ഉപ്പും ഓരും നിറഞ്ഞ കടലോരം, എന്നിട്ടും രണാങ്കന്‍റെ കിണറ്റില്‍ നിറയെ തെളിനീര്: കുറച്ച് പൈപ്പും വലയും ചരല്‍ക്കല്ലും കൊണ്ട് ശുദ്ധജലം സംഭരിക്കുന്ന വിധം

കാറ്റില്‍ മാത്രമല്ല വെള്ളത്തിലും ഉപ്പുരസം കലരുന്ന കടലോരം. ഓര് കയറി വെള്ളത്തിന് നിറവ്യത്യാസവുമുണ്ടായിരുന്നു. എന്നാല്‍ 13 വര്‍ഷമായി രണാങ്കന്‍റെ വീട്ടുപറമ്പിലെ കിണറില്‍ നല്ല തെളിഞ്ഞ വെള്ളമാണ്.

ല്ല വെള്ളം ഇന്നും കിട്ടാക്കനിയായ ഒരുപാട് ഇടങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഉപ്പു രുചിയും ചെളിമണവും മഞ്ഞനിറവുമൊക്കെയുള്ള  കിണര്‍വെള്ളം കാരണം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെയൊരു വീട്ടുകാരനായിരുന്നു രണാങ്കനും.

രണാങ്കന്‍റെ വീട്ടില്‍ നിന്ന് കടല്‍ത്തീരത്തേക്ക് ഏറെ ദൂരമില്ല. കാറ്റില്‍ മാത്രമല്ല വെള്ളത്തിലും ഉപ്പുരസം കലരുന്ന കടലോരം. ഓര് കയറി വെള്ളത്തിന് നിറവ്യത്യാസവുമുണ്ടായിരുന്നു. ഇത് കൊടുങ്ങല്ലൂര്‍ ഏറിയാട് ചെത്തിപ്പാടത്ത് വീട്ടില്‍ രണാങ്കന്‍റെ വീട്ടിലെ കാര്യം മാത്രമായിരുന്നില്ല.


 ജലഉപഭോഗം 80% വരെ കുറയ്ക്കുന്ന പല ഉപകരണങ്ങളും വിപണിയിലുണ്ട്. കഠിനജലം ഉപയോഗയോഗ്യമാക്കാനുള്ള ചെലവുകുറഞ്ഞ മാര്‍ഗങ്ങളുണ്ട്. കൂടുതല്‍ അറിയാനും വാങ്ങാനും സന്ദര്‍ശിക്കൂ. shop.thebetterindia.com


അന്നാട്ടിലെ ഒട്ടുമിക്ക വീടുകളിലും ഇതാണ് അവസ്ഥ. എന്നാല്‍ 13 വര്‍ഷമായി രണാങ്കന്‍റെ വീട്ടുപറമ്പിലെ കിണറില്‍ നല്ല തെളിഞ്ഞ വെള്ളമാണ്. ഉപ്പുരുചിയില്ലാത്ത ചെളിമണമില്ലാത്ത കണ്ണീരു പോലെ തെളിഞ്ഞ വെള്ളം.

രണാങ്കന്‍ വീട്ടില്‍ ഒന്‍പത് പശുക്കളെ വളര്‍ത്തുന്നുണ്ട്.

ഇതെങ്ങനെ രണാങ്കന്‍റെ വീട്ടിലെ കിണറ്റില്‍ മാത്രം നല്ലവെള്ളമെന്നു പലരും ചോദിക്കും. അവരെയൊക്കെ രണാങ്കന്‍ പറമ്പിലെ കിണറ്റിന്‍കരയിലേക്ക് കൊണ്ടുപോകും.. ദാ നോക്ക് ഇതുതന്നെയെന്നു പറഞ്ഞ് കിണറിനുള്ളിലേക്ക് കൈ ചൂണ്ടും. മഴവെള്ളസംഭരണി കൂടിയാണ് ഈ കിണര്‍.

“കൊടുങ്ങല്ലൂര്‍ ഏറിയാടാണ് എന്‍റെ വീട്. ഇവിടെയൊക്കെ കിണര്‍ കുത്തിയാലൊന്നും നല്ല വെള്ളം കിട്ടില്ല. തീരപ്രദേശത്തിനോട് ചേര്‍ന്നുള്ള സ്ഥലമല്ലേ,” രണാങ്കന്‍ പറയുന്നു.

“കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനാണ് ഞാന്‍. കുറേ വര്‍ഷം മുന്‍പ് പരിഷത്തിന്‍റെ നേതൃത്വത്തില്‍ ഈ ശുദ്ധജല പ്രശ്നത്തിന് പരിഹാരമായി മഴ വെള്ള സംഭരണം കൊണ്ടുവരാമെന്നു പദ്ധതിയിട്ടു.”

ആന്‍റോജി

എറണാകുളം ചെല്ലാനത്ത് ഒരു ആന്‍റോജി എന്നൊരാളുണ്ട്. മഴവെള്ളം ശക്തിയില്‍ മണ്ണിന്നടിയിലേക്ക് ഇറക്കി ശേഖരിച്ചാല്‍ അതുകൊണ്ട് ഭൂഗര്‍ഭജലവിതാനം വര്‍ദ്ധിപ്പിക്കാനും വെള്ളത്തിലെ ഉപ്പുരസം കുറയ്ക്കാനും കഴിയും. അതിന് ആന്‍റോജി ഒരു ടെക്നോളജി തന്നെ കണ്ടെത്തിയിരുന്നു.  (ആന്‍റോജിയെക്കുറിച്ച് ദി ബെറ്റര്‍ ഇന്‍ഡ്യ നേരത്തെ എഴുതിയിട്ടുണ്ട്. ആ വാര്‍ത്ത വായിക്കാം ഇവിടെ.)


തീരപ്രദേശമായ ചെല്ലാനത്ത് മഴവെള്ളം സംഭരിച്ച് നല്ല വെള്ളമാക്കിയിട്ടുണ്ട് ആന്‍റോജി. ചെല്ലാനത്ത് മാത്രമല്ല രാജ്യത്ത് പല ഭാഗത്തും മഴവെള്ളം മണ്ണില്‍ ‘കുത്തിവെച്ച്’  റീച്ചാര്‍ജ്ജ് ചെയ്യുന്ന സംവിധാനം അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.


“അങ്ങനെ പരിഷത്തിന്‍റെ നേതൃത്വത്തില്‍ നാട്ടില്‍ നിന്ന് ഞങ്ങള്‍ കുറച്ചാളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ കണ്ടു സംസാരിച്ചു. എറിയാടും അങ്ങനെയൊരു മഴ വെള്ള സംഭരണി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ആന്‍റോജിയെ ഏറിയാട് കൊണ്ടുവന്നു.

“ഇവിടെ അടുത്ത് തന്നെയുള്ള ചന്ദ്രബാബുവിന്‍റെ വീട്ടിലാണ് ആന്‍റോജി മഴവെള്ള സംഭരണി പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നത്. എല്ലാവരും വലിയ പ്രതീക്ഷയോടെ അതൊക്കെ നോക്കിക്കണ്ടു. അതൊരു വിജയവുമായിരുന്നു,” രണാങ്കന്‍ തുടരുന്നു.

രണാങ്കന്‍റെ മഴവെള്ള സംഭരണി

ചന്ദ്രബാബുവിന്‍റെ വീട്ടില്‍ ഇന്നും ആന്‍റോജി നിര്‍മിച്ച മഴവെള്ള സംഭരണിയുണ്ട്. അവര്‍ ഇന്നും ആ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതൊരു 15 വര്‍ഷം മുന്‍പാണ് ഉണ്ടാക്കിയത്.


ഇതുകൂടി വായിക്കാം: ‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ


ചന്ദ്രബാബുവിന്‍റെ വീട്ടിലെ മഴവെള്ള സംഭരണി കണ്ടപ്പോള്‍ രണാങ്കനും തോന്നി അങ്ങനെയൊന്ന് ചെയ്താലോ എന്ന്.  പക്ഷേ, ആന്‍റോജി ചെയ്തതില്‍ നിന്നു കുറച്ചു മാറ്റങ്ങളൊക്കെ വരുത്തിയാണ് രണാങ്കന്‍ വീട്ടില്‍ സംഭരണി നിര്‍മിക്കുന്നത്.

“13 വര്‍ഷം മുന്‍പാണ് എന്‍റെ വീട്ടില്‍ മഴവെള്ള സംഭരണി നിര്‍മിക്കുന്നത്. സാധാരണ നമ്മുടെ നാട്ടില്‍ കിണര്‍ കുത്തിയാലും ഇവിടെ ചെളിവെള്ളം മാത്രമേ കിട്ടൂ. അങ്ങനെയാണ് ഈ സംഭരണി വീട്ടില്‍ നിര്‍മിക്കാമെന്നു തീരുമാനിക്കുന്നത്.

“കൊടുങ്ങല്ലൂര്‍ കിഡ്സ് അറിയില്ലേ.. കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡവലപ്പ്മെന്‍റ് സൊസൈറ്റി.  ഈ സംഘടനയും മഴവെള്ളസംഭരണിയൊക്കെ നിര്‍മിക്കുന്നവരാണ്. കിഡ്‍സിന്‍റെ  ഒരു പ്രസിദ്ധീകരണത്തില്‍ അതേക്കുറിച്ചൊക്കെ വിശദമായി പറയുന്നുമുണ്ട്.”

രണാങ്കന്‍ ആ പുസ്തകം വായിച്ച് കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കി. അതില്‍ നിന്നു കിട്ടിയ അറിവുകളും ആന്‍റോജി പറഞ്ഞതുമൊക്കെ കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം വീട്ടിലെ മഴവെള്ള റീച്ചാര്‍ജ്ജിങ്ങ് സംവിധാനം നിര്‍മിച്ചത്.

“കിണര്‍ കുത്തില്ലേ… അതുപോലെ തന്നെയാണ്. പക്ഷേ, മണ്ണിനടിയില്‍ നിന്നല്ല ഈ കിണറ്റിലേക്ക് വെള്ളം വരുന്നത്.” സംഭരണിയുണ്ടാക്കിയതിനെക്കുറിച്ച് രണാങ്കന്‍ വിശദമായി പറയുന്നു.

“ഏഴ് റിങ്ങ് ആഴത്തിലൊരു കിണര്‍ കുത്തി. കിണറിന്‍റെ റിങ്ങില്ലേ.. അതു തന്നെയാണ്. സാധാരണ കിണര്‍ പോലെ തന്നെ. അതിലെ മണ്ണൊക്കെ എടുത്തുപുറത്തേക്കിട്ടു. ആ കിണറ്റിലേക്ക് ചരല്‍ നിറച്ചു. മുകളിലേക്ക് സാധാരണ കിണര്‍ പോലെ കെട്ടിയിട്ടൊക്കെയുണ്ട്.


കുറച്ചു പൈപ്പും വലയുമാണ് പിന്നെ വാങ്ങിയത്. അഞ്ച് മീറ്റര്‍ നീളവും രണ്ട് ഇഞ്ച് വലിപ്പമുള്ള മൂന്നു പൈപ്പുകള്‍ വാങ്ങി.


“ഈ പൈപ്പിന്‍റെ അവിടെവിടെയായി കുറേ ഹോളുകളുണ്ടാക്കി. ആ ഹോളുകളൊക്കെ ഈ വല കൊണ്ടു ചുറ്റി. എന്നിട്ടത് കിണറ്റിലേക്ക് ഇറക്കി. അഞ്ച് മീറ്റര്‍ ആഴത്തിലേക്കാണ് താഴ്ത്തിവെച്ചിരിക്കുന്നത്. ഈ പൈപ്പുകള്‍ വീടിന്‍റെ ടെറസിലേക്കും കണക്റ്റ് ചെയ്തിട്ടുണ്ട്.

” മഴ പെയ്യുമ്പോള്‍ ടെറസിലൊക്കെ വീഴുന്ന വെള്ളം ഈ പൈപ്പുകളിലൂടെ കിണറ്റിലേക്ക് വീണോളും. വല പിടിപ്പിച്ചിട്ടില്ലേ… അതിലൂടെ വെള്ളം അരിച്ചിറങ്ങിയാണ് കിണറ്റിലെത്തുന്നത്. കിണറ്റിനുള്ളില്‍ ചരല്‍ അല്ലേ ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വീഴുന്ന വെള്ളം ഭൂമിക്ക് അടിയിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്യും,” അദ്ദേഹം പറഞ്ഞുതന്നു.

രണാങ്കന്‍റെ വീട്ടിലെ ബയോഗ്യാസ് പ്ലാന്‍റ്

ആദ്യമായി ചെയ്യുമ്പോള്‍ മൂന്നു പൈപ്പുകളാണ് കിണറ്റിനുള്ളിലേക്ക് ഘടിപ്പിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയുള്ള അഞ്ച് പൈപ്പുകളുണ്ട്. പൈപ്പിന്‍റെ വലിപ്പത്തിലും മാറ്റം വരുത്തി. രണ്ട് ഇഞ്ച് എന്നത് മൂന്ന് ഇഞ്ച് വ്യാസമുള്ളതാക്കി. കിണറ്റിലേക്ക് കൂടുതല്‍ വെള്ളമിറങ്ങാനാണ് വലിപ്പം കൂടിയ പൈപ്പ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിലേക്ക് വീഴുന്ന വെള്ളം മോട്ടോര്‍ വഴി അടിച്ച് ടാങ്കിലേക്ക് എത്തിച്ചാണ് ഉപയോഗിക്കുന്നത്. ഹൈ സ്പീഡ് മോട്ടോര്‍ ഉപയോഗിക്കാന്‍ പാടില്ല. ലോ സ്പീഡ് മോട്ടോര്‍ ഉപയോഗിക്കാനേ പാടുള്ളൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

“മഴയത്ത് വെള്ളം കൂടുതലുണ്ടാകും. പക്ഷേ വേനലില്‍ വെള്ളം ഇല്ലാതായിട്ടില്ല ഇതുവരെ. വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങള്‍ക്കും ഈ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ചെളിമണമോ നിറവ്യത്യാസമോ ഒന്നും ഇല്ല. നല്ല വെള്ളം തന്നെയാണ് കിട്ടുന്നത്,” സ്വന്തം ടെറസില്‍ നിന്നുതന്നെ വീട്ടാവശ്യത്തിനുള്ള വെള്ളം മുഴുവന്‍ ശേഖരിക്കുന്നതിന്‍റെ അഭിമാനം ആ വാക്കുകളില്‍.

ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും വന്ന ശേഷം ചില പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായെങ്കിലും നമ്മുടെ കിണറ്റിലെ വെള്ളം മോശമായിട്ടില്ല, രണാങ്കന്‍ തുടരുന്നു.

“ഓഖിക്ക് ശേഷം റസിഡന്‍റസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെ വെള്ളം പരിശോധിച്ചിരുന്നു. ഈ ഭാഗത്ത് ഞങ്ങളുടെ വീടൊഴികെ മറ്റുള്ള വീട്ടിലൊക്കെയും വെള്ളം മോശമായിരുന്നു. ഇവിടുത്തെ വെള്ളം ശുദ്ധമായിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്,” എന്ന് രണാങ്കന്‍.

കൃഷിയാണെനിക്ക്. കുറേ പശുക്കളെയും വളര്‍ത്തിയിരുന്നു. ഇന്നും പശുവിന് കുടിക്കാനടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. തുണി നനയ്ക്കലിനും പാചകത്തിനുമൊക്കെ ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്.

കുറേ വര്‍ഷം മുന്‍പ് ഈ സംഭരണി സ്ഥാപിച്ചതുമുതല്‍ പലരും ഇതു കാണാനൊക്കെ ആ  വീട്ടില്‍ വരുമായിരുന്നു. അവര്‍ക്കെല്ലാം രണാങ്കന്‍ കാര്യങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞുകൊടുക്കും.


ഇതുകൂടി വായിക്കാം: പ്രളയത്തില്‍ മുങ്ങിപ്പോയ അവര്‍ ദുപ്പട്ടയില്‍ പിടിച്ച് കരകയറുന്നു: കുര്യാപ്പിള്ളിയിലെ സ്ത്രീകളുടെ അതിജീവനകഥ


“പക്ഷേ നമ്മുടെ നാട്ടില്‍ ഇതാരും പരീക്ഷിച്ചില്ല. അതിലെനിക്കൊരു സങ്കടമുണ്ട്. ഉപകാരമാകുന്ന ഒരു കാര്യമായിരുന്നില്ലേ… എന്നിട്ടും പോലും ആരും ചെയ്തുനോക്കാന്‍ മനസുകാണിച്ചില്ല,” അതാണ് അദ്ദേഹത്തിന്‍റെ സങ്കടം.

“അന്നെന്‍റെ വീട് പണി കഴിഞ്ഞിട്ടേയുള്ളു. മഴവെള്ള സംഭരണി നിര്‍മിക്കാന്‍ കുറേ കാശൊന്നും ചെലവായില്ല. ചെലവ് വന്നില്ലെന്നല്ല, സിമന്‍റും മണലുമൊക്കെ വീട്ടുപണിക്ക് ശേഷം ബാക്കി വന്നതുണ്ടായിരുന്നു. പൈപ്പും നെറ്റും കുറച്ചു സാധനങ്ങളുമൊക്കെ വാങ്ങേണ്ടി വന്നു. അത്രേയുള്ളൂ.

മഴവെള്ള സംഭരണിക്ക് സമീപം രണാങ്കന്‍

“ഇന്നാണെങ്കില്‍ ഒരു പക്ഷേ 70,000 രൂപയെങ്കിലും വേണ്ടിവരും. മണലിനും സിമന്‍റിനും മാത്രമല്ല കൂലിക്കാശും കൂടിയില്ലേ..ഇത്രയും പണം ചെലവഴിച്ച് ചെയ്യാന്‍ മടിയുണ്ടാകും ആളുകള്‍ക്ക്,” രണാങ്കന്‍ അങ്ങനെയാണ് വിചാരിക്കുന്നത്.


 ഗ്രാമപഞ്ചായത്തിന്‍റെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് രണ്ട് തവണ കിട്ടിയിട്ടുണ്ട് രണാങ്കന്.


“കുറേ പശുക്കളും കോഴിയും ആടും പച്ചക്കറിയുമൊക്കെയുണ്ടായിരുന്നു. പാരമ്പര്യമായി വലിയ കൃഷിക്കാരൊന്നുമല്ല. ജീവിക്കാന്‍ കൃഷി ചെയ്തു അത്രേയുള്ളൂ. ഇപ്പോ ഒമ്പത് പശുക്കളെ വളര്‍ത്തുന്നുണ്ട്. സൊസൈറ്റിയിലും  ചില വീടുകളിലും പാല്‍ കൊടുക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

രണാങ്കന്‍

മോരും തൈരും നെയ്യുമൊക്കെയായി പാലുത്പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. വീടുകളില്‍ കൊണ്ടുപോയില്‍ വില്‍ക്കുന്നതും രണാങ്കന്‍ തന്നെയാണ്. “പച്ചക്കറിയൊക്കെയുണ്ടായിരുന്നു. ഓഖി വന്നു വെള്ളമൊക്കെ കയറി എല്ലാം നശിച്ചു.

“വീട്ടിലേക്ക് ആവശ്യമുള്ളതു മാത്രമല്ല പച്ചക്കറി വില്‍ക്കുകയും ചെയ്യും. കുമ്പളങ്ങയൊക്കെ കുറേ ഉണ്ടായിട്ടുണ്ട്. അതൊക്കെ കുറേ വിറ്റിട്ടുണ്ട്. ഇനിയിപ്പോ വീണ്ടും പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഓണത്തിന് എന്തെങ്കിലുമൊക്കെ പച്ചക്കറി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്,” അദ്ദേഹം ആവേശത്തിലാണ്.

വീട്ടാവശ്യത്തിന് പുറമെ പശുക്കള്‍ക്കും പച്ചക്കറികൃഷിക്കുമൊക്കെ മഴവെള്ള റീച്ചാര്‍ജ്ജിങ്ങിലൂടെ ഉപ്പുരസവും ഓരും കലരാത്ത വെള്ളം ശേഖരിക്കാന്‍ രണാങ്കന് കഴിയുന്നുണ്ട്.


ഇതുകൂടി വായിക്കാം: കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്


“കോഴിയും ആടും വളര്‍ത്തിയിരുന്നു. അതൊക്കെ ആരോഗ്യപ്രശ്നങ്ങളൊക്കെ കാരണം അവസാനിപ്പിച്ചതാണ്. പ്രായം 58 ആയി. അതിന്‍റെ ചില അവശതകളൊക്കെയുണ്ട്. ഭാര്യയാണ് കൃഷിപ്പണിക്കൊക്കെ സഹായിക്കുന്നത്. ലതയെന്നാണ് പേര്. ഒരു മകനുണ്ട്. രാഹുല്‍.”

രണാങ്കന്‍റെ മഴവെള്ള സംഭരണത്തെക്കുറിച്ചറിയാന്‍ വിളിക്കാം:  9645666812

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം