മ ഴ നനഞ്ഞ് കാടും വെള്ളച്ചാട്ടവുമൊക്കെ കാണാന്‍ പോയാലോ.. ഈ ചോദ്യം തീരും മുന്‍പേ എന്നാ അതിരപ്പിള്ളിയും വാഴച്ചാലും വഴി ഷോളയാറിലേക്കായാലോ എന്നായിരിക്കും മറുചോദ്യം.
യാത്രാപ്രേമികളുടെ പ്രിയ ഇടങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറയുമൊക്കെ. മഴയില്‍ നനഞ്ഞുനില്‍ക്കുന്ന കാടും പുഴയും വെള്ളച്ചാട്ടവും പിന്നെ മരയണ്ണാനും മലമുഴക്കിവേഴാമ്പലുമൊക്കെയുള്ള അതിരപ്പിള്ളിയുടെയും വാഴച്ചാലിന്‍റെയും വനഭംഗികള്‍ നഷ്ടമാകാതെ നിലനിര്‍ത്തുന്നത് ഒരു സ്ത്രീയും അവരുള്‍പ്പെടുന്ന ആദിവാസി സമൂഹവുമാണ്.
ഒരു പക്ഷേ, ചരിത്രം എഴുതപ്പെട്ട കാലത്തിനും മുമ്പേ, ഈ കാടിനും പുഴയ്ക്കും അവകാശികളായിരുന്നവര്‍. പ്രകൃതിയ്ക്ക് പോറലേല്‍പ്പിക്കാതെ സംരക്ഷിച്ചുപോരുന്ന മനുഷ്യര്‍. മഴക്കാടുകളില്‍ താമസിക്കാനിഷ്ടപ്പെടുന്നവര്‍.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
കാടിനും പുഴയ്ക്കും ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ ആദ്യമിറങ്ങിയവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു, ആ ചെറുപ്പക്കാരി. വാഴച്ചാല്‍ ഊരിന്‍റെ മൂപ്പത്തി, വി കെ ഗീത എന്ന ഗീത വാഴച്ചാല്‍.
കേരളത്തിന്‍റെ ആദ്യ ഊരു മൂപ്പത്തി. എല്ലാ ആദിവാസി ഊരുകള്‍ക്കും മൂപ്പന്‍മാരാണല്ലോ.. വാഴച്ചാല്‍ ഊരിന്‍റെ കാവലായിരിക്കുന്നത് മൂപ്പത്തിയാണ്… ഭൂമിയില്‍ 2,000ത്തില്‍ താഴെ മാത്രം പേര്‍ അവശേഷിക്കുന്ന ഒരു പ്രാക്തന ഗോത്രവിഭാഗത്തിന്‍റെ കാവലാള്‍.
അതൊരു തുടക്കമായിരുന്നില്ല, കുറെക്കാലമായി ഗീത കാടര്‍ സമൂഹത്തിന് വേണ്ടി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു.
കേരളത്തില്‍ ആദ്യമായി സമൂഹ വനാവകാശം നേടിയ ഊര് കൂടിയാണിത്. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ 40,000 ഹെക്ടര്‍ ഭൂമിയിലാണ് പ്രാക്തന വനവാസി വിഭാഗത്തില്‍ പെട്ട കാടര്‍ സമൂഹത്തിന് വനാവകാശ നിയമപ്രകാരം അവകാശം ലഭിച്ചത്. കുറെ മാസങ്ങളായുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 2014-ല്‍ അവര്‍ സമൂഹവനാവകാശം നേടിയെടുത്തത്.
ആ സമയത്ത് ഗീത ഊരുമൂപ്പത്തിയായിരുന്നില്ല. എങ്കിലും അത് നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടായിരുന്നു, പിന്നീട് ആ അവകാശങ്ങള്‍ക്ക് മേല്‍ കൈകടത്തലുകള്‍ ഉണ്ടാകുന്നുവെന്ന് തോന്നിയപ്പോഴെല്ലാം അതിനെതിരെ പ്രതികരിക്കുന്ന ധീരശബ്ദമായി ആ 33-കാരി.
“എനിക്ക് മുന്‍പ് ലക്ഷ്മണന്‍ ആയിരുന്നു വഴച്ചാല്‍ ഊരുമൂപ്പന്‍.” ഊരിന്‍റെ കാവല്‍ക്കാരിയായതിനെക്കുറിച്ച് ഗീത പറയുന്നു. “ലക്ഷ്മണന്‍ ഊരിന്‍റെ മൂപ്പനായിരിക്കെ സര്‍ക്കാര്‍ ജോലി കിട്ടി. ഫോറസ്റ്റ് വകുപ്പില്‍ വാച്ചറായിട്ട്. ലക്ഷ്മണന്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വാഴച്ചാലിന് ഊരുമൂപ്പനില്ലാതെയായി. കുറേക്കാലം മൂപ്പനില്ലാ ഊരായിരുന്നു.”
ഏതാണ്ട് ആറുമാസക്കാലം മൂപ്പന്‍ സ്ഥാനം ഒഴിഞ്ഞു കിടന്നു. അതിന്‍റെ ചില പ്രശ്നങ്ങളും തലപ്പൊക്കി തുടങ്ങി. “വിവാഹ സര്‍ട്ടിഫിക്കറ്റ്, സ്‌കൂളിലേക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്.. ഇങ്ങനെ പലതിനും വില്ലെജ് ഓഫിസിലേക്കാണല്ലോ പോകുന്നത്. അതിനു പോകുന്നതിന് മുന്‍പ് ഊരുമൂപ്പന്‍റെ സാക്ഷ്യപത്രം വേണം. അത് വില്ലെജ് ഓഫിസറെ കാണിക്കണം. എന്നാലേ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടൂ… അങ്ങനെയാണ് എത്രയും പെട്ടെന്ന് മൂപ്പനെ തെരഞ്ഞെടുക്കണമെന്നു ഓരോരുത്തരും പറഞ്ഞു തുടങ്ങിയത്.”
ഇതുകൂടി വായിക്കാം: 75 ദിവസം കൊണ്ട് കേരളത്തിലെ ഏറ്റവും ‘സന്തോഷമുള്ള സ്‌കൂള്‍’ ഒരുക്കി ഒരു ഗ്രാമം
പുരുഷന്‍മാര്‍ക്ക് ആര്‍ക്കും മൂപ്പനാകണ്ട. ആര്‍ക്കും താത്പ്പര്യമില്ല. “അങ്ങനെയാണ് എന്‍റെ വരവ്. താത്ക്കാലികമായി ഞാന്‍ ഊരുമൂപ്പത്തിയാകും.. പിന്നീട് മറ്റൊരാള്‍ വരുമ്പോള്‍ മാറിക്കൊടുക്കം.. ഇതായിരുന്നു തീരുമാനം.”
അതോടെ എല്ലാവരുടെയും പിന്തുണയോടെ ഗീത കേരളത്തിലെ ആദ്യ ഊരുമൂപ്പത്തിയായി, 2014-ല്‍. അതൊരു തുടക്കമായിരുന്നില്ല, കുറെക്കാലമായി ഗീത കാടര്‍ സമൂഹത്തിന് വേണ്ടി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു.
“ഊരുമൂപ്പത്തി എന്ന പദവി താത്ക്കാലികമായിരുന്നു. അക്കാര്യം അന്നാളില്‍ തന്നെ എല്ലാരോടും പറഞ്ഞിരുന്നു. വേറെ ആര് എപ്പോ വന്നാലും മാറിക്കൊടുക്കാന്‍ തയാറാണ്. പക്ഷേ ഇപ്പോ നാലരവര്‍ഷമായി..”
അസുഖമൊക്കെയായി പാതിരായ്ക്ക് പോലും പലരും വിളിക്കും.. വീട്ടില്‍ വരും.
മൂപ്പത്തിയായി ഊരുകാര്‍ക്കെല്ലാം ഗീത തന്നെ മതി. വാഴച്ചാല്‍ ഊരില്‍ മാത്രമല്ല, മറ്റ് ഊരുകളിലേക്കും ഗീതയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.
“ഊരുകാരുടെ ആവശ്യങ്ങള്‍ ചെയ്തു കൊടുക്കുക.. ഇതിനായിരുന്നു പ്രധാന്യം. പിന്നെ അവരുടെ പ്രശ്നങ്ങളൊക്കെ വന്നു പറയും. കഴിയുന്ന പോലെ ആ പ്രശ്നം പരിഹരിക്കും. അസുഖമൊക്കെയായി പാതിരായ്ക്ക് പോലും പലരും വിളിക്കും.. വീട്ടില്‍ വരും. അവരെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട അവസ്ഥയാണെങ്കില്‍ അതിനു വേണ്ടതൊക്കെ ചെയ്യണം. വാഹനസൗകര്യം കിട്ടുമോന്ന് നോക്കണം.. കിട്ടിയില്ലെങ്കില്‍ അതൊക്കെ വിളിച്ചു കൊടുക്കണം. ഏതു നേരത്തായാലും വിളിച്ചാല്‍ പൊലീസും ഫോറസ്റ്റുമൊക്കെ സഹായത്തിനെത്തും. ഇനി ചിലപ്പോ അവര്‍ക്ക് വല്ല തിരക്കുകളും പെട്ടുപോയാല്‍ പറയും, ‘മൂപ്പത്തീ.. തിരക്കിലാണ് എത്തിപ്പെടാന്‍ സാധിക്കി’ല്ലെന്ന്.
“അത്തരം സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. ആ നേരങ്ങളില്‍ ഏതെങ്കിലും സ്വകാര്യ വാഹനം വിളിക്കേണ്ടി വരും.
“രാത്രിയൊക്കെ സ്വകാര്യ വാഹനങ്ങള്‍ വരണമെങ്കില്‍ ഞാന്‍ തന്നെ ഫോണ്‍ ചെയ്യണം. ഊരുമൂപ്പത്തി വിളിച്ചാലേ അവര്‍ വരൂ. വേറൊന്നും കൊണ്ടല്ല, രാത്രിയൊക്കെ ചിലരൊക്കെ മദ്യപിച്ച് വെറുതെയൊക്കെ വാഹനത്തിന് വിളിക്കും.
“രാത്രി ഊരിലേക്ക് വരുന്നത് എളുപ്പമല്ല. അനാവശ്യമായി വാഹനമൊക്കെ വിളിച്ചാല്‍ പിന്നീട് ആവശ്യത്തിന് ആരും വരാതെയാകും. ഊരില്‍ നിന്ന് ആരെങ്കിലും ഏതെങ്കിലും ഡ്രൈവര്‍മാരെ വിളിച്ചാല്‍ തന്നെ അവര്‍ ആദ്യം എന്നെ വിളിക്കും. എന്തെങ്കിലും ആവശ്യമുണ്ടോയെന്നു ചോദിക്കും. കാര്യമൊക്കെ അറിഞ്ഞാലേ രാത്രികാലങ്ങളില്‍ വണ്ടികളെത്തൂ. പകലൊക്കെ എപ്പോഴും ആരു വിളിച്ചാലും വണ്ടികളെത്തും.
“കാടരാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് ഊരുമൂപ്പത്തിയാണ്. അതു വില്ലെജ് ഓഫിസില്‍ കാണിച്ചാലേ ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. വിദ്യാഭ്യാസ ആനൂകൂല്യത്തിന് ഈ സര്‍ട്ടിഫിക്കറ്റ് വേണം. ഊരൂമുപ്പത്തിയുടെ ലെറ്റര്‍ ഹെഡില്‍ ഒപ്പും സീലുമില്ലാത്ത കത്തില്ലാതെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയില്ല…
“കാടര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഊരു കൂട്ടം കൂടണം.” സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ മാത്രമല്ല ഊരിന്‍റെ കാവല്‍ക്കാരിക്കുള്ളതെന്നു ഗീത പറയുന്നു. “ഊരില്‍ പല പ്രശ്നങ്ങളുണ്ടാകാം. കാടിന് പുറമേയുള്ളവര്‍ ആദിവാസികള്‍ക്കിടയില്‍ മദ്യം വില്‍ക്കുന്നത് വലിയൊരു പ്രശ്നമായിരുന്നു. പിന്നെ ചെറിയ വഴക്കുകള്‍, ആശുപത്രികേസുകള്‍ ഇങ്ങനെ പലതിനും ഊരുമൂപ്പത്തിയെയാണ് കാണാന്‍ വരുന്നത്. ”
മാസത്തില്‍ ഒരിക്കലാണ് ഊരു കൂട്ടം കൂടേണ്ടത്. അതു പലപ്പോഴും നടക്കാറില്ല. എന്നാല്‍ മൂന്നു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം. “പക്ഷേ കൃത്യമായി ഇതുനടക്കാറില്ല. വേനല്‍ക്കാലങ്ങളില്‍ ഊരിലുള്ളവര്‍ അവരുടെ ജോലിത്തിരക്കിലാകും. വേനലിലാണ് മലഞ്ചരക്കുകള്‍ ശേഖരിക്കാന്‍ ഊരിലുള്ളവര്‍ പോകുന്നത്. തേന്‍, തെള്ളി, കൂവ, ചീവയ്ക്ക, ഇഞ്ചി, മഞ്ഞള്‍.. ഇതൊക്കെയാണ് ഇവര്‍ ശേഖരിക്കുന്നത്. മഴക്കാലങ്ങളില്‍ ഊരു കൂട്ടത്തിന് ആളുകളുണ്ടാകും.
“വാഴച്ചാല്‍ ഊരിലൊക്കെ 60 പേരൊക്കെ ഊരുകൂട്ടത്തില്‍ പങ്കെടുക്കാറുണ്ട്. മറ്റിടങ്ങളില്‍ അത്രയൊന്നും ഉണ്ടാകാറില്ല. ഓരോ ഊരിലും വ്യത്യസ്തമാണ് ജനങ്ങളുടെ പങ്കാളിത്തം. അതിരപ്പള്ളി പഞ്ചായത്തില്‍ 13 ഊരുകളാണുള്ളത്. ഇതില്‍ ഒമ്പത് ഊരിന്‍റെ കാര്യങ്ങള് മാത്രമേ ഞാന്‍ പോയി അന്വേഷിക്കാറുള്ളൂ. കാടര്‍ക്ക് എട്ട് ഊരുകളാണുള്ളത്,” ഗീത വിശദമാക്കുന്നു.
“വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍ക്കുത്ത് ഈ ഊരുകളിലുള്ളവര്‍ നാട്ടുകാരുമായി അടുത്തിടപഴകുന്നവരാണ്. ബാക്കി ഊരുകളിലുള്ളവര്‍ ഉള്‍ക്കാടുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അങ്ങോട് പോകേണ്ടി വരും. ആ യാത്രകളൊക്കെ ബുദ്ധിമുട്ടൊക്കെയുള്ളതാണ്. പക്ഷേ അവരുടെ കാര്യങ്ങളും നോക്കണ്ടേ..
“രണ്ട് മൂന്നു പേര്‍ സഹായത്തിനുണ്ട്. ഊരുകളില്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ ഇവരും കൂടെയുണ്ടാകും. ഒരു ദിവസം വണ്ടിയെടുത്ത് ഞങ്ങളൊരുമിച്ച് എല്ലാ ഊരുകളിലേക്കും ഒരുമിച്ച് യാത്ര പോകും. ആ യാത്രയില്‍ എല്ലാവരുടെയും പ്രശ്നങ്ങളും ആവശ്യങ്ങളുമൊക്കെ ചോദിച്ചറിയുകയാണ് പതിവ്. മാസത്തിലൊരിക്കല്‍ ഈ യാത്രയുണ്ടാകും.”
ഇതുകൂടി വായിക്കാം: കൃഷി ചെയ്യാന്‍ വെള്ളമില്ല; കുളം വെട്ടാന്‍ ഒറ്റയ്ക്ക് തൂമ്പയുമായിറങ്ങിയ കുട്ടിക്കര്‍ഷകന്‍റെ വിശേഷങ്ങള്‍
കഴിഞ്ഞ വര്‍ഷത്തെ പ്രളയം വനപ്രദേശത്തെ ആദിവാസികളെയും വല്ലാതെ ബാധിച്ചു. “പ്രളയകാലത്ത് ഉരുള്‍പ്പൊട്ടലുണ്ടായ ഇടമാണ് ആനക്കയം. 23 കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. അവരുടെ എല്ലാം ആ പ്രളയത്തില്‍ നഷ്ടപ്പെട്ടു. അവരുടെ പുനരധിവാസത്തിന് വേണ്ടി ഞങ്ങള്‍ മറ്റു ഊരുകളിലെ മൂപ്പമാന്‍മാരടക്കം കത്ത് എഴുതി ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊക്കെ നല്‍കി. ഒരു ഊരിന്‍റെ മാത്രം പ്രശ്നമായിട്ടല്ല എല്ലാവരും അതിനെ കണ്ടത്. … പക്ഷേ ഇതുവരെ അക്കാര്യത്തില്‍ പരിഹാരമൊന്നുമുണ്ടായിട്ടില്ല,” ഗീത പരാതിപ്പെടുന്നു.
“ഷോളയാറില്‍ നിന്നു കുറച്ചു താഴേക്ക് മാറിയിട്ട്, ഒരു ഉള്‍ക്കാട്ടിലാണിപ്പോള്‍ ആ 23 കുടുംബങ്ങള്‍ താമസിക്കുന്നത്. ഇതുവരെയും അവര്‍ക്ക് വീടായിട്ടില്ല.
“നാട്ടുകാര്‍ക്ക് യോജിക്കുന്നതെന്നു തോന്നുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആ ഭൂമി ഉദ്യോഗസ്ഥര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ ആര്‍ക്കും വീടായില്ല. ഒരുപാട് ഫണ്ട് വേണമല്ലോ ഒരു പുതിയ കോളനിയുണ്ടാക്കുന്നതിന്. സ്ഥലം മാത്രം പോരല്ലോ.. അതിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ ആനക്കയത്തെ 23 കുടുംബങ്ങള്‍ക്ക് തടസമായതെന്നാണ് അറിയാന്‍ കഴിഞ്ഞത്.”
സാമുഹിക വനാവകാശ രേഖ നേടിയ കേരളത്തിലെ ആദ്യ വനവാസി കോളനിയാണ് വാഴച്ചാല്‍. “വനവകാശം നേടുന്ന കാലത്ത് ഞാന്‍ ഊരുമൂപ്പത്തിയായിരുന്നില്ല. അതിനു ശേഷമാണ് ഊരുമൂപ്പത്തിയാകുന്നത്. ഇതിനു ശേഷമാണ് വനാവകാശ നിയമത്തെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഡല്‍ഹിക്ക് പോയത്. അവിടെ നിന്നു മനസിലാക്കിയതൊക്കെയും ഊരുക്കൂട്ടം വിളിച്ചു എല്ലാവരോടും പറഞ്ഞു. വനാവകാശ നിയമത്തെക്കുറിച്ച് ഊരുകാര്‍ക്ക് മാത്രമല്ല പല ഉദ്യോഗസ്ഥര്‍ക്കും പോലും അറിയില്ലായിരുന്നു. നിയമത്തെക്കുറിച്ച് വല്ലതും പറഞ്ഞാല്‍ അവര് ചോദിക്കും, അതെന്താ സംഭവമെന്ന്.”
നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്കെതിരെ ആദിവാസി ഊരുകളുടെ കയ്യിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിരുന്നു വനാവകാശ നിയമം. “സാമൂഹിക വനാവകാശം നേടിയതോടെ ഊരുകളുടെ അനുമിതി ഇല്ലാതെ നിയമപ്രകാരം ഇവിടെ ഒരു വികസനപ്രവര്‍ത്തനവും നടത്താനാകില്ല. സാമൂഹിക വനാവകാശം ലഭിച്ച ഉടനെയാണ് അതിരപ്പിള്ളി പദ്ധതിക്കെതിരേ (ഊരുകള്‍) പ്രമേയം പാസാക്കിയത്.”
ഇതുകൂടി വായിക്കാം: തൊട്ടാല്‍ നുറുങ്ങുന്ന ചില്ലുപാത്രം പോലെ നൂറുകണക്കിന് കുട്ടികള്‍, അവരെ താങ്ങിയെടുക്കാന്‍ ഒരമ്മ
പറമ്പിക്കുളം ആളിയാര്‍, തുന്നക്കടവ്, ഷോളയാര്‍, പൊരിങ്ങല്‍ക്കുത്ത്…അങ്ങനെ ഓരോ പുതിയ ഡാമുണ്ടാക്കിയപ്പോഴും ആ വനപ്രദേശങ്ങളിലുണ്ടായിരുന്ന കാടരും മുതുവാന്‍മാരും മറ്റ് ഗോത്രവര്‍ഗക്കാരും അവരുടെ ഊരുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു. ഇനിയും കുടിയിറക്കാനാവില്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ആ ഉറച്ച തീരുമാനത്തിന് പിന്നിലും പിന്നീട് നടന്ന നിയമപ്പോരാട്ടങ്ങളിലും ഗീത ആ ഗോത്രമനുഷ്യരുടെ നാവായി മാറി.
ഊരു മൂപ്പത്തിയാവുന്നതിന് മുമ്പുതന്നെ അതിരിപ്പിള്ളി പദ്ധതിക്കെതിരേയുള്ള സമരങ്ങളില്‍ ഗീത മുന്നില്‍ ഉണ്ടായിരുന്നു. ഗീതയുടെ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ മുന്‍ ചെയര്‍പേഴ്‌സണും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന ഡോ. എ ലത. (ഡോ. ലത 2017 നവംബറില്‍ അന്തരിച്ചു). ഗീത കുട്ടിയായിരിക്കുമ്പോഴാണ് ഡോ. ലത ഊരുകളുടെ മനുഷ്യരെത്തേടിയെത്തുന്നത്. പിന്നീടങ്ങോട്ട് ഗീതയും ആ പ്രസ്ഥാനവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
“സമരം ജയിച്ചതിനു കാരണവും ഈ നിയമത്തെക്കുറിച്ച് അറിയാമെന്നതായിരുന്നു,” വനാവകാശ നിയമത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചതാണ് ഗുണമായതെന്നു ഗീത പറയുന്നു.
2000 മുതല്‍ തുടര്‍ച്ചയായി അതിരപ്പിള്ള പദ്ധതിക്കെതിരേയുള്ള സമരത്തിലായിരുന്നു. സമരം വിജയച്ചതില്‍ സന്തോഷമുണ്ട്.
സമരനായികയും ഊരുമൂപ്പത്തിയുമൊക്കെയായ ഗീത കഴിഞ്ഞ 16 വര്‍ഷമായി അങ്കണവാടി ടീച്ചറാണ്. “പുളിയിലപ്പാറ അങ്കണവാടിയിലാണിപ്പോള്‍. 12 കുട്ടികളുണ്ട്. ആറു വര്‍ഷമായി ഇവിടെയാണ്. വീട്ടില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലമേയുള്ളൂ പുളിയിലപ്പാറയ്ക്ക്. എന്നും ബസില്‍ പോയി വരും,” ഗീത പറഞ്ഞു.
“അനധികൃതമായി ആദിവസികള്‍ക്ക് മദ്യമെത്തിക്കുന്നവരുണ്ട്.
അവര്‍ക്കെതിരേയുള്ള പ്രതിഷേധം തുടങ്ങിയിട്ട് കുറേയായി. അക്കാലം തൊട്ടേ ഭീഷണികളും അവരില്‍ നിന്നു നേരിടുകയാണ്. ഊരുകളിലുള്ളവരെക്കാള്‍ മറ്റുള്ളവരാണ് അനധികൃതമായി മദ്യം വില്‍ക്കുന്നതിന് മുന്നില്‍. ഇതേക്കുറിച്ച് പൊലീസിനോടും ഇന്‍റലിജന്‍സിനോടും നേരിട്ടും അല്ലാതെയും പരാതി പറഞ്ഞിട്ടുണ്ട്. പക്ഷേ ശാശ്വത പരിഹാരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. കാടര്‍ മദ്യപിക്കാത്തവരായിരുന്നു. എന്നാലിപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്,” ഗീത സങ്കടത്തോടെ പറയുന്നു.
“ഊരുക്കൂട്ടങ്ങളില്‍ മദ്യത്തിനെതിരേ സംസാരിക്കാറുണ്ട്. മദ്യം ഇങ്ങനെ ആദിവാസികള്‍ക്കിടയില്‍ എത്തിക്കുന്നതിനെതിരേ പ്രതികരിക്കുന്നതിനാല്‍ എനിക്കെതിരേ ഒരുപാട് ഭീഷണികളുമുണ്ടായിട്ടുണ്ട്. അച്ഛന്‍ ഉള്ള നാളുകളില്‍ എന്‍റെ വീട്ടില്‍ വന്നു ബോംബിടും പടക്കം പൊട്ടിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അച്ഛന്‍ കറുമ്പയ്യന്‍ മരിച്ചിട്ടിപ്പോ 12 വര്‍ഷമായി.
“റോഡരുകില്‍ നിന്ന് തെറിയൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ ബോംബിടാനുള്ള ചങ്കൂറ്റമൊന്നും നിങ്ങള്‍ക്കില്ലെന്നാണ് അവരോട് പറഞ്ഞത്. ഞാനൊരു സ്ത്രീയാണ്.. സ്ത്രീകളെ അക്രമിക്കുന്നത് അത്രയും ക്രൂരമായ മനസുള്ളവരാണ്.”
ഇതൊക്കെ ഗീത ഊരുമൂപ്പത്തിയാകുന്നതിന് മുന്‍പാണ്.
എന്നാല്‍ ഭീഷണിപ്പെടുത്തലുകള്‍ക്ക് ഇപ്പോഴും കുറവില്ലെന്നു ഗീത പറയുന്നു. “കഴിഞ്ഞ മാസവും ഭീഷണിപ്പെടുത്തലുകളുണ്ടായി. കഴിഞ്ഞ മാസം എസ് പി ഓഫിസില്‍ യോഗമുണ്ടായിരുന്നു.” എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം തടയല്‍ നിയമപ്രകാരമുള്ള ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി അംഗം കൂടിയാണ് ഗീത.
“കാടരുടെ വിഷയങ്ങളാണ് ഞാന്‍ യോഗത്തില്‍ പറയുന്നത്. ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് മദ്യം വില്‍ക്കുന്നുണ്ടെന്നു യോഗത്തില്‍ പറഞ്ഞു. ഒരു എസ് ഐയോട് ഇതിനു പിന്നിലാരാണെന്നു ഫോണ്‍ നമ്പര്‍ സഹിതം പറഞ്ഞിരുന്നു. ആ എസ് ഐ അക്കാര്യം മദ്യമെത്തിക്കുന്നവരെ വിളിച്ചറിയിച്ചു. പിന്നെ ഫോണിലൂടെയുള്ള ഭീഷണികളായിരുന്നു.
കാട്ടിലെ കാച്ചിലും കിഴങ്ങും ഇലക്കറികളുമൊക്കെയാണ് അന്നൊക്കെയുള്ള ഓണസദ്യയ്ക്കുണ്ടാവുക.
“കോളനികള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ മദ്യമെത്തുന്നുണ്ട്. രാത്രിയൊക്കെ ഒരുപാട് ഓട്ടൊറിക്ഷകളാണ് ഊരിലേക്ക് വരുന്നത്. ഇതേക്കുറിച്ച് ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്‍റെ ഊരിന്‍റെ തൊട്ടടുത്ത് തന്നെയാണ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ്. പക്ഷേ ഈ പ്രശ്നത്തിന് ഇതുവരെയും പരിഹാരമൊന്നുമായിട്ടില്ല.”
82 കാരിയായ അമ്മ ഗിരിജയ്ക്കൊപ്പമാണ് ഗീത താമസിക്കുന്നത്. രണ്ട് ചേച്ചിമാരും ഒരു ചേട്ടനുമാണുണ്ടായിരുന്നത്. മൂത്ത ചേച്ചി രമണിയും ചേട്ടന്‍ രവിയും നേരത്തെ മരിച്ചു. മറ്റൊരു ചേച്ചി മേരിയും മകള്‍ പ്രമീളയും വീടിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്.
“പത്താം ക്ലാസ് വിജയിച്ചു.. പിന്നെ പഠിക്കാന്‍ പോയില്ല.” പല സ്‌കൂളുകളിലായിരുന്നു ഗീതയുടെ വിദ്യാഭ്യാസം. ഊരില്‍ നിന്ന് ആദ്യമായി പത്താംക്ലാസ് പാസ്സായ ആളായിരുന്നു ഗീത. “പരിയാരം, വെറ്റിലപ്പാറ, പീച്ചി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായിട്ടാണ് പഠിച്ചത്. പത്താം ക്ലാസ് ജയിച്ചുവെങ്കിലും പിന്നെ പഠിക്കണമെന്നൊന്നും പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു. അന്നൊന്നും ഇന്നത്തെ പോലെ സൗകര്യങ്ങളുമില്ലായിരുന്നു.”
ഗീതയുടെ അമ്മയ്ക്കും അച്ഛനും നാട്ടുവൈദ്യം അറിയാമായിരുന്നു. അവരില്‍ നിന്ന് കുറച്ചൊക്കെ നാട്ടുവൈദ്യം ഗീതയും പഠിച്ചിട്ടുണ്ട്. “അമ്മയ്ക്ക് നാട്ടുവൈദ്യത്തില്‍ നല്ല അറിവാണ്. പുറംലോകത്തുള്ളവര്‍ക്ക് നാട്ടുവൈദ്യം പറഞ്ഞുകൊടുക്കുകയോ ചികിത്സിക്കുകയോ ഇല്ല. കാടരിലെ പുതിയ തലമുറയ്ക്ക് എനിക്കറിയാവുന്ന വൈദ്യം പറഞ്ഞുകൊടുക്കണമെന്നാണ്. അസുഖം വന്നാല്‍ ഇന്നും ഒറ്റമൂലികളാണ് കഴിക്കുന്നത്. പിന്നെ ആയുര്‍വേദവും. ഇതല്ലാതെ ഒന്നും ചെയ്യാറില്ല.”
ഗീത പല സ്ഥലത്തും ക്ലാസെടുക്കാന്‍ പോകാറുണ്ട്. അവധിക്കാലത്ത് ഹോസ്റ്റലുകളില്‍ നിന്നൊക്കെ പഠിക്കാന്‍ പോയ കുട്ടികള്‍ വരും. എന്‍റെ അറിവുകള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും. “പക്ഷേ തനതു ഭാഷ മറക്കുകയാണ് ആദിവാസി കുട്ടികള്‍. അത് പഠിക്കണമെന്നു പറയാറുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് പാട്ട്, കുഴലൂത്ത് ഇതൊക്കെ കുട്ടികളെ പഠിപ്പിച്ചു കൊടുത്തു,” ഗീത പറയുന്നു.
കുഴലൂത്തിനെയും പാട്ടിനെയും കുറിച്ച് പറയുമ്പോള്‍ ഓണാഘോഷത്തെക്കുറിച്ച് പറയാതെ വയ്യ. ഓണാഘോഷം കാട്ടില്‍ ബഹുകേമമാണെന്ന് ഗീത. “പണ്ടൊക്കെയാണ് ഗംഭീരമായ ഓണാഘോഷം. അതേക്കുറിച്ച് അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നത്തെ പോലുള്ള ഓണസദ്യയൊന്നും അല്ല. കാട്ടിലെ കാച്ചിലും കിഴങ്ങും ഇലക്കറികളുമൊക്കെയാണ് അന്നൊക്കെയുള്ള ഓണസദ്യയ്ക്കുള്ളത്. ഇതൊക്കെയാണ് അവര്‍ കഴിച്ചിരുന്നത്. അങ്ങനെയൊരു സദ്യ വയ്ക്കണമെന്നാഗ്രഹത്തിലാണിപ്പോള്‍. അതിനു വേണ്ടി ചെറിയ തോതില്‍ കൃഷിയും ആരംഭിച്ചിട്ടുണ്ട്.
“ഞങ്ങളുടെ കല്യാണങ്ങള്‍ക്ക് സ്ത്രീധനം എന്ന ഏര്‍പ്പാടില്ല,” കാടരുടെ കല്ല്യാണ വിശേഷങ്ങള്‍ ഗീത പങ്കുവെയ്ക്കുന്നു. “ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമാണെങ്കില്‍ വീട്ടുകാരുമായി ആലോചിച്ച് കല്യാണം നടത്തികൊടുക്കും. ഇതാണ് പതിവ്. ആകെ ചെലവ് വരുന്നത് കല്യാണപന്തല്‍ ഒരുക്കുന്നതിനാണ്. പന്തലിന് ഒരുപാട് ഡെക്കറേഷന് വരുന്നുണ്ട്. അത് മാത്രം ചെലവ്. പിന്നെ ഭക്ഷണത്തിന്‍റെയും ചെലവ് വരും. കല്യാണ ദിവസം സ്വര്‍ണമൊന്നുമില്ല. പട്ടുസാരിയുടുക്കും. അത്രമാത്രം..”
ഇതുകൂടി വായിക്കാം: 30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്
മീന്‍ പിടിച്ചും വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചുപോരുന്ന കാടര്‍ പലതരം ഭീഷണികള്‍ നേരിടുന്നുണ്ട്. കാടിനെയും പുഴയെയും മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍… വനാവകാശം നേടിയെടുത്തെങ്കിലും അതിനു മേലും ആശങ്കകള്‍ ഒഴിയുന്നില്ല.
പ്രകൃതിയുടെ താളം ചെറുതായൊന്ന് തെറ്റിയാല്‍, കാട്ടില്‍ തേന്‍ കുറഞ്ഞാല്‍, പുഴയില്‍ വെള്ളം വറ്റിയോല്‍ ഒക്കെ കടുത്ത ദുരിതത്തിലായേക്കാവുന്ന, ഒരു പക്ഷേ, ഭൂമഖത്തുനിന്നുതന്നെ അപ്രത്യക്ഷമായേക്കാവുന്ന ഒരു കൂട്ടം പ്രകൃതിമനുഷ്യര്‍… അവര്‍ക്ക് കാവലായി ഗീത…