നിര്‍മ്മിക്കുന്നത്. ഞാനിതില്‍ സംതൃപ്തനാണ്… തൊടുമ്പോള്‍ മണ്ണിന്‍റെ മിനുപ്പും മാര്‍ദ്ദവവുമൊക്കെ അറിയാം, ആ കുളിര്‍മ്മയും…”

കേരളത്തിന്‍റെ വാസ്തുവിദ്യാ പാരമ്പര്യത്തിനും കാലാവസ്ഥയ്ക്കും ഒരുതരത്തിലും യോജിക്കാത്ത വമ്പന്‍ വീടുകള്‍ ഉയരുന്നത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തില്‍ വീടുനഷ്ടപ്പെട്ടവര‍്ക്കായി നിര്‍മ്മിച്ച വീട്
ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

പ്രാദേശികമായ വാസ്തുവിദ്യാ ശൈലിയില്‍ ഞാനെപ്പോഴും വിശ്വസിക്കുന്നു, കാരണം അത് ആ പ്രദേശത്തിന്‍റെയും മനുഷ്യരുടേതുമാണ്…കുറഞ്ഞത് ആയിരം വര്‍ഷങ്ങളായുള്ള ഗവേഷണവും വികാസവും അതിനുണ്ട്. കേരളത്തിലെ വീടുകളുടെ പാരമ്പര്യ വാസ്തുവിദ്യാ ശൈലി വളരെ മികച്ചതാണ്. അത് സാമൂഹികവും പ്രാകൃതികവുമായ കാലാവസ്ഥകളെ കണക്കിലെടുത്തുകൊണ്ടുള്ള മനോഹരമായ നിര്‍മ്മിതികളായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.


ഇതുകൂടി വായിക്കാം: ‘ആ മണം ഡിപ്രഷനുള്ള മരുന്നിന്‍റെ ഗുണം ചെയ്യും’: മരനടത്തത്തിന്‍റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്


എന്നാല്‍ പ്രവാസികളില്‍ നിന്നുള്ള പണമൊഴുക്കിന്‍റെ പിന്‍ബലത്തോടെ കേരളത്തില്‍ ഉയര്‍ന്നുവന്ന കൂറ്റന്‍ വീടുനിര്‍മ്മാണത്വര അദ്ദേഹത്തെ മടുപ്പിക്കുന്നു. “രാക്ഷസീയമായ” നിര്‍മ്മിതികള്‍  എന്നാണ് അദ്ദേഹം അവയെ വിളിക്കുന്നത്.

യു കെ യിലെ പഠനത്തിന് ശേഷം ശങ്കര്‍ ഡെല്‍ഹിയില്‍ കുറച്ചുകാലം ജോലി ചെയ്തു. അതിന് ശേഷം കേരള സര്‍ക്കാരിന് വേണ്ടി. എന്നാല്‍ അത് അധികകാലം തുടരാനായില്ല. ആശയങ്ങള്‍ തമ്മില്‍ യോജിപ്പില്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം സ്വന്തം വഴി തെരഞ്ഞെടുത്തു.

സ്റ്റേറ്റ് പൊലീസ് ഹൗസ്. ഡി പി ഐ, ജഗതി, തിരുവന്തപുരം
ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

“ഞാനൊരു ജനകീയ പ്രസ്ഥാനമാണ് ലക്ഷ്യമിട്ടത്… വീടിന്‍റെ പേരില്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ക്ക് പകരമായി ഇവിടെയുള്ള സാധാരണക്കാര്‍ പുതിയ സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നു.”

അങ്ങനെ ‘വണ്‍-റൂം വണ്‍ പേഴ്‌സണ്‍’ (ഒരാള്‍, ഒരുമുറി) എന്ന പ്രസ്ഥാനം 1987ല്‍ തുടങ്ങിവെയ്ക്കുന്നു. ആദ്യത്തെ പ്രോജക്ട് കിട്ടാന്‍ ആറ് മാസം കാത്തിരിക്കേണ്ടി വന്നു. ഒരു ബാങ്ക് ക്ലാര്‍ക്കിനുവേണ്ടിയുള്ള ഒരു ചെറിയ വീടായിരുന്നു അത്. പിന്നീട് വലിയ തിരക്കായി. 1990 ആയപ്പോഴേക്കും ശങ്കര്‍ വര്‍ഷം 1,500 വീടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

ഇന്ന് അദ്ദേഹത്തിന്‍റെ നോണ്‍-പ്രോഫിറ്റ് ഗ്രൂപ്പില്‍ 400 ആര്‍കിടെക്റ്റുകളും എന്‍ജിനീയര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്. കൂടാതെ, പരിശീലനം ലഭിച്ച 35,000 തൊഴിലാളികളുണ്ട്. രാജ്യത്തിനകത്ത് 34 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രോജക്ടുകളാവട്ടെ, പല രാജ്യങ്ങളിലേക്ക് പടര്‍ന്നു. നൈജീരിയയിലും ബാംഗ്ലാദേശിലും ശ്രീലങ്കയിലുമൊക്കെ പ്രോജക്ട് ഓഫീസുകളുമുണ്ട്.

പത്മശ്രീ ലഭിച്ച ലാറി ബെക്കറെ ഹാബിറ്റാറ്റ് ഗ്രൂപ്പ് ആദരിച്ചപ്പോള്‍. ഫോട്ടോ: ഫേസ്ബുക്ക്/ ജി ശങ്കര്‍

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ സര്‍ക്കാരുകളുമായും സന്നദ്ധസംഘടനകളുമായുമൊക്കെ ബന്ധപ്പെട്ട് ഇന്‍ഡ്യയ്ക്കകത്തും പുറത്തു നിരവധി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശങ്കറിന്‍റെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തി. അവയെല്ലാം തന്നെ അദ്ദേഹത്തിന്‍റെ ഡിസൈന്‍ തത്വശാസ്ത്രം പിന്തുടരുന്ന നിര്‍മ്മിതികളായിരുന്നു. ഭോപ്പാല്‍ വാതകദുരന്തത്തിന് ശേഷമുളള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സുനാമി പുനരധിവാസം വരെ നീളുന്നു ആ ലിസ്റ്റ്. ഒഡിഷയില്‍ 1999-ല്‍ വന്‍ നഷ്ടം വരുത്തിയ സൂപ്പര്‍ സൈക്ലോണിന് ശേഷവും സുനാമിക്ക് ശേഷം ശ്രീലങ്കയിലും ഹാബിറ്റാറ്റ് ഗ്രൂപ്പ് ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നു. ശ്രീലങ്കയില്‍ ജര്‍മ്മന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക പിന്തുണയോടെ പുനര്‍നിര്‍മ്മിച്ച 95,000 വീടുകള്‍ ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട വെള്ളപ്പൊക്കത്തിന് ശേഷം വീടുനഷ്ടപ്പെട്ടവര്‍ക്ക് പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.  “പാവങ്ങള്‍ക്ക് പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ എന്ന പരിഹാരമാണ് അവര്‍ മുന്നോട്ടുവെച്ചത്. പക്ഷേ, ഞാന്‍ അതിനെതിരാണ്. നമുക്ക് മനുഷ്യരെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വീടുകളാണ് വേണ്ടത്. പക്ഷേ, സര്‍ക്കാരിന് സുസ്ഥിരതയുടെ ഭാഷ മനസ്സിലായില്ല. അതുകൊണ്ട് ഞാന്‍ സി എസ് ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകള്‍) ഉപയോഗിച്ചുകൊണ്ടുള്ള പല പദ്ധതികളുമായി ചേര്‍ന്ന് ദുരിത ബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുകയാണ്. ആസ്റ്റര്‍ ഹോംസുമായി ചേര്‍ന്ന് ആയിരം വീടുകള്‍.. അടുത്ത രണ്ടുമാസത്തിനുള്ളില്‍ പിന്നെയും അഞ്ഞൂറു വീടുകള്‍ നിര്‍മ്മിക്കുകയാണ്…

മണ്‍വീടുകള്‍ പ്രളയത്തെ അതിജീവിക്കുമോ? ശങ്കറിന്‍റെ മുടവന്‍മുകളിലെ സിദ്ധാര്‍ത്ഥയാണ് അതിന് ഏറ്റവും മികച്ച മറുപടി. (ഫോട്ടോ: ജി ശങ്കര്‍/ ഫേസ്ബുക്ക്)
സിദ്ധാര്‍ത്ഥ വെള്ളപ്പൊക്കത്തിന് ശേഷം (ഫോട്ടോ: ജി ശങ്കര്‍/ ഫേസ്ബുക്ക്)

“പ്രളയം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. നമ്മള്‍ അതില്‍ നിന്നൊന്നും പഠിച്ചില്ല… ഞാന്‍ സ്‌കെപ്റ്റിക് ആണ്. എന്നാല്‍ സുസ്ഥിരമായ ഒരു ഭാവി സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോത്രവിഭാഗങ്ങള്‍ക്കും പാവപ്പെട്ട ദളിതര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമൊക്കെയായി വലിയ പുനരധിവാസ ഗ്രാമങ്ങളും പദ്ധതികളുമായി ഗ്രൂപ്പ് കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒഡിഷയിലുമൊക്കെ സജീവമാണ്. പ്രാദേശിക ജനതയെക്കൂടി ഒപ്പംകൂട്ടിക്കൊണ്ട്ുള്ള ഈ പ്രവര്‍ത്തനങ്ങളാണതെല്ലാം. വേളിയിലെയും തിരുവനന്തപുരത്തേയും ചേരി പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഹാബിറ്റാറ്റ് ഗ്രൂപ്പിന് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കാം: പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍


അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളി മുതല്‍ ദിവസവേതനക്കാര്‍ വരെ കടന്നുചെല്ലുന്നു, അവര്‍ക്ക് താങ്ങാവുന്ന ചെലവില്‍ നല്ലൊരു വീടുവെയ്ക്കാന്‍. അവര്‍ക്കെല്ലാമിണങ്ങുന്ന പ്രകൃതി സൗഹൃദവീടുകള്‍ ഹാബിറ്റാറ്റ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കുന്നു.

(ഫോട്ടോ: ജി ശങ്കര്‍/ ഫേസ്ബുക്ക്)

“കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രധാന ഉത്തരവാദികള്‍ ഞങ്ങള്‍ ആര്‍കിടെക്റ്റുകളാണ്…,” അദ്ദേഹം കുറ്റസമ്മതം നടത്തുന്നു. “കാരണം, ഞങ്ങളാണീ നിര്‍മ്മിതികള്‍ കൊണ്ട് ലോകം നിറച്ചത്. കഴിഞ്ഞ 30 വര്‍ഷമായി നമ്മള്‍ സുസ്ഥിര വികസനത്തെക്കുറിച്ചു സംസാരിക്കുന്നു. എന്നിട്ടും നമ്മളൊന്നും പഠിക്കുന്നില്ല. ലോകത്തിന് മുന്നില്‍ സാധ്യതകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനിയങ്ങോട്ട് നമ്മള്‍ നിര്‍മ്മിക്കുന്നതെങ്കിലും പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജക്ഷമവും ചെലവുകുറഞ്ഞതും മനുഷ്യരെ മുന്നില്‍ കണ്ടുള്ളതുമായിരിക്കണം. അല്ലെങ്കില്‍ നാം തോറ്റുപോകും.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം