“ഇന്നലെ ഞങ്ങളുടെ വീടിന്‍റെ കല്ലിടീല്‍ ആയിരുന്നു കേട്ടോ,” നാലഞ്ച് വര്‍ഷം മുമ്പ് ശില്‍പി മോഹന്‍ ചവറ ഫേസ്ബുക്കില്‍ കുറിച്ചു. “ക്ഷമിക്കണം കേട്ടോ, ആരെയും ക്ഷണിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല, ഞങ്ങള്‍ നാലാളും പറമ്പിലെ കുറെ കിളികളും മാത്രം.”
മോഹന്‍റേയും രുഗ്മിണിയുടെയും മക്കള്‍ സൂര്യയും ശ്രേയയുമാണ് കല്ലിട്ടത്. “മേല്‍ക്കൂര കെട്ടിയതിനു ശേഷമാണ് ഞങ്ങളുടെ ജീവനുള്ള വീടിന്‍റെ അടിത്തറയ്ക്കു കല്ലിട്ടത്. ജീവനുള്ള നാല് തേക്കുമരങ്ങളാണ് ഞങ്ങളുടെ വീട് താങ്ങുന്നത്.”
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
ചെറുപ്പകാലത്ത് കളിവീടുണ്ടാക്കുന്ന സന്തോഷത്തോടെ വീടുണ്ടാക്കണമെന്നായിരുന്നു മോഹന്‍റെ ആഗ്രഹം. “ഒരു എന്‍ജിനിയറോടും വാസ്തു വിദഗ്ധനോടും ചോദിക്കേണ്ടി വന്നില്ല. ഞങ്ങളുടെ സൗകര്യം, ഞങ്ങളുടെ ആഗ്രഹം.”
നമ്മളില്‍ പലരേയും പോലെ പലനാടുകളില്‍ വാടകവീടുകള്‍ പലതും മാറിമാറിയുള്ള ജീവിതമായിരുന്നു മോഹന്‍ ചവറയുടെയും കുടംബത്തിന്‍റെയും, നാലു വര്‍ഷം മുന്‍പു വരെ…ഭാരതപ്പുഴയുടെ തീരത്ത് കൈകൊണ്ട് മെഴുകിയുണ്ടാക്കിയ ഈ ജീവനുള്ള മണ്‍വീട്ടിലേക്ക് മാറും വരെ.
വീടു മാത്രമല്ല, മാറിയത്. അന്നുമുതല്‍ അവരുടെ ജീവിതവും മറ്റൊരു വഴിക്ക് ഒഴുകി.
നിളയുടെ തീരത്ത് രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി. അതില്‍ നിറയെ റബ്ബറായിരുന്നു. രണ്ടാമതൊന്നു ചിന്തിക്കാതെ അതെല്ലാം വെട്ടിമാറ്റി.
അന്ന് മക്കളായ സൂര്യയും ശ്രേയയും എട്ടിലും രണ്ടിലും പഠിക്കുകയായിരുന്നു, ഭാര്യ രുഗ്മിണി എം എസ് സി നഴ്‌സിങ്ങിനും. പാലക്കാട് വണിയംകുളത്തിനടുത്ത് മാന്നന്നൂരിലെ വീട്ടിലേക്ക് മാറിയതോടെ മക്കള്‍ പഠനം ഉപേക്ഷിച്ചു. രുഗ്മിണിയും പഠിപ്പു നിര്‍ത്തി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു ഗ്രാമമൊരുക്കി അതില്‍ സ്വസ്ഥമായി ജീവിക്കാന്‍ അവര്‍ തീരുമാനിച്ചു. രുഗ്മിണിക്കും മക്കള്‍ക്കുമൊപ്പം പതിനാല് സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു. ആ സ്വപ്‌നഗ്രാമത്തിന് അവര്‍ തൈതല്‍ എന്ന് പേരിട്ടു.
“എന്‍റെയും രുഗ്മിണിയുടെയും ആശയങ്ങള്‍ ഞങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരോട് ജൈവഗ്രാമം എന്ന സങ്കല്‍പം പങ്കിട്ടു. അവരൊക്കെ പലപ്പോഴും നല്ല പ്രവര്‍ത്തനവും നല്ല ജീവിതവും ഒക്കെ ആഗ്രഹിച്ചവരായിരുന്നു. അവര്‍ക്കനുഭവപ്പെടുന്ന വലിയ വിഷമമുണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും ഒറ്റയ്ക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു,” മോഹന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“അവര്‍ക്കിടയിലേക്കാണ് വേറിട്ടൊരു ഗ്രാമം സൃഷ്ടിക്കാം എന്ന ആശയവുമായി ഞങ്ങളെത്തുന്നത്. ജീവിതത്തിന്‍റെ പല വഴിയിലും കണ്ടു മുട്ടിയ അവരില്‍ പലരും ഒരുമിച്ചു കൂടാമെന്ന് വാക്കു തന്നു… അങ്ങനെ കേരളത്തിന്‍റെ തെക്കു മുതല്‍ വടക്കു വരെയുള്ള പതിനാലു കുടുംബങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങളോടു ചേര്‍ന്നു.”
മോഹന്‍ തുടരുന്നു: “നിളയുടെ തീരത്ത് രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി. അതില്‍ നിറയെ റബ്ബറായിരുന്നു. രണ്ടാമതൊന്നു ചിന്തിക്കാതെ അതെല്ലാം വെട്ടിമാറ്റി. പിന്നെ നിലമൊരുക്കി. കൃഷിയ്ക്കനുയോജ്യമാക്കി മാറ്റി.”
ആകെയുള്ള രണ്ടര ഏക്കറില്‍ മോഹന്‍റെ പേരിലുള്ള പതിനാറു സെന്‍റ് സ്ഥലത്ത് മോഹന്‍ ആദ്യം ഉണ്ടാക്കിയത് ഒരു ഏറുമാടമായിരുന്നു. മുളയും പരമ്പും പനയോലയുമായിരുന്നു ഏറുമാടത്തിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. തുടര്‍ന്ന് മോഹനും രുഗ്മിണിയും പെണ്‍മക്കളും ഒരുമിച്ച് മണ്‍വീട് ഉണ്ടാക്കാന്‍ തുടങ്ങി. ശില്പിയും ചിത്രകാരനുമായ മോഹന്‍റെ കരവിരുതു കൂടി ചേര്‍ന്നപ്പോള്‍ മണ്‍വീട് മനോഹരമായി.
മുളകൊണ്ട് ഭിത്തി കെട്ടി കുമ്മായവും ഉമിയും കാഞ്ഞിരത്തിന്‍റെയും ആര്യവേപ്പിന്‍റെയും ഇലകള്‍ കളിമണ്ണിനൊപ്പം ചേര്‍ത്ത് കുഴച്ച മിശ്രിതമാണ് ഭിത്തി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. വീടിന് മോഹന്‍ കല്യ എന്ന പേരിട്ടു. വീടിന്‍റെ മുറ്റത്ത് ഒരു താമരക്കുളവും ഒരുക്കി. ചെറിയ നാട്ടുവഴികളിലൂടെ നടന്നുവേണം കല്യയിലെത്താന്‍.
“കല്യ എന്ന വാക്കിന്‍റെ അര്‍ത്ഥം കലാപരമായത് എന്നാണ്. എന്‍റെ മക്കളുടെ പേരിനൊപ്പം കല്യയെന്നു കൂടി ഞാന്‍ ചേര്‍ത്തിട്ടുണ്ട്. സൂര്യ കല്യയും, ശ്രേയ കല്യയും. …എനിയ്ക്കാകെ ചിലവായതാകട്ടെ മൂന്നു ലക്ഷം രൂപ മാത്രം,” കല്യയെ പറ്റി മോഹന്‍റെ വാക്കുകളിങ്ങനെ.
”വീടിന്‍റെ അടിത്തറ കരിങ്കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. തറ മണ്ണിട്ടുറപ്പിച്ചിരിക്കുന്നു. അതിനു മുകളിലായി കൂടുതല്‍ ഉറപ്പിനായി കുമ്മായവും കളിമണ്ണും ശര്‍ക്കരയും ഉലുവാവെള്ളവും യോജിപ്പിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ സുര്‍ക്കി മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു മുകളിലായി തേനീച്ച മെഴുകുപയോഗിച്ച് തറ മിനുസപ്പെടുത്തി. ഭിത്തി നിര്‍മ്മിച്ചിരിക്കുന്നതാകട്ടെ മുളകളുടെ അറകള്‍ അപ്പാടെ നിലനിര്‍ത്തിക്കൊണ്ടാണ്.
“ആദിവാസികളുടെ വീട് നിര്‍മ്മാണമാണ് ഞങ്ങളും പിന്‍തുടര്‍ന്നിരിക്കുന്നത്. (എന്നാല്‍ അതിലൊരു വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍ സാധാരണഗതിയില്‍ അവര്‍ മുളകീറി മെടഞ്ഞ് തൈതല്‍ (ആദിവാസികളുടെ മുള നിര്‍മ്മാണ രീതി) മാതിരിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. മാത്രമല്ല മുളയുടെ ഇരുവശവും മണ്ണ് തേച്ചു പിടിപ്പിച്ചാണ് ഭിത്തി ഉണ്ടാക്കിയത്.
“എന്നാല്‍ തേച്ചുപിടിപ്പിച്ച കളിമണ്ണ് പാകപ്പെടുത്തിയിരിക്കുന്നത് ഉമിയും കുമ്മായവും ചേര്‍ത്തുകുഴച്ചെടുത്തുതിനൊപ്പം ആയുര്‍വ്വേദ മരുന്നുകളായ ആടലോടകം, കാഞ്ഞിരം, കുറ്റിപ്പാണല്‍, ആര്യവേപ്പ് എന്നിവയുടെ മിശ്രിതം ചേര്‍ത്താണ്. മൂന്നോ നാലോ ദിവസം ഇത് കളിമണ്ണിനൊപ്പമിട്ട് പുളിപ്പിച്ച ശേഷമാണ് ഭിത്തി തേച്ചത്,” കല്യയുടെ നിര്‍മ്മാണത്തപ്പറ്റി മോഹന്‍ വിശദീകരിച്ചു.
കല്യയിലേക്കു നടന്നു കയറുമ്പോള്‍ ഇടതൂര്‍ന്നു കിടക്കുന്ന പാഷന്‍ ഫ്രൂട്ട് വള്ളികള്‍ തണലൊരുക്കി പടര്‍ന്നുനില്‍ക്കുന്നു. എണ്ണൂറ്റിയന്‍പത് ചതുരശ്ര അടിയില്‍ വളരെ ലളിതമായൊരു വീട്. പുറം ചുവരില്‍ ഒരുപാട് കലാരൂപങ്ങള്‍.. ഉമ്മറത്തും അകത്തളങ്ങളിലും ശില്പങ്ങളുണ്ട്. ഉമ്മറത്തായി തുളസിത്തറ മാതൃകയിലൊരു ഇഷ്ടിക തറ ഒരുക്കിയിട്ടുണ്ട്.
മണല്‍ നിറച്ച തറയുടെ ഒത്ത നടുവില്‍ ഒരു വലിയ മണ്‍കലം കുഴിച്ചിട്ടിരിക്കുന്നു. അതിനു മുകളിലായി നടുവില്‍ ഉയര്‍ത്താന്‍ പാകത്തില്‍ ഒരു പൂച്ചട്ടി വെച്ചിട്ടുണ്ട്. ആ പൂച്ചട്ടി ഉയര്‍ത്തുന്നതോടെ ഒരു വിസ്മയ കലവറയാണ് തുറക്കുന്നത്. അതില്‍ നിര്‍മ്മിച്ചിരിക്കുന്ന അറകളില്‍ പച്ചക്കറികള്‍ സൂക്ഷിച്ചിരിക്കുന്നു. തണുപ്പു നിലനിര്‍ത്തുന്നതിനായി ഈ തറയിലെ മണ്ണ് ദിവസേന നനച്ച് കൊടുക്കുന്നു.
വീട്ടുപകരണങ്ങള്‍ കുത്തി നിറയ്ക്കാത്ത അകത്തളം. ഇരിപ്പിടമായി ആകെയൊരു മുളബഞ്ച്. പിന്നെ മുളയില്‍ തീര്‍ത്തയൊരു ടി വി സ്റ്റാന്‍ഡും ബുക് ഷെല്‍ഫും. പ്ലാസ്റ്റിക് പാടേ ഒഴിവാക്കിയിരിക്കുന്നു. വീടിനകത്ത് ചൂട് തീരെയില്ല. കടുത്ത വേനല്‍ കാലത്തു പോലും വീടിനുള്ളില്‍ ഉഷ്ണം അനുഭവപ്പെടാറില്ലെന്നാണ് അവര്‍ പറയുന്നത്. തറയില്‍ തീര്‍ത്തിരിക്കുന്ന വിറകടുപ്പും ഈ മണ്‍വീടിന്‍റെ പ്രത്യേകതയാണ്. അകത്തുനിന്ന് മുകളിലേക്ക് കയറാന്‍ മുളമ്പടികള്‍. അതിലൂടെ കയറിയാല്‍ പരമ്പിലും മുളയിലും തീര്‍ത്ത ബാല്‍ക്കണിയാണ്. അവിടെ നിന്നാല്‍ നിളയൊഴുകുന്നതു കാണാം.
സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം. അതായിരുന്നു ഈ കുടുംബത്തിന്‍റെ സ്വപ്നം. അത് സാമാന്യം തിരക്കുള്ള നഗരമധ്യത്തിലേ ഒരു കോണ്‍ക്രീറ്റ് വീട്ടില്‍ സാധ്യമാകില്ലെന്ന് കൊല്ലം ചവറ സ്വദേശിയായ മോഹനും തൃശൂര്‍ നാട്ടികക്കാരിയായ രുഗ്മിണിയും നേരത്തേ ഉറപ്പിച്ചിരുന്നു.
”ഭുമിയില്‍ മനുഷ്യന്‍ ഒഴിച്ച് മറ്റ് സകലജീവജാലങ്ങളും പ്രകൃതിയുടെ താളത്തിനൊത്ത് സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നത്. മനുഷ്യന്‍ മാത്രമാണ് ഭൂമിയ്ക്ക് ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആര്‍ത്തിയോടെയും അഹന്തയോടെയും വസിക്കുന്നത്. മനുഷ്യന്‍ സൃഷ്ടിക്കുന്ന ആ ദുരിതങ്ങളിന്ന് ഭീകരതയോടെ പ്രകൃതി അനുഭവിച്ചുകൊണ്ടിരിക്കുന്നു,” പകൃതിജീവനത്തിലേക്കുള്ള വഴി തെരഞ്ഞെടുത്തതിന്‍റെ കാരണം മോഹന്‍ വ്യക്തമാക്കുന്നു.
ആരെയും ക്ഷണിക്കുന്നില്ല, ആര്‍ക്കും വരാം.
കല്യയില്‍ എല്ലായ്പ്പോഴും അതിഥികള്‍ക്കായൊരിടമുണ്ട്. അവിടേയ്ക്കെത്തുന്നവര്‍ക്ക് സുന്ദരമായ അനുഭവങ്ങളും ഓര്‍മ്മകളുമാകും കല്യ നല്‍കുക. ശരീരത്തിനും മനസിനും ആരോഗ്യമേകുന്ന കൂടിച്ചേരലുകള്‍. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഓടിയെത്തുന്നവര്‍ക്ക് സുന്ദരമായ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണാനാകും. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഭാഷകള്‍ മനസിലാക്കാനാകും.
“ഞങ്ങളുടെ മണ്‍വീട്ടിലേയ്ക്ക് പ്രത്യേകിച്ചാര്‍ക്കും ക്ഷണമില്ല, ഇവിടേക്ക് കടന്നുവരുന്നവരാരും ക്ഷണിച്ചവരുമല്ല,” മകള്‍ സൂര്യ പറയുന്നു. “ഒരു ഉല്ലാസയാത്ര എന്നതിലുപരി ഇവിടെ കാണാനും അറിയാനും ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നു. ഒരു സുഖവാസ കേന്ദ്രമായോ, ജീവിതത്തിരക്കുകള്‍ക്കിടയില്‍ വെറുമോരു സമാധാനക്കൂടായോ അല്ല ഞങ്ങള്‍ കല്യയെ കാണുന്നത്.”
സൂര്യ കുറച്ചുകൂടി കാര്യങ്ങള്‍ വ്യക്തമാക്കുന്നു. “വ്യക്തമായ കാഴ്ചപ്പാടുകളും അതിലൂന്നിയ ശീലങ്ങളും ഞങ്ങള്‍ക്കുണ്ട്. ഒരു കുടുംബം എന്ന നിലയിലും ബദല്‍ വിദ്യാഭ്യാസ മാതൃക സ്വീകരിച്ച ആളുകളെന്ന നിലയിലും അതിന്‍റേതായ തിരക്കുകള്‍ ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ വിളിച്ചിട്ടുവരുന്നത് നന്നായിരിക്കും.”
അങ്ങനെയൊരു കാര്യം മാത്രമേ ഉള്ളൂ. കല്യയും ജൈവഗ്രാമവും ഒരു റിസോര്‍ട്ടല്ല. വെറും സൗഹൃദക്കൂട്ടായ്മകള്‍ക്കപ്പുറം തൈതലിലേക്കെത്തുന്നവര്‍ക്ക് പ്രത്യേക ഇടമൊരുക്കാനാണ് മോഹന്‍റെ ശ്രമം. ജൈവഗ്രാമം കാണാനെത്തുന്നവര്‍ക്ക് വേണ്ടി ഒരു പൊതുസ്ഥലമൊരുക്കും. തൈതലിന്‍റെ പതിനഞ്ച് ഉടമസ്ഥരില്‍ നിന്നും മാറ്റിവെച്ചിരിക്കുന്ന കുറച്ച് സ്ഥലത്ത് പൊതുകിണറും അതിഥി മന്ദിരങ്ങളും ഒരുക്കാനും മോഹന്‍ ചവറയ്ക്ക് പദ്ധതിയുണ്ട്. ക്രിയാത്മക ചര്‍ച്ചകള്‍ക്കു മാത്രമായി പ്രത്യേകം സ്ഥലം.
ഇതിലെല്ലാമുപരി ഒരു സ്വയംപര്യാപ്ത ജൈവകൃഷിയാണ് തൈതലിന്‍റെ മറ്റൊരു പ്രത്യേകത. വീട്ടാവശ്യത്തിനു വേണ്ട പച്ചക്കറികള്‍ തൊടിയില്‍ തന്നെ ഉല്‍പാദിപ്പിച്ചെടുക്കും. പച്ചക്കറി കൃഷിയ്ക്കൊപ്പം മാപ്പിളച്ചെമ്പാവിനത്തില്‍ പെട്ട നെല്ല് തൈതലിലൊരുക്കി. കൂടാതെ കപ്പയും കൂര്‍ക്കയുള്‍പ്പടെയുള്ള കിഴങ്ങിനങ്ങളും ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍, നിലക്കടല എന്നിവയും ഇവിടെ വിളയുന്നു. പൂക്കള്‍ നിറഞ്ഞ വള്ളിപ്പടര്‍പ്പുകള്‍ അതിരുകള്‍ തീര്‍ക്കുന്ന ഒരു പച്ചത്തുരുത്ത്. ചുറ്റുപാടും മുളകള്‍.
തൈതല്‍ ഒരുക്കുമ്പോള്‍ മോഹന്‍റെയും രുഗ്മിണിയുടെയും മനസില്‍ മക്കളുടെ വിദ്യാഭ്യാസം എങ്ങനെയാവണമെന്ന് തീരുമാനം ഉണ്ടായിരുന്നു.
എം എസ് സി നഴ്സിംഗ് പഠിച്ചുകൊണ്ടിരുന്ന രുഗ്മിണിയും പഠനം അവസാനിപ്പിച്ചു
”ഇപ്പോള്‍ പിന്‍തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോടായിരുന്നു എനിക്കേറ്റവും എതിര്‍പ്പുണ്ടായിരുന്നത്,” മോഹന്‍ പറയുന്നു. “കുട്ടികള്‍ക്ക് ആവശ്യമുള്ളതും അറിയേണ്ടതും പഠിപ്പിക്കുന്നില്ല. അതെനിക്ക് വലിയ പ്രശ്നമായി തോന്നി. തൈതലിലേയ്ക്കു കൂടുമാറിയതോടെ മക്കളായ സൂര്യയുടെയും ശ്രേയയുടെയും സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു.
“അന്ന് സൂര്യ എട്ടിലും ശ്രേയ രണ്ടിലുമായിരുന്നു. ചുറ്റുമുള്ളവരില്‍ നിന്ന് ഭയങ്കര എതിര്‍പ്പ്. പരിഹാസം. സ്‌കൂളില്‍ പോകാതിരുന്നാല്‍ മക്കളെങ്ങനെ ഭാഷകള്‍ പഠിക്കും? അവര്‍ക്കെങ്ങനെ ജോലികിട്ടും? അവരെ ആര് കല്യാണം കഴിയ്ക്കും? സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു. തൈതലിന്‍റെ പണി ആരംഭിച്ചതോടെ അന്ന് എം എസ് സി നഴ്സിംഗ് പഠിച്ചുകൊണ്ടിരുന്ന രുഗ്മിണിയും പഠനം അവസാനിപ്പിച്ചു.”
സൂര്യയും ശ്രേയയും പിന്നീട് പഠിച്ചത് മറ്റൊരു മാതൃകയിലാണ്. അവര്‍ കണ്ടും അറിഞ്ഞും കേട്ടും പഠിച്ചുകൊണ്ടിരുന്നു. ചുറ്റുപാടുകളിലേക്ക് കണ്ണും മനസ്സും തുറന്നുവെച്ചു. തൈതലിലേക്കെത്തുന്ന പല തരത്തിലുള്ള മനുഷ്യരുമായി ഇടപഴകി, അവരില്‍ നിന്നും അറിവുകളും കഴിവുകളും നേടി.
ഇതുകൂടി വായിക്കാം: 10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന്‍ ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
പഠിക്കാന്‍ മിടുക്കിയായിരുന്നു സൂര്യ. ഭൗതിക സാഹചര്യങ്ങളൊന്നും അവള്‍ക്കെതിരല്ലായിരുന്നു. എങ്കിലും നാട്ടുനടപ്പുള്ള വിദ്യാഭ്യാസ മാതൃകയാണ് അവള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഇന്ന് സൂര്യ അവളുടെ ആഗ്രഹത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. പല സ്ഥലത്തുനിന്നുമായി പഠിച്ചെടുത്ത വീഡിയോ എഡിറ്റിംഗ് അവളെ ഒരു തൊഴിലിലേക്കെത്തിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലമില്ലാതിരുന്നിട്ടും ദൂരദര്‍ശനില്‍ സൂര്യ ജോലി ചെയ്യുന്നു. ഇളയ കുട്ടി ശ്രേയയാവട്ടെ ഇപ്പോള്‍ വാദ്യോപകരണ സംഗീതം പഠിക്കുന്ന തിരക്കിലാണ്.
“ഞങ്ങള്‍ സ്വീകരിച്ച വിദ്യാഭ്യാസ മാതൃക ശരിയാണെന്നു മാത്രമാണ് ഞങ്ങളുടെ പക്ഷം. എന്നാല്‍ മറ്റുള്ളവര്‍ പിന്‍തുടരുന്നത് തെറ്റാണെന്നോ അതിനേ വെല്ലുവിളിക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല,” കുടുംബത്തിന്‍റെ തീരുമാനത്തെ പറ്റി സൂര്യ പറയുന്നു. രുഗ്മിണിയാകട്ടെ മോഹന്‍റെ എല്ലാ ആശയങ്ങള്‍ക്കൊപ്പവും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.
കലര്‍പ്പില്ലാത്ത ഭക്ഷണം
“പ്രകൃതി ജീവനത്തിന്‍റെ പ്രധാന ഭാഗമാണ് കലര്‍പ്പില്ലാതെ നാടന്‍ ഉല്‍പന്നങ്ങള്‍ കൊണ്ട്, വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങള്‍. അത്തരത്തിലൊരു ഭക്ഷണപ്പുരയും ഞങ്ങള്‍ തൈതലില്‍ ഒരുക്കിയിട്ടുണ്ട്. രുഗ്മിണിയുടെയും മക്കളുടെയും മേല്‍നോട്ടത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. കാലം കൈമാറിയ രുചികളാണ് ഞങ്ങള്‍ ഉറി എന്നു പേരിട്ടു വിളിക്കുന്ന ഭക്ഷണപ്പുരയില്‍ ഒരുക്കുന്നത്. പരമാവധി നാടന്‍ വിഭവങ്ങള്‍ ചേര്‍ത്ത് നല്ല ഭക്ഷണം തയ്യാറാക്കാന്‍ ശ്രമിക്കുന്നു,”ഉറിയെ കുറിച്ച് മോഹന്‍ പറയുന്നതിങ്ങനെ.
ജൈവകര്‍ഷകരില്‍ നിന്നു നേരിട്ടു വാങ്ങുന്ന പച്ചക്കറികളും കല്യയില്‍ തന്നെ വൃത്തിയാക്കിയെടുത്ത് പൊടിച്ചെടുക്കുന്ന കറിക്കൂട്ടുകളും ശുദ്ധമായ എണ്ണയുമാണ് ഉപയോഗിക്കുന്നത്. പിന്നെ, മല്‍സ്യബന്ധന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന മീനും നാടന്‍ മാംസവും മാത്രമാണ് ഉറിയില്‍ തയ്യാറാക്കിയെടുക്കുന്ന ഭക്ഷണത്തിലുള്ളത്. തിരുവതാംകൂര്‍, മലബാര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള തനതു നാടന്‍ ഭക്ഷണവും ഗോത്ര വര്‍ഗ്ഗ പ്രകൃതി ജീവന ഭക്ഷണവുമാണ് ഉറിയുടെ ആകര്‍ഷണം.
നിങ്ങള്‍ ചിക്കനും മീനുമൊക്കെ കഴിക്ക്യോ?
ജൈവജീവിതമെന്നാല്‍ വെറും പച്ചിലകള്‍ മാത്രം തിന്ന് ജീവിക്കുന്നതാണെന്ന് കരുതിയോ? “മത്സ്യസമൃദ്ധമായ നീണ്ടകര കടപ്പുറത്തും നാട്ടിക കടപ്പുറത്തും നിന്നും നല്ലപോലെ മീനും പിന്നെ ഇറച്ചിയുമൊക്കെ കഴിച്ചു വന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ മക്കളും അത് യഥേഷ്ടം കഴിക്കുന്നു. തൈതലില്‍ പച്ചക്കറി കൃഷിയുള്ളതുകൊണ്ടും ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നതുകൊണ്ടും വെറും പച്ചക്കറി മാത്രമാണ് ജൈവമെന്ന് കരുതരുത്,” മോഹന്‍റെ കുടുംബം ആവര്‍ത്തിച്ചു പറയുന്നു.
കിളികള്‍ക്കായി ഒരു കാട്
മോഹന്‍ ചവറയുടെ തൈതലിനെക്കുറിച്ചും പിന്നെ കല്യയെ കുറിച്ചും തീരാത്ത വിശേഷങ്ങളാണ്. പക്ഷിക്കൂട്ടങ്ങള്‍ക്കായി തൈതലില്‍ അടയ്ക്കാപുത്തൂരിലെ പരിസ്ഥിതി സംഘടന ഒരു വനമൊരുക്കിയിട്ടുണ്ട്. കിളികള്‍ക്ക് കൂട് കൂട്ടാനും പഴമരച്ചില്ലകളില്‍ ചേക്കേറി അന്നം തേടാനും ഞാവലും പ്ലാവും സീതപ്പഴവും മാവുമടക്കം അന്‍പതോളം മരങ്ങള്‍ ഉണ്ട്. അവയ്ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതും മോഹന്‍ ചവറയും കുടുംബവുമാണ്.
ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്
“ഗ്രാമം ഒരുങ്ങുമ്പോള്‍ തന്നെ കിളികള്‍ക്കായി ഒരു വനം ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി പലതും ചെയ്തു. ചിലതൊക്കെ വിജയിച്ചു ചിലതൊക്കെ പരാജയപ്പെട്ടു. തൈതലിലെ തേക്ക് മരത്തിലൊരുക്കിയ മുളങ്കൂട്ടിലേയ്ക്ക് പക്ഷെ കിളികളും അണ്ണാറക്കണ്ണന്‍മാരും വിരുന്നുവന്നതേയില്ല. അവര്‍ക്ക് അവരുടേതായ ആവാസവ്യവസ്ഥിതിയുണ്ട്. അതിനായാണ് കിളികള്‍ക്കായി കാടൊരുക്കാന്‍ രാജേഷ് അടയ്ക്കാപുത്തൂരുമായി കൈകോര്‍ത്തത്.”