സ്വപ്നയുടെ ഭക്ഷ്യവനത്തില്‍ ‘ഷുഗര്‍ ഫ്രീ’ അടക്കം 25 ഇനം കപ്പ, വരത്തന്‍ കിഴങ്ങുകളും പഴങ്ങളും, പലതരം വാഴകള്‍, 15 ഇനം പേര; കൃഷിക്കാഴ്ചകള്‍ കാണാന്‍ എന്നും തിരക്ക്

19 ഏക്കറില്‍ സമ്മിശ്രകൃഷി… 30 ഇനം മാവുകളുണ്ട്. 20 തരം പ്ലാവുകളും. പിന്നെ, 15 തരം പേര12 തരം ചാമ്പ. ഗണപതി നാരകം ഉള്‍പ്പടെയുള്ള 7 തരം നാരകം…നാടനും വിദേശിയുമായ പലതരം പഴങ്ങള്‍, താറാവ്, മീന്‍, കോഴി, നാടന്‍ പശുക്കള്‍..

കാര്‍ഷിക കുടുംബമായിരുന്നു സ്വപ്നയുടേത്.. പക്ഷേ പാലായിലെ സ്വന്തം വീട്ടിലെ തോട്ടത്തില്‍ ഒരു കുഞ്ഞു തൈ പോലും നട്ടില്ല. കല്യാണം കഴിഞ്ഞ് പാലായില്‍ നിന്ന് പാലക്കാട്ടെത്തിയതോടെ സ്വപ്ന കൃഷിയിലേക്ക് ഇറങ്ങി.

ഭര്‍ത്താവിന്‍റെ റബര്‍ത്തോട്ടത്തില്‍ സമ്മിശ്ര കൃഷിയുടെ നൂറുമേനിയാണ് കൊയ്യുന്നത്.

“അന്നൊന്നും കൃഷിപ്പണിയൊന്നും ചെയ്തിരുന്നില്ല. അല്ലെങ്കില്‍ അതിനൊന്നും നേരമില്ലായിരുന്നു,” സ്വപ്ന പറയുന്നു. “എം എ കഴിഞ്ഞു. ഇംഗ്ലിഷിലാണ് എം എ. അല്‍ഫോന്‍സ കോളേജിലാണ് പഠിച്ചത്. പിന്നെ, കല്യാണം കഴിഞ്ഞു. പിന്നെ എങ്ങനാന്നേ വീട്ടില്‍ വല്ലതും നട്ടുപിടിപ്പിക്കുക!?


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


“കുട്ടിക്കാലം മുതല്‍ കൃഷിയോട് ഇഷ്ടമൊക്കെയുണ്ടായിരുന്നു. പക്ഷേ പാലായിലെ വീട്ടില്‍ കൂടുതലും റബറായിരുന്നു. പിന്നെ കുറച്ചു പച്ചക്കറികളും…”

സ്വപ്ന ജയിംസ്

നെല്ലും തെങ്ങും ജാതിയും മാവും പ്ലാവും കോഴിയും ആടും മീനും ഫലവൃക്ഷങ്ങളും തേനീച്ചയുമൊക്കെയായി കൃഷിയുടെ ലോകത്തില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍ സ്വപ്ന ജയിംസ്.

19 ഏക്കറില്‍ സമ്മിശ്ര കൃഷി. സാമ്പത്തിക ലാഭം മാത്രമല്ല മികച്ച കര്‍ഷകയ്ക്കുള്ള പുരസ്കാരങ്ങളും ഈ സ്വപ്നയെ തേടിയെത്തി.


റബര്‍ വെട്ടിക്കളഞ്ഞു. ആ സ്ഥലത്ത് പച്ചക്കറികള്‍ നട്ടു. വീട്ടാവശ്യങ്ങള്‍ക്കുള്ള ആദ്യം കൃഷിയാണ് ചെയ്തത്


സ്കൂളും കോളേജുമൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ വീട്ടിലെ കൃഷിയൊക്കെ നോക്കിനടത്താനുള്ള സമയമില്ലായിരുന്നു. കോളേജില്‍ നിന്നിറങ്ങിയ ഉടന്‍ വിവാഹമായിരുന്നു. അങ്ങനെ പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജയിംസിന്‍റെ പുളിക്കത്താഴെ വീട്ടിലേക്ക്.

പച്ചക്കറി തോട്ടത്തില്‍

ജയിംസിന്‍റേതും കര്‍ഷക കുടുംബമായിരുന്നു. റബര്‍ തന്നെയായിരുന്നു അവര്‍ക്കും. പുളിക്കത്താഴെ വീട്ടിലെത്തി കുറച്ചുകാലത്തിന് ശേഷമാണ്  സ്വപ്ന കൃഷിയിലേക്കെത്തുന്നത്.

“റബറിന് വില ഇടിഞ്ഞതോടെയാണ് പച്ചക്കറി നട്ടു തുടങ്ങുന്നത്.” പാലക്കാട്ടെ വീട്ടില്‍ കൃഷിപ്പണിക്ക് ഇറങ്ങിയതിനെക്കുറിച്ച് സ്വപ്ന പറയുന്നു. “കുറച്ചുഭാഗത്തെ റബര്‍  വെട്ടിക്കളഞ്ഞു. ആ സ്ഥലത്ത് പച്ചക്കറികള്‍ നട്ടു. വീട്ടാവശ്യങ്ങള്‍ക്കുള്ള കൃഷിയാണ് ചെയ്തത്. പിന്നീട് അതു വിപുലമാക്കി.”


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


വീടിനോട് ചേര്‍ന്ന 12 ഏക്കറും അല്‍പം മാറിയുള്ള ഏഴ് ഏക്കറിലും കൃഷി ചെയ്യുന്നുണ്ട്. ഒട്ടുമിക്ക പച്ചക്കറിയും സ്വപ്നയുടെ തോട്ടത്തിലുണ്ട്. തെങ്ങും വാഴയും ഫലവൃക്ഷങ്ങളുമൊക്കെയാണ് കൂടുതലുള്ളത്.

തോട്ടത്തില്‍ നിന്നും ഫോട്ടോ – ഫേസ്ബുക്ക്

ചീര, പാവല്‍, പടവലം, വഴുതനങ്ങ, തക്കാളി, ക്വാളിഫ്ലവര്‍, വെണ്ട, കാന്താരി, പച്ചമുളക് ഇങ്ങനെ മുപ്പതിലേറെ പച്ചക്കറിയുമുണ്ട്. കൂട്ടത്തില്‍ ചീരയുടെ പത്തിലേറെ വെറൈറ്റിയും നട്ടിട്ടുണ്ട്. പച്ച ചീര, ചുമന്ന ചീര, സൗഹൃദ ചീര, വള്ളി ചീര, സമ്പാര്‍ ചീര, അഗത്തി ചീര, മുട്ടച്ചീര, ചായമന്‍സ… ഇങ്ങനെ കുറച്ച്.


ഇതുകൂടി വായിക്കാം: പൊന്നുംവിലയ്ക്ക് ചോദിച്ച വാടാര്‍ മഞ്ഞളും കരിയിഞ്ചിയുമടക്കം 400 ഔഷധങ്ങള്‍, 13 ഇനം നെല്ല്, പഴങ്ങള്‍; ഒപ്പം ഒരു സെന്‍റ് പിരമിഡില്‍ 12 ആട്, 400 കോഴി, 30 മുയല്‍


പച്ചമുളകും കാന്താരിയും വ്യത്യസ്തതരമുണ്ട്. വീടിനോട് ചേര്‍ന്ന പറമ്പിലാണിതൊക്കെയും മത്സ്യകൃഷിക്കായുള്ള പടുതാകുളത്തിനരികെ ഗ്രോ ബാഗിലും പച്ചക്കറി നട്ടിട്ടുണ്ട്.

ഫലവൃക്ഷങ്ങളും കുറേയുണ്ടെന്നു പറയുന്നു സ്വപ്ന. “നമ്മുടെ നാടന്‍ മാവും പ്ലാവും മാത്രമല്ല വിദേശ ഇനങ്ങളുമുണ്ട്. ചന്ദ്രകാരന്‍, മല്ലിക, മൂവാണ്ടന്‍, സോണിയ തുടങ്ങി 30 ഇനം മാവുകളുണ്ട്. ഇരുപത് തരം പ്ലാവുകളും. താമരവരിക്ക, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, ചെമ്പരത്തി വരിക്ക ഇങ്ങനെ ചിലത്.

റാംമ്പൂട്ടാന്‍, മില്‍ക് ഫ്രൂട്ട്, മാംഗോസ്റ്റിന്‍, അവോക്കാഡോ, ബറാബ, പീനട്ട് ബട്ടര്‍, മുട്ടപ്പഴം, വെര്‍മീസ് മുന്തിരി, മിറാക്കിള്‍ ഫ്രൂട്ട്, ഐസ്ക്രീം ബീന്‍സ്, മൂന്നിനം ഞാവല്‍മരങ്ങള്‍… ഒരുപാട് ഫലവൃക്ഷങ്ങള്‍ നട്ടിട്ടുണ്ട്. പിന്നെ കുറച്ച് നെല്‍കൃഷിയുമുണ്ട്. 70 സെന്‍റില്‍  മാത്രം. വീട്ടിലേക്കുള്ള അരിക്ക് വേണ്ടി മാത്രമാണിത്.

“കുറേ പേരമരങ്ങളും ചാമ്പമരവുമൊക്കെയുണ്ട്.” പണ്ടൊക്കെ ഒട്ടുമിക്ക വീടുകളിലും ചാമ്പയും പേരയുമുണ്ടാകുമല്ലോ.. അതു മാത്രമല്ല കുറച്ചു വെറൈറ്റികളാണിവിടെയുള്ളതെന്നു സ്വപ്ന പറയുന്നു. “15 വെറൈറ്റി പേരയും 12 തരം ചാമ്പയുമുണ്ട്. ഗണപതി നാരകം ഉള്‍പ്പടെയുള്ള 7 തരം നാരകവും ചതുരപ്പുളി, സൊറാബ, മുള്ളാത്ത, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട് ഇതൊക്കെയും നട്ടിട്ടുണ്ട്.

“ഫ്രൂട്ട്സ് വില്‍ക്കുന്നത് കുറവാണ്. പരിചയക്കാര്‍ക്കൊക്കെയാണ് കൊടുക്കുന്നത്. കൂടുതലും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുകയാണ്. ചക്ക എപ്പോഴുമുണ്ടാകും. പ്രത്യേക സീസണില്ല. ചക്കയായും ചക്കപ്പൊടി, ചക്കക്കുരു പൊടി, ഉണക്കച്ചക്ക, ചക്ക സ്ക്വാഷ് ഇതൊക്കെ നല്ല വില്‍പ്പനയുള്ളതാണ്.

സ്വപ്നയും ജെയിംസും തോട്ടത്തില്‍

വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മറ്റൊരു കൃഷി തോട്ടമുണ്ട്. തെങ്ങും കവുങ്ങും വാഴയും ചേനയുമൊക്കെ നട്ടിരിക്കുന്നത് ഈ പറമ്പിലാണ്. 30 വെറൈറ്റി വാഴ, പത്ത് വെറൈറ്റി ചേമ്പ്, 25 വെറൈറ്റി കപ്പ ഇതൊക്കെ ഈ പറമ്പിലാണ്.


നാടന്‍ പശുക്കളുടെ ചാണകത്തില്‍ സൂക്ഷ്മാണുക്കള്‍ കൂടുതലാണ്. ഗോമൂത്രം കീടാനാശിനിയായിട്ടാണ് ഉപയോഗിക്കുന്നത്


തെങ്ങും നല്ല ആദായമാര്‍ഗമാണെന്നു പറയുന്നു സ്വപ്ന. കാവേരി, ചെങ്കദളി, പൂജാകദളി, തുണ്ടില്ലാനേന്ത്രന്‍ ഇങ്ങനെ കുറേയധികം വാഴകളുണ്ട്. കപ്പകളില്‍ ഷുഗര്‍ഫ്രീ കപ്പയ്ക്ക് ആവശ്യക്കാരേറെയാണ്.

തെങ്ങും വാഴയും ചേനയുമൊക്കെയുള്ള പറമ്പ് പുഴയുടെ തീരത്താണ്. പുത്തനാട്ട് പുഴയോരത്താണ്. തെങ്ങില്‍ നിന്ന് കരിക്കാണ് കൂടുതലും വില്‍ക്കുന്നത്. ഓരോ സമയത്തും വില കൂടുതല്‍ എന്തിനാണോ അതിന് അനുസരിച്ചാണ് കൊടുക്കുന്നത്. മിക്കവാറും കരിക്കിനാണ് തേങ്ങയെക്കാള്‍ വില കിട്ടുന്നത്.

“തേങ്ങ ആട്ടി വെളിച്ചെണ്ണയാക്കും മുളപ്പിക്കാന്‍ വയ്ക്കും. അല്ലാതെ തേങ്ങ മാത്രമായിട്ടും വില്‍ക്കാറുണ്ട്. തേങ്ങയുടെ ചകിരിയൊക്കെ ചെറിയ കുഴികള്‍ കുത്തി അതിലിടുകയാണ് പതിവ്. ഇതൊരു നല്ല വെള്ളസംഭരണിയാണ്. കാപ്പി, കൊക്കോ, വാഴ, ചേന, ചേമ്പ്, കപ്പ ഇതൊക്കെ ഈ പറമ്പിലുണ്ട്. വിദേശകിഴങ്ങുകളും നട്ടിട്ടുണ്ട്.

“പശും ആടും താറാവും കോഴിയും മുയലും മത്സ്യവുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. കൃഷി എന്ന നിലയ്ക്കല്ല പശുവിനെ വളര്‍ത്തുന്നത്. നാടന്‍ പശുക്കളാണ്. ചാണകത്തിന് വേണ്ടിയാണ് കൂടുതലും വളര്‍ത്തുന്നത്.

“നാടന്‍ പശുക്കളുടെ ചാണകത്തില്‍ സൂക്ഷ്മാണുക്കള്‍ കൂടുതലാണ്. ഗോമൂത്രം കീടാനാശിനിയായിട്ടാണ് ഉപയോഗിക്കുന്നത്. പാല്‍ വില്‍ക്കുന്നില്ല.. വീട്ടിലേക്കുള്ളത് മാത്രമേയുണ്ടാകൂ.” സ്വപ്ന പറയുന്നു.

ജമ്‍നപ്യാരി പോലുള്ള ആടുകളെ സ്വപ്ന നേരത്തെ വളര്‍ത്തിയിരുന്നു. ഇപ്പോ നാടന്‍ ആടുകള്‍ മാത്രമേയുള്ളൂ. തള്ളാടിന് രണ്ട് കുഞ്ഞാകുമ്പോ വില്‍ക്കും. തള്ളാടും രണ്ടു കുഞ്ഞാടും കൂടി ഒരുമിച്ചാണ് വില്‍ക്കുന്നത് എന്ന് ആ കര്‍ഷക പറഞ്ഞു.

“ഇങ്ങനെ വില്‍ക്കുന്നത് ലാഭകരമാണ്. വളര്‍ത്താനിഷ്ടപ്പെടുന്നവര്‍ക്ക് ഇതാണ് ലാഭം. നാടന്‍ ആടുകളായതു കൊണ്ട് അസുഖബാധ വളരെ കുറവാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതും നാടന്‍ ആടുകള്‍ തന്നെയാണ്,” എന്ന് സ്വപ്ന.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


ഒന്നര വര്‍ഷം മുന്‍പ് സ്വപ്ന മുയലിനെയും വളര്‍ത്താന്‍ തുടങ്ങി. താറാവും കോഴിയുമൊക്കെ കുറച്ചുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് തന്നെ മത്സ്യ കൃഷിയും  തുടങ്ങിയിരുന്നു. വീടിന്‍റെ ടെറസില്‍ വീഴുന്ന മഴവെള്ളം പടുതാകുളത്തിലേക്കാണ് വീഴുന്നത്. ഈ കുളത്തിലാണ് മീനുകളെ വളര്‍ത്തുന്നത്.

മീന്‍ കുളത്തിന് സമീപം ജയിംസും സ്വപ്‍നയും

മീന്‍ കുളത്തിലെ വെള്ളം കൃഷിയ്ക്ക് ഉപയോഗിക്കുന്നു. “മീന്‍ വേസ്റ്റുകളൊക്കെ ഈ കുളത്തില്‍ തന്നെ കിടക്കുകയല്ലേ.. അതു കൊണ്ടുതന്നെ ഈ വെള്ളം ചെടികള്‍ക്ക് നല്ല വളമാണ്. വേനലില്‍ പച്ചക്കറിയൊക്കെ നനയ്ക്കുന്നതും മീന്‍ കുളത്തിലെ വെള്ളത്തിലാണ്.”


വൈകുന്നേരങ്ങളില്‍ കൃഷിപ്പണിയൊക്കെ കഴിഞ്ഞ് ടിവി കാണുന്ന നേരമില്ലേ… അന്നേരം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യും


കൃഷിയ്ക്ക് ജൈവവളം തന്നെയാണ്  സ്വപ്ന ഉപയോഗിക്കുന്നത്. മീന്‍ കാഷ്ഠത്തില്‍ നിന്നു ഫിഷ് അമിനോ ആസിഡുണ്ടാക്കും. പഞ്ചഗവ്യവും ജീവാമൃതവുമുണ്ടാക്കുന്നുണ്ട്. ഗോമൂത്രത്തിലേക്ക് ചീമക്കൊന്നയില, വേപ്പില, മഞ്ഞള്‍പ്പൊടി, കാന്താരി എന്നിവയൊക്കെ ചേര്‍ത്ത് ചെടികള്‍ക്ക് തളിക്കാനുള്ള കീടനാശിനിയുണ്ടാക്കും.

മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെയാണ് കൂടുതല്‍ വരുമാനം നേടാനാകുന്നതെന്നു പറയുന്നു സ്വപ്ന ജയിംസ്. “പാഷന്‍ ഫ്രൂട്ട്, ഇ‍ഞ്ചി, പൈനാപ്പിള്‍ സ്ക്വാഷുകള്‍, മഞ്ഞള്‍പ്പൊടി, ചെറുതേനും വലിയ തേനും ചക്ക ഉത്പന്നങ്ങള്‍, ഉണക്ക കപ്പ ഇതൊക്കെയാണ് പ്രധാനമായും വില്‍ക്കുന്ന ഉത്പന്നങ്ങള്‍.

ഫോട്ടോ – ഫേസ്ബുക്ക്

“ഈ ഉത്പന്നങ്ങളുണ്ടാക്കുന്നതിന് പ്രത്യേകം യൂനിറ്റുകളൊന്നുമില്ല. എല്ലാം വീട്ടില്‍ തന്നെ ഞങ്ങള് രണ്ടാളും കൂടെയാണ് ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ കൃഷിപ്പണിയൊക്കെ കഴിഞ്ഞ് ടിവി കാണുന്ന നേരമില്ലേ… അന്നേരം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യും.

“പറമ്പിലെ പണിക്കും കൃഷിക്ക് സഹായത്തിനുമൊക്കെ ആളുണ്ട്. പക്ഷേ കുറേപ്പേരില്ല. ഇനി തോട്ടത്തില്‍ പണിയൊക്കെ കൂടുതലുള്ള ദിവസങ്ങളാണെങ്കില്‍ കൂലിക്ക് ആളെ വിളിച്ച് ചെയ്യിക്കും. അത്രയേള്ളൂ. ”

കൃഷിത്തോട്ടവും പറമ്പുമൊക്കെ കാണാന്‍ കുറേയാളുകള്‍ വരുന്നുണ്ട്. മിക്കപ്പോഴും സ്കൂള്‍ കുട്ടികളുടെയും കൃഷി ഇഷ്ടപ്പെടുന്നവരുടെയുമൊക്കെ തിരക്കായിരിക്കും തോട്ടത്തില്‍.

കൃഷിത്തോട്ടം കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം സ്വപ്ന

” ഇപ്പോ സംസാരിക്കുമ്പോ പോലും ഇവിടെ കാണാനെത്തിയവരുടെ തിരക്കാണ്. സ്‍കൂള്‍ കുട്ടികളാണ് വന്നിരിക്കുന്നത്. ഇങ്ങനെ കാണാന്‍ വരുന്നവര്‍ ഉത്പന്നങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങും. അതിലൂടെ കുറേ വില്‍പ്പന നടക്കാറുണ്ട്.


ഇതുകൂടി വായിക്കാം: ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി


തോട്ടത്തില്‍ ചെറിയൊരു നഴ്സറിയും നടത്തുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ കൃഷിയൊക്കെ കണ്ടശേഷം തൈകളും വാങ്ങിപ്പോകാറുണ്ട്.

” കൃഷിയ്ക്ക് കൂടെ നില്‍ക്കുന്നത് വീട്ടുകാര് തന്നെയാണെന്നു സ്വപ്ന പറയുന്നു. ജയിംസിന് ലാറ്റക്സ് ബിസിനസാണ്. കൃഷിക്കാര്യങ്ങള്‍ക്ക് എപ്പോഴും ഒപ്പമുണ്ടാകും. മക്കള്‍ക്കും കൃഷിയോട് ഇഷ്ടമാണ്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കര്‍ഷക

രണ്ട് മക്കളാണുള്ളത്. അലനും കെവിനും. തമിഴ്നാട് യൂനിവേഴ്സിറ്റിയില്‍ ബിഎസ് സി ഹോര്‍ട്ടികള്‍ച്ചര്‍ പഠിക്കുകയാണ് അലന്‍. കെവിന്‍ പ്ലസ് ടുവിനും. അലന്‍ ഹോര്‍ട്ടികള്‍ച്ചര്‍ പഠിക്കാനെടുത്തതു തന്നെ കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ്.”

കൃഷിയില്‍ സജീവമായ സ്വപ്നയ്ക്ക് കുറേ കര്‍ഷക പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ കര്‍ഷകതിലകം, അക്ഷയശ്രീയുടെ ജില്ലാതല പുരസ്കാരം, കൈരളിയുടെ കതിര്, കര്‍ഷകശ്രീ, സമ്മിശ്ര കൃഷിയ്ക്കുള്ള ടാറ്റ വൈറോണ്‍ കര്‍ഷക അവാര്‍ഡ് തുടങ്ങിയവയാണ് അംഗീകാരങ്ങള്‍.

***

പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്താണ് സ്വപ്നയുടെ കൃഷിത്തോട്ടം.
തോട്ടം സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടാം. 9447329247

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം