ആക്രി പെറുക്കി നടക്കുന്ന പെങ്കൊച്ച്… വഴിയില്‍ കിടക്കുന്നതൊക്കെ പെറുക്കും.. എന്തിന് പറയണം മദ്യക്കുപ്പികള്‍ വരെ പെറുക്കി ബാഗിലേക്കിടും. അതൊക്കെ ഒരു മടിയുമില്ലാതെ വീട്ടിലേക്ക് കൊണ്ടുപോകേം ചെയ്യും.
“അയ്യേ ഈ പെണ്ണ് എന്താ ഇങ്ങനെ… വല്ല ആക്രി കടയും നടത്തുന്നുണ്ടാകും.. അല്ലാതെ സാധാരണ പെണ്‍പിള്ളേര്‍ ഇമ്മാതിരി പണിയൊക്കെ ചെയ്യുമോ..?” എന്നൊക്കെ ചോദിച്ചവരൊക്കെ ഇപ്പോ കിളി പോയ പോലെയാണ്..
ആക്രിക്കാരിയെന്ന് കളിയാക്കിയ അപര്‍ണയാണിപ്പോള്‍ നാട്ടിലെ താരം. കുപ്പിയും കല്ലും പെറുക്കി നടന്നവള്‍ ഇപ്പോ മാസം സമ്പാദിക്കുന്നത് 40,000 രൂപ.. ഇതൊരു കൃത്യം കണക്കല്ല. ചില മാസങ്ങളില്‍ ഇതിലും കൂടുതലും സ്വന്തമാക്കുന്നുണ്ട്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
വഴിയില്‍ കിടക്കണ കുപ്പി പെറുക്കിയെടുത്താല്‍ ഇത്രയും പൈസ കിട്ടോ.. ഇങ്ങനാണേല്‍ ഒരു കൈ നോക്കാലോ.. വേണേല്‍ ഒന്നല്ല രണ്ടും കൈയും നോക്കാം.. പക്ഷേ ഇത്തിരി ബുദ്ധിമുട്ടാണെന്നു മാത്രം.
നേരം പുലരും വരെ ഉറക്കം കളഞ്ഞാണ് ഇവള്‍ പണിയെടുക്കുന്നത്.. പകല്‍ ബി എഡ് പഠനവും. ബി എഡുകാരുടെ പഠനത്തിരക്ക് അറിയാലോ.. അസൈന്‍മെന്‍റും പ്രൊജക്റ്റും വരയ്ക്കലും ഒട്ടിക്കലുമൊക്കെയായി പണി ഒഴിഞ്ഞ നേരമുണ്ടാകില്ല. ഈ തിരക്കിനിടയിലാണ് കുപ്പി പെറുക്കല്‍ എന്ന സൈഡ് ബിസിനസിലൂടെ മാസം തോറും പതിനായിരങ്ങള്‍ സമ്പാദിക്കുന്നത്.
വഴിയില്‍ കിടക്കുന്നതൊക്കെ പെറുക്കുന്ന സ്വഭാവക്കാരിയായിരുന്നു ഞാന്‍
കുപ്പിവരയാണ് അപര്‍ണയുടെ തലവര മാറ്റിയത്. വഴിയില്‍ നിന്ന് പെറുക്കിയെടുക്കുന്ന മദ്യക്കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചു ചേര്‍ത്താണ് അപര്‍ണ വരുമാനം നേടുന്ന കൊച്ചു ബിസിനസുകാരിയായത്. കൊല്ലം മണ്‍റോ തുരുത്തുകാരിയാണ് ഈ ബി എഡ് വിദ്യാര്‍ഥിനി.
ടീച്ചറുടെ കുപ്പായത്തിലാണിപ്പോള്‍. കോഴ്സിന്‍റെ ഭാഗമായുള്ള ട്രെയ്നിങ്ങ്.. ആദിത്യനെല്ലൂര്‍ പഞ്ചായത്ത് സ്കൂളിലെ ഹൈസ്കൂള്‍ കുട്ടികളുടെ ഇംഗ്ലീഷ് ടീച്ചറാണ്. അമ്പത് ദിവസത്തെ ട്രെയ്നിങ്ങിനെത്തിയിരിക്കുകയാണ്.. അതിനിടയിലൊരു അവധിയുമെടുത്തിരിക്കുമ്പോഴാണ് വിളിക്കുന്നത്.
അപര്‍ണയെ വിളിക്കുമ്പോള്‍ കോട്ടയത്താണ്.. അല്ലേലും അപര്‍ണ അങ്ങനെയാണ്. ഒരു നേരം വെറുതേ ഇരിക്കില്ല.. “കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ആറു കുപ്പി കിട്ടിയിട്ടുണ്ട്.. ബാഗിലുണ്ട്..,” എന്നു പറഞ്ഞു തുടങ്ങുന്നു ചാങ്ങാതിമാര്‍ ക്യൂപ്പി എന്ന് വിളിക്കുന്ന അപര്‍ണ.
” ആക്രി പെറുക്കല്‍ തുടങ്ങിയിട്ട് കാലം കുറേയായി.. സ്കൂളില്‍ പഠിക്കുന്ന നാള്‍ തൊട്ടേ..” നിറമില്ലാത്ത കുപ്പി പെറുക്കി ജീവിതത്തില്‍ വര്‍ണം നിറച്ചതിനെക്കുറിച്ച് അപര്‍ണ പറഞ്ഞു.
” വഴിയില്‍ കിടക്കുന്നതൊക്കെ പെറുക്കുന്ന ഒരു സ്വഭാവക്കാരിയായിരുന്നു.. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ നിലത്തു കിടക്കുന്ന വളപ്പൊട്ട്, തീപ്പെട്ടി പടം, വര്‍ണ കടലാസുകള്‍, മഞ്ചാടിക്കുരു, പ്ലാസ്റ്റിക് പൂക്കള്‍, ഉപയോഗിച്ചു പഴകിയിട്ട് കളയുന്ന കളിപ്പാട്ടങ്ങള്‍… ഹൊ.. എന്തൊക്കെയാണ് അന്നൊക്കെ ഞാന്‍ പെറുക്കിയെടുത്ത്.. ഇതൊക്കെ എന്‍റെ ബാഗിലേക്കിടും. ഇന്നും വഴിയില്‍ നിന്നു പെറുക്കുന്നതൊക്കെയും ബാഗിലാക്കും.. പക്ഷേ അതിനൊരു സ്പെഷ്യല്‍ ബാഗുണ്ടെന്നു മാത്രം.”
” എന്‍റെ പെറുക്കി സ്വാഭാവം കണ്ട് അമ്മ ചീത്ത പറയും.. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ അമ്മ ബാഗ് തുറന്നു നോക്കും. പെറുക്കിയെടുത്ത സാധനങ്ങളൊക്കെയെടുത്ത് ദൂരേക്ക് ഒരേറ് വച്ചു കൊടുക്കും.
“ഇതൊരു പതിവായിരുന്നു. അമ്മ മാത്രമല്ല നാട്ടുകാരും കളിയാക്കും. പെറുക്കി.. ആക്രി എന്നൊക്കെ പറയും. ഇതിലൊന്നും തളരുന്നവളല്ല ഈ അപര്‍ണ.. പെറുക്കല്‍ അവസാനിപ്പിച്ചില്ലെന്നു മാത്രമല്ല ഈ പ്രായത്തിലും ആക്രിയാണ് ഞാന്‍.
ഇതുകൂടി വായിക്കാം: ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്‍റെ ‘ജിപ്‌സി ജീവിതം’
” ഈ പെറുക്കുന്ന സാധനങ്ങളൊക്കെ സൂക്ഷിച്ചു വയ്ക്കും. ആദ്യമൊക്കെ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. സിന്ധു ക്ലീറ്റസ് എന്നാണ് അമ്മയുടെ പേര്. പിന്നെ അമ്മയ്ക്ക് മനസിലായി.. ഇവളിത് അവസാനിപ്പിക്കില്ലെന്ന്. അതോടെ അമ്മ വഴക്ക് പറയലൊക്കെ അവസാനിപ്പിച്ചു. അമ്മയ്ക്ക് തയ്യലും ബൊക്കെ നിര്‍മാണവും അണിയിച്ചൊരുക്കലും കരകൗശലനിര്‍മാണവുമൊക്കെയുണ്ടായിരുന്നു. ബ്യൂട്ടിഷന്‍ കൂടിയായിരുന്നു… ഇതൊക്കെ കണ്ടല്ലേ ഞാനും വളരുന്നത്.
“സ്കൂളില്‍ അല്ലറ ചില്ലറ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്ന ഒരാളായി മാറാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. കുറച്ചൊക്കെ തുന്നലും എനിക്കറിയാം. തുണിയില്‍ ബാഗും പേഴ്സുമൊക്കെ ഉണ്ടാക്കുമായിരുന്നു. പിന്നെ ടെറാക്കോട്ടയില്‍ കമ്മലും മാലയുമൊക്കെയുണ്ടാക്കും. കോളെജില്‍ പഠിക്കുമ്പോള്‍ ഈ മാലയും കമ്മലുമൊക്കെ കൂട്ടുകാര്‍ക്ക് വിറ്റ് പോക്കറ്റ് മണി ഒപ്പിക്കുമായിരുന്നു. ബിഎ ലിറ്ററേച്ചറാണ് എടുത്തത്.
” ജ്വല്ലറി മേക്കിങ്ങിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. പക്ഷേ ഇതൊക്കെ ചെയ്യാനിപ്പോള്‍ സമയമില്ല. മദ്യക്കുപ്പികളില്‍ പെയ്ന്‍റ് ചെയ്യുന്നത് പോലും നട്ടപ്പാതിരായ്ക്കാണ്. ഡിഗ്രി നാളുകളില്‍ നിര്‍ഭയ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാനൊക്കെ പോകുമായിരുന്നു. ക്രാഫ്റ്റ് ക്ലാസാണെടുക്കുന്നത്. ഇതിനൊക്കെ സാധിച്ചത് തന്നെ അമ്മയുടെ പിന്തുണ കാരണമാണ്. കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്സാണ് അമ്മ. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയ്ക്ക് ജോലി കിട്ടുന്നത്. അതോടെ അമ്മ കരകൗശല നിര്‍മാണമൊക്കെ അവസാനിപ്പിച്ചു.”
അല്ല.. അപര്‍ണ, മദ്യക്കുപ്പികള്‍ പെറുക്കിയെടുത്ത് പണമുണ്ടാക്കുന്നതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ…
മദ്യക്കുപ്പികളോട് പ്രിയം തോന്നാനൊരു കാരണമുണ്ട്.. മദ്യക്കുപ്പികള്‍ കാണാന്‍ നല്ല ഭംഗിയാണ്.. അതിനൊക്കെയും നല്ല ആകൃതിയാണ്. അത്ര തന്നെ.
പക്ഷേ കുടിച്ച ശേഷം ഈ കുപ്പികള്‍ വലിച്ചെറിയുകയാണല്ലോ പതിവ്.. ബിയര്‍ ബോട്ടിലുകള്‍ ആക്രിക്കാര്‍ എടുക്കും. എന്നാല്‍ മദ്യക്കുപ്പികളെടുക്കില്ല.. ഞാനിതെടുക്കുമെന്നറിഞ്ഞ് കുറേയാളുകള്‍ മദ്യക്കുപ്പി കൊണ്ടു തന്നിട്ടുണ്ട്.”
“പിന്നെ എവിടെ മദ്യക്കുപ്പി കണ്ടാലും ഞാനിങ്ങ് എടുക്കും. കാലി കുപ്പിയാണട്ടോ.. റോഡില്‍ നിന്ന് മാത്രമല്ല അഷ്ടമുടികായലില്‍ നിന്ന് വരെ കുപ്പി പെറുക്കിയെടുത്തിട്ടുണ്ട്. ഈ പെറുക്കിയെടുക്കുന്നതില്‍ ചെളിയും മണ്ണുമൊക്കെയുണ്ടാകും.. നല്ല ദുര്‍ഗന്ധവുമുണ്ടാകും. പക്ഷേ പൊട്ടിയിട്ടില്ലെങ്കില്‍ എടുക്കും.
കുറേ അഴുക്ക് നിറഞ്ഞതാണേല്‍ വെള്ളത്തിലിട്ട് വയ്ക്കും. സ്റ്റിക്കര്‍ ഇളക്കാന്‍ ചൂട് വെള്ളം ഒഴിക്കും.. ചിലപ്പോ ഇളക്കിയെടുത്ത് കളയും. ഒത്തിരി അഴുക്കുണ്ടെങ്കില്‍ ഡെറ്റോള്‍ ഒഴിച്ച് ഒരു ദിവസം സൂക്ഷിക്കും. കഴുകിയുണക്കിയെടുത്താണ് പെയ്ന്‍റ് ചെയ്യുന്നത്. ഫാനിട്ട് മുറിയില്‍ വെയ്ക്കും. ആ കാറ്റിലാണ് ഉണക്കിയെടുക്കുന്നത്.”
“കുറേപ്പേര് മദ്യക്കുപ്പികള്‍ എനിക്ക് കൊണ്ട് തന്നിട്ടുണ്ട്. അല്ലെങ്കില്‍ കുപ്പി എവിടെയെങ്കിലും കണ്ടാല്‍ വിളിച്ചു പറയും.. ഇതാ പതിവ്. പക്ഷേ കണ്ണൂരില്‍ നിന്നൊരാളെനിക്ക് 22 കിലോ മദ്യക്കുപ്പികള്‍ കൊറിയര്‍ ചെയ്തു തന്നിട്ടുണ്ട്.
കോളേജിലേക്ക് പോകും വഴിയാണ് കൂടുതലും കുപ്പികള്‍ പെറുക്കിയിട്ടുള്ളത്. വീട്ടില്‍ നിന്ന് കോളേജിലേക്ക് നല്ല ദൂരമുണ്ടായിരുന്നു. ഒരു 30 കിലോമീറ്റര്‍ ദൂരം. ഈ യാത്രയ്ക്കിടെ എവിടെയെങ്കിലും കുപ്പി കിടക്കുന്നത് കാണുമല്ലോ.. അതിന്‍റെ തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി കുപ്പിയെടുത്തിട്ടേ പിന്നെ പോകൂ..
അല്ലെങ്കില്‍ ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്ന വഴി, അവിടെ ഇറങ്ങി കുപ്പിയെടുക്കും. കുപ്പി ആരും കാണാതെ ഒളിപ്പിച്ച് വയ്ക്കുകയെങ്കിലും ചെയ്യും. പിന്നെ വന്ന് എടുക്കാലോ എന്നു വിചാരിച്ചിട്ട്. അല്ലെങ്കില്‍ എനിക്കൊരു സമാധാനവും കിട്ടില്ല.”
ഇതുകൂടി വായിക്കാം:‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്‍റെ അനുഭവങ്ങള്‍
” ക്ലാസിലേക്ക് പോകുമ്പോള്‍ കുപ്പി പെറുക്കാനുള്ള ഒരു ബാഗ് കൂടി കൈയില്‍ കരുതും. ആ ബാഗില്‍ സ്ഥലം തികഞ്ഞില്ലെങ്കിലോ എന്നു കരുതി വേറെ കവറുകളും കൈയില്‍ കരുതും. ഇനി അതിലേറെ കുപ്പികളുണ്ടെങ്കിലോ.. അമ്മയെ വിളിക്കും. വേറെ വല്ല കാര്യത്തിനും എന്നു പറഞ്ഞാ വിളിക്കുക.. സ്കൂട്ടറുണ്ട് അമ്മയ്ക്ക്. അതില്‍ കുപ്പിയൊക്കെ വച്ച് വീട്ടിലേക്ക് കൊണ്ടുപോകും.”
” കുപ്പി പെറുക്കാനൊന്നും വരാന്‍ പറ്റില്ലെന്ന് അമ്മ പറയും. അതാ ചിലപ്പോഴൊക്കെ വെറെന്തെങ്കിലും പറഞ്ഞു അമ്മയോട് വരാന്‍ പറയുന്നത്. പക്ഷേ അമ്മയ്ക്ക് അറിയാം കുപ്പിയെടുക്കാനാണെന്ന്. എതിര്‍പ്പൊക്കെ വെറുതേയാ.. അമ്മ വരും. അതെനിക്കുമറിയാം.”
മദ്യക്കുപ്പികളില്‍ പെയ്ന്‍റ് ചെയ്യുന്നതിനെക്കുറിച്ച് അപര്‍ണ പറയുന്നു, ” വൃത്തിയാക്കിയ കുപ്പികളിലാണ് വരയ്ക്കുന്നത്. ആദ്യനാളില്‍ എനിക്കിഷ്ടമുള്ളതൊക്കെയാണ് വരച്ചിരുന്നത്. ഇപ്പോ ആവശ്യക്കാര്‍ പറയുന്ന ചിത്രം വരച്ചു കൊടുക്കും, അവര്‍ പറയുന്ന ആകൃതിയുള്ള കുപ്പിയില്‍. ചിലരുടെ കല്യാണചിത്രമൊക്കെ വരച്ചിട്ടുണ്ട്. സമ്മാനമായി നല്‍കാവുന്ന ചിത്രമൊക്കെ വരച്ചിട്ടുണ്ട്. വരച്ചുതീര്‍ത്ത് ഉണക്കിയെടുക്ക് കൊടുക്കാന്‍ രണ്ട് ദിവസം മതിയാകും.”
മമ്മൂട്ടിയെയും കുപ്പിയിലാക്കിയിട്ടുണ്ട് അപര്‍ണ. “പേരന്‍പ് സിനിമയുടെ ട്രെയ്ലറൊക്കെ ഗംഭീരമായിരുന്നല്ലോ.. ചിത്രം ഇറങ്ങും മുന്‍പേ തന്നെ നല്ല അഭിപ്രായമൊക്കെയായിരുന്നല്ലോ.. അങ്ങനെയാണ് മമ്മൂക്കയുടെ പേരന്‍പ് ചിത്രത്തിലെ സീന്‍ വരച്ചത്. ആ ചിത്രം അദ്ദേഹം കണ്ടുവെന്നാണ് അറിഞ്ഞത്.”
“കുറേ ആവശ്യക്കാരുണ്ടായിരുന്നു കുപ്പി കലണ്ടറിന്. 25 എണ്ണം മാത്രേ ചെയ്തുള്ളൂ. പക്ഷേ അത് ഹിറ്റായിരുന്നു. ഇനി അടുത്ത വര്‍ഷം കുറച്ചു കൂടി ഗംഭീരമാക്കി ചെയ്യാനാണ് പ്ലാന്‍.”
മദ്യക്കുപ്പികളില്‍ ഗ്ലാസ് പെയ്ന്‍റ്, അക്രലിക്ക്, ഇനാമല്‍, സ്പ്രേ പെയ്ന്‍റ് ഇതൊക്കെ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്.”
“രണ്ട് വര്‍ഷം മുന്‍പ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന നാളിലാണ് കുപ്പി വര ആരംഭിക്കുന്നത്. പക്ഷേ ബിഎഡിന് ചേര്‍ന്നതോടെയാണ് കുപ്പിവര ഗൗരവമാകുന്നത്. ക്ലാസൊക്കെയുള്ള ദിവസങ്ങളില്‍ പകലിരുന്ന വരയ്ക്കല്‍ നടക്കില്ലല്ലോ.. പിന്നെ രാത്രിയാക്കി വരകള്‍.
രാത്രി വരയ്ക്കാന്‍ തുടങ്ങിയാ പിന്നെ വെളുപ്പിന് മൂന്ന് നാലു മണിയാകും വരച്ചു തീരുമ്പോള്‍. ഉറക്കമൊക്കെ കുറഞ്ഞു. പക്ഷേ ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല.. ബിഎഡ്ഡിന്‍റെ തിരക്ക്. കൂടാതെ വര്‍ക്കുകള്‍ കുറേ കിട്ടിത്തുടങ്ങി. എല്ലാമൊന്നും ചെയ്തു തീര്‍ക്കാനാകുന്നില്ല. കഴിഞ്ഞ വെക്കേഷന്‍ സമയത്താണ് നാല്‍പ്പതിനായിരം രൂപ സമ്പാദിച്ചത്.”
ബിഎഡും കുപ്പിവരയും കൂടി ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന സങ്കടമുണ്ട്. സമയം.. ആണ് വില്ലന്‍. ഒന്നിനും സമയം തികയുന്നില്ലെന്നു അപര്‍ണ പറയുന്നു. “തുടക്കത്തില്‍ എന്‍റെ സന്തോഷം മാത്രമായിരുന്നു. അധികം കുപ്പിവരയൊന്നും വിറ്റു പോയിരുന്നില്ല. എന്നാലിപ്പോള്‍ എനിക്ക് നല്ല വരുമാനം കിട്ടി തുടങ്ങി. കുപ്പിയില്‍ നിന്ന് മാത്രം നാല്‍പതിനായിരം ഒക്കെ കിട്ടി തുടങ്ങിയല്ലോ.
“വര്‍ക് ചെയ്യാന്‍ സമയമില്ല. വെക്കേഷനിലാണ് വര്‍ക് കൂടുതല്‍ ചെയ്തത്. സമയം ഉണ്ടെങ്കില്‍ വരുമാനം ഇനിയും കൂട്ടാം.. കുറേ വര്‍ക്കുകള്‍ പെന്‍ഡിങ്ങിലാണ്. പഠനവും കുപ്പിവരയുമൊക്കെ ഒരുമിച്ച് കൊണ്ടുപോകാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്.”
കഴിഞ്ഞ ജലദിനത്തിനോട് അനുബന്ധിച്ച് അപര്‍ണയും കൂട്ടരും ചേര്‍ന്ന് അഷ്ടമുടിക്കായല്‍ വൃത്തിയാക്കാനും ശ്രമിച്ചിരുന്നു. ‘അഷ്ടമുടിയെ ഇഷ്ടമുടിയാക്കാം..’ എന്ന പേരിലാണ് കായല്‍ വൃത്തിയാക്കാനെത്തുന്നത്.
അഷ്ടമുടിക്കായലിന്‍റെ തീരത്ത് നിന്നാണ് കൂടുതലും കുപ്പികളൊക്കെ ലഭിച്ചിട്ടുള്ളത്. അങ്ങനെയാണ് റിസൈക്കിള്‍ ചെയ്യാവുന്നതൊക്കെയും പെറുക്കിയെടുത്ത് കായലിനെ ക്ലീനാക്കാം എന്നു തീരുമാനിച്ചതെന്നു അപര്‍ണ.
“ചിലര്‍ വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈനിങ്ങിന് വിളിക്കുന്നുണ്ട്. ചിലര്‍ റൂമിന്‍റെയൊക്കെ ചിത്രം അയച്ചു തരും. എന്നിട്ട് അവരുടെ അഭിപ്രായങ്ങളും പറയും. അത് അനുസരിച്ച് വരച്ചു കൊടുക്കും. ഇ കോമേഴ്സുകാര്‍ വിളിക്കുന്നുണ്ട്. അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നു പറഞ്ഞ്. ഓണ്‍ലൈന്‍ സ്റ്റോര്‍ പോലെ തുടങ്ങാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ഇതൊന്നും ഏറ്റെടുത്തിട്ടില്ല. കുറേ ഓഫര്‍ കിടപ്പുണ്ട്. ഏറ്റെടുത്താല്‍ അതൊക്കെയും സമയത്തിന് കൊടുക്കാന്‍ പറ്റുമോയെന്ന് ഉറപ്പില്ല. പക്ഷേ എന്നെങ്കിലും ഇതൊക്കെ ചെയ്യണമെന്നുണ്ട്.”
” ഇ കോമേഴ്സിലേക്ക് പോയാല്‍ പിന്നെ പഠനത്തിന് സമയം കിട്ടാതെയാകും. ഇത്രയും നാള്‍ കഷ്ടപ്പെട്ടു പഠിച്ചതല്ലേ.. പഠനം പാതിവഴിയിലാക്കില്ല. ബിഎഡ് ടീച്ചര്‍മാരെ പഠിപ്പിക്കുന്ന അധ്യാപികയാകണമെന്നതാണ് സ്വപ്നം. അതിന് എംഎഡും പി ജിയുമൊക്കെ വേണം. എനിക്ക് ഡിഗ്രിയല്ലേ ഉള്ളൂ.. അതിന് ഇനിയും പഠനം തുടരണം.”
” ഇപ്പോ തന്നെ കാര്യങ്ങളൊക്കെ അലമ്പാണ്. ഇനി ക്ലാസില്‍ കൂടി പോകാന്‍ പറ്റിയില്ലെങ്കില്‍… ഓ.. ആലോചിക്കാന്‍ വയ്യ.” കൊല്ലം ബദ്രിയ കോളെജിലെ ബിഎഡ് വിദ്യാര്‍ഥിനിയാണ് അപര്‍ണ. ” ബിഎഡ് കോളെജിലെ ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കുമൊന്നും ഞാനിങ്ങനെയൊക്കെ ചെയ്യുന്നത് അത്ര താത്പ്പര്യമില്ല. പ്രിന്‍സിപ്പലിന് ഇഷ്ടമാണ്.. ജോണ്‍സണ്‍ കാരൂര്‍ സാര്‍.. അദ്ദേഹമെനിക്ക് കുപ്പിയൊക്കെ കൊണ്ടുതരും. പഠനം പാതിവഴിയില്‍ നിറുത്താമെന്നൊക്കെ വിചാരിച്ചിട്ടുണ്ട്.. സാറാണ് കട്ട സപ്പോര്‍ട്ട് തന്നത്.”
ഇതുകൂടി വായിക്കാം: ലഹരിയിലും ആത്മനിന്ദയിലും വീണുപോകുമായിരുന്ന കടലോരഗ്രാമത്തിലെ കുട്ടികളുടെ കൈപിടിച്ച് നസ്മിനയും കൂട്ടുകാരും
വീടിനോട് ചേര്‍ന്ന് രണ്ട് മുറികളാണ് ഇതിന് വേണ്ടി സെറ്റ് ചെയ്യുന്നത്. വീടിന്‍റെ ചെറിയൊരു ഭാഗം അടച്ചുകെട്ടി ഷീറ്റിട്ടു.. ടൈല്‍ ഒട്ടിച്ചു.. അതില്‍ ഈ കുപ്പിവരകളൊക്കെ വച്ച് ഗംഭീരമാക്കി കൊണ്ടിരിക്കുകയാണ്. അമ്മയാണ് ഇതൊക്കെ ചെയ്തു തരുന്നത്. കുപ്പികള്‍ കാണണമെന്നു പറയുന്നവരെ ഈ സ്റ്റുഡിയോയിലേക്ക് കൊണ്ടുവരാല്ലോ എന്ന് അപര്‍ണ
വര മാത്രമല്ല ഇപ്പോള്‍ ക്ലാസൊക്കെ എടുക്കാനും പോകുന്നുണ്ട് അപര്‍ണയിപ്പോള്‍. “ക്ലാസ് എന്നൊക്കെ പറയാമോ ആവോ.. അധികമൊന്നുമായിട്ടില്ല. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിലെ സെയിന്‍റ്ഗിറ്റ്സ് അപ്ലൈഡ് സയന്‍സ് കോളെജിലായിരുന്നു വര്‍ക് ഷോപ്പ്. അവരുടെ ക്ലബിന്‍റെ പരിപാടിയായിരുന്നു.. അതിലാണ് ക്ലാസെടുക്കുന്നത്. ഇതിപ്പോ മൂന്നാമത്തെ തവണയാണ് ഇങ്ങനെയൊരു വര്‍ക് ഷോപ്പ്.”
പെറുക്കി.. ആക്രി എന്നൊക്കെ പലരും കളിയാക്കുമായിരുന്നു. ഇപ്പോ പക്ഷേ അതൊക്കെ പഴങ്കഥയല്ലേ.. ആക്രി പെറുക്കി നടന്ന വെറും അപര്‍ണയല്ല ഇപ്പോള്‍. നല്ല വരുമാനമുള്ള ബിസിനസുകാരിയാണ്. അധ്യാപനത്തിനൊപ്പം ഈ വട്ടുകളും കൂടെ കൊണ്ടുപോകാനാണ് അപര്‍ണയുടെ ആഗ്രഹം.
” ഈ ഭ്രാന്തിനൊക്കെ ഒരു കാരണക്കാരിയുണ്ട്.. ഇങ്ങനെയൊക്കെ ചെയ്യാനൊക്കെ ഇടയാക്കിയാക്കിയത് ആ ആളാണ്..വേറെ ആരുമല്ല എന്‍റെ അമ്മ സിന്ധുവാണ്. വീട്ടില്‍ ഞാനും അമ്മയുമേയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അച്ഛനും അമ്മയും ഡിവോഴ്സ് ആയി.” പഠനത്തിന് ഇടവേളകളില്ലാതെ കുപ്പിവര തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അപര്‍ണ.
***
അപര്‍ണയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം: Quippy
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.