‘എനിക്ക് മഴ നനയാന്‍ ഇഷ്ടാണല്ലോ, അതോണ്ട് ഞാന്‍ തന്നെ കുടയായി’: അക്കുവിന്‍റെയും ചക്കുവിന്‍റെയും വിശേഷങ്ങള്‍

“ആ മഴ പെയ്യുന്ന ചിത്രത്തിലെ കുട്ടി എന്‍റെ കൂട്ടുകാരന്‍ തോതു ആണ്, അവന്‍റെ കയ്യിലെ കുട ഞാനാണ്!” അക്കുവിന്‍റെ ചിത്രങ്ങളും കഥകളും നമ്മള്‍ മുതിര്‍ന്നവരോട് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

കു ഞ്ഞുങ്ങളുടെ കാഴ്ചയില്‍ ലോകം എന്താണ് എന്ന് കേള്‍ക്കാന്‍ ഇരുന്നുകൊടുത്തിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ചിന്തകളാണ് നമ്മള്‍ തിരുത്തിത്തിരുത്തി മുതിര്‍ന്നവരാക്കുന്ന കുഞ്ഞുങ്ങളുടേത്!

അവരുടെ ലോകത്ത് എന്തും സാദ്ധ്യമാണ്. അവരുടെ ലോകത്തേക്ക് കണ്ണും കാതും തുറന്നുകൊടുത്താല്‍, അവരുടെ മുഴുവന്‍ വര്‍ത്തമാനങ്ങള്‍ക്കും കേള്‍വിക്കാരായാല്‍, എത്രയെത്ര അത്ഭുതങ്ങളാണ് നമ്മളുടെയൊക്കെ കുഞ്ഞുമക്കള്‍ സ്വകാര്യമായി കൊണ്ടുനടക്കുന്നതെന്ന് അമ്പരന്നു പോകും.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ചുമരിലോ പേപ്പറിലോ അവര്‍ കോറിയിടുന്ന വരകളെ ‘ആകെ നാശമാക്കി’ എന്നല്ലാതെയൊന്നു കണ്ടുനോക്കാമോ? മുതിര്‍ന്നവര്‍ തമ്മിലുള്ള സംസാരങ്ങളില്‍ നിന്ന്, അവരെയും കൊണ്ടുള്ള കൊച്ചു നടപ്പുകളില്‍ നിന്ന്, കൂട്ടുകാരിലും അധ്യാപകരിലും നിന്ന് … അങ്ങനെ ചുറ്റുമുള്ള എല്ലാത്തിലും നിന്ന് അവര്‍ കണ്ടെടുക്കുന്ന കൊച്ചുകഥകളാണ് അവര്‍ വരച്ചുകൂട്ടുന്ന ഓരോന്നും.

ലോകത്തെ എല്ലാ രാജ്യങ്ങളിലും പല ഭാഷകളിലായി പുതിയ പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്ന ഒരു പുസ്തകമുണ്ട്, ടോട്ടോ-ചാന്‍ എന്ന ഒരു കൊച്ചുമിടുക്കിയുടെ കഥ. എത്രയോ തലമുറകളായി ലോകമാകെ ടോട്ടോചാനെയും അവളുടെ അത്ഭുതവിദ്യാലയത്തെയും കുറിച്ചുവായിച്ച് വിസ്മയപ്പെടുന്നു.

ടോടോ-ചാന്‍ എന്ന പുസ്തകത്തിന്‍റെ കവര്‍.

ടോട്ടോ-ചാനെ വായിച്ചുകഴിയുമ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി കുഞ്ഞുങ്ങളുടെ ലോകം മനസ്സില്‍ നിറഞ്ഞുനില്‍ക്കും. അതിനോടൊപ്പം തന്നെ അവളെ പറഞ്ഞു പറഞ്ഞു ലോകത്തിന് പാകപ്പെടുത്താന്‍ മെനക്കെടാതെ ആ കുഞ്ഞിനെ അതിന്‍റെ സ്വതന്ത്രമായ വളര്‍ച്ചയിലേക്ക് വിട്ടുകൊടുക്കുന്ന അമ്മയും കൊബായാഷി മാസ്റ്ററും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും .


സ്‌കൂളിലൊന്നും അമന്‍ ന്ന് ഇപ്പൊ ആരും വിളിക്കാറില്ല . എല്ലാവരും അക്കൂന്നാണ് വിളിക്ക


സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികളികല്‍ക്കിടയില്‍ ടോട്ടോ-ചാനെ ഓര്‍മിപ്പിക്കുന്ന ഒരു കൊച്ചുമിടുക്കന്‍ ഇപ്പോള്‍ തരംഗമാണ്, ഒപ്പം അവന്‍റെ ലോകത്തേക്ക് തിരിച്ചു വെച്ച കണ്ണാടി പോലെ ഒട്ടും ഇടപെടലുകളില്ലാതെ, ഒരു ശലഭം അതിന്‍റെ പ്യൂപ്പയില്‍ നിന്ന് ചിറകടിച്ചു പുറത്തു വന്ന് തനിയെ പറക്കുന്നത് കണ്ടു നില്‍ക്കുന്ന ആനന്ദത്തോടെ അവന്‍റെ വിശേഷങ്ങള്‍ ലോകത്തോട് പങ്കുവെക്കുന്ന അമ്മയും.

ചക്കുവും അക്കുവും

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഗവണ്മെന്‍റ് എല്‍. പി സ്‌കൂളിലെ ഒന്നാം ക്‌ളാസുകാരനാണ് അമന്‍. “സ്‌കൂളിലൊന്നും അമന്‍ ന്ന് ഇപ്പൊ ആരും വിളിക്കാറില്ല . എല്ലാവരും അക്കൂന്നാണ് വിളിക്ക.” ഒറ്റച്ചിരികൊണ്ട് ആരുടേയും മനസ്സില്‍ കയറിക്കൂടും ഈ അഞ്ചുവയസുകാരന്‍. അമന്‍റെ അമ്മയാണ് ഷസിയ. അങ്ങനെയൊന്നും പറഞ്ഞാല്‍ ആരും അറിയില്ല. അക്കുവും ചക്കുവും. ഇതാണ് ഇപ്പോള്‍ രണ്ടുപേരുടെയും ഐഡന്‍റിറ്റി.


ഇതുകൂടി വായിക്കാം: 30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്


പോളിടെക്‌നിക് വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്താണ് കൂടെ പഠിച്ച അജയകുമാറുമായി ഷസിയ പ്രണയത്തിലാകുന്നത്. വിദ്യാഭ്യാസം കഴിഞ്ഞതോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തു. ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ ആണ് ഇപ്പോള്‍ അജയന്‍. സിവില്‍ എഞ്ചിനീയര്‍ ആയ ഷസിയയും അജയനും ചേര്‍ന്നാണ് വീടിനോട് ചേര്‍ന്നുള്ള Today Homes എന്ന സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത് .

ഷസിയ(ചക്കു), അമന്‍ (അക്കു), അജയകുമാര്‍ (പഴയ ചിത്രം)

പഠനകാലത്തു തന്നെ ഷസിയ ചിത്രങ്ങള്‍ വരക്കുമായിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ പണം കണ്ടെത്താന്‍ വേണ്ടി രണ്ടു തവണ ഷസിയയുടെ ചിത്രങ്ങള്‍ പ്രദര്‍ശനവും വില്പനയും നടത്തിയിട്ടുണ്ട്.

അക്കു ജനിച്ച ശേഷം അവനുമായി ചെലവഴിക്കുന്ന തനിച്ചുള്ള സമയങ്ങളില്‍ ചക്കു ചിത്രം വരയില്‍ തന്നെ കൂടുതല്‍ ശ്രദ്ധിച്ചു. ഏതാണ്ട് ഒന്നര വയസ്സുള്ളപ്പോഴാണ് അക്കു ആദ്യമായി വരക്കുന്നത്. അതിനെക്കുറിച്ചു ചക്കു ഇങ്ങനെ പറയുന്നു: “തീരെ കുഞ്ഞായിരുന്നപ്പോള്‍ തന്നെ ഞാന്‍ വരക്കുമ്പോഴൊക്കെ വലിയ ശല്യമൊന്നുമില്ലാതെ നോക്കിയിരിക്കുമായിരുന്നു.

“സാധാരണ കുട്ടികള്‍ പെയിന്‍റൊക്കെ എടുക്കുകയും വരക്കുന്നതിലൊക്കെ കൈ ഇടുകയും ഒക്കെ ചെയ്യുമല്ലോ, അക്കു അങ്ങനെയൊന്നും ചെയ്തിട്ടില്ല. അവന്‍ വരക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. ഒന്നര വയസൊക്കെ ആയപ്പോഴാണ് വെറുതെ കയ്യില്‍ ബ്രഷ് കൊടുത്തു നോക്കിയത്. അവന്‍ അതുകൊണ്ട് കളിച്ചതായിരിക്കും, പക്ഷേ അത് നന്നായിത്തോന്നി. പെന്‍സില്‍, പേന, ക്രയോണ്‍സ് ഒന്നും അക്കുവിന് ഇതുവരെ നന്നായി വഴങ്ങിയിട്ടില്ല. ബ്രഷ് കൊണ്ട് അക്രിലിക് ഉപയോഗിച്ചാണ് വരക്കുന്നത്.”


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


“ഞങ്ങള്‍ ഒരുമിച്ചുള്ള സമയത്ത് അക്കു ഒരുപാട് കഥകള്‍ പറയും. ആളുകളെ കണ്ടത്, അവന്‍റെ കൂട്ടുകാരെ പറ്റി, നടക്കാന്‍ പോയ വഴിയിലെ അവന്‍റെ കാഴ്ചകള്‍ അങ്ങനെയങ്ങനെ… ആ കഥകളിലെ ഭാവനയാണ് ഞാനാദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. അവന്‍ വളരെ രസമായാണ് ഓരോന്ന് സങ്കല്‍പ്പിക്കുക. പിന്നീട് വരയിലേക്കും ഈ കഥകള്‍ തന്നെയാണ് കൊണ്ടുവന്നത്. സ്വന്തമായി ഉണ്ടാക്കുന്ന കഥകളാണ് അവന്‍റെ വര”

എട്ടു വര്‍ഷമായി താമസിക്കുന്ന വാടകവീടിന്‍റെ മതിലിന് പുറകിലാണ് അക്കു പഠിക്കുന്ന സ്‌കൂള്‍. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന സ്ഥലത്താണ് കേരളവര്‍മ്മ പൊതുവായനശാല. ഈ വായനശാലയിലെ ബാലവേദിയില്‍ സ്ഥിരസാന്നിദ്ധ്യമാണ് അക്കു. അവിടെയാണ് ആദ്യമായി അക്കുവിന്‍റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തിയത്, 2019 മെയ് 25, 26 തീയതികളില്‍. ഫേസ്ബുക്കിലൂടെ അക്കുവിന്‍റെ വരയും ചക്കുവിന്‍റെ എഴുത്തും കൊണ്ടു കുടുംബാംഗങ്ങളെപ്പോലെയുള്ള നിരവധി കൂട്ടുകാരുണ്ട് ഇവര്‍ക്ക്. അവരൊക്കെ അക്കുവിന്‍റെ ചിത്രപ്രദര്‍ശനത്തിന് എത്തിച്ചേര്‍ന്നു.

“മനസ്സില് തോന്നുന്നതാണ് ഞാന്‍ വരക്കുക. ചിലപ്പോ കണ്ടതൊക്കെ മനസ്സില്‍ ഇരിക്കും. വരക്കുമ്പോ അതൊക്കെ ഓര്‍മ്മ വരും. അപ്പൊ വരക്കും. ‘സ്‌കൂളിലെ പ്രവേശനോത്സവത്തിന് അക്കുവിന്‍റെ ചിത്രപ്രദര്‍ശനം നടത്തിയാണ് അധ്യാപകര്‍ അക്കുവിനെയും കൂട്ടുകാരെയും ഒന്നാം ക്ളാസിലേക്ക് വരവേറ്റത്.

“ആ മഴ പെയ്യുന്ന ചിത്രത്തിലെ കുട്ടി എന്‍റെ കൂട്ടുകാരന്‍ തോതു ആണ്, അവന്‍റെ കയ്യിലെ കുട ഞാനാണ്, എനിക്ക് മഴ നനയാന്‍ ഇഷ്ടാണല്ലോ, അതോണ്ട് ഞാന്‍ തന്നെ കുടയായി,” വരച്ച ചിത്രങ്ങളില്‍ ഒന്നിനെക്കുറിച്ച് അക്കു. അങ്ങനെയാണ് അക്കുവിന്‍റെ ചിത്രങ്ങള്‍ ഓരോന്നും രൂപപ്പെട്ടിട്ടുള്ളത്.

വീട്ടിലെ ഉമ്മറത്ത് കൂടുകൂട്ടിയ കിളിയുടെ കൂട്ടിലെ മുട്ടകളാണ് ഒരു ചിത്രം. മറ്റൊന്ന് നക്ഷത്രങ്ങളെ പിടിക്കാന്‍ ഗോവണി കയറിച്ചെന്ന് ആകാശത്തേക്ക് കൈനീട്ടി നില്‍ക്കുന്ന അക്കു തന്നെയാണ്. അതൊക്കെ അങ്ങനെ തോന്നുന്നതാണ് എന്നാണ് അക്കുവിന്‍റെ പറച്ചില്‍. ചില ചിത്രങ്ങള്‍ ഇന്‍ഡ്യന്‍ എക്സ് പ്രസ് മലയാളത്തില്‍   പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന കുട്ടിക്കഥകള്‍ക്ക് വേണ്ടി വരച്ചതാണ്. “ആ ചിത്രങ്ങള്‍ കഥക്ക് വേണ്ടി വരച്ചതാണ്,”എന്നാണ് അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗൗരവത്തോടെയുള്ള പറച്ചില്‍.

വീടിനടുത്തുള്ള ബാങ്കിന്‍റെ മുറ്റത്തെ കണിക്കൊന്ന നിറയെ പൂത്തു നില്‍ക്കുന്നതും സൂര്യകാന്തിപ്പൂ പോലെ സുന്ദരമായ സൂര്യനും വീട്ടിലെ കോഴിക്കൂടും മീന്‍ കുളവും അക്കുവിന്‍റെ വരയിലുണ്ട്. ഗുരുവായൂര്‍ നിന്ന് അമ്മൂമ്മ കൊണ്ടുവന്നു കൊടുത്ത മയില്‍പ്പീലി നോക്കി ഒരു മുഴുവന്‍ മയിലിനെയും ഈ മിടുക്കന്‍ വരച്ചിട്ടുണ്ട്. വീട്ടില്‍ വരുന്ന പൂച്ചകളും ഇക്കാമന്‍ എന്നുവിളിക്കുന്ന ചക്കുവിന്‍റെ ഉറ്റസുഹൃത്ത് വൈശാഖും അജിയ എന്നു വിളിക്കുന്ന അച്ഛനും ആ വരയിലുണ്ട്.

അക്കുവിന്‍റെ ചില വരകള്‍:

“ചക്കുവിനെ വരച്ചിട്ടില്ല, അങ്ങനെ തോന്നിയില്ല മനസ്സില്‍,” എന്നാണ് ചോദിക്കുമ്പോള്‍ പറയുന്നത് . ഒന്നാം ക്ളാസിലേക്ക് പ്രവേശിച്ചിട്ടേ ഉള്ളു എങ്കിലും അക്ഷരങ്ങള്‍ ഒക്കെ വൃത്തിയായി എഴുതാനറിയാം ഈ മിടുക്കന്. മലയാളഅക്ഷരങ്ങള്‍ കൃത്യമായി എഴുതാനും വൃത്തിയായി ഉച്ചരിക്കാനും അത്യാവശ്യം നന്നായി കൂട്ടിവായിക്കാനും അക്കു പഠിച്ചു കഴിഞ്ഞു. അതൊന്നും നിര്‍ബന്ധിച്ചു പഠിപ്പിച്ചതല്ല. കളിയിലൂടെയും വരയിലൂടെയും ഒക്കെ സ്വായത്തമായതാണ്.


ഇതുകൂടി വായിക്കാം: ഈ വനത്തിനുള്ളില്‍ 1,800 താമസക്കാര്‍, 8 ലൈബ്രറികള്‍! ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് പുസ്തകങ്ങള്‍


ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയാണ് അക്കു നഴ്സറിയിലും പോയിരുന്നത്. വെക്കേഷന്‍ സമയത്ത് ചക്കുവിന്‍റെ കൂടെ തൃശൂര്‍ വരെയും മറ്റും ചെറിയ ചെറിയ യാത്രകള്‍ പോയി. അങ്ങനെയുള്ള യാത്രകളൊക്കെ കുഞ്ഞുകഥകളായി അക്കുവിന്‍റെ മനസ്സില്‍ കിടന്നു. ആ കഥകളൊക്കെ ഓര്‍ത്തോര്‍ത്ത് അക്കു ചക്കുവിനോടും ചക്കു നമ്മളോടും പറഞ്ഞു .

അഞ്ചു വയസുള്ള, വലിയ ട്രെയിനിങ് കിട്ടാത്ത ഒരു കുട്ടി വരയ്ക്കുന്ന വരകളല്ല അക്കുവിന്‍റെ ലോകത്തിലുള്ളത്. അത് ഗൗരവമേറിയ നിറക്കൂട്ടുകളും നേര്‍രേഖകളും സമ്പന്നമായ കാഴ്ചയും ഉള്ളതാണ്. അത്ര തന്നെ ഗൗരവത്തോടെയാണ് തികച്ചും നിഷ്‌കളങ്കമായി അക്കു കഥകള്‍ പറയുന്നതും. ആ കഥകള്‍ ഷസിയ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ നമ്മളോട് പങ്കുവെച്ചു. ഇപ്പോള്‍ ആ കഥകള്‍ക്ക് മാത്രമായി അക്കുചക്കുകഥകള്‍ എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. ആ പേജിലൂടെ അക്കുവിന്‍റെ ലോകം ചക്കു വാക്കുകളിലൂടെ വരച്ചിടുന്നു.

ചിത്തിര, അക്കു ചക്കു

“എക്‌സിബിഷന്‍ നടത്തിയ ശേഷം ഇതുവരെ അക്കു ഒന്നും വരച്ചിട്ടില്ല ‘ ഷസിയ പറയുന്നു ‘വരക്കാന്‍ തോന്നുന്നെങ്കില്‍ വരക്കട്ടെ , അങ്ങനെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കുന്നില്ല . അവന്‍റെ സ്വതവേ ഉള്ള ഇഷ്ടം എന്താണോ അതിനു കൂടെ നില്‍ക്കാം എന്നല്ലാതെ നമ്മളായിട്ട് അവനെ എന്തെങ്കിലും ആക്കിയെടുക്കാം എന്ന് കരുതുന്നില്ല.”

ചിത്രം വരക്കുക കൂടാതെ കളിമണ്ണു കൊണ്ട് ഭംഗിയായി ആഭരണങ്ങള്‍ ഉണ്ടാക്കും ചക്കു എന്ന ഷസിയ. ‘അത് വില്‍ക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പേജ് ഉണ്ടായിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയൊരു ബ്രേക്ക് എടുക്കേണ്ടി വന്നു . ഇനിയിപ്പോള്‍ അത് വീണ്ടും തുടങ്ങണം.’ ഒരുപാട് സ്‌നേഹം തോന്നിപ്പിക്കുന്ന സ്വപ്നങ്ങളാണ് ഈ അമ്മയും മകനും നമ്മളോട് പങ്കുവെക്കുന്നത്.

അക്കുവിന്‍റെയും ചക്കുവിന്‍റെയും കഥകള്‍ വായിച്ച് സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ച്, അവരുടെ കുഞ്ഞുവിശേഷങ്ങളെക്കുറിച്ച് കമന്‍റുകളില്‍ നിറയെ പറയുന്ന അച്ഛന്മാരും അമ്മമാരുമുണ്ട് , ഇതുവരെ നേരില്‍ കാണാതെ അക്കുവിനെയും ചക്കുവിനേയും കുടുംബത്തിലെ അംഗത്തെപ്പോലെ സ്‌നേഹിക്കുന്നവരുണ്ട്. പറയാന്‍ ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബസ് പിടിച്ച് അക്കുവിനും ചക്കുവിനും കറികളും പലഹാരങ്ങളും ഒക്കെയായി കാണാന്‍ വരുന്ന ഒരമ്മൂമ്മയുണ്ട്. ചില നന്മകള്‍ അക്കുവിന്‍റെ ചിരി പോലെയാണ്, കാണുന്നവരില്‍ നിന്ന് കാണുന്നവരിലേക്ക് പടരുന്നത് .


ഒരു അക്കു-ചക്കു കഥവായിച്ചു നിര്‍ത്താം അല്ലേ ?

‘രണ്ട് പെയിന്‍റിംഗ് എക്‌സിബിഷനും സ്‌കൂള്‍ തുറപ്പും ഒക്കെ കൂടി അക്കൂം ചക്കൂം ആകെ തിരക്കിലായിരുന്നു …..പിന്നെ ഇത് വരെ ചിത്രം വരക്കാനൊന്നും പറ്റീല്ല…. ഇന്നാണെങ്കി സ്‌കൂള്‍ വിട്ടു വന്നപ്പോ മുതല്‍ അക്കു മുഴുവനും ഉറുമ്പ് വിശേഷം … ‘ട്രെയിന്‍ പോവുന്ന പോലെയാ ഉറുമ്പുകള്‍ പോവാ… വരി വരി ആയിട്ട്…. ഉറുമ്പിനെ വരയ്ക്കാന്‍ എനിക്കറിയാല്ലോ… നാല് കാലും മൂന്ന് വട്ടവും രണ്ട് കൊമ്പും, അത്രേം മതി….


ഒന്നാങ്ക്‌ളാസ് ബുക്കില് രണ്ട് ഉറുമ്പ്ണ്ട്… ബെന്നും സെന്നും… ബെന്ന് വലുതും സെന്ന് ചെറുതും … ഒരൂസം നമ്മള് പറമ്പീക്കൂടെ നടക്കുമ്പോ കൊറേ പുളിയുറുമ്പുകള് കൂട് ഉണ്ടാക്കുന്നത് കണ്ടില്ലേ? ചക്കു അന്ന് അതിന്‍റെ വീഡിയോ എടുത്തില്ലേ…? അതൊന്നൂടെ കാണിച്ചു താ… ‘

അങ്ങനെയൊക്കെ പറഞ്ഞു പറഞ്ഞു രാത്രി ആയി…. എക്‌സിബിഷന്‍ കാണാന്‍ വന്നപ്പോ സുരേഷ് മാമന്‍ ഒരു വല്യ ക്രയോണ്‍സ് ബോക്‌സ് കൊണ്ടന്നു തന്നതാ… അതിതു വരെ എടുത്തിട്ടില്ല… ന്നാ പിന്നെ അക്കൂന് തോന്നുന്നതൊക്കെ എഴുതിക്കോന്നും വരച്ചോന്നും പറഞ്ഞു ചക്കു തന്ന ബുക്കില് ഒരു ഉറുമ്പ് കഥ വരച്ചാലോന്നായി…
അങ്ങനെ വരച്ചുവരച്ചു ഒരു പുളിയുറുമ്പിന്‍റെ വീട് തന്നെ വരച്ചു….’


Watch: അക്കു എന്താ ഈ വരക്കണെ?

അക്കുചക്കു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇമെയില്‍: akkuchakkustories@gmail.com

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം